Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിഉഷ്ണ തരംഗം: കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമോ?

ഉഷ്ണ തരംഗം: കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമോ?

ഡോ. എം.ജി. മനോജ്

താനും വർഷങ്ങൾക്കു മുൻപുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ സംഭവിക്കുന്ന കാലാവസ്ഥാ പ്രതിഭാസങ്ങൾ മാത്രമായിരുന്നു കേരളീയർക്ക് പ്രളയം, ചുഴലിക്കാറ്റ്, മേഘവിസ്ഫോടനം, കൊടും വരൾച്ച, ഉഷ്ണതരംഗം മുതലായവയൊക്കെ. എന്നാൽ മലയാളിയുടെ നിഘണ്ടുവിൽ പുതിയ കാലാവസ്ഥാപദങ്ങൾ വർഷാവർഷം കൂട്ടിച്ചേർക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയവും, സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങൾ വിലയിരുത്തുന്ന ആധികാരിക റിപ്പോർട്ടുകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഐക്യരാഷ്ട്രസഭയുടെ ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചി (ഐ.പി.സി.സി.) ന്റെ ആറാമത്തെ അവലോകന റിപ്പോർട്ട്. ഇതിന്റെ തുടർച്ചയായി കാലാവസ്ഥയിൽ ഓരോ വർഷവും ഉണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷ (ലോക കാലാവസ്ഥ സംഘടന) ന്റെ വാർഷിക ‘ആഗോള കാലാവസ്ഥാ അവലോകന റിപ്പോർട്ട്’ 2022ൽ പുറത്തുവന്നിരുന്നു. റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആശങ്ക രേഖപ്പെടുത്തിയത് ആഗോളതാപനത്തെ തുടർന്ന് സമുദ്രത്തിലെ താപനില റെക്കോർഡ് ഉയരത്തിൽ എത്തുമെന്നത് സംബന്ധിച്ചാണ്. ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധിത ബഹിർഗമനം ലോകമെമ്പാടും വരൾച്ച, കൊടുങ്കാറ്റ്, തീവ്രശേഷിയുള്ള മിന്നൽ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കാട്ടുതീ, ശീത–ഉഷ്ണ താപതരംഗങ്ങൾ മുതലായവയ്ക്ക് കാരണമാകുന്നതായി ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022ൽ യൂറോപ്പിൽ മാത്രം ഉഷ്ണ തരംഗം മൂലം 15,700 പേർ മരിച്ചപ്പോൾ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 700ൽ അധികം മരണങ്ങൾ രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനം ആഗോളാടിസ്ഥാനത്തിൽ സമൂഹത്തിന്റെ സമസ്ത മേഖലകളെയും രൂക്ഷമായി ബാധിച്ചിരിക്കുന്നു. കുടിവെള്ളം, ഭക്ഷ്യോത്പാദനം, കൃഷി, ജലവൈദ്യുത പദ്ധതികൾ, മത്സ്യബന്ധനം, ആരോഗ്യം മുതലായ മേഖലകളിലെ വൻ പ്രതിസന്ധികൾ കൂടാതെ പരിസ്ഥിതി മലിനീകരണം, കാലാവസ്ഥജന്യ പ്രകൃതി ദുരന്തങ്ങൾ, അഭയാർത്ഥി പ്രവാഹം, ചില ജീവജാലങ്ങളുടെ വംശനാശം എന്നിവ കൂടിയാവുമ്പോൾ കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യാഘാതം നമ്മുടെ കണക്കു കൂട്ടലുകൾക്കുമപ്പുറത്തേക്കു കുതിക്കുന്നു. മേല്പറഞ്ഞ റിപ്പോർട്ടുകളെ ശരി വെക്കുന്നതാണ് കേരളം ഇക്കഴിഞ്ഞ ആഴ്ചകളിൽ അനുഭവിച്ച അസാധാരണമായ ഉഷ്ണതരംഗം. കേരളം വറചട്ടിയിൽ നിന്നും എരിതീയിൽ അകപ്പെട്ടു എന്നു മാത്രമല്ല നിരവധി വിലപ്പെട്ട മനുഷ്യ ജീവനുകൾ കൂടി നഷ്ടമായി. 500ൽ അധികം കറവ പശുക്കൾ നമ്മുടെ സംസ്ഥാനത്ത് മാത്രം ചത്തൊടുങ്ങി. പോൾട്രി ഫാമിനും വൻ നഷ്ടങ്ങൾ സംഭവിച്ചു. നമ്മെ സംബന്ധിച്ച് ഇതൊരു അസാധാരണ പ്രതിഭാസം തന്നെയാണ്.

എന്താണ് ഉഷ്ണതരംഗം?
ഉഷ്ണ തരംഗം (heat wave) എന്നത് നമ്മൾ സാധാരണ കാണുന്ന മെക്കാനിക്കൽ/ഭൗതിക തരംഗങ്ങൾ (ഉദാ: തിരമാലകൾ) പോലെയാണോ? വിശദമായി പരിശോധിക്കാം. ഏറ്റവും ലളിതമായി പറഞ്ഞാൽ ഉഷ്ണ തരംഗം എന്നത് കുറെ കാലത്തേക്കു നീണ്ടുനിൽക്കുന്ന ഉയർന്ന ചൂടു കൂടിയ കാലാവസ്ഥയാണ്. ചിലപ്പോൾ അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പവും ഉണ്ടാവും. ഇതു ശരീരത്തിന് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു. ചൂട് ഏറിയ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അനുഭവവേദ്യമാകുന്ന ‘സാധാരണ’ എന്നു തോന്നുന്ന കാലാവസ്ഥ തണുപ്പു രാജ്യങ്ങളിലുള്ളവർക്ക് ഉഷ്ണ തരംഗമായി അനുഭവപ്പെടാം. ഇതൊരു തീവ്രമായ കാലാവസ്ഥയാണ്. ആഗോളവ്യാപകമായി ഉഷ്ണ തരംഗത്തിന് ഒരൊറ്റ നിർവചനം ലഭ്യമാക്കുക സാധ്യമല്ല. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി) ഉഷ്ണ തരംഗം നിർവചിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു. സമതല പ്രദേശങ്ങളിൽ ഒരു ദിവസത്തെ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസും (തീരദേശങ്ങളിൽ ഇത് 37 ഡിഗ്രിയും, ഹൈറേഞ്ചുകളിൽ 30 ഡിഗ്രി സെൽഷ്യസും), അവിടെ ആ ദിവസത്തിൽ പ്രതീക്ഷിക്കുന്ന താപനിലയെക്കാൾ 4.5 മുതൽ 6.4 ഡിഗ്രി സെൽഷ്യസ്‌ വരെ ചൂട് ഉയരുകയും ചെയ്‌താൽ അതിനെ ഉഷ്ണതരംഗം എന്നു വിളിക്കും. ഈ സ്ഥിതി ചുരുങ്ങിയത് 2 നിരീക്ഷണസ്ഥലങ്ങളിൽ അടുത്തടുത്ത രണ്ടു ദിവസങ്ങളിലെങ്കിലും രേഖപ്പെടുത്തണം. എന്നാൽ ചൂടു കൂടിയ ചില പ്രദേശങ്ങളിൽ 45 ഡിഗ്രിക്കപ്പുറം പരമാവധി താപനില ഉയർന്നാൽ അതിനെയും താപതരംഗം എന്നു വിളിക്കും. ചൂട് പതിവിലും 6.5 ഡിഗ്രിക്ക് മുകളിലായാൽ അതു തീവ്ര ഉഷ്ണതരംഗത്തിന്റെ പരിധിയിൽ പെടും. അതായത് ഉഷ്ണ തരംഗം എന്നത് പൊതുവിൽ ഒരു ഭൗതിക തരംഗമല്ല, മറിച്ച് അന്തരീക്ഷ താപനിലയിൽ സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ ഉയർന്ന ചൂടേറിയ ഒരവസ്ഥയാണ്. ചുരുക്കത്തിൽ താപനിലയിലെ ഉയർച്ചതാഴ്ചകളെ ആലങ്കാരികമായി ഒരു തരംഗത്തോട് ഉപമിച്ചിരിക്കുന്നു.

എന്താണ് 
ഉഷ്ണ തരംഗത്തിന് 
കാരണം?
2023–24 ശക്തിയേറിയ ‘എൽനിനോ’ പ്രതിഭാസം അനുഭവപ്പെട്ട വർഷംമായിരുന്നു. ശക്തിയേറിയ എൽനിനോയാണ് ഈ വർഷത്തെ കടുത്ത ഉഷ്ണതരംഗത്തിനു കാരണം. എൽനിനോ ഉണ്ടാകുന്ന വർഷങ്ങളിൽ രണ്ടുമുതൽ അഞ്ചു ഡിഗ്രിവരെ പസഫിക് സമുദ്രത്തിൽ ചൂടു വർധിക്കും. ഈ ചൂടിന്റെ ഒരു ഭാഗം അന്തരീക്ഷത്തിലേക്കും വ്യാപിച്ച് മർദ്ദവ്യതിയാനമുണ്ടാക്കുകയും ആഗോളവ്യാപകമായി കാറ്റിന്റെ ഗതിയെയും വേഗതയെയും സ്വാധീനിച്ച് കാലാവസ്ഥയിൽ വൻ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യക്ക് മുകളിൽ അന്തരീക്ഷത്തിന്റെ മധ്യതാഴ് ഭാഗങ്ങളിൽ പലപ്പോഴും പതിനായിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വായുവിന്റെ ഘടികാര ദിശയിലുള്ള കറക്കം (എതിർചുഴലി/ പ്രതിചക്രവാതം/ ആന്റിസൈക്ളോൺ) രൂപപ്പെടുന്നു. ഈ കറക്കം വായുവിനെ മേലെ നിന്നും താഴോട്ട് ഞെരിച്ചമർത്തുകയും തത്ഫലമായി അന്തരീക്ഷത്തെ സമ്മർദ്ദതാപനത്തിന് വിധേയമാക്കുകയും ചെയ്യുന്നു. കൂടാതെ, ഭൂപ്രതലത്തിലെ ചൂടു പിടിച്ച വായുവിനെ മുകളിലേക്ക് ഉയരാൻ അനുവദിക്കാതിരിക്കുന്നു. തത്ഫലമായി മേഘരൂപീകരണം അസാധ്യമാവുകയും തെളിഞ്ഞ അന്തരീക്ഷം ഉടലെടുക്കുകയും ചെയ്യുന്നു. മേഘരഹിതമായ അന്തരീക്ഷം സൂര്യപ്രകാശം തടസ്സങ്ങളേതുമില്ലാതെ ഭൗമോപരിതലത്തിൽ പതിക്കാൻ കാരണമാവുകയും വീണ്ടും ചൂടു കൂടുകയും ചെയ്യുന്നു. ഇതൊരു ചാക്രിക പ്രതിഭാസമായി വർത്തിച്ച് തീവ്ര ഉഷ്ണതരംഗത്തിലേക്കു നയിക്കുന്നു.

ആഗോള താപന ഫലമായി ധ്രുവപ്രദേശങ്ങൾ ഇതരമേഖലകളെ അപേക്ഷിച്ച് കൂടുതൽ ചൂടുപിടിക്കുന്ന പ്രതിഭാസമാണ് ആർട്ടിക് പ്രവർധനം (arctic amplification). ഇതിന്റെ ഭാഗമായി അന്തരീക്ഷത്തിൽ റോസ്ബി തരംഗങ്ങൾ (Rossby waves)എന്നറിയപ്പെടുന്ന, മന്ദഗതിയിൽ ചലിക്കുന്ന വർത്തുളാകാര തരംഗങ്ങൾ ഉഷ്ണമേഖലയിലേക്ക് കൂടി വ്യാപിക്കുകയും, ആഴ്ചകളോളം നീണ്ടു നിൽക്കുന്ന എതിർചുഴലി സംജാതമാക്കുകയും ഉഷ്ണതരംഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. താപതരംഗത്തിന് മറ്റൊരു കാരണമാണ് വർധിച്ച സമുദ്ര ജല താപനില. അറബിക്കടൽ ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗം, മറ്റു സമുദ്രങ്ങളെക്കാൾ ഇരട്ടി വേഗത്തിലാണ് ചൂടുപിടിക്കുന്നത്. അറബിക്കടലിലെ താപനില 32 ഡിഗ്രിക്കടുത്തു (പതിവിലും 1.5 മുതൽ 2 ഡിഗ്രി വരെ അധികം) ചൂടാവുന്ന സവിശേഷ സാഹചര്യം ഇക്കാലയളവിൽ ഉടലെടുത്തു. ഈ അധിക താപം കരഭാഗത്തേക്ക് വ്യാപിക്കുകയും രാത്രികാല താപനിലയിൽപോലും ഗണ്യമായ വർധന വരുത്തുകയും ചെയ്യുന്നു.

താപവർധനയ്ക്ക് മറ്റൊരു കാരണം കേരളത്തിന്റെ നഗര വിസ്തൃതി ഏറുന്നതാണ്. സ്വാഭാവികമായ പച്ചപ്പും പ്രതലസ്വഭാവവും നഷ്ടപ്പെട്ട് സൂര്യപ്രകാശത്തെ വർധിത രീതിയിൽ ആഗിരണം ചെയ്യുന്ന നഗരതാപത്തുരുത്തു (urban heat island) കളായി പല പ്രദേശങ്ങളും മാറിയെന്നതും നാം മനസ്സിലാക്കണം. നിർമാണ പ്രവർത്തനങ്ങൾ ഏറുന്തോറും ഭൂപ്രതലത്തിന്റെ പ്രകാശ പ്രതിഫലനശേഷി കുറയുന്നത് കൂടുതൽ വരണ്ട പ്രതലത്തിലേക്കു നയിക്കുകയും, വരണ്ട മണ്ണ് ഉഷ്ണതരംഗത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യുന്നു. കൂടാതെ ഈ ചൂടിനെ പ്രതിരോധിക്കാൻ കൂടുതൽ എയർ കണ്ടിഷണറുകളും ശീതീകരണികളും ഉപയോഗിക്കുന്നത് വർധിച്ച ഊർജ്ജ ഉപഭോഗത്തിലേക്കും, ഹരിതഗൃഹ വാതക ഉത്സർജ്ജനത്തിലേക്കും അതുവഴി വീണ്ടും ചൂടു കൂടുവാനും കാരണമാവുന്നു. ഇതു കൂടാതെ വർധിത ബഹിർഗമനം ഗതാഗത മേഖലയിൽ നിന്നുമുണ്ട്. അനുദിനം വാഹനപ്പെരുപ്പം അനുഭവിക്കുന്ന നാടു കൂടിയാണ് കേരളം. സുസ്ഥിരമായ പൊതുഗതാഗതം ഇനിയും നമുക്ക് പ്രാപ്യമായിട്ടില്ല. കൂടാതെ, അടിക്കാടുകൾ നശിപ്പിക്കുന്നതും കരിയിലകൾ കൂട്ടിയിട്ടു കത്തിക്കുന്നതും പ്രാദേശികമായി ചൂടു കൂട്ടാനേ സഹായിക്കൂ. നാമിവയെ ഗൗരവമായി കാണണം. നഷ്ടപ്പെട്ട പ്രകൃതി സംതുലനം തിരിച്ചു പിടിച്ചേ മതിയാവൂ.

സൗരവാതങ്ങൾ 
ഉഷ്‌ണതരംഗത്തിന്‌ 
കാരണമാവുമോ?
സൂര്യനിൽ നിന്നുള്ള സൗരവാത (solar flares) ങ്ങളുടെ പ്രവാഹം സൗര ചക്രമനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കാറുണ്ട്. സൗരവാതങ്ങൾ ധ്രുവദീപ്തി പോലുള്ള പ്രതിഭാസങ്ങൾക്കും, ഉപഗ്രഹ വാർത്താവിനിമയം വൈദ്യുത ഗ്രിഡ് തകരാർ എന്നിവ ഉണ്ടാക്കുമെന്നതൊഴിച്ചാൽ, ഭൗമോപരിതല താപവർധനയിലോ ഉഷ്ണതരംഗപ്രതിഭാസത്തിലോ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ശക്തിയേറിയ ഊർജ്ജകണങ്ങളെ ഭൂമിയുടെ അയണോസ്‌ഫിയർ പ്രതിരോധിക്കുന്നതിനാൽ നിസ്സാരമായ താപനം മാത്രമേ ഭൗമോപരിതലത്തിൽ പ്രകടമാവൂ.

ഉഷ്ണതരംഗം ഒരു 
താത്കാലിക പ്രതിഭാസമാണോ?
കേരളത്തെ ചുട്ടുപൊള്ളിച്ച ഉഷ്‌ണതരംഗം വരും വർഷങ്ങളിലും ആവർത്തിക്കാം.

എന്നാൽ, എൽനിനോയ്‌ക്കു പകരം ലാനിന പ്രതിഭാസമായിരിക്കും ഉണ്ടാകുകയെന്നതിനാൽ അടുത്ത വേനലിൽ അല്പം ആശ്വാസം ലഭിച്ചേക്കാമെങ്കിലും തുടർന്നുവരുന്ന വർഷങ്ങൾ ശുഭസൂചനയല്ല നൽകുന്നത്.

പസഫിക് സമുദ്രത്തിൽ ഭൂമധ്യ രേഖയോട് ചേർന്നുള്ള പ്രദേശം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി തീവ്രമായ എൽനിനോയ്ക്കുള്ള സാധ്യതകൾ ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓരോ വർഷവും വർധിച്ചുവരുന്ന ആഗോളതാപനവും എൽനിനോ പ്രതിഭാസവും പ്രാദേശിക കാരണങ്ങളും ചേർന്നതോടെയാണ്‌ കേരളം ഈ വർഷം ചുട്ടുപൊള്ളിയത്‌. കേരളമുൾപ്പെടെയുള്ള ചില തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയിൽ തന്നെ ചൂട്‌ ഒന്നു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടി. രാത്രികാല കുറഞ്ഞ താപനിലയിലും വർധനയുണ്ടായി. ഏപ്രിൽ, മെയ്‌ മാസങ്ങളിലായി 18 ദിവസമാണ്‌ ഉഷ്‌ണതരംഗം നിലനിന്നത്‌. നേരത്തേ പാലക്കാട്‌ ജില്ലയിലാണ്‌ കൂടുതൽ ചൂട്‌ അനുഭവപ്പെട്ടിരുന്നതെങ്കിൽ ഈ വർഷം ഉഷ്‌ണതരംഗം അഞ്ചു ജില്ലകളിലേക്കു വ്യാപിച്ചു. ഉഷ്‌ണതരംഗങ്ങളുടെ ആവൃത്തിയും, ദൈർഘ്യവും (നാലു മുതൽ ആറു ദിവസം വരെ), തീവ്രതയും അടുത്ത എൽനിനോ വർഷങ്ങളിൽ വർദ്ധിക്കാം. പാലക്കാട്‌, കൊല്ലം ഉൾപ്പെടെ പല ജില്ലകളിലും അതിതീവ്രമായ താപനില അനുഭവപ്പെടാം. ഈ വർഷം മൺസൂണിൽ ലാനിന പ്രതിഭാസം ഉണ്ടാകുമെന്നതിനാൽ തീവ്രസ്വഭാവമുള്ള കാലവർഷവും കേരളത്തിൽ പ്രതീക്ഷിക്കണം. മാറിയ കാലത്തിനും കാലാവസ്ഥയ്ക്കുമനുസരിച്ച് പൊരുത്തപ്പെടുവാനും കാലാവസ്ഥാമാറ്റത്തിന് കാരണമാവുന്ന ഇടപെടലുകൾ കുറച്ചു കൊണ്ട് വരികയും ചെയ്‌താൽ മാത്രമേ ഭാവി സുസ്ഥിരമാവൂ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + six =

Most Popular