Monday, October 14, 2024

ad

Homeനിരീക്ഷണംസാമ്പത്തിക അസമത്വം 
പാരമ്യത്തിലായ 
മോദിക്കാലം

സാമ്പത്തിക അസമത്വം 
പാരമ്യത്തിലായ 
മോദിക്കാലം

എ കെ രമേശ്

ലോക്-സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നടുക്കാണ് 2024 മാർച്ച് മാസത്തിൽ, ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെപ്പറ്റി തോമസ് പിക്കറ്റിയടക്കമുള്ള ലോകപ്രശസ്തരായ നാല് സാമ്പത്തിക വിദഗ്ധർ ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്.
” ഇന്ത്യയിലെ സാമ്പത്തിക അസമത്വം: “ബ്രിട്ടീഷ് കൊളോണിയൽ രാജി’ നേക്കാൾ അസമമാണ് ഇപ്പോഴത്തെ “ബില്യണർരാജ്’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ നിതിൻ കുമാർ ഭാർതി,ഹാവാർഡ് കെന്നഡി സ്കൂളിലെ ലൂക്കാസ് ചാൻസൽ, പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ തോമസ് പിക്കറ്റി, പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ തന്നെ അൻമോൽ സൊമാഞ്ചി എന്നിവരാണ് ലേഖകർ.

ഇങ്ങനെയൊരസമത്വം ചരിത്രത്തിലാദ്യം
സ്വതന്ത്ര ഭാരതത്തിൽ 1980 വരെയുള്ള കാലത്ത് അസമത്വം കുറഞ്ഞുവരികയായിരുന്നു ; എന്നാൽ അതിനു ശേഷം അത് കൂടാൻ തുടങ്ങി. പക്ഷേ 2000 ത്തിന്റെ തുടക്കത്തോടെ അസമത്വം കുതിച്ചുയരുകയായിരുന്നു എന്നാണ് അവർ കണ്ടെത്തിയത്.

2014-–15 നും 2022- – 23 നും ഇടക്ക് സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെ കാര്യത്തിൽ വിശേഷിച്ചും ഈ അസമത്വം വളരെ സ്പഷ്ടമായിരുന്നു എന്നും അവർ നിരീക്ഷിക്കുന്നുണ്ട്.

2022-–23 ൽ അതിസമ്പന്നരായ ഒരു ശതമാനം പേരുടെ വരുമാനവും സമ്പത്തും അതിശീഘ്രം പെരുകുന്ന കാര്യം റിപ്പോർട്ട് എടുത്തുപറയുന്നു. രാജ്യത്തെ ആകെ വരുമാനത്തിന്റെ 22.6 ശതമാനവും ആകെ സമ്പത്തിന്റെ 40.1 ശതമാനവും ഈ ഒരു ശതമാനത്തിന്റെ കൈയിലായി. ചരിത്രത്തിൽ ആദ്യമായാണ് സമ്പത്തിന്റെ ഇമ്മാതിരിയൊരു കേന്ദ്രീകരണം. ലോകത്തെവിടെയും അതിസമ്പന്നർ ഇത്രയും വലിയ പങ്ക് സ്വന്തമാക്കിയിട്ടില്ല. അതിനുകാരണം ഇന്ത്യയിലെ പ്രതിലോമപരമായ നികുതി സമ്പ്രദായമാണ് എന്നും അവർ കൃത്യമായി നിരീക്ഷിക്കുന്നു.

ചാടി വീഴുന്ന സംഘപരിവാർ
167 അതിസമ്പന്നരായ ഇന്ത്യക്കാർക്ക് 2 ശതമാനം സൂപ്പർ ടാക്സ് ചുമത്തിയാൽ അത് ദേശീയ റവന്യൂ വരുമാനത്തിന്റെ അര ശതമാനം വരും എന്ന് പിക്കറ്റിയും കൂട്ടരും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ സാമ്പത്തിക വിവരങ്ങളുടെ ഗുണനിലവാരം വളരെ മോശമാണെന്നും അത് സമീപകാലത്തായി കൂടുതൽ അധ:പതിച്ചിരിക്കുകയാണെന്നുമാണ് ഈ വിദഗ്ധ സംഘം അന്ന് നിരീക്ഷിച്ചത്. സമീപകാലത്തെ സമ്പത്ത് കേന്ദ്രീകരണത്തിന്റെ നിജസ്ഥിതി വളരെ കൃത്യമായി അറിയുന്നതിനുള്ള തടസ്സങ്ങൾ അവർ എടുത്തുപറയുന്നുണ്ട്. ഇന്ത്യയുടെ ജിഡിപിയുടെ ഒരു ശതമാനത്തിലേറെ വരും ദുബായിയിൽ മാത്രമുള്ള ഇന്ത്യക്കാരുടെ ഓഫ് ഷോർ ആസ്തികൾ എന്നും അവിടത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആകെയുള്ള വിദേശ ഉടമസ്ഥതയുടെ 20 ശതമാനവും ഇന്ത്യക്കാരുടേതാണെന്നും അൽ സ്റ്റാഡ്സെയിറ്റർ ഗ്ലോബൽ ടാക്സ് ഇവേഷൻ റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യവും അവർ ഓർമ്മിപ്പിക്കുന്നു.

എന്നാൽ ഇങ്ങനെയൊരു രേഖ പുറത്തിറങ്ങിയതും സംഘപരിവാർ സ്വാധീനത്തിൽ പെട്ട വലിയൊരു നിര വിമർശകർ അതിനെതിരെ പടപ്പുറപ്പാടുമായി ഇറങ്ങിത്തിരിച്ചു.

ബില്യണർ രാജിൽ കൊളോണിയൽ രാജിലും മോശമാണ് അസമത്വം എന്ന തലക്കെട്ട് തിരഞ്ഞെടുത്തത് “കൊളോണിയൽ ക്രൂരതകൾക്ക് വെള്ളപൂശാനാണ്’ എന്നുവരെയായി പരിഹാസം. 2024 മാർച്ച് 27 ന്റെ ലൈവ് മിന്റിലും മെയ് 7 ന്റെ ഔട്ട്ലുക്കിലും വിമർശനക്കൂരമ്പുകൾ തുരുതുരാ വന്നു.

സൂക്ഷ്മപഠനം പറയുന്നത്
ഇതേ സംഘം ഇക്കാര്യത്തിൽ കുറേക്കൂടി സൂക്ഷ്മ പഠനം നടത്തി തയാറാക്കിയതാണ് മെയ് 24 ന് പ്രസിദ്ധപ്പെടുത്തിയ “ഇന്ത്യയിലെ കടുത്ത സാമ്പത്തിക അസമത്വത്തെ നേരിടാനുള്ള ‘ഒരു സ്വത്ത് നികുതി പാക്കേജ് നിർദേശങ്ങൾ’ (proposals for a wealth tax package to tackle extreme inequalities in India) എന്ന രേഖ.

പിന്തുടർച്ചാ നികുതിയെക്കുറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാദകോലാഹലങ്ങൾ നടന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പഠനം പുറത്തുവരുന്നത്.

അതിസമ്പന്നരുടെ മേൽ വാർഷിക സ്വത്ത് നികുതിയും പിന്തുടർച്ചാ നികുതിയും ചുമത്തണമെന്നാണ് ഇവരുടെ നിർദേശം. 10 കോടിക്കുമേൽ സമ്പത്തുള്ളവർക്ക് ഇങ്ങനെയൊരു നികുതി ഏർപ്പെടുത്തിയാൽ രാജ്യത്തെ മുതിർന്ന പൗരരുടെ 0.04 ശതമാനത്തിനെയേ ഇത് ബാധിക്കൂ. നാട്ടിലെ സമ്പത്തിന്റെ നാലിലൊരു ഭാഗം അവരുടെ കൈയിലാണ്.

99.96 ശതമാനത്തിനെയും ഒഴിവാക്കിക്കൊണ്ട്, ഈ അത്യതി സമ്പന്നരായവർക്കുള്ള നികുതി ശ്രദ്ധേയമായ രീതിയിൽ ഉയർത്തണം എന്നാണ് നിർദേശം.10 കോടിയിലേറെ സ്വത്തുള്ളവരോട് 2 ശതമാനം വാർഷിക സ്വത്ത് നികുതിയും 33 ശതമാനം പിന്തുടർച്ചാ നികുതിയും ഈടാക്കിയാൽ അത് ജിഡിപിയുടെ 2.73 ശതമാനം വരും. ഇതുവഴി മാത്രം വിദ്യാഭ്യാസത്തിനുള്ള പൊതുചെലവ് ഏതാണ്ട് ഇരട്ടിയാക്കാനാവും. പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത് 6 ശതമാനമാണെങ്കിലും, കഴിഞ്ഞ 15 വർഷമായി അത് 2.9 ശതമാനത്തിൽ സ്തംഭിച്ചു നിൽക്കുകയാണ് എന്ന കാര്യം ഓർമ്മിപ്പിക്കുന്നുമുണ്ട് ഈ രേഖ.

ഞെട്ടിപ്പിക്കുന്ന കേന്ദ്രീകരണവും 
ജാതി ശ്രേണിയും
സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെ ഞെട്ടിപ്പിക്കുന്ന ഒരു കണക്കും അവർ അവതരിപ്പിച്ചു. മേലേപ്പാളിയിലെ ഒരു ശതമാനം പേർ ആകെ സമ്പത്തിന്റെ 40.1 ശതമാനം കൈയടക്കിവെക്കുമ്പോൾ, 0.1ശതമാനം പേർ 30 ശതമാനത്തിന്റെ ഉടമകളാണ്. ആകെ സമ്പത്തിന്റെ 22 ശതമാനമാണ് ജനസംഖ്യയുടെ 0.01 ശതമാനത്തിന്റെ കൈയിൽ. എന്നാൽ വെറും 10,000 പേരടങ്ങുന്ന 0.001 ശതമാനത്തിന്റെ കാര്യമോ? രാജ്യത്താകെയുള്ള സമ്പത്തിന്റെ 17 ശതമാനമാണ് അവരുടെ കെെയിൽ. താഴേതട്ടിലുള്ള 50 ശതമാനത്തിന്റെ സമ്പത്തിന്റെ മൂന്നിരട്ടിയാണ് ഈ പതിനായിരം പേരുടെ കൈയിൽ!

ഈ ഭീമൻ അസമത്വത്തിന് ജാതി വ്യവസ്ഥയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുതിയ പഠനത്തിന്റെ സവിശേഷത. ഫോർബ്സ് ബില്യണേഴ്സ് പട്ടികയിൽ പെട്ടവരെ ജാതി അടിസ്ഥാനത്തിൽ വർഗീകരിച്ച് പഠിച്ചപ്പോൾ, അതിൽ ഏതാണ്ട് 90 ശതമാനവും മേൽജാതി വിഭാഗത്തിൽ പെട്ടവരാണ്. പട്ടികജാതിയിൽപെട്ടവർ വെറും 2.6 ശതമാനവും മറ്റു പിന്നാക്കക്കാർ 10 ശതമാനവുമേ വരൂ എന്നാണ് കണ്ടത്. ഒബിസി വിഭാഗത്തിന്റെ പങ്ക് 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ചുരുങ്ങിയപ്പോൾ “മേൽജാതി” ക്കാരുടെ പങ്ക് 80 ശതമാനത്തിൽ നിന്ന് 90 ശതമാനമായി വർദ്ധിച്ചു. ഇങ്ങനെയൊന്ന് സംഭവിച്ചത് മോഡിക്കാലത്താണ്.

നാഷണൽ സാമ്പിൾ സർവേയും 
നിഗമനങ്ങൾ ശരിവെക്കുന്നു
അതുകൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതി കൃത്യമായറിയാൻ, മോഡിക്കാലത്ത് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ എന്ന കേന്ദ്ര സർക്കാർ ഏജൻസി പുറത്തുവിട്ട ഇന്ത്യാ ഡെബ്റ്റ് ആന്റ്- ഇൻവെസ്റ്റ്മെന്റ്- സർവേയിലെ (AIDIS) വിവരങ്ങളുമായി ഒത്തുനോക്കുന്നുണ്ട് പഠനം. അവിടെയാണ് സംഘപരിവാറിന്റെ സവർണ യുക്തി തുറന്നുകാട്ടപ്പെടുന്നത്.

ജനസംഖ്യയുടെ 25 ശതമാനം മാത്രമാണ് “മേൽജാതി’ക്കാർ. പക്ഷേ ആകെ ദേശീയ സമ്പത്തിന്റെ 55 ശതമാനവും അവരുടെ കൈയിലാണ്. ഇക്കൂട്ടർ മാത്രമാണ് ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ സമ്പത്ത് കൈകാര്യം ചെയ്യുന്നത്. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യാ ശതമാനത്തിന്റെ പാതിയിൽ താഴെ മാത്രമാണ് സമ്പത്തിന്റെ ശതമാനം. ഒബിസി വിഭാഗത്തിന് ഇത് ജനസംഖ്യാ ശതമാനത്തിന്റെ ഏതാണ്ട് 75 ശതമാനമാണ്.

അതുകൊണ്ടുതന്നെ, “മേൽജാതി’ക്കാർ ദേശീയ സമ്പത്തിന്റെ സാരമായി അനുപാതരഹിതമായ ഒരു പങ്ക് കൈവശം വെക്കുന്നുണ്ട്. ഇന്ത്യൻ ശത കോടീശ്വരർ മുഖ്യമായും ഒരു അപ്പർ കാസ്റ്റ് ക്ലബ്ബാണ് താനും. എന്നിരിക്കെ, തങ്ങൾ നിർദ്ദേശിക്കുന്ന നികുതിപാക്കേജ് “അത്യതി സമ്പന്നരായ വളരെക്കുറച്ച് “മേൽജാതി’ കുടുംബങ്ങൾക്ക് മാത്രം നഷ്ടകരമാണെങ്കിലും, “താഴ്ന്ന ജാതി”ക്കാർക്കും ഇടത്തരക്കാർക്കും പ്രയോജനകരമായിരിക്കും എന്ന് ലേഖകർ വ്യക്തമാക്കുന്നു.

‘‘കടുത്ത സാമ്പത്തിക അസമത്വത്തിന്റെ പ്രശ്നം അഭിസംബോധന ചെയ്യപ്പെടുന്നതോടൊപ്പം, ഇത്തരമൊരു നികുതി ഇന്ത്യയിലെ സാമൂഹിക – – സാമ്പത്തിക അസമത്വങ്ങൾ തമ്മിലുള്ള അയവില്ലാത്ത ബന്ധം ദുർബലപ്പെടുത്തുന്നതിൽ ഒരു ചെറിയ പങ്ക് നിറവേറ്റുകയും ചെയ്യും’ എന്നാണ് അവരുടെ പ്രതീക്ഷ.

പക്ഷേ ഇങ്ങനെയൊരു നിരീക്ഷണം വെച്ചുപൊറുപ്പിക്കാൻ സംഘപരിവാറിന് ആവില്ല. ഇതിനെതിരെയും ചാടിവീഴുക തന്നെ ചെയ്യും അക്കൂട്ടർ. എന്നാൽ കാര്യങ്ങൾ മറച്ചുപിടിക്കാൻ കുത്തക പത്രങ്ങൾ എത്ര ശ്രമിച്ചാലും (ജാതി ബന്ധത്തിന്റെ കാര്യം മിണ്ടിയിട്ടില്ല ഗോദി മീഡിയ) സത്യം പുറത്തുവരാതിരിക്കില്ല. ജനങ്ങൾ അത് ഏറ്റെടുക്കുക തന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular