കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ അതിനെ ഭാവിയുടെ പ്രശ്നവും ഭാവി തലമുറകളെ ബാധിക്കുന്ന പ്രശ്നവുമായി കാണാറുണ്ട്. എന്നാൽ മറിച്ചാണ് യാഥാർഥ്യം. അത് ഇപ്പോൾ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം എന്ന നിലയിൽ എല്ലാ രാജ്യങ്ങളിലെയും ഭരണ നേതൃത്വം ഇതിന് ഇപ്പോൾ തന്നെ നടപടികൾ സ്വീകരിക്കുകയും ജനങ്ങളെ അതിനെ നേരിടാൻ പ്രാപ്തരാക്കുകയും വേണം. ഓരോ വർഷവും രേഖപ്പെടുത്തുന്ന ശരാശരി താപനില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യത്തെ ഏതൊക്കെ തരത്തിൽ ബാധിക്കും എന്ന് ശാസ്ത്രീയമായ തെളിവുകൾ വന്നുകൊണ്ടിരിക്കുകയുമാണ്. ലോകാരോഗ്യ സംഘടന ഇതുസംബന്ധമായി നിയോഗിച്ച സമിതി 42,693 പഠനങ്ങൾ വിശകലനം ചെയ്ത് അതിന്റെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിച്ചിട്ടുണ്ട്. ‘‘അവലോകനം അതീവ ഗുരുതരമായ നിലയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നതിനാൽ അടിയന്തര നടപടികൾ ‘നിർദേശിക്കുന്നു’ എന്നാണ് റിപ്പോർട്ടിൽ പറയുന്നത് . കാലാവസ്ഥ വ്യതിയാനം ഒരു അടിയന്തരാവസ്ഥയെ നേരിടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കേരളത്തെപ്പോലെയുള്ള പ്രദേശങ്ങളിൽ ആവശ്യപ്പെടുന്നത്.
ആരോഗ്യരംഗം ഈ സാഹചര്യത്തെ നേരിടേണ്ടത് പല തലങ്ങളിലാണ്. അടുത്തിടെ കേരളിത്തിൽ ചൂട് കൂടുതലായി വന്നപ്പോൾ, അതോടനാനുബന്ധിച്ച ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതായി നാം കണ്ടു. പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയവ സംഭവിക്കുമ്പോൾ മറ്റ് അസുഖങ്ങൾ ഉള്ളവർക്കു, ഉദാഹരണത്തിന് ആസ്ത്മ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാവുകയും ആരോഗ്യ സംരക്ഷണം കൂടുതലായി വേണ്ടി വരികയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങളിലേക്ക് കൂടുതൽ രോഗികൾ എത്തും എന്നത് മുൻകൂട്ടി അറിഞ്ഞുള്ള തയ്യാറെടുപ്പും ഈ വർഷവും വരുംവർഷങ്ങളിലും കൂടുതലായി ആവശ്യമായി വരും.
