Tuesday, June 18, 2024

ad

Homeരാജ്യങ്ങളിലൂടെമാധ്യമസ്വാതന്ത്ര്യത്തിനായി പാക് മാധ്യമപ്രവർത്തകർ

മാധ്യമസ്വാതന്ത്ര്യത്തിനായി പാക് മാധ്യമപ്രവർത്തകർ

ആര്യ ജിനദേവൻ

മെയ് 20ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ അസംബ്ലി പാസാക്കിയ പഞ്ചാബ് അപകീർത്തിപ്പെടുത്തൽ നിയമം 2024 (Punjab Defamation Law 2024) നിലവിൽ വന്നതോടെ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിനും പൊതുവിൽ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനുംമേൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് പാകിസ്ഥാനിലെ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പ്രതിപക്ഷ പാർട്ടികൾ ആകെയും അഭിപ്രായപ്പെട്ടു. അത്യന്തം പിന്തിരിപ്പനായ ഈ നിയമത്തോട് അവർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഈ ‘കിരാത’ നിയമം എത്രയും വേഗം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഈ ബില്ലുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ മുന്നോട്ടുവെച്ച ഭിന്നാഭിപ്രായങ്ങൾ പരിശോധിച്ച്‌ വേണ്ട ഭേദഗതികൾ വരുത്തുമെന്നും അതിനുശേഷംമാത്രമേ ബിൽ പാസാക്കുവെന്നുമുള്ള, മാധ്യമപ്രവർത്തകരുടെ സംഘടനകളുമായി ഉണ്ടാക്കിയ ധാരണ അവഗണിച്ചാണ് ഇപ്പോൾ പുതുതായി അധികാരമേറ്റ കൂട്ടുകക്ഷി ഗവൺമെന്റ്‌ തിരക്കിട്ട് നിയമം പാസാക്കിയത്. പ്രതിപക്ഷ കക്ഷികളുടെ എതിർപ്പുപോലും അവഗണിച്ച് പാക്കിസ്ഥാൻ മുസ്ലിംലീഗിന്റെ നവാസ് ഷെരീഫ് വിഭാഗം അർദ്ധരാത്രിയിൽ നിയമസഭചേർന്ന് ചർച്ചകൂടാതെ ബിൽ പാസാക്കുകയായിരുന്നു. ഏതാനും ദിവസം മുൻപ് മാധ്യമപ്രവർത്തകരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വാർത്താവിതരണ മന്ത്രി അസ്മ ബുഖാരി നൽകിയ ഉറപ്പുപ്രകാരം വിശദമായ പരിശോധനയ്ക്കും ചർച്ചകൾക്കുമായി ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടേണ്ടതായിരുന്നു. അതുപോലും അവഗണിച്ചാണ് മുഖ്യമന്ത്രി മറിയം നവാസിന്റെ സർക്കാർ തിരക്കിട്ട് ബിൽ പാസാക്കിയത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർക്കുമെതിരെ അപകീർത്തികരമായ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് പുതിയ നിയമം എന്നാണ് ഗവൺമെന്റ്‌ പറയുന്നത്. 30 ലക്ഷം പാകിസ്ഥാൻ രൂപവരെ പിഴ ഈടാക്കാൻ ഈ നിയമത്തിൽ വകുപ്പുണ്ട്. ഇത്തരം ഒരു വാർത്തയെ സംബന്ധിച്ച് പരാതി ഉണ്ടായാൽ സർക്കാർ നിയമിക്കുന്ന ട്രിബ്യൂണൽ ആയിരിക്കും ആറുമാസത്തിനകം ശിക്ഷ വിധിക്കുന്നത്.

മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താൻ പാകിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് പഞ്ചാബ് പ്രവിശ്യാ നിയമസഭ പാസാക്കിയ ഈ നിയമത്തെ മാധ്യമപ്രവർത്തകർ കാണുന്നത്. “രഹസ്യം’ എന്നടയാളപ്പെടുത്തിയ ഏതെങ്കിലും ഫയൽ പ്രസിദ്ധീകരിക്കുകയോ സർക്കുലേറ്റ് ചെയ്യുകയോ ചെയ്താൽ അത് ചെയ്യുന്നവരെ രണ്ടുവർഷം വരെ ജയിലിൽ അടയ്ക്കാൻ നിയമം ഉണ്ടാക്കുമെന്നാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് 2024 ഫെബ്രുവരിയിൽ പ്രസ്താവിച്ചത്. സർക്കാരിന്റെയും ഭരണത്തിലിരിക്കുന്നവരുടെയും അഴിമതികൾ തുറന്നു കാണിക്കുന്നതിനെ മുളയിലേ നുള്ളിക്കളയാനും അങ്ങനെ സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കാനും ആണ് ഇത്തരം നിയമങ്ങൾ. അതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പാക്കിസ്ഥാനിൽ ഉയർന്നുവരുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 5 =

Most Popular