Tuesday, December 3, 2024

ad

Homeചിത്രകലകാലത്തെ അടയാളപ്പെടുത്തുന്ന കലാസഞ്ചാരങ്ങൾ

കാലത്തെ അടയാളപ്പെടുത്തുന്ന കലാസഞ്ചാരങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ചിത്രകലയുടെ പുത്തൻ പ്രവണതകൾ കണ്ടെത്തിക്കൊണ്ട്‌ അന്വേഷണാത്മകവും ക്രിയാത്മകവുമായ രചനകളുമായി ചിത്ര‐ശിൽപകാരർ സജീവമാകുന്ന കാലം. ആധുനിക കലാപ്രസ്ഥാനങ്ങൾ കരുത്താർജിക്കുന്ന കാലത്തുതന്നെ സാംസ്‌കാരികമായും സാമൂഹ്യമായും രാഷ്‌ട്രീയമായുമുള്ള ഇഴചേരലും സംഭവിക്കുന്നു. കലയുടെ സൗന്ദര്യശാസ്‌ത്രത്തെയും കലയുടെ സ്വഭാവത്തെയും നിർണയിക്കുന്ന ഘടകങ്ങൾ ആസ്വാദകരിലേക്കെത്തുകയും ആ രീതിശാസ്‌ത്രങ്ങൾ സമകാലിക കലയിലും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന കാലം കൂടിയാണിന്ന്‌. അത്തരം ചർച്ചകളിലേക്ക്‌ പുതിയ ബിംബകൽപനകളിലൂടെയും വിഷയങ്ങളിലൂടെയും കടന്നുവരുന്ന കരുത്തുറ്റ ചിത്രശിൽപകാരർ നിരവധിയുണ്ട്‌. സമകാലീനകലയിൽ. അവരുടെ ചിന്തകളിൽ തെളിയുന്ന ദർശനങ്ങളിൽ പഴയകാലത്തിന്റെയും പുതിയ കാലത്തിന്റെയും അടയാളപ്പെടുത്തലുകളാണ്‌ ദുരൂഹതയില്ലാതെ ആസ്വാദകരുമായി സംവദിക്കുന്നത്‌. കാലക്രമങ്ങൾക്കപ്പുറത്തേക്ക്‌ സഞ്ചരിച്ചുകൊണ്ടും ദേശാടനരേഖകൾ സ്വന്തം നാടിന്റെ പുരാവൃത്തങ്ങളിലൂടെ രേഖപ്പെടുത്തിക്കൊണ്ടും അവ വർണാഭമാകുന്നു. ഈയൊരു സഞ്ചാരവഴിയിലാണ്‌ ശ്രദ്ധേയ ചിത്രകാരനായ ബാലകൃഷ്‌ണൻ കതിരൂരിന്റെ ചിത്രങ്ങൾ ആസ്വാദകരുമായി സംവദിക്കുന്നത്‌.

ബാലകൃഷ്‌ണൻ കതിരൂരിന്റെ നാൽപതോളം പെയിന്റിംഗുകളുടെ പ്രദർശനം ഏപ്രിൽ മാസം കോഴിക്കോട്‌ ലളിതകലാ അക്കാദമി ഗ്യാലറിയിൽ ചെയർമാൻ മുരളി ചീരോത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും നഷ്ടപ്പെടലുകളുടെയും മനസ്സിലെ പച്ചപ്പാണ്‌ ബല്യേത്തിന്റെ ഓർമകളായി ബാലകൃഷ്‌ണൻ ആവിഷ്‌കരിച്ചിട്ടുള്ളത്‌. ‘കാലം, ബാല്യം, സ്വപ്‌നം’ എന്നു പേരിട്ട ഏകാംഗചിത്രപ്രദർശനം നമ്മോടു പറയുന്നതും ബാല്യകാലത്തെ സ്വപ്‌നാത്മക ദൃശ്യങ്ങളാണ്‌‐ അതിലൂടെ സ്‌ഫുടം ചെയ്‌തെടുക്കുന്നത്‌ പുതിയകാലത്തെ ജീവിത മുഹൂർത്തങ്ങളെയാണ്‌.

കാലം, ബാല്യം, സ്വപ്‌നം എന്ന പ്രദർശനക്കുറിപ്പിൽ ടി ആർ വിനോയ്‌കുമാർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌. ‘‘കാഴ്‌ചകൾക്കും ഓർമകൾക്കും അകലം കൂടുന്തോും അവയ്‌ക്ക്‌ ഭംഗി കൂടാറുണ്ടോ? അവ അകലങ്ങളിൽനിന്ന്‌ നിങ്ങളുടെ ഇന്നുകളിലേക്ക്‌ പറന്നുവരുന്നത്‌ എത്ര ഹൃദ്യമായ ഏകാനുഭവമായാണ്‌. ഈ ചിത്രങ്ങൾ ഓർമയുടെ ചക്രവാളങ്ങളിൽനിന്ന്‌ എത്ര പെട്ടെന്നാണ്‌ നമ്മുടെ ഹൃദയക്കൂടുകളിലേക്ക്‌ പറന്നിങ്ങുന്നത്‌. ജീവിതം ഇന്നേക്കു മാത്രമല്ല എന്നേയ്‌ക്കുമായി അവശേഷിപ്പിക്കുന്ന നിത്യത ഈ വർണക്കാഴ്‌ചകൾ ഒരുക്കുന്നുണ്ട്‌. പൂക്കൾക്ക്‌ ചിറകുമുളച്ച്‌ ശലഭങ്ങളാകുന്നതും തുമ്പികൾ തിരികെയിറങ്ങി പൂക്കളാകുന്നതും ചിത്രകാരന്റെ വർണലോകത്തെ മാത്രം കാഴ്‌ചകളാണ്‌. ഒരേ നദിയിലേക്കാണ്‌ കിളി വിഹായസ്സിലൂടെയും മരം വേരിലൂടെ മൺതുരന്നും എത്തുന്നത്‌. ഇവിടെ എല്ലാ ചിത്രങ്ങളും മാനവഹൃദയ വിശാലതയുടെ വലിയ ക്യാൻവാസിലേക്കാണ്‌ ഒഴുകിയും പറന്നും ഇറങ്ങുന്നത്‌’’.

സ്വപ്‌നങ്ങളിൽനിന്ന്‌ ബാല്യത്തിന്റെ രൂപ‐വർണ പ്രയോഗത്തിലേക്ക്‌ കൈമാറ്റം ചെയ്യുന്ന കലാവിഷ്‌കാരങ്ങളാണീ ചിത്രങ്ങളെന്ന്‌ അടിവരയിടുമ്പോഴും ബാലകൃഷ്‌ണന്റെ പ്രകൃതിയും മനുഷ്യനും ചേരുന്ന മുൻകാല ചിത്രങ്ങളുടെ നിഴലൊരുക്കങ്ങൾ ഇവിടെയും ദർശിക്കാം. പ്രകൃതിയെ എക്കാലവും ചേർത്തുപിടിക്കുന്ന മനസ്സ്‌ ഈ ചിത്രകാരനിൽ തെളിഞ്ഞുകാണാം. നിത്യജീവിതത്തലെ കൃത്യവും ദൃഢവുമായ അർഥതലങ്ങൾ സമ്മാനിക്കുന്ന കാമ്പുള്ള ആശയങ്ങൾ തെളിമയോടെ ആസ്വാദകരിലേക്കെത്തുന്നു. ബാല്യകാലം മുതൽ മനസ്സിനെ തൊട്ടുണർത്തിയ നിമിഷങ്ങളെയാണ്‌ ബാലകൃഷ്‌ണൻ കതിരൂർ പുതുക്കിപ്പണിയുന്നത്‌. പുതിയ കാഴ്‌ചാനുഭവമായിട്ടും ഉദാത്തമായ മൂല്യബോധത്തിന്റെ സൂചക രൂപ‐വർണാനുഭവങ്ങളായിട്ടും.

ബാല്യകാല സ്വപ്‌നങ്ങൾക്കൊപ്പം പ്രകൃതിയുമൊത്തുള്ള ഹൃദയസഞ്ചാരവുമുണ്ട്‌. ആശയത്തിന്റെ ആധികാരികത വർധിപ്പിക്കുന്ന രൂപകൽപനയും സാമൂഹിക ജീവിത സങ്കീർണതകളെയും പ്രകൃതിചൂഷണങ്ങൾക്കെതിരെയുള്ള വർത്തമാനകാല അവസ്ഥകളെയും വരച്ചുകാട്ടുന്നതിലും ബാലകൃഷ്‌ണൻ ശ്രദ്ധിച്ചിട്ടുണ്ട്‌. യഥാതഥമായ രൂപങ്ങൾ, പശ്ചാത്തലാവതരണങ്ങൾ ഇവയൊക്കെ ചേരുന്ന ചിത്രതലം ആസ്വാദകനു മുന്നിൽ നവീനമായ വർണാനുഭവമായി പുനഃസൃഷ്ടിക്കപ്പെടുന്ന രചനാകൗശലം ബാലകൃഷ്‌ണൻ കതിരൂർ പ്രകടമാക്കിയിട്ടുണ്ട്‌. ഈ ചിത്രകാരൻ പ്രകൃതിസ്‌നേഹിയാണ്‌‐ പ്രകൃതിയെ മുറിവേൽപ്പിക്കുന്നതിനെതിരെയുള്ള പ്രതിരോധം കൂടിയാകുന്നു പ്രദർശനത്തിലെ ഒരുഭാഗം ചിത്രങ്ങൾ. ‘കല മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുന്നു’ എന്ന വാക്യത്തിലൂന്നിയ കാലത്തിന്റെ വെല്ലുവിളികൾക്കുള്ള മറുപടി കൂടിയാകുന്നു ഈ ചിത്രങ്ങൾ. പ്രകൃതിക്കും മാനവികതയ്‌ക്കുമെതിരെ മുഖംതിരിക്കുന്ന സാംസ്‌കാരിക അപചയങ്ങൾക്കുള്ള ഉത്തരം കൂടിയാണ്‌ ലാവണ്യബോധത്തിന്റെയും ഭാവനാത്മകതയുടെയും അടയാളപ്പെടുത്തലുകളാകുന്ന ചിത്രങ്ങൾ. മഞ്ഞുവീഴുന്ന പകലുകൾ, ചുവപ്പു പടരുന്ന രാത്രികൾ ഇവയൊക്കെ ബാലകൃഷ്‌ണൻ നമുക്കു കാട്ടിത്തരുമ്പോഴും നിറമില്ലാത്ത നേരങ്ങളെ, നിറംമങ്ങിയ ഭൂമിയിലെ മനുഷ്യജീവിതങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ വരച്ചുചേർത്തിട്ടുണ്ട്‌.

കലാധ്യാപകനായി വിരമിച്ച ബാലകൃഷ്‌ണൻ കതിരൂർ അക്കാദമി പുരസ്‌കാരങ്ങളുൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയിട്ടുള്ള ചിത്രകാരനാണ്‌. ഏകാംഗ ചിത്രപ്രദർശനങ്ങളും നിരവധി ഗ്രൂപ്പ്‌ പ്രദർശനങ്ങളിലും കലാ ക്യാമ്പുകളിലും പങ്കെടുത്തിട്ടുള്ള അദ്ദേഹം പ്രപഞ്ചത്തിലേക്ക്‌ വീണ്ടും വീണ്ടും കൺതുറക്കുന്നു‐ പ്രകൃതിയെ ചേർത്തുപിടിച്ച്‌ വർണസംഗീതം തീർക്കുന്നു, തന്റെ ചിത്രങ്ങളിലൂടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 15 =

Most Popular