ഈയടുത്തയിലെ പുറത്തുവന്ന മാനവവികസന സൂചിക റിപ്പോർട്ട് ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്‌മ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് ഉത്തർപ്രദേശിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്‌മയെപ്പറ്റി റിപ്പോർട്ട് എടുത്തുപറയുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താൽ, യുപിയിലെ ഐടി മേഖലയിലും വ്യവസായമേഖലയിലും തൊഴിൽവളർച്ചയിൽ വർധനയില്ലെന്നും റിപ്പോർട്ട് പറയുന്നു.
യുപിയിലെ ഗ്രാമപ്രദേശങ്ങളാകട്ടെ ഇപ്പോഴും വൈദ്യുതിയുടെയും ഇന്റർനെറ്റിന്റെയും ദൗർലഭ്യം നേരിടുകയാണ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഏറ്റവും കൂടുതലായി ചർച്ചചെയ്യപ്പെട്ടത് യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്‌മയാണ്. ഗ്രാമങ്ങളിലെ പരിമിതികൾമൂലം നഗരങ്ങളിൽ വന്ന് വിദ്യാഭ്യാസം നേടിയവരും തൊഴിലിനായി അലയുകയാണ്. പ്രയാഗ്‌രാജ് കോച്ചിങ് സെന്ററുകളുടെ പറുദീസയാണ്. അവിടേക്ക് ബീഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നും ആയിരക്കണക്കിന് വിദ്യാർഥികളും ഉദ്യോഗാർഥികളും വന്നു താമസിച്ച് പഠിക്കുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ദുരിതപൂർണമായ ജീവിതമാണ് ഇവരുടേത്. എന്നിട്ടും, ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും കാരണം പരീക്ഷകൾ മാറ്റിവെക്കുന്നതുമൂലം ദീർഘകാലം ഇവർക്ക് ഇവിടെ തങ്ങേണ്ടതായ സാഹചര്യമാണുള്ളത്.
ഏകദേശം 15 ലക്ഷത്തിലികം പേർ പൊതുപരീക്ഷകൾക്കായി വിവിധ കോച്ചിങ് സെന്ററുകളിൽ പഠിക്കുന്നു എന്നതുതന്നെ തൊഴിലില്ലായ്‌മയുടെ ഭീകരത തുറന്നുകാട്ടുന്നു. ഈയടുത്തിടെ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ 60,244 പൊലീസ് കോൺസ്റ്റബിൾ തസ്‌തികയിലേക്ക് 48.17 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. താറുമാറായ സ്വകാര്യമേഖലയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ചെറുപ്പക്കാർ ഒരു സർക്കാർ ഉദ്യോഗം കിട്ടാൻ പെടാപ്പാടുപെടുന്ന സാഹചര്യമാണ് ഇവരെ ഇത്തരം കടുത്ത മത്സരത്തിലേക്ക് എടുത്തുചാടാൻ പ്രേരിപ്പിക്കുന്നത്.
ഈ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിടെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രതിഷേധം പലയിടത്തും ബിജെപിക്ക് നേരിടേണ്ടിവന്നു. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രണ്ടു കോടി തൊഴിലുകൾ ബിജെപി വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ റെയിൽവേയിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് തസ്‌തികകൾ ഒഴിഞ്ഞുകിടന്നിട്ടും ഇന്ത്യയിലാകമാനം തൊഴിൽരഹിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലാമ്‌യ്‌ക്കാണ് മോഡി വാഴ്‌ചയിൽ നാം സാക്ഷ്യം വഹിക്കുന്നത്. ഇതെല്ലാം യുപിയിലെ കിതയ്‌ക്കുന്ന ‘ഡബിൾ എഞ്ചിൻ’ സർക്കാരിനെതിരെ ശക്തമായ രോഷമായി ഈ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അണപൊട്ടിയൊഴുകന്നതാണ് കാണുന്നത്. തീർച്ചയായും തിരഞ്ഞെടുപ്പിലെ നിർണായക ഘടകമായ തൊഴിൽരഹിതരായ യുവജനങ്ങൾ തങ്ങളുടെ ഭാവി ഇരുട്ടിലാക്കിയ ബിജെപി സർക്കാരിന്, പ്രത്യേകിച്ച് യുപിയിലെ ആദിത്യനാഥ് സർക്കാരിന് ലക്ഷോപലക്ഷം വരുന്ന തൊഴിൽരഹിതർ മറുപടി നൽകുകതന്നെ ചെയ്യും. ♦