ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ജനങ്ങളാണ്; ജനഹിതം നടപ്പിലാക്കലാണ്; ജനങ്ങൾക്ക് ഭരിക്കുന്നവരിൽ വിശ്വാസവും സംതൃപ്തിയും ഉണ്ടായിരിക്കുകയെന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിൽ അധികാരത്തിലിരുന്ന ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതിലൂടെ പ്രകടമാക്കപ്പെട്ടത് മോദി വാഴ്ചയോടുള്ള ജനങ്ങളുടെ അവിശ്വാസവും അസംതൃപ്തിയുമാണ്. 2019ൽ 303 സീറ്റോടുകൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രണ്ടാമതും അധികാരത്തിലെത്തിയ ബിജെപിക്ക് 63 സീറ്റാണ് 2024ൽ നഷ്ടപ്പെട്ടത്; ഭരിക്കാനുള്ള കേവല ഭൂരിപക്ഷമാണ് ജനങ്ങൾ അവർക്ക് നിഷേധിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുന്നണിയിലേക്ക് തടുത്തു കൂട്ടിയ നിതീഷ് കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്നീ രണ്ട് ഊന്നു വടികളിൽനിന്നുകൊണ്ടു മാത്രമേ ബിജെപിക്ക് ഇനി ഭരിക്കാനാവൂ.
എൻഡിഎയെന്ന മുന്നണി സംവിധാനമായി 2014ലും 2019ലും ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ബിജെപിയും മോദിയും ക്രമേണ സഖ്യകക്ഷികളെ ഒന്നൊന്നായി തൊഴിച്ചുപുറത്തു കളയുകയും ഏകകക്ഷി ഭരണമാക്കി മാറ്റുകയുമായിരുന്നു. അപ്പോൾ തന്നെ മോദി– അമിത് ഷാ കൂട്ടുകെട്ടിന്റെ തന്നിഷ്ടപ്രകാരമുള്ള ഒന്നാക്കി ഭരണത്തെ അധഃപതിപ്പിക്കുകയും ചെയ്തു. സർവ അധികാരങ്ങളും മോദിയിലേക്ക് കേന്ദ്രീകരിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് ഈ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മോദി സ്വയം ആവർത്തിച്ചുകൊണ്ടിരുന്ന ‘മോദിയുടെ ഗ്യാരന്റി’ എന്ന പദപ്രയോഗം. താനാണ് പാർട്ടി. തന്റെ ഹിതമാണ് രാജ്യത്ത് നടപ്പാക്കപ്പെടുകയെന്ന സിദ്ധാന്തമാണ് മോദി ആവർത്തിച്ചവതരിപ്പിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കെെക്കൊണ്ട നോട്ട് നിരോധനം പോലെയുള്ള ഒട്ടേറെ സുപ്രധാന തീരുമാനങ്ങൾ കെെക്കൊണ്ടത് രാഷ്ട്രീയതലത്തിലെന്നല്ല, ഭരണതലത്തിൽ പോലും കാബിനറ്റിലോ കാബിനറ്റ് സബ് കമ്മിറ്റിയിലോ പോലും ആലോചിക്കാതെയാണ് എന്ന വസ്തുത ഓരോ സന്ദർഭത്തിലും പുറത്തുവന്നിരുന്നതാണ്. അങ്ങനെ തന്നിഷ്ട പ്രകാരമുള്ള, സേ-്വച്ഛാധിപത്യപരമായ നിലപാടുകൾക്കെതിരായ ശക്തമായ ജനവിധിയാണ് 2024 ജൂൺ 4ന് പുറത്തുവന്നത്. രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെയും ദേശീയ അനേ-്വഷണ ഏജൻസികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയും ചെയ്ത മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് 2024 ലെ ജനവിധി. ഇന്ത്യയിലെ ഫെഡറൽ സംവിധാനം തകർക്കുന്ന മോദിയുടെ നയത്തിനെതിരായ ജനവിധി കൂടിയാണിത്. 2025ൽ, ആർഎസ്എസ് സ്ഥാപിക്കപ്പെട്ടതിന്റെ നൂറാം വർഷത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന മോദി വാഴ്ചയുടെ ഹുങ്കിനേറ്റ തിരിച്ചടികൂടിയാണ് ഈ ജനവിധി.
