Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറികാലാവസ്ഥാ വ്യതിയാനവും 
പ്രാദേശിക സർക്കാരുകളും

കാലാവസ്ഥാ വ്യതിയാനവും 
പ്രാദേശിക സർക്കാരുകളും

ഡോ. ടി.എം. തോമസ് ഐസക്

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാലം തെറ്റിയ മഴ, അതു തന്നെ പെയ്യുമ്പോൾ കോരിച്ചൊരിഞ്ഞ്, പ്രളയവും വരൾച്ചയും മാറി മാറി…. വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന പരിസ്ഥിതി പാതകങ്ങൾക്കു കനത്ത ശിക്ഷ തന്നെയാണു നമുക്കു പ്രകൃതി വിധിച്ചിരിക്കുന്നത്.

Potsdam Institute for Climate Impact Research (PIK) കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗോള താപനം ഇന്നത്തെ നിലയിൽ പിടിച്ചുനിർത്തിയാൽ പ്രതിവർഷം 38 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് 2050 ആകുമ്പോഴേക്കും ലോകസമ്പദ്ഘടനയിൽ ഉണ്ടാവുക. ഈ നഷ്ടത്തിന്റെ സിംഹപങ്കും ഉഷ്ണമേഖലാ പ്രദേശത്തുള്ള അവികസിത രാജ്യങ്ങൾക്കായിരിക്കും. ഒഇസിഡി രാജ്യങ്ങൾക്കുണ്ടാകുന്നതിന്റെ ഇരട്ടി നഷ്ടമാണ് ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങൾക്കുണ്ടാവുക.

മേൽപ്പറഞ്ഞ റിപ്പോർട്ട് മറ്റൊരു കാര്യവുംകൂടി പറയുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ ലഘൂകരണത്തിനു വേണ്ടിയുള്ള മിറ്റിഗേഷൻ നടപടികൾക്ക് വേണ്ടിവരുന്ന ചെലവിന്റെ ആറ് മടങ്ങാണ് ഉണ്ടാകാൻ പോകുന്ന നഷ്ടം. അതുകൊണ്ട് യുക്തിസഹമായ ഒരുകാര്യം എത്രയും പെട്ടെന്ന് കാലാവസ്ഥ വ്യതിയാന ലഘൂകരണ നടപടികൾ സ്വീകരിക്കുകയെന്നുള്ളതാണ്. പക്ഷേ, ആഗോള നേതാക്കൾക്ക് ഇതു സംബന്ധിച്ച് ഒരു പൊതുധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല.

കേന്ദ്ര പ്രശ്നം മിറ്റിഗേഷൻ നടപടികൾക്കു വേണ്ടിവരുന്ന ചെലവ് ആര് വഹിക്കുമെന്നുള്ളതാണ്. മറ്റൊരു പ്രശ്നം എല്ലാവരുംകൂടി യോജിച്ച് തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്താൽ മാത്രമേ ആഗോളതാപന പ്രതിരോധം ഫലപ്രദമാവുകയുള്ളൂ. ഒരു രാജ്യം നഷ്ടംസഹിച്ച് ഹരിതഗൃഹവാതക ബഹിർഗമനം കുറച്ചു എന്നു കരുതുക. പക്ഷേ, മറ്റൊരു രാജ്യം അത് വർദ്ധിപ്പിച്ചാൽ അതിന്റെ പ്രയോജനം ഇല്ലാതാവുമല്ലോ? ഒരു രാജ്യം നഷ്ടംസഹിച്ചതുകൊണ്ട് ആഗോളതാപനത്തിൽ മാറ്റമൊന്നും വരുന്നില്ലല്ലോ. ഇതിൽ നിന്നു ലളിതമായ ഒരു സത്യം വ്യക്തമാകുന്നു. പ്രാദേശിക ഇടപെടൽ മാത്രം പോരാ കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുവാൻ. ആഗോളമായ കാഴ്ചപ്പാടും കരാറുകളും റെഗുലേഷനും ഉണ്ടായേ തീരൂ.

കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ ഫ്രെയിം വർക്ക്
1992-ൽ ബ്രസീലിലെ റിയോ പട്ടണത്തിൽ ചേർന്ന ‘ഭൗമ ഉച്ചകോടി’ എന്ന് അറിയപ്പെടുന്ന ആഗോള സമ്മേളനത്തിൽവെച്ചാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിന് അഥവാ United Nations Framework Convention on Climate Change-ന് രൂപം നൽകിയത്. ഇപ്പോൾ 197 രാജ്യങ്ങൾ അതിൽ ഒപ്പുവച്ചിട്ടുണ്ട്. അവരാണ് Conference of the Parties അഥവാ കോപിൽ പങ്കെടുക്കുന്നത്. ഇവരുടെ ആഗോള വാർഷിക വേദിയെ കോപ് (COP) എന്നാണു വിളിക്കുന്നത്. 28 സമ്മേളനങ്ങൾ ഇതുവരെ നടത്തിയിട്ടുണ്ട്. പക്ഷേ ഇതുവരെ വ്യക്തമായ ഒരു കർമ്മ പരിപാടിക്കും രൂപം നൽകാൻ കഴിഞ്ഞില്ല.

വ്യവസായ വിപ്ലവകാലം മുതൽ ഓരോ രാജ്യവും സൃഷ്ടിച്ച പ്രതിശീർഷ കാർബണിന്റെ കണക്കെടുത്താൽ 3,500 കോടി ടൺ കാർബൺ അസലായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പ്രതിശീർഷ കാർബൺ ബാധ്യതയെ ചരിത്രപരമായി വരുന്ന പരിശോധിച്ചാൽ ജനസംഖ്യയുടെ 18 ശതമാനം വികസിത രാജ്യങ്ങളുടെ ബാധ്യത 80 ശതമാനത്തോളം വരും. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാധ്യത ഏറ്റെടുക്കാൻ അവർ തയ്യാറല്ല. കഴിഞ്ഞ ദുബായ് സമ്മേളനത്തിലാണ് ചെറിയൊരു കെടുതി ഫണ്ടിനു രൂപം നൽകാൻ ധാരണയായത്. കാലാവസ്ഥാ നീതിക്കു വേണ്ടിയുള്ള മുദ്രാവാക്യം മൂന്നാംലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി ഉയർത്തിയേ തീരൂ.

മിറ്റിഗേഷൻ അഥവാ 
ലഘൂകരണ നടപടികൾ
ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക മേഖലകൾ കണ്ടെത്തി ഇവയുടെ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഹരിതഗൃഹ വാതക മേഖലയിലെ മലിനീകരണത്തിന്റെ 26 ശതമാനം സൃഷ്ടിക്കുന്നത് ഊർജ്ജ മേഖലയാണ്. ഇവിടെയാണല്ലോ ഏറ്റവും കൂടുതൽ കൽക്കരിയും പെട്രോളും ഉപയോഗിക്കപ്പെടുന്നത്. അതുകഴിഞ്ഞാൽ 19 ശതമാനം ‘സംഭാവന’ ചെയ്യുന്നത് വ്യവസായ മേഖലയാണ്. വലിയ തോതിൽ ഇവിടെ വൈദ്യുതി ഉപയോഗിക്കപ്പെടുന്നു. വന നശീകരണമാണ് 17 ശതമാനം കാർബൺ സൃഷ്ടിക്കുന്നത്. തൊട്ടുപിന്നിൽ യഥാക്രമം 14ഉം 13ഉം ശതമാനം വീതമുള്ള കൃഷിയും ഗതാഗതവും വരും. കാർഷിക മേഖലയിലെ രാസവള ഉപയോഗവും മീതൈൻ ബഹിർഗമനവുമാണ് ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കുന്നത്.

വിനാശകരമായ കൽക്കരി, എണ്ണ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. സോളാർ പോലുള്ള ഊർജ്ജ മേഖലകൾ ഉപയോഗിക്കണം. ഗതാഗത മേഖല പൊതുഗതാഗത സംവിധാനത്തിന്റെയും റെയിൽവേയുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതി സൗഹൃദമാക്കണം. നിർമ്മാണ രീതികളിൽ മാറ്റം വരുത്തണം. അമിത രാസവള ഉപയോഗം ഒഴിവാക്കണം. ഇങ്ങനെ ഓരോ മേഖലയിലും സ്വീകരിക്കേണ്ട പ്രതിവിധി നടപടികളുടെ വിശദാംശങ്ങൾ ഇന്നു തയ്യാറാണ്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യുഎൻ നയചട്ടക്കൂട് പ്രകാരം ഇത്തരം നടപടികൾ സ്വീകരിച്ച് ഓരോ രാജ്യവും അവരുടെ അസൽ കാർബൺ ബഹിർഗമനം പൂജ്യം ആക്കുന്നതിനു ലക്ഷ്യമിടണം. ഇതിനു മുഖ്യപങ്കുവഹിക്കേണ്ടത് വികസിത രാജ്യങ്ങളാണ്. ഇന്നും പ്രതിശീർഷ ഊർജ്ജ ഉപഭോഗത്തിൽ വികസിത രാജ്യങ്ങളുടെ എത്രയോ പിന്നിൽ കിടക്കുന്ന വികസ്വര രാജ്യങ്ങളും കർശന നിയന്ത്രണങ്ങൾ ഏറ്റെടുത്തേ പറ്റൂവെന്നു വാദിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ ഓരോ രാജ്യവും അവർ സ്വീകരിക്കാൻ പോകുന്ന നടപടികൾ സ്വമേധയാ പ്രഖ്യാപിക്കുകയും അത് ഉടമ്പടിയുടെ ഭാഗമാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാന ചർച്ചകൾ തുടങ്ങിയപ്പോൾ ആഗോള താപനം വ്യവസായ കാലത്തെ അപേക്ഷിച്ച് 1.5 ഡിഗ്രി സെൽഷ്യസിൽ അധികരിക്കാതെ പിടിച്ചുനിർത്തണം എന്നതായിരുന്നു ധാരണ. എന്നാൽ ഇപ്പോൾ ഈ പതിറ്റാണ്ടിൽതന്നെ ആഗോള താപനം ഈ പരിധികടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഓരോ രാജ്യവും സ്വമേധയാ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാൻ ഏറ്റെടുക്കുന്ന പ്രതിബദ്ധതയെ Nationally Determined Contributions (NDCs) എന്നാണു വിളിക്കുക. അങ്ങനെ ഇന്ത്യാ രാജ്യവും ഒരു NDC തയ്യാറാക്കിയിട്ടുണ്ട്. അതിനനുസൃതമായിട്ടുള്ള നയങ്ങൾക്കും ചില പ്രവർത്തന പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്. ഈ നയ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് കാലാവസ്ഥാ പ്രതിരോധത്തിൽ ഇടപെടുന്നതിന് പ്രാദേശിക സർക്കാരുകൾക്ക് വലിയ പങ്കുവഹിക്കാനാകും. ഇത്തരത്തിൽ പ്രാദേശിക ഇടപെടൽ നടത്തുന്നതിന് ബോധപൂർവ്വം പരിശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം.

എന്തുകൊണ്ട് കേരളം?
കാലാവസ്ഥാ മാറ്റത്തോട് ഒത്തുപോകുന്നതിനും (adaptation) ലഘൂകരിക്കുന്നതിനും (mitigation) എന്തുകൊണ്ട് പ്രാദേശിക ഇടപെടലിന് കേരളത്തിനു മാതൃകയാകാൻ കഴിയും? അധികാര വികേന്ദ്രീകരണം ഇന്ത്യാ രാജ്യത്ത് ഏറ്റവും ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള സംസ്ഥാനം കേരളമാണെന്നതാണ് ഇതിനു കാരണം. മാത്രമല്ല, ജനപങ്കാളിത്തത്തോടുകൂടി പ്രാദേശിക വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് ജനകീയാസൂത്രണം സൃഷ്ടിച്ചിട്ടുള്ള വലിയ പാരമ്പര്യവുമുണ്ട്. അതുകൊണ്ട് അന്തർദേശീയ അംഗീകാരം നേടത്തക്കരീതിയിൽ ഈ മേഖലയിൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയും.

