Tuesday, June 18, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിന്റെ 
‘ആരാണ് 
ജനങ്ങളുടെ 
സുഹൃത്തുക്കൾ’ 
എന്ന കൃതിയുടെ പുനർവായന

ലെനിന്റെ 
‘ആരാണ് 
ജനങ്ങളുടെ 
സുഹൃത്തുക്കൾ’ 
എന്ന കൃതിയുടെ പുനർവായന

ഡോ. അമൽ പുല്ലാർക്കാട്ട് (അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, എം.ജി. യൂണിവേഴ്സിറ്റി)

ലെനിൻ എന്ന പേരിന് ഒരു മുഖവുര ആവശ്യമില്ല. സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന പദ്ധതി പ്രാഥമികമായി സാധ്യമാക്കുകയും അത്തരത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വിപ്ലവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്‌ത നേതാവാണ് വ്ളാദിമിർ ലെനിൻ. ബോൾഷെവിസവും കമ്യൂണിസ്റ്റ് ഇന്റർനാഷണലുമെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്. അത്തരത്തിലൊരു നേതാവിന്റെ ആശയപരമായ വളർന്നുവരവും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന ചിന്തകളും എപ്രകാരമായിരുന്നു എന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം നൽകുന്നതാണ് ആരാണ് “ജനങ്ങളുടെ സുഹൃത്തുക്കൾ ‘അവർ സോഷ്യൽ ഡെമോക്രാറ്റുകളോട് എന്തിന് പോരാടുന്നു’ എന്ന അദ്ദേഹത്തിന്റെ ആദ്യപുസ്തകം. ഈ പുസ്‌തകം 1894 ൽ ലെനിന് കേവലം 24 വയസുള്ളപ്പോൾ എഴുതിയതാണ്. റഷ്യയിൽ റൊമനോവ് രാജവംശത്തിന്റെ ഭരണകൂടം നിലനിന്ന കാലത്ത് അതിനെതിരെ പോരാടിയ മാർക്സിസ്റ്റ് മുന്നേറ്റത്തെ ആക്രമിക്കുന്ന സമീപനം സ്വീകരിച്ച ചില പോപ്പുലിസ്റ്റ് റാഡിക്കൽ ചിന്തകർക്കുമെതിരായ താർക്കിക സംവാദങ്ങളാണ് ലെനിൻ ഈ പുസ്‌തകത്തിൽ ഉന്നയിക്കുന്നത്. അക്കാലത്ത് ഒരു പുതിയ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ പണിപ്പുരയിലായിരുന്ന നേതാക്കളെയെല്ലാം ലെനിന്റെ ഈ പുസ്‌തകം ആവേശംകൊള്ളിക്കുകയും അതിവിപ്ലവപരമായ സിദ്ധാന്തങ്ങളെ എങ്ങനെ നേരിടണമെന്ന തെളിച്ചം അവർക്ക് നൽകുകയും ചെയ്യുന്നുണ്ട്. ലെനിന്റെ സുഹൃത്തും പിന്നീട് രാഷ്ട്രീയമായി അദ്ദേഹത്തിന്റെ എതിർപക്ഷമായ മെൻഷെവിക്കുകളുടെ നേതാവായി മാറുകയും ചെയ്‌ത ജൂലിയസ് മാർതോവ് ഈ പുസ്‌തകത്തെ ഒരു “സാഹിത്യ സമ്മാനം” എന്നാണ് വിശേഷിപ്പിച്ചത്. ഈ പുസ്‌തകം അക്കാലത്ത് “ഞങ്ങളെ എത്രമേൽ ആവേശം കൊള്ളിച്ചു” എന്ന് ലെനിന്റെ പങ്കാളിയായ നദേഷ്ദ ക്രൂപ്-സകായയും രേഖപ്പെടുത്തുന്നുണ്ട്. എൻ. മിഖായേലോവ്സ്കിയുടെ “Our So Called Marxists or Social Democrats”, “Literature and Life”, എസ്. ക്രിവെൻകോയുടെ “Our Cultural Free Lenses”, എസ്. യുഷകോവിന്റെ “Problems of Russia’s Economic Development” തുടങ്ങിയ റഷ്യയിലെ മാർക്സിസ്റ്റുകളെ ആക്രമിക്കുന്ന രചനകൾക്കുള്ള മറുപടിയായിട്ടാണ് ലെനിൻ ഈ പുസ്‌തകം അവതരിപ്പിച്ചിട്ടുള്ളത്.

മാർക്സിസ്റ്റുകൾ ശക്തമായി ഉയർന്നുവരുന്നതിനും മുൻപ് സാറിസ്റ്റ് റഷ്യയിൽ നിക്കോളായ് ചെർണിഷേവിസ്‌കി, അലക്സാണ്ടർ ഹെർസൺ തുടങ്ങിയവർ ആശയപരമായി നേതൃത്വം നൽകിയ തീവ്രഇടതുപക്ഷ മുന്നേറ്റമായ ‘നരോദ്-നായ വോള്യ’ (ജനങ്ങളുടെ ഇച്ഛാശക്തി) എന്ന സംഘടനയാണ് ശക്തമായി പ്രവർത്തിച്ചിരുന്നത്. ലെനിന്റെ ജേ-്യഷ്ഠസഹോദരനായ അലക്സാണ്ടർ ഇലിച്ച് ഉല്യനോവ് (സാഷ) ഈ സംഘടനയുടെ ഭാഗമായിരുന്നു. ഈ സംഘടനയുടെ നേതൃത്വത്തിലാണ് 1881 ൽ റഷ്യൻ ചക്രവർത്തിയായ സാർ അലക്സാണ്ടർ രണ്ടാമനെ വധിക്കുന്നത്. സമാനമായി 1887 ൽ റഷ്യൻ ചക്രവർത്തിയായ സാർ അലക്സാണ്ടർ മൂന്നാമനെ വധിക്കാനുള്ള ഈ സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമായി സാഷ പിടിക്കപ്പെടുകയും തന്റെ ഇരുപത്തിയൊന്നാം വയസിൽ വധശിക്ഷക്ക് വിധേയനാക്കപ്പെടുകയുമാണ് ചെയ്‌തത്‌. സാഷയിൽ നിന്നു വ്യത്യസ്തമായി ലെനിന് നരോദ്നിസത്തോട് ആശയപരമായി ശക്തമായ വിയോജിപ്പാണ് ഉണ്ടായിരുന്നത്. ‘‘നിങ്ങൾ ഒരു സാർ ചക്രവർത്തിയെ കൊലപ്പെടുത്തിയാൽ അത് മറ്റൊരു സാർ ചക്രവർത്തിയുടെ കിരീടധാരണത്തിലേക്ക് നയിക്കുന്നതല്ലാതെ മറ്റൊരു മാറ്റവും കൊണ്ടുവരുന്നില്ല’’ എന്ന് ലെനിൻ സൂചിപ്പിക്കുന്നു. മാത്രമല്ല ഇത്തരം ഒരു തീവ്രവാദപ്രവർത്തനം ജനങ്ങൾക്ക് ചക്രവർത്തിയോടുള്ള ഇഷ്ടവും ബഹുമാനവും വർധിപ്പിക്കുകയും അത് കൂടുതൽ അനുകമ്പാപൂർണമായ വിധേയത്വത്തിലേക്ക് അവരെ നയിക്കുകയുമാണ് ചെയ്യുന്നതെന്നും ലെനിൻ വ്യക്തമാക്കുന്നു. മാത്രമല്ല ജനങ്ങളുടെ ജീവിതം അടിമത്തപൂർണമാക്കുകയും അവരെ ദ്രോഹിക്കുകയുമാണ് ചക്രവർത്തി ചെയ്യുന്നതെങ്കിലും സമൂഹത്തിൽ മതവും രാജാധികാരവുമെല്ലാം ചേർന്ന് നിർമ്മിക്കുന്ന ആശയപരമായ മേധാവിത്തം അതിനെയെല്ലാം മറച്ചുപിടിക്കുകയും ചക്രവർത്തിയോടുള്ള വിധേയത്വം നിരന്തരം നിലനിർത്തുകയുമാണ് ചെയ്യുന്നത്.

റഷ്യയുടെ 1890 കളിലെ ഫ്യൂഡലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള പ്രവേശനം തന്നെയും അനാവശ്യമായ ഒരുകാര്യമായാണ് നരോദ്-നിക്കുകൾ വീക്ഷിച്ചത്. “ജനങ്ങളിലേക്ക് പോകുന്നു’ എന്ന തങ്ങളുടെ മുദ്രാവാക്യമുയർത്തി റഷ്യൻ ഗ്രാമങ്ങളെയും അവിടത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെയും കാല്പനികമായി രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് തെറ്റായ കാഴ്ചപ്പാടാണ്. നരോദ്-നിക്കുകൾ പറയുന്നതുപോലെ ഗ്രാമങ്ങളിലെ കർഷകർ മുതലാളിത്തത്തിനെതിരായ സ്വാഭാവികമായ പോരാളികളല്ല. അവരുടെ പാരമ്പര്യമായ കാർഷിക സമൂഹങ്ങൾ വിമോചനത്തിലേക്കും സോഷ്യലിസത്തിലേക്കും നയിക്കും എന്ന കാഴ്ചപ്പാട് അടിസ്ഥാനപരമായി തന്നെ തെറ്റാണ്. അവരെ ആശയപരമായും രാഷ്ട്രീയമായും സംഘടിപ്പിക്കുകയാണ് വേണ്ടത്. നരോദനിസം യാഥാർഥ്യങ്ങളോട് കടകവിരുദ്ധമായി പ്രതികരിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികളുടെയും കർഷകരുടെയും രാഷ്ട്രീയ ഐക്യവും സംഘാടനവുമാണ് ആവശ്യം. ഇത്തരത്തിൽ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ആഗോളമായ ഐക്യമാണ് ഉയർന്നുവരേണ്ടത്.

റഷ്യയിൽ മാർക്സിസത്തിന് തുടക്കംകുറിക്കുന്നത് ജോർജി പ്ലഖനോവ് എന്ന നേതാവാണ്. റഷ്യൻ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന അടിയാളത്ത വ്യവസ്ഥിതിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് റഷ്യൻ മാർക്സിസത്തിന്റെ പിതാവ് എന്നറിയപ്പെട്ട പ്ലഖനോവിന്റെ കടന്നുവരവ്. റഷ്യയുടെ വിമോചനപോരാട്ടത്തെ സംബന്ധിച്ച് നരോദനിസം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുമായി കലഹിച്ചുകൊണ്ടാണ് പ്ലഖനോവ് തന്റെ പ്രത്യയശാസ്ത്രത്തിന് രൂപം നൽകുന്നത്. അദ്ദേഹം പിന്നീട് മെൻഷെവിക്കുകളുടെ പക്ഷത്താണ് നിലയുറപ്പിച്ചിരുന്നതെങ്കിലും ലെനിൻ ഗുരുസ്ഥാനീയനായി കണ്ടിരുന്നയാളാണ്. നരോദ്-നിക്കുകൾ പറയുന്നതുപോലെ റഷ്യക്ക് മാത്രമായി ഒരു സോഷ്യലിസ്റ്റ് പാത കണ്ടെത്താൻ കഴിയില്ലെന്നും ഉൽപാദന ബന്ധങ്ങളുടെ ചരിത്ര പ്രക്രിയയിലും വികാസത്തിലും റഷ്യ വ്യത്യസ്തമായല്ല നിൽക്കുന്നത് എന്നും പ്ലഖനോവ് വാദിച്ചതും ലെനിന് ആശയവ്യക്തത നൽകിയ ഒന്നായിരുന്നു.

നിലനിൽക്കുന്ന വസ്തുനിഷ്ഠമായ സാമൂഹിക സാഹചര്യങ്ങളെ വസ്തുനിഷ്ഠമായ വിലയിരുത്തലുകളോടെ സമീപിച്ചുകൊണ്ട് എന്താണ് ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായത് എന്ന് മനസ്സിലാക്കി മുൻപോട്ട് പോവുകയാണ് വേണ്ടത് എന്ന് ലെനിൻ പറയുന്നു. തൊഴിലാളി വർഗത്തിനും അടിച്ചമർത്തപ്പെട്ട ദേശീയ വിഭാഗങ്ങൾക്കും ബൂർഷ്വാ വിഭാഗങ്ങളിൽ നിന്ന് സ്വതന്ത്രമായ പ്രത്യയശാസ്‌ത്ര അടിത്തറ അത്യന്താപേക്ഷിതമാണ്. കാരണം ബൂർഷ്വാ ജനാധിപത്യവാദികൾക്കും ലിബറൽ യാഥാസ്ഥിതികർക്കും അടിച്ചമർത്തപ്പെടുന്ന വർഗങ്ങളുടെ ദുരിതങ്ങൾ അതിന്റെ ആഴങ്ങളിൽ മനസ്സിലാക്കുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ആവിഷ്‌കാരമില്ല. തന്മൂലം ഇവരിൽനിന്ന് അടിസ്ഥാനവർഗങ്ങൾ പ്രത്യയശാസ്ത്രപരമായി തന്നെ വിഭിന്നരാണ്. അതിനാൽ തൊഴിലാളിവർഗം അവരോട് സഹകരിച്ച് സ്വയം ബലിയാടുകളാവേണ്ടതില്ല. ഇവിടെ ഒരു ലിബറൽ നരോദനിക് ചിന്തകനായ മിഖായിലോവ്സ്കി സൈദ്ധാന്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തന്റെ ജേണലായ ‘റുസ്‌കയെ ബൊഗാട്സ്റ്റുവോ’ (റഷ്യൻ സമ്പത്ത്) യിൽ റഷ്യൻ മാർക്സിസ്റ്റുകൾക്കെതിരായി ശക്തമായ പ്രചരണങ്ങൾ നടത്തുകയുണ്ടായി. ലെനിൻ അതിന് മറുപടിയെന്നവണ്ണം അദ്ദേഹത്തോട് പറയുന്ന ഒരുകാര്യം മിഖായിലോവ്സ്കി മാർക്സിനെ പുകഴ്ത്തിപ്പറയുന്നത് കുറയ്ക്കുകയും ശ്രദ്ധയോടെ അദ്ദേഹത്തെ വായിക്കാൻ ശ്രമിക്കുകയും വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കുകയും ചെയ്താൽ ഇത്തരത്തിൽ ഒരു പ്രചാരവേലയുമായി ഇറങ്ങിപ്പുറപ്പെടേണ്ടി വരില്ല എന്നാണ്.

ഒന്നേകാൽ നൂറ്റാണ്ടിനിപ്പുറം ഇന്ന് ഈ കൃതി വായിക്കുമ്പോഴും നിലവിലെ ലോകസാഹചര്യത്തിലും ഇത് പ്രസക്തമാണ് എന്ന് കാണുവാൻ കഴിയും. ലെനിൻ ഈ ഗ്രന്ഥത്തിൽ അതിവിപ്ലവകാരികളെ വിമർശിക്കുന്നതിനൊപ്പം തൊഴിലാളി-–കർഷക ഐക്യം കെട്ടിപ്പടുക്കുക എന്ന ആശയം വളരെ ശക്തമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. മുതലാളിത്തം ഫ്യൂഡൽ ശക്തികളുമായി സന്ധി ചെയ്ത്- വികസിക്കുന്ന സമൂഹങ്ങളിൽ ജനാധിപത്യവിപ്ലവത്തിന്റെ ആണിക്കല്ലായി പ്രവർത്തിക്കേണ്ടത് തൊഴിലാളി–കർഷകസഖ്യമാണെന്ന സങ്കൽപ്പനം ആദ്യമായി മുന്നോട്ടുവയ്ക്കുന്നത് ഈ കൃതിയിൽ ലെനിനാണ് എന്നത് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.ഇത് നിശ്ചയമായും ദേശ-കാലങ്ങൾക്ക് അതീതമായി വർത്തിക്കുന്ന ഒരു സംജ്ഞയാണ്. പുതിയ ലോകസാഹചര്യങ്ങളിലും ഈ കാലഘട്ടം ആവശ്യപ്പെടുന്നത് ഇതിൽ നിന്നും ഒട്ടും വ്യത്യസ്‍തമല്ല. മുതലാളിത്തത്തിന്റെ ചൂഷണം വൈവിധ്യമാം വിധം വർധിച്ച അവസ്ഥയിലാണ്. അതിനെ മൂടിവയ്ക്കുവാനായി ആഗോളമായിത്തന്നെ വർഗീയതയെയും വംശീയതയെയും ഇളക്കിവിടുന്നു. ഇന്ത്യയിലടക്കം ഇന്ന് സാമ്രാജ്യത്വ-വർഗീയ ശക്തികളോട് പൊരുതുന്നതിൽ പ്രതീക്ഷാനിർഭരമായൊരു പങ്കുവഹിക്കുന്നത് തൊഴിലാളികളും കർഷകരും ഉയർത്തുന്ന സമരങ്ങളാണ്. അങ്ങനെ നോക്കിയാൽ നിശ്ചയമായും ദേശാതീതവും കാലാതീതവുമായ വായനാമൂല്യമുള്ള ഒരു രചനയാണ്‌ വ്ളാദിമിർ ലെനിന്റെ ഈ ആദ്യപുസ്‌തകം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − two =

Most Popular