മണ്ണിൽനിന്ന് മനുഷ്യജീവിതത്തിന്റെ കഥകൾ പറഞ്ഞ ചലച്ചിത്രകാരനാണ് ഹരികുമാർ. കാലാന്തരത്തിൽ സിനിമ പലവിധ മാറ്റങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ അതിന് സാക്ഷിയായ നാലു പതിറ്റാണ്ട് പിന്നിട്ട സിനിമാജീവിതം. എന്നാൽ കാഴ്‌ചയുടെ ഗിമ്മിക്കുകൾക്ക് വഴിപ്പെടാതെ കഥയുടെ കരുത്തിൽ സിനിമ ഒരുക്കണമെന്ന നിലപാട്‌തറയിൽ ഉറച്ചു നിന്നു. മനുഷ്യന്റെ വ്യഥകൾ ഹരികുമാർ സിനിമകളിൽ നിരന്തരം പ്രതിഫലിച്ചു. മികച്ച സിനിമകൾ അദ്ദേഹത്തിൽ നിന്ന് പിറന്നപ്പോഴും ഓടി നടന്ന് സിനിമ ചെയ്യാൻ തയ്യാറായില്ല. കലാമേന്മയിൽ കുറവുണ്ടാവരുതെന്ന് വാശിയായിരുന്നു അതിന് കാരണം. 40 വർഷം പിന്നിട്ട സിനിമാ ജീവിതത്തിൽ പിറന്നത് 18 ചിത്രങ്ങൾ മാത്രം. മലയാളത്തിൽ സമാന്തര സിനിമയിൽ വലിയ സ്വാധീനം ചെലുത്തിയ കാലത്താണ് ഹരികുമാർ എന്ന ചലച്ചിത്ര പ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയ സിനിമകൾ അധികവും പിറന്നത്. സിനിമയുടെ കച്ചവട വഴിയോട് അകലം പാലിച്ച് ഉൾകാമ്പുള്ള സിനിമകളുടെ ചലച്ചിത്രകാരനായി സ്വയം അടയാളപ്പെടുത്തി.
1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു ഹരികുമാറിന്റെ ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1994-ല്‍ എംടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘സുകൃതം’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടി. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളായ ‘സുകൃതം’ ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍,സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തു. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
സാഹിത്യകാരന്‍മാരുടെ സംവിധായകന്‍ എന്ന് വിശേഷിക്കപ്പെടുന്ന സംവിധായകനാണ് ഹരികുമാര്‍. എം ടി വാസുദേവൻ നായർ, എം മുകുന്ദന്, ലോഹിതദാസ്, പെരുമ്പടവം ശ്രീധരന്, ബാലചന്ദ്രന് ചുള്ളിക്കാട്, സന്തോഷ് ഏച്ചിക്കാനം, ശ്രീനിവാസന്, കെ വി മോഹൻ കുമാർ തുടങ്ങിയവർ ഹരികുമാറിനായി തിരക്കഥ എഴുതി. എം മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കിയത് ഹരികുമാറിനായാണ്. എന്നാൽ എഴുതിയത് അതുപോലെ സിനിമയാക്കുകയല്ല സംവിധായകന്റെ പണി എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. എഴുത്തുകാരന്റെ മികവിനെ തനിക്ക് വേണ്ട രീതിയിലേക്ക് മാറ്റാൻ കഴിയുന്ന മലയാളത്തിലെ അപൂർവം ചലച്ചിത്രകാരിൽ ഒരാളായിരുന്നു ഹരികുമാർ. ഓരോ തിരക്കഥയും തന്റേതായ രീതിയിലേക്ക് പുനർവിന്യസിച്ചു. അതിന് അദ്ദേഹം പറഞ്ഞിരുന്ന ന്യായം ‘സിനിമക്ക് ഭാഷയും ക്രാഫ്റ്റും ഉണ്ട്. അത് എഴുതിവെച്ച പേപ്പറില്‍ അല്ല ഉള്ളത്’ എന്നായിരുന്നു. അതിൽ അദ്ദേഹം ഉറച്ചുനിന്നു. ആ നിലപാടിന്റെ കരുതിലാണ് സുകൃതം, സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങൾ, സ്വയംവരപന്തൽ, ഉദ്യാനപാലകൻ തുടങ്ങിയ സിനിമകൾ പിറന്നത്. മാറുന്ന കാലത്തിനൊപ്പം മാറണമെന്ന ചിന്താധാരയോട് ചേർന്ന് അതേ സമയം തന്റെ സിനിമാ കാഴ്‌ചപ്പാട് മുറുകെ പിടിച്ച് സിനിമകളുമായി അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്.
40 വർഷത്തിൽ 18 സിനിമകൾ മാത്രമാണ് ചെയ്‌തത്. എന്നാൽ ഒന്ന് പോലെ മറ്റൊന്നില്ലാതെ സിനിമ ഒരുക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇതിവൃത്തങ്ങളുടെ വ്യത്യസ്തതയും പരിചരണ രീതിയിലെ കാഴ്‌ചപ്പാടും കാരണം ഹരികുമാർ സിനിമകൾ എല്ലാകാലത്തും സിനിമാചർച്ചകളിൽ നിലനിൽക്കും. സുകൃതം പോലെ ഗൗരവമുള്ള സിനിമ ചെയ്‌ത അതേ ഹരിഹരനാണ് പുലി വരുന്നേ പുലി, സ്വയംവരപ്പന്തല്‍ എന്നീ തമാശ നിറഞ്ഞ സിനിമകൾ ഒരുക്കിയത്. ക്ലിന്റ് എന്ന ബയോപിക്കും അദ്ദേഹത്തിൽ നിന്നാണ് പിറന്നത്. പറഞ്ഞു തീരാത്ത വിശേഷങ്ങൾ,അയനം, ഉദ്യാനപാലകൻ ഇങ്ങനെ വ്യത്യസ്‌തമായ സിനിമാ വഴിയാണ് ഹരികുമാറിന്റേത്.
വായനയായിരുന്നു ഹരികുമാറിലെ കലാകാരന് അടിത്തറയിട്ടത്ത്. തിരുവനന്തപുരം പാലോടിന് അടുത്തുള്ള കാഞ്ചിനട ഗ്രാമത്തിലാണ് ജനനം. കുട്ടിക്കാലത്തു എട്ടു കിലോമീറ്റർ നടന്നുപോയി വായനശാലയിൽ നിന്ന് പുസ്തകമെടുക്കുമായിരുന്നു. വായനയിൽ നിന്ന് കമ്പം സിനിമയിലേക്ക് മാറി. സംവിധായകനാകണമെന്ന ആഗ്രഹം കൂടേക്കുടി. തിരുവനന്തപുരത്തെ സിവിൽ എൻജിനീയറിങ് പഠന കാലത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശങ്ങളിൽ സ്ഥിരമായി എത്തി. അസിസ്റ്റന്റ് എൻജിനീയറായി ജോലി കിട്ടി കൊല്ലത്തെത്തിയപ്പോൾ സംവേദന ഫിലിം ഫോറത്തിൽ സജീവമായി. ഫിലിം സൊസൈറ്റികളോട് ചേർന്ന് നിന്നത് ഹരിഹരനിലെ സിനിമാക്കാരന് അടിത്തറ പാകി.
താരകേന്ദ്രീകൃതമായി സിനിമ മാറുമ്പോൾ അതിനൊപ്പം സഞ്ചരിക്കാനാകില്ലെന്ന് ഹരികുമാർ തീരുമാനിച്ചിരുന്നു. ‘ഇപ്പോൾ പ്രധാന അഭിനേതാക്കളെ വച്ച് സിനിമ ചെയ്യാത്തത് അവരുടെ അടുത്ത് പോയി കയറി ഇറങ്ങി, അവരെ ബോധ്യപ്പടുത്താൻ പറ്റാത്തതിനാലാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സിനിമ സംവിധായകന്റേതാണ് വിപണി മൂല്യത്തിനായി കലയെ നേർപ്പിക്കാനാകില്ല എന്ന നിലപാടുതറയുടെ കരുത്ത് ഹരികുമാറിനുണ്ടായിരുന്നു.
സിനിമയുടെ ഓരൊ മാറ്റത്തിനൊപ്പം തന്നെയാണ് സഞ്ചരിക്കുന്നത് എന്നാണ് ഹരികുമാർ വിശ്വസിച്ചിരുന്നത്. ‘ഓട്ടോറിക്ഷകാരന്റെ ഭാര്യ’ ഇറങ്ങിയ സമയത്ത് അദ്ദേഹവുമായി സംസാരിച്ചപ്പോൾ പുതിയ കാലത്തിനൊപ്പം ഓടി എത്തേണ്ടിതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു–- ‘എന്റെ ഒപ്പമുണ്ടായിരുന്ന ഒരുപാട് മികച്ച സിനിമ ചെയ്‌തവർ ഇപ്പോൾ സിനിമ ചെയ്യുന്നില്ല. മാറ്റത്തിന്റെ കൂടെ അവർക്ക് മാറാൻ കഴിയാതെ വന്നതിനാലായിരിക്കാം ഒരു കാരണം. നമ്മൾ സ്വയം നവീകരിക്കണം. ഞാൻ പണ്ട് ചെയ്‌ത സിനിമയ്‌ക്കൊപ്പം നിന്നാൽ ഒരിക്കലും മുന്നോട്ട് പോകാനാകില്ല. ഓടി എത്തേണ്ടത് നമ്മുടെ മക്കളുടെ പ്രായമുള്ള പുതിയ പിള്ളേരോടാണ്. അവരോടൊപ്പം ഓടണമെങ്കിൽ അവരുടെ മനസ്സ് നമുക്ക് വേണം. അതിനായി പഠിച്ച് കൊണ്ടിരിക്കണം. സിനിമാ പഠനത്തിന് ഒരു അവസാനമില്ല. കാലത്തിനൊപ്പം മാറുമ്പോഴും നമ്മുടെ മനസ്സിലുള്ള സിനിമയാണ് ചെയ്യുന്നത്. സാങ്കേതികമായും കലാപരമായും ഉണ്ടാകുന്ന മാറ്റം ഉൾക്കൊള്ളാനുള്ള മനസ് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അതിനാലാകണം ഇപ്പോഴും സിനിമയിൽ നിൽക്കാനാകുന്നത്.’ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ട കലയാണ് സിനിമയെന്ന ഉറച്ച ബോധ്യമാണ് ഇക്കാലത്തും ഹരികുമാറിനെ പ്രസക്തമാക്കുന്നത്. ♦