Thursday, November 21, 2024

ad

Homeപുസ്തകംതൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?

തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..?

പി ടി രാഹേഷ്

അവധിക്കാലത്ത് വായിച്ച ഒരു പുസ്തകത്തിന്റെ പേരാണ് തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ..? അവധിക്കാലത്ത് വായിക്കാനായി ഞാൻ നിർദ്ദേശിക്കുന്ന പുസ്തകത്തിന്റെ പേര് കൂടിയാണിത്. വായന പുതിയ അറിവ് നിർമ്മാണത്തിന് സഹായിക്കും എന്നാണ് നാം പറയാറുള്ളത്. അതിനപ്പുറം നമ്മുടെ ബോധ്യങ്ങളെ കൂടുതൽ തെളിമയുള്ളതാക്കി മാറ്റാൻ കഴിയുന്ന ഒന്നാണ് എന്ന നിലയിലാണ് ഈ പുസ്തകം വേറിട്ടു നിൽക്കുന്നത്. ഞാൻ എങ്ങനെയാണ് ഉണ്ടായത് എന്ന ചോദ്യം കേൾക്കാത്ത രക്ഷിതാക്കൾ കുറവായിരിക്കും. അതിനുള്ള സാധാരണ മറുപടികളിൽ ഒന്നാണ് ഈ പുസ്തകത്തിന്റെ തലക്കെട്ട്. നിന്നെ തവിട് കൊടുത്ത് വാങ്ങിയതാണെന്നും ചിലയിടത്ത് പറയും. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്കൊന്നും എവിടെയും ശരിയായ ഉത്തരം കിട്ടാറില്ല. ശരിയായ ഉത്തരം പറഞ്ഞുകൊടുക്കണമെന്നും അത് സ്കൂളിൽ തന്നെ പഠിപ്പിക്കണമെന്നും ആരെങ്കിലും പറഞ്ഞാൽ പിന്നെ ഉണ്ടാവുന്ന പൊല്ലാപ്പുകൾ പറയുകയും വേണ്ട! ഡോക്ടർ ഷിംന അസീസും, ഹബീബ് അഞ്ജുവും ചേർന്ന് തയ്യാറാക്കിയ ഈ പുസ്തകം ഒരു സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പഠനത്തിനുള്ള ഉപാധിയാണ്. സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം എന്നാൽ ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരികവും സാമൂഹികവും ജീവശാസ്ത്രപരവും വൈകാരികവുമായ ഒരുപാട് ഘടകങ്ങൾ ഉൾപ്പെട്ടതാണെന്ന് ആമുഖമായി തന്നെ ഇവർ പറയുന്നുണ്ട്. കുട്ടികൾക്ക് കൗതുകത്തോടെ കേട്ടിരിക്കുന്ന ഒന്നാണ് കഥകൾ. കഥ പറഞ്ഞു കൊടുക്കാനുള്ളവർ ഇപ്പോഴാ ചുമതല നിർവഹിക്കുന്നില്ല എന്നതുകൊണ്ട് കുട്ടികളുടെ കഥ കേൾക്കാനുള്ള താല്പര്യം നഷ്ടപ്പെട്ടു പോയിട്ടില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കുകയും തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും ചെയ്യുകയാണ് ഈ പുസ്തകം ചെയ്യുന്നത്. കഥ കേൾക്കാൻ ഇഷ്ടമുള്ളവരാണ് നാം. കഥയായി കേൾക്കുമ്പോൾ ഏതൊരു കാര്യവും കേട്ടിരിക്കാൻ നാം എല്ലാവരും തയ്യാറാവുകയും ചെയ്യും. കഥ പറച്ചിൽ അഥവാ സ്റ്റോറി ടെല്ലിങ് ഒരു കല തന്നെയാണ്. കാര്യം കൃത്യമായി മനസ്സിലാക്കി കൊടുക്കാനുള്ള ഒരു നല്ല വഴിയുമാണ്. അതുകൊണ്ടുതന്നെയാവണം ഈ പുസ്തകത്തിലും കഥ പറച്ചിൽ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഒരു കഥ കേൾക്കുന്നതുപോലെ വായിച്ചു തീർക്കാനാവുകയും, മനുഷ്യ ജീവിതത്തെക്കുറിച്ച് തന്നെ തിരിച്ചറിയാനാവുകയും ചെയ്യുന്നു എന്നതാണ് പുസ്തകം നിർവഹിക്കുന്ന ഉത്തരവാദിത്വം. ടീനേജ് പ്രായക്കാർക്കും, ഏത് പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള സമഗ്ര ലൈംഗികത വിദ്യാഭ്യാസ പുസ്തകം എന്നാണ് ടാഗ് ലൈൻ എങ്കിലും ഓരോ വിദ്യാഭ്യാസ പ്രവർത്തകനും വായിച്ചിരിക്കേണ്ട ഒരു പുസ്തകം കൂടിയായാണ് ഞാനിവിടെ ഇതിനെ പരിചയപ്പെടുത്തുന്നത്.

