Sunday, September 8, 2024

ad

Homeഇവർ നയിച്ചവർപി ഗംഗാധരൻ എന്ന പി ജി

പി ഗംഗാധരൻ എന്ന പി ജി

ഗിരീഷ്‌ ചേനപ്പാടി

മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മധ്യകേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു പി ഗംഗാധരൻ. ട്രേഡ്‌ യൂണിയൻ രംഗത്തെ ആദ്യ സംഘാടകരിൽ പ്രമുഖനുമായിരുന്നു അദ്ദേഹം. കൊച്ചിയായിരുന്നു പ്രവർത്തനകേന്ദ്രം. ഇടപ്പാള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണ കേസ്‌, പരിയാരം ശങ്കുണ്ണി ഇൻസ്‌പെക്ടർ വധക്കേസ്‌, മട്ടാഞ്ചേരി വെടിവെപ്പ്‌ കേസ്‌ എന്നിവയിൽ പ്രതിയായിരുന്നു പി ഗംഗാധരൻ. അവർണർക്കു വഴിനടക്കാനുള്ള പാലിയം സമരഈ, കുട്ടൻകുളം സമരം തുടങ്ങിയവയിൽ നേതൃത്വപരമായ പങ്ക്‌ അദ്ദേഹം വഹിച്ചു. ഐതിഹാസികമായ അന്തിക്കാട്ടെ ചെത്തുതൊഴിലാളി യുണിയൻ സമരത്തിന്റെ മുൻനിരയിലും അദ്ദേഹമുണ്ടായിരുന്നു.

1910ൽ ആണ്‌ പി ഗംഗാധരൻ ജനിച്ചത്‌. പള്ളുരുത്തിയിലെ ഒരു പാവപ്പെട്ട വീട്ടിൽ. കുഞ്ഞുണ്ണി എന്നായിരുന്നു പിതാവിന്റെ പേര്‌. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഒരു ഓയിൽ മില്ലിലെ തൊഴിലാളിയായി അദ്ദേഹം ചേർന്നു. ഓയിൽ മില്ലിലെയും ഇതര സ്ഥാപനങ്ങളിലെയും തൊഴിലാളികളുമായി ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും ഇക്കാലത്ത്‌ അദ്ദേഹത്തിന്‌ സാധിച്ചു.

സ്വാതന്ത്ര്യസമര പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവുമൊക്കെ ശക്തിപ്രാപിക്കുന്ന സമയമായിരുന്നല്ലോ അദ്ദേഹത്തിന്റെ കൗമാര‐യൗവനകാലം. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആവേശഭരിതനായ അദ്ദേഹം കോൺഗ്രസ്‌ യോഗങ്ങളിലെ സ്ഥിരം സ്രോതാവായി. താമസിയാതെ കോൺഗ്രസ്‌ വളണ്ടിയറായി മാറി. ചുറുചുറുക്കോടെ പ്രവർത്തിച്ച അദ്ദേഹത്തിന്‌ പൊതുപ്രവർത്തകൻ എന്ന അംഗീകാരം വളരെ വേഗം ലഭിച്ചു.

1930ൽ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം നിയമലംഘന പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. മൂന്നുതവണ അദ്ദേഹം അതിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെടുകയും ജയിൽവാസം അനുഷ്‌ഠിക്കുകയും ചെയ്‌തു. പൊലീസിന്റെ ഭീകരമായ മർദനങ്ങളും ശിക്ഷാനടപടികളുമൊന്നും ഗംഗാധരനെ തളർത്തിയില്ല.

1931ൽ പള്ളുരുത്തി കേന്ദ്രീകരിച്ച്‌ കൊച്ചിൻ ലേബർ യുണിയൻ സംഘടിപ്പിക്കപ്പെട്ടു. പി ഗംഗാധരനാണ്‌ അതിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. തൊഴിലാളികൾ പൊതുവെ രൂക്ഷമായ പ്രതിസന്ധിയാണ്‌ അന്ന്‌ നേരിട്ടത്‌. മുതലാളിത്ത പ്രതിസന്ധിയുടെ പേരിൽ തൊഴിലാളികൾ വ്യാപകമായി പിരിച്ചുവിടപ്പെട്ട; അവരുടെ കൂലി വൻതോതിൽ വെട്ടിക്കുറയ്‌ക്കപ്പെട്ടു; അധ്വാനഭാരം നാൾക്കുനാൾ വർധിച്ചുവന്നു. മുതലാളിമാരാകട്ടെ നഷ്ടത്തിന്റെയും പ്രതിസന്ധിയുടെയും പരിദേവനങ്ങളാണ്‌ തൊഴിലാളികൾക്കു മുന്പിൽ വെയ്‌ക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം പി ജിക്കുണ്ടായിരുന്നു.

സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ കുട്ടിക്കാലം മുതലേ ആഭിമുഖ്യം പുലർത്തിയ പി ജി കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനം തലശ്ശേരി ടൗൺ ഹാളിലാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌. അതിൽ പി ജിയും പങ്കെടുത്തു.

തിരിച്ചു മട്ടാഞ്ചേരിയിലെത്തിയ പി ജി കൂടുതൽ ഊർജസ്വലതയോടെ തൊഴിലാളികളെ സംഘടിപ്പിച്ചു. കയർത്തൊഴിലാളികൾ, തോണിത്തൊഴിലാളികൾ ഇവരൊക്കെ അന്ന്‌ അങ്ങേയറ്റം പരിതാപകരമായ ജീവിതസാഹചര്യങ്ങളായിരുന്നു നേരിട്ടിരുന്നത്‌. അവരെ സംഘടിപ്പിക്കുന്നതിനാണ്‌ പി ജി പ്രഥമ പരിഗണന നൽകിയത്‌. പുതിയതായി സംഘടിപ്പിക്കപ്പെട്ട തൊഴിലാളികൾ മെയ്‌ദിനം ഭംഗിയായി ആചരിക്കാൻ തീരുമാനിച്ചു. മെയ്‌ദിനത്തിൽ പി കൃഷ്‌ണപിള്ള ഉൾപ്പെടെയുള്ള കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി നേതാക്കളും പങ്കെടുത്തു. മെയ്‌ദിനാചരണം സംഘാടകർ വിചാരിച്ചതിലും ഭംഗിയായി കൊണ്ടാടാൻ കഴിഞ്ഞു. അതോടെ പി ജിയുടെയും കൂട്ടരുടെയും ആത്മവിശ്വാസം വൻതോതിൽ വർധിച്ചു.

കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ ഘടകം രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി. പി ഗംഗാധരൻ സെക്രട്ടറിയായി കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ ഘടകം താമസിയാതെ രൂപീകരിക്കപ്പെട്ടു. പി കേശവദേവ്‌, പി എസ്‌ നന്പൂതിരി, ജോർജ്‌ ചടയംമുറി, പി കെ ശങ്കരൻ എന്നിവരായിരുന്നു അതിലെ മറ്റംഗങ്ങൾ. 1939 ഡിസംബർ ഒടുവിലും 1940 ജനുവരി ആദ്യവുമായി നടന്ന കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി സമ്മേളനത്തിൽ സിഎസ്‌പി ഒന്നാകെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി മാറാൻ തീരുമാനിച്ചു. അതോടെ ഈ ഘടകവും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഘടകമായി മാറി.

ട്രേഡ്‌ യൂണിയനുകൾ കേരളത്തിലെന്പാടും 1930കളുടെ മധ്യത്തോടെ രൂപീകരിക്കപ്പെട്ടു. അഖിലകേരള തൊഴിലാളി യൂണിയൻ സമ്മേളനം 1935ൽ കോഴിക്കോട്ട്‌ ചേർന്നു. അതിൽ പങ്കെടുക്കണമെന്ന്‌ പി ജി അതിയായി ആഗ്രഹിച്ചെങ്കിലും സാന്പത്തികപ്രയാസങ്ങൾ മൂലം എത്തിച്ചേരാനായില്ല. എന്നാൽ രണ്ടുവർഷം കഴിഞ്ഞ്‌ 1937ൽ തൃശൂരിൽവെച്ചാണ്‌ സമ്മേളനം നടന്നത്‌. അതിൽ പി ജി പങ്കെടുത്തു.

അഖിലകേരള തൊഴിലാളി യൂണിയന്റെ മൂന്നാം സമ്മേളനം ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിലാണ്‌ നടന്നത്‌. കേരള സംസ്ഥാന ട്രേഡ് യൂണിയൻ കൗൺസിൽ രൂപീകരിക്കാനുള്ള തീരുമാനം 1939ൽ ചേർന്ന ആ സമ്മേളനമാണ്‌ എടുത്തത്‌. അതിന്റെ ആരംഭം എന്ന നിലയിൽ പി ജി ഉൾപ്പെടെ ഏഴംഗങ്ങളുള്ള ഒരു സംഘടനാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. എൻ സി ശേഖർ ആയിരുന്നു അതിന്റെ കൺവീനർ.

ഇതിനിടയിൽ കൊച്ചി രാജ്യത്ത്‌ ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെട്ടു. ആദ്യം കൊച്ചിൻ കോൺഗ്രസിൽ പ്രവർത്തിച്ച പി ജി, പ്രജാമണ്ഡലം രൂപീകരിക്കപ്പെട്ടതോടെ അതിന്റെ സജീവ പ്രവർത്തകനായി മാറി. 1939ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചല്ലോ. യുദ്ധവിരുദ്ധ പ്രസ്ഥാനത്തിൽ അണിനിരന്ന ചെറുപ്പക്കാരുടെ മുൻനിരയിൽ പി ജിയും ഉണ്ടായിരുന്നു. പി ജി ഉൾപ്പെടെയുള്ളവർ അറസ്റ്റ്‌ ചെയ്യപ്പെട്ടു. 1942ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നിരോധനം പിൻവലിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന്‌ ജയിലിൽ കിടക്കേണ്ടിവന്നു.

എസ്‌എൻഡിപി ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റുകാർ ചേർന്നു പ്രവർത്തിക്കണമെന്ന തീരുമാനം പാർട്ടി എടുക്കുകയുണ്ടായി. അതനുസരിച്ച്‌ 1940കളിൽ പി ജി എസ്‌എൻഡിപിയുടെ സജീവ പ്രവർത്തകനായി. കൊച്ചി രാജ്യത്താകെ എസ്‌എൻഡിപിയുടെ യൂണിറ്റുകൾ രൂപീകരിക്കാൻ അദ്ദേഹം മുന്നിട്ടു പ്രവർത്തിച്ചു. കൊച്ചി എസ്‌എൻഡിപിയുടെ സംഘടനാ സെക്രട്ടറിയായി പി ജി തിരഞ്ഞെടുക്കപ്പെട്ടു.

1945ൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട എസ്‌എൻഡിപിയുടെ അവകാശപ്രഖ്യാപന സമ്മേളനം പി ജിയുടെ സംഘടനാപാടവത്തിന്റെ ഉത്തമ ഉദാഹരണമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടിൽ ചേർന്ന ആ സമ്മേളനത്തിൽ അന്പതിനായിരത്തിലേറെപ്പേരാണ്‌ പങ്കെടുത്തത്‌. പ്രായപൂർത്തി വോട്ടവകാശം, ഉത്തരവാദഭരണം, പിന്നാക്ക സംവരണം, തൊഴിലാളികളുടെയും കൃഷിക്കാരുടെയും അവകാശങ്ങൾ തുടങ്ങിയവ ആവശ്യപ്പെട്ടായിരുന്നു അവകാശസമ്മേളനം ചേർന്നത്‌.

അവർണർക്ക്‌ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നല്ലോ വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കപ്പെട്ടത്‌. എന്നാൽ അതിനുശേഷവും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പല ഭാഗങ്ങളിലും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചില്ല. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന കുട്ടൻകുളം സമരത്തിന്റെയും പാലിയം സമരത്തിെന്റെയും നേതൃത്വത്തിൽ പി ജി ഉണ്ടായിരുന്നു. കുട്ടൻകുളം സമരത്തെക്കുറിച്ച്‌ പി ജി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌: ‘‘റോഡിൽനിന്ന്‌ പൊലീസിനെ മാറ്റിത്തരണം, അതുവഴി അങ്ങോട്ട്‌ നടന്നുപേകണമെന്ന്‌ ഞാൻ അവരൊട്‌ പറഞ്ഞു. അങ്ങോട്ടു കടക്കാൻ പാടില്ല, നിരോധനമുണ്ട്‌ എന്ന്‌ ഡിവിഷൻ ഇൻസ്‌പെക്ടർ പറഞ്ഞു. എങ്കിൽ അതിനുള്ള കൽപ്പന കാണിച്ചുതരൂ, ഞങ്ങൾ മടങ്ങിപ്പൊയ്‌ക്കോളാം എന്നായി ഞാൻ. നിരോധന ഉത്തരവ്‌ ഗസറ്റിലാണെന്നായിരുന്നു പൊലീസ്‌ ഉദ്യോഗസ്ഥന്റെ സമാധാനം. ഗസറ്റിലില്ലെന്നും ഉണ്ടായിരുന്നെങ്കിൽ അത്‌ കാണിക്കുമായിരുന്നുവെന്നും ഞാൻ പറഞ്ഞു. എന്തായാലും അതു കിട്ടാതെ മടങ്ങാൻ ഞങ്ങൾക്കു ഭാവമില്ലെന്നു കണ്ട സബ്‌ ഇൻസ്‌പെക്ടർ എന്നെ ഒന്നു പിടിച്ചുതള്ളി. ഇതു കണ്ടുനിന്ന ജനക്കൂട്ടം പതുക്കെപ്പതുക്കെ ഉന്തിത്തള്ളി മുന്നോട്ടുനീങ്ങി. അവരും പൊലീസുമായി ഏറ്റുമുട്ടി. എന്നെയും ജനക്കൂട്ടത്തിനു മുന്നിലുണ്ടായിരുന്ന കെ വി ഉണ്ണിയെയും പൊലീസ്‌ വളഞ്ഞുനിന്നു കുറേ തല്ലി. ഉണ്ണിയെ വലിച്ചിഴയ്‌ക്കുന്നത്‌ തടഞ്ഞപ്പോൾ എന്നെയും ഉണ്ണിയെയും അവർ കൈകാൽ കെട്ടി അവിടെയിട്ടു. ത്രിസന്ധ്യയോടെ ചുറ്റും വലിയ പൊലീസ്‌ ബന്ധവസ്സോടെ റോഡിനിരുഭാഗത്തുമുള്ള വീടും കടകളുമൊക്കെ ബലമായി അടപ്പിച്ചശേഷം ഞങ്ങളെ കൈ കെട്ടിയ പാടിൽ തന്നെ നടത്തിക്കൊണ്ടുപോയി, പൊലീസ്‌ സ്‌റ്റേഷനിലടച്ചു’’.

1946 അവസാനമാണ്‌ അന്തിക്കാട്ടെ ചെത്തുതൊഴിലാളികളുടെ സമരം നടന്നത്‌. 168 ദിവസം നീണ്ടുനിന്ന അന്തിക്കാട്ടു സമരം, സമരങ്ങളുടെ ചരിത്രത്തിൽ തിളക്കമാർന്ന അധ്യായം രചിച്ചതായിരുന്നു. കെ പി പ്രഭാകരനൊപ്പം പി ജിയും അന്തിക്കാട്ടു സമരത്തിൽ മുൻനിന്നു പ്രവർത്തിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസ്‌ കൽക്കത്തയിലായിരുന്നല്ലോ ചേർന്നത്‌. ആ സമ്മേളനം അംഗീകരിച്ച തീസിസിന്റെ പേരിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടു. അതോടെ പാർട്ടി നേതാക്കൾ ഒളിവിലിരുന്നാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. ഒളിവിലിരുന്നുകൊണ്ടാണ്‌ പി ജി പാലിയം സമരത്തിനു നേതൃത്വം നൽകിയത്‌.

പാലിയം സമരം
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അതിശക്തമായ പോരാട്ടമായിരുന്നല്ലോ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ നടന്നുവന്നത്‌. സാമൂഹികവും സാന്പത്തികവുമായി അടിച്ചമർത്തപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരുന്നതു ലക്ഷ്യമിട്ടുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക്‌ കൊച്ചി സാക്ഷ്യം വഹിച്ചു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചരിത്രപ്രധാനമായ സമരമായിരുന്നു പാലിയം സത്യാഗ്രഹം. 1947‐48 കാലത്താണ്‌ പാലിയം സമരം നടന്നത്‌. പാലിയം കുടുംബത്തിലേക്കും പാലിയം കുടുംബത്തിന്റെ ക്ഷേത്രങ്ങളിലേക്കും പാലിയം കുടുംബത്തിെന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലേക്കും പോകുന്ന ഒരു വഴിയാണ്‌ പാലിയം റോഡ്‌. ആ റോഡിൽ നൂറ്റാണ്ടുകളായി താഴ്‌ന്ന ജാതിക്കാർക്ക്‌ നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെതിരെ 1947 ഡിസംബറിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും പുലയർ മഹാസഭയുടെയും എസ്‌എൻഡിപിയുടെയും നേതൃത്വത്തിൽ ചേന്ദമംഗലത്ത്‌ സത്യാഗ്രഹം ആരംഭിച്ചു. സി കേശവനാണ്‌ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്‌തത്‌. നിരോധനാജ്ഞ ലംഘിച്ച്‌ നാടിന്റെ നാനാഭാഗങ്ങളിൽനിന്നെത്തിയ സമരഭടന്മാർ റോഡിലൂടെ നടന്നു.

1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പള്ളുരുത്തിയിൽനിന്ന്‌ മത്സരിക്കാൻ കമ്യൂണിസ്റ്റ്‌ പാർട്ടി നിയോഗിച്ചത്‌ പി ഗംഗാധരനെയാണ്‌. മികച്ച പ്രകടനം ആ തിരഞ്ഞെടുപ്പിൽ കാഴ്‌ചവെച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായും സംസ്ഥാനകമ്മിറ്റി അംഗമായും പി ജി തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പമാണ്‌ അദ്ദേഹം നിലകൊണ്ടത്‌. സിപിഐ എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1965ലും 1967ലും അദ്ദേഹം പള്ളുരുത്തിയിൽനിന്ന്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

പാർട്ടി നേതാക്കളും അംഗങ്ങളും സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കരുതെന്ന തീരുമാനം സിപിഐ എം എടുത്തു. ആ തീരുമാനം പി ജി ലംഘിച്ചതിനെത്തുടർന്ന്‌ അദ്ദേഹം പാർട്ടിയിൽനിന്ന്‌ പുറത്താക്കപ്പെട്ടു. അതേത്തുടർന്ന്‌ അദ്ദേഹം എസ്‌ആർപി രൂപീകരിക്കാൻ മുൻകൈയെടുക്കുകയും അതിന്റെ ജനറൽ സെക്രട്ടറിയാകുകയും ചെയ്‌തു.

1985 മാർച്ച്‌ 21ന്‌ പി ഗംഗാധരൻ അന്തരിച്ചു.

കടപ്പാട്‌: കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം: ആദ്യപഥികർ‐ സി ഭാസ്‌കരൻ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × four =

Most Popular