Monday, September 9, 2024

ad

Homeവിശകലനംആഗോള കാലാവസ്ഥാ ഉടമ്പടികൾ: ചരിത്രവും ഭാവിയും

ആഗോള കാലാവസ്ഥാ ഉടമ്പടികൾ: ചരിത്രവും ഭാവിയും

ഡോ. മനോജ് എം ജി

കാലാവസ്ഥാ ഉടമ്പടികൾ അന്താരാഷ്ട്ര തലത്തിൽ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള പ്രധാന ഉപാധിയാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ വ്യത്യസ്ത രാജ്യങ്ങൾ പരിസ്ഥിതിയുടെ സംരക്ഷണത്തിനായി എടുത്ത വാഗ്ദാനങ്ങളും നടപടികളും ഉൾക്കൊള്ളുന്നതാണ് ആഗോള കാലാവസ്ഥാ ഉടമ്പടികളുടെ ചരിത്രം. ഭാവി പരിസ്ഥിതിയുടെ സംരക്ഷണത്തിനുള്ള ഒരു സുസ്ഥിര മാർഗ്ഗം സ്വീകരിക്കാൻ ആവശ്യമായ പദ്ധതികൾ, സാങ്കേതികവിദ്യകൾ, സാമ്പത്തിക സഹകരണങ്ങൾ എന്നിവയിലൂന്നിയുള്ള ചർച്ചകളിലൂടെ ഉരുത്തിരിയുന്ന ആഗോളഐക്യപ്പെടലിലൂടെ മാത്രമേ കാലാവസ്ഥാപ്രതിസന്ധികളിൽ നിന്ന് ഭാവിതലമുറയെ രക്ഷിക്കാനാവൂ. ലോകരാജ്യങ്ങളുടെ സഹകരണം ഇവയുടെ വിജയത്തിന്റെ അനിവാര്യതയാണ്. കാരണം ഇവ കാലാവസ്ഥാ മാറ്റങ്ങളെ നിയന്ത്രിക്കാനും അതിന് അനുബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും ലക്ഷ്യമിടുന്നുവെങ്കിലും ഈ ഉടമ്പടികൾക്ക് പല വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടിവരുന്നു. ഇവയുടെ പ്രാധാന്യവും വെല്ലുവിളികളും വിശദീകരിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനവും ആഗോള ഉടമ്പടികളുടെ ചരിത്രവും
കാലാവസ്ഥാ മാറ്റത്തിന്റെ ചരിത്രപശ്ചാത്തലം വളരെ സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമാണ്. ശാസ്ത്രജ്ഞർ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും ഫലങ്ങളും ഗവേഷണങ്ങൾ വഴി വെളിപ്പെടുത്തുകയും, അതിനെ പ്രതിരോധിക്കാൻ അടിയന്തര നടപടികളുടെ ആവശ്യമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രധാനം വ്യവസായ വിപ്ലവാനന്തരം ഭൗമാന്തരീക്ഷ താപനില ഗണ്യമായി വർധിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യവും വർധിച്ചു വരുന്ന മാനുഷിക ഇടപെടലും സംബന്ധിച്ചുള്ളതായിരുന്നു. മലിനീകരണം, പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം, ജൈവവൈവിധ്യ നാശം എന്നിവ ഗൗരവതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ആയിരുന്നു. കൊള്ളലാഭം ലക്ഷ്യമാക്കിയുള്ള ആഗോള മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് പ്രകൃതിയെ രക്ഷിക്കുവാനുള്ള ശ്രമത്തിന് രാസത്വരകമായി വർത്തിച്ചത് ഈ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളായിരുന്നു. ആഗോളതലത്തിൽ കൈകാര്യം ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമായ കാലാവസ്ഥാ മാറ്റം, വളരെയധികം ഗവേഷണങ്ങളും ഉടമ്പടികളും നയങ്ങളുടെ രൂപത്തിൽ വികസിപ്പിക്കപ്പെടുന്നതിനു കാരണമായി. അവയുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുന്നത് തുടർ പ്രവർത്തനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുന്നതിന് സഹായകരമാണ്. ചില സുപ്രധാന ആഗോള ഉച്ചകോടികൾ താഴെ സംഗ്രഹിക്കുന്നു.

