Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിസ്കൂൾ വിദ്യാഭ്യാസം നിയോലിബറൽ കാലത്ത്

സ്കൂൾ വിദ്യാഭ്യാസം നിയോലിബറൽ കാലത്ത്

ഡോ. ടി എം തോമസ്‌ ഐസക്‌

കേരളത്തിന്റെ വികസനത്തിൽ വിദ്യാഭ്യാസം വഹിച്ച നിർണ്ണായകപങ്ക് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വ്യാപനമായിരുന്നു കേരള വികസനത്തിന്റെ മുഖ്യചാലകശക്തി. വിദ്യാഭ്യാസ പുരോഗതി ആരോഗ്യനിലയേയും ജനസംഖ്യാ പരിണാമത്തെയും ഗാഢമായി സ്വാധീനിച്ചു. മാനവവിഭവശേഷിയിലുണ്ടായ പുരോഗതി മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി തേടുന്നതിന് മലയാളിയെ പ്രാപ്തനാക്കി. പ്രവാസികൾ അയച്ച പണം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗത കൂട്ടി. കേരളത്തിലെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 60 ശതമാനം ഉയർന്ന നിലയിലായി.

വിദ്യാഭ്യാസ അവഗണന ഇന്ത്യയിൽ
എന്നാൽ ഇന്ത്യയിലെ പൊതു അനുഭവം ഇതിനു നേർവിപരീതമാണ്. സ്വാന്ത്ര്യാനന്തരകാലത്ത് മാറിമാറിവന്ന കേന്ദ്ര സർക്കാരുകൾ പൊതു വിദ്യാഭ്യാസത്തോട് മുഖംതിരിച്ചു. 2021-ൽ ലോകത്തെ വിവിധ വിഭാഗം രാജ്യങ്ങൾ വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിച്ചിരുന്ന പണവും വിദ്യാഭ്യാസ നേട്ടങ്ങളുമാണ് പട്ടിക 1ൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

പട്ടിക 1

സർക്കാർ വിദ്യാഭ്യാസ ചെലവും വിദ്യാഭ്യാസ നേട്ടങ്ങളും

ഭൂവിഭാഗങ്ങൾ വിദ്യാഭ്യാസ ചെലവ്‌ ജിഡിപിയുടെ ശതമാനമായി സാക്ഷരതാ നിരക്ക്‌ മൊത്തം വിദ്യാഭ്യാസ ചെലവിൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിഹിതം വിദ്യാർത്ഥി അധ്യാപക അനുപാതം (പ്രൈമറി) സെക്കൻഡറി സ്‌കൂൾ എൻറോൾമെന്റ്‌ (ശതമാനം)
ലോകം 4.5 86 22 23 66
വടക്കേ അമേരിക്ക 5.0 99 28 14 93
യൂറോപ്പും മധ്യേഷ്യയും 4.8 98 21 15 90
പശ്ചിമേഷ്യയും വടക്കേ ആഫ്രിക്കയും 4.5 79 23 21 73
കിഴക്കനേഷ്യയും പസഫിക്കും 4.2 96 16 18 79
ലാറ്റിനമേരിക്കയും കരീബിയനും 4.5 94 21 21 78
സബ്‌സഹാറ ആഫ്രിക്ക 4.3 65 19 37 36
ഇന്ത്യ 3.8 74 29 33 62

(കടപ്പാട്‌: പുലാപ്രെ ബാലകൃഷ്‌ണൻ)

പട്ടിക 1ൽ നിന്ന് താഴെപ്പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയും.

ഒന്ന്, വിദ്യാഭ്യാസത്തിന് ലോകത്ത് ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോക ജിഡിപിയുടെ 4.5 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെടുന്നുണ്ട്. വികസിതരാജ്യങ്ങൾ ഏതാണ്ട് 5 ശതമാനവും. പരമദരിദ്രരായ സബ്സഹാറ രാജ്യങ്ങൾപോലും 4.3 ശതമാനവും ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയാകട്ടെ ദേശീയ വരുമാനത്തിന്റെ 3.8 ശതമാനമേ ചെലവഴിക്കുന്നുള്ളൂ. വിദ്യാഭ്യാസത്തിന് 6 ശതമാനമെങ്കിലും ചെലവഴിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രഖ്യാപനങ്ങളെല്ലാം ജലരേഖകൾ മാത്രമാണ്.

