Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിപൊതുവിദ്യാഭ്യാസ മേഖലയിൽ 
മാറ്റങ്ങൾ അനിവാര്യം

പൊതുവിദ്യാഭ്യാസ മേഖലയിൽ 
മാറ്റങ്ങൾ അനിവാര്യം

വി ശിവൻകുട്ടി (പൊതു വിദ്യാഭ്യാസ മന്ത്രി)

സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയായ ഒന്നാണ്. കേരളത്തിന്റെ വിദ്യാഭ്യാസം ചരിത്രപരമായിത്തന്നെ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ്. ഇത് ജനകീയ പിൻബലത്തോടെയും പങ്കാളിത്തത്തോടെയും ഉയർന്നുവന്നതുമാണ്. ഐക്യകേരള രൂപീകരണത്തിന് മുമ്പും ശേഷവും ഒട്ടേറെ ജനകീയ ഇടപെടലുകൾ കൊണ്ട് പരിവർത്തനത്തിന് വിധേയമായ ഒന്നുകൂടിയാണ് നമ്മുടെ വിദ്യാഭ്യാസമേഖല. ഈ മാറ്റങ്ങളുടെ, വിദ്യാഭ്യാസ വളർച്ചയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിച്ചു. പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ചുകൊണ്ട് അവയെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പൊതു ഇടങ്ങളാക്കി പരിവർത്തനം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏഴര വർഷക്കാലമായി നാം നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതിലൂടെ 5,000 കോടിയിൽപരം രൂപയുടെ നിക്ഷേപമാണ് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനുവേണ്ടി നടത്തിയത്. ഈ നിക്ഷേപം നമ്മുടെ പൊതു വിദ്യാലയങ്ങളുടെ മുഖംതന്നെ മാറ്റി. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നാം വിജയിച്ചു. എല്ലാ ക്ലാസ്സ്മുറികളെയും സാങ്കേതിക സൗഹൃദമാക്കി മാറ്റുന്നതിലൂടെ ആധുനിക വിദ്യാഭ്യാസ പ്രക്രിയയെയും നാം അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രാപ്യമാക്കി. ഏതൊരു വിദ്യാഭ്യാസ പരിഷ്കരണത്തെയും ഉൾക്കൊള്ളാൻ പാകത്തിൽ നമ്മുടെ ക്ലാസ്സ്മുറികളെ നാം പരിവർത്തനം ചെയ്തു.

ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിന് പിന്നാലെ പാഠ്യപദ്ധതിയും സമഗ്രമായി പരിഷ്കരിക്കുവാനുള്ള ശ്രമങ്ങൾ നാം നടത്തി. അതിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. 1, 3, 5, 7, 9 ക്ലാസുകളിലെ 173 ടൈറ്റിൽ പുതിയ പാഠപുസ്തകങ്ങൾ ജൂൺ മാസത്തിന് മുമ്പേ കുട്ടികളുടെ കൈകളിൽ എത്തും. ജനകീയമായ ചർച്ചകളും വിദ്യാർഥി ചർച്ചകളും നടത്തി എല്ലാ വിഭാഗം ആൾക്കാരെയും ഉൾക്കൊണ്ട പരിഷ്കരണപ്രവർത്തനങ്ങളാണ് നടത്താൻ ശ്രമിച്ചിട്ടുള്ളത്. കുട്ടികൾ പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നത് പുതിയ പാഠപുസ്തകങ്ങളുമായിട്ടാണ്. ഇതിനായി അധ്യാപകരെ സജ്ജമാക്കുന്നതിനുവേണ്ടിയുള്ള അവധിക്കാല അധ്യാപക സംഗമങ്ങളും ആരംഭിച്ചുകഴിഞ്ഞു. നിർമ്മിതബുദ്ധിയിൽ അധ്യാപകർക്ക് പരിശീലനവും നൽകി വരികയാണ്. മേല്പറഞ്ഞ എല്ലാ പരിശ്രമങ്ങളുടെയും ഫലം ക്ലാസ്സുമുറിയിലാണ് ഉണ്ടാകേണ്ടത്. നമ്മുടെ വിദ്യാലയങ്ങളിലെത്തുന്ന ഓരോ കുട്ടിക്കും മികച്ച, ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ നമുക്ക് കഴിയുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കി ഓരോ വിദ്യാലയത്തെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. അതിനായി ഒട്ടേറെ മാറ്റങ്ങൾ നാം സ്വീകരിച്ചേ മതിയാകൂ. അധ്യാപന രംഗത്ത് പ്രൊഫഷണൽ സമീപനം ഉണ്ടായേതീരൂ. മാറുന്ന കാലത്തിനോട് സംവദിക്കാൻ പ്രാപ്തിയുള്ള അധ്യാപകരെയാണ് നമുക്ക് ആവശ്യം. വിദ്യാലയങ്ങളിലെത്തുന്ന ഓരോ കുട്ടിയും കരിക്കുലം വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ നേടുന്നുണ്ട് എന്ന് നാം ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്.

ഓരോ ക്ലാസ്സിലും ഓരോ കുട്ടിയും ആർജ്ജിക്കേണ്ട ശേഷികൾ നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട കടമ അധ്യാപകർതന്നെ നിർവഹിക്കണം. ഈ കാര്യങ്ങൾ ഉറപ്പുവരുത്തുവാൻ വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായുള്ള പഠന പിന്തുണാപരിപാടിയും, പ്രൈമറി ക്ലാസുകളിൽ സമഗ്ര ഗുണമേന്മാപരിപാടിയും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. എല്ലാവരും ഈ പദ്ധതികളുടെ വിജയത്തിനായി ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ നാം ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും.

പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ് വിലയിരുത്തൽ പ്രക്രിയ. പഠനാരംഭഘട്ടത്തിലും പഠനത്തോടൊപ്പവും നിരന്തരമായും സൂക്ഷ്മമായും നടത്തേണ്ട ഒന്നുകൂടിയാണിത്. ഓരോ കുട്ടിയുടെയും പഠന കാര്യങ്ങളിൽ താനെവിടെ നിൽക്കുന്നു എന്ന് അടയാളപ്പെടുത്തുന്ന സൂചനാ പടവുകൾ കൂടിയാണ് വിലയിരുത്തൽ പ്രക്രിയ. നിലവിലുള്ള വിലയിരുത്തൽ പ്രക്രിയയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് 1997-ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളാണ്. വിലയിരുത്തൽ പ്രക്രിയ കേവലം യാന്ത്രികമായി നടക്കേണ്ട ഒന്നല്ലെന്നും മറിച്ച് അത് നിരന്തരവും സമഗ്രവുമായി ക്ലാസ്സ്മുറികളിൽ നടക്കേണ്ട പ്രക്രിയയാണെന്നുമുള്ള പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ നാം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. മാർക്ക് മാത്രം നൽകി കുട്ടികളെ തരംതിരിക്കുന്നതിൽ നിന്നും നാം ഗ്രേഡുകൾ നൽകി കുട്ടികളെ തട്ടുകളാക്കി തിരിച്ചു.

ഈ രീതിശാസ്ത്രം നാം ഇപ്പോൾ ഹയർസെക്കൻഡറി തലം വരെയും സ്വീകരിച്ചുപോരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതേ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്.

മൂല്യനിർണ്ണയ പ്രക്രിയയിൽ പുരോഗമനപരമായ പരിഷ്കരണ പ്രവർത്തനങ്ങൾ നാം നടപ്പിലാക്കിയെങ്കിലും പൂർണ്ണമായ അർഥത്തിൽ വിജയിപ്പിക്കുന്നതിൽ നമുക്ക് പല കാരണങ്ങൾകൊണ്ട് കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഓരോ പഠിതാവിനെയും കൃത്യമായി മനസ്സിലാക്കി അവരുടെ സമഗ്രവികസനത്തിനായി പിന്തുണ നൽകുക എന്നതിൽ വിലയിരുത്തൽ പ്രക്രിയയുടെ പ്രാഥമിക ധർമ്മത്തെ നാം മറ്റു ചില കാരണങ്ങൾകൊണ്ട് ഗൗരവമായി സമീപിച്ചിട്ടില്ല. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം എട്ടാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ക്ലാസ്സ് കയറ്റം നൽകണമെന്ന കാര്യത്തിന്റെ ചുവടുപിടിച്ച് പലരും കുട്ടികളുടെ അടിസ്ഥാനശേഷി നേടുന്നുണ്ടോ എന്ന കാര്യം വിസ്മരിക്കുകയോ ലളിതവൽക്കരിക്കുകയോ ചെയ്യുന്നുണ്ടോ എന്നതും ഗൗരവമായി കാണേണ്ട കാര്യവുമാണ്. 2019-ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും കേരളം നടപ്പിലാക്കാത്തത് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും കുട്ടികളുടെ കൂടെയാണ് എന്നുള്ളതുകൊണ്ടാണ്. കുട്ടികളെ തോൽപ്പിക്കുക എന്നത് സർക്കാർ നയമായി സ്വീകരിച്ചിട്ടില്ല. മറിച്ച് ഓരോ ക്ലാസിലും കുട്ടി നേടേണ്ട ശേഷി നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട കടമ വിദ്യാലയം നിർവഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനും ഒരുക്കമല്ല.

2005 ൽ സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേഡിങ് നടപ്പിലാക്കി. പരീക്ഷാ പരിഷ്കരണങ്ങളുടെ ഭാഗമായി പേപ്പർ മിനിമം എന്നതും എടുത്തുകളഞ്ഞു. നിരന്തരമൂല്യനിർണയത്തെ ഗൗരവമായ പഠനപ്രക്രിയയുടെ ഭാഗമായ ഒന്നായി കാണേണ്ടതിനു പകരം പലപ്പോഴും അത് യാന്ത്രികമായ ഒന്നായി മാറി. ഇത് മാറിയേ മതിയാകൂ. 1966 ലെ കോത്താരി കമ്മിഷനും, 1986ലെ വിദ്യാഭ്യാസനയവും 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും ഉയർത്തിക്കാണിച്ച നിരന്തരമൂല്യനിർണയത്തിന്റെ ലക്ഷ്യങ്ങൾ ഇന്നും പ്രസക്തമായ ഒന്നാണ്. ലോകത്തെല്ലായിടത്തും ഇന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലാവാരത്തിന്റെ സൂചികകളായി പരീക്ഷയെത്തന്നെയാണ് ആശ്രയിക്കുന്നത്. അതിൽ നിരന്തര മൂല്യനിർണയ പ്രക്രിയയ്ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്.

നമ്മുടെ സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഓരോ ക്ലാസിലും ഓരോ വർഷവും ചുരുങ്ങിയത് 3 പരീക്ഷകൾ വീതമെങ്കിലും നടത്താറുണ്ട്. പാദ, അർദ്ധ, വാർഷികപരീക്ഷകൾ എല്ലാം തന്നെ പൊതുപരീക്ഷകളുടെ അതേ ഗൗരവസ്വഭാവത്തോടുകൂടിയാണ് നടത്താറുള്ളത്. ചോദ്യപേപ്പർ നിർമാണം മുതൽ അച്ചടിയും വിതരണവും പരീക്ഷാ നടത്തിപ്പുമെല്ലാം അതീവ ഗൗരവസ്വഭാവത്തോടുകൂടിയാണ് ഇപ്പോഴും നടക്കുന്നത്. ഈ മൂല്യനിർണയപ്രക്രിയയുടെ തുടർപ്രവർത്തനങ്ങൾ പഠന പിന്തുണപരിപാടിയായി ക്ലാസ്സ്മുറികളിൽ നടക്കേണ്ടതുണ്ട്.

നമ്മുടെ സാമ്പ്രദായികമായ എഴുത്തുപരീക്ഷാ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. വ്യത്യസ്തമായ കഴിവും അഭിരുചിയുമുള്ള കുട്ടികളെ പരിഗണിക്കുന്നതു കൂടിയാകണം നമ്മുടെ പരീക്ഷകൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന അടിസ്ഥാന ശേഷികളായ ക്രിയേറ്റിവിറ്റിയും വിമർശനാത്മകചിന്തയും കമ്മ്യൂണിക്കേഷനും സംഘപഠനവും ഈ മൂല്യനിർണയ പ്രക്രിയയിൽ പരിഗണിക്കപ്പെടണം. ഇങ്ങനെ നടത്തപ്പെടുന്ന പരീക്ഷകൾ കുട്ടികളിൽ ഉത്കണ്ഠ വളർത്തുന്നതുമാകരുത്. പരീക്ഷാഭയം കുട്ടികളുടെ പ്രകടനത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളെ ആധുനിക സമൂഹത്തിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമാക്കണമെങ്കിൽ അവരുടെ പ്രകടനമികവ് വളർത്തേണ്ടത് അത്യാവശ്യവുമാണ്. നിലവിലെ എസ്.എസ്എൽ.സി പരീക്ഷയിൽ മാറ്റങ്ങൾ ആലോചിക്കുന്നത് മേൽ സൂചിപ്പിച്ച വിവിധ ഘട്ടങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ടാണ്. ഈ പരിഷ്കാരങ്ങൾ സമഗ്രമായി നടപ്പിലാക്കുന്നതിനായി പാഠ്യപദ്ധതി ചട്ടക്കൂടിനകത്തുനിന്നുകൊണ്ടുതന്നെ വിലയിരുത്തൽ ചട്ടക്കൂട് വികസിപ്പിക്കുകയും ഇത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഒന്നായി മാറുകയും ചെയ്യും.

ഓരോ വിദ്യാഭ്യാസ പരിഷ്കാരത്തെക്കുറിച്ച് ആലോചിക്കുമ്പോഴും നമ്മുടെ കുട്ടികളുടെ മുഖമാണ് മനസ്സിൽ തെളിയേണ്ടത്. ഭാവി പൗരരായ നമ്മുടെ കുട്ടികളെ മികച്ച വിദ്യാർത്ഥികളായി മാറ്റേണ്ടത് വിദ്യാഭ്യാസത്തിന്റെ പ്രാഥമികമായ ലക്ഷ്യം കൂടിയാണ്. മാറുന്ന ലോകക്രമത്തിനനുസരിച്ചുള്ള ശേഷികൾ എല്ലാവരും നേടേണ്ടതുണ്ട്. അതിനായി വലിയ പരിഷ്കാരത്തിന്റെ ചെറിയ ചുവടുവയ്പ് നടത്തുകയാണ്. രാജ്യത്തെ മറ്റ് എല്ലാ വിദ്യാഭ്യാസ പരീക്ഷാ ബോർഡുകളെപ്പോലെ തന്നെ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. പരീക്ഷാ നിലവാരവും നടത്തിപ്പും നിരന്തരം പഠിക്കുകയും ലോക മാതൃകകൾ ഉണ്ടെങ്കിൽ അത് നടപ്പിലാക്കുകയും വേണം. ചോദ്യപേപ്പറുകളുടെ നിലവാരവും മൂല്യനിർണയത്തിലെ സൂക്ഷ്മതയും തുടരേണ്ടതുമാണ്. ഏതൊരു പരിഷ്കാരത്തിനും സാംവാദത്തിന്റെ ഒരു തലം കൂടിയുണ്ട്. നമ്മുടെ നാട് ജനാധിപത്യമൂല്യങ്ങൾക്ക് വിലകല്പിക്കുന്ന ഇടം കൂടിയായതിനാൽ വിശാലമായ ജനാധിപത്യ ചർച്ചകൾക്കൊടുവിൽ നമുക്ക് പരിഷ്കരണങ്ങൾ ആവാം. മുന്നിൽ കുട്ടികളുടെ ഭാവി മാത്രം. ഒരു കുട്ടിയെയും തോല്പിക്കാനല്ല ഈ പരിഷ്കാരങ്ങൾ. അവർ ആരുംതന്നെ ജീവിതത്തിൽ തോൽക്കാതിരിക്കാനാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 13 =

Most Popular