ഇന്ത്യയിലെ ദരിദ്രരായ ജനകോടികളുടെ ഹിതമല്ല മോദിയും ബിജെപിയും കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഭരണത്തിൽ നടപ്പാക്കിയത്. അതിനെതിരെ പതഞ്ഞുപൊങ്ങിയ ജനരോഷത്തിന്റെ പ്രകടനമാണ് 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയിൽ കണ്ടത്. തൊഴിലില്ലായ്മ സർവകാല റിക്കാർഡും ഭേദിച്ച് കുതിച്ചുയർന്നപ്പോഴും നിലവിലെ തൊഴിലവസരങ്ങൾപോലും നിഷേധിക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. ഭരണതലത്തിലും റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സംവിധാനങ്ങളിലുമുള്ള ഒഴിവുകൾ നികത്തപ്പെടാതിരിക്കുകയും സെെന്യത്തിൽപോലും സ്ഥിരം റിക്രൂട്ട്മെന്റിനുപകരം താൽക്കാലികക്കാരായി സെെനികരെ മാറ്റുകയുമായിരുന്നു മോദി വാഴ്ചയിൽ.
ജനജീവിതം ദുരിതക്കയത്തിലാക്കുന്ന വിലക്കയറ്റത്തിനു തെല്ലുപോലും പരിഹാരമുണ്ടാക്കാൻ മോദി വാഴ്ചയ്ക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല, അടിക്കടി വില വർധിക്കാനുതകുന്ന നയങ്ങളും നിലപാടുകളുമാണ് സ്വീകരിക്കപ്പെട്ടത്. ഇന്ത്യയിലെ കർഷകരുടെ വരുമാനം ഉയർത്തുന്നതിന് മിനിമം താങ്ങുവില ഉൽപ്പാദനച്ചെലവുമായി ബന്ധപ്പെടുത്തി ഉയർത്തുമെന്ന വാഗ്ദാനം കാറ്റിൽപ്പറത്തി കാർഷികമേഖലയെ സമ്പൂർണമായും കോർപ്പറേറ്റുകൾക്കടിയറവയ്ക്കുന്ന കാർഷികനിയമങ്ങൾ കൊണ്ടുവരുകയും മിനിമം താങ്ങുവില വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ ഉയർത്താനാവില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി പടുത്തുയർത്തിയ പൊതുമേഖലയുടെ അസ്ഥിവാരം തന്നെ തോണ്ടുംവിധം പൊൻമുട്ടയിടുന്ന താറാവുകളെപ്പോലെ ഖജനാവിലേക്ക് സഹസ്രകോടിക്കണക്കിന് തുക ലാഭവിഹിതമായി നൽകിക്കൊണ്ടിരുന്ന സ്ഥാപനങ്ങളെ ഉൾപ്പെടെ സ്വകാര്യ കോർപ്പറേറ്റുകൾക്ക് കെെമാറുകയായിരുന്നു മോദി. നോട്ടു നിരോധനവും ജിഎസ്ടിയും പോലെയുള്ള നടപടികളിലൂടെ ഇന്ത്യൻ സമ്പദ്ഘടനയുടെയും ജനജീവിതത്തിന്റെയും നട്ടെല്ലൊടിക്കുകയായിരുന്നു മോദി. ഇങ്ങനെ തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലയും അസമത്വവും വർധിപ്പിച്ച നയങ്ങൾക്കെതിരായ വിധിയെഴുത്തായിരുന്നു 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. അതായത് കഴിഞ്ഞ പത്തുവർഷക്കാലം ഇന്ത്യയിലെ തൊഴിലാളികളും കർഷകരും നടത്തിയ പോരാട്ടങ്ങളുടെ വിജയമാണ് ഇൗ ജനവിധിയിൽ ദൃശ്യമായത്.
ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവികാരത്തെ മറികടക്കാൻ അതി തീവ്രവർഗീയത ഇളക്കിവിടാനും ജനങ്ങളുടെ മതബോധത്തെ തങ്ങളുടെ തുറുപ്പുചീട്ടാക്കാനും മോദിയും സംഘപരിവാറും നടത്തിയ ഹീനമായ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയാണ് 18–ാം ലോക്-സഭയിലേക്കുള്ള ജനവിധി. ചരിത്രത്തിലൊരിക്കലും ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്തത്ര ജുഗുപ്സാവഹമായ വർഗീയ വിഷം ചീറ്റലാണ് ഈ തിരഞ്ഞെടുപ്പ് കാലത്തുടനീളം മോദി നടത്തിയത്. പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ മുതൽ ഉദ്ഘാടനം വരെയുള്ള സന്ദർഭങ്ങളിൽ പ്രകടമാക്കപ്പെട്ട ഹിന്ദുത്വ നിലപാടുകളും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ തന്നെ തൃണവൽഗണിച്ച് പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ മുഖ്യപുരോഹിതന്റെ വേഷം കെട്ടിയതുമൊന്നും ബിജെപിക്ക് ഗുണം ചെയ്തില്ലയെന്നു തെളിയിക്കുന്നതാണ് അയോധ്യ ഉൾപ്പെടുന്ന ഫെെസാബാദ് നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ പറ്റെ പരാജയപ്പെടുത്തി സമാജ്-വാദി പാർട്ടി സ്ഥാനാർഥി വൻ വിജയം നേടിയത്. ഹിന്ദി ഹൃദയ ഭൂമിയിൽ പ്രത്യേകിച്ച് ഉത്തർപ്രദേശിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടി രാജ്യത്തെ ജനങ്ങളെ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് അടക്കി ഭരിക്കാനും കൊള്ളയടിക്കാനും അനുവദിക്കില്ലെന്ന ജനസാമാന്യത്തിന്റെ വികാര പ്രകടനമാണ് വ്യക്തമാക്കുന്നത്.
ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്തിയ മണിപ്പൂരിലെ സംഭവങ്ങളോടുള്ള മണിപ്പൂർ ജനതയുടെ വികാരമാണ് ആ സംസ്ഥാനത്തുനിന്ന് ബിജെപിയെ തൂത്തെറിഞ്ഞതിൽ പ്രകടമാകുന്നത്. ഇന്ത്യയിലെ അഭിമാനഭാജനങ്ങളായ വനിതാ ഗുസ്തി താരങ്ങളുടെ കണ്ണീരൊപ്പാൻ തയ്യാറാകാതെ സ്ത്രീപീഡകരെ സംരക്ഷിച്ച മോദി വാഴ്ചയ്ക്കെതിരായ ജനവികാരം ഹരിയാനയിലെ ഫലത്തിൽ ദൃശ്യമാണ്.
ഇന്ത്യയിലെ കോർപ്പറേറ്റ് മാധ്യമങ്ങൾക്കെതിരായ ജനവിധി കൂടിയാണ് 18–ാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. കോർപ്പറേറ്റ് മാധ്യമങ്ങൾ എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും മോദി വാഴ്ചയുടെ ദുർനടപടികളെല്ലാം ജനങ്ങൾ തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുമെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ ജനവിധി. വൻകിട മാധ്യമങ്ങൾ മൂടിവെച്ച സത്യങ്ങൾ ജനമധ്യത്തിൽ തുറന്നു കാണിച്ച ഓൺലെെൻ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളിലെ നൂറുകണക്കിന് സത്യാനേ-്വഷികളായ പോരാളികളും അഭിനന്ദനമർഹിക്കുന്നു.
കേരളത്തിൽ എൽഡിഎഫ്– 2019ലെ പോലെ 2024ലും ഒരു സീറ്റിൽ മാത്രം ഒതുങ്ങിയത് മുന്നണിയും മുന്നണിയിലെ ഘടകകക്ഷികളും ആഴത്തിൽ പരിശോധിക്കുകയും വേണ്ട തിരുത്തലുകൾ വരുത്തുകയും ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രസ്താവിക്കുക മാത്രമല്ല അത്തരം പരിശോധനയ്ക്കുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു. കേരളത്തിന്റെ ജനവിധിയിൽ അപകടകരമായ ഒന്ന് തൃശ്ശൂരിലെ ബിജെപിയുടെ വിജയമാണ്. അത് സാധ്യമായത് കോൺഗ്രസ്സിൽനിന്നുള്ള ഒഴുക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാലും പ്രബുദ്ധ കേരളമെന്ന് നാം അഭിമാനിക്കുമ്പോൾ ആ പ്രദേശത്ത് വർഗീയതയുടെ വിഷവിത്ത് മുളപൊട്ടി വളരുന്നതിനെതിരെ അതീവ ജാഗ്രത നാം പുലർത്തേണ്ടതുണ്ട്. ♦