Monday, September 9, 2024

ad

Homeകവര്‍സ്റ്റോറി"ഗുണമേന്മാ വിദ്യാഭ്യാസം എല്ലാവര്‍ക്കും’ സ്വപ്നമോ? യാഥാര്‍ഥ്യമോ?

“ഗുണമേന്മാ വിദ്യാഭ്യാസം എല്ലാവര്‍ക്കും’ സ്വപ്നമോ? യാഥാര്‍ഥ്യമോ?

ഡോ. സി രാമകൃഷ്ണന്‍

ല്ലാവര്‍ക്കും വിദ്യാഭ്യാസം (എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍) എന്ന സങ്കല്‍പ്പനം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1990ൽ, യൂണിസെഫും യുനെസ്കോയും പോലുള്ള ലോകസംഘടനകൾ മുന്നോട്ടുവച്ച കാഴ്ചപ്പാടാണ്. പ്രസ്തുത കാഴ്ചപ്പാടിനെ എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നതിലേക്ക് വളര്‍ത്തിയെടുത്ത മണ്ണാണ് കേരളം. ഇക്കാര്യം സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന ചോദ്യം എല്ലാക്കാലത്തും കേരളത്തില്‍ സംവാദവിഷയമാകാറുണ്ട്.

ഗുണതാ വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടേ കേരളവിദ്യാഭ്യാസത്തിന് മുന്നേറാൻ കഴിയൂ എന്നത് തർക്കിക്കേണ്ട കാര്യമല്ല. അറിവിന്റെ തലത്തിലും സാങ്കേതികവിദ്യാരംഗത്തും ഉണ്ടാകുന്ന മുന്നേറ്റങ്ങൾ ഗുണതാ വിദ്യാഭ്യാസത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാട് വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സമൂഹമുന്നേറ്റത്തിന് അനുസരിച്ച് ഗുണതാമാനദണ്ഡങ്ങൾ നിരന്തരം നവീകരിക്കപ്പെടണം. ഇതെങ്ങനെ വേണമെന്നതു സംബന്ധിച്ച് തുറന്നചർച്ചകളും സംവാദങ്ങളും അനിവാര്യമാണ്.

കേരളീയ സമൂഹത്തിന്റെ സക്രിയമായ പങ്കാളിത്തത്തോടെയാണ് സ്കൂള്‍ വിദ്യാഭ്യാസം വളര്‍ന്നതും വികസിച്ചതും. എന്നാല്‍ സ്കൂള്‍ പ്രാപ്യതയും പഠനത്തുടര്‍ച്ചയും ഉറപ്പാക്കുന്നതില്‍ സമൂഹത്തിനുണ്ടായ പങ്കാളിത്തം ഗുണതാവിദ്യാഭ്യാസം വളര്‍ത്തിയെടുക്കുന്നതില്‍ ഉണ്ടാകുന്നുണ്ടോ എന്ന പരിശോധനയും ഉണ്ടാകേണ്ടതുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടേ പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ കഴിയൂ എന്ന സമൂഹത്തിന്റെ നിലപാട് വിദ്യാഭ്യാസചര്‍ച്ചകളില്‍ സുവ്യക്തമാണ്. ചര്‍ച്ചകളില്‍ മാത്രമല്ല കേരളീയ അനുഭവങ്ങളും അത് വ്യക്തമാക്കുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം സാര്‍വ്വത്രികവിദ്യാഭ്യാസം നേടിയെടുത്ത കേരളത്തില്‍ പൊതുവിദ്യാലയങ്ങളിലൂടെ സാധ്യമാണോ എന്ന കാര്യം പല ഘട്ടങ്ങളിലും സംവദിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ സമൂഹത്തിലുണ്ടായിട്ടുണ്ട്. അതിന്റെകൂടി ഫലമാണ് 1990കള്‍ക്ക് ശേഷം ആഗോളവത്കരണത്തിന്റെ ഭാഗമായ സ്വകാര്യ വിദ്യാലയങ്ങളും സംസ്ഥാനേതര സിലബസ് കൈകാര്യം ചെയ്യുന്ന വിദ്യാലയങ്ങളും കേരളത്തില്‍ ഉണ്ടായിവന്നത്. എന്നിരുന്നാലും ബഹുഭൂരിപക്ഷം കുട്ടികളും ഇപ്പോഴും സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ തന്നെയാണ് ഉള്ളത്. എല്ലാവര്‍ഷവും കേന്ദ്രസര്‍ക്കാര്‍ സ്കൂള്‍പ്രായത്തിലുള്ള കുട്ടികളുടെ കണക്കെടുക്കാറുണ്ട്. 2021-–22ലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതുപ്രകാരം 58.55 ലക്ഷം കുട്ടികള്‍ ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സ് പ്രായത്തിലുള്ളവരാണ്. ഈ കുട്ടികളില്‍ 43.37 ലക്ഷം അഥവാ 74.07 ശതമാനം കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നു. അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളും കൂടി പരിഗണിച്ചാല്‍ കേരളസിലബസ് പഠിക്കുന്ന കുട്ടികള്‍ 46.93 ലക്ഷം വരും. അതായത് 80.15%. അതുകൊണ്ട് കേരള സിലബസില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണ കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് അതീവ പ്രാധാന്യമേറിയ കാര്യമായി മാറുന്നു.

