ഫ്രാൻസിന്റെ അധീനതയിൽ കടലിനക്കരെയുള്ള ന്യൂ കാലിഡോണിയ എന്ന പ്രവിശ്യയിൽ, ഫ്രഞ്ച് നാഷണൽ അസംബ്ലി പാസാക്കിയ വോട്ടിങ് നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. മെയ് മൂന്നാം വാരത്തിൽ ന്യൂ കാലിഡോണിയയിൽ നടന്ന പ്രതിഷേധ പ്രക്ഷോഭം ആറുപേരുടെ മരണത്തിനിടയാക്കി. 1998നു ശേഷം ഈ ദ്വീപിൽ കുടിയേറിയവർക്കും കൂടി പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകുന്നതാണ് പുതിയ ഭേദഗതി. ഇത് തദ്ദേശവാസികളായ കനക് ജനതയുടെ അവകാശങ്ങൾ ഹനിക്കുനനതിനിടയാക്കുമെന്ന ഭീതിയിലാണ് അവർ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്.
ദരിദ്രരും തൊഴിലാളികളും ഉൾപ്പെട്ട കാലിഡോണിയക്കാരായ ചെറുപ്പക്കാരാണ് ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ. അവർ റോഡുകളിൽ ബാരിക്കേഡുകൾ ഉയർത്തി ഉപരോധിച്ചു; പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ഫ്രാൻസിൽനിന്ന് 17,000 കിലോമീറ്റർ അകലെയുള്ള ഈ ദ്വീപിലേക്ക് പ്രക്ഷോഭത്തെ നേരിടാൻ ഫ്രഞ്ച് ഗവൺമെന്റ് ആയിരത്തിലേറെ സായുധ സേനാംഗങ്ങളെക്കൂടി വിന്യസിച്ചു.
ന്യൂ കാലിഡോണിയക്ക് കൂടുതൽ സ്വയംഭരണാവകാശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1998ൽ ഉണ്ടാക്കിയ കരാറിന്റെ അന്തഃസത്തയുടെ ലംഘനമാണ് ഇപ്പോഴത്തെ വോട്ടിങ് പരിഷ്‌കാരം എന്നാണ് ആ ദ്വീപിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന കനക് സോഷ്യലിസ്റ്റ് നാഷണൽ ലിബറേഷൻ ഫ്രണ്ടും ഫ്രഞ്ച് ഇടതുപക്ഷ ഗ്രൂപ്പുകളും വാദിക്കുന്നത്.
ന്യൂ കാലിഡോണിയക്കാരുടെ സ്വയം നിർണായവകാശ പ്രശ്‌നത്തോടുള്ള ഫ്രഞ്ച് ഗവൺമെന്റിന്റെ സമീപനത്തെ ഫ്രാൻസിലെ ഇടതുപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് 2021ൽ ആ ദ്വീപിൽ നടത്തിയ ഹിതപരിശോധനയിൽ ഫ്രഞ്ച് ഭരണപ്രദേശമായി തുടരുന്നതിനെ 96% ആളുകളും അനുകൂലിക്കുകയാണുണ്ടായത്.
വലിയതോതിൽ നിക്കൽ നിക്ഷേപമുള്ള പ്രദേശമാണ് ന്യൂ കാലിഡോണിയ. സമീപകാലത്ത് ന്യൂ കാലിഡോണിയയിലെ നിക്കൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. അതിനെ സംരക്ഷിക്കാൻ ഫ്രാൻസിലെ ഗവൺമെന്റ് തയ്യാറാകാത്തതും പ്രതിഷേധം രൂക്ഷമാകുന്നതിനിടയാക്കി. ♦