Friday, October 18, 2024

ad

Homeനിരീക്ഷണംചൂടിനെതിരെയുള്ള പോരാട്ടം കേരളത്തിന്റെ അതിജീവന ശ്രമങ്ങൾ

ചൂടിനെതിരെയുള്ള പോരാട്ടം കേരളത്തിന്റെ അതിജീവന ശ്രമങ്ങൾ

ഫഹദ് മർസൂക്

രേഖപ്പെടുത്തപ്പെട്ട ലോകചരിത്രത്തിൽ 2023 ഏറ്റവും ചൂടേറിയ വർഷമായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2024 ഒരുപക്ഷേ ആ റെക്കോർഡും തകർത്തേക്കാം എന്നാണ് വിവിധ ആഗോള കാലാവസ്ഥാ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ചൂട് വർദ്ധനവിന് പുറമെ എൽ-നിനോ പ്രതിഭാസമായിരിക്കാം ഇക്കുറി നമ്മുടെ വേനൽ കൂടുതൽ രൂക്ഷമാക്കിയത് എന്നാണ് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇനിയങ്ങോട്ടുള്ള വേനൽക്കാലങ്ങളും കൂടുതൽ രൂക്ഷമായതുതന്നെ ആയിരിക്കുമെന്നാണ് വിവിധ പഠനങ്ങൾ നൽകുന്ന സൂചനകൾ. അതുകൊണ്ടുതന്നെ രൂക്ഷമായ വേനൽക്കാലങ്ങളെ നേരിടാൻ ദീർഘവീക്ഷണത്തോടെയുള്ള തയ്യാറെടുപ്പുകൾ കേരളത്തിന് ആവശ്യമാണ്.

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം (Heat Wave) ഔദ്യോഗികമായി സ്ഥിരീകരിക്കുകയുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ തന്നെ കേരളത്തിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിച്ചതായാണ് ഒട്ടുമിക്ക പ്രദേശങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏപ്രിൽ മാസത്തിലാകട്ടെ മിക്കവാറും എല്ലാ സ്റ്റേഷനുകളിലും ചൂട് സാധാരണയെക്കാൾ 5 ഡിഗ്രി സെൽഷ്യസിനു മുകളിൽ വരെ വ്യതിയാനം കാണിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് ദിനാവസ്ഥ മാപിനികൾ (AWS) പരിശോധിക്കുമ്പോൾ മുൻപ് നമ്മുടെ ചർച്ചകളിൽ വരാതിരുന്ന പല പ്രദേശങ്ങളിലും തുടർച്ചയായി 40 ഡിഗ്രിക്ക് മുകളിൽ താപനില എത്തുന്നതായി കാണുന്നു. ഇതുകൂടി പരിഗണിക്കുമ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ അസാധാരണമായ ചൂട് അനുഭവിക്കേണ്ടി വന്നിരുന്നു എന്ന് കാണണം. പകൽ താപനില പോലെ തന്നെ രാത്രി താപനിലയിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇത് ആരോഗ്യത്തിൽ അസ്വസ്ഥത വർദ്ധിപ്പിക്കുന്നു. ഒരു തീരദേശ സംസ്ഥാനമായതുകൊണ്ടുതന്നെ അന്തരീക്ഷത്തിലെ ആർദ്രത (humidity) കൂടി നമുക്ക് പ്രയാസമുണ്ടാക്കുന്ന ഘടകമാണ്. അത് അനുഭവപ്പെടുന്ന ചൂട് വലിയ തോതിൽ വർധിപ്പിക്കും. ഇതിനോടകം ചൂടുമൂലമാണെന്ന് സംശയിക്കുന്ന 4 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണ കാരണം ചൂട് തന്നെ ആണോ എന്ന സ്ഥിരീകരണത്തിന് ആവശ്യമായ പരിശോധനകൾ ആരോഗ്യ വകുപ്പ് നടത്തി വരുന്നു. 1500 ലധികം ആളുകൾ നടപ്പ് സീസണിൽ ചൂടുമൂലമുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ആശുപത്രികളെ സമീപിച്ചിട്ടുണ്ട്. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഏറെയും വേണ്ടത്ര റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല എന്നതുകൂടി നാം കാണണം.