സാര്‍വ്വത്രിക വിദ്യാഭ്യാസം നേടിയ കേരളത്തില്‍ ഗുണതാവിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും സാധ്യമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും. ഇത് അസാധ്യമല്ല സാധ്യമാണ് എന്നാണ് കേരളീയ അനുഭവങ്ങള്‍ നമ്മോട് പറയുന്നത്. 2006ല്‍ എൽഡിഎഫ് സര്‍ക്കാര്‍ പൊതു ബജറ്റിന്റെ ഭാഗമായി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന 100 വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി മികവുള്ളതാക്കി മാറ്റും എന്ന പ്രഖ്യാപനം നടത്തി. എങ്ങനെ നൂറ് സ്കൂളുകളെ കണ്ടെത്തും എന്ന ചോദ്യമുയര്‍ന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 33% റിസള്‍ട്ട് നേടാത്ത വിദ്യാലയങ്ങളാകാം എന്ന തീരുമാനം അന്നത്തെ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ടു. അങ്ങനെ നോക്കിയപ്പോള്‍ പരീക്ഷയില്‍ കേരളത്തിലുള്ള 97 വിദ്യാലയങ്ങളും ലക്ഷദ്വീപിലുള്ള 7 വിദ്യാലയങ്ങളും അക്കൂട്ടത്തില്‍പ്പെട്ടതാണ് എന്ന് കണ്ടെത്തി. അങ്ങനെയാണ് ഈ പദ്ധതിക്ക് 104 സ്കൂള്‍പദ്ധതി എന്ന് പേരുവന്നത്. യഥാര്‍ത്ഥ പേര് ‘ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം’ എന്നായിരുന്നു. 2007ലെ പരീക്ഷാഫലം വന്നപ്പോള്‍ 3 വിദ്യാലയങ്ങള്‍ കൂടി കൂടിച്ചേര്‍ന്ന് 107 സ്കൂള്‍പദ്ധതിയായി മാറി. ഈ പദ്ധതി പ്രതീക്ഷിച്ചതിനപ്പുറമുള്ള ഫലമാണ് ഉണ്ടാക്കിയത്. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന സമയത്ത് നാണക്കേടിന്റെ പര്യായമായി മാറിയ വിദ്യാല യങ്ങള്‍ അഭിമാനകേന്ദ്രങ്ങളായി വളര്‍ന്നു. 2007 എസ്.എസ്.എല്‍.സി പരീക്ഷയില്‍ കേരളത്തിലുണ്ടായിരുന്ന 97 വിദ്യാലയങ്ങളില്‍ 6 എണ്ണം 100%വിജയം നേടി 41 എണ്ണത്തിലെ വിജയം 76നും 99നും ഇടയിലായിരുന്നു. 45 വിദ്യാലയങ്ങള്‍ 51നും 75നും ഇടയില്‍ ശതമാനം വിജയം കൈവരിച്ചു. 50%ത്തില്‍ താഴെ 5 വിദ്യാലയങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2008 മാര്‍ച്ചില്‍ അധികമായിചേര്‍ത്ത 3 വിദ്യാലയങ്ങളടക്കം 100 വിദ്യാലയങ്ങളുടെ പരീക്ഷാഫലം കൂടുതല്‍ തിളക്കമുള്ളതായി മാറി. 24 വിദ്യാലയങ്ങളില്‍ 100 ശതമാനം റിസള്‍ട്ടുണ്ടായി. 76നും 99നുമിടയില്‍ 62 വിദ്യാലയങ്ങളും, 51നും 75നും ഇടയില്‍ 14 വിദ്യാലയങ്ങളുമായി കുറഞ്ഞു. മൂന്നിലൊന്ന് വിജയശതമാനം പോലും കൈവരിക്കാന്‍ കഴിയാതിരുന്ന ദുര്‍ബലവിഭാഗത്തിലേയും സാമൂഹികമായി പിന്നണിയില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലാണ് അസാധ്യമാണെന്ന് കരുതിയ കാര്യങ്ങള്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പിന്തുണയും ലഭിച്ചപ്പോള്‍ സാധ്യമാണെന്ന് തെളിയിച്ചത്.

അപ്പോള്‍ സ്വാഭാവികമായും ഇത് എങ്ങനെ സാധ്യമായി എന്നചോദ്യം ഉയര്‍ന്നുവരും. എന്താണ് ചെയ്തതെന്ന് നോക്കാം. ആദ്യമായി ഈ വിദ്യാലയങ്ങള്‍ എന്തുകൊണ്ടാണ് പിന്നണിയില്‍ പോയത് എന്ന് പഠനം നടത്തി. ഇതിനായി എസ്.സി.ഇ.ആ.ര്‍ടി 11 ജില്ലകളിലായി 25 വിദ്യാലയങ്ങളെ സാമ്പിളായി തിരഞ്ഞെടുത്തു. ഇതില്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. നഗരം, തീരദേശം, മലനാട്, ഇടനാട് പ്രദേശത്തുള്ള സ്കൂളുകളും സാമ്പിള്‍ ആയി എടുത്ത സ്കൂളുകളുടെ കൂട്ടത്തില്‍പ്പെട്ടിരുന്നു. എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി, വിദ്യാഭ്യാസവകുപ്പിലെ അക്കാദമികഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനം വിദ്യാഭ്യാസവകുപ്പിന്റെയും പൊതുസമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. പഠനത്തിന്റെ പൊതുകണ്ടെത്തലുകള്‍ താഴെപ്പറയുന്നവയായിരുന്നു.

• സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഇത്തരം സ്കൂളുകളില്‍ ഏതാണ്ടെല്ലാവരും.

• പഠിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ വീട്ടില്‍ ലഭിക്കാത്തതും ഉച്ചഭക്ഷണം കഴിക്കാന്‍ കഴിയാത്തതും വീട്ടുകാരെ സഹായിക്കാന്‍ പണിയെടുക്കേണ്ടിവരുന്നവരുമായ കുട്ടികളും ഇവിടെ ഉണ്ടായിരുന്നു. അതെല്ലാം പഠനത്തെ ബാധിക്കുന്ന ഘടകങ്ങളായിരുന്നു. ഉച്ചഭക്ഷണം കഴിക്കാത്ത 20% കുട്ടികള്‍, മാനസികബുദ്ധിമുട്ട് നേരിടുന്ന 20%, പഠനസൗകര്യങ്ങള്‍ പരിമിതമായ തോതില്‍പോലും ഇല്ലാത്ത 15%, പണിക്ക്പോകുന്ന 8% എന്നിങ്ങനെയുള്ള കുട്ടികളായിരുന്നു ഉണ്ടായിരുന്നത് എന്ന് പഠനം വ്യക്തമാക്കി. നിരന്തരംരോഗം വന്നിരുന്നവരും ഈ സ്കൂളുകളിലുണ്ടായിരുന്നു.

• ബഹുഭൂരിപക്ഷം സ്കൂളുകളിലും പാഠ്യപദ്ധതിയ്ക്ക് അനുയോജ്യമായ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നില്ല. യാന്ത്രികമായ പഠനരീതിയാണ് അവലംബിച്ചത്. കുട്ടികളുടെ പരിമിതി കണ്ടെത്തി പിന്തുണാ സഹായം നല്‍കുന്ന അവസ്ഥ എവിടെയും ഉണ്ടായിരുന്നില്ല.

• വിദ്യാഭ്യാസവകുപ്പിലെയോ എസ്.എസ്.എയുടെ അക്കാദമിക വിഭാഗത്തിലെയോ ഉദ്യോഗസ്ഥരോ ഡയറ്റ് ഫാക്കല്‍റ്റിയോ അക്കാദമിക മോണിറ്ററിംഗ്/അധ്യാപകര്‍ക്ക് തത്സമയ/സ്ഥലപിന്തുണ നല്‍കുന്ന അവസ്ഥ ഈ വിദ്യാലയങ്ങളിലെവിടെയും കണ്ടില്ല.

• ഗണിതം (80%) ഇംഗ്ലീഷ് (70%) ഹിന്ദി (60%) രസതന്ത്രം (50%) എന്നീ വിഷയങ്ങള്‍‍ കുട്ടികള്‍ക്ക് പഠിക്കാൻ വിഷമമുള്ളവയായി കണ്ടു. ഈ വിഷയങ്ങളില്‍ പഠനപിന്തുണ നല്‍കാന്‍ എവിടെയും സംവിധാനമുണ്ടായിരുന്നില്ല.

• എസ്.എസ്.ജി (സ്കൂള്‍ സ്പോര്‍ട്സ് ഗ്രൂപ്പ്)/എസ്.ആര്‍.ജി (സ്കൂള്‍ റിസോഴ്സ്ഗ്രൂപ്പ്) എന്നിവ കാര്യക്ഷ മമായി പ്രവര്‍ത്തിക്കാത്തതും വലിയ പ്രശ്നമായി കണ്ടെത്തി.

• ഏറെ കൗതുകകരമായി കണ്ടെത്തിയ കാര്യം ക്ലാസ്സ്മുറിയിലെ കുട്ടികളുടെ എണ്ണം പഠന നിലവാരത്തെ ഒരു വിധത്തിലും സ്വാധീനിക്കുന്നതായി കണ്ടില്ല എന്നതാണ്. ഒരു ക്ലാസ്സില്‍ 25ല്‍ കുറവ് കുട്ടികളുണ്ടായിരുന്ന, 50ല്‍ കൂടുതല്‍ കുട്ടികളുണ്ടായിരുന്ന ക്ലാസ്സുകളിലെ കുട്ടികളും നേടിയ സ്കോറില്‍ വലിയ അന്തരമൊന്നും കണ്ടില്ല.

• രക്ഷിതാക്കളുടേയും സമൂഹത്തിന്റേയും സ്കൂള്‍ കാര്യത്തിലുള്ള പങ്കാളിത്തക്കുറവ് എല്ലായിടത്തും പ്രതിഫലിച്ചു.

• സ്കൂളുകളെ ഇടത്താവളമായി മാറ്റുകയും മറ്റിടങ്ങളെ സ്ഥിരംതാവളമാക്കി ചില അധ്യാപകര്‍ മാറ്റുകയും ചെയ്യുന്നതും പലയിടത്തും പഠനനിലവാരത്തെ ബാധിക്കുന്ന ഘടകമാണ്.

ഈ പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു:

• കുട്ടികളെ അറിഞ്ഞുകൊണ്ട് അവര്‍ക്ക് പഠിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്, ഭക്ഷണമടക്കം.

• പഠനനിലവാരത്തെ കേവലം 10–ാം ക്ലാസ്സിലേക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. പ്രൈമറിക്ലാസ്സു മുതല്‍ ഒമ്പതുവരെ ബന്ധിപ്പിച്ചുവേണം കാണേണ്ടത്.

• പഠനഗുണതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠനവിധേയമാക്കിയ സ്കൂളിലേക്ക് മാത്രമാക്കി ചുരുക്കിക്കാണരുത്.

• വകുപ്പിന്റെ പ്രധാന ഊന്നല്‍ അക്കാദമിക മുന്നേറ്റമാകണം.

• സംവിധാനമാകെ ചടുലമാകണം. മോണിറ്ററിങ്ങും തൽസ്ഥലസഹായവും ശക്തിപ്പെടുത്തണം.

• സമൂഹത്തിന്റെ സക്രിയപങ്കാളിത്തം ഉറപ്പാക്കണം.

• പ്രാദേശിക സാധ്യതകള്‍ പരമാവധി വിനിയോഗിക്കണം.

പഠനത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ ഒരു പ്രവർത്തന പരിപാടി ഉണ്ടാക്കി. ഓരോ സ്കൂളിന്റെയും സവിശേഷതകളും സാധ്യതകളും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ അനുവദിച്ചു. ഈ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന ഓരോ ജില്ലയിലേയും സ്കൂളുകളെ ക്ലസ്റ്ററുകളാക്കി മാറ്റി. പ്രവർത്തന പദ്ധതിയുടെ ദിശയും കർമ്മ പരിപാടിയും സ്കൂളുകള്‍ക്കടക്കം പങ്കാളിത്തമുണ്ടായ സംസ്ഥാന ശില്പശാലയിൽ രൂപപ്പെടുത്തി. ജില്ലാ തല ശില്പശാലകളും നടന്നു. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും അക്കാദമിക ഗ്രൂപ്പുകളുണ്ടാക്കി. എല്ലാ തലങ്ങളിലും പരിശീലനങ്ങൾ നടത്തി. സ്കൂൾതലത്തിൽ സംഘാടകസമിതി ഉണ്ടാക്കി. തദ്ദേശ ഭരണസ്ഥാപനങ്ങൾ, പിടിഎ, പൂര്‍വ്വവിദ്യാർഥികൾ, നാട്ടുകാർ എന്നിവരൊക്കെ സംഘാടക സമിതിയുടെ ഭാഗമായി. മുഴുവന്‍ വിദ്യാലയങ്ങളിലും അത്യപൂര്‍വ്വമായ ജനപങ്കാളിത്തം ഉണ്ടായി. ഈ പങ്കാളിത്തം പദ്ധതി നടന്ന 2011 വരെ നിലനിന്നു. റിസോഴ്സ് പേഴ്സണുകൾക്ക് സഹായകമായ ‘ചങ്ങാതി’ എന്ന കൈപ്പുസ്തകം ഉണ്ടാക്കി. 2006 ഒക്ടോബർ മാസം രണ്ടിന് പദ്ധതി ആരംഭിച്ചു. എല്ലാ വിദ്യാലയങ്ങളും സമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണയോടെ സ്വന്തം പദ്ധതിയായി ഇതിനെ ഏറ്റെടുത്തു. കുട്ടികൾക്ക് ഭക്ഷണമൊരുക്കി. തദ്ദേശഭരണസ്ഥാപനങ്ങൾ വലിയ പിന്തുണ നല്‍കി.

പുതിയ അക്കാദമിക കൂട്ടായ്മ
പുതിയൊരു അക്കാദമിക കൂട്ടായ്മ രൂപപ്പെട്ടു. ടീച്ചർ വളണ്ടിയറിസം ഏറ്റവും ഉയർന്ന രൂപത്തിൽ പ്രകടമായി. മോണിറ്ററിങ് എന്നത് ഗൗരവമേറിയ അക്കാദമിക പ്രക്രിയയായി മാറി. അപ്രതീക്ഷിത സന്ദര്‍ശനങ്ങൾ എന്ന സാമ്പ്രദായിക രീതി മാറി. മുന്‍കൂട്ടി അറിയിച്ച് വേണ്ടത്ര തയ്യാറെടുക്കാന്‍ അവസരമൊരുക്കി. പ്രശ്നങ്ങൾ കണ്ടെത്തുന്നതിനൊപ്പം അതിന്റെ പരിഹാരത്തിനും വഴി കണ്ടെത്തി. ഉപദേശം മാറി. ചെയ്തു കാണിക്കലും സാധ്യതകൾ തെളിയിക്കലുമായി മോണിറ്ററിങ് വളർന്നു. സ്വന്തം ക്ലാസ് നഷ്ടപ്പെടുത്താതെ ശനിയാഴ്ചകളിലാണ് റിസോഴ്സ് പേഴ്സണ്‍മാര്‍ മോണിറ്റർ നടത്തിയത്. ഇൻസ്പെക്ടർമാർ എന്ന ഭാവം ആരും കാട്ടിയില്ല. സുഹൃത്തും കൂട്ടായ അന്വേഷകരുമായി റിസോഴ്സുകൾ മാറിയപ്പോൾ “അതുവരെ മുകളിൽ നിന്നും ആരും വരേണ്ട’ എന്ന നിലപാട് എടുത്ത അധ്യാപകർ മോണിറ്ററിംഗ് ടീം വീണ്ടും വരാൻ ക്ഷണിക്കുന്ന അവസ്ഥയുണ്ടായി.

വിദ്യാഭ്യാസ വകുപ്പിലെ സകലമാന ഉദ്യോഗസ്ഥരും തസ്തികാനിര്‍ണ്ണയവും മേള നടത്തിപ്പിനുമപ്പുറം അക്കാദമിക ഉത്തരവാദിത്വത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു. അവരും പദ്ധതിയുടെ ഭാഗമായി. ഈ പദ്ധതിയിൽ നിരന്തരമായ വിലയിരുത്തൽ ഒരു പ്രധാന ഭാഗമായിരുന്നു. കുട്ടികള്‍ എഴുതിയ പേപ്പറുകൾ എറര്‍അനാലിസിസിന് വിധേയമാക്കി. സ്കോര്‍ നൽകുന്നതിലെ അശാസ്ത്രീയത ഇതുവഴി അധ്യാപകര്‍ക്ക് മനസ്സിലായി. കൃത്യമായ സൂചനകൾ പരിഗണിക്കാതെ സ്കോര്‍ നൽകിയ കാര്യം തിരിച്ചറിയാന്‍ എറര്‍അനാലിസിസ് സഹായകമായി. ഇപ്പോഴും നമ്മുടെ മുന്നിലുള്ള സ്വയം പഠനത്തിനുള്ള വഴിയാണ് എറര്‍അനാലിസിസ്. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ വിഷയാടിസ്ഥാനത്തിൽ സഹായിക്കാൻ “ഒരുക്കം’ എന്ന പ്രത്യേക പാക്കേജ് തയ്യാറാക്കി. ടീച്ചിങ്മാന്വല്‍ തയ്യാറാക്കല്‍, അവയുടെ സമയബന്ധിത നടത്തിപ്പ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. പഠിക്കു ന്ന സ്കൂളുകളില്‍ നിന്നും അകലങ്ങളിൽ താമസിക്കുന്ന കുട്ടികൾക്കായി അധ്യാപകരുടെയും പ്രാദേശിക റിസോഴ്സ്ഗ്രൂപ്പിന്റെയും സഹായത്തോടെ അയൽപക്ക പഠനകേന്ദ്രങ്ങള്‍ തുടങ്ങി. അതിന് സഹായ സംവിധാനങ്ങൾ ഒരുക്കാൻ നാട്ടുകാർ തയ്യാറായി. കുട്ടികളുടെ പഠനം എന്നത് യഥാർത്ഥത്തിൽ നാടിന്റെ അജൻഡയായി. ഉത്സവമായി. ഡയറ്റുകൾ ജില്ലാടിസ്ഥാനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ‘ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം’ എന്ന ഈ പദ്ധതി ഒരു ജനകീയപദ്ധതി ആയപ്പോൾ അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും സംവിധാനത്തിനാകെയും മാറിനിൽക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ സംവിധാനവും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അക്കൗണ്ടബിള്‍ ആയപ്പോൾ കുട്ടികളും അക്കൗണ്ടബിള്‍ ആയി. അവരുടെ ആത്മവിശ്വാസം വളർന്നു. അതോടൊപ്പം അറിവും കഴിവും ഉയര്‍ന്നു. അതാണ് 2007 ലും 2008ലും തുടര്‍ന്നും പരീക്ഷാഫലങ്ങളില്‍ കണ്ടത്. എല്ലാ കുട്ടികളെയും ചേർത്തുപിടിച്ച് അവരെ ഉൾക്കൊണ്ടുകൊണ്ട് എങ്ങനെ ഗുണത വര്‍ദ്ധിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമാണ് 2006ല്‍ തുടങ്ങിവച്ച ഈ ജനകീയ വിദ്യാഭ്യാസപദ്ധതി. ഇതിന്റെ അനുഭവം ഇപ്പോഴും പ്രസക്തമാണ് .

ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് നടക്കുന്ന പദ്ധതികളേ സ്ഥായിയായി നിലനിൽക്കൂ എന്നതാണ് എല്ലാ കാലത്തും കേരളം നൽകിയ അനുഭവപാഠം. അതിനിർണായകമായ ഇന്നത്തെ ലോകക്രമത്തില്‍ അറിവിന്റെ അവകാശികളായി നമ്മുടെ കുട്ടികൾ മാറണം. അതും പോരാ; അതിനപ്പുറം പ്രശ്നസന്ദര്‍ഭങ്ങളില്‍ ആത്മവിശ്വാസത്തോടെ അറിവ് പ്രയോഗിക്കാനുള്ള കഴിവും കുട്ടികൾക്ക് ഉണ്ടാകണം. എങ്കിലേ അതിസങ്കീർണമായ മത്സരത്തിന്റേതായ ഈ ലോകത്ത് അതിജീവനം സാധ്യമാകൂ. അതോടൊപ്പം പൗരബോധവും ജനാധിപത്യ മൂല്യങ്ങളും അങ്കുരിപ്പിക്കുകയും വേണം. കഠിനമായ പാതയാണിത്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും വകുപ്പും അധ്യാപകരും രക്ഷിതാക്കളും എടുത്ത നിലപാടുകൾ നിരന്തരം നവീകരണത്തിന് വിധേയമാകണം. എല്ലാ കുട്ടികളുടെയും പഠിക്കാനും വളരാനും ഉള്ള അവകാശത്തെ അംഗീകരിച്ച് മുന്നേറണമെങ്കില്‍ സംവിധാനപരമായ പരിവർത്തനങ്ങൾ അനിവാര്യമാണ്. കുട്ടികളുടെ അക്കാദമിക ഗുണത ഉറപ്പാക്കുക എന്നതാകണം സംവിധാനത്തിന്റെ പ്രധാന അജൻഡ. മോണിറ്ററിങ് ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് സമയബന്ധിതമായി നടത്താനും കഴിയേണ്ടതുണ്ട്. താഴേത്തലംവരെ ശൃംഖല ഉള്ള എസ്.എസ്.കെ സംവിധാനം കൂടുതല്‍ ചടുലമാകണം. അതോടൊപ്പം അക്കൗണ്ടബിളുമാകണം. കുട്ടിയുടെ പഠനപുരോഗതി നിരന്തരമായി രക്ഷിതാക്കൾ അറിയുന്ന അവസ്ഥയുണ്ടാകണം. മുൻകാലങ്ങളിലില്ലാത്തവിധം ലഹരിയടക്കമുള്ള പല ചതിക്കുഴികളും തിരിച്ചറിയാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസഅവകാശനിയമം കുട്ടികളുടെ അവകാശത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഓരോഘട്ടത്തിലും കുട്ടി നേടേണ്ട കാര്യങ്ങളെല്ലാം നേടി എന്നുറപ്പാക്കാന്‍ വിദ്യാഭ്യാസസംവിധാനത്തിനും അതിന്റെ ഭാഗമായി അധ്യാപകർക്കും കടമയുണ്ട് എന്ന് വിദ്യാഭ്യാസഅവകാശനിയമം വ്യക്തമാക്കുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും അവകാശത്തെപ്പറ്റി നടക്കുന്ന സംവാദങ്ങളില്‍ കുട്ടിയുടെ അവകാശം വിസ്മരിക്കപ്പെട്ടുകൂട. ഇതിന് സഹായകമാംവിധം വകുപ്പിന്റെയും അധ്യാപകരുടേയും മനോഭാവത്തില്‍ മാറ്റം വേണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്.

ടീച്ചർ – കുട്ടി മുഖാമുഖ സമയം വർധിപ്പിച്ചുകൊണ്ടല്ലാതെ ഇപ്പോഴത്തെ അക്കാദമിക വെല്ലുവിളികളെ ഏറ്റെടുക്കാനാവില്ല. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണത്തിലൂടെയും ഉണ്ടായിവന്ന ഭൗതികസൗകര്യ വികാസം കൊണ്ടുമാത്രം അക്കാദമിക മികവ് ഉണ്ടാകില്ല. ഇന്ത്യയിലെ ശരാശരി പ്രവൃത്തി ദിനങ്ങള്‍ 230നും 240നുമിടയിലാണ്. ഏറ്റവും കുറവ് പഠനദിനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. ഏറ്റവും ചുരുങ്ങിയ പ്രവൃത്തിദിനങ്ങള്‍ എത്രയാണ് എന്നു മാത്രമാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ളത്. പ്രവൃത്തി ദിനങ്ങളില്‍ അധികസമയം കണ്ടെത്തിയും അവധിദിവസങ്ങളിൽ കുട്ടികൾക്ക് പഠനാനുഭവങ്ങൾ ഒരുക്കിയും അർപ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരും സംസ്ഥാനത്തുണ്ട്. അതൊന്നും കാണാതെയല്ല ഇതെഴുതുന്നത്. പരിവര്‍ത്തനങ്ങള്‍ വരുത്തുമ്പോള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നത് അഭികാമ്യമല്ല. പകരം ജനാധിപത്യപരമായ സംവാദങ്ങളിലൂടെ സമന്വയത്തില്‍ എത്തിച്ചേരുകയാണ് വേണ്ടത് എന്ന സാമൂഹിക അഭിപ്രായവും പരിഗണിക്കപ്പെടേണ്ടതുണ്ട്. നിരന്തര നവീകരണത്തിന് വിധേയമാകാന്‍ അധ്യാപക സമൂഹത്തിന് കഴിയണം. അതിനായി അവർക്ക് ആവശ്യമായ പിന്തുണ നൽകുവാന്‍ ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങളും തയ്യാറാകണം. വിദ്യാഭ്യാസരംഗത്ത് അക്കാദമിക നവീകരണത്തിന് മാറ്റങ്ങള്‍ അനിവാര്യമാണ് എന്നതാണ് കേരളം അനുഭവങ്ങളിലൂടെ കാട്ടിത്തന്നത്. അസാധ്യമെന്നും കേവലം സ്വപ്നങ്ങളാണെന്നും കരുതിയ പല കാര്യങ്ങളും സാധ്യമാക്കിയ ഇടമാണ് കേരളം. മികവിനായി നടക്കുന്ന പ്രവർത്തനങ്ങൾ മിന്നലാട്ടങ്ങളായി അവസാനിക്കാതിരിക്കണമെങ്കിൽ സ്ഥായിയായി മാറുന്ന ജനകീയ വിദ്യാഭ്യാസ പ്രവർത്തനമായി പൊതുവിദ്യാഭ്യാസത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ സർക്കാർ 2023ല്‍ തുടങ്ങിവച്ച സമഗ്രഗുണമേന്മാ വിദ്യാഭ്യാസപദ്ധതിയെ മുന്‍കാലങ്ങളില്‍ നടത്തിയ ജനകീയ പദ്ധതികളുടെ തുടര്‍ച്ച എന്ന നിലയിലാണ് കാണേണ്ടത്. ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണതാവിദ്യാഭ്യാസത്തിനുള്ള ചടുലമായ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമായ ഘട്ടമാണിത്. എല്ലാ കുട്ടികള്‍ക്കും ഗുണമേന്മ ഉറപ്പാക്കുന്ന ജനകീയ പദ്ധതിയായി സമഗ്രഗുണതാ വിദ്യാഭ്യാസ പദ്ധതിയെ മാറ്റിയെടുത്തുകൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെ സംബന്ധിച്ച ജനകീയ ചര്‍ച്ചകളെ പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള അവസരമാക്കി മാറ്റാന്‍ കഴിയേണ്ടതുണ്ട്. അതിനു കഴിയുമെന്നാണ് കേരളത്തിന്റെ ഇന്നലെകളുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 9 =

Most Popular