ഒരുപക്ഷേ, ലോകത്തു തന്നെ ആദ്യമായി എല്ലാ ഗ്രാമങ്ങളിലും ദുരന്തനിവാരണ റിപ്പോർട്ട് തയ്യാറാക്കുന്നതിനു മുൻകൈയെടുത്തത് കേരളത്തിലായിരിന്നു. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്ക ദുരന്തങ്ങളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു രേഖ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയത്. ഇതിനാവശ്യമായ തയ്യാറെടുപ്പുകൾ ഏറെ നടത്തിയെങ്കിലും കോവിഡുമൂലം റിപ്പോർട്ട് തയ്യാറാക്കൽ ആഗ്രഹിച്ച രീതിയിൽ നടന്നൂവെന്നു പറയാനാവില്ല. എന്നാൽ ഇത് നല്ല തുടക്കമാണ്. ഈ റിപ്പോർട്ടുകൾ സമഗ്രമാക്കണം. അതിന്റെ അടിസ്ഥാനത്തിൽ ദുരന്ത ലഘൂകരണ ആക്ഷൻപ്ലാനുകൾ തയ്യാറാക്കുന്നതിലേക്കു നീങ്ങണം. ഇതു പ്രാദേശികാസൂത്രണത്തിന്റെ ഭാഗമാക്കുകയും ചെയ്യണം.

നമ്മുടെ നാടിന്റെ സുസ്ഥിരതയ്ക്ക് ഇത്തരം പ്രാദേശിക ഇടപെടലുകൾ അത്യാവശ്യമാണുതാനും. ഇതിനകം കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ വലിയ തോതിൽ സംസ്ഥാനത്ത് അനുഭവപ്പെടുന്നുണ്ട്. ഏറ്റവും പ്രധാനം മൺസൂൺ മഴയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ്. മഴ കാലംതെറ്റിയാണു പെയ്യുന്നത്. അതുപോലെ തന്നെ തീവ്രപേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മഴയില്ലാത്ത മാസങ്ങളും വരൾച്ചയും തുടങ്ങി ദുരന്തങ്ങൾ മാറിമാറി വരുന്നു. ഇത് കൃഷിയെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കടലാക്രമണം പോലെതന്നെ തീവ്രമാണ് മലയോരത്തെ വർദ്ധിച്ചുവരുന്ന മനുഷ്യ–-മൃഗ സംഘർഷങ്ങളും. കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളും പ്രകടമാണ്.

ഇന്നത്തെ ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് നാം തന്നെ പല കാര്യങ്ങളും ചെയ്യാൻ മുൻകൈ എടുക്കേണ്ടതുണ്ട്. അവ പലതും വികസന വിരുദ്ധമല്ലെന്നു മാത്രമല്ല, വികസനത്തിന് അത്യന്താപേക്ഷിതവുമാണ്. സുസ്ഥിര വികസനമെന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം.

മഴയും വരൾച്ചയും
തീവ്രമഴയുടെ കാലത്ത് വെള്ളം പെട്ടെന്ന് വാർന്നുപോകാനുള്ള സൗകര്യം ഉറപ്പുവരുത്തണം. അതേസമയം വരൾച്ചയുടെ കാലത്ത് ആവശ്യത്തിനുള്ള വെള്ളം സംരക്ഷിക്കുകയും വേണം. ഇത് ഉറപ്പുവരുത്താനുള്ള മാർഗ്ഗം നീർത്തടാസൂത്രണമാണ്. ഇക്കാര്യത്തിൽ നമുക്ക് ഒട്ടേറെ പ്രാദേശികാനുഭവങ്ങളുണ്ട്. ഏറ്റവും പ്രശസ്തം കാട്ടാക്കട മണ്ഡലത്തിലെ നീർത്തടാസൂത്രണമാണ്. അവയെല്ലാം കണക്കിലെടുത്ത് നീർത്തടാസൂത്രണത്തിനുവേണ്ടി ജനകീയപ്രസ്ഥാനത്തിനു രൂപം നൽകണം. കുന്നിൻചരുവുകളിലേയും പറമ്പുകളിലെയും വെള്ളം അവിടെത്തന്നെ ഭൂഗർഭത്തിലേക്കു പോകുന്നതിനും അല്ലാതുള്ളവ പരമാവധി കുളങ്ങളിലും ഏലാകളിലും ശേഖരിക്കുന്നതിനും സംവിധാനം വേണം. നീർച്ചാലുകളുടെ അടഞ്ഞുപോയ ഭാഗങ്ങൾ തുറന്ന് നീരൊഴുക്ക് സുഗമമാക്കണം. ജലസംരക്ഷണത്തിനു തടയണകളാകാം. ചെറുപുഴകളിലെ മഴക്കാല നീരൊഴുക്ക് തടസ്സപ്പെടുത്താതെ പുഴകൾക്കുള്ളിൽ തന്നെ ജലസംഭരണം സാധ്യമാകുന്ന ബന്ധാരകൾ നിർമ്മിക്കാം. ഒഴിഞ്ഞു കിടക്കുന്ന ക്വാറികൾ ജലസംഭരണത്തിനു പ്രയോജനപ്പെടുത്താം. ഇതിനെല്ലാം വലിയ തോതിൽ തൊഴിലുറപ്പിനെ ഉപയോഗപ്പെടുത്താം.