രണ്ട്, ഇതിന്റെ ഫലമായി ലോക സാക്ഷരതാ നിരക്ക് 86 ശതമാനം ആയിരിക്കുമ്പോൾ ഇന്ത്യയിലേത് 74 ശതമാനമാണ്. ലോകത്ത് 66 ശതമാനം കുട്ടികൾ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ ഇന്ത്യയിൽ അത് 62 ശതമാനമാണ്. അധ്യാപക-–വിദ്യാർത്ഥി അനുപാതം 23 ആയിരിക്കുമ്പോൾ ഇന്ത്യയിലത് 37 ശതമാനമാണ്. സബ്സഹാറൻ ഭൂപ്രദേശം മാത്രമേ നമുക്കു പിന്നിലായുള്ളൂ.

മൂന്ന്, വിദ്യാഭ്യാസത്തിനുവേണ്ടി ജിഡിപിയിൽ നിന്നു നീക്കിവയ്ക്കുന്ന തുക ഇന്ത്യയിൽ കുറവാണെന്നു മാത്രമല്ല, കൗതുകകരമായ മറ്റൊരു കാര്യവുംകൂടി പട്ടിക (1) വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ ചെലവിന്റെ 29 ശതമാനം ഉന്നതവിദ്യാഭ്യാസത്തിനാണ് നീക്കിവെച്ചിട്ടുള്ളത്. അമേരിക്കയിൽ പോലും ഇത് 28 ശതമാനമേയുള്ളൂ. ലോകശരാശരി 22 ശതമാനവും.

വിദ്യാഭ്യാസ പിന്നാക്കാവസ്ഥ – 
വികസനത്തിനു വിലങ്ങുതടി
വിദ്യാഭ്യാസ ചെലവിൽ നെഹ്റുവിന്റെ കാലം മുതൽതന്നെ തുടർന്ന ഈ അലംഭാവമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങുതടിയായി പല പണ്ഡിതരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഒരു പുരോഗതിയും ഉണ്ടായില്ല എന്നല്ല പറയുന്നത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ജിഡിപിയുടെ 0.7 ശതമാനം ആയിരുന്നു വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിച്ചിരുന്നത്. ഇത് പടിപടിയായി ഉയർന്ന് 1990–-91-ൽ 3.8 ശതമാനമായി. പിന്നെ ചില ഏറ്റക്കുറച്ചിലുകളൊക്കെ ഉണ്ടായെങ്കിലും ഏതാണ്ട് ഇതേ തോതിൽ തുടരുകയാണ്. ഇതാവട്ടെ ലോകനിലവാരത്തേക്കാൾ താഴെയാണ്. മറ്റുള്ളവർക്കൊപ്പം നമ്മുടെ വിദ്യാഭ്യാസം മെച്ചപ്പെടണമെങ്കിൽ ദേശീയവരുമാനത്തിൽ വിദ്യാഭ്യാസത്തിനായുള്ള ചെലവ് ഗണ്യമായി ഉയർത്താനാകണം.

പ്രൊഫ. അമർത്യാ സെന്നാണ് ഏറ്റവും ശക്തമായി വിമർശനം ഉന്നയിച്ചിട്ടുള്ളത്. ജപ്പാനിൽ പത്തൊൻപതാംനൂറ്റാണ്ടിൽ മെയ്ജി രാജവംശത്തിന്റെ രണ്ടാം അധികാരാരോഹണത്തിനുശേഷം വിദ്യാഭ്യാസത്തിനു നൽകിയ ഊന്നൽ ജപ്പാന്റെ പിന്നീടുള്ള വളർച്ചയ്ക്കു പിന്നിലെ പ്രേരകശക്തിയായി. ജപ്പാന്റെ മാതൃക തന്നെയാണ് കൊറിയയെപ്പോലുള്ള തെക്കു-കിഴക്കൻ രാജ്യങ്ങളും അവലംബിച്ചത്. 1970-കൾ മുതൽ ഉല്പാദനക്ഷമത ഗണ്യമായി ഉയർത്തുന്നതിനും ഏഷ്യൻ പുലികളെന്ന വിശേഷണത്തിന് അവരെ അർഹരാക്കിയതും വിദ്യാസമ്പന്നരായ തൊഴിൽസേന ഉണ്ടായതുകൊണ്ടാണ്. ചൈനയുടെ അനുഭവവും ഇതുതന്നെയാണ് അടിവരയിടുന്നത്. ചൈനയുടെ കയറ്റുമതിയോന്മുഖ വികസനതന്ത്രം തുടക്കത്തിൽ വളരെ താഴ്ന്ന കൂലിച്ചെലവിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. എന്നാൽ വിദ്യാസമ്പന്നരായ തൊഴിൽസേനയ്ക്ക് അനായാസം പുതിയ സാങ്കേതികവിദ്യകളിലേക്കും ഉയർന്ന ഉല്പാദനക്ഷമതയിലേക്കും മാറാൻ കഴിഞ്ഞു.

എന്നാൽ ഇന്ത്യയുടെ സ്ഥിതി നേരെമറിച്ചാണ്. തൊഴിൽസേനയുടെ ഭൂരിപക്ഷത്തിന് ഇപ്പോഴും സ്കൂൾ വിദ്യാഭ്യാസമില്ല. വളരെ താഴ്ന്ന ഉല്പാദനക്ഷമതയുള്ള കൈവേല ഉപകരണങ്ങളെ അധിഷ്ഠിതമാക്കിയാണ് ഉല്പാദനം നടക്കുന്നത്. അതുകൊണ്ട് പ്രതിശീർഷ വരുമാനമെടുത്താൽ ഇന്ത്യക്കാരന്റെ സ്ഥാനം ലോകത്ത് 142-–ാമത്തേതാണ്. നമ്മുടെ മുന്നിലുള്ള ചോദ്യം നിയോലിബറൽ നയങ്ങൾ ഈ സ്ഥിതിവിശേഷത്തിൽ എന്തെങ്കിലും മാറ്റംവരുത്താൻ പര്യാപ്തമാണോയെന്നുള്ളതാണ്.

കേന്ദ്ര വിദ്യാഭ്യാസ അടങ്കൽ
 എൻഡിഎക്കു കീഴിൽ
നിയോലിബറൽ പരിഷ്കാരങ്ങൾക്കുശേഷവും വിദ്യാഭ്യാസ കാര്യത്തിനുള്ള ചെലവിൽ എന്തെങ്കിലും ഗണനീയമായ മാറ്റം ഉണ്ടായതായി പറയാനാകില്ല. വിദ്യാഭ്യാസ അവകാശ നിയമം 2009-ൽ പാസ്സാക്കിയതിനുശേഷവും ഇതാണ് സ്ഥിതിവിശേഷം. ബിജെപിയുടെ പുത്തൻ വിദ്യാഭ്യാസ നയപ്രഖ്യാപനവും വിദ്യാഭ്യാസത്തിനായുള്ള പൊതുചെലവിൽ വർദ്ധന സൃഷ്ടിച്ചില്ല.

2014-–15-ൽ കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ ചെലവ് ദേശീയ വരുമാനത്തിന്റെ 0.56 ശതമാനമായിരുന്നു. അത് പടിപടിയായി കുറഞ്ഞ് 2021-–22-ൽ 0.39 ശതമാനമായി. 2023-–24-ൽ താല്ക്കാലിക കണക്കനുസരിച്ച് അത് 0.66 ശതമാനമായി എന്നാണ് അവകാശവാദം. ശരാശരിയെടുത്താൽ 0.41 ശതമാനമാണ് എൻഡിഎ കാലത്ത് വിദ്യാഭ്യാസ ചെലവ്. അതേസമയം യുപിഎയുടെ 2004-–14 കാലത്ത് ശരാശരി വിദ്യാഭ്യാസ ചെലവ് ദേശീയ വരുമാനത്തിന്റെ 0.66 ശതമാനം വരുമായിരുന്നു.

മേൽപ്പറഞ്ഞ സ്ഥിതിവിശേഷത്തിൽ അത്ഭുതപ്പെടാനില്ല. വിദ്യാഭ്യാസത്തിന്റെ കമ്പോളവൽക്കരണമാണ് നിയോലിബറലിസത്തിന്റെ അടിസ്ഥാനപ്രമാണം. വിദ്യാഭ്യാസ, -ആരോഗ്യ തീരുമാനങ്ങളും അതിനുള്ള ചെലവും പരമാവധി കുടുംബങ്ങളും വ്യക്തികളും ഏറ്റെടുക്കേണ്ടതാണെന്നാണ്. നിയോലിബറലിസത്തിന്റെ അപ്പോസ്തലന്മാരായ വികസിതരാജ്യങ്ങൾ ഇന്ത്യ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ പണം വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ 
സ്വകാര്യവൽക്കരണം
പുത്തൻ വിദ്യാഭ്യാസ നയത്തിന്റെ ഫലമായി സ്കൂൾ വിദ്യാഭ്യാസത്തിൽപ്പോലും സ്വകാര്യവൽക്കരണ പ്രവണതകൾ ശക്തിപ്പെട്ടിരിക്കുകയാണ്. Unified District Information System for Education 2022-ന്റെ റിപ്പോർട്ട് പ്രകാരം മോദി അധികാരത്തിൽ വരുമ്പോൾ 15.18 ലക്ഷം സ്കൂളുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 2018 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 15.59 ലക്ഷം ആയി ഉയർന്നു. എന്നാൽ പുത്തൻ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചതോടെ സ്കൂളുകളുടെ എണ്ണം കുറഞ്ഞു. 2022-ൽ 14.08 ലക്ഷം സ്കൂളുകളേ ഇന്ത്യയിലുള്ളൂ. പ്രൈമറി സ്കൂളുകളുടെ എണ്ണത്തിലാണ് ഏറ്റവും കുറവുണ്ടായത്. അവയുടെ എണ്ണം 12.95 ലക്ഷത്തിൽ നിന്ന് 11.96 ലക്ഷമായി കുറഞ്ഞു. സെക്കൻഡറി സ്കൂളുകൾ 1.50 ലക്ഷത്തിൽത്തന്നെ തുടരുകയാണ്. ഹയർ സെക്കൻഡറി സ്കൂളുകളുടെ എണ്ണമാകട്ടെ 2017-ൽ ഒരുലക്ഷമായിരുന്നത് 1.4 ലക്ഷമായി വർദ്ധിച്ചു.

ഏത് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളാണ് കുറഞ്ഞത്? 2018-–19-നും 2021-–22-നും ഇടയിൽ 60,000-ത്തിൽപ്പരം സർക്കാർ സ്കൂളുകളാണ് ഇല്ലാതായത്. 2,000-ത്തിൽപ്പരം എയ്ഡഡ് സ്കൂളുകളും നിർത്തലാക്കപ്പെട്ടു. അതേസമയം 10,000-ത്തിൽപ്പരം പുതിയ സ്വകാര്യ സ്കൂളുകൾ തുറന്നു. പ്രവണത വളരെ കൃത്യമാണ്. പൊതു വിദ്യാഭ്യാസ മേഖല ചുരുങ്ങിവരുന്നു. സ്വകാര്യ സെൽഫ് ഫിനാൻസിങ് മേഖല സ്കൂൾ വിദ്യാഭ്യാസരംഗത്ത് പിടിമുറുക്കുകയാണ്.

ചില സംസ്ഥാനങ്ങൾ വളരെ ശക്തമായി സ്വകാര്യവൽക്കരണ നയങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയാണ്. ഉദാഹരണത്തിന് യുപിയിൽ 2018-ൽ 1.6 ലക്ഷം സ്കൂളുകൾ ഉണ്ടായിരുന്നതിൽ 25,000 എണ്ണം അടച്ചുപൂട്ടപ്പെട്ടു. മദ്ധ്യപ്രദേശിൽ 1.22 ലക്ഷം സ്കൂളുകൾ ഉണ്ടായിരുന്നതിൽ 23,000 അടച്ചുപൂട്ടപ്പെട്ടു. 0.55 ലക്ഷം സ്കൂളുകൾ ഉണ്ടായിരുന്ന ഒറീസ്സയിൽ 14,000 സ്കൂളുകൾ അടച്ചുപൂട്ടുന്നതിനു തീരുമാനിച്ചു. സിബിഎസ്ഇ സ്കൂളുകളിലെ 80 ശതമാനവും സ്വകാര്യ സ്കൂളുകളാണ്. പുതിയതായി 5,000 സിബിഎസ്ഇ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.

കുതിച്ചുയരുന്ന സ്വകാര്യ വിദ്യാഭ്യാസ ചെലവ്
ഇത്തരത്തിൽ പൊതുവിദ്യാഭ്യാസം ചുരുങ്ങുന്നതിന്റെ ഫലമായി സ്വകാര്യ വിദ്യാഭ്യാസ ചെലവ് അതിവേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മൊത്തം വിദ്യാഭ്യാസ ചെലവിൽ സർക്കാർ ചെലവ് ദേശീയവരുമാനത്തിന്റെ 3.8 ശതമാനം ആണെന്നു കണ്ടുവല്ലോ. സ്വകാര്യ വിദ്യാഭ്യാസ ചെലവ് ദേശീയവരുമാനത്തിന്റെ 2 ശതമാനം വരും. പട്ടിക 2ൽ എൻഎസ്എസ്ഒയുടെ 75-–ാമത് റൗണ്ട് സർവ്വേ പ്രകാരം 2017-–18-ൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കുടുംബം ചെലവാക്കേണ്ടി വരുന്ന തുക കൊടുത്തിരിക്കുന്നു.

പട്ടിക 1

വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിൽ വിദ്യാർത്ഥിക്ക്‌ വീട്ടുകാർ ചെലവാക്കേണ്ടി വരുന്ന തുക (ഒരു വർഷം)

വിദ്യാഭ്യാസഘട്ടം ഗ്രാമം നഗരം
പ്രീപ്രൈമറി 5.655 14,509
പ്രൈമറി 3,545 13,516
അപ്പർ പ്രൈമറി 3,953 15,337
സെക്കൻഡറി 5,856 17,518
ഹയർ സെക്കൻഡറി 9,148 23,832
ഡിപ്ലോമ/സർട്ടിഫിക്കറ്റ്‌, ഗ്രാജുവേറ്റിനു താഴെ 8,545 22,281
ഡിപ്ലോമ/സർട്ടിഫിക്കറ്റ്‌, ഗ്രാജുവേറ്റിനു മുകളിൽ 12,415 19,979
ഗ്രാജുവേറ്റ്‌ 11,845 18,485
പോസ്റ്റ്‌ ഗ്രാജുവേറ്റും അതിനു മുകളിലും 15,827 20,443
ശരാശരി 5,240 8,331

(കടപ്പാട്‌: സി പി ചന്ദ്രശേഖരൻ, ജയതി ഘോഷ്‌

നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ ചെലവ് ഗ്രാമങ്ങളുടേതിനേക്കാൾ ഗണ്യമായി ഉയർന്നതാണ്. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന് നാട്ടിൻപുറത്ത് ചെലവ് വളരെ ഉയർന്നതാണ്. പിന്നീട് സെക്കൻഡറി വിദ്യാഭ്യാസം മുതൽ ചെലവ് കുത്തനെ ഉയരുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ കുടുംബം വഹിക്കേണ്ട ചെലവ് വളരെ ഉയർന്നതാണ്. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമിടുന്നത് 14 വർഷത്തെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമാണ്. പക്ഷേ, യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്. 47 ശതമാനം കുട്ടികൾക്കേ സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുള്ളൂ. 14 ശതമാനം കുട്ടികൾക്കേ സ്കോളർഷിപ്പോ സ്റ്റൈപ്പന്റോ ലഭിക്കുന്നുള്ളൂ. 45 ശതമാനം കുട്ടികൾക്കേ സൗജന്യമായതോ സബ്സിഡിയോടുകൂടിയതോ ആയ പുസ്തകങ്ങൾ ലഭിക്കുന്നുള്ളൂ. സൗജന്യമായതോ സബ്സിഡിയോടുകൂടിയതോ ആയ സ്റ്റേഷനറികൾ ലഭിക്കുന്നവർ 9 ശതമാനമേ വരുന്നുള്ളൂ.

പാവപ്പെട്ടവർക്കും 
സാധാരണക്കാർക്കും 
താങ്ങാനാകാത്ത ഭാരം
വിദ്യാഭ്യാസ ചെലവ് ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമാണ്. നഗരത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഒരു മാസം 1,359 രൂപയാണ്. 2017-–18-ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ പ്രകാരം സ്ഥിരജോലിയുള്ള പുരുഷന്റെ വരുമാനം 19,100 രൂപയാണ്. രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ ഇതിന്റെ 14.2 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കേണ്ടി വരും. ഇനി സ്ഥിരജോലിക്കാരനല്ല ദിവസക്കൂലിക്കാരൻ ആണെന്നിരിക്കട്ടെ. ആ പുരുഷ തൊഴിലാളിക്ക് മാസവരുമാനം 7,080 രൂപയായിരിക്കും. അതിന്റെ 38.4 ശതമാനം ചെലവാക്കിയാലേ രണ്ട് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയൂ.

ഗ്രാമീണ മേഖലയിൽ ഇത്തരത്തിൽ വിദ്യാഭ്യാസത്തിനു ചെലവഴിക്കേണ്ടിവരുന്ന തുക പ്രതിമാസം 437 രൂപയാണ്. കാരണം താരതമ്യേന കുറച്ച് കുട്ടികൾ മാത്രമേ ഗ്രാമീണ മേഖലയിൽനിന്ന് ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നുള്ളൂ. അതുകൊണ്ട് രണ്ടു കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെങ്കിൽ സ്ഥിരജോലിയുള്ള പുരുഷന്റെ വരുമാനത്തിന്റെ 6.5 ശതമാനവും സ്ഥിരജോലിക്കാരനല്ലാത്ത ദിവസക്കൂലിക്കാരന്റെ വരുമാനത്തിന്റെ 15.2 ശതമാനവും ചെലവഴിക്കേണ്ടിവരും.

എന്തിനൊക്കെയാണ് പണം ചെലവഴിക്കുന്നത്? പകുതി വിവിധ ഫീസുകളാണ്. 20 ശതമാനം ബുക്കുകളും സ്റ്റേഷനറികളുമാണ്. 12 ശതമാനം യാത്രാക്കൂലിയാണ്. മറ്റൊരു 12 ശതമാനം സ്വകാര്യ ട്യൂഷൻ ഫീസാണ്.

നിയോലിബറൽ നയങ്ങളുടെ ഫലമായി വിദ്യാഭ്യാസത്തിനു വേണ്ടിവരുന്ന സ്വകാര്യ ചെലവുകൾ ഭാവിയിൽ ഗണ്യമായിട്ട് ഉയരാൻ പോവുകയാണ്. ഇത് എല്ലാവർക്കും സ്കൂൾ വിദ്യാഭ്യാസമെങ്കിലും നൽകുന്നതിനുള്ള ലക്ഷ്യം കൂടുതൽ കൂടുതൽ ശ്രമകരമാക്കും. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കും.

സ്കൂളുകളിലെ സൗകര്യങ്ങളുടെ സ്ഥിതി
സ്കൂളുകളിലെ സൗകര്യങ്ങൾ പരിതാപകരമാണ്. ഏതാണ്ട് 10 ലക്ഷം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 25 ശതമാനം സ്കൂളുകളിൽ കുടിവെള്ളമോ ശൗചാലയമോ ഇല്ല. 60 ശതമാനം സ്കൂളുകളിൽ ലൈബ്രറി ഇല്ല. 7 ശതമാനം സ്കൂളുകളിലേ കമ്പ്യൂട്ടറുള്ളൂ.

ഉച്ചഭക്ഷണ പദ്ധതിയെ 2021-ൽ പിഎം പോഷൺ എന്ന് പുനർനാമകരണം ചെയ്തു. പക്ഷേ, അതിനുശേഷം തുടർച്ചയായി ഈ പദ്ധതിക്കുള്ള അടങ്കൽ കുറച്ചുകൊണ്ടിരിക്കുകയാണ്. 2021-ൽ കേന്ദ്ര ബജറ്റിന്റെ 0.73 ശതമാനം ഉച്ചഭക്ഷണ പദ്ധതിക്ക് ഉണ്ടായിരുന്നെങ്കിൽ 2023–-24-ൽ അത് 0.25 ശതമാനമായി കുറഞ്ഞു. അങ്കണവാടികൾക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചിരിക്കുകയാണ്. സ്കൂൾ ഉച്ചഭക്ഷണമടക്കം അംഗണവാടിയിലെ വിവിധ സ്കീമുകൾക്കുള്ള അടങ്കൽ 2014-–15-ൽ കേന്ദ്ര സർക്കാർ ചെലവിന്റെ 1.08 ശതമാനം ആയിരുന്നത് 2023–-24-ൽ 0.45 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

2014–15-ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴേക്കും സ്കൂൾ എൻറോൾമെന്റ് റേറ്റ് 96.7 ശതമാനമായി ഉയർന്നുകഴിഞ്ഞിരുന്നു. 2022-ൽ ഇത് 98.4 ശതമാനമായി വീണ്ടും ഉയർന്നു. പക്ഷേ, കൊഴിഞ്ഞുപോക്ക് നിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. സെക്കൻഡറി സ്കൂൾ ഘട്ടത്തിലെ എൻറോൾമെന്റ് റേറ്റ് 50 ശതമാനം മാത്രമാണ് (കേരളത്തിൽ ഇത് 80 ശതമാനമാണ്).

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പട്ടികജാതി-–പട്ടികവർഗ്ഗക്കാർക്കുള്ള സ്കോളർഷിപ്പ് നിർത്തലാക്കുകയാണ്. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം വീൺവാക്കായി മാറുന്നു. മദ്രസകളിലുള്ള നിരന്തരമായ ഇടപെടൽമൂലം അവയുടെ നടത്തിപ്പ് അത്യന്തം വിഷമകരമായിരിക്കുകയാണ്. കരിയർ ഗൈഡൻസിന്റെ പേരിൽ സ്വകാര്യ കോച്ചിങ് സെന്ററുകളും ഡിജിറ്റൽ പിന്തുണാ സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു.

പുത്തൻ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസത്തിന്റെ വർഗ്ഗീയവൽക്കരണമാണ്. 2017 മുതൽ എൻസിഇആർടിയുടെ നേതൃത്വത്തിൽ സ്കൂൾ പാഠപുസ്തകങ്ങളിൽ കേന്ദ്ര സർക്കാർ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. 2022-ൽ മുഗൾ കാലഘട്ടത്തെക്കുറിച്ചും ജാതിസമ്പ്രദായങ്ങളെക്കുറിച്ചുമുള്ള ഭാഗങ്ങൾ വെട്ടിച്ചുരുക്കി. പല സാമൂഹ്യപ്രസ്ഥാനങ്ങളെക്കുറിച്ചും ആർഎസ്എസിന്റെ നിരോധനത്തെക്കുറിച്ചും ഹിന്ദുവർഗ്ഗീയവാദികൾക്കിടയിൽ ഗാന്ധിജിക്ക് ഉണ്ടായിരുന്ന അസ്വീകാര്യതയെ കുറിച്ചുമുള്ള പരാമർശങ്ങൾ നീക്കം ചെയ്തു. 2023-ൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കി. ഹിന്ദുത്വ ലോകവീക്ഷണം കുട്ടികൾക്കു പകർന്നു നൽകാനുള്ള നീക്കങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാന വിദ്യാഭ്യാസ 
അവകാശങ്ങളുടെമേൽ 
കടന്നുകയറ്റം
വിദ്യാഭ്യാസ ചെലവിന്റെ മുക്കാൽപങ്കും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. വിദ്യാഭ്യാസം ഭരണഘടനയിൽ സംസ്ഥാന ലിസ്റ്റിലായിരുന്നു. എന്നാൽ 42-–ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇത് കൺകറന്റ് ലിസ്റ്റിലായി. ഈ പഴുതുപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും കേന്ദ്ര സർക്കാർ കൈകടത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവ്വശിക്ഷാ അഭിയാൻ പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണം തടഞ്ഞുവയ്ക്കുന്നു.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേന്ദ്രത്തിന്റെ നിയോലിബറൽ ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രവർത്തിക്കുമ്പോൾ തന്നെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുകയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടത് സ്കൂളുകളുടെ കെട്ടിടം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു കിഫ്ബിയിൽ നിന്നും ബജറ്റിൽ നിന്നും നടത്തിയ ഏതാണ്ട് 5000 കോടി രൂപയുടെ നിക്ഷേപമാണ്.

കേരളം പോലെ കർണ്ണാടകം, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കരിക്കുലത്തിലെയും മറ്റും മാറ്റങ്ങളെ ചെറുക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരായി യോജിക്കാവുന്ന എല്ലാവരുമായി പൊതു പ്രതിരോധ മുന്നണി ഉയർത്തേണ്ടതുണ്ട്. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പാഠപുസ്തകത്തോടൊപ്പം നൽകുന്നു.

വിദ്യാഭ്യാസ ഗുണനിലവാരത്തിലെ 
വെല്ലുവിളി
വിദ്യാഭ്യാസ മേഖലയിലെ ഇടതുപക്ഷ ബദൽ ഉയർത്താൻ ശ്രമിക്കുമ്പോൾ പ്രധാനപ്പെട്ടൊരു വെല്ലുവിളി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എങ്ങനെ ഉയർത്താമെന്നുള്ളതാണ്. എല്ലാവരെയും ഉൾച്ചേർത്തുകൊണ്ടുള്ള വിദ്യാഭ്യാസ വികസനം ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ടുവേണം.

ദേശീയതലത്തിൽ തന്നെ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഗൗരതരമായ ഒരു പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. അക്കജ്ഞാനത്തിന്റെയും അക്ഷരജ്ഞാനത്തിന്റെയും കഴിവ് അളക്കുന്നതിനു വേണ്ടിയുള്ള ഒരു ദേശീയ സ്കീം 2021-ൽ സ്ഥാപിക്കപ്പെട്ടു. 2025-നുള്ളിൽ എല്ലാ പ്രൈമറി വിദ്യാഭ്യാസ മേഖലകളിലും സാർവ്വത്രികമായ അടിസ്ഥാനസാക്ഷരതയും അക്കധാരണയും സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ 2022-ൽ മൂന്നാം ക്ലാസിലെ നാലിലൊന്ന് കുട്ടികൾ മാത്രമേ കണക്കിൽ ആർജ്ജിക്കേണ്ട ശേഷി കൈവരിച്ചിരുന്നുള്ളൂ. 20 ശതമാനം പേർക്കേ വായിക്കാനുള്ള കഴിവ് ഉണ്ടായിരുന്നുള്ളൂ.

കേരളത്തെക്കുറിച്ചുള്ള റിപ്പോർട്ടും ലഭ്യമാണ്. വിസ്തരഭയത്താൽ വിശദാംശങ്ങളിലേക്കു പോകുന്നില്ല. ഇന്നത്തെനില ഒട്ടും അഭിമാനകരമാണെന്നു പറയാനാകില്ല. എങ്ങനെ ഈ പ്രതിസന്ധി മറികടക്കാം എന്നതാണു വെല്ലുവിളി. നിയോലിബറൽ ഉത്തരം കൂടുതൽ വരേണ്യവൽക്കരണവും കമ്പോളവൽക്കരണവുമായിരിക്കും. ഇതിന് ജനകീയമായൊരു ബദൽ സൃഷ്ടിക്കാനാകുമോ?

സ്കൂളുകളുടെ ഭൗതികസൗകര്യങ്ങളിൽ അഭൂതപൂർവ്വമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാൽ അവ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുവെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. ആദ്യം വേണ്ടത് അധ്യാപകർ പഠിപ്പിക്കേണ്ടതുപോലെ പഠിപ്പിക്കുകയാണ്. ഇന്നത്തെ അവസ്ഥ നമ്മുടെ അധ്യയനരീതിയോടുള്ള നിശിതമായ വിമർശനമാണ്. അധ്യാപകർക്ക് ജനകീയ പിന്തുണയും ലഭ്യമാക്കണം. സ്കൂളിനു പുറത്ത് അനുപൂരക പഠനപിന്തുണാ സ്കീമുകൾ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു വേണ്ടി ആവിഷ്കരിക്കണം. ഇതു ചെയ്യാതെ നിയോലിബറലിസത്തിനെതിരായ വിദ്യാഭ്യാസ ബദലിനു വേണ്ടിയുള്ള പോരാട്ടത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular