ഒരുകാലത്ത് പഠനം എന്നത് വെറും ഹൃദിസ്ഥീകരണം മാത്രമായിരുന്നു. അധ്യാപകര്‍ നിര്‍ദിഷ്ട വിഷയങ്ങള്‍ പഠിപ്പിക്കുകയും കുട്ടികള്‍ പഠിക്കുകയും പഠിച്ചതിനെ അധ്യാപകര്‍ പരിശോധിക്കുകയും ചെയ്യുക എന്നതായിരുന്നു പഠന രീതി. ഉരുവിട്ടു പഠിക്കുക എന്നതില്‍ ഓര്‍മ്മ എന്ന കഴിവിന്റെ വികാസമാണ് സംഭവിക്കുന്നത്. അധ്യാപനം കലയും ശാസ്ത്രവുമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തിലാണ് അധ്യാപന രീതിയില്‍ ശരിയായ വികാസം സംഭവിച്ചത്. ഡാള്‍ട്ടന്‍ രീതി, പ്രോജക്ട് രീതി, ഏക രീതി, കളി രീതി, ചര്‍ച്ചാരീതി, പ്രശ്നപരിഹാര രീതി, ക്രിയാപ്രധാനരീതി തുടങ്ങി നിരവധി ബോധനരീതികള്‍ വിദ്യാഭ്യാസ രംഗത്ത് ഇക്കാലത്ത് പ്രയോഗിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടില്‍ പഠനരീതിയില്‍ നിന്ന് പാഠ്യക്രമത്തിലേക്കുള്ള വളര്‍ച്ച വിദ്യാഭ്യാസരംഗത്തുണ്ടായി. എങ്ങനെ പഠിക്കണം എന്നതിനുപകരം എന്തു പഠിക്കണമെന്നതിന് പ്രാധാന്യം കൈവന്നു. വ്യവഹാര മനഃശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഉദ്ദേശ്യാധിഷ്ഠിത ബോധനം, ക്രമബദ്ധ അധ്യാപനം തുടങ്ങി മനഃശാസ്ത്രാധിഷ്ഠിതമായ രീതികളും വളര്‍ന്നുവന്നു. ഇപ്പോള്‍ സാമൂഹിക ജ്ഞാനനിര്‍മ്മിതിവാദവും വിമര്‍ശനാത്മക ബോധനശാസ്ത്രവും ബഹുമുഖ ബുദ്ധിവികാസം ലക്ഷ്യംവച്ചുകൊണ്ടുള്ള പഠനരീതിയുമെല്ലാമാണ് നാം പ്രാവര്‍ത്തികമാക്കുന്നത്.
മുന്‍കാലത്തെ പ്രത്യേകത, സമൂഹം വളരെ പതുക്കെ മാത്രമേ മാറിയിരുന്നുള്ളൂ എന്നതാണ്. ഒരു സമ്പ്രദായം മാറിയാല്‍ കുറേക്കാലം അത് നിലനില്‍ക്കും. വിദ്യാഭ്യാസരംഗവും അതിനനുസരിച്ച് മാറിയാല്‍ മതി. അധ്യാപകനും അതിനനുസരിച്ച് മാറിയാല്‍ മതിയാകും. എന്നാല്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയോടെ കാര്യങ്ങള്‍ വളരെ വേഗം മാറിത്തുടങ്ങി. വിദ്യാഭ്യാസത്തിലും ഈ മാറ്റങ്ങള്‍ പ്രകടമായി. എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലുമുണ്ടായ കുറവ് വിദ്യാഭ്യാസത്തിന്റെ ജനകീയതയിലായിരുന്നു. സാര്‍വത്രികതയില്ലാത്ത, അസമത്വം അടിത്തറയായ സാമൂഹ്യക്രമമാണല്ലോ മുതലാളിത്തം. പിന്നെ സമത്വത്തിന്റെ പ്രത്യയശാസ്ത്രവുമായി കടന്നുവന്ന സോഷ്യലിസം വളര്‍ന്നുവന്നപ്പോള്‍ ഈ ദിശയില്‍ വലിയ മാറ്റങ്ങളുണ്ടായി. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന സങ്കല്പം വളര്‍ന്നുവന്നു. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നേട്ടങ്ങളെ പരമാവധി സ്വാംശീകരിച്ച സമൂഹമാണ് കേരളീയ സമൂഹം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും വിദ്യാസമ്പന്നമായ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസത്തിന്റെ ജനകീയതയാണ് കേരളത്തിന്റെ സവിശേഷത. ലോകത്തിനു മുന്നില്‍ മാതൃകയായ കേരള മോഡല്‍ വിദ്യാഭ്യാസത്തെ മുന്നോട്ടുവെക്കാന്‍ നമുക്കായി.
പക്ഷേ കാലം അവിടെ നിന്നില്ല. സമൂഹം വീണ്ടും വളര്‍ന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയുടെ ഭാഗമായി അറിവിന്റെ ചക്രവാളം വലിയതോതില്‍ മാറിമറിഞ്ഞു. ശാസ്ത്ര – സാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റം ജീവിതത്തെ, വിദ്യാഭ്യാസത്തെ, തൊഴിലിനെ, സംസ്കാരത്തെ എല്ലാം സ്വാധീനിക്കുന്ന ഘടകമായി മാറി. സമൂഹം അതിദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരുന്നു, മാറിക്കൊണ്ടിരിക്കുന്നു. ഓഗ്മെന്റ് റിയാലിറ്റിയും റോബോട്ടിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമടക്കമുള്ള മേഖലകളെല്ലാം ചേര്‍ന്ന് കേരളീയ സമൂഹം ഒരു പ്രതീതിസമൂഹമായി മാറി. അതിനോടൊപ്പം വിദ്യാഭ്യാസത്തിനും ഓടിയെത്തേണ്ടതുണ്ട്. അതിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുക, പരിവര്‍ത്തിപ്പിക്കുക എന്ന പ്രക്രിയയാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനായി വലിയതോതില്‍ അധ്യാപകര്‍ ശാക്തീകരിക്കപ്പെടണം. എന്നും അധ്യാപകര്‍ക്ക് തുടര്‍ വിദ്യാഭ്യാസം ആവശ്യമായിരുന്നു. എക്കാലത്തും അധ്യാപകന്‍ സ്വയം പഠിക്കുകയും പഠിക്കാന്‍ തയ്യാറാവുകയും വേണം. നല്ല അധ്യാപകന്‍ നല്ല വിദ്യാര്‍ത്ഥിയും കൂടിയാണ്. ഇന്ന് അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ തുടര്‍പഠനവും പ്രയോഗവും ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത അനിവാര്യതയായി മാറിയിരിക്കുന്നു. അതാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുവഴി അധ്യാപകര്‍ പുനഃസൃഷ്ടിക്കപ്പെടും. വിദ്യാര്‍ഥി പുനഃസൃഷ്ടിക്കപ്പെടും. ക്ലാസ് മുറികളും സമൂഹവും പരിവര്‍ത്തിക്കപ്പെടും. അതുവഴി ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സമൂഹത്തിലേക്കുള്ള ചരിത്രപരമായ മാറ്റത്തില്‍ നിര്‍ണായക ഘടകമായ അധ്യാപകസമൂഹം ഇത് മുഴുവന്‍ ഉള്‍ക്കൊള്ളുന്നവരായി വികസിക്കും. അതിനായി ധാരാളം വായനയും പഠനവും പ്രയോഗവും അവര്‍ സ്വായത്തമാക്കണം. കളികളും കലയും കായികശേഷികളുമെല്ലാം പഠനത്തോടൊപ്പം ഉള്‍ച്ചേര്‍ക്കണം. മാറുന്ന സമൂഹത്തില്‍ മാറ്റത്തെ ഉള്‍ക്കൊണ്ട് വിദ്യാഭ്യാസവും, അതിനനുസരിച്ച് സ്വയം വികസിച്ച അധ്യാപകസമൂഹവും പൂരകമായി പ്രവര്‍ത്തിക്കണം. ഏതു മാറ്റത്തെയും ഫലപ്രാപ്തിയിലെത്തിക്കാന്‍ നല്ല യോഗ്യതയും പ്രാപ്തിയും മികവുമുള്ളവരാണ് കേരളത്തിലെ അധ്യാപകര്‍. വിനയവും വിവേകവും ഉത്തരവാദിത്വബോധവും പ്രകടിപ്പിച്ച് ഈ പരിവര്‍ത്തനത്തിന് അധ്യാപകര്‍ സന്നദ്ധരാവണം.
അതിനനുസരിച്ചുള്ള എല്ലാ പശ്ചാത്തലവും അവസരങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ കേരളം ആർജിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തിയും പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ പരിഗണിച്ചും ജ്ഞാനസമൂഹത്തെ രൂപപ്പെടുത്താനാവശ്യമായ സമഗ്രവും ശാസ്ത്രീയവുമായ പാഠ്യപദ്ധതി പരിഷ്കരണം പൂര്‍ത്തീകരിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളുമാകെ ചര്‍ച്ചചെയ്ത് വികസിപ്പിച്ചെടുത്ത ജനകീയ പാഠ്യപദ്ധതിയാണ് 2023ലെ പാഠ്യപദ്ധതി. അതിനനുസരിച്ച് 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളും പരിഷ്കരിച്ചിരിക്കുന്നു. അടുത്ത വര്‍ഷത്തോടെ മറ്റു ക്ലാസ്സുകളിലെയും പാഠപുസ്തകങ്ങളും തയ്യാറായി വരുന്നു. ഈ വര്‍ഷം ഹയര്‍സെക്കൻഡറി മേഖലയിലെ പാഠപുസ്തകങ്ങളും പരിഷ്കരിക്കുകയാണ്.
കേരളത്തില്‍ പ്രീപ്രൈമറിതലംമുതല്‍ ഉന്നതവിദ്യാഭ്യാസരംഗംവരെ ആധുനികീകരണ ഘട്ടത്തിലാണ്. സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ കേരളം വലിയതോതില്‍ മുന്നോട്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയെ ഐടി അധിഷ്ഠിതമാക്കുന്നതിനായി 2017 മുതല്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍) പ്രവര്‍ത്തിച്ചുവരുന്നു. കൈറ്റും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാകിരണം പദ്ധതിയുമെല്ലാം വലിയതോതില്‍ മുതല്‍മുടക്കി പൊതുവിദ്യാലയങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി. ഇപ്പോള്‍ നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തി പഠനപ്രവര്‍ത്തനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയുമാണ്. 2024 ആഗസ്ത് മാസത്തോടെ സംസ്ഥാനത്തെ 80,000 അധ്യാപകര്‍ക്കും 2025 ജനുവരിയോടെ സംസ്ഥാനത്തെ രണ്ടുലക്ഷത്തോളം വരുന്ന അധ്യാപകര്‍ക്കും സമ്മറൈസേഷന്‍, ഇമേജ് ജനറേഷന്‍, പ്രോംപ്റ്റ് എന്‍ജിനീയറിങ്, പ്രസന്റേഷന്‍, അനിമേഷന്‍ നിര്‍മ്മാണം, ഇവാലുവേഷന്‍ എന്നീ മേഖലകളില്‍ എ ഐ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം കൈറ്റ് നേതൃത്വം നല്‍കുകയാണ്.
പി.ടി.എകള്‍, എസ്.എം.സികള്‍, എം.പി.ടി.എകള്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങിയവയുടെ സാന്നിധ്യവും സഹകരണവും ഇടപെടലും സാമൂഹിക പങ്കാളിത്തത്തിലും സാമൂഹിക രക്ഷാകര്‍തൃത്വത്തിലും വലിയ മുന്നേറ്റമുണ്ടാക്കി. വിദ്യാലയാന്തരീക്ഷത്തിലും ഭൗതിക സാമൂഹിക പിന്തുണയിലും മുമ്പുണ്ടായിരുന്ന എല്ലാ പരിമിതികളും ഇന്ന് വളരെ വിരളമാണ്. വിദ്യാലയം, രക്ഷിതാവ്, സമൂഹം എന്നീ മൂന്ന് ബാഹ്യഘടകങ്ങളിലും അനുഗുണമായ ബന്ധം രൂപപ്പെടുന്നുണ്ടെങ്കിലും അതിന് ആനുപാതികമായ പ്രതിഫലനം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയില്‍ പ്രകടമാകുന്നുണ്ടോ എന്നതില്‍ സമൂഹത്തില്‍ സ്വാഭാവികമായ ചില സംശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിദ്യാഭ്യാസത്തിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നീ അടിസ്ഥാന ഘടകങ്ങളെക്കൂടി ആധുനിക വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ക്കനുസരിച്ച് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പരസ്പരം ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധ്യാപകര്‍ക്ക് വിജയം കൈവരിക്കാനായോ എന്ന ആത്മപരിശോധന വേണം.
പഠിതാക്കളില്‍ ജീവിത നൈപുണിയും വിമര്‍ശനാത്മക ചിന്തയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും പ്രശ്നാപഗ്രഥന ശേഷിയും വളര്‍ത്തിയെടുക്കുന്നതില്‍ ആധുനികകാലത്ത് അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. മാനവവിമോചനത്തിനും അതിജീവനത്തിനുമുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യസാക്ഷാത്കാരത്തോടൊപ്പം ഉപജീവനത്തിനുള്ള വിദ്യാഭ്യാസവും കുട്ടിക്ക് ലഭ്യമാവണം. കുട്ടിയുടെ സമഗ്രമായ വികാസമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാധിതപ്രായമാക്കുന്നതിനാവശ്യമായ അക്കാദമികവും അക്കാദമികേതരവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകര്‍ നേതൃത്വം നല്‍കുകയും കുട്ടികളോടൊപ്പം ചേരുകയും വേണം.
അറിവിനെ അവബോധമാക്കി, വിജ്ഞാനത്തെ മൂലധനമാക്കിയുള്ള വികസന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന വൈജ്ഞാനിക സമൂഹമാണ് കേരളം ലക്ഷ്യംവയ്ക്കുന്നത്. ഈ വൈജ്ഞാനിക സമൂഹത്തെ വികസിപ്പിച്ച് ശക്തമായ വൈജ്ഞാനിക സമ്പദ്-വ്യവസ്ഥ കെട്ടിപ്പടുക്കുകയും അതുവഴി ആധുനിക കേരളത്തെ വികസിത രാജ്യങ്ങളോടൊപ്പം എത്തിക്കുകയും ചെയ്യുക എന്ന ദൗത്യവുമായി കേരള സര്‍ക്കാര്‍ മുന്നേറുകയാണ്. വികേന്ദ്രീകൃത വിജ്ഞാനം മൂലധനമാക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ ഏതു വിജ്ഞാനവും പ്രയോഗതലത്തിലെത്തിക്കുക എന്നത് പ്രധാനമാണ്. വിദ്യാഭ്യാസ പ്രക്രിയയില്‍ നടക്കുന്ന സമൂലമായ പരിവര്‍ത്തനപ്രക്രിയ ഏറ്റെടുക്കാന്‍ മനസ്സൊരുക്കാനും പഠനപ്രക്രിയയില്‍ വാര്‍പ്പുമാതൃകകളെ തകര്‍ക്കാനും നവീനമായ പഠന തന്ത്രങ്ങളും പഠന രീതിയും കുട്ടികളില്‍ വികസിപ്പിക്കാനും, പ്രക്രിയാധിഷ്ഠിത ക്ലാസ് മുറികളിലൂടെ പ്രവര്‍ത്തിച്ചും അനുഭവിച്ചും ചര്‍ച്ചചെയ്തും അറിവ് നിര്‍മ്മാണ പ്രക്രിയയിലിടപെട്ട് പ്രവര്‍ത്തിക്കാനും അവസരമൊരുക്കുന്ന മെന്ററായി അധ്യാപകര്‍ മാറണം. ഓരോ ഘട്ടത്തിലും കുട്ടികള്‍ക്ക് താങ്ങായി നില്‍ക്കാനും പഠനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, വിലയിരുത്തലിലൂടെ പഠിക്കാനും, പഠനത്തെ വിലയിരുത്താനും അതുവഴി കുട്ടികളുടെ പുരോഗതി നിരീക്ഷിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന നല്ല ഫെസിലിറ്റേറ്ററായി അധ്യാപകര്‍ മാറണം. ഭാഷാ പഠനത്തില്‍ സര്‍ഗാത്മകത വളരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ഭാഷാശേഷി ആര്‍ജിക്കാനുള്ള നിരവധി സന്ദര്‍ഭങ്ങളും സൗകര്യങ്ങളും മാതൃകകളും കുട്ടികളിലെത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. ഇതിനായി അധ്യാപകര്‍ നല്ല വായനക്കാരാവുകയും കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ഇടപെടുകയും വേണം. ഭാഷാവ്യവഹാരങ്ങള്‍ വാചികമായും ലിഖിതമായും കുട്ടികള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയണം എന്നതില്‍ നിഷ്കര്‍ഷ വേണം. ഭാഷാപഠനം ഭാഷയ്ക്കൊപ്പമുള്ള വിഷയങ്ങളുടെ പഠനത്തിനും അനിവാര്യമാണ്. ഓരോ ക്ലാസ്സിലും കുട്ടി നേടേണ്ട ശേഷി നേടി എന്ന് ഉറപ്പുവരുത്താന്‍ അധ്യാപകര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
ഓരോരുത്തര്‍ക്കും അനുയോജ്യമായ തരത്തിലുള്ള പുതിയ പഠനരീതികളും പഠനശൈലികളും വളര്‍ത്തിയെടുക്കുന്നതില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ തയ്യാറാവണം. വൈവിധ്യങ്ങളെ അംഗീകരിക്കാനും ഉള്‍ച്ചേര്‍ക്കലിനെ സ്വീകരിക്കാനും ഉത്തരവാദിത്വബോധവും അനുകമ്പയുംചേര്‍ന്ന മൂല്യങ്ങളും മനോഭാവവുമുള്ള തലമുറയെ വളര്‍ത്തുന്നതിനും അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ക്ലാസ്സ് മുറികളെ അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാനും പുതിയ അറിവുകള്‍ നിര്‍മ്മിക്കാനും മതനിരപേക്ഷ ബോധവും ലിംഗാവബോധവും പരിശീലിപ്പിക്കാനുമുള്ള ഇടങ്ങളായി മാറ്റാനും അധ്യാപകര്‍ ബോധപൂര്‍വ്വം നേതൃത്വം ഏറ്റെടുക്കണം. പഠനവും ജീവിതവുമാണ് യഥാര്‍ത്ഥ ലഹരി എന്ന അവബോധം കുട്ടികളില്‍ സൃഷ്ടിക്കുന്നതിനും മറ്റൊരു ലഹരിക്കും കുട്ടികള്‍ അടിമപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ഇക്കാലത്ത് അധ്യാപകര്‍ ശ്രദ്ധയൂന്നണം. സഹകരണാത്മക ക്ലാസ്സ് മുറികളിലൂടെ മാത്രമേ മികച്ച ഭാവി തലമുറ രൂപപ്പെടുകയുള്ളൂ. വിദ്യാലയത്തിന്റെ, ക്ലാസ് മുറികളുടെ, കുട്ടികളുടെ ജനാധിപത്യവല്‍ക്കരണത്തിന് നേതൃത്വം നല്‍കേണ്ടതും അധ്യാപകര്‍ തന്നെയാണ്. ജനാധിപത്യവാദിയായ അധ്യാപകര്‍ക്ക് മാത്രമേ ജീവിതത്തെ അഭിമുഖീകരിക്കാന്‍ കരുത്തുള്ള കുട്ടികളെ രൂപപ്പെടുത്താനാവൂ. തങ്ങളുടെ മുന്നിലൂടെ കടന്നുപോകുന്ന കുട്ടികള്‍ അവരുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിജയിക്കുമ്പോള്‍ മാത്രമാണ് ഓരോ അധ്യാപകരുടെയും ജീവിതവും വിജയകരമാവുന്നത്. കാലത്തിന്റെ കാലൊച്ചകള്‍ക്കൊപ്പം, വിദ്യാഭ്യാസത്തിന്റെ പരിഷ്കരണത്തിനൊപ്പം സ്വയം പരിഷ്കരിക്കാന്‍ കരുത്തുള്ള കേരളത്തിലെ അധ്യാപകസമൂഹം വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ സദാസന്നദ്ധരാണ്. ചരിത്രപരമായ ഈ മാറ്റത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കേരളീയ വിദ്യാഭ്യാസത്തെ നവീകരിക്കാനുള്ള ഉദ്യമങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ എല്ലാ അധ്യാപക സംഘടനകളും തയ്യാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. ♦