Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിമൺസൂൺ മഴയുടെ ഭാവി

മൺസൂൺ മഴയുടെ ഭാവി

ദീപക് ഗോപാലകൃഷ്ണൻ

ഭൂമിയിലെ ഏറ്റവും പ്രബലമായ കാലാവസ്ഥാ പ്രതിഭാസങ്ങളിൽ ഒന്നാണ് മൺസൂൺ. ഭൂമി സൂര്യനുചുറ്റും വലംവെക്കുന്നതിന് അനുസരിച്ച് ഭൂമിയിൽ സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങളുടെ ഫലമായി കാറ്റിലുണ്ടാവുന്ന ദിശാവ്യത്യാസത്തിനെയാണ് യഥാർത്ഥത്തിൽ മൺസൂൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ കാറ്റിന്റെ പാറ്റേണിലുണ്ടാവുന്ന കാലാനുസൃതമായ മാറ്റത്തിനനുസരിച്ച്- മഴയുടെ വിതരണത്തിലും പ്രകടമായ മാറ്റങ്ങൾ കാണാം. അതിനാൽ തന്നെ മൺസൂൺ സീസൺ മഴസീസൺ കൂടിയാണ് പലയിടങ്ങളിലും. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം മൺസൂൺ കാണാമെങ്കിലും ഏഷ്യൻ മൺസൂൺ പോലെ പ്രബലവും സങ്കീർണ്ണവുമല്ല മറ്റൊരു മൺസൂണും. ഈ ഏഷ്യൻ മൺസൂണിന്റെ ഭാഗമാണ് ഇന്ത്യൻ മൺസൂണും.

ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ ആണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ഒരു വർഷം ലഭിക്കുന്നതിൽ ഏകദേശം 75% മഴയും ഈ നാലുമാസക്കാലം കൊണ്ടാണ് ലഭിക്കുന്നത്. ഇന്ത്യയിലെ കാർഷിക സംരംഭങ്ങൾ ഭൂരിഭാഗവും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ മഴയുടെ തോതിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കാം.

ആഗോളതാപനം മറ്റു പല കാലാവസ്ഥാ പ്രതിഭാസങ്ങളെയും പോലെ മൺസൂണിനെയും ബാധിക്കുന്നുണ്ട്. മഴയുടെ തോതിലും രീതിയിലും ഈയടുത്ത കാലത്തായി വലിയ മാറ്റങ്ങൾ പ്രകടമാണ്. ഏറ്റവും പ്രകടമായ മാറ്റങ്ങളിലൊന്നാണ് ശക്തിയേറിയ മഴയിലെ വർദ്ധനവ്. അതിന് ഏതാണ്ട് ആനുപാതികമായി ശക്തികുറഞ്ഞ മഴയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഒരു മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അന്തരീക്ഷത്തിലെ ആർദ്രതയിൽ വരുന്ന മാറ്റമാണ്. അന്തരീക്ഷ വായുവിൽ എത്രത്തോളം നീരാവി ഉൾക്കൊള്ളാം എന്നത് അന്തരീക്ഷ താപനിലയനുസരിച്ച് വ്യത്യാസം വരും. ക്ലോഷ്യസ്-ക്ലേപിറോൺ സമവാക്യം (Clausius-Clapeyron equation) അനുസരിച്ച് അന്തരീക്ഷതാപനില ഓരോ ഡിഗ്രി സെൽഷ്യസ് കൂടുംതോറും അന്തരീക്ഷത്തിലെ നീരാവിയിലെ സാന്നിധ്യം ഏതാണ്ട് 7% വർദ്ധിക്കും എന്നാണ്. അതുകൊണ്ട് ആഗോളതാപനം അന്തരീക്ഷത്തിൽ കൂടുതൽ നീരാവി കൂടുന്നതിന് ഇടയാക്കുന്നു. ഇക്കാരണം കൊണ്ട് പെയ്യുന്ന അവസരങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് ഇടയാക്കുന്നു. എങ്കിലും ഈയൊരു മാറ്റം ഇപ്രകാരം തന്നെ ഭൂമിയിലെ എല്ലാ ഭാഗത്തും കാണണമെന്നില്ല. മഴയുടെ പാറ്റേണും വിതരണവും മറ്റു പല ഘടകങ്ങളെയും ആശ്രയിച്ച് വ്യത്യാസം വരാം.

ചിത്രം 1: 1951-–2015 കാലത്തെ IMD ഡാറ്റ അടിസ്ഥാനപ്പെടുത്തിയുള്ള മഴയളവിലെ വ്യത്യാസത്തിന്റെ തോത് (linear trend in mm/day for 64-year period).

1950 മുതലുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ ഡാറ്റ പരിശോധിക്കുമ്പോൾ കേരളം ഉൾപ്പടെ ഇന്ത്യയിലെ പലഭാഗങ്ങളും മഴയളവിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് (ചിത്രം 1a). മൺസൂൺ കാറ്റിന്റെ ശക്തി കുറയുന്നതും അന്തരീക്ഷത്തിലേക്ക് എത്തുന്ന ചെറിയ പൊടിപടലങ്ങളുടെ (aerosols) ആധിക്യവും ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വർദ്ധിക്കുന്നതുവഴി കരയും കടലും തമ്മിലുള്ള താപവ്യത്യാസം കുറയുന്നതുമെല്ലാം ഇതിന് കാരണമാകാം. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് മഴകൂടി നിൽക്കുന്ന സമയവും മഴ കുറഞ്ഞുനിൽക്കുന്ന സമയവും കാണാം. 1970 മുതൽ ബ്രേക്ക് മൺസൂൺ (break monsoon) എന്നറിയപ്പെടുന്ന, മഴ കുറഞ്ഞു നിൽക്കുന്ന അവസ്ഥ കൂടി വരുന്നതായും ബ്രേക്ക് മൺസൂൺ ദിവസങ്ങളുടെ ദൈർഘ്യം കൂടുന്നതായും കാണുന്നുണ്ട്. ഇക്കാരണം കൊണ്ടുമാവാം മഴയളവിൽ കുറവ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ വടക്കുകിഴക്കൻ മൺസൂൺ സമയത്തെ മഴയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കുകിഴക്കൻ മൺസൂൺ മഴയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ തമിഴ്‌നാട്, കേരളത്തിന്റെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയുടെ അവളിൽ ചെറിയ വർദ്ധനവുണ്ടായിട്ടുണ്ട്. അതിതീവ്രമഴയിലുണ്ടായ വർദ്ധനവാണ് ഇതിന് കാരണം.

കാലാവസ്ഥാ പ്രവചനം
ഭാവി കാലാവസ്ഥ പ്രവചിക്കുന്നതിന് ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത് ഗണിത മാതൃകകളെയാണ് (mathematical models). ഭൂമിയിലെ കാലാവസ്ഥ അനുകരിക്കാൻ പാകത്തിന് രൂപപ്പെടുത്തിയ വലിയ കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് ഇത്തരം മോഡലുകൾ. ദീർഘകാല കാലാവസ്ഥ പ്രവചിക്കുന്നതിന് ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന വിവിധ ഘടകങ്ങളെ വേണ്ടരീതിയിൽ ഉൾപ്പെടുത്തിയാണ് കാലാവസ്ഥാ മോഡലുകൾ നിർമ്മിക്കുന്നത്. ഉദാഹരണത്തിന്, അന്തരീക്ഷത്തിലെ മാറ്റങ്ങൾ അനുകരിക്കുന്നതിനായി അന്തരീക്ഷമോഡലും (atmospheric model) സമുദ്രത്തിലെ മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഒരു സമുദ്ര മോഡലും (ocean model) ഇവ തമ്മിലുള്ള വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിന് കപ്ലർ (coupler) എന്നൊരു സംവിധാനവും കാണും.

കാലാവസ്ഥ ഭാവിയിൽ എങ്ങനെ മാറിമറിയും എന്ന് പ്രവചിക്കുന്നതിന് ആദ്യമേ തന്നെ കാലാവസ്ഥാ മാറ്റത്തിന് കാരണമായിട്ടുള്ള ഹരിതഗൃഹ വാതകങ്ങൾ ഉൾപ്പടെ മറ്റ് ഘടകങ്ങൾ എങ്ങനെ മാറും എന്ന് അറിയേണ്ടതുണ്ട്. എന്നാൽ ഇത് അത്യധികം പ്രയാസമേറിയ കാര്യവുമാണ്. പല രാജ്യങ്ങളും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനുവേണ്ട നടപടികൾ എടുക്കുന്നുണ്ടെങ്കിലും വളരെ കൃത്യമായി പ്രവചിക്കുക ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ, ഭൂവിനിയോഗത്തിലുള്ള മാറ്റവും അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങൾ എത്തുന്നതും മറ്റും ഭാവിയിൽ ഏത് രീതിയിൽ മാറും എന്നത് കൃത്യമായി പറയുന്നതും പ്രായോഗികമല്ല. അനേകം സാമൂഹിക-സാമ്പത്തിക കാരണങ്ങളുമായി ബന്ധപ്പെട്ടാണ് ഇവയിലെ മാറ്റങ്ങൾ സംഭവിക്കുന്നത്. അതിനാൽ ചില സാധ്യതകൾ പരിഗണിച്ചാണ് ഭാവി കാലാവസ്ഥ പ്രവചിക്കുന്നത്. ഈ ‘സാധ്യത’കൾ Shared Socioeconomic Pathways (SSP) എന്നാണ് അറിയപ്പെടുന്നത്. കാർബൺ ബഹിർഗമനം ഇന്നുള്ളതോതിൽ തുടരുന്ന, ഏറ്റവും ‘മോശ’മായ സാധ്യതയാണ് SSP-585. എന്നാൽ കാർബൺ ബഹിർഗമനം വൻതോതിൽ കുറച്ചുകൊണ്ട് ഏറ്റവും സുസ്ഥിരമായ വികസനപാത പിന്തുടരുന്ന സാധ്യതയാണ് SSP-119 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവയ്ക്ക് രണ്ടിനും ഇടയിലായി SSP-126, SSP-245, SSP-370 എന്നിങ്ങനെ നിരവധി സാധ്യതകളും പരിഗണിക്കാറുണ്ട്. സ്വാഭാവികമായും SSP-585 എന്ന സാധ്യത പരിഗണിക്കുന്ന മോഡൽ പ്രവചനങ്ങൾ ഏറ്റവും ചൂടേറിയ കാലാവസ്ഥയും SSP-119 എന്ന സാധ്യത പരിഗണിക്കുന്ന പ്രവചനങ്ങൾ താപവർദ്ധനവ് ഏറ്റവും കുറഞ്ഞ കാലാവസ്ഥയും ആവും സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സാധ്യതകൾ പരിഗണിച്ച് പല ഏജൻസികൾ നടത്തുന്ന മോഡൽ പ്രവചനങ്ങൾ വിശകലനം ചെയ്താണ് Intergovernmental Panel on Climate Change (IPCC) കാലാവസ്ഥാ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്.

ഭാവിയിലെ മഴ സാധ്യതകൾ
ചിത്രം 2 ൽ അനവധി മോഡൽ പ്രവചനങ്ങൾ സൂചിപ്പിക്കുന്ന മഴയിൽ ഉണ്ടായേക്കാവുന്ന വ്യത്യാസം കാണിച്ചിരിക്കുന്നു. 1850-–1900 എന്നീ വർഷങ്ങളിലെ മഴയിലെ ശരാശരിയിൽ നിന്നുള്ള വ്യത്യാസമാണ് കാണിച്ചിട്ടുള്ളത്. ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ പൊതുവെ മഴ കൂടുന്നതായാണ് മോഡലുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ഇവിടങ്ങളിലെല്ലാം താപവർദ്ധനവ് കൂടുന്നതനുസരിച്ചു മഴ കൂടുമെന്നും മോഡൽ പ്രവചിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, മഴ കൂടുതൽ കിട്ടുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താപനില കൂടുന്തോറും മഴ കൂടുമെന്നും മഴ കുറയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താപനില കൂടുന്തോറും മഴ കുറയുമെന്നും ഉള്ള സൂചനയാണ് (wet gets wetter and dry gets drier).

ഏറ്റവും പുതിയ 32 കാലാവസ്ഥാ മോഡലുകൾ വിശകലനം ചെയ്തുള്ള ഒരു പഠനത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ വർദ്ധനവുണ്ടാവും എന്നുള്ള പ്രവചനമാണ് കാണുന്നത്. വിശേഷിച്ചും കേരളം ഉൾപ്പെടുന്ന പടിഞ്ഞാറൻ തീരപ്രദേശം, ഹിമാലയൻ താഴ്‌വരകൾ, വടക്കുകിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ കൂടുമെന്നുള്ള സൂചനയാണ് മോഡലുകൾ മുന്നോട്ടുവെക്കുന്നത്. SSP-126, SSP-245, SSP-370, SSP-585 എന്നീ ഭാവി സാധ്യതകൾ പരിഗണിച്ചുള്ള പ്രവചനങ്ങൾ എല്ലാം തന്നെ മഴ കൂടുമെന്നുള്ള സൂചനയാണ് നൽകുന്നത്. 2100 ആവുമ്പോഴേക്കും ഇന്ത്യയിലെ ശരാശരി മൺസൂൺ മഴയളവിൽ ഏകദേശം 24.3% വർദ്ധനവാണ് SSP-585 എന്ന ഉയർന്ന കാർബൺ എമിഷൻ സാധ്യതപ്രകാരമുള്ള മോഡൽ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. SSP-370, SSP-245, SSP-126 എന്നീ സാധ്യതകൾ പരിഗണിക്കുമ്പോൾ ശരാശരി മഴയളവിലെ വർദ്ധനവ് യഥാക്രമം 18.6 %, 11.9 %, 9.7 % എന്നിങ്ങനെയാണ്. ഇതു കൂടാതെ, വർഷം തോറുമുള്ള മഴയളവിലെ വ്യതിയാനം (inter-annual variability) ഭാവിയിൽ വർദ്ധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഓരോ വർഷവും മൺസൂൺ മഴയിലുണ്ടാവുന്ന മഴയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ എൽ നിനോ, ലാ നിന (El Nino and La Nina), ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (Indian Ocean Dipole; IOD) എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളാണ്. ഇവയിലുണ്ടാവുന്ന മാറ്റങ്ങളും മൺസൂൺ മഴയെ സാരമായി ബാധിക്കും. വടക്കുകിഴക്കൻ മൺസൂൺ മഴയുടെ അളവിലും വർദ്ധനവാണ് മോഡൽ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. വിശേഷിച്ചും ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ. 2100 ആവുമ്പോഴേക്ക് വടക്കുകിഴക്കൻ മൺസൂൺ മഴയിൽ 10-25% വർദ്ധനവാണ് മോഡലുകൾ പ്രവചിക്കുന്നത്. ഇതുകൂടാതെ, വർഷാവർഷമുള്ള മഴയിലുള്ള വ്യത്യാസം വടക്കുകിഴക്കൻ മൺസൂണിന്റെ കാര്യത്തിൽ കാര്യമായി വർദ്ധിച്ചേക്കാം എന്നും മോഡലുകൾ പ്രവചിക്കുന്നു.

ആഗോളതാപനവുമായി ബന്ധപ്പെട്ട് കാണുന്ന ഏറ്റവും പ്രകടമായ മാറ്റങ്ങളിൽ ഒന്നാണ് അതിതീവ്രമഴയിൽ ഉണ്ടാവുന്ന വർദ്ധനവ്. ഭാവിയിൽ ഇന്ത്യയിൽ മിക്ക ഭാഗങ്ങളിലും ഇത്തരം അതിതീവ്രമഴകൾ കൂടുമെന്ന് തന്നെയാണ് മോഡലുകൾ പ്രവചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുതന്നെ, മഴ പെയ്യുന്ന ദിവസത്തിന്റെ (rainy days) എണ്ണം കുറയുന്നതായും അടുത്തടുത്ത മഴയില്ലാത്ത ദിവസങ്ങൾ (dry days) കൂടുന്നതായും കാണുന്നു. പ്രത്യേകിച്ചും തെക്കേ ഇന്ത്യയിൽ മഴയില്ലാത്ത ദിവസങ്ങൾ കൂടുന്നതിനുള്ള സാധ്യത കാണുന്നു.

ഇന്ന് നിലവിലുള്ള പ്രധാന കാലാവസ്ഥാ മോഡലുകൾ പലതും വളരെ കുറഞ്ഞ റെസലൂഷൻ ഉള്ളവയാണ്. അതിനാൽ തന്നെ പ്രാദേശികമായ വിവരങ്ങൾ പരിമിതമാണ്. ഉയർന്ന റെസലൂഷനിലുള്ള മോഡലുകൾ ഉപയോഗിച്ച് ദീർഘകാല കാലാവസ്ഥ പ്രവചിക്കുന്നത് ഏറെ ശ്രമകരമാണ്. അതിന് വളരെ ഉയർന്ന വേഗതയുള്ള സൂപ്പർകമ്പ്യൂട്ടർ ആവശ്യമാണ്. അത്തരം മോഡലുകൾ ഉപയോഗിച്ചുള്ള പ്രവചനങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാം. ഇപ്പോഴുള്ള മോഡൽ പ്രവചനങ്ങൾ പരിഗണിക്കുമ്പോൾ ഭാവിയിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും മഴയുടെ പാറ്റേണിൽ വലിയ അസ്ഥിരതയ്-ക്കും സാധ്യതയുണ്ട്. മഴയ്ക്കിടയിലുള്ള ഇടവേളകൾക്ക് മാറ്റം വരാം. അതുപോലെ തന്നെ പെയ്യുമ്പോൾ വലിയ പേമാരിയായി പെയ്യുന്ന അവസ്ഥ വന്നേക്കാം. ഇത്തരം മാറ്റങ്ങൾ കൊണ്ടുണ്ടാവുന്ന പ്രതിസന്ധികൾ ഫലപ്രദമായി നേരിടാനും കൃഷി, ജലസംരക്ഷണം എന്നിങ്ങനെയുള്ള മേഖലകളിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനും ഭാവി പ്രവചനങ്ങൾ ഏറെ സഹായകരമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + ten =

Most Popular