സ്റ്റോക്ക് ഹോം സമ്മേളനം (1972)

1. സ്റ്റോക്ക് ഹോം സമ്മേളനം (1972)
ആദ്യത്തെ പ്രധാന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം എന്ന നിലയിൽ ‘മനുഷ്യ പരിസ്ഥിതിയുടെ സ്റ്റോക്ക്ഹോം ഡിക്ലറേഷൻ’ എന്ന പ്രഖ്യാപനത്തിലൂടെ പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ലോക രാഷ്ട്രങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത സമ്മേളനമായിരുന്നു ഇത്. പരിസ്ഥിതി സംരക്ഷണത്തെ പ്രാധാന്യമുള്ള അന്താരാഷ്ട്ര ചർച്ചയുടെ ഭാഗമാക്കി മാറ്റുന്നതിൽ നിർണായകമായിരുന്നു 1972 ജൂൺ 5 മുതൽ 16 വരെ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഈ സമ്മേളനം. ആഗോളതലത്തിൽ പരിസ്ഥിതിയുടെ സംരക്ഷണത്തിനുള്ള ബോധവത്കരണവും, വികസിത-–വികസനോന്മുഖ രാജ്യങ്ങൾ പരിസ്ഥിതി പ്രശ്നങ്ങൾ പരസ്പരം കൂടിയാലോചന നടത്തി തരണംചെയ്യേണ്ടതിന്റെ ആവശ്യകതയും ആയിരുന്നു ഇതിന്റെ ലക്ഷ്യം. മനുഷ്യരാശി, പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണെന്നും, പരിസ്ഥിതിയുടെ സംരക്ഷണം മനുഷ്യരുടെ സന്തുലിതമായ ജീവിതത്തിനായുള്ള അടിസ്ഥാനാവശ്യകതയാണെന്നും ഈ സമ്മേളനം വ്യക്തമാക്കി. സ്റ്റോക്ക്ഹോം ഡിക്ലറേഷൻ പരിസ്ഥിതിയുടെ സംരക്ഷണത്തിനുള്ള 26 തത്വങ്ങൾ പ്രതിപാദിക്കുന്നു. കൂടാതെ പ്രകൃതി വിഭവ സംരക്ഷണം, മലിനീകരണ നിയന്ത്രണം, പരിസ്ഥിതി വിദ്യാഭ്യാസം, പരിസ്ഥിതി മാനേജ്മെന്റ്, വികസനം, പ്രകൃതി സംരക്ഷണം എന്നിങ്ങനെ 109 ശുപാർശകൾ ഉൾപ്പെടുത്തി. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി, യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (UNEP) എന്ന ഒരു പ്രത്യേക ഏജൻസി രൂപവത്കരിച്ചു. ഇത് ആഗോളതലത്തിൽ പരിസ്ഥിതിയുടെ സംരക്ഷണത്തിനായി നയങ്ങൾ രൂപപ്പെടുത്തുകയും, പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു.

2. മൊൺട്രിയൽ പ്രോട്ടോക്കോൾ (1987)
ഓസോൺ പാളി സംരക്ഷണത്തിന് വേണ്ടി നില കൊണ്ട ഈ സമ്മേളനം പരിസ്ഥിതിസംരക്ഷണത്തിനായുള്ള ആഗോള ചട്ടക്കൂടുകളുടെ ഏറ്റവും വിജയകരമായ ഉദാഹരണമാണ്. ക്ലോറോഫ്ലൂറോകാർബൺ (CFC) പോലുള്ള ഓസോൺ നാശക വാതകങ്ങൾ നിയന്ത്രിക്കാൻ രാജ്യങ്ങൾ പ്രതിജ്ഞാ-ബദ്ധമായി. “The Montreal Protocol on Substances that Deplete the Ozone Layer’ എന്ന പേരിൽ അംഗീകരിച്ച പരിസ്ഥിതി ഉടമ്പടിയാണിത്. ഓസോൺ പാളി നശിപ്പിക്കുന്ന വാതകങ്ങളുടെ ഉൽപ്പാദനം, ഉപയോഗം, കയറ്റുമതി എന്നിവ നിയന്ത്രിക്കുകയും അവസാനം നിർത്തുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അത് കൂടാതെ CFCs, ഹാലോൺസ് (halons), കാർബൺ ടെട്രാക്ലോറൈഡ് (carbon tetrachloride), മെഥൈൽ ക്ലോറോഫോം (methyl chloroform) തുടങ്ങിയ വാതകങ്ങൾ കൂടാതെ, ഓസോൺ നശിപ്പിക്കുന്ന മറ്റു വസ്തുക്കളും 1987 സെപ്തംബർ 16-ന് കാനഡയിലെ മൊൺട്രിയലിൽ വെച്ച് നടന്ന ഈ സമ്മേളനത്തിന്റെ പ്രോട്ടോക്കോൾ പരിധിയിൽ ഉൾപ്പെടുത്തി.

3. റിയോ ഉച്ചകോടി (1992)
മനുഷ്യവികസനത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ചർച്ച ചെയ്യാൻ അന്താരാഷ്ട്ര സമൂഹം കൈകോർത്ത ആദ്യ സംഭവങ്ങളിലൊന്നാണ് റിയോ ഉച്ചകോടി. പൊതുമണ്ഡലത്തിൽ കൂടുതൽ ഗൗരവതരമായ പാരിസ്ഥിതിക വ്യവഹാരങ്ങൾക്ക് ഭൗമ ഉച്ചകോടി വഴിയൊരുക്കി. ഭൗമ ഉച്ചകോടിക്കു ശേഷം തങ്ങളുടെ എല്ലാ നയങ്ങളിലും വികസന പദ്ധതികളിലും പരിസ്ഥിതി ആഘാതം പരിഗണിക്കാൻ ഗവൺമെന്റുകൾ തീരുമാനിച്ചു. ഉച്ചകോടി രണ്ടാഴ്ചത്തേക്കായിരുന്നുവെങ്കിലും, 1989-ൽ തന്നെ ഉച്ചകോടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഭാവിയിൽ സുസ്ഥിരമായ വികസനം കൈവരിക്കുന്നതിനുള്ള നടപടികൾ അതിൽ വിശദീകരിച്ചു. പരിസ്ഥിതി കൺസൾട്ടേറ്റീവ്, ഡ്രാഫ്റ്റിംഗ് പ്രക്രിയകളിൽ എൻ.ജി.ഒ.കൾ ആഴത്തിൽ ഏർപ്പെടുന്നതിന് ഇത് വഴിയൊരുക്കി. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും ചർച്ചചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (UNFCCC) രൂപീകരിച്ചു. കാലാവസ്ഥാ മാറ്റങ്ങളുടെ വിഷയങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആവിഷ്കരിച്ച് രാജ്യങ്ങൾ ക്ലൈമറ്റ് ആക്ഷൻ പ്ലാനുകൾ വികസിപ്പിക്കാൻ ആരംഭിച്ചു.

പാരീസ് സമ്മേളനം (2015)

4. ക്യോട്ടോ പ്രോട്ടോക്കോൾ (1997)
1997-ൽ ജപ്പാനിലെ ക്യോട്ടോയിൽ നടന്ന United Nations Framework Convention on Climate Change (UNFCCC) ന്റെ ഭാഗമായ കോൺഫറൻസിൽ അംഗീകരിച്ച ഒരു അന്താരാഷ്ട്ര ഉടമ്പടിയാണിത്. കാർബൺ ഡയോക്സൈഡ് (CO2), മറ്റ് ഗ്രീൻഹൗസ് വാതകങ്ങൾ എന്നിവയുടെ ഉത്സർജനം കുറയ്ക്കാൻ നിയമപരമായ ബാധ്യതകൾ (binding targets) നൽകുന്ന ആദ്യ ശ്രമമായിരുന്നു ക്യോട്ടോ ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ടത്. ഇത് വികസിത രാജ്യങ്ങൾക്ക് കാര്യക്ഷമമായി ഉത്സർജന നിയന്ത്രണം അനിവാര്യമാക്കി. 1997 ഡിസംബർ 11-ന് അംഗീകരിക്കുകയും 2005 ഫെബ്രുവരി 16-ന് പ്രാബല്യത്തിൽ വരുത്തുകയും ചെയ്ത ഈ പ്രോട്ടോകോളിൽ ആഗോള കാർബൺ ഡയോക്സെെഡ് ഉത്സർജനത്തിന്റെ 55% ഉൾക്കൊള്ളുന്ന രാജ്യങ്ങൾ ഒപ്പുവെക്കുകയും അതോടെ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു. വികസിത രാജ്യങ്ങളും എക്സിക്യൂട്ടീവ് സമിതി അംഗങ്ങളും ഗ്രീൻഹൗസ് വാതക ഉത്സർജനം കുറയ്ക്കൽ ലക്ഷ്യങ്ങൾ നിർബന്ധമായും പാലിക്കണം. താഴെ കൊടുത്തിരിക്കുന്ന ഐച്ഛികമായ ചില പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി:

കാർബൺ ക്രെഡിറ്റ്: രാജ്യങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന് കാർബൺ ക്രെഡിറ്റുകൾ വാങ്ങാം.

ക്ലീൻ ഡവലപ്മെന്റ് മെക്കാനിസം (CDM): വികസിത രാജ്യങ്ങൾ വികസനോന്മുഖ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികളിലൂടെ കാർബൺ ക്രെഡിറ്റുകൾ ലഭിക്കും.

ജോയിന്റ് ഇംപ്ലിമെന്റേഷൻ (JI): രണ്ട് രാഷ്ട്രങ്ങൾ തമ്മിൽ സംയുക്തമായി പ്രോജക്ടുകൾ വഴി ക്രെഡിറ്റുകൾ നേടാൻ ഇത് നിർദേശിക്കുന്നു.
2012-ൽ ക്യോട്ടോ ഉടമ്പടിയുടെ ആദ്യകാലാവധി അവസാനിച്ചതോടെ, തുടർന്ന് പുതിയ, കൂടുതൽ പരിപൂർണ്ണവും സുസ്ഥിരവുമായ കരാറുകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു.

5. പാരിസ് ഉടമ്പടി (2015)
ക്യോട്ടോ പ്രോട്ടോക്കോളിനെ തുടർന്നുള്ള ഒരു ശ്രമമായ പാരിസ് ഉടമ്പടി, 2015-ൽ അംഗീകരിച്ചു. 2020 മുതൽ ഇത് പ്രാബല്യത്തിൽ വന്നു, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഓരോ രാജ്യത്തിനും നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നൽകുന്ന കരാർ ആണിത്. കാലാവസ്ഥാ താപനത്തിന്റെ തോത് 2 ഡിഗ്രി സെൽഷ്യസിനും, പറ്റുമെങ്കിൽ 1.5 ഡിഗ്രി സെൽഷ്യസിനും താഴെ നിലനിർത്തുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചു. എല്ലാ രാജ്യങ്ങളും ദേശീയ നിർണ്ണയ സംഭാവനകൾ (NDCs) മുൻനിർത്തി കാലാവസ്ഥാ ആക്ഷൻ പ്ലാനുകൾ നടപ്പാക്കുക എന്നതായിരുന്നു മുഖ്യം. സാമ്പത്തികമായി മേൽത്തട്ടിലുള്ളവരും, സാമ്പത്തികമായി താഴ്ന്നവരും സഹകരിച്ച് തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും, മോണിറ്ററിങ്, റിപ്പോർട്ടിംഗ്, പരിശോധന എന്നിവ ഉറപ്പാക്കുന്ന ശക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്നതിനും ഈ കരാർ ഹേതുവായി. 2023 മുതൽ ഓരോ 5 വർഷത്തിലും, ആഗോള തലത്തിൽ കാർബൺ ഉത്സർജനം വിലയിരുത്തുക, വികസിത രാജ്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും കാർബൺ കുറയ്ക്കുന്നതിനും സുസ്ഥിര വികസനത്തിനും ധനസഹായം നൽകുക, കാർബൺ വ്യാപാര സംവിധാനം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമായി നടത്തുക എന്നീ വ്യവസ്ഥകൾ ഉൾപ്പെടുത്തി. 190-ലേറെ രാജ്യങ്ങൾ അംഗീകരിച്ചതോടെ, പാരിസ് ഉടമ്പടി ഏറ്റവും വ്യാപകമായി അംഗീകരിച്ച പരിസ്ഥിതി കരാറായി. രാജ്യങ്ങൾ തമ്മിലുള്ള സാങ്കേതിക വിദ്യാ പങ്കാളിത്തം, ധനസഹായം എന്നിവ ഇത് പ്രോത്സാഹിപ്പിച്ചു.

എന്നാൽ, 2017-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ഇൗ ഉടമ്പടി അമേരിക്കൻ സാമ്പത്തികവ്യവസ്ഥയ്ക്കും, തൊഴിലവസരങ്ങൾക്കും ഹാനികരമാണെന്നും വാണിജ്യത്തെ തടസ്സപ്പെടുത്തുന്നതാണെന്നും ആയിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. അമേരിക്കയുടെ പിന്മാറ്റം, ആഗോളതലത്തിൽ സമയബന്ധിതവും ശക്തമായ കാലാവസ്ഥാ നടപടികൾ സ്വീകരിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചു. മറ്റു രാജ്യങ്ങൾക്കും അവരുടെ പ്രതിബദ്ധതയിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. എന്നാൽ, 2021-ൽ, പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റതിനു പിന്നാലെ, അമേരിക്ക പാരീസ് ഉടമ്പടിയിൽ വീണ്ടും ചേർന്നു. ഇത് ആഗോളതലത്തിൽ കാലാവസ്ഥാ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയുടെയും നേതൃത്വത്തിന്റെയും തെളിവായി വ്യാഖ്യാനിക്കപ്പെട്ടു.

കാലാവസ്ഥാ ഉടമ്പടികളുടെ ഭാവി ആഗോള തലത്തിൽ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവും സാമൂഹികവുമായ വളരെയധികം ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. ഈ ഉടമ്പടികളുടെ നിലനിൽപ് അന്താരാഷ്ട്ര സഹകരണത്തെയും നൂതന സാങ്കേതികവിദ്യകളുടെ കാര്യക്ഷമതയെയും സാമ്പത്തിക നിക്ഷേപങ്ങളുടെ സുസ്‌ഥിരതയെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കാലാവസ്ഥാ മാറ്റം ആഗോള പ്രശ്നമാണെന്ന് മനസ്സിലാക്കി എല്ലാ രാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കുന്നതിനുള്ള വേദിയാണ് ഉടമ്പടികൾ. പാരിസ് ഉടമ്പടി പോലെയുള്ള കരാറുകൾ രാജ്യങ്ങളെ ഏകോപിപ്പിച്ച്, സുസ്ഥിരമായ വികസന മാർഗ്ഗങ്ങൾ സ്വീകരിക്കാനും, കാലാവസ്ഥാ നീതി ഉറപ്പാക്കാനും സഹായിക്കുന്നു.

പരാജയപ്പെടുന്ന 
കാലാവസ്ഥാ ഉടമ്പടികൾ
നിഷ്കർഷിതമായ നിയന്ത്രണങ്ങൾ, വികസിത രാജ്യങ്ങൾ വികസിതമല്ലാത്ത രാജ്യങ്ങൾക്ക് നൽകുന്ന സഹായം എന്നിവയാണ് ഇത്തരം ഉടമ്പടികൾക്കുള്ള ചില വിജയ കാരണങ്ങൾ. എന്നാൽ, പരാജയങ്ങൾക്കു നിരവധി കാരണങ്ങൾ ഉണ്ട്.

(a) രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിരുദ്ധ താല്‍പര്യങ്ങള്‍: വിവിധ രാജ്യങ്ങള്‍ക്കു തമ്മില്‍ വ്യത്യസ്തമായ താല്‍പര്യങ്ങള്‍ ഉണ്ട്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളും വികസനോന്മുഖ രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍. സാമ്പത്തിക വികസനം, ഊർജ്ജ ആവശ്യങ്ങൾ, വ്യവസായ താല്പര്യങ്ങൾ എന്നിവ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. പലപ്പോഴും, നയം നടപ്പിലാക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ മാത്രമേ അത് ഫലപ്രദമാകൂ.

(b) സാങ്കേതിക-–സാമ്പത്തിക പ്രശ്നങ്ങൾ: മുതലാളിത്ത രാജ്യങ്ങൾക്ക് കാലാവസ്ഥാ മാറ്റങ്ങളോട് പൊരുതാനായി വലിയ സാങ്കേതികവിദ്യാ ശേഷിയും ധനവുമാവശ്യമായതുകൊണ്ട്, ഇവർക്ക് നവീന സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാനും, കാലാവസ്ഥാ മാറ്റങ്ങൾ കുറയ്ക്കാനായി ഫണ്ട് നൽകാനും കഴിയുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നടപടികള്‍ വളരെ ചെലവേറിയതായിരിക്കും. ഈ ചെലവ് പല രാജ്യങ്ങള്‍ക്കും ഭാരം ആവാം. ചില രാജ്യങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവുന്നില്ല, പ്രത്യേകിച്ചും പാരമ്പര്യമായ കാര്‍ബണ്‍ ഊര്‍ജ്ജാവലംബിത വ്യവസ്ഥിതികളുള്ളവര്‍.

(c) നിയന്ത്രണങ്ങളുടെ ലംഘനം: നിയമ ലംഘനങ്ങൾക്ക് പിഴ ഇല്ലെങ്കിൽ, രാജ്യങ്ങൾ ഉത്തരവാദിത്വം സ്വീകരിക്കുന്നില്ല.

(d) കഴിവില്ലായ്മ: ചില രാജ്യങ്ങൾക്ക് ആവശ്യമായ ശാസ്ത്രീയ, സാങ്കേതിക വിദ്യാ കഴിവുകൾ കുറവാണ്.

(e) പരീക്ഷണങ്ങള്‍: പല തീരുമാനങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ്, ദീര്‍ഘകാല പരിഹാരങ്ങള്‍ കുറഞ്ഞുവരുന്നു.

(f) പുതുതായി വികസിക്കുന്ന സാങ്കേതികവിദ്യകളുടെ കാര്യക്ഷമത ഉറപ്പാക്കാൻ നിർണായകമായ ഗവേഷണവും വികസനവും.

ഇതിനുള്ള കാലാവധി, ചെലവ്, അനുബന്ധ പ്രശ്നങ്ങൾ എന്നിവ പല തീരുമാനങ്ങൾക്കും വിഘാതമാവുന്നു

(g). നിലവിലുള്ള നിയമപരമായ ബന്ധനങ്ങള്‍: പല രാജ്യങ്ങള്‍ക്കും നിയമപരമായ ബന്ധനങ്ങള്‍ ഒരു പരിമിതിയായാണ് അനുഭവപ്പെടുന്നത്.

പലപ്പോഴും, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കപ്പെട്ടാലും അതിന് വലിയ പിഴയില്ല എന്നതും നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിൽ അലംഭാവം കാണിക്കാൻ പ്രേരിപ്പിക്കുന്നു

കാലാവസ്ഥാ ഉച്ചകോടികൾ സുസ്ഥിര ഊർജ്ജത്തിലേയ്ക്കുള്ള നിക്ഷേപം, കാലാവസ്ഥാ നീതി (ക്ലൈമറ്റ് ജസ്റ്റിസ്), ആഗോള കൂട്ടായ്മ എന്നിവയെ ശക്തിപ്പെടുത്തി. ചില ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.

ഊർജ്ജ പരിഷ്കരണം
കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്നതിനായി പുതുമയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും, പുനരുപയോഗ ഊർജ്ജത്തിനായുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഈടുറ്റ, പുനരുപയോഗ പദാർത്ഥങ്ങളിൽ ആഗോള നിക്ഷേപങ്ങൾ കൂടുതലാക്കുന്നു.

മനോഭാവവും ബോധവത്കരണവും: ചില സ്ഥലങ്ങളില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങള്‍ക്ക് വ്യക്തമല്ല, അതിനാല്‍ ബോധവത്കരണം പ്രാപ്തമാക്കുന്നത് പ്രധാനമാണ്. കാലാവസ്ഥാ പ്രശ്നങ്ങളുടെ പ്രാധാന്യം പൊതുജനങ്ങൾ വ്യാപകമായി അംഗീകരിക്കുന്നില്ല. എന്നാൽ കാലാവസ്ഥാ ഉച്ചകോടികൾ ജനങ്ങളെ ബോധവത്കരിക്കുന്നതിനും കാലാവസ്ഥാ മാറ്റത്തെ ഗൗരവത്തോടെ നോക്കിക്കാണുവാനും ‘ക്ലൈമറ്റ് സ്മാർട്ട്’ ആയി ജീവിക്കുവാനും സഹായിക്കുന്നു.

പുതിയ സാങ്കേതിക വിദ്യകൾ: പുതിയ ആശയങ്ങൾ വികസിപ്പിക്കുക, ചെലവ് കുറഞ്ഞ, എന്നാൽ കൂടുതൽ ഫലപ്രാപ്തമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ പ്രേരണ നൽകുന്നു.

നിത്യേന നിരീക്ഷണം: രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, അത് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുക മുതലായവ ഇതിന്റെ ഭാഗമാണ്.

വികസനത്തിനും നിക്ഷേപത്തിനുമുള്ള വഴികൾ: കാലാവസ്ഥാ മാറ്റങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങളിൽ നിക്ഷേപം മുഖ്യമാണ്. വികസ്വര രാജ്യങ്ങൾക്ക് സുസ്ഥിര വികസനത്തിനും ആഗോളതലത്തിൽ കാലാവസ്ഥാ നീതി കൈവരിക്കാനും മുതലാളിത്ത രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇതിനെപ്പറ്റി അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ഉണ്ട്. ചിലർ ഇത് സഹായകരമാണെന്നും, മറ്റു ചിലർ ഇത് മതിയാവില്ലെന്നും അഭിപ്രായപ്പെടുന്നു. എങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വിജയകരമായ പോരാട്ടം സാധ്യമാകാൻ ഏറ്റവും കൂടുതൽ സാമ്പത്തിക ശക്തിയും സാങ്കേതിക വിദ്യയും ഉള്ള മുതലാളിത്ത രാജ്യങ്ങൾക്ക് നിർണായക പങ്കു വഹിക്കാനുണ്ട്.

ചിലപ്പോൾ, ചില കാലാവസ്ഥാ ഉടമ്പടികൾ പരാജയപ്പെടുന്നതിനുള്ള സാധ്യതകൾ ഉണ്ട്, എങ്കിലും മികച്ച രീതിയിൽ അനുയോജ്യമായ നടപടികൾ സ്വീകരിച്ചാൽ പരിസ്ഥിതി സംരക്ഷണം വിജയകരമാക്കാനാകും. രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം, ബോധവത്കരണം, സാങ്കേതിക വിദ്യകളുടെ പ്രചാരണം എന്നിവ ഇതിൽ മുഖ്യമാണ്.

കാലാവസ്ഥാ ഉടമ്പടികളുടെ ഭാവി
ആഗോള സഹകരണം: ഭൂമിശാസ്ത്രപരമായ അതിരുകൾ മറികടന്ന് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം. രാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകളും തർക്കങ്ങളും ചുരുക്കി, ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.

വ്യക്തമായ ലക്ഷ്യങ്ങൾ: നിലവിലുള്ള പാരിസ് ഉടമ്പടി പോലെയുള്ള ഉടമ്പടികൾക്കുള്ള ദൃഢമായ നിർവഹണം.

കൂടുതൽ പരിസ്ഥിതിപരമായ താത്പര്യങ്ങളുള്ള പുതിയ ഉടമ്പടികൾ രൂപീകരിക്കുക.

സാങ്കേതിക വിദ്യാ 
പരിഷ്കാരങ്ങൾ
കാർബൺ ക്യാപ്ചർ (carbon capture), പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയുടെ വികസനം. ഗ്രിഡ് എഫിഷൻസി (grid efficiency), വൈദ്യുത വാഹനങ്ങൾ (electric vehicles), ഉയർന്ന കഴിവുള്ള ബാറ്ററികൾ എന്നിവയുടെ പ്രോത്സാഹനം.

സാമൂഹിക അവബോധം: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിന് ബോധ്യപ്പെടുത്തുക.
പൗരരുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രത്യേകിച്ച് യുവജനങ്ങളും പ്രാദേശിക സമൂഹങ്ങളും.

ആരോഗ്യ-കാലാവസ്ഥാ സംരംഭങ്ങൾ
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യമേഖലയിൽ ഉണ്ടാക്കുന്ന ഫലങ്ങളെ നേരിടാൻ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക. പരിസ്ഥിതിയുടെ സംരക്ഷണം മാത്രമല്ല, ആരോഗ്യ സംരക്ഷണവും ലക്ഷ്യമാക്കി നയം രൂപീകരിക്കണം.

ആർഥിക പ്രോത്സാഹനങ്ങൾ
കാർബൺ നികുതി (carbon tax), സബ്‌സിഡികൾ, നിക്ഷേപങ്ങൾ എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള സാമ്പത്തിക പ്രോത്സാഹനം. പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കും സുസ്ഥിരമായ വ്യവസായങ്ങൾക്കുമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുക.

മോണിറ്ററിങ് (Monitoring) 
മെക്കാനിസം
രാജ്യങ്ങൾ അവയുടെ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാൻ ശക്തമായ മോണിറ്ററിങ് സംവിധാനങ്ങൾ.

നീതി പരിരക്ഷണ നടപടികൾ പ്രാബല്യത്തിൽ വരുത്തുക.

ഭാവിയിൽ അഭിമുഖീകരിക്കാവുന്ന വെല്ലുവിളികൾ:
ആന്തരിക രാഷ്ട്രീയപ്രശ്നങ്ങൾ: പല രാജ്യങ്ങളിലെയും രാഷ്ട്രീയ നേതാക്കളുടെ മാറ്റം, കാലാവസ്ഥാ നയങ്ങൾക്ക് അസ്ഥിരത സൃഷ്ടിക്കുന്നു.

സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യ പ്രതിസന്ധികൾ തുടങ്ങിയവ മൂലമുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ.

വികസിതവും വികസനോന്മുഖമായ രാജ്യങ്ങൾ: വികസിത രാജ്യങ്ങൾ കൂടുതൽ കടമ ഏറ്റെടുക്കേണ്ടതും, വികസനോന്മുഖ രാജ്യങ്ങൾക്ക് ന്യായമായ സഹായം നൽകേണ്ടതുമുണ്ട്.

ജൈവവൈവിധ്യ സംരക്ഷണം, വെള്ളത്തിന്റെ ലഭ്യത, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ പിന്തുണ.

സാമ്പത്തിക വെല്ലുവിളികൾ: കാലാവസ്ഥാ മാറ്റങ്ങൾക്കുള്ള നടപടികൾക്ക് വലിയ സാമ്പത്തിക പ്രതിഫലനങ്ങൾ ആവശ്യമാണ്.

പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകളുടെ വികസനത്തിനും വ്യാപനത്തിനും വേണ്ട ഫണ്ട് ലഭ്യമാക്കുകയും പാരിസ്ഥിതിക സംരക്ഷണത്തിനുള്ള ആഗോള ധനനിധികളുടെ (Green Climate Fund) പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക.

സാങ്കേതിക പ്രതിസന്ധികൾ: പുതുതായി വികസിക്കുന്ന സാങ്കേതികവിദ്യകൾ പ്രായോഗികമായി ഏർപ്പെടുത്തിയപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ.
ഉൽപ്പാദന ചെലവ് കുറയ്ക്കുകയും കൂടുതൽ പ്രാപ്യവും ഉപയോഗപ്രദവുമായ നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുക.
കാലാവസ്ഥാ ഉടമ്പടികളുടെ ഭാവി, വളരെയധികം ആഗോള സഹകരണത്തിന്റെയും സാങ്കേതിക പുരോഗതികളുടെയും സാമ്പത്തിക നിക്ഷേപങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യങ്ങൾ പരസ്പരം വിഷയം മനസ്സിലാക്കി പ്രവർത്തിക്കുകയും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയും ചെയ്യേണ്ടത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണികളെ നേരിടാൻ അനിവാര്യമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + eleven =

Most Popular