കേരളത്തിൽ എമ്പാടുമായി ഒരുപാട് ക്ലാസുകളും ചർച്ചകളും നടത്തിയ അനുഭവത്തിലാണ് എഴുത്തുകാർ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വായിക്കുന്ന ഓരോരുത്തരും ഉള്ളിൽ കൊണ്ടുനടക്കുന്ന, ഒരവസരം കിട്ടിയാൽ ചോദിക്കാൻ വേണ്ടി തയ്യാറായിരിക്കുന്ന അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകത്തിലുള്ളത്. നാം കടന്നു പോകുന്ന ബാല്യത്തിലും കൗമാരത്തിലും ഒന്നും ഇതൊന്നും പറഞ്ഞു തരാൻ ആരുമുണ്ടായില്ലല്ലോ എന്ന് ഓരോരുത്തർക്കും വായനക്കിടയിൽ തോന്നിപ്പോകും. കുട്ടികളും മുതിർന്നവരും ലൈംഗികതയുമായി ബന്ധപ്പെട്ട് നേരിടുന്ന സംശയങ്ങളും ആശയങ്ങളും ഏതൊക്കെ എന്നും അത് കൃത്യമായും ലളിതമായും എങ്ങനെ പറഞ്ഞു കൊടുക്കണം എന്നും നമ്മെ പഠിപ്പിക്കുക കൂടിയാണ് ഈ പുസ്തകം ചെയ്യുന്നത്. വിഷയം വായനക്കാരന്റെ ഉള്ളിലേക്ക് എത്തിക്കാൻ സ്വീകരിച്ച ശൈലിയാണ് ഈ പുസ്തകത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. വായിക്കുന്ന ഓരോരുത്തരും ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായി ബോറടിക്കാത്ത ഒരു ക്ലാസ് മുറിയിൽ ഇരിക്കുന്നത് പോലെ അനുഭവപ്പെടും. കാരണം നമുക്ക് ആവശ്യമുള്ളതും നമുക്കറിയേണ്ടതുമായ കാര്യങ്ങളാണ് ജനാധിപത്യപരമായ രീതിയിൽ ഇവിടെ പങ്കുവെക്കപ്പെടുന്നത്. ഒരുപക്ഷേ സാധാരണ നടക്കാറുള്ള ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ബദൽ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ മാതൃകയിലാണ് പുസ്തകം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഓരോ ബദൽ വിദ്യാഭ്യാസ പ്രവർത്തകനും കുട്ടികൾക്കിടയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന സംവാദാത്മക സ്വഭാവമാണ് പുസ്തകത്തിന്റെ പ്രത്യേകത. ലൈംഗിക വിദ്യാഭ്യാസത്തിലെ അടിസ്ഥാന ഘടകങ്ങളും നിത്യജീവിതത്തിൽ അതിന്റെ പ്രാധാന്യവും ഗുണങ്ങളും മാറ്റങ്ങളും വായിക്കുന്ന ഏതൊരാളെയും ബോധ്യപ്പെടുത്താൻ പുസ്തകത്തിനാവുന്നുണ്ട്. അതിനു കാരണം ലൈംഗികതയുമായി ബന്ധപ്പെട്ട നിത്യജീവിതത്തിലെ സുപരിചിതമായ സന്ദർഭങ്ങളും സംഭാഷണങ്ങളും തന്നെയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. ജീവിതാനുഭവങ്ങൾ എന്ന് രൂപപ്പെടുത്തിയ സംഭാഷണങ്ങൾ ഓരോന്നും നമുക്ക് കൂടുതൽ തെളിമയുള്ള ഒരു ചിത്രമാണ് നൽകുന്നത്. കവർ ചിത്രമടക്കമുള്ള പുസ്തകത്തിലെ ഓരോ ചിത്രവും പുസ്തകത്തിൽ എഴുതിയതു പോലെ തന്നെ നമ്മളോട് സംവദിക്കുകയും നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. എല്ലാം കൊണ്ടും അടിമുടി ലൈംഗികതാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമഗ്രമായ ഒരു മെറ്റീരിയലാണിത്. തുടക്കം മുതൽ അവസാനം വരെ ഒരു കഥ പോലെ ആസ്വദിച്ചു വായിക്കാൻ പറ്റുന്ന ഈ പുസ്തകം ഓരോരുത്തരും വായിക്കേണ്ടത് തന്നെയാണ്.

