കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ (ഡിആർസി) 2024 മെയ് മൂന്നിനും പത്തിനുമായി ഭീകരസംഘടന നടത്തിയ ആക്രമണങ്ങളിൽ അന്പതോളം സാധാരണ പൗരർ കൊല്ലപ്പെട്ടു. കോംഗോയിലും ഉഗാണ്ടയിലുമായി പ്രവർത്തിക്കുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എഡിഎഫ്) എന്ന ഇസ്ലാമിസ്റ്റ് ഭീകരസംഘടനയാണ് ഈ ആക്രമണങ്ങൾക്കു പിന്നിലെന്ന് കരുതപ്പെടുന്നു. ഡിആർസിയുടെ ഉത്തര കിവു പ്രവിശ്യയിൽ 1990കൾ മുതൽ ഈ ഭീകരസംഘടന പ്രവർത്തിക്കുന്നുണ്ട്. ഉഗാണ്ടയാണ് ഈ സംഘടനയുടെ പ്രവർത്തനകേന്ദ്രം. എന്നാൽ ഈ സംഘടനയുടെ മറപറ്റി മറ്റു ചില തീവ്രവാദി സംഘടനകളും കോംഗോയിലെ ഔദ്യോഗിക സേനയും ജനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുന്നുണ്ട്.
ഉത്തര കിവു പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള മറ്റൊരു ഭീകരസംഘടനയാണ് എം 23. എം 23 എന്നാൽ മാർച്ച് 23 മൂവ്‌മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ്. 2012 മാർച്ച് 23ൽ തുടങ്ങിയ 2013 നവംബർ വരെ നീണ്ടുനിന്ന സർക്കാർ സേനയും ഭീകരസംഘടനകളും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധത്തിനു നേതൃത്വം നൽകിയ സംഘടനയാണ് എം 23 എന്ന പേരിൽ അറിയപ്പെടുന്നത്. 2013 നവംബറിൽ 11 ആഫ്രിക്കൻ രാജ്യങ്ങൾ ചേർന്ന് ഒപ്പിട്ട സമാധാന കരാറിനെത്തുടർന്ന് എം 23 ഭീകരപ്രവർത്തകർ കീഴടങ്ങിയെങ്കിലും 2021 ഓടുകൂടി ഈ സംഘം വീണ്ടും സജീവമായി. റുവാണ്ടയിലെ സർക്കാർ ഈ സംഘടനയ്‌ക്ക് സൈനികവും സാന്പത്തികവുമായി പിന്തുണ നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.
മെയ് മൂന്നിന് ഉത്തര കിവുവിലെ രണ്ട് അഭയാർഥി കേന്ദ്രങ്ങളിൽ നടന്ന ബോംബാക്രമണത്തിൽ നാൽപതോളം അഭയാർഥികൾ കൊല്ലപ്പെട്ടു. അമേരിക്കയും കോംഗോ സേനയും ആരോപിക്കുന്നത് ഈ ആക്രമണത്തിനു പിന്നിൽ റുവാണ്ടയിലെ സൈന്യവും എം 23 ഭീകരസംഘടനയുമാണെന്നാണ്. ഉത്തര കിവുവിൽ സമാധാനപരമായ ജനജീവിതം തകർക്കുന്ന ഇത്തരം ആക്രമണങ്ങൾ സമീപകാലത്ത് പതിവായിരിക്കുന്നു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് മെയ് 10ന് കിഴക്കൻ കോംഗോയിൽ ഒരു ആരോഗ്യകേന്ദ്രത്തിനു നേരെ നടന്ന ആക്രമണം. അതിൽ ചുരുങ്ങിയത് 8 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റുവാണ്ടയുടെ പിന്തുണയോടെ 2012ൽ എം 23 ഭീകരസംഘം പ്രവർത്തനം തുടങ്ങിയതുമുതൽ ഉത്തര കിവുവിൽ ആക്രമണങ്ങളും അഭയാർഥി പ്രവാഹവും തുടർച്ചയാവുകയാണ്. 2012ൽ ഈ സംഘടന ഉത്തര കിവുവിന്റെ തലസ്ഥാനമായ ഗോമ സ്വന്തം നിയന്ത്രണത്തിലാക്കിയെങ്കിലും പിന്നീട് ഗവൺമെന്റ് സൈന്യത്തിന് അവരെ അവിടെനിന്ന് പുറത്താക്കാൻ കഴിഞ്ഞു.
കോംഗോയിലെ മനുഷ്യാവകാശപ്രവർത്തകനായ കന്പാലേ മുസാവുലി ഈ ആക്രമണങ്ങളെ ഗാസയിൽ ഇസ്രയേൽ സിയോണിസ്റ്റുകൾ നടത്തുന്ന വംശഹത്യയോടാണ് ഉപമിച്ചത്. അഭയാർഥി ക്യാന്പുകൾക്കുനേരെയും യുദ്ധരംഗത്തുനിന്ന് പ്രാണനുംകൊണ്ടോടുന്നവരെയും ആക്രമിക്കാൻ സിയോണിസ്റ്റുകളുടെ മാനസികാവസ്ഥയിലുള്ളവർക്കല്ലേ കഴിയൂവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പിന്നെ അതിനു കഴിയുന്നത് അമേരിക്കയ്‌ക്കുമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ അമേരിക്കൻ വിദേശകാര്യവകുപ്പ് മെയ് മൂന്നിന്റെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. കോംഗോയിലെ അക്രമസംഭവങ്ങളെ അമേരിക്കയും ഐക്യരാഷ്‌ട്രസഭയും അപലപിക്കുന്നുണ്ടെങ്കിലും അതിനൊന്നും അറുതിവരുത്താൻ ഒരു നടപടിക്കും തയ്യാറാകുന്നുമില്ല.
കോംഗോയിൽ റുവാണ്ടയുടെയും ഉഗാണ്ടയുടെയും പിന്തുണയുള്ള ഭീകരസംഘടനകൾ നടത്തുന്ന ആക്രമണങ്ങൾക്കു പിന്നിൽ കോംഗോയിലെ സമൃദ്ധമായ മിനറലുകൾ കൈയടക്കാനുള്ള നീക്കമുണ്ടെന്നും പറയപ്പെടുന്നു. അന്താരാഷ്‌ട്ര കോർപറേറ്റുകളുടെ പിന്തുണ റുവാണ്ടയ്‌ക്കും ഉഗാണ്ടയ്‌ക്കും ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതാണ് അമേരിക്കയും കൂട്ടരും കണ്ണടയ്‌ക്കുന്നത്. ♦