Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിആധുനിക വിദ്യാഭ്യാസം

ആധുനിക വിദ്യാഭ്യാസം

പ്രൊഫ.സി.രവീന്ദ്രനാഥ്

രണകൂടം ഉൽപാദിപ്പിക്കുന്ന അറിവ് വിദ്യാഭ്യാസത്തിലൂടെ സമൂഹമദ്ധ്യത്തിലെത്തിച്ച് ജനമനസ്സുകളെ ഭരണകൂടത്തോടൊപ്പം നിർത്തുവാൻ ശ്രമിക്കുന്നതാണ് സാമ്പ്രദായിക വിദ്യാഭ്യാസമെന്ന് അന്തോണിയോ ഗ്രാംഷി പറഞ്ഞിട്ടുണ്ട്. പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഈ രീതിയിൽ തന്നെ തയ്യാറാക്കിക്കൊണ്ടാണ് കലഹിക്കാത്ത മനസ്സിനെ ഭരണകൂടം ഉൽപാദിപ്പിക്കുന്നത്. നിലനിൽക്കുന്ന വ്യവസ്ഥയെ പരിക്കുകൂടാതെ നിലനിർത്തിക്കൊണ്ടുപോകുവാനാണ് സാമ്പ്രദായിക വിദ്യാഭ്യാസത്തെ ഭരണകൂടം പൊതുവിൽ ഉപയോഗിക്കുന്നത്.

ചൂഷണാധിഷ്ഠിത വ്യവസ്ഥയും ജീവിതവും സ്വീകരിക്കുവാൻ മനുഷ്യനെ തയ്യാറെടുപ്പിക്കുന്ന പ്രത്യയശാസ്ത്ര ഉപകരണമാണ് സാമ്പ്രദായിക വിദ്യാഭ്യാസമെന്ന് അൽത്തൂസർ പറഞ്ഞിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ആയുധമാണ് സാമ്പ്രദായിക വിദ്യാഭ്യാസം. മനുഷ്യമനസ്സിനെ ഏതുരീതിയിൽ ചിട്ടപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് ഭരണകൂടമാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നുപറയുന്നത്. ഭരണകൂടത്തിനുവേണ്ടി ഒരു ജനതയെ വാർത്തെടുക്കുന്ന ഉപകരണമാണ് വിദ്യാഭ്യാസം.

കേന്ദ്ര സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസനയം ഒരു പ്രത്യയശാസ്ത്ര ഉപകരണമാണ്. വർഗ്ഗീയ ശക്തികൾക്ക് നിലവിലുള്ള വ്യവസ്ഥയെ നിലനിർത്തുവാനല്ല പകരം മനസ്സിനെ പിറകോട്ടു കൊണ്ടുപോയി ജനതയെ വരേണ്യയുക്തിയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ടാണ് ശാസ്ത്രസത്യങ്ങളെപ്പോലും പാഠപുസ്തകത്തിൽ നിന്ന് ബോധപൂർവ്വം എടുത്തുകളയുന്നത്. മനസ്സിനെ പിറകോട്ടു നയിക്കുന്ന വിദ്യാഭ്യാസമാണ് പ്രതിലോമ വിദ്യാഭ്യാസം. പെഡഗോജിയും സിലബസ്സും ഈ ലക്ഷ്യത്തിൽ തയ്യാറാക്കപ്പെട്ടതായിരിക്കും. ചരിത്രം മാറ്റുന്നതുപോലും ഈ ലക്ഷ്യത്തിലാണ്. വർഗ്ഗീയ ചിന്തകൾ വളരുവാനുള്ള സാഹചര്യമുണ്ടാക്കുവാൻ വേണ്ടിയാണ് മനസ്സിനെ വരേണ്യയുക്തിയിലേക്ക് നയിക്കുന്നത്. മനുസ്മൃതിയിലെ സങ്കല്പങ്ങൾക്കനുസരിച്ചുള്ള രാഷ്ട്രനിർമ്മാണത്തിന് മനസ്സിനെ ഒരുക്കുക എന്നതാണ് ലക്ഷ്യം.