ചെറുനീർത്തടാടിസ്ഥാനത്തിലുള്ള ആസൂത്രണം പ്രാദേശികമായേ സാധ്യമാകൂ. അതോടൊപ്പം നദീതട മാസ്റ്റർപ്ലാനുകളും ഉണ്ടാക്കണം. ‘ഇനിയും പുഴയൊഴുകട്ടെ’ എന്ന മുദ്രാവാക്യത്തിനു കീഴിൽ വരട്ടാർ, കുട്ടംപേരൂരാർ, മീനച്ചിലാർ – കോടൂരാർ – മീനന്തലയാർ, കാനാംപുഴ എന്നിങ്ങനെ എത്രയോ അനുഭവങ്ങൾ. ഇവ ഓരോന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആസൂത്രണം ചെറുനീർച്ചാലുകളിലും പുഴകളിലും ഒതുക്കാതെ നമ്മുടെ വൻനദികളിലേക്കുകൂടി കൊണ്ടുപോകണം.

ഇതിനുള്ള ആക്ഷൻപ്ലാനുകൾ ഉണ്ടാകണം. ചെറുനീർത്തട ആസൂത്രണവും നദീതട മാസ്റ്റർപ്ലാനും സമാന്തരമായി മുന്നോട്ട് പോകാവുന്നവയാണ്. ജലത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും നിയന്ത്രിക്കണം. ജല ഗുണനിലവാര ലാബുകൾ ഹയർ സെക്കൻഡറി സ്കൂളുകളിലെല്ലാമാകാം. പല തദ്ദേശഭരണ സ്ഥാപനങ്ങളും ജല ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്.

വേലിയേറ്റ വെള്ളപ്പൊക്കം
ആഗോളതാപനം സമുദ്രജലവിതാനം ഉയരുന്നതിന് ഇടവരുത്തുന്നുണ്ട്. ഒരു പ്രധാനപ്പെട്ട കാരണം ധ്രുവങ്ങളിലെയും മലകളിലെയും മഞ്ഞുരുകുന്നതാണ്. സമുദ്രജലത്തിന്റെ മലിനീകരണവും ഊഷ്മാവ് വർദ്ധിക്കുന്നതും സമുദ്ര ജൈവവൈവിധ്യ തകർച്ചയിലേക്കു നയിക്കുകയും മത്സ്യബന്ധന തൊഴിലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കടലാക്രമണത്തിന്റെ രൂക്ഷതയേറുന്നു. തീരസംരക്ഷണത്തിനുള്ള നടപടികൾ പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ട് ആവിഷ്കരിക്കേണ്ടതുണ്ട്. നൂതനമായ തീരസംരക്ഷണ എഞ്ചിനീയറിംഗ് നടപടികൾക്കൊപ്പം കണ്ടൽക്കാടുകളുടെ കവചം തീരത്ത് സൃഷ്ടിക്കണം.

ഇതുമായി ബന്ധപ്പെട്ടു വരുന്ന ഒരു പുതിയ അനുഭവമാണ് വേലിയേറ്റ വെള്ളപ്പൊക്കം. ശക്തമായ വേലിയേറ്റം ഉണ്ടാകുന്ന വേളയിൽ ഇന്ന് കേരളത്തിന്റെ പല പ്രദേശങ്ങളിലും ഉപ്പുവെള്ളം കായലുകളിലൂടെയും തോടുകളിലൂടെയും കരയിലേക്ക് കയറുകയും രൂക്ഷമായ വെള്ളക്കെട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. എറണാകുളത്തെ വൈപ്പിൻ, പുത്തൻവേലിക്കര തുടങ്ങിയ പ്രദേശങ്ങളും ആലപ്പുഴയിലെ അരൂരും ഇതിന് നല്ല ഉദാഹരണങ്ങളാണ്.

