Friday, December 13, 2024

ad

Homeനിരീക്ഷണംആഖ്യാനങ്ങളെ കടപുഴക്കിയ 
കോടതി വിധികൾ

ആഖ്യാനങ്ങളെ കടപുഴക്കിയ 
കോടതി വിധികൾ

അഡ്വ. കെ അനിൽകുമാർ

ലോക്-സഭാ തിരഞ്ഞെടുപ്പിൽ നാനൂറിലധികം സീറ്റുകൾ ഉറപ്പാണെന്ന ആഖ്യാനം നിർമിച്ച് എതിരാളികളെ ബഹുദൂരം തങ്ങൾ പിന്നിലാക്കിയെന്ന പ്രതീതിയോടെ നിലകൊണ്ടിരുന്ന മോദി സർക്കാരിനും എൻഡിഎ മുന്നണിക്കും, ഓരോ തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ പിന്നിടുമ്പോഴും കനത്ത തിരിച്ചടിയാണ് അനുഭവപ്പെടുന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട തിരഞ്ഞെടുപ്പ് ആഖ്യാനങ്ങൾ ദുർബലപ്പെട്ടു. മോദി ഗാരന്റിയിൽ ആരംഭിച്ച് പ്രതിപക്ഷത്തെ നിഷ്-പ്രയാസം കീഴടക്കാനുറച്ച ബിജെപി സർക്കാരിന് ഓരോ ഘട്ടവും കനത്ത വെല്ലുവിളിയാണുണ്ടാക്കിയത്. കഴിഞ്ഞ രണ്ടു ലോക-്സഭാ തിരഞ്ഞെടുപ്പുകളിൽ പയറ്റിയ വർഗീയ ചേരുവകളോ, അതിദേശീയതയുടെ വീമ്പുപറച്ചിലുകളോ കാറ്റുപിടിക്കാതെ വന്നതിനാൽ യാതൊരു നിലവാരവുമില്ലാത്ത മ്ലേച്ഛമായ വാദങ്ങൾ പ്രധാനമന്ത്രിയും സംഘവും ആവർത്തിക്കുന്നതാണ് തിരഞ്ഞെടുപ്പുവേദിയിൽ കാണാനായത്. ഇത്തരമൊരു നില സൃഷ്ടിക്കുന്നതിൽ സുപ്രീംകോടതിയുടെ ഇടപെടലുകൾ വഹിച്ച പങ്ക് ചരിത്രപരമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

നമ്മുടെ ഭരണഘടനയുടെ 124–ാം അനുച്ഛേദമനുസരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മുപ്പതംഗ സുപ്രീംകോടതി ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. സുപ്രീംകോടതിയിലേയും ഹെെക്കോടതികളിലേയും ന്യായാധിപരുടെ നിയമനം കെെപ്പിടിയിലൊതുക്കാൻ 2015ൽ മോദി സർക്കാർ നടത്തിയ നിയമനിർമാണം സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിരുന്നു. അതിനെ തുടർന്ന് ന്യായാധിപ നിയമനം നടത്താനുള്ള അധികാരം കൊളീജിയം സംവിധാനത്തിലൂടെ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിമാർക്കായി. എന്നാൽ നിയമനവും സ്ഥലമാറ്റവും സംബന്ധിച്ച് കൊളീജിയം നൽകിയ ശുപാർശകൾ അംഗീകരിക്കാതെ നിരന്തരം കലഹിക്കുകയാണ് നിയമമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ചെയ്തത്. വർഷങ്ങളോളം ഹെെക്കോടതികളിലും സുപ്രീംകോടതിയിലും ഒഴിവുകൾ നികത്താതെ സ്തംഭനാവസ്ഥയുണ്ടാക്കി. അവസാനം സുപ്രീംകോടതി കർശന നിലപാട് സ്വീകരിച്ചതോടെ മോദി സർക്കാരിന് മുട്ടുകുത്തേണ്ടി വന്നു. ഇതിനിടയിൽ തമിഴ്നാട്ടിൽ മഹിളാമോർച്ചയുടെ നേതാവായിരുന്ന വിക്ടോറിയാ ഗൗരിയെപ്പോലുള്ളവരെ ഹെെക്കോടതി ജഡ്ജിമാരാക്കാനും സംഘപരിവാറിന് സാധിച്ചു. കൊൽക്കത്ത ഹെെക്കോടതിയിൽ ജഡ്ജിയായിരുന്ന ഒരാളെ സർവീസിൽനിന്ന് രാജിവയ്പിച്ചാണ് ബിജെപി ലോക്-സഭയിലേക്ക് മത്സരിപ്പിച്ചത്. മറ്റൊരു ജഡ്ജി തന്റെ റിട്ടയർമെന്റ് പ്രസംഗത്തിലാണ് മൂന്നുപതിറ്റാണ്ടായി താൻ ആർഎസ്എസുമായി ഇഴുകിച്ചേർന്നയാളായിരുന്നുവെന്നു വെളിപ്പെടുത്തിയത്. നാല് സുപ്രീംകോടതി ജഡ്ജിമാരാണ് ഒരു പത്രസമ്മേളനം നടത്തി സുപ്രീംകോടതിയിലെ കേസുകൾ കെെകാര്യം ചെയ്യേണ്ടവരെ നിശ്ചയിക്കുന്നതിൽ ബാഹ്യതാൽപ്പര്യങ്ങൾ ബാധിക്കുന്നതായി തുറന്നടിച്ചത്. അത്തരമൊരു സുപ്രീംകോടതിയാണ് അസാധാരണമായ ഇടപെടലിന്റെ കരുത്ത് പ്രകടിപ്പിച്ചത്. തങ്ങൾ വീണ്ടും അധികാരത്തിലെത്തിയാൽ 1973 ലെ കേശവാനന്ദ ഭാരതി കേസ് ഭേദഗതി ചെയ്യുമെന്ന് സംഘപരിവാർ നിലപാട് എടുത്തിട്ടുണ്ട്. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അത് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുബന്ധമായി ഉന്നതമായ നീതിന്യായ വ്യവസ്ഥയെ മാറ്റിയെടുക്കാനും ഭരണഘടനയുടെ മൂലക്കല്ലുകൾ പിഴുതെറിയാനും ലക്ഷ്യമിട്ട ബിജെപിക്കുമുന്നിൽ, സമീപകാലത്തെ സുപ്രീംകോടതി വിധികൾ ഉയർത്തിയ നിലപാടുകൾ രാജ്യചരിത്രത്തിൽത്തന്നെ നിർണായകമായി.

തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ നിയമ സാധുത സംബന്ധിച്ച് സിപിഐ എം ഉൾപ്പെടെ മൂന്നു പരാതിക്കാർ നൽകിയ കേസിലെ വിധിയാണ് ഒരു തുടക്കമായത്. 2017ൽ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി മോദി സർക്കാർ കൊണ്ടുവന്നപ്പോൾ തന്നെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിൽ ശക്തമായ എതിർപ്പുയർത്തി. തികച്ചും നിഗൂഢമായി, നിയമവിരുദ്ധമായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ കോർപറേറ്റ് കമ്പനികളെ അനുവദിക്കുകയും അതിന്റെ പ്രതിഫലമായി അവരിൽ നിന്നും പണം തട്ടുകയുമാണ് തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ ലക്ഷ്യമെന്ന് പാർട്ടി ഉറച്ച നിലപാട് സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടു വഴിയുള്ള പണം മാറ്റിയെടുക്കാൻ രാഷ്ട്രീയപാർട്ടികൾ പ്രത്യേക പാൻ നമ്പർ എടുക്കുംമുമ്പ് പ്രത്യേക അക്കൗണ്ട് തുടങ്ങണമായിരുന്നു. സിപിഐ എം അതിനു തയ്യാറായില്ല. നിയമം പാസ്സായതിനെതുടർന്ന് കോടതിയിൽ ചോദ്യം ചെയ്തുകൊണ്ട് ശക്തമായ നിയമപോരാട്ടത്തിന് സിപിഐ എം നേതൃത്വം നൽകി. 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കഥകളെ മാറ്റിയെഴുതിയ സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ജനപ്രാതിനിധ്യനിയമം, കമ്പനി നിയമം, റിസർവ് ബാങ്ക് നിയമം തുടങ്ങിയ നിയമവ്യവസ്ഥകളിൽ കൊണ്ടുവന്ന എല്ലാ മാറ്റങ്ങളും നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകൾക്കെതിരുമാണെന്ന് വിധിച്ച കോടതി തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ പണം കെെക്കലാക്കിയ രാഷ്ട്രീയ പാർട്ടികളുടെയും പണം നൽകിയവരുടെയും വിവരങ്ങൾ കൃത്യതയോടെ പ്രസിദ്ധീകരിക്കാൻ വിധിയിൽ നിർദേശിച്ചു. തിരഞ്ഞെടുപ്പ് ബോണ്ട് നടത്തിപ്പുകാരായ എസ്ബിഐയെക്കൊണ്ട് ഗുണഭോക്താക്കളുടെ വിവരങ്ങൾ പുറത്തുവരുന്നത് തടയാനായി നടത്തിയ നീക്കങ്ങൾ അതിനേക്കാൾ ശക്തിയോടെ സുപ്രീംകോടതി ചെറുത്തു. അവസാനം തിരഞ്ഞെടുപ്പ് ബോണ്ട് കൊള്ളയുടെ വിവരങ്ങൾ പുറത്തുവന്നതോടെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും, സംസ്ഥാനങ്ങളിൽ ഭരണം നടത്തിയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും കെെപ്പറ്റിയ ശതകോടികളുടെ വിവരം പുറത്തായി. ഇഡി, ആദായ നികുതിവകുപ്പ്, സിബിഐ എന്നീ കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തിയ റെയ്ഡുകളുടെ പിന്നാലെ, വിവിധ സ്ഥാപനങ്ങളും വ്യക്തികളും കോടിക്കണക്കിനു രൂപയാണ് തിരഞ്ഞെടുപ്പ് ബോണ്ടായി ബിജെപിക്ക് നൽകിയത്. നിലവാരമില്ലാത്ത മരുന്നുകൾ വിൽപ്പന നടത്തുന്ന ഫാർമ കമ്പനികൾ, കോവിഡ് വാക്സിൻ നിർമാണ കുത്തകക്കാരായിരുന്ന സിറം കമ്പനി എന്നിങ്ങനെ നിഗൂഢമായ ഇടപാടുകൾ മറനീക്കി. ഷെൽ കമ്പനികൾ വഴി കോടിക്കണക്കിനു രൂപയുടെ കെെമാറ്റം നടത്താനും ഇലക്ടറൽ ബോണ്ട് മറയായി. അഴിമതിരഹിത പാർട്ടിയെന്ന ബിജെപിയുടെ അവകാശവാദം പൊളിച്ചടുക്കിക്കൊണ്ട്, നരേന്ദ്രമോദിയുടെ കള്ളപ്പണ വിരോധത്തിന്റെ പൊയ്-മുഖമാണ് കോടതിവിധിയിലൂടെ പിച്ചിച്ചീന്തപ്പെട്ടത്. ആ വിധിയോടെ, ലോക്-സഭാ തിരഞ്ഞെടുപ്പിൽ പണമൊഴുക്കുന്നതിന് പല പരിമിതികളും ബിജെപിക്കുണ്ടായിയെന്നതും മറന്നുപോകരുത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് വ്യവസ്ഥയെ ശുദ്ധീകരിക്കാൻ സുപ്രീംകോടതി നടത്തിയ ഇടപെടൽ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി.

തിരഞ്ഞെടുപ്പ് രംഗത്ത് മേൽക്കെെ നേടാൻ പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയെന്നത് ബിജെപി സർക്കാർ ഒരു പതിവാക്കിയിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ജയിലിലടയ്ക്കപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനും, പകരം മുഖ്യമന്ത്രിയെ നിശ്ചയിക്കാനും തയ്യാറായ ഹേമന്ദ് സോറന്റെ വഴിയല്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്-രിവാൾ സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ നിയമമനുസരിച്ച് കുറ്റാരോപിതനായയാൾ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ ജാമ്യം അനുവദിക്കാൻ വിചാരണക്കോടതികൾക്ക് അധികാരമില്ല. ഹേമന്ദ് സോറൻ ജാമ്യാപക്ഷേ നൽകുകയും അത് നിരാകരിക്കപ്പെടുകയും ചെയ്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്-രിവാൾ പോരാട്ടത്തിന്റെ മറ്റൊരു വഴി തെരഞ്ഞെടുത്തു.

അറസ്റ്റുതന്നെ നിയമവിരുദ്ധമാണെന്ന നിലപാടാണ് കെജ്-രിവാൾ കോടതിയിൽ ബോധിപ്പിച്ചത്. ലോക്-സഭാ തിരഞ്ഞെടുപ്പിലൂടെ രാജ്യത്തെ എൺപതുകോടിയിലേറെ മനുഷ്യർ അഞ്ചുവർഷക്കാലത്തേക്ക് നമ്മുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന സമയത്ത് 2022 മുതൽ ആരംഭിച്ച ഡൽഹി മദ്യനയക്കേസ്സിന്റെ ഭാഗമായ ഒരു ദേശീയപാർട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായി ഒരാളെ ജയിലിലാക്കുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് നിരക്കുന്ന നടപടിയല്ല എന്ന് സുപ്രീംകോടതി വിധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനായി ഒരു രാഷ്ട്രീയ നേതാവിന് സുപ്രീംകോടതി അനുമതി നൽകുന്നത് അസാധാരണ നടപടിയാണ്. ജാമ്യാപേക്ഷ പോലും നൽകാത്ത ഒരു പ്രതിക്ക് തങ്ങളിൽ അർപ്പിതമായ അധികാരം വിനിയോഗിച്ച് തിരഞ്ഞെടുപ്പ് കാലത്ത് മൂന്നാഴ്ചയോളം പ്രചരണത്തിനിറങ്ങാൻ കെജ്-രിവാളിനെ സുപ്രീംകോടതി അനുവദിച്ചത് ഗുണകരമായ ഒരു മാറ്റമാണ് ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയത്.

സിപിഐ എം അംഗവും ന്യൂസ് ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർകായസ്തയെ സിഎംഎൽഎ കേസിൽ കുടുക്കി ജയിലിലടച്ച നടപടി റദ്ദാക്കിയതാണ് സുപ്രീംകോടതിയുടെ മൂന്നാമത്തെ നിർണായക ഇടപെടൽ. ഇന്ത്യക്കെതിരായി ചെെനീസ് താൽപ്പര്യങ്ങൾ പ്രകാരമുള്ള ആശയങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന പ്രചാരണം അഴിച്ചുവിട്ട് ദേശസ്നേഹത്തിന്റെ ആടയാഭരണങ്ങൾ അണിഞ്ഞാണ് കള്ളക്കേസ് സൃഷ്ടിച്ചത്. പ്രബീർ നേതൃത്വം നൽകിയ ന്യൂസ് ക്ലിക്ക് എന്ന ഓൺലെെൻ പോർട്ടൽ കർഷകസമരത്തെ പിന്തുണയ്ക്കുകയും മോദിസർക്കാരിന്റെ കോർപറേറ്റ് പ്രീണനത്തിനെതിരായി സുദൃഢമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ന്യൂസ് ക്ലിക്ക് കെെപ്പറ്റിയ എല്ലാ സാമ്പത്തിക സഹായവും അക്കൗണ്ട് വഴി മാത്രമാണ്. വിദേശസഹായത്തിന് ആർബിഐ അനുമതിയുമുണ്ട്. രണ്ടുവർഷം നീണ്ട പരിശോധനയിൽ നിയമവിരുദ്ധമായ യാതൊന്നും കണ്ടെത്താനായില്ല. നാൽപ്പതിലേറെ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ന്യൂസ് ക്ലിക്ക് ലേഖകർ ഉൾപ്പെടെയുള്ളവരുടെ ഫോണുകളും ലാപ്ടോപ്പുകളും നിയമവിരുദ്ധമായി പിടിച്ചെടുക്കുകയും ചെയ്തു. സിപിഐ എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഇ മെയിൽ സന്ദേശം അയച്ചത് ചെെനീസ് താൽപ്പര്യങ്ങൾക്കായിട്ടാണെന്ന് നുണപ്രചാരണം നടത്തി. സീതാറാം യെച്ചൂരിയെ വരെ കേസിലേക്ക് വലിച്ചിഴയ്ക്കാൻ നീചമായ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. പിഎംഎൽഎ കേസിൽ പ്രതിയായി ജയിലിടയ്ക്കപ്പെടുന്ന ഒരാൾക്ക് ജാമ്യസാധ്യതകൾ തീരെ ഇല്ലാതിരിക്കെ, അറസ്റ്റിനെ ചോദ്യം ചെയ്ത് പ്രബീർ നൽകിയ ഹർജിയിലാണ് ഇഡിയുടെയും കേന്ദ്ര സർക്കാരിന്റെയും എല്ലാ കുതന്ത്രങ്ങളെയും പൊളിച്ചടുക്കിയ നിലപാട് സുപ്രീംകോടതി സ്വീകരിച്ചത്.

രാജ്യത്തെ പരമോന്നത കോടതികളിൽനിന്ന് ആശാവഹമായ വിധിന്യായങ്ങൾ ലഭ്യമായത് ശ്രദ്ധിക്കപ്പെടുമ്പോഴും ഹെെക്കോടതികൾ ഇത്തരം കാര്യങ്ങൾ കെെകാര്യം ചെയ്യുന്നതിലെ രീതികൾ ആശാവഹമല്ല. ഏതൊരു കേസ്സിനും സുപ്രീംകോടതി മാത്രമാണാശ്രയമെന്നു വരുന്നത് നീതിനിർവഹണ വഴികളെ പ്രകാശമാനമാക്കുന്നില്ല. എന്തുകൊണ്ട് ഹെെക്കോടതികളിലെ ന്യായാധിപർക്ക് ഈ നിയമതത്വങ്ങൾ മനസ്സിലാക്കാനാകുന്നില്ല എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഒരു സ്ഥാപനത്തിലെ ഒരു പറ്റം ന്യായാധിപരുടെ സഗൗരവമാർന്ന നീതിബോധത്തിൽ മാത്രം, രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാവി പരിമിതപ്പെടേണ്ടതുമല്ല. എങ്കിലും ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ച് സമയോചിതമായി നിലപാട് സ്വീകരിച്ചവർക്ക് ചരിത്രം നൽകുന്ന സ്ഥാനം ഉയർന്നുതന്നെയിരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − 8 =

Most Popular