മഴക്കാലത്തും ചൂടുകാലത്തും നമുക്ക് ഭക്ഷണവും വെള്ളവും ആയി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ ഇപ്പോൾതന്നെ മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളുടെ വ്യാപനം വർധിച്ചിട്ടുണ്ട്. ചൂടുകാലത്ത് കിട്ടുന്ന ഏതു വെള്ളവും , പ്രത്യേകിച്ചും ജ്യൂസുകളും വെൽക്കം ഡ്രിങ്കുകളും ഒക്കെ നാം കുടിക്കാറുണ്ട്. എന്നാൽ ജ്യൂസിൽ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധജലമാണെന്നു ഉറപ്പുവരുത്തുന്നത് വളരെ പ്രധാനമാണ്. ഈ ആഴ്ച കേരളത്തിൽ വേനൽ മഴയാണ്.മഴയും വെയിലും മാറിമാറി വരുന്ന സാഹചര്യങ്ങൾ കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക തുടങ്ങിയ രോഗങ്ങൾ വർധിപ്പിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കേരളം കാലാവസ്ഥവ്യതിയാനവുമായി ബന്ധപ്പെട്ടു വളരെയേറെ മുൻകരുതൽ എടുക്കേണ്ട സാംക്രമികരോഗമാണ് ഡെങ്കിപ്പനി. അന്തരീക്ഷ താപനില ഉയരുമ്പോൾ കൊതുകുകൾ ഡെങ്കിപ്പനി പടർത്താനുള്ള വേഗത, അതായത്, ട്രാൻസ്മിഷൻ പൊട്ടൻഷ്യൽ, ഉയരുന്നു .അതിനാൽ ലോകത്ത് പല രാജ്യങ്ങളിലും ഡെങ്കിപ്പനി ഉയർന്ന തോതിൽ പടരുന്ന ഈ സാഹചര്യത്തിൽ കേരളവും ഡെങ്കി പ്രതിരോധത്തിൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് മറ്റ് രംഗങ്ങളിൽ വരുന്ന തിരിച്ചടികൾ ആരോഗ്യത്തെയും ബാധിക്കും. നമ്മുടെ വ്യവസായ രംഗത്തും കാർഷിക രംഗത്തും മറ്റ് അനുബന്ധ രംഗങ്ങളിലും സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആരോഗ്യരംഗത്തെയും ബാധിക്കും. ഉദാഹരണമായി, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കാർഷിക വിളകൾ കുറയാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ അത് ഭക്ഷ്യസുരക്ഷയെ ബാധിക്കാറുണ്ട്; ആരോഗ്യരംഗത്ത് അത് പോഷണ കുറവിന്, പ്രത്യേകിച്ചും കുട്ടികളിലുള്ള പോഷകാഹാര കുറവിന് കാരണമാകും.
തൊഴിൽ രംഗത്ത് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് മറ്റൊന്ന്. ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നവർ, പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവർ വെയിലത്ത് ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നവർ എന്നിവരുടെയൊക്കെ ആരോഗ്യത്തെ കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കും.
ആരോഗ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഗ്രീൻ ഹൗസ് വാതകങ്ങളുടെ വികിരണം കുറയ്ക്കുക എന്നുള്ളതും പ്രധാനമാണ്. ഉദാഹരണത്തിന് നമ്മുടെ ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളും വെയ്സ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുക, സോളാർ പാനലുകൾ വഴി ലഭ്യമാകുന്ന വെെദ്യുതി കൂടുതലായിട്ട് ഉപയോഗിക്കുക, ഊർജ്ജ ഓഡിറ്റ് നടപ്പിലാക്കുക തുടങ്ങിയവ ഇവയിൽ ചിലതാണ്. പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോഴും നിലവിലുള്ള സംവിധാനം അറ്റകുറ്റപ്പണി നടത്തുമ്പോഴും ആശുപത്രികളിലെ അത്യാഹിത വിഭാഗം, ICU, ഇലക്ട്രിക്കൽ സംവിധാനങ്ങൾ തുടങ്ങിയവ കാര്യക്ഷമമാക്കണം. അവയെല്ലാം പ്രളയം വന്നാലും സുരക്ഷിതമായിരിക്കും. വേനലിൽ ജലലഭ്യത ഉണ്ടാകും തുടങ്ങിയ കാര്യങ്ങളും ഉറപ്പു വരുത്തുന്നത് പ്രധാനമാണ്. നിർഭാഗ്യകരം എന്ന് പറയട്ടെ ലോകത്താകമാനം തന്നെ കാലാവസ്ഥ വ്യതിയാനം നേരിടാൻ വേണ്ടി ചെലവാക്കുന്ന സമ്പത്തിന്റെ 0.5 ശതമാനം മാത്രമേ ആരോഗ്യ പ്രോജക്ടുകൾക്ക് അനുവദിച്ചിട്ടുള്ളൂ. കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് ഇന്ത്യയെ പോലുള്ള രാജ്യങ്ങളും നമ്മളെക്കാൾ വിഭവശേഷി കുറഞ്ഞ രാജ്യങ്ങളുമാണ്. ♦