മേൽപറഞ്ഞ രണ്ടു രീതികളുമല്ല കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ നടപ്പിലാക്കുന്നത്. 2016 ൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഇടതുപക്ഷ ആശയങ്ങളെ ആസ്‌പദമാക്കിയ പുരോഗമനവിദ്യാഭ്യാസമാണ്. ഈ തരത്തിലുള്ള വിദ്യാഭ്യാസത്തിന്റെ പ്രത്യയശാസ്ത്ര ആശയത്തെക്കുറിച്ച് ആദ്യം വിവരിച്ചത് ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകനായ പൗലോഫ്രെയർ ആണ്. മർദ്ദിതരുടെ ബോധനശാസ്ത്രമെന്ന പുസ്‌തകത്തിൽ വിദ്യാഭ്യാസത്തെ വിമോചനത്തിന്റെ പ്രത്യയശാസ്ത്രമായിട്ടാണ് കണ്ടിട്ടുള്ളത്. നിലവിലുള്ള വ്യവസ്ഥയോട് വിമർശനമുള്ള മനസ്സിനെ വികസിപ്പിച്ചെടുക്കുക എന്ന രീതിശാസ്ത്രമാണ് ഇതിൽ പ്രയോഗിക്കുന്നത്. നിലവിലുള്ള വ്യവസ്ഥയിലെ വരേണ്യ, ഫ്യൂഡൽ, കൊളോണിയൽ മനസ്സുകളേയും ചിന്തകളേയും വിമർശനാത്മകമായി കാണുന്ന മനസ്സുകൾ ഉയർന്നു വരണം. എങ്കിൽ മാത്രമേ വ്യവസ്ഥയെ മാറ്റിക്കൊണ്ട് പുതിയൊരു വ്യവസ്ഥയിലേക്ക് മാറുവാൻ അവസരമുണ്ടാകൂ. വ്യവസ്ഥയോട് വിമർശനമുള്ള മനസ്സിൽ മാത്രമേ പുരോഗമന ആശയങ്ങൾ ഉണരുകയുള്ളൂ. ഈ രീതിക്കനുസരിച്ച് പെഡഗോജിയും പാഠ്യപദ്ധതിയും സില ബസ്സും പാഠപുസ്ത‌കവും വേണം. അങ്ങനെയുള്ള ബോധനരീതിയാണ് വിമർശനാത്മക ബോധശാസ്ത്രം (Critical Pedagoji). ചൂഷണാധിഷ്‌ഠിത വ്യവസ്ഥയോട് വിമർശനമുള്ളതും സമത്വാധിഷ്ഠിത വ്യവസ്ഥയോട് ചേർന്നു നില്ക്കുന്നതുമായ മനസ്സിനെ ഉൽപാദിപ്പിക്കുന്ന വിദ്യാഭ്യാസമാണ് പുരോഗമന വിദ്യാഭ്യാസം. ഇതാണ് ആധുനിക വിദ്യാഭ്യാസം. കേരളം അതിനെ ജനകീയതയുള്ളതുമാക്കി മാറ്റി എന്നതാണ് ഏറ്റവും പ്രധാന കാര്യം.

അതുകൊണ്ടുതന്നെ സാമ്പ്രദായിക, പ്രതിലോമവിദ്യാഭ്യാസത്തിലെ പല സമീപനങ്ങളേയും പൂർണ്ണമായും മാറ്റേണ്ടതായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരള വിദ്യാഭ്യാസരീതിക്കെതിരെ പല വിമർശനങ്ങളും ഉയരുന്നത് എന്ന് തിരിച്ചറിയണം. മനസ്സിൽ സ്വയം ശീലിച്ചതും വളർത്തിയതുമായ സാമ്പ്രദായിക രീതികളെ മാറ്റുവാൻ പലരും തയ്യാറല്ല. അതിനാൽ ആധുനിക വിദ്യാഭ്യാസത്തിലെ അക്കാദമിക് സമീപനത്തോട് പലരും വിയോജിക്കുന്നുണ്ട്. അത് സാമ്പ്രദായികതയിലേക്ക് കേരളത്തിന്റെ പുരോഗമന വിദ്യാഭ്യാസത്തെ തിരികെ കൊണ്ടുപോകുവാനുള്ള ശ്രമമായിട്ടുവേണം കാണുവാൻ. അതുകൊണ്ട് നല്ല കരുതൽ ആവശ്യമാണ്. പരീക്ഷാ സമ്പ്രദായം, മാർക്കിടൽ, പാസ്സാക്കൽ, പഠിപ്പിക്കുന്ന രീതി, പഠിക്കുന്ന രീതി, പാഠപുസ്തകം തയ്യാറാക്കുന്ന സമ്പ്രദായം എന്നിവയിലെല്ലാം കാര്യമാത്ര പ്രസക്തമായ മാറ്റമുണ്ടാകും. പരീക്ഷ എന്ന സംജ്ഞയുടെ മുന്നിൽ കുട്ടിയേയും രക്ഷിതാക്കളേയും ഭയ പ്പെടുത്തിയും പകച്ചുനിർത്തിയും അനുസരണയുള്ളവരാക്കുന്നത് സാമ്പ്രദായിക, പ്രതിലോമ വിദ്യാഭ്യാസരീതിയാണ്. സാമ്പ്രദായികതയിൽ ഉറച്ചു നിന്നുകൊണ്ടുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. കുട്ടിയെ മനസ്സിലാക്കുകയും കുറവുകൾ പരിഹരിക്കുകയും ചെയ്യുന്ന സുതാര്യമായ സർഗ്ഗ പ്രക്രിയയാണ് പരീക്ഷ എന്ന ആധുനിക സമീപനമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസരംഗത്ത് സ്വീകരിച്ചിട്ടുള്ളത്. കുട്ടിയെ മനസ്സിലാക്കുവാനുള്ള കൂട്ടായ പ്രവർത്തനമാണ് പരീക്ഷ. അത് തുടർ പ്രക്രിയയാണ്. അതിൽ കഠിന കടമ്പകളിട്ട് കുട്ടിയെ ബുദ്ധിമുട്ടിക്കുന്നത് ഭയപ്പെടുത്തുവാനാണ്. ഭയപ്പെടുത്തി അനുസരിപ്പിക്കുക എന്ന ഫ്യൂഡൽ, കൊളോണിയൽ രീതിയാണിത്. മനസ്സിനെ അന്വേഷണാത്മകതയിലേക്കെത്തിക്കുന്ന സംവാദങ്ങളായി പരീക്ഷകളെ കാണുന്നതാണ് പുരോഗമന വിദ്യാഭ്യാസ രീതിശാസ്ത്രം. ഇതിലൂടെ മാത്രമേ കുട്ടിയെ വളർത്തുവാൻ കഴിയൂ. വ്യത്യസ്‌ത വിദ്യാഭ്യാസരീതികളിൽ വ്യത്യസ്തമായ പരീക്ഷാ സമ്പ്രദായങ്ങളാണുണ്ടാവുക എന്ന് ചുരുക്കം.

എല്ലാ കുട്ടികൾക്കും എല്ലാ വിഷയത്തിലും ഒരുപോലെ കഴിവുണ്ടാകണമെന്നില്ല. അവരുടെ നൈസർഗ്ഗികമായ കഴിവുകൾ ഉയർത്തിക്കൊണ്ടുവന്ന് പരമാവധി വികസിപ്പിക്കുക എന്നതാണ് ആധുനികത. അങ്ങനെ വൈവിധ്യമാർന്ന കഴിവുകൾ പരമാവധി വികസിക്കപ്പെടുമ്പോൾ വൈവിധ്യമായ സർഗ്ഗശേഷികളുടെ മൂർത്തമായ സമഷ്ടിയുണ്ടാകും. അതാണ് ആധുനിക സമൂഹം. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അടിത്തറ ഇങ്ങനെയാണ് വളരേണ്ടത്. അപ്പോൾ വ്യത്യസ്ത കഴിവുകളുടെ സമ്പൂർണ്ണാസ്വാദനത്തിനുള്ള സാധ്യത സമൂഹത്തിലുണ്ടാകും. ഈ സാധ്യത കൊളോണിയൽ, ഫ്യൂഡൽ വിദ്യാഭ്യാസത്തിലില്ല. അതുതന്നെയാണ് വിജ്ഞാനസമൂഹത്തിന്റെ വ്യത്യസ്തതയും. നവകേരളത്തിലേക്കുള്ള ശരിയായ വഴി ആധുനിക വിദ്യാഭ്യാസമാണ്.

അധ്യാപകൻ മാത്രം ചോദ്യം ചോദിക്കുന്ന അധ്യാപന രീതി കുട്ടിയെ ഭയപ്പെടുത്തി ഒപ്പം നിർത്തുവാൻ വേണ്ടിയുള്ളതാണ്. ചോദ്യം ചോദിക്കുന്ന അധ്യാപകനും അനുസരിക്കുന്നതും ഭയപ്പെടുന്നതുമായ കുട്ടിയും ഫ്യൂഡൽ ബിംബങ്ങളാണ്. കുട്ടിയുടെ ചിന്തയെ ഉണർത്തുന്നതിലൂടെ മാത്രമേ നവലോകം സ്വപ്‌നം കാണുവാൻ കഴിയൂ. ചോദ്യം ചോദിക്കുവാൻ പ്രേരിപ്പിക്കുന്ന അധ്യാപകനും ചോദ്യമുയർത്തുന്ന വിദ്യാർത്ഥിയും ചേർന്നുള്ള സർഗ്ഗ പ്രക്രിയയാണ് പുരോഗമന വിദ്യാഭ്യാസം. പുതിയ തലമുറ മുന്നോട്ടു കുതിക്കുവാനുള്ള രാസത്വരകമാണിത്. കുട്ടിയുയർത്തുന്ന വിമർശനാത്മക ചോദ്യങ്ങളെ അഭിമുഖീകരിക്കുവാൻ കഴിയുന്നതാകണം പരീക്ഷ. ചിട്ടപ്പെടുത്തിയ ചോദ്യങ്ങൾക്ക് മനഃപാഠം ഉത്തരം പറയുകയും തോൽക്കുകയും ജയിക്കുകയും ചെയ്യുന്ന പ്രക്രിയ ആധുനികവിദ്യാഭ്യാസത്തിന്റെ പരീക്ഷയല്ല. വിമർശനാത്മക ചോദ്യങ്ങൾക്ക് സർഗ്ഗാത്മക മറുപടി ലഭിക്കുന്ന നൈസർഗ്ഗിക ഇടപെടൽ പ്രക്രിയയാണ് ആധുനിക വിദ്യാഭ്യാസത്തിലെ പരീക്ഷ. ഇതുൾക്കൊള്ളുവാൻ പോലും പ്രയാസമുള്ളതായി കാണുന്നത് സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ സ്വാധീനം ഇപ്പോഴും ശക്തമായി ഉള്ളതുകൊണ്ടാണ്. ആ സ്വാധീനത്തിൽ നിന്നും പുറത്തുവന്ന മനസ്സിനു മാത്രമേ ആധുനിക പരീക്ഷാ – മോണിറ്റിങ് രീതിയെക്കുറിച്ച് മനസ്സിലാകൂ. കുട്ടിയെ തോൽപ്പിക്കുവാനുള്ളതല്ല പരീക്ഷ, അവനെ ഉയർത്തുവാനുള്ളതാണ്. അതുകൊണ്ട് തോൽപ്പിക്കുവാനുള്ള ചട്ടവട്ടങ്ങൾ ഉണ്ടാക്കലല്ല വേണ്ടത്. കുട്ടിയുടെ സംശയങ്ങളിൽ നിന്നും മുക്തമാക്കിക്കൊണ്ട് ശ്രദ്ധാപൂർവ്വം അവനെ/അവളെ ഉയർത്തുവാനുള്ള ക്രിയാത്മക ഇടപെടലാണ് വേണ്ടത്. കുട്ടികൾക്കുണ്ടാകുന്ന സ്വാഭാവിക സംശയങ്ങൾ പല സാമൂഹിക, സാംസ്കാരിക, അക്കാദമിക കാരണങ്ങളെക്കൊണ്ടും ആകാം.(വിശദീകരിക്കുവാൻ കൂടുതൽ പേജു കൾ വേണം). അതെല്ലാം വ്യക്തമായി തിരിച്ചറിയുന്നതാകണം പരീക്ഷ. സാമ്പ്രദായിക മനഃപാഠവൽക്കരണത്തിൽ നിന്നും, പരീക്ഷയിൽ നിന്നും, മോണിറ്ററിങ്ങിൽ നിന്നും മുക്തിനേടുന്നതാണ് ആധുനിക വിദ്യാഭ്യാസം. കുട്ടിയുടെ ചിന്തകൾക്ക് ചിറകുകൾ നൽകി ചക്രവാളം വരെയെത്തിക്കുന്ന ഇടപെടലിലൂടെ വളരുന്ന ജ്ഞാനസമൂഹമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതുകൊണ്ട് പൊതുവിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മാറ്റങ്ങളും വളരെ വ്യത്യസ്‌തമായിരിക്കും. ഈ പശ്ചാത്തലത്തിലാണ് വിമർശനങ്ങളെ പരിശോധിക്കേണ്ടത്.

സർഗ്ഗശേഷിയുടെ വികസനത്തിന് അതിരുകളില്ല. ചോദ്യമുയർത്തുന്നതിലൂടെ മാത്രമേ ഉയരങ്ങളിലെത്തുവാൻ കഴിയൂ. വളർച്ചയുടെ തടസ്സങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടത്, തടസ്സം സൃഷ്‌ടിച്ച് തളർത്തുകയല്ല വേണ്ടത്. അറിവുനേടുവാനുള്ള വാതായനങ്ങൾ മലർക്കെ തുറന്നിടുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം. ഹൈടെക് ക്ലാസ്സുകൾ അതിനു വേണ്ടിയുള്ളതാണ്. ഈ രീതിയിലുള്ള പുരോഗമന വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകുവാനാണ് ആധുനിക സമൂഹം ശ്രദ്ധിക്കേണ്ടത്.

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിലൂടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് സംസ്ഥാനമായി മാറി. ഇത് ആധുനിക വിദ്യാഭ്യാസത്തിന്റെ സാങ്കേതിക അടിത്തറയാണ്. അക്കാദമിക് മുന്നേറ്റങ്ങൾക്ക് ഇവിടെ തുടർച്ചയുണ്ടായിക്കൊണ്ടിരിക്കുന്നു. വിദ്യാർത്ഥിയുടെ സർഗ്ഗശേഷികളുടെ വികാസത്തിനു പൂരകമായിട്ടാണ് നൈപുണിവൽക്കരണവും നടക്കേണ്ടത് എന്ന കാര്യവും കൂടെ ചർച്ച ചെയ്യപ്പെടണം. വിശാലമായ അറിവിന്റെ ലോകത്ത് ആവശ്യമായ നൈപുണി വികസിപ്പിച്ചെടുക്കുക എന്നതും ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യമാണ്. അറിവിന്റെ വിശാലമായ പശ്ചാത്തലത്തിൽ വളർന്നു വരുന്ന മനസ്സ് വിശാലചിന്ത ഉള്ളതായിരിക്കും. ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും ഇതിന്റെ ഉൽപ്പന്നങ്ങളായിരിക്കും. മൗലിക ചിന്തകളെ ഇല്ലാതാക്കിക്കൊണ്ട് ശാസ്ത്രബോധത്തെയും ആധുനികതയെയും ഊട്ടിവളർത്തുന്ന വിദ്യാഭ്യാസരീതി വികസിപ്പിക്കുവാനുള്ള ശ്രമമാണ് കേരളം നടത്തുന്നത് എന്നതിൽ നമുക്കഭിമാനിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 5 =

Most Popular