ഒരു വശത്ത് കായലിന്റെയും തോടിന്റെയും ആവാഹകശേഷി കുറയുന്നു. മറുവശത്ത് വേലിയേറ്റം വർദ്ധിക്കുന്നു. കായലിലെ ചെളി കോരി ആവാഹകശേഷി വർദ്ധിപ്പിക്കുന്ന നടപടി കേന്ദ്രീകൃതമായേ ചെയ്യാൻ കഴിയൂ. എന്നാൽ തോടുകൾ ആഴംകൂട്ടുന്നതിനും കായലുകളിൽ നിന്നും തോടുകളിൽ നിന്നും കോരിയെടുക്കുന്ന ചെളിയും മണ്ണും കരയും ബണ്ടുകളും ഉയർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രാദേശികമായ പരിപാടികൾ ഉണ്ടാകേണ്ടതുണ്ട്. വെള്ളക്കെട്ടിന് അനുയോജ്യമായ കക്കൂസുകൾ വേണം. പ്രാദേശികമായ ചെറു കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്റുകളെക്കുറിച്ചും ചിന്തിക്കാം. ഇത്തരം പ്രദേശങ്ങളിൽ കുടിവെള്ളം ഉറപ്പുവരുത്തുന്നതിനും നടപ്പാതകൾ ഉയർത്തുന്നതിനും നടപടി വേണം. തികച്ചും വാസയോഗ്യമല്ലാതായി മാറിയ സ്ഥലങ്ങളിൽ നിന്നും കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ഇപ്പോൾ തന്നെ തീരദേശത്ത് 50 മീറ്ററുകൾക്കുള്ളിൽ വരുന്ന വീടുകളുടെ പുനരധിവാസത്തിന് പദ്ധതിയുണ്ടല്ലോ. പ്രാദേശികാടിസ്ഥാനത്തിൽ അല്ലാതെ ഇത്തരം ഇടപെടലുകൾ നടത്താനാവില്ല.

മാലിന്യസംസ്കരണം
നദികൾ വൃത്തിയാകണമെങ്കിൽ കര വൃത്തിയാകണം. നാട്ടിൽ നമ്മൾ ഉണ്ടാക്കുന്ന മാലിന്യമാണല്ലോ നദികളെ മലിനീകരിക്കുന്നത്. ഖരമാലിന്യ സംസ്കരണത്തിൽ കൃത്യമായ പരിപാടി ഇന്ന് തയ്യാറായിട്ടുണ്ട്. ശ്രമിച്ചാൽ നമുക്ക് അടുത്തൊരു വർഷംകൊണ്ട് ഇത് പൂർണ്ണതയിൽ എത്തിക്കാം. വെയ്സ്റ്റ് ടൂ എനർജി അനിവാര്യമായ ചില വലിയ നഗരങ്ങളുണ്ടാകും. എന്നാൽ ജൈവമാലിന്യം മുഴുവൻ വലിയ സബ്സിഡി നൽകി എനർജിയാക്കി മാറ്റാമെന്ന ആശയം തെറ്റാണ്.

ഒന്ന്, ഭൂമിയിൽ നിന്നെടുത്തതു ഭൂമിയിലേയ്ക്കു തിരിച്ചു ചെല്ലണം. അല്ലാത്തപക്ഷം നമ്മുടെ ഭൂമി ഊഷരമായിപ്പോകും. ജൈവ കമ്പോസ്റ്റിന്റെ അഭാവത്തിൽ കൃത്രിമ രാസവളങ്ങൾ കൂടുതലായി ഉപയോഗിക്കാൻ കർഷകർ നിർബന്ധിതരാകും. രാസവള ഉപയോഗം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആരായാൻ നാം ബാധ്യസ്ഥരാണ്. രണ്ട്, കമ്പോസ്റ്റ് വളം കാർബൺ മണ്ണിലുറപ്പിക്കാൻ സഹായിക്കുന്നതാണ്. പ്രകൃത്യാ തന്നെ മണ്ണിൽ കാർബൺ ന്യൂട്രെലൈസ് ചെയ്യാൻ കമ്പോസ്റ്റ് സഹായിക്കും. മൂന്ന്, കത്തിക്കുമ്പോഴോ ചീഞ്ഞളിയുമ്പോഴോ ഉണ്ടാകുന്ന ഹരിതഗൃഹവാതകങ്ങളെ ഒഴിവാക്കാൻ സഹായിക്കും. ഉറവിട മാലിന്യ സംസ്കരണമാണ് കരണീയം.

ഇതോടൊപ്പം മലിനജല സംസ്കരണവും നമ്മുടെ ശുചീകരണ അജൻഡയിൽ സ്ഥാനം പിടിക്കേണ്ടതുണ്ട്. എല്ലാ വീടുകളിലും സോക്പിറ്റുകൾ വേണം. എല്ലാ ജില്ലകളിലും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഉണ്ടാകണം. സെപ്ടിക് ടാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും അല്ലാതുള്ളവയിലെ മാലിന്യം സംസ്കരിക്കുന്നതിന് വികേന്ദ്രീകൃതമായ സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം.

തുടക്കമെന്ന നിലയിൽ പുണ്യനദിയായി കരുതപ്പെടുന്ന പമ്പയുടെ പുനരുദ്ധാരണം ഏറ്റെടുക്കാം. ശബരിമലയുമായിട്ടുള്ളബന്ധംമൂലം ഇതിനാവശ്യമായ ഫണ്ടുകൾ എളുപ്പത്തിൽ ലഭ്യമാകും. ശബരിമല തീർത്ഥാടന കേന്ദ്രങ്ങളിലെ മാലിന്യസംസ്കരണം മുതൽ നദിയുടെ ആവാഹപ്രദേശത്തെ മുഴുവൻ ശുചീകരണത്തിനുള്ള വലിയ ജനകീയപ്രസ്ഥാനമാക്കി ഇതിനെ മാറ്റാനാകും.

വനവും മരവും
വന നശീകരണം തടയണം, വനത്തെ പോഷിപ്പിക്കണം. വരൾച്ചയും വെള്ളപ്പൊക്കവും തടയാൻ അനിവാര്യമാണിത്. വനത്തിൽ മാത്രമല്ല നാട്ടിലും വേണം കൂടുതൽ മരങ്ങൾ. വർഷംതോറും 1 കോടി മരങ്ങൾ വീതം നടാനുള്ള കേരള സർക്കാർ പദ്ധതിയുടെ പ്രസക്തി ഇവിടെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പുരയിടങ്ങളിൽ ഫലവൃക്ഷ കൃഷിയിലേയ്ക്കു നീങ്ങേണ്ടതുണ്ട്. അനുയോജ്യ വിളകൾ നിർണ്ണയിച്ച് അവയുടെ നല്ല നടീൽ വസ്തുക്കൾ ഉറപ്പുവരുത്തണം.

വർദ്ധിച്ചുവരുന്ന വന്യജീവി-ടെ–മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നടപടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. കാട്ടിൽ വാണിജ്യ വൃക്ഷങ്ങൾ ഒഴിവാക്കുന്ന നയം നടപ്പാകണം. കാട്ടിനുള്ളിൽ ജലലഭ്യത വർദ്ധിപ്പിക്കാനുള്ള നടപടി വേണം. അതോടൊപ്പം വന്യജീവികൾ നാട്ടിലേക്ക് കടന്നുവരാതിരിക്കാനുള്ള സമഗ്രമായ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും വേണം.

കാലാവസ്ഥാ സമ്മേളനങ്ങളിലെ മരത്തിന്റെ സാമൂഹ്യമൂല്യവും തലമുറകളു നേട്ട വ്യത്യാസങ്ങളെയും കുറിച്ചുള്ള ചർച്ചകൾ മീനങ്ങാടി പഞ്ചായത്തിലെ ട്രീ ബാങ്കിംഗ് പരീക്ഷണത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നുണ്ട്. ദീർഘകാല മരങ്ങൾ വലിയ തോതിൽ നട്ടുവളർത്തുന്നതുകൊണ്ട് ഇന്നത്തെ തലമുറയ്ക്ക് നേട്ടം ഒന്നുമില്ല. അനന്തരാവകാശികൾക്കാണു നേട്ടം. അതിൽ ഒരു ഭാഗം ഇന്നു നട്ടുവളർത്തുന്നവർക്കായി നൽകാൻ എന്താണു മാർഗ്ഗം?

അതിന് ഉത്തരമാണ് ട്രീ ബാങ്കിംഗ്. നട്ടുവളർത്തുന്ന മരം ഈടായി സ്വീകരിച്ച് ഇന്നു വായ്പ നൽകുക. മരം വെട്ടുന്നകാലത്തു തിരിച്ചു നൽകിയാൽ മതിയാകും. കാലാവസ്ഥ ഫണ്ടിൽ ഒരു ഭാഗം ഇത്തരം സ്കീമുകൾക്കായി മാറ്റിവയ്ക്കാനാവണം.

നെൽകൃഷിയെ സംരക്ഷിക്കേണ്ടത് പാരിസ്ഥിതിക പ്രാധാന്യമുള്ള കാര്യമാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുള്ള ബയോഡൈവേഴ്സിറ്റി രജിസ്റ്റർ ആക്ഷൻ പ്ലാനുകളുമായി ബന്ധപ്പെടുത്തണം.

പച്ചത്തുരുത്ത്, മിയോവാക്കി വനങ്ങൾ, ഓഫീസ് കോംപ്ലക്സുകളിലെ വൃക്ഷത്തെെകൾ എന്നിവയ്ക്ക് ഹരിതമിഷൻ നൽകിയിട്ടുള്ള ഊന്നൽ നല്ല ഫലം ഉണ്ടാക്കിയിട്ടുണ്ട്. കാവുകൾ സംരക്ഷിക്കണം.

ഊർജ്ജ ഉപഭോഗം
ഊർജ്ജ ഉപഭോഗം വർദ്ധിക്കുന്നതു തടയാനാവില്ല. ആഗോള ഊർജ്ജ ഉപഭോഗ ശരാശരിയേക്കാൾ എത്രയോ താഴെയാണ് നാം ഇപ്പോഴും. പക്ഷേ ദുർവ്യയം ഒഴിവാക്കാനാവണം.

ഉദാഹരണത്തിന് ഇലക്ട്രിസിറ്റി ബോർഡിന്റെ പൂർണ്ണ ചെലവിൽ കേരളത്തിലെ എല്ലാ ഫിലമെന്റ് വിളക്കുകളും എൽഇഡിയായി മാറ്റിയിട്ടാലും ബോർഡിനു ലാഭമാണ്. സ്ഥാപനങ്ങളെ ഊർജ്ജ ഓഡിറ്റ് നടത്തി വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമായി ഊർജ്ജ ദുർവ്യയം ഒഴിവാക്കാനാവും. പക്ഷേ നാം വളരെയേറെയൊന്നും മുന്നോട്ടു പോയിട്ടില്ല. പുര സൗരോർജ്ജ ഉൽപ്പാദനത്തിന്റെ ഉല്പാദനം കൂടുതൽ ആകർഷകമാക്കണം.

എത്ര ശ്രമിച്ചാലും അടുത്തൊന്നും കേരളത്തെ കാർബൺ ന്യൂട്രലാക്കി മാറ്റാനാവില്ല. ഇന്ത്യ തന്നെ 2070-ലാണ് ഈ ലക്ഷ്യം മുന്നോട്ടുവച്ചിട്ടുള്ളത്. പക്ഷേ വയനാട് പോലുള്ള പ്രദേശങ്ങൾ കാർബൺ ന്യൂട്രലാക്കുക പ്രായോഗിക ലക്ഷ്യമാണ്. അത്തരമൊരു പദവി വയനാട് കാപ്പിയെ ബ്രാൻഡ് ചെയ്യുന്നതിനും അതുവഴി കൃഷിക്കാരുടെ വരുമാനം ഇരട്ടിയായി ഉയർത്തുന്നതിനും സഹായിക്കും. ഇതു യാഥാർത്ഥ്യമാക്കി മാറ്റുന്നത് വയനാട്ടിലെ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും കേരളത്തിന്റെ ആഗോള യശസ്സ് ഉയർത്തുന്നതിനും സഹായിക്കും.

ഇത്തരത്തിലുള്ള ക്രിയാത്മകമായ പ്രാദേശിക ഇടപെടലുകൾ ആഗോളമായുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തും. ആഗോള വീക്ഷണവും പ്രാദേശിക പ്രവർത്തനവും എന്നതാണ് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ടൊരു മുദ്രാവാക്യം തന്നെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 3 =

Most Popular