കുട്ടികൾക്കുള്ള ലൈംഗിക വിദ്യാഭ്യാസം എന്നാൽ മിക്കവരുടെയും ധാരണ ലൈംഗികാവയവങ്ങളുടെ ഘടനയെയും പ്രവർത്തനങ്ങളെയും പറ്റി പഠിപ്പിക്കുക എന്നതും സമൂഹത്തിൽ നടക്കുന്ന ലൈംഗികാത്രിക്രമങ്ങളെ പറ്റി ഒരു മുന്നറിയിപ്പ് നൽകുക എന്നതുമാണ്. എന്നാൽ ലൈംഗികത എന്നത് ജനനം മുതൽ മരണംവരെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏതാണ്ട് എല്ലായിടത്തും സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഒരു കുട്ടി ജനിച്ച അന്നുമുതൽ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരികവും സാമൂഹികവും ജൈവശാസ്ത്രപരവും വൈകാരികവുമായ ഒരുപാട് സ്വഭാവങ്ങളും മാറ്റങ്ങളും കൂടെ ഉൾപ്പെട്ടതാണ് ശരിയായ ലൈംഗികതാ വിദ്യാഭ്യാസം. ഒരു വ്യക്തിയുടെ കുടുംബം കുട്ടികളെ വളർത്തൽ സൗഹൃദങ്ങൾ പ്രണയം ദീർഘകാലം നിലനിൽക്കുന്നതും അല്ലാത്തതുമായ വിവിധതരം ബന്ധങ്ങൾ, ഇത്തരം വിവിധ ബന്ധങ്ങളിൽ പാലിക്കേണ്ട സഹിഷ്ണുതയും ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും, ഓരോ വ്യക്തിയുടെയും വിവിധ ലൈംഗിക പെരുമാറ്റങ്ങളിൽ കൂട്ടുകാർക്കും കുടുംബത്തിനും സമൂഹത്തിനും സംസ്കാരത്തിനും ആദർശങ്ങൾക്കുമുള്ള സ്വാധീനം, ലൈംഗികതയുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട അടിസ്ഥാന മൂല്യങ്ങൾ. സമ്മതം, സ്വകാര്യത, പരസ്പര ബഹുമാനം തുടങ്ങിയവക്ക് ലൈംഗികതയിലുള്ള സ്ഥാനം, ലൈംഗികതയുമായി ബന്ധപ്പെട്ട് ഓരോ വ്യക്തിക്കുമുള്ള അവകാശങ്ങൾ, ജെൻഡർ ഐഡന്റിറ്റിയും സെക്ഷ്വൽ ഓറിയന്റേഷനുമായി ബന്ധപ്പെട്ട്‌ സമൂഹത്തിൽ നിലനിൽക്കുന്ന കാഴ്ചപ്പാടുകളും വിവേചനങ്ങളും, വിവിധ ലൈംഗിക അതിക്രമങ്ങളും അവയെ എങ്ങനെ തടയാം എന്നതുമായ കാര്യങ്ങൾ, തീരുമാനമെടുക്കൽ നിരസിക്കൽ, സഹായം തേടൽ, ചർച്ചയിൽ ഉറപ്പിച്ചു പറയൽ എന്നിങ്ങനെ ആശയവിനിമയവുമായി ബന്ധപ്പെട്ട വിവിധ കഴിവുകൾക്ക് ലൈംഗികതയിലുള്ള പ്രാധാന്യം, മാധ്യമസാഹിത്യത്തിന് ലൈംഗികതയിലുള്ള സ്വാധീനവും സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗമില്ലായ്മ ലൈംഗികതയിൽ ഉയർത്തുന്ന പ്രശ്നങ്ങളും, ഓരോ പ്രായത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ട് വരുന്ന മാറ്റങ്ങളും ലൈംഗിക പ്രതികരണങ്ങളും, ഗർഭധാരണവും ഗർഭനിരോധനവും, ലൈംഗികാരോഗ്യവും ലൈംഗികാരോഗ്യത്തിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലുള്ള പ്രാധാന്യവും, ലൈംഗിക രോഗങ്ങളും അവയെ എങ്ങനെ അകറ്റിനിർത്താം എന്നതിനെ സംബന്ധിച്ച് പാഠങ്ങളും അടക്കം വിപുലമായൊരു പഠനമാണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം. ഓരോരുത്തരുടെയും ജീവിതത്തിൽ ജനനം മുതൽ വിവിധ ഘട്ടങ്ങളിലായി അഭിമുഖീകരിക്കുന്ന ഈ ഓരോ വിഷയങ്ങളും ഈ പോയിന്റുകൾ മാത്രമായി സംസാരിച്ചാൽ അങ്ങേയറ്റം വിരസമായ വായനയായിരിക്കും ഫലം. പക്ഷേ ഇവിടെ ഒരു ഡോക്ടറുടെ ജീവിതത്തിൽ ചുറ്റുമായി നടക്കുന്ന വിവിധ സംഭവങ്ങളുടെ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ ഒരു ‘ഡോക്ടർ ടീച്ചറുടെ ക്ലാസിൽ ഇരിക്കുന്ന കുട്ടിയായി നാമെല്ലാവരും സ്വാഭാവികമായും മാറുകയാണ് ചെയ്യുന്നത്.

ഡോ. ഷഹാന എന്ന കേന്ദ്ര കഥാപാത്രമാണ് ഈ പുസ്തകത്തെ ആദ്യാവസാനം മുന്നോട്ടു നയിക്കുന്നത്. അവരുടെ ഭർത്താവും, മക്കളും, അയൽ വീട്ടുകാരും, അവർ ക്ലാസ് എടുക്കാൻ പോകുന്ന സ്കൂളിലെ കൗമാരപ്രായക്കാരായ കുട്ടികളും, അവിടുത്തെ അധ്യാപകരും അവരുടെ യാത്രകളിലെ സഹയാത്രികരുമടക്കം ഒരു സമൂഹത്തിന്റെ പരിച്ഛേദമാകെ ഇവിടെ കാണാനാവും. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ നടുവിൽ നിന്നുകൊണ്ടാണ് ഒരു സാമൂഹ്യ വിഷയം ഇവിടെ കൈകാര്യം ചെയ്യുന്നത് എന്നു തന്നെ പറയാം. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പല പ്രായത്തിലുള്ള കുട്ടികളോട് പല രീതിയിലാണ് സംസാരിച്ചു തുടങ്ങേണ്ടത് എന്ന് പുസ്തകം വായിക്കുമ്പോൾ നമുക്ക് മനസ്സിലാവും. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കൗമാരത്തിനും താഴെ പ്രായമുള്ള കുട്ടിയാണെങ്കിൽ രക്ഷിതാക്കളോ, ടീച്ചർമാരോ ഈ പുസ്തകം ആദ്യം ഒരു തവണ സ്വയം വായിച്ച് പിന്നീട് അവരോടൊപ്പമിരുന്ന് അതത് വയസ്സിന് അനുസരിച്ച് ആവശ്യമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. എന്നാൽ ഹൈസ്കൂൾ ക്ലാസിലോ അതിനു മുകളിലോ ഉള്ള കുട്ടികൾക്ക് പുസ്തകം നേരിട്ട് വായിച്ചു മനസ്സിലാക്കാനാവും. ആദ്യത്തെ മൂന്ന് ചാപ്റ്ററുകൾ നാലു വയസ്സുള്ള മകൾ നിയയോട് സംസാരിക്കുന്ന രീതിയിൽ ആയതുകൊണ്ട് തന്നെ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ രീതിയിലാണ് നൽകിയിട്ടുള്ളത്. എട്ടു വയസു വരെയുള്ള കുട്ടികൾക്ക് പറയാവുന്ന കാര്യങ്ങളാണ് അയൽ വീട്ടുകാരനായ എട്ടുവയസ്സുകാരൻ കിച്ചുവിനോട് പറയുന്നതായി വായിച്ചെടുക്കാനാവുക. അങ്ങനെ ഓരോ പ്രായത്തിലുള്ള കുട്ടികൾക്ക് അവരുടെ പ്രായ ഘടനയ്ക്ക് അനുസരിച്ച് വായിക്കാവുന്ന ഒരു പുസ്തകം എന്ന നിലയിൽ വേറിട്ടു നിൽക്കുകയാണ് ഈ പുസ്തകം. കുട്ടികൾ മാത്രമല്ല മുതിർന്നവരും അധ്യാപകരും എല്ലാം ഈ പുസ്തകം വായിക്കേണ്ടത് തന്നെയാണ്. പന്ത്രണ്ട് വയസ്സ് കഴിഞ്ഞ ഏതൊരാൾക്കും വായിക്കാൻ കഴിയുന്നതും, വായിച്ചിരിക്കേണ്ടതുമായ ഈ പുസ്തകം ലൈംഗികത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട അടിസ്ഥാന അറിവുകൾ എല്ലാം പകർന്നു നൽകുന്ന ഒന്നാണ്. കുട്ടികൾക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടു കൊണ്ടുണ്ടാവുന്ന ഏതൊരു ആശങ്കകളും സംശയങ്ങളും അനുഭവങ്ങളും ഓടിവന്നു പറയാനും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ തക്കതായ പരിഹാരം ലഭിക്കാനും ഏത് സമയത്തും സമീപിക്കുന്ന ഒരു വിശ്വസിക്കാവുന്ന വ്യക്തിയായി നമുക്ക് ഓരോരുത്തർക്കും എങ്ങനെയാണ് മാറാൻ ആവുക എന്നതും കൂടി ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങളിൽ കൗമാരത്തിലെ ലൈംഗികതാ വിദ്യാഭ്യാസത്തിൽ ഒരല്പം പ്രാധാന്യം കൂടുതലുണ്ട്. മിക്കവർക്കും ശരീരത്തെക്കുറിച്ച് ആകുലപ്പെടുന്ന ചോദ്യങ്ങൾ ഏറ്റവുമധികം ഉണ്ടാകുന്ന കാലമാണിത്. ഉയരം വയ്ക്കുന്നതും, ദേഹം വളരുന്നതും മുതൽ വിവിധ ബന്ധങ്ങൾ ഉണ്ടാകുന്നതും, കൂട്ടുകാർ കൂടുതൽ പ്രിയപ്പെട്ടതാകുന്നതും, പ്രണയവും വഴക്കും എന്നിങ്ങനെ ആകെ സംഭവബഹുലമായേക്കാവുന്ന കാലം കൂടിയാണിത്. അതുകൊണ്ടുതന്നെ കൗമാരക്കാരായ ഓരോ കുട്ടിയും വായിച്ചിരിക്കേണ്ട പുസ്തകം കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ അവധിക്കാലത്ത് കൗമാരക്കാർ എല്ലാവരും ഒരു പുസ്തകം വായിക്കാൻ നിർദ്ദേശിച്ചാൽ നിർബന്ധമായും വായിച്ചിരിക്കേണ്ടത് ഈ പുസ്തകം തന്നെയാണ്. വായനയിൽ മാത്രം നിർത്താതെ ഈ വിഷയങ്ങൾ രക്ഷിതാക്കളുമായി അധ്യാപകരുമായും കൂട്ടുകാരുമായി ഒക്കെ ചർച്ച ചെയ്യുകയും വേണമെന്ന് പുസ്തകം തയ്യാറാക്കിയവർ തന്നെ പറയുന്നുണ്ട്. അങ്ങനെ വളർന്നുവരുന്ന ഒരു തലമുറയിലൂടെ ലൈംഗികത മറ്റേതൊരു ആരോഗ്യസംബന്ധമായ വിഷയവും പോലെ സമൂഹം തുറന്നു ചർച്ചചെയ്യുകയും, അതിന്റെ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷയാണ് ഈ പുസ്തകത്തിലൂടെ അവർ പങ്കുവെക്കുന്നത്. ഈ അവധിക്കാലത്ത് വായിക്കാൻ കഴിയുന്ന ഏറ്റവും നല്ലൊരു പുസ്തകമാണിത്. കേരളത്തിലെ പാഠപുസ്തകങ്ങളിൽ സമഗ്ര ലൈംഗികതാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വൈകാതെ പഠിപ്പിക്കാനാവും എന്നു തന്നെയാണ് പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ പ്രതീക്ഷിക്കുന്നത്. എങ്കിലും ഇത്രയേറെ സമഗ്രമായ രീതിയിൽ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ ആവുക എന്നത് സാധ്യമാവുകയില്ല. ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും ഇതൊന്നും പഠിക്കാതെ പോയ അനേകം തലമുറകൾക്കും, മുഴുവനായി പഠിക്കാൻ അവസരം ഇല്ലാത്ത കുട്ടികൾക്കും ഈ പുസ്തകം ഒരു പാഠപുസ്തകം തന്നെയാണ്. സ്കൂളിൽ പഠിപ്പിക്കുന്നതിന് മുമ്പ് പഠിച്ചു തീർക്കാൻ വേണ്ടി ഹൈസ്കൂൾ കുട്ടികൾ എല്ലാം ട്യൂഷൻ സെന്ററുകളിലേക്ക് അവധിക്കാലം അവസാനിക്കുന്നതിനു മുൻപേ പോയി തുടങ്ങിയിട്ടുണ്ട്. പക്ഷേ ജീവിതത്തിൽ പഠിക്കേണ്ടതും പുലർത്തേണ്ടതുമായ ഒരു വിഷയത്തെക്കുറിച്ചുള്ള സാമാന്യധാരണ പോലും നമ്മുടെ കുട്ടികൾക്ക് ഏതുവരെ പഠിച്ചാലും ലഭിക്കാതെ പോകുന്നുണ്ട്. അതുകൊണ്ടുണ്ടാകുന്ന വ്യക്തിപരവും സാമൂഹ്യപരവുമായ വിപത്തുകൾ നമ്മുടെ നാട്ടിലിന്ന് പെരുകുന്നുമുണ്ട്. ആ കുറവ് നികത്താൻ ഈ പുസ്തകം വായിക്കുന്നതിലൂടെ കഴിയുമെന്ന് ഉറപ്പാണ്. ഈ അവധിക്കാലത്ത് നമ്മുടെ കുട്ടികൾക്ക് വായിക്കാൻ കൊടുക്കേണ്ട ഒരു പുസ്തകമായി ഇതിന് തിരഞ്ഞെടുക്കണമെന്നും, കുട്ടികൾക്ക് കൊടുക്കുന്നതിനൊപ്പം മുതിർന്നവരും ഇതു വായിക്കണം എന്നുമാണ് എന്റെ അഭിപ്രായം. ചിലതൊന്നും കുട്ടികൾ മാത്രമല്ല, വല്ലാതെ മുതിർന്നെന്ന് സ്വയം കരുതുന്നവർ പോലും പഠിച്ചിട്ടില്ല എന്നുള്ള തിരിച്ചറിവ് ലഭിക്കാൻ കൂടി ഈ പുസ്തകം നിങ്ങളെ സഹായിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular