Sunday, July 14, 2024

ad

Homeകവര്‍സ്റ്റോറികൃഷിയും കാലാവസ്ഥയും‐ 2

കൃഷിയും കാലാവസ്ഥയും‐ 2

ഡോ. ഗോപകുമാർ ചോലയിൽ

കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകടവ്യതിയാനങ്ങൾ മൂലം ഏറ്റവുമധികം അനിശ്ചിതത്വത്തിലാഴ്ന്നുപോവുന്നത് തീർച്ചയായും കാർഷികമേഖലയാണ്. എല്ലാ വിഭാഗത്തിലും പെട്ട കൃഷിയിടങ്ങളും ക്രമരഹിതമായ കാലാവസ്ഥാ ചാഞ്ചല്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങളോട് അനുകൂലമായി പ്രതികരിക്കാത്ത കൃഷിയിനങ്ങൾ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥ നേരിടുകയാണ്. കാലാവസ്ഥാശ്രിതകൃഷിരീതികൾ മാത്രം അനുവർത്തിക്കുന്ന ഇടങ്ങൾ അവിചാരിത കാലാവസ്ഥാപ്രതിസന്ധികൾക്കുമുൻപിൽ സ്വഭാവികമായും പതറുകയാണ്. ധാന്യക്കൃഷിയും കാലാവസ്ഥാപ്രതിസന്ധികളിൽ നിന്നും വിമുക്തമല്ല. കേരളീയർ ധാന്യാഹാരം ശീലിച്ചവരാണ്. കേരളീയരുടെ ഭക്ഷ്യസുരക്ഷാ സങ്കൽപ്പം പോലും നെല്ലും അരിയും കൊണ്ടുമാത്രം ചിട്ടപ്പെടുത്തപ്പെട്ടതാണ്. എന്നാൽ, പല കാരണങ്ങൾ മൂലവും സ്വന്തം ഭക്ഷ്യസുരക്ഷാ സങ്കൽപ്പങ്ങൾക്കൊത്തരീതിയിൽ സ്വയംപര്യാപ്തത കൈവരിക്കുവാൻ സംസ്ഥാനത്തിനു കഴിയുന്നില്ല. കാലാവസ്ഥാവ്യതിയാനവും നെൽക്കൃഷിയിടങ്ങളുടെ വിസ്തൃതിയിലുള്ള ശോഷണവും നെൽക്കൃഷി ആദായകരമല്ലാത്തതിനാൽ ജനങ്ങൾക്ക് പൊതുവേയുള്ള താത്പര്യക്കുറവും കാരണങ്ങളാണ്.

കേരളത്തിന്റെ ഭക്ഷ്യസുസ്ഥിരതയുടെ കാര്യത്തിൽ കോൾകൃഷിയിടങ്ങളിൽ നിന്നുള്ള വിഹിതം പ്രായേണ സ്ഥിരപ്രകൃതമുള്ളതാണ്. എങ്കിൽപ്പോലും ഇക്കാര്യത്തിൽ കേരളം അഭിമുഖീകരിക്കുന്ന ചില പ്രതിലോമ സാഹചര്യങ്ങളിൽ നിന്ന് കോൾമേഖലയടക്കമുള്ള നെൽക്കൃഷിമേഖല വിമുക്തമല്ല. കാലാവസ്ഥയിലുണ്ടാകുന്ന പ്രകടമായ വ്യതിയാനങ്ങളാണ് ഇവയിൽ പ്രധാനം.

കാലാവസ്ഥാവ്യതിയാനവും കേരളത്തിലെ നെൽക്കൃഷിയും: ഒരു പൊതു അവലോകനം
സംസ്ഥാനത്ത് വാർഷികമഴയിൽ കഴിഞ്ഞ ആറ് ദശകങ്ങളോളമായി കുറവ് കാണപ്പെടുന്നുണ്ട്. കാലവർഷത്തിന്റെ കുറവ് വളരെ പ്രകടവുമാണ്. അന്തരീക്ഷ താപനിലയിലും വർധനവിന്റെ പ്രവണതയാണുള്ളത്. തുലാവർഷക്കാലത്താണ് താപനില വർദ്ധിക്കുന്നതിനുള്ള പ്രവണത പ്രകടമായി അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ തീരദേശമേഖലകൾ ചൂടേറുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുമ്പോൾ തൊട്ടു പിന്നിൽ ഹൈറേഞ്ച് മേഖലകൾ വരുന്നു. ഒന്നാം വിളക്കാലത്ത് പ്രളയം/വെള്ളപ്പൊക്കം നെൽക്കൃഷിക്ക് ഭീഷണി സൃഷ്ടിക്കുമ്പോൾ രണ്ടാം വിളക്കാലത്തനുഭവപ്പെടുന്ന വരൾച്ച തോട്ടവിളകളെ ബാധിക്കുന്നു. സംസ്ഥാനത്ത് 2018-–19 ആയപ്പോഴേക്കും നെൽകൃഷി ചെയ്തിരുന്ന വയലുകളുടെ വിസ്തൃതി 1951–-60 കാലത്തെ അപേക്ഷിച്ച് 50 ശതമാനം കണ്ടു കുറഞ്ഞു. ഉത്പാദനം ഇതേ കാലഘട്ടത്തിൽ 27 ശതമാനം കണ്ട് ഇടിഞ്ഞു. 1951-–60 കാലത്ത് 8 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന വയലേലകൾ 2019–-20 ആയപ്പോൾ കേവലം 2 ലക്ഷം ഹെക്ടർ ആയി കുറഞ്ഞു. ഒന്നാം വിളക്കാലത്തോ രണ്ടാംവിളക്കാലത്തോ ഉണ്ടാവുന്ന അതിശക്തമായ മഴ മൂലം നെല്ലുല്പാദനം കേരളത്തിൽ കുറയാറുണ്ട്. പ്രളയ വർഷങ്ങളിൽ ഉല്പാദനത്തിലെ ഇടിവ് 1.3% (1981) മുതൽ 14.9% (2007) വരെയായിരുന്നുവെന്ന് നാം കണ്ടു. സമീപവർഷങ്ങളിൽ സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ തീവ്രത വർധിച്ചിട്ടുണ്ടെന്നു കാണാം. അതിശക്തമായ മഴ വളരെ ചെറിയ സമയത്തിനുള്ളിൽ പെയ്തൊഴിയുന്ന സാഹചര്യം ഉണ്ടാകുന്നു. ഇത്തരം അവസ്ഥാ വിശേഷങ്ങൾ നെൽക്കൃഷിയിടങ്ങളെ വെള്ളത്തിനടിയിലാക്കുന്നു. 2018 ലും 2019 ലും അനുഭവപ്പെട്ട കനത്ത പ്രളയത്തിൽ നെൽക്കൃഷി മേഖലകൾ വെള്ളത്തിലാഴ്ന്നു. അതുപോലെ 2016ലെ ശോഷിതമായ തുലാവർഷം 2015-–16 ലെ ഉത്പാദനത്തിൽ ഇടിവുണ്ടാക്കി. 2015-–16 ൽ 5.5 ലക്ഷം ടണ്ണിന്റെ ഉത്പാദനം ഉണ്ടായത് 2016-–17 ൽ, 4.36 ടണ്ണായി ഇടിഞ്ഞു. അതുപോലെ 2018 ലെ അസ്വാഭാവിക വേനൽ മഴമൂലവും നെല്ലുല്പാദനം കുത്തനെ ഇടിഞ്ഞിരുന്നു. 2021 ജനുവരിയിൽ സംസ്ഥാനത്ത് കാലം തെറ്റി പെയ്ത അസ്വാഭാവിക മഴയും ചെറിയതോതിൽ നെൽക്കൃഷിക്ക് ദോഷം ചെയ്തു. രണ്ടുവിളക്കാലത്തും (വിരിപ്പ്, മുണ്ടകൻ) കനത്ത തോതിൽ മഴ പെയ്താൽ, അതുമൂലമുണ്ടാകുന്ന വെള്ളക്കെട്ട് വിളവ് കുറയ്ക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി ഒന്നാം വിളക്കാലത്ത് (വിരിപ്പ്), സംസ്ഥാനത്തെ ശരാശരി താപനിലയിൽ വർധനവ് ഉണ്ടായിരുന്നു. താപന സാഹചര്യങ്ങളിൽ പോലും സാങ്കേതിക മികവും പരിപാലന മികവും മൂലം ഒന്നാം വിളക്കാലത്ത് സംസ്ഥാനത്തെ നെല്ലുല്പാദനം പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിരിപ്പ് സീസണിലെ ശരാശരി താപനില 27 ഡിഗ്രി സെന്റിഗ്രേഡ് പരിധിയിൽകൂടാറില്ല, മാത്രമല്ല പകൽ ചൂട് എല്ലായ്-പ്പോഴും ശരാശരി 30 ഡിഗ്രി സെന്റിഗ്രേഡിലും കുറഞ്ഞ നിലയിലുമാണ്. തന്നെയുമല്ല, നെൽക്കൃഷിചെയ്യുന്ന പാടങ്ങളിൽ എല്ലായ്-പ്പോഴും ആവശ്യമായ തോതിൽ ജലം ഉണ്ടാകാറുമുണ്ട്. അതിനാൽ, അന്തരീക്ഷതാപനില വർദ്ധനവ് കാര്യമായി അനുഭവപ്പെടാറില്ലാത്ത ഒന്നാം വിളക്കാലത്ത് സംസ്ഥാനത്ത് കൂടുതൽ കൃഷിയിടങ്ങളിൽ നെൽക്കൃഷിയിറക്കുവാൻ തയ്യാറാക്കണം. തീർച്ചയായും സംസ്ഥാന സർക്കാർ ഈ ദിശയിലുള്ള പദ്ധതികളുമായി തന്നെയാണ് മുന്നോട്ടുപോകുന്നത് എന്നത് സ്വാഗതാർഹമാണ്. അരി പ്രധാന ഭക്ഷണമായ കേരളത്തിൽ മഴ കുറയുന്നു; അന്തരീക്ഷ താപനില ഉയരുന്നു; ഈർപ്പ സൂചിക കുറയുന്നു; വരൾച്ചാ സൂചിക ഉയരുന്നു; വരൾച്ചാവേളകൾകൂടുന്നു എന്നീ യാഥാർഥ്യങ്ങൾ നെൽക്കൃഷി മേഖലയെ കുറച്ചൊന്നുമല്ല വൈഷമ്യത്തിലകപ്പെടുത്തുന്നത്. കേരളത്തിലെ കാലാവസ്ഥാവ്യതിയാന സൂചകങ്ങൾ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കുതന്നെ വെല്ലുവിളി ഉയർത്തുന്നു എന്നാണ് ധരിക്കേണ്ടത്.

അന്തരീക്ഷതാപനില, മഴയുടെ അളവും വിതരണവും എന്നിവയ്-ക്ക് പുറമെ, കാർബൺ ഡയോക്സൈഡിന്റെ സാന്ദ്രതയും വിളകളുടെ വളർച്ചയെയും ഉല്പാദനത്തെയും ഗണ്യമായി സ്വാധീനിക്കുന്നു. മൺസൂണിന്റെ ഗതിവിഗതികൾ കാർഷികമേഖലയെ ബാധിക്കും. ചൂടേറിയ അന്തരീക്ഷത്തിൽ കൂടുതൽ ജലബാഷ്പം ഉൾക്കൊള്ളാനുള്ള ശേഷിമൂലം കനത്ത തോതിലുള്ള മഴപ്പെയ്ത്തിനും കാരണമാകും. ഒപ്പം തന്നെ, ചൂടേറുന്ന അവസ്ഥ ഉപരിതലജലാശയങ്ങളിൽ നിന്നുള്ള ബാഷ്പീകരണ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ധാന്യങ്ങളിലെ പോഷകങ്ങളെയും ബാധിക്കും
അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ് സാന്ദ്രത ഉയർന്നുകൊണ്ടേയിരിക്കുകയാണ്. അന്തരീക്ഷ താപനം ഏറ്റുന്നതോടൊപ്പം ഭക്ഷ്യസുരക്ഷ പോലെ സാമൂഹിക പ്രാധാന്യമുള്ള മേഖലകളിൽ പരോക്ഷമായെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കാൻ അന്തരീക്ഷത്തിലെ വർദ്ധിത കാർബൺഡയോക്‌സൈഡ് സാന്ദ്രതയ്ക്കാവും. ഭാവിയിൽ, ഇത് ആഗോളജനസമൂഹങ്ങൾക്ക് സുസ്ഥിരഭക്ഷ്യലഭ്യത ഉറപ്പാക്കാനാവാത്ത അവസ്ഥ സൃഷ്ടിക്കാം. 2050ഓടെ 100 കോടി ആളുകൾക്ക് ഭക്ഷ്യക്ഷാമം അനുഭവിക്കേണ്ടിവരും. ഹരിതഗൃഹവാതകമായ കാർബൺഡയോക്‌സൈഡിന്റെ അന്തരീക്ഷത്തിലെ വർദ്ധിതസാന്നിധ്യം താപനില ഉയരാൻ കാരണമാകുന്നു. ഉയർന്ന താപനില പൊതുവെ ധാന്യവിളകൾക്ക് ഹാനികരമാണ്. ഇന്നത്തെ നിലയിൽ പോയാൽ 2,100 -ഓടെ അന്തരീക്ഷ കാർബൺഡയോക്‌സൈഡ് സാന്ദ്രത ഉദ്ദേശം 550 പി പി എം ആയി ഉയരാനാണ് സാധ്യത. അനുമാനിത പഠനങ്ങൾ പ്രകാരം ഈ അവസ്ഥയിൽ ഏകദേശം 4°C താപവർദ്ധനവിനുള്ള സാധ്യതയാണുള്ളത്. 2050- ഓടെ ഉഷ്ണവാതങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റുകൾ തുടങ്ങിയ കാലാവസ്ഥാവ്യതിയാന പ്രഭാവങ്ങൾക്കുപുറമെ ജനങ്ങളുടെ പരമ്പരാഗതഭക്ഷ്യശീലങ്ങളെ വരെ ആഗോള താപനപ്രഭാവം ബാധിച്ചേക്കാം.

കാർബൺഡയോക്‌സൈഡിന്റെ അന്തരീക്ഷത്തിലെ വർധിതസാന്നിധ്യം മൂലം ഗോതമ്പ്, അരി, ഉരുളക്കിഴങ്ങ്, ചോളം തുടങ്ങി ജനങ്ങളുടെ മുഖ്യാഹാര വിളകളിലെല്ലാം മാംസ്യത്തിന്റെ അളവ് കുറയാനിടയുണ്ടെന്ന് ഇക്കാര്യം സംബന്ധിച്ച പഠനങ്ങൾ പറയുന്നു. തൽഫലമായി, 2050-ഓടെ ഇത്തരം കാർഷികോത്പന്നങ്ങൾ മുഖ്യാഹാരമായി ഉപയോഗിച്ചുവരുന്ന 47 രാഷ്ട്രങ്ങളിലെ 15 കോടി ജനങ്ങൾക്ക് പോഷകാഹാരക്കുറവുമൂലമുള്ള ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. ലോകജനസംഖ്യയുടെ 80 ശതമാനത്തോളവും ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയെയാണ് സ്വാഭാവിക പ്രോട്ടീൻ സ്രോതസ്സെന്ന നിലയിൽ ആശ്രയിച്ചു വരുന്നത്. അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡിന്റെ ഉയർന്ന തോത് ധാന്യങ്ങളുടെ പ്രോട്ടീൻ സംഭരണ ശേഷിയിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് ശതമാനത്തിന്റെയെങ്കിലും കുറവു വരുത്താൻ സാധ്യതയുണ്ട്. മുഖ്യ ഭക്ഷ്യവസ്തുക്കളിലെ പോഷണമൂല്യം കുറയുന്നതിന്റെ ഫലമായി ലോകത്തിലെ പല ജനവിഭാഗങ്ങളിലും പോഷകക്കുറവ് മൂലമുള്ള വൈകല്യങ്ങൾ വർധിക്കാനിടയുണ്ട്.

ഏതെങ്കിലും ഒരു ധാന്യം പ്രമുഖ ദൈനംദിന ഭക്ഷണം എന്ന നിലയിൽ ആശ്രയിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ആഗോളതാപനം മൂലം ഭക്ഷ്യപ്രതിസന്ധിയിൽ അകപ്പെടും എന്നത് നിശ്ചയമാണ്. പ്രത്യേകിച്ച്, അരി പ്രധാന ആഹാരമാക്കിയിട്ടുള്ളവരിലാണ് പ്രശ്‍നം രൂക്ഷമാകാനിടയുള്ളത്. കാർബൺഡയോക്‌സൈഡിന്റെ അധിക സാന്ദ്രതയുള്ള അന്തരീക്ഷത്തിൽ വളരുന്ന നെൽച്ചെടിയിൽ നിന്ന് ലഭിക്കുന്ന അരിയിൽ പോഷകമൂല്യം കുറവായിരിക്കും. വളരെ കുറഞ്ഞ അളവിലാണെങ്കിലും, ശാരീരിക ആരോഗ്യത്തിന് അനിവാര്യമായ ഇരുമ്പ്, സിങ്ക് മുതലായ മൂലകങ്ങൾ, പ്രോട്ടീൻ, ജീവകം -ബി എന്നിവയും അരിയിൽ കുറവായിരിക്കും. പത്തോളം രാഷ്ട്രങ്ങൾ ആണ് തങ്ങളുടെ പ്രമുഖ ഭക്ഷണമെന്ന നിലയിൽ അരിയെ സ്വീകരിച്ചിരിക്കുന്നത്.

ഉത്പാദനക്ഷമതയിൽ കുറവില്ല; 
താപനില വില്ലനാകുന്നില്ല
നെൽക്കൃഷിയിടങ്ങളുടെ വിസ്തൃതിയിൽ ഇടിവുണ്ടായിട്ടുണ്ട് എന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോൾ തന്നെ, നിശ്ചിത വിസ്തൃതിയിൽ നിന്നും ലഭിക്കുന്ന വിളവ് (ഉല്പാദന ക്ഷമത) വർധിക്കുന്നുവെന്ന വസ്തുതയും തിരിച്ചറിയണം. നെല്ലുല്പാദനത്തിൽ 1951-–80 മുതൽ 1981-–2019 കാലയളവിൽ, ഉല്പാദന ക്ഷമതയിൽ (ഹെക്ടറൊന്നിന് ലഭിക്കുന്ന വിളവ്) 60 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യോല്പാദനം വർധിപ്പിക്കുവാൻ സ്വീകരിച്ചിരിക്കുന്ന വിവിധങ്ങളായ സാങ്കേതിക രീതികൾ, മികച്ച പരിപാലന രീതികൾ, നെൽക്കൃഷി മിഷൻ പദ്ധതിയിലൂടെ നടപ്പാക്കി വരുന്ന വിള പരിപാലനം എന്നിവയെല്ലാം ഈ വർദ്ധനയ്ക്ക് കരണമായിട്ടുണ്ട്. 2020–-21 ലാണ് ഏറ്റവും കൂടുതൽ ഉത്പാദനക്ഷമത രേഖപ്പെടുത്തിയത് – – ഹെക്ടറൊന്നിന് 3.09 ടൺ. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി ഒന്നാം വിളക്കാലത്ത് (വിരിപ്പ്), സംസ്ഥാനത്തെ ശരാശരി താപനിലയിൽ വർധനവ് ഉണ്ടാകുന്നുണ്ട്. താപനസാഹചര്യങ്ങളിൽ പോലും സാങ്കേതികമികവും പരിപാലന മികവും മൂലം ഒന്നാംവിളക്കാലത്ത് സംസ്ഥാനത്തെ നെല്ലുല്പാദനം പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിരിപ്പ് സീസണിലെ ശരാശരി താപനില 27 ഡിഗ്രി സെന്റിഗ്രേഡ് പരിധിയിൽകൂടാറില്ല, മാത്രമല്ല പകൽ ചൂട് എല്ലായ്–പ്പോഴും ശരാശരി 30 ഡിഗ്രി സെന്റിഗ്രേഡിലും കുറഞ്ഞ നിലയിലുമാണ്. തന്നെയുമല്ല, നെൽക്കൃഷിചെയ്യുന്ന പാടങ്ങളിൽ എല്ലായ്-പ്പോഴും ആവശ്യമായ തോതിൽ ജലം ഉണ്ടാകാറുമുണ്ട്. അതിനാൽ, അന്തരീക്ഷതാപനിലയിലെ വർദ്ധനവ് കാര്യമായി അനുഭവപ്പെടാറില്ലാത്ത ഒന്നാം വിളക്കാലത്ത് സംസ്ഥാനത്ത് കൂടുതൽ കൃഷിയിടങ്ങളിൽ നെൽക്കൃഷിയിറക്കുവാൻ തയ്യാറാക്കണം. തീർച്ചയായും സംസ്ഥാന സർക്കാർ ഈ ദിശയിലുള്ള പദ്ധതികളുമായി തന്നെയാണ് മുന്നോട്ടുപോകുന്നത് എന്നത് സ്വാഗതാർഹമാണ്. കേരളത്തിൽ പ്രതിവർഷം അന്തരീക്ഷതാപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും നെൽക്കൃഷിമേഖലയിലെ ഉല്പാദനക്ഷമത വർധിച്ചുവരുന്നുവെന്നത് ശ്രദ്ധേയമാണ്. അതായത്, അന്തരീക്ഷതാപനത്തിലുള്ള വർദ്ധനവ് നെൽക്കൃഷിയെസംബന്ധിച്ചിടത്തോളം അനുകൂലപ്രതികരണമാണ് ഉളവാക്കുന്നത്. 1952-–1980 കാലയളവിൽ നിന്ന് 1981-–2021 വർഷ കാലയളവിലെത്തിയപ്പോൾ നെൽക്കൃഷിയിടങ്ങളുടെ വിസ്തൃതിയിലും ഉല്പാദനത്തിലും യഥാക്രമം 51 ശതമാനത്തിന്റെയും 28 ശതമാനത്തിന്റെയും കുറവ് കാണപ്പെട്ടു. എന്നാൽ, ഇതേ കാലയളവിൽ ഉല്പാദന ക്ഷമതയിൽ 63 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.

1950കളെ അപേക്ഷിച്ച് കഴിഞ്ഞ 67 വർഷത്തിനിടെ കേരളത്തിലെ വയലേലകളുടെ വിസ്തീർണ്ണത്തിൽ 72 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1995-–96 മുതൽ വിസ്തൃതി കുത്തനെ കുറഞ്ഞു. അതേ സമയം റബ്ബർ കൃഷിയിടങ്ങൾ. തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ വിളകളുടെ വിസ്തൃതിയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കുറഞ്ഞു പോകുന്നത് വയലേലകൾ മാത്രം. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി സർക്കാർതലത്തിൽ നല്കുന്ന പ്രോത്സാഹനത്തിന്റെയും ശ്രമത്തിന്റെയും, തരിശുരഹിത കൃഷിഭൂമിപദ്ധതിയുടെയും ഭാഗമായി സമീപവർഷങ്ങളിൽ നെൽക്കൃഷിയുടെ വിസ്തൃതിയിൽ നേരിയ വർദ്ധനവ് ഉണ്ട്. കൃഷിയിടങ്ങളുടെ വിസ്തൃതിയിലും അവയിൽ നിന്നുള്ള ഉല്പാദനത്തിലും 1951-–60, 1961-–70, 1971–80 എന്നീ ദശകങ്ങളിൽ വർധനവുണ്ടായെങ്കിലും പിന്നീടങ്ങോട്ടുള്ള ദശകങ്ങളിൽ ക്രമാനുഗതമായ കുറവുണ്ടായി. എന്നാൽ, കൃഷിയിടങ്ങളുടെ വിസ്തീർണാടിസ്ഥാനത്തിൽനിന്നുള്ള വിളവ് കണക്കാക്കുമ്പോൾ ഉത്പാദനത്തിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്.

ഇതരകൃഷിയിടങ്ങളിൽ നിന്നും വിഭിന്നമായി കോൾനിലങ്ങളിലെ കൃഷി നേരിട്ട് മഴയെ ആശ്രയിക്കുന്നില്ല. മഴ ശമിച്ചതിനുശേഷമാണ് കോൾനിലങ്ങളിൽ പുഞ്ച ആരംഭിക്കുന്നതുതന്നെ. വേണ്ടത്ര ഈർപ്പം നിലനിൽക്കുന്ന കോൾനിലങ്ങളെ വരൾച്ചയും അത്ര പെട്ടെന്ന് പിടികൂടുന്നില്ല. അസ്വാഭാവിക കാലാവസ്ഥാപ്രഭാവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ പോലും കൃഷിയിടത്തിലേയും കൃഷിക്കാലത്തെയും അനുകൂല സാഹചര്യങ്ങൾ ആണ്, ഉത്പാദനക്ഷമതയുടെ കാര്യത്തിൽ കോൾനിലങ്ങളെ മികവിൽ നിർത്തുന്നത്.

ഉപഭോക്തൃ സംസ്ഥാനമായി തുടരും
സംസ്ഥാനത്ത് ഒരിക്കലും ആഭ്യന്തരആവശ്യത്തിന് വേണ്ട നെല്ലുല്പാദനം നടത്തിയിരുന്നില്ല. 1950 കളിൽ തന്നെ ആവശ്യത്തിന്റെ പകുതി പോലും ഉത്പാദനം കൈവരിച്ചിരുന്നില്ല. ഉല്പാദനം, ആവശ്യകത എന്നിവയ്-ക്കിടയിലെ വിടവ് ക്രമേണ വർദ്ധിച്ചു. സംസ്ഥാനത്ത് ഇന്ന് പ്രതിവർഷം 40 ലക്ഷം ടണ്ണിലേറെ അരിയുടെ ആവശ്യമുണ്ട്. ഉത്പാദനമാവട്ടെ കേവലം 6.3 ലക്ഷം ടൺ മാത്രവും – 84 ശതമാനത്തിന്റെ കുറവ്. എന്നു പറഞ്ഞാൽ, നിലവിലെ കൃഷിയിട വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഉല്പാദന ക്ഷമത വർദ്ധിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചാൽ തന്നെയും ഇതേ ഉല്പാദന നിരക്കിൽ നിലവിലെ ഭക്ഷ്യആവശ്യകത പൂർണ്ണമായി നിറവേറ്റണമെങ്കിൽ കൃഷിയിടവിസ്തീർണ്ണം ഇപ്പോഴുള്ളതിനേക്കാൾ ഏഴിരട്ടിയെങ്കിലും കൂടുതൽ കാണേണ്ടിവരും. ഇതേ നിലയിൽ പോകുന്ന പക്ഷം, ഭക്ഷ്യസുരക്ഷ നിലനിർത്താൻ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃസംസ്ഥാനം എന്ന പദവി കേരളത്തിന് ഒരിക്കലും കൈമോശം വരാനിടയില്ല. ഒരുപക്ഷേ വരുംനാളുകളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ ഇറക്കുമതി അവതാളത്തിലായാൽ കേരളത്തിന്റെ ഭക്ഷ്യശീലം തന്നെ മാറ്റിയെഴുതേണ്ടി വരും. കാലാവസ്ഥാപരമായ തീക്ഷ്ണപ്രഭാവങ്ങൾ രാജ്യത്ത് അടിക്കടി അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ ഗൗരവമായ വിഷയമായി ഇത് കണക്കാക്കപ്പെടണം.

2007 അവസാനം മുതൽ ആഗോളാടിസ്ഥാനത്തിൽ നെല്ലുല്പാദനത്തിൽ വൻ ഇടിവ് ഉണ്ടായി. കാലാവസ്ഥയിലെ വ്യതിയാനം, പ്രത്യേകിച്ച് ആഗോള താപനപ്രത്യാഘാതങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്തകാരണങ്ങൾ മൂലമാണ് ഉല്പാദനത്തിൽ കുറവുണ്ടായത്. ഇന്ത്യയിൽ 2009, 2014, 2015 എന്നീ വർഷങ്ങളിൽ ദുർബലമായ കാലവർഷം മൂലം നെല്ലുല്പാദനത്തിൽ കുറവുണ്ടായി. മാത്രമല്ല, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, കർണാടകം, കേരളം എന്നിവിടങ്ങൾ വ്യാപകമായ പ്രളയ ഭീഷണിയും നേരിടേണ്ടി വന്നു. കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ കൂടിയ തോതിൽ അനുഭവപ്പെടുന്ന വരൾച്ച, കനത്തതോതിലുള്ള വെള്ളപ്പൊക്കം എന്നിവ നെൽക്കൃഷിയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളി ഉയർത്തുന്നവയാണ്. കാലവർഷാശ്രിത കൃഷി സമ്പ്രദായം അവലംബിക്കുന്ന സംസ്ഥാനങ്ങളെല്ലാം തന്നെ കടുത്ത ഭക്ഷ്യ-അരക്ഷിതാവസ്ഥയിലേക്കും നീങ്ങുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

കാലാവസ്ഥാ വ്യതിയാനത്തെ 
അതിജീവിക്കുന്ന സുസ്ഥിരകൃഷി (ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ)
ഹരിതഗൃഹവാതകഉത്സർജ്ജനം വർധിപ്പിക്കാതെ തന്നെ 900 കോടി ജനങ്ങളെ തീറ്റിപ്പോറ്റുക എന്നതാണ് 2100-ഓടെ ലോകം അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. വികസ്വരരാഷ്ട്രങ്ങളെ സംബന്ധിച്ച് കാലാവസ്ഥാവ്യതിയാനത്തിന് ഇപ്പോഴും ഭാവിയിലും ഭക്ഷ്യസുരക്ഷയിൽ പ്രത്യക്ഷവും പ്രരോക്ഷവുമായ നിർണ്ണായക സ്വാധീനം ചെലുത്താനാകും. അതിന്റെ പ്രത്യാഘാതങ്ങൾക്ക് ഈ രാജ്യങ്ങൾ രൂക്ഷമായി വഴിപ്പെടുകയും ചെയ്യും. ഭക്ഷ്യസുരക്ഷ പോയിട്ട് സുരക്ഷിതഭക്ഷണം പോലും അന്യമാകുന്ന അത്തരം സാഹചര്യത്തിൽ പോഷകഘടകങ്ങളുടെ അഭാവം രൂക്ഷമായ രീതിയിൽ ജനങ്ങളിലുണ്ടാവുകയും തന്മൂലം കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ പ്രതിരോധശേഷി കുറയാനിടവരികയും ചെയ്യുന്നു. പുതിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ പ്രതിരോധശേഷി കുറഞ്ഞ ജനസമൂഹങ്ങൾക്ക് പിടിച്ചുനിൽക്കാനാവില്ല എന്നതാണ് നിർഭാഗ്യകരമായ അവസ്ഥ.

മനുഷ്യപ്രേരിത കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ കൃഷി രീതികൾ, മൃഗസംരക്ഷണ മേഖലകൾ, വിളകൾ എന്നിവ അത്തരം സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് അതിജീവിക്കുന്ന തരത്തിൽ ഭൂമേഖലകളെ പരിപാലിക്കുന്നതിനുള്ള ഒരു സംയോജിത സമീപനമാണ് ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ. ഹരിതഗൃഹവാതകഉത്സർജ്ജനം കുറയ്-ക്കുന്നതോടൊപ്പം ജനസംഖ്യാവർധനവിനനുസൃതമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നത് ഇത്തരം കൃഷി സമ്പ്രദായത്തിന്റെ ലക്ഷ്യമാണ്. സുസ്ഥിരകൃഷി മാത്രമല്ല, കൃഷിയിടങ്ങളിൽ നിന്നുള്ള ഉൽപാദനക്ഷമത മെച്ചപ്പെടുത്തുക എന്നതിലും ഇത്തരം കൃഷിസമ്പ്രദായം തുല്യപരിഗണന നൽകുന്നു. കാലാവസ്ഥാക്രമങ്ങൾ കടുത്ത വ്യതിയാനങ്ങൾക്ക് വിധേയമാകുന്ന ഘട്ടങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി അനുകൂലനശേഷിയും ലഘൂകരണമാർഗ്ഗങ്ങളും പൊരുത്തപ്പെട്ടുപോകുന്ന ഒരു രീതിക്കാണ് പ്രാമുഖ്യം നൽകേണ്ടത്. സുസ്ഥിരകാർഷികസംവിധാനം അഥവാ “കാലാവസ്ഥാ വ്യതിയാനാതിജീവിത സുസ്ഥിരകൃഷി’ ഇക്കാര്യം ഉറപ്പ് നൽകുന്നു. പാരമ്പര്യ കൃഷിസമ്പ്രദായങ്ങൾ, ജൈവവൈവിധ്യം എന്നിവ ഇത്തരം സമ്പ്രദായത്തിൽ പരിഗണനയർഹിക്കുന്നു.
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − eleven =

Most Popular