Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിആഗോള കാലാവസ്ഥാ വ്യതിയാനം 
കേരളത്തിന്റെ പശ്ചാത്തലത്തിൽ

ആഗോള കാലാവസ്ഥാ വ്യതിയാനം 
കേരളത്തിന്റെ പശ്ചാത്തലത്തിൽ

പ്രൊഫ.സി.രവീന്ദ്രനാഥ്

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സന്തുലിതമായ കാലാവസ്ഥയില്‍ വലിയ മാറ്റം സംഭവിക്കുന്നതിനെയാണ് കാലാവസ്ഥാ വ്യതിയാനം എന്നു പറയുന്നത്. ഒരു ആവാസ വ്യവസ്ഥയുടെ സന്തുലനം നിലനിര്‍ത്തുവാന്‍ പ്രകൃതി യുക്തിഭദ്രമായി വിന്യസിച്ചിട്ടുള്ള ശീതോഷ്ണാവസ്ഥയാണ് കാലാവസ്ഥ. കേരളം അനന്യമായ ഒരു ആവാസ വ്യവസ്ഥയാണ്. കിഴക്ക് മുഴുവനും വലിയ പര്‍വ്വതം (പശ്ചിമഘട്ടം). പടിഞ്ഞാറ് മുഴുവനും തീരദേശം (അറബിക്കടല്‍). ഇങ്ങനെ ഒരുക്കപ്പെട്ട സുന്ദര പ്രദേശങ്ങള്‍ ലോകത്ത് വളരെ വിരളമാണ്. രണ്ടിനുമിടയില്‍ ഫലഭൂയിഷ്ഠമായ ഇടനാട്. ഈ ഭൂമിയിലൂടെ 41 നദികള്‍ പടിഞ്ഞാറോട്ട് ഒഴുകുന്നു. അങ്ങനെ 41 നീര്‍ത്തടങ്ങളായി കേരളം വിഭജിക്കപ്പെട്ടിരിക്കുന്നു. 14 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോഴും പ്രകൃതിദത്തമായി 41 നീര്‍ത്തടങ്ങളായിട്ടാണ് തെക്ക് വടക്കായി കേരളം വിഭജിക്കപ്പെട്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഒരു ഭൂവിഭാഗത്തിന്റെ അടിസ്ഥാന യൂണിറ്റ് നീര്‍ത്തടമാണ്. 3 നദികള്‍ കിഴക്കോട്ട് ഒഴുകുന്നുണ്ട്. അവ വനനീര്‍ത്തടങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. 560 കി.മീ. നീളത്തില്‍ 38863 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഭൂവിഭാഗത്തില്‍ 41 നദികള്‍ ഒഴുകുന്ന ഒരു പ്രദേശവും ലോകത്തില്ല. പ്രകൃതി രമണീയവും മനോഹരവുമായ ആവാസ വ്യവസ്ഥയാണ് ഈ പ്രദേശം.

44 നീര്‍ത്തടങ്ങളും ജൈവവൈവിധ്യസമ്പന്നമായ സുവര്‍ണ്ണ ഭൂപ്രദേശങ്ങളാണ്. ഇവയുടെ ജലസ്രോതസ്സുകളായ വനനീര്‍ത്തടങ്ങള്‍ ജൈവ വൈവിധ്യത്തില്‍ അദ്വിതീയ സ്ഥാനത്തുള്ളവയാണ്. കേരളത്തിലെ വനജൈവ വൈവിധ്യം അവര്‍ണനീയമാണ്, അമൂല്യമാണ്, സമ്പന്നമാണ്. വനപ്രദേശത്തെ വൈവിധ്യ സമ്പത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണ് കേരളത്തിന്റെ ഇടനാട്. ഇടനാട്ടിലുള്ള മണ്ണ് ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലമാണ്. ഈ ഭൂപ്രദേശം ജലസംഭരണശേഷിയുടെ ഉത്തമ ഉദാഹരണമാണ്. ഈ കരഭൂമിയിലൂടെ ഒഴുകുന്ന നദികളും വൈവിധ്യത്താല്‍പൂര്‍ണ്ണമായും അനുഗ്രഹിക്കപ്പെട്ടതാണ്. ചുരുക്കത്തില്‍ വൈവിധ്യത്തിന്റെ അനന്ത സാധ്യതകള്‍ കുമിഞ്ഞുകൂടിയ സമ്പന്നമായ ഭൂപ്രദേശമാണ് കൊച്ചുകേരളം.

ഇടനാടിനോട് ചേര്‍ന്ന തീരപ്രദേശവും ഏറ്റവും സമ്പന്നമാണ്. തീരക്കടലിലെ വൈവിധ്യം വിശ്വപ്രസിദ്ധമാണ്. ഇത്രയധികം സമ്പന്നമായ കടല്‍ ജീവികള്‍ ഉള്ള തീരങ്ങള്‍ വളരെ അപൂര്‍വ്വമാണ്. വനത്തിന്റെ ജൈവസമ്പന്നതയുടെ അംശങ്ങള്‍ മഴയിലൂടെയും വെള്ളത്തിലൂടെയും ഇടനാടുകളിലെ സമഗ്രമായ വൈവിധ്യത്തേയും തഴുകിക്കൊണ്ടാണ് കടലിലെത്തുന്നത്. ഈ വൈവിധ്യസമ്പന്നതയുടെ അംശങ്ങളെ മുഴുവന്‍ ഭക്ഷിക്കുവാന്‍ കടലില്‍ പലതരം ജീവികള്‍ വേണം. കടലിന്റെ ജൈവസമ്പന്നതയുടെ കാരണം അപ്പോൾ ബോധ്യപ്പെട്ടിരിക്കും. കടലിലെ ചാകര ചില കാലത്ത് ചില പ്രദേശത്ത് മാത്രമാണുള്ളത്. അക്കാലത്ത് ഉണ്ടാകുന്ന വനത്തിലെ ജൈവ സാധ്യതകളേയും പ്രശ്നങ്ങളേയും ചേര്‍ത്ത് പഠിച്ചാല്‍ ചാകരയുടെ കാരണം വ്യക്തമാകും. വനത്തിന്റെ ചില മേഖലകളില്‍ നിന്ന് കടലിലേക്കൊഴുകിയെത്തുന്ന ജൈവാംശത്തെ ആര്‍ത്തിയോടെ ഭക്ഷിക്കുവാന്‍ മീനുകള്‍ ഓടിയെത്തുന്ന അവസ്ഥയാണ് ചാകര.

കേരളത്തില്‍ മാത്രം വർഷം 3000 മി.മീ.മഴ ലഭിച്ചിരുന്നു. ഇന്ത്യയില്‍ ചിറാപുഞ്ചി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കേരളത്തിലായിരുന്നു. ഇതിനൊരു കാരണമുണ്ട്. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ കേരളം മണ്ണ്, ജലസംഭരണ, ശേഖരണ, വിതരണശേഷിയില്‍ വളരെ വളരെ മുന്നിലാണ്. അതുകൊണ്ട് ഈ അനന്യതയുള്ള മണ്ണിലേക്ക് പ്രകൃതി ബോധപൂര്‍വ്വം പരമാവധി മഴ പെയ്യിക്കുകയാണ്. അത്രയും ജലം കേരളത്തിന്റെ മണ്ണില്‍ പിടിച്ചുനിന്നാല്‍ മാത്രമേ അതിലൂടെയുള്ള ജൈവവൈവിധ്യം നിലനില്‍ക്കുകയുള്ളൂ. മണലാരണ്യത്തില്‍ ഈ സാധ്യതയില്ലാത്തതുകൊണ്ടാണ് ഇത്രയും മഴയവിടെ പെയ്യാത്തത്. കാലാവസ്ഥയിലെ ഓരോ ഘടകങ്ങളും വൈവിധ്യവും ജീവനും സംരക്ഷിക്കുന്നതിനു വേണ്ടി ശ്രദ്ധാപൂര്‍വ്വം ഒരുക്കപ്പെട്ടിട്ടുള്ളതാണ്.

പ്രകൃതി വൈവിധ്യം സംരക്ഷിക്കുവാന്‍ ഇത്രയധികം ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണ് എന്ന ചോദ്യം പ്രസക്തമാണ്. പ്രകൃതിയുടെ നിലനില്പിന്നാധാരം സന്തുലനമാണ്. സന്തുലനം നിലനിര്‍ത്തുന്നത് വൈവിധ്യ സംരക്ഷണത്തിലൂടെയാണ്. സൂര്യരശ്മികളെ ഭൂമി ഏറ്റുവാങ്ങുന്നത് സസ്യങ്ങളിലെ ഹരിത (chlorophil) സമൃദ്ധിയിലൂടെയാണ്. ഹരിത നിറം സൂര്യരശ്മിയെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും വെള്ളത്തിന്റേയും സാന്നിധ്യത്തില്‍ ഭക്ഷണമാക്കുന്നു. കോടിക്കണക്കിന് സസ്യസ്പീഷീസുകളുണ്ടെങ്കില്‍ മാത്രമേ അത്രയും വൈവിധ്യമായ രീതിയില്‍ ഭക്ഷ്യോത്പാദനം നടക്കൂ. അതുകൊണ്ടാണ് സസ്യവൈവിധ്യം പ്രസക്തമാകുന്നത്. കോടിക്കണക്കിന് തരം ഇലകളും പൂക്കളും കായ്കളും ഭൂമിയിലുള്ളതിന്റെ കാരണവും ആവശ്യകതയും അപ്പോൾ മനസ്സിലായിട്ടുണ്ടാകും. ഈ ഹരിതാവരണം ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന്റെ 33 ശതമാനമെങ്കിലും വേണം. എങ്കിലേ ഭൂമിക്കാവശ്യമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയൂ എന്നു മാത്രമല്ല പരമാവധി സൂര്യരശ്മിയെ ഉപയോഗിക്കുവാനും കാര്‍ബണ്‍ ഡയോക്സൈഡിനെ കുറയ്ക്കുവാനും കഴിയൂ. സൂര്യനും ഭൂമിയും തമ്മിലുള്ള ഊര്‍ജ്ജകൈമാറ്റത്തിന്റെ ഏജന്‍സിയാണ് ഹരിതാവരണം. ഇതിലുള്ള നേരിയ കുറവുപോലും ഭീകരമാണ്.

ഇത്രയും ഭക്ഷണം ഏറ്റെടുക്കുവാന്‍ അത്രയും തരം സസ്യഭുക്കുകള്‍ വേണം. സസ്യങ്ങളുടെ എണ്ണത്തോളം തന്നെ സസ്യഭുക്കുകളും വേണം. ഈ സസ്യഭുക്കുകളെ തിന്നുകൊണ്ട് ഊര്‍ജ്ജത്തിന്റെ ചാക്രിക പ്രക്രിയ പൂര്‍ത്തീകരിക്കുവാന്‍ അത്രയും തന്നെ മിശ്ര, മാംസഭുക്കുകളും വേണം. അവസാനം സസ്യങ്ങളും, സസ്യഭുക്കുകളും, മിശ്ര, മാംസഭുക്കുകളും മരിച്ചുകഴിയുമ്പോള്‍ അവയെ വിഘടിപ്പിച്ച് മണ്ണിലേക്കും വിണ്ണിലേക്കും എത്തിച്ച് സൈക്കിള്‍ പൂര്‍ത്തിയാക്കുക (ചാക്രിക പ്രക്രിയ, cyclic pro-cess) വഴിയാണ് സന്തുലനം നിലനിര്‍ത്തുന്നത്. ഇവയാണ് മൃതഭോജികള്‍. ചുരുക്കത്തില്‍ സര്‍വ്വതല സന്തുലനത്തെ ആശ്രയിച്ചാണ് പ്രകൃതി മുന്നോട്ടുപോകുന്നത് എന്നര്‍ത്ഥം. പ്രകൃതിയുടെ ഏറ്റവും വലിയ സര്‍ഗ്ഗപ്രക്രിയയാണ് സന്തുലന സംവിധാനം.

അതുകൊണ്ട് പ്രകൃതിയുടെ നിലനില്പിനാധാരമായ സന്തുലനത്തെ നിലനിര്‍ത്തുക എന്നതാണ് ഭൂമിയിലെ എല്ലാ ജീവികളുടേയും കടമ. മനുഷ്യനൊഴികെ എല്ലാ ജീവികളും ഈ കടമ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ മാത്രം അത് തെറ്റിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണം. സന്തുലനം നിലനിര്‍ത്തുക എന്നതാണ് പ്രകൃതിയുടെ ലക്ഷ്യം.

സന്തുലനം നിലനിര്‍ത്തുവാന്‍ വൈവിധ്യമാര്‍ന്ന സ്പീഷീസ് മാത്രം പോരാ. അന്തരീക്ഷത്തിന്റെയും മണ്ണിന്റെയും ജലത്തിന്റെയും കൂടി സന്തുലനം ആവശ്യമാണ്. വായുവിനെ സന്തുലനത്തില്‍ നിര്‍ത്തുന്ന വാതകങ്ങളുടെ തന്മാത്രകള്‍, ആറ്റങ്ങള്‍, അയോണുകള്‍ തുടങ്ങിയവയെ ശല്യപ്പെടുത്താതെ നിര്‍ത്തണം. അവയുടെ പരസ്പരബന്ധം, പൂരകത എന്നിവയിലൂടെയാണ് അന്തരീക്ഷ സന്തുലനം നിലനില്ക്കുന്നത്. അതിലെ പല വാതകങ്ങളുമാണ് ജീവനേയും ചൂടിനേയും തണുപ്പിനേയും എല്ലാം നിലനിര്‍ത്തുന്നത്. ഉദാ: കാര്‍ബണ്‍ ഡയോക്സൈഡ്, മിതേന്‍, ഓസോണ്‍, നൈട്രസ്, നൈട്രിക് ഓക്സൈഡ് തുടങ്ങിയവ. സൂര്യരശ്മി അതേപടി ഭൂമിയിലെത്തിയാല്‍ പല ജൈവ ഘടകങ്ങളും കരിഞ്ഞുപോകും. അപകടകാരികളായ ഇത്തരം കോസ്മിക് രശ്മികളെ (സൂര്യനോടൊപ്പം തന്നെ മറ്റു ഗ്രഹങ്ങളില്‍ നിന്നും രശ്മികള്‍ വരുന്നുണ്ട്.) ഭൂമിയിലെത്താതെ ശ്രദ്ധിച്ചുകൊണ്ട് ഭൂമിയിലെ സന്തുലനത്തെ നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്ന വാതകമാണ് ഓസോണ്‍ (O3). ഇതിന്റെ ഒരു കട്ടിയായ പാളിതന്നെ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ട്. ഇത് സ്വയം നിര്‍മ്മിക്കപ്പെടുകയും സംരക്ഷണ ഭിത്തിയായി നിലനില്ക്കുകയും ചെയ്യും. ഇടിവെട്ടിലൂടെയും മറ്റുമാണ് ഓസോണ്‍ നിര്‍മ്മിക്കപ്പെടുന്നത്. ഈ രീതിയിലൂടെയാണ് ഓസോണ്‍ പാളി നിലനിര്‍ത്തപ്പെടുന്നത്. ഭൗമാന്തരീക്ഷം ചൂടാകാതെ ‘സുരക്ഷിതമായ കുട’ കണക്കെ അത് അന്തരീക്ഷത്തില്‍ രക്ഷാകവചം തീര്‍ത്തിട്ടുണ്ട്. സൂര്യനും ഭൂമിക്കുമിടയില്‍ ഊര്‍ജ്ജ നിയന്ത്രണം നടത്തി ആവശ്യമായവ മാത്രം ഭൂമിയിലെത്തിക്കുവാന്‍ സഹായിക്കുന്ന രക്ഷാകുടയാണ് ഓസോണ്‍ പാളി.

പക്ഷേ മനുഷ്യന്‍ നിര്‍മ്മിച്ച ചില കൃത്രിമ തന്മാത്രകള്‍ (ക്ലോറോഫ്ളൂറോ കാര്‍ബണ്‍, മീതേന്‍, കാര്‍ബണ്‍ മോണോക്സൈഡ്) ഈ ഓസോണ്‍ പാളിയെ തകര്‍ത്ത് (തുളകള്‍ വീഴ്ത്തി) മാരകമായ കോസ്മിക് രശ്മികളെ ഭൗമാന്തരീക്ഷത്തിലേക്കെത്തിക്കുകയാണ്. ഇതോടെ അന്തരീക്ഷം തപിക്കും, കാറ്റിന്റെയും മഴയുടേയും ഗതിമാറ്റും. ഇതോടെ കാലാവസ്ഥാ വ്യതിയാനത്തിന് തുടക്കം കുറിക്കുകയായി. മനുഷ്യന്റെ ഈ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൊണ്ടു മാത്രമേ ഓസോണിനെ സംരക്ഷിക്കുവാന്‍ കഴിയൂ. ഫ്രിഡ്ജ്, എ.സി., തുടങ്ങിയ ഉപകരണങ്ങളിൽനിന്ന് വമിക്കുന്ന വാതകങ്ങളാണ് അപകടകാരികള്‍. ഇത്രയും അപകടകാരികളല്ലാത്ത പുതിയതരം വാതകങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നു എന്നത് ആശ്വാസകരമാണ‍്. സൂര്യനും ഭൂമിക്കുമിടയിലുള്ള ഊര്‍ജ്ജ കൈമാറ്റത്തെ നിയന്ത്രിക്കുന്ന ഓസോണിനെ തകര്‍ക്കുന്നത് മനുഷ്യന്‍ മാത്രമാണ്.

സൂര്യരശ്മി ഭൗമാന്തരീക്ഷത്തിലൂടെ ഭൂമിയില്‍ പതിക്കുകയാണ്. പക്ഷേ പത്തുശതമാനത്തോളം രശ്മികളെ മാത്രമേ ഭൂമി ആഗിരണം ചെയ്യുന്നുള്ളൂ. ഭൂമിയിലെ ഹരിതാവരണം എത്ര കുറയുന്നുവോ അത്രകണ്ട് സൂര്യരശ്മിയുടെ ആഗിരണം കുറയും. ഹരിതാവരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇതിൽനിന്ന് വ്യക്തമാകുന്നു. ഭൂമി ആഗിരണം ചെയ്യാത്ത സൂര്യരശ്മി അന്തരീക്ഷത്തിലേക്ക് തിരിച്ചുപോകുന്നു. (Radiant Energy) ഇങ്ങനെ അന്തരീക്ഷത്തിലൂടെ വരികയും തിരിച്ച് പോകുകയും ചെയ്യുന്ന രശ്മികളാണ് അന്തരീക്ഷത്തെ തപിപ്പിക്കുന്നത്. അന്തരീക്ഷത്തില്‍ പല വായു തന്മാത്രകളും ഉണ്ടായിരുന്നില്ലെങ്കില്‍ ഭൗമാന്തരീക്ഷ താപം പരമാവധി 180c മാത്രമാകുമായിരുന്നു. പക്ഷേ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും മോണോക്സൈഡും മീതേനും നൈട്രസ് ഓക്സൈഡും സള്‍ഫര്‍ ഡയോക്സൈഡും ഒക്കെ ഉള്ളതുകൊണ്ട് തിരികെ പോകുന്ന പല രശ്മികളെയും അവ ഭൂമിയിലേക്കുതന്നെ തിരിച്ചയക്കുന്നു. ഇങ്ങനെ ഭൂമിയുടെ അന്തരീക്ഷം വീണ്ടും ചൂടാകുന്നു. അത് കേരളത്തില്‍ 270c വരെ വരുന്നു. നല്ല കാലാവസ്ഥയുടെ സാധ്യത നിലനില്ക്കുന്നു. ഇത്തരം വാതകങ്ങള്‍ നിയന്ത്രിതമായി ഉള്ളതുകൊണ്ടാണ് ആവശ്യത്തിനുള്ള താപം ഭൂമിയിലുള്ളത്.

പക്ഷേ മലിനീകരണം അഭംഗുരം തുടരുന്നതിനാല്‍ അന്തരീക്ഷത്തിലേക്ക് മേല്‍പ്പറഞ്ഞ വാതകങ്ങള്‍ അനായാസേന അനിയന്ത്രിതമായി പൊയ്ക്കൊണ്ടിരിക്കുന്നു. ഭൂമിയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് തിരിച്ചുവിടുന്ന സൂര്യരശ്മിയെ (Radiant energy) വീണ്ടും വീണ്ടും ഭൂമിയിലേക്ക് തന്നെ ഈ വാതകങ്ങള്‍ തിരിച്ചുവിടുന്നു. ഫലം വ്യക്തം, ചൂട് കൂടുന്നു. 300c നു മുകളിലേക്കെത്തുന്നു. ഇതാണ് ആഗോള താപനം. കഴിഞ്ഞ നൂറ്റാണ്ടില്‍ 1.5 ഡിഗ്രി വരെ ഈ ചൂട് വര്‍ദ്ധിച്ചിട്ടുണ്ട്. അപകടകരമായ വര്‍ദ്ധനവാണിത്. അപ്പോഴും വികസനമായി എന്ന് അര്‍ത്ഥശൂന്യമായി നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു എന്നതാണ് അപകടം. ചൂട് വീണ്ടും കൂടുന്നു. കാരണം മനുഷ്യന്‍ പുറന്തള്ളുന്ന രാസപദാര്‍ത്ഥങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഇവയെയാണ് ഹരിതഗൃഹവാതകങ്ങള്‍ എന്നുപറയുന്നത്. ഈ ചൂടുകൂടല്‍ പ്രക്രിയയെയാണ് ഗ്രീന്‍ഹൗസ് ഇഫക്ട് എന്ന് പറയുന്നത്. മനുഷ്യനിര്‍മ്മിത വാതകങ്ങള്‍ മൂലം അന്തരീക്ഷം തപിക്കുന്നു എന്ന് ചുരുക്കം.

ഈ ചൂട് ആദ്യമായി ഏറ്റുവാങ്ങുന്നത് കടലുകളാണ്. (ജലത്തിന്റെ സ്പെസിഫിക് ഗ്രാവിറ്റി അടക്കമുള്ള ചില പ്രത്യേകതകളാണ് ഇതിനു കാരണം). ഇതോടെ കടല്‍ ചൂടുപിടിക്കുന്നു. ഒപ്പം ഹിമപ്രദേശത്ത് മഞ്ഞുരുകുന്നു. കടലിലെ ജലനിരപ്പുയരുന്നു. തല്‍ഫലമായി കടല്‍ക്ഷോഭങ്ങള്‍ വര്‍ദ്ധിക്കുന്നു. കടല്‍ പലവിധവും കരയിലേക്കാഞ്ഞടിക്കുമ്പോള്‍ കരയിലെ സന്തുലനവും തെറ്റുന്നു. വര്‍ദ്ധിക്കുന്ന ചൂട് സമുദ്ര വൈവിധ്യത്തെ തകര്‍ക്കുന്നു. സൂക്ഷ്മ ജീവികള്‍ പലതും അപ്രത്യക്ഷമാകുന്നു. നീല ആവാസ വ്യവസ്ഥ (സമുദ്രം) യുടെ സന്തുലനം തെറ്റുന്നു.

ചൂട് കൂടുമ്പോള്‍ കടല്‍ ജലം കൂടുതള്‍ ആവിയായി അന്തരീക്ഷത്തിലേക്കെത്തുന്നു. അവിടേയും ചൂട് കൂടുന്നതിനാല്‍ കാറ്റിന്റെ ശരിയായ ദിശയ്-ക്ക് വ്യത്യാസമുണ്ടാകുന്നു. സന്തുലിതമായ കാലത്തുണ്ടായിരുന്ന കാറ്റിന്റെ ദിശയും വേഗതയുമല്ല ഇപ്പോഴുള്ളത്. അതിനാല്‍ കടല്‍ ജലബാഷ്പം നീങ്ങുന്നത് അപ്രതീക്ഷിത വഴിയിലൂടെയും ദിശയിലൂടെയുമായിരിക്കുകയാണ്. മഴയുടെ കാഠിന്യവും കാലവും ദിശയും എല്ലാം അപ്രതീക്ഷിതമായി മാറിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ നൈട്രസ്, നൈട്രിക്, സള്‍ഫര്‍ ഓക്-സൈഡുകള്‍ അലിഞ്ഞ് മഴ അമ്ലമഴയായി മാറുകയാണ്. കാര്‍മേഘത്തിന്റെ ധന, ഋണ ചാലുകളുടെ അവിചാരിത കേന്ദ്രീകരണം മൂലം മേഘവിസ്ഫോടനം (വളരെ ഉയര്‍ന്ന് മലപോലെ വളര്‍ന്നു മേഘങ്ങളിലെ +ve, -–-ve – ചാര്‍ജ്ജ് വിന്യാസത്തിന്റെ പ്രത്യേകതകൊണ്ട് നിമിഷനേരത്തിനുള്ളില്‍ പെരുമഴ) പോലും നിത്യസംഭവമായി മാറിക്കഴിഞ്ഞു. പേമാരിയും പ്രളയവും തിക്തഫലങ്ങളാണ്.

അതുകൊണ്ടാണ് കേരളത്തിന്റെ കാലാവസ്ഥയിലും മാറ്റമുണ്ടാകുന്നത്. കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല മഴയും തുടര്‍ന്ന് മഴകുറഞ്ഞകാലവും പിന്നെ മഞ്ഞും തുടര്‍ന്ന് ചൂടും നിലനിന്നിരുന്നു. ചാക്രിക പ്രക്രിയ എന്ന നിലയില്‍ ചൂടിനെ തുടര്‍ന്ന് വീണ്ടും നല്ല മഴ. ഈ കാലാവസ്ഥയനുസരിച്ചായിരുന്നു കൃഷി ചെയ്തിരുന്നത്. ധാരാളം മഴയുള്ളപ്പോള്‍ വിത്ത് വിതച്ച് മുളപ്പിക്കും. മഴ കുറയുമ്പോള്‍ ചെടികള്‍ വളരും. പിന്നീട് മഞ്ഞുകാലത്ത് പൂക്കും. ചൂടുകാലത്ത് പഴുത്ത് താഴെ വീണ് വിത്ത് വീണ്ടും മണ്ണിലെത്തും. ഈ ചാക്രിയ പ്രക്രിയ തെറ്റിയതാണ് കേരളത്തിന്റെ അടിസ്ഥാനപ്രശ്നം. കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക– തൊഴില്‍ പ്രതിസന്ധികള്‍, ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങളാണ്. മഴയിലൂടെ തുടങ്ങി മഞ്ഞിലൂടെയും ചൂടിലൂടെയും വീണ്ടും മഴയിലെത്തുന്ന പ്രകൃതി ചക്രത്തിന്റെ മാറ്റം കേരളത്തിന്റെ ജൈവമണ്ഡലത്തില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു. ഇനിയും തുടരുന്ന നീര്‍ത്തട തകര്‍ച്ച ഭീകരതയിലേക്ക് നയിക്കപ്പെട്ടേക്കാം. സൂക്ഷ്മതയോടെയും ശാസ്ത്രബോധത്തോടെയും ഇതിനെ കാണണം.

മുതലാളിത്ത വികസന നയങ്ങള്‍ മേല്‍പറഞ്ഞ കാലാവസ്ഥാ വ്യതിയാനത്തെ സൃഷ്ടിക്കുക മാത്രമല്ല വളര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്. കമ്പോളാധിഷ്ഠിത വ്യവസ്ഥയാണ് മുതലാളിത്തം. അതുകൊണ്ട് ഭൂമിയും വിഭവങ്ങളും കമ്പോളത്തിലെ ചരക്കുകളായി മാറി. പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമുള്ള ‘വളര്‍ച്ചയെ’ വികസനം എന്നവര്‍ വിളിച്ചു. GDP കൊണ്ട് അളന്നെടുക്കാവുന്നതാണ് വികസനം എന്ന് അവര്‍ തെറ്റിദ്ധരിപ്പിച്ചു. മൂല്യങ്ങളില്ലാത്ത വികസനം കണ്ണഞ്ചിപ്പിക്കുന്ന സംവിധാനങ്ങള്‍ ഭൂമിയിലുണ്ടാക്കിക്കൊണ്ട് ഭൂമിയെ തപിപ്പിച്ചു. വിസ്മയക്കാഴ്ചകളാണ് വികസനമെന്ന് മുതലാളിത്തം തെറ്റിദ്ധരിപ്പിച്ചു.

ചുരുക്കത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനുത്തരവാദി മുതലാളിത്തമാണ്. അതുതന്നെ ധനമൂലധനത്തെ വളര്‍ത്തുന്ന നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ കാലാവസ്ഥാ വ്യതിയാനം അനിയന്ത്രിതമായി, പ്രവചനാതീതമായി. വനങ്ങള്‍ നശിച്ചു, പുഴകളും, നീര്‍ത്തടങ്ങളും മലിനമാക്കപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സര്‍വ്വത്ര നിറഞ്ഞു. രാസപ്രക്രിയയുടെ നൈതിക ലക്ഷ്യങ്ങള്‍ തെറ്റിച്ചു. ഫ്രീ റാഡിക്കലുകളും അയോണുകളും പോളിമറുകളും എലിമന്റല്‍ കാര്‍ബണും എല്ലാം കളം നിറഞ്ഞു. ഭക്ഷണ ക്രമങ്ങളും ശൈലികളും വിഭവങ്ങളും കൃത്രിമ ഉല്‍പാദിതങ്ങളായി മാറി. ജൈവ ശരീരവും സന്തുലനം തെറ്റുന്ന അവസ്ഥയിലെത്തി. അതോടെ മനുഷ്യരുടെ പ്രതിരോധശേഷി വല്ലാതെ തകര്‍ന്നു. കോവിഡ് പോലെയുള്ള മഹാമാരികള്‍ക്ക് പരവതാനി വിരിച്ചത് ഇങ്ങനെയാണ്. അപകടകരമായ അന്തരീക്ഷത്തിലേക്ക് വീണ്ടും വീണ്ടും ഹരിതഗൃഹവാതകങ്ങളും വസ്തുക്കളും പലതരം റേഡിയേഷനുകളും വിടുന്നത് ഇപ്പോഴും കൂടിക്കൂടി വരികയാണ്. ഒപ്പം യുദ്ധം, കലാപങ്ങള്‍, കാട്ടുതീ, മഞ്ഞുരുകല്‍, ഭൂകമ്പങ്ങള്‍ തുടങ്ങിയ സാമ്രാജ്യത്വ ഗൂഢസമീപനങ്ങളും പ്രകൃതിക്ഷോഭങ്ങളും വളര്‍ന്നുവരികയാണ്. മുതലാളിത്ത വളര്‍ച്ചയിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ തടഞ്ഞുനിര്‍ത്താം എന്ന വിദൂരമായ ചിന്തപോലും അസ്തമിച്ചു. അപ്പോഴും ‘വികസനം’ എന്നു മാത്രം മുതലാളിത്തം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതിന്റെ പരിണത ഫലംതന്നെയാണ് വന്യമൃഗശല്യപ്രശ്നവും. അന്താരാഷ്ട്ര പരിസ്ഥിതി സമ്മിറ്റായ CoP27 ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും എങ്ങുമെത്തിയില്ല. ഇത്തരം ചര്‍ച്ചകളെല്ലാം മൂലധനാധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന ഭീഷണികൂടി ഇപ്പോള്‍ ഉയര്‍ന്നു വരുന്നു.

പക്ഷേ ഇതിന് പരിഹാരമുണ്ട്. അതാണ് ഇടതുപക്ഷജനാധിപത്യമുന്നണി മുന്നോട്ടുവെച്ച സുസ്ഥിര വികസനം. ഈ ബദല്‍ നാളെ പകര്‍ത്തപ്പെടേണ്ടി വരും. സന്തുലനത്തെ ആസ്പദമാക്കി വിഭവ ഉത്പാദനവും വിതരണവും നിര്‍മ്മാണവും നടത്തുന്ന വികസനമാണിത്. ഭൂമിയുടെ ഹരിതാവരണത്തെ എത്രകണ്ട് വര്‍ദ്ധിപ്പിക്കുവാന്‍ പറ്റുമോ അത്രകണ്ട് വര്‍ദ്ധിപ്പിക്കുക. അതില്‍തന്നെ ജൈവവൈവിധ്യത്തെ തിരിച്ചറിഞ്ഞ് ഭൂമിയെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുക. കൃഷി ചെയ്യാവുന്ന ഭൂമിയിലെല്ലാം കഴിയാവുന്ന കൃഷി ചെയ്ത് ജലസന്തുലനം നിലനിര്‍ത്തുക. ഹരിതാവരണ വര്‍ദ്ധനവിനു മാത്രമേ അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ഡയോക്സൈഡിനെ കുറയ്-ക്കുവാന്‍ കഴിയൂ. കാര്‍ബണ്‍ ഡയോക്സൈഡിനെ പാല്‍പായസംപോലെ കുടിക്കുന്ന ഏകവസ്തു പച്ചനിറം ((Chlorophil)) മാത്രമാണ്. നീര്‍ത്തടാധിഷ്ഠിത വികസനമാണ് യഥാര്‍ത്ഥ ശാസ്ത്രീയ വികസനം എന്ന് തിരിച്ചറിയുന്ന വികസനമാണ് സുസ്ഥിര വികസനം. കാടിന്റെ നൈസര്‍ഗ്ഗികതയും സന്തുലനവും തിരിച്ചുപിടിച്ചാല്‍ വന്യമൃഗപ്രശ്നം പരിഹരിക്കുവാന്‍ കഴിയും. മൃഗങ്ങളുടെയും മനുഷ്യരുടെയും സസ്യങ്ങളുടെയും ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്നുണ്ട് എന്നത് ശാസ്ത്രസത്യം മാത്രമാണ്. കാലംതെറ്റി സസ്യങ്ങള്‍ പൂക്കുന്നതും, കായ്ക്കുന്നതും എല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

കാലാവസ്ഥാവ്യതിയാനം ഒരു രാഷ്ട്രീയപ്രശ്നം കൂടിയാണ് എന്ന് നാം തിരിച്ചറിയണം. ശാസ്ത്രബോധത്തിന്റെ അനിവാര്യത കൂടുതല്‍ കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒരുപക്ഷേ കേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത ഉഷ്ണതരംഗംപോലും കേരളത്തില്‍ ഈയിടെ എത്തി. നാള്‍ക്കുനാള്‍ ഉയരുന്ന താപനില നമ്മെ ഭയപ്പെടുത്തുന്നു. ഇങ്ങനെയുള്ള ആഗോള താപന പ്രശ്നങ്ങള്‍ വന്നു തുടങ്ങിയിട്ട് രണ്ടര നൂറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. 50 ശതമാനം കാര്‍ബണ്‍ ഡയോക്സൈഡിനെയും പുറന്തള്ളുന്ന രാജ്യങ്ങള്‍ വികസിത രാജ്യങ്ങളാണ്. മൊത്തം ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് ഇവരുടെ ജനസംഖ്യ. 1850 മുതല്‍ 2019 വരെയുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ ഏറ്റവും പങ്ക് വഹിച്ചത് അമേരിക്കയാണ്. ലോക ജനസംഖ്യയുടെ 4 ശതമാനം മാത്രമാണിവിടെ ജീവിക്കുന്നത്. ആഡംബര ജീവിതം ലോകത്തിലെ 96 ശതമാനം വരുന്ന ജനതയ്-ക്ക് നല്‍കുന്ന ഭീഷണി വിലയിരുത്തപ്പെട്ടിട്ടില്ല. ആഡംബര ജീവിതവും അതിജീവനവും താരതമ്യപ്പെടുത്തി പഠിക്കപ്പെടേണ്ട വിഷയമാണ്.

ഫോസില്‍ ഇന്ധന ഉപയോഗം കുറയ-്-ക്കുവാനും സൗരോര്‍ജ്ജ ഉപയോഗം വര്‍ദ്ധിപ്പിക്കുവാനും വനങ്ങളുടെ നൈസര്‍ഗ്ഗിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുവാനും ജൈവ വൈവിധ്യത്തെ സംരക്ഷിക്കുവാനും പ്ലാസ്റ്റിക്, കീടനാശിനി ഉപയോഗം കുറയ്-ക്കുവാനും ഹരിതഗൃഹവാതക നിര്‍മ്മാണം കുറയ്-ക്കുവാനും ഹരിത, നീല സമ്പദ് വ്യവസ്ഥകളുടെ സന്തുലനം നിലനിര്‍ത്തുവാനും മണ്ണിനെ ജീവന്റെ ഉറവിടമാക്കി സംരക്ഷിക്കുവാനും അനാവശ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുവാനും മനുഷ്യന്‍ ശ്രമിച്ചാല്‍ മാത്രമേ ആഗോള കാലാവസ്ഥാ വ്യതിയാനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയൂ. മുതലാളിത്ത വികസന സങ്കല്പത്തില്‍ ഈ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് പൊതുജന അഭിപ്രായം ഉയരണം. സുസ്ഥിര വികസനത്തിലേക്ക് മനസ്സുകള്‍ തിരിയണം. ഇനി ആലോചിക്കുവാനും പരീക്ഷണങ്ങള്‍ നടത്തുവാനും അധികം സമയമില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 4 =

Most Popular