ചൂട് കൂടുന്ന സാഹചര്യത്തെ അതീവ ഗൗരവമായി കാണേണ്ടതുണ്ട്. വർധിച്ചുവരുന്ന ചൂട് പലതരത്തിൽ അപകടകരമാണ്. മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും നാനാവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് കാരണമാകും. കുടിവെള്ള ലഭ്യതയെ ബാധിക്കുന്നത് കൂടാതെ തീപിടുത്തങ്ങൾ, കാട്ടുതീ എന്നിവ വർദ്ധിക്കാനും വന്യജീവി ആക്രമങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കും നയിക്കും. സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്നതും കൃഷിനാശവും വേനൽക്കാലത്ത് നമ്മൾ നേരിടുന്ന പ്രശ്നങ്ങളാണ്. വേനൽ രൂക്ഷമായതുകൊണ്ടുതന്നെ നേരിട്ട് കൂടുതൽ സമയം ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത് വളരെ ഗൗരവമായി കാണണം. മരണത്തിലേക്കു വരെ നയിച്ചേക്കാവുന്ന ആരോഗ്യപ്രശ്നമാണ് സൂര്യാഘാതം. 2019 മുതൽ ഉഷ്‌ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള മറ്റ് രോഗങ്ങൾ മൂർച്ഛിപ്പിക്കുന്നതിനും ചൂട് വർദ്ധനവ് കാരണമാകും. ചൂട് കൂടുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗാർഹികപീഡനങ്ങൾ ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ വർധിച്ചിട്ടുള്ളതായും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ചൂട് മനുഷ്യരുടേ യും മറ്റ് ജീവജാലങ്ങളുടേയും കാര്യക്ഷമതയും ഉത്പാദന ക്ഷമതയും വലിയ അളവിൽ കുറയ്ക്കും.

ഉയരുന്ന ചൂടിനോട് കേരളം 
എങ്ങനെ പ്രതികരിച്ചു?
2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ വന്ന 2019ലെ കടുത്ത വേനലിനെ തുടർന്ന് കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ ഒരു പ്രധാന ചർച്ചാ വിഷയമായി മാറി. ഉയരുന്ന താപനിലയെയും ഉഷ്ണതരംഗങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനും ഭാവിയിൽ അഭിമുഖീകരിക്കേണ്ട നിർണായക പ്രശ്‌നമായി അവയെ കാണുന്നതിലും കടുത്ത വേനൽ നിർണായക പങ്കുവഹിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ഉഷ്ണതരംഗങ്ങൾ, സൂര്യാഘാതം, സൂര്യാതപം എന്നിവ സംസ്ഥാനം നേരിടുന്ന സവിശേഷ ദുരന്തങ്ങളായി (State specific disaster) പ്രഖ്യാപിച്ചു കൊണ്ട് ഒരു സക്രിയ ഇടപെടലാണ് നടത്തിയത്. ഉഷ്ണതരംഗ ബാധിതരായ വ്യക്തികൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് മാനദണ്ഡങ്ങൾക്ക് അനുസൃതമായി നഷ്ടപരിഹാര ധനസഹായം ലഭിക്കാനും ഉഷ്‌ണതരംഗ ദുരന്ത സാധ്യത ലഘൂകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത ലഘൂകരണ നിധി (SDMF) ഉപയോഗിക്കാനും ഇതുവഴി സാധിക്കുന്നു. ഇതുകൂടാതെ മുഖ്യധാരാ മാധ്യമങ്ങളുടെ ഉൾപ്പെടെ പിന്തുണയോടെ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ വലിയൊരു പങ്കും സൂര്യാതപം ആണെന്നിരിക്കെ അൾട്രാ വയലറ്റ് രശ്മികളുടെ സ്വാധീനം കൂടി പരിശോധിക്കേണ്ടതായി വന്നു. എന്നാൽ കേരളത്തിൽ അൾട്രാവയലറ്റ് റേഡിയേഷൻ അളക്കുന്ന യാതൊരു വിധ ഔദ്യോഗിക സംവിധാനങ്ങളും നിലവിലില്ലായിരുന്നു. അൾട്രാവയലറ്റ് സൂചികയെക്കുറിച്ചുള്ള വിശ്വസനീയമായ ഡാറ്റയുടെ അഭാവവും ഉയർന്ന സൂര്യാതപ കേസുകളും പരിഗണിച്ച്, ഒരു നിരീക്ഷണ ശൃംഖല സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ ശുപാർശകളെ തുടർന്ന്, സമഗ്രമായ ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി 14 ജില്ലകളിലും അൾട്രാവയലറ്റ് ഇൻഡക്സ് നിരീക്ഷണ ശൃംഖല സ്ഥാപിച്ചു.

കേരളത്തിന്റെ ഹീറ്റ് ആക്ഷൻ പ്ലാൻ
വർധിച്ചുവരുന്ന ചൂടിനെ കാര്യക്ഷമായി നേരിടാൻ ദീർഘവീക്ഷണത്തോടെയുള്ള സമീപനം ആവശ്യമായിരുന്നു. അത്തരത്തിലൊരു ഇടപെടലിനുള്ള മാർഗ്ഗരേഖയായിരുന്നു സംസ്ഥാന ഹീറ്റ് ആക്ഷൻ പ്ലാൻ. ഉഷ്ണതരംഗങ്ങൾ, അൾട്രാവയലറ്റ് രശ്മികൾ, നഗര താപദ്വീപുകൾ (Urban Heat island) എന്നിവയുൾപ്പെടെയുള്ള ഉഷ്ണകാല അപകട സാധ്യതകളുടെ ശാസ്ത്രീയ വിശകലനങ്ങൾ, വൾനറബിൾ സമൂഹങ്ങളെ കണ്ടെത്തൽ, ദുരന്ത സാധ്യതകൾ കുറയ്-ക്കാൻ ഹ്രസ്വകാല– ദീർഘകാല അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട ഇടപെടലുകൾ, സർക്കാർ വകുപ്പുകൾക്കുള്ള നിർദേശങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഒരു സമഗ്ര മാർഗ്ഗരേഖയാണ് സംസ്ഥാന ഹീറ്റ് ആക്ഷൻ പ്ലാൻ. 2020 ൽ തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ച ആക്ഷൻ പ്ലാൻ കൂടുതൽ പഠനങ്ങളുടെയും അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ പരിഷ്കരിക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. സുസ്ഥിരമായ കൂളിംഗ് സ്പേസുകൾ, സ്ട്രാറ്റജികൾ, നിർമ്മാണ മേഖലയിൽ നടത്തേണ്ട ഇടപെടലുകൾ, മാനസികാരോഗ്യ പരിഗണനകൾ, മനുഷ്യ-–മൃഗ സംഘർഷങ്ങൾക്കുള്ള നടപടികൾ എന്നിങ്ങനെയുള്ള പുതിയ ഘടകങ്ങൾ കൂടി ഉൾച്ചേർത്തുകൊണ്ടാണ് പുതുക്കിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ചൂട് മൂലമുള്ള അസ്വസ്ഥതകൾ ആരംഭിക്കുന്ന പ്രാദേശികമായ താപനില കണ്ടെത്തുക, മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുക, താപതുരുത്തുകളായി നമ്മുടെ നഗരങ്ങൾ മാറാതെ നോക്കുക, ആസൂത്രണ രേഖകളിലും മാസ്റ്റർപ്ലാനുകളിലും സർക്കാരുകളുടെ നയങ്ങളിലും പരിപാടികളിലും ചൂട് കൂടിവരുന്ന സാഹചര്യത്തെ ഉൾച്ചേർക്കുക തുടങ്ങിയവയെല്ലാം കേരളത്തിന്റെ ആക്ഷൻ പ്ലാനിന്റെ മുൻഗണനകളാണ്.

ചൂടിനെ നേരിടാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ പ്രാദേശികമായി നടപ്പിലാക്കുക എന്നതാണ് കേരളം ആഗ്രഹിക്കുന്ന മാതൃക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2023 മാർച്ചിൽ ചേർന്ന എസ്ഡിഎംഎ യോഗത്തിൽ ഇത്തരം പദ്ധതികൾക്കായി സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ പണം വിനിയോഗിക്കാൻ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കാവുന്നതാണ്. തദ്ദേശ സ്ഥാപന തലത്തിൽ ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കുകയാണ് അതിജീവനശേഷിയുള്ള സമൂഹത്തെ നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം. കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമ പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. കെഎസ്ഡിഎംഎയുടെ സാങ്കേതിക സഹായത്തോടെയാണ് ‘ഹീറ്റ് റെസിലിയന്റ് മൂടാടി’ പദ്ധതിക്ക് രൂപം നൽകുന്നത്. ഇത്തരം മാതൃകകൾ പ്രാദേശിക വൈവിധ്യങ്ങളോടുകൂടി തന്നെ കേരളമാകെ വ്യാപിപ്പിക്കണം എന്നതാണ് ലക്ഷ്യം.

ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി നിരവധി ഇടപെടലുകളാണ് കഴിഞ്ഞ സീസണുകളിൽ സംസ്ഥാനത്ത് നടന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 5,000 വാട്ടർ കിയോസ്കുകൾ സ്ഥാപിക്കപ്പെട്ടു. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങൾക്കായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യറാക്കി പ്രവർത്തിച്ചു. സ്കൂളുകളിൽ വേനൽക്കാല ക്ലാസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രത്യേക വാട്ടർ ബെല്ലുകൾ ആരംഭിച്ചു. പരീക്ഷാ ഹാളുകൾക്ക് പ്രത്യേക മാർഗ നിർദേശങ്ങൾ നൽകി, പകൽ സമയത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. മുഖ്യന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നാട്ടിലാകെ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും മറ്റ് കൂട്ടായ്മകളുടേയുമെല്ലാം നേതൃത്വത്തിൽ തണ്ണീർ പന്തലുകൾ സ്ഥാപിക്കപ്പെട്ടു. മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെ തീപിടുത്ത സാധ്യത ഇല്ലാതാക്കാനും പ്രത്യേക കർമ്മപദ്ധതികൾ ആരംഭിച്ചു നടപ്പിലാക്കി. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം ഹീറ്റ് ക്ലിനിക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി. ഇവിടങ്ങളിലെല്ലാം പ്രഥമ ശുശ്രൂഷാ സംവിധാനങ്ങൾ കൂടി സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിപുലമായ പൊതുജന ക്യാമ്പയിൻ നടപ്പിലാക്കി. പരിശീലനങ്ങൾ സംഘടിപ്പിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായ മാർഗനിർദേശങ്ങൾ സഹിതം പുറപ്പെടുവിച്ചു. കഴിഞ്ഞ സീസണുകളിൽ കേരളത്തിൽ നടപ്പിലാക്കിയ ചില പ്രവർത്തനങ്ങൾ മാത്രമാണിവ.

ഭാവിയെന്ത്?
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ കാലാവസ്ഥയ്-ക്ക് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങൾക്കായിരിക്കും സാധ്യത എന്ന് പഠിക്കേണ്ടതും അതിനനുസൃതമായി നമ്മുടെ ഭാവി ആസൂത്രണം ചെയ്യേണ്ടതും അനിവാര്യമാണ്. സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (SAPCC) ഇത്തരം ചില പ്രൊജക്ഷനുകൾ മുന്നോട്ടുവെക്കുന്നുണ്ട്. ഇതുകൂടാതെ കെഎസ്-ഡിഎംഎയും ലോകപ്രശസ്തമായ വുഡ് വെൽ ക്ലെെമറ്റ് റിസേർച്ച് സെന്ററും ചേർന്ന് CMIP6 models ഡാറ്റ ഉപയോഗിച്ച് തയ്യാറാക്കിയ ഹീറ്റ് പ്രൊജക്ഷനുകളുണ്ട്. ഈ പ്രൊജക്ഷനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലേക്ക് ലഭ്യമാക്കുകയാണ്. പ്രാദേശിക ആസൂത്രണത്തിന് ഇവ മുതൽക്കൂട്ടാകും. പഠനങ്ങളെ എല്ലാം നൽകുന്ന സൂചന സമീപഭാവിയിൽ തന്നെ കേരളത്തിന്റെ ശരാശരി താപനിലയിൽ 1 മുതൽ 1.5 ഡിഗ്രി സെൽഷ്യസ് വരെയെങ്കിലും വർദ്ധനവ് ഉണ്ടാകും എന്നാണ്. അതിതീവ്ര സാഹചര്യങ്ങൾ തുടർക്കഥകളാവുകയും ചെയ്യുന്നു. ചൂടിലെ വർധന ഓരോ സെക്ടറിനെയും ഏതുതരത്തിലാണ് ബാധിക്കുക എന്നറിയാൻ ആഴത്തിലുള്ള പഠനങ്ങൾ വേണം. അതിനെ നേരിടാനുള്ള പ്രാദേശിക സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന പരിഹാരമാർഗങ്ങൾ വികസിപ്പിക്കാനും നമുക്കു സാധിക്കണം.

ചൂടിലുണ്ടാകുന്ന വർദ്ധന നമ്മുടെ ഒരു ഉഷ്ണകാല പ്രശ്നം മാത്രമായി ഒതുങ്ങുന്നില്ല എന്നതും ഗൗരവം വർധിപ്പിക്കുന്നു. ചൂട് വർധിക്കുന്നത് കാറ്റിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നു. ഇടിമിന്നലുകൾ, മിന്നൽ ചുഴലികൾ എന്നിവയൊക്കെ വർധിക്കുന്നതിനിടയാക്കുന്നു. സമുദ്രോപരിതലം ചൂടാകുന്നത് മൽസ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിനുപുറമെ ന്യൂനമർദ്ദങ്ങൾ കൂടുതൽ രൂപം കൊള്ളുന്നതിനിടയാക്കുകയും ചെയ്യുന്നു. ഇത് മഴയെയും സ്വാധീനിക്കുന്നു. അങ്ങനെ നമ്മുടെ പരിചിതമായ കാലാവസ്ഥയെ ആകെത്തന്നെ താറുമാറാക്കാൻ താപനിലയിലെ വർദ്ധനവിന് ശേഷിയുണ്ട്. ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ടുള്ള ആസൂത്രണവും തയ്യാറെടുപ്പുകളും വഴി മാത്രമേ അതിജീവന ശേഷിയുള്ള സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളു. മലയാളിയുടെ വികസന സങ്കല്പങ്ങൾ മുതൽ ദൈനംദിന ജീവിതം വരെ പുനർവിചിന്തനങ്ങൾ ആവശ്യപ്പെടുന്ന ഒരു പ്രതിസന്ധിയാണ് ചൂട് കൂടുന്ന കേരളം സൃഷ്ടിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular