Sunday, September 8, 2024

ad

Homeരാജ്യങ്ങളിലൂടെഗോതന്പ്‌ വിലവർധനയ്‌ക്കായി പാ‌‌‌ക്‌ കർഷകരുടെ പ്രക്ഷോഭം

ഗോതന്പ്‌ വിലവർധനയ്‌ക്കായി പാ‌‌‌ക്‌ കർഷകരുടെ പ്രക്ഷോഭം

ആര്യ ജിനദേവൻ

ഗോതന്പ്‌ സംഭരണം സർക്കാർ വർധിപ്പിക്കണമെന്നും ന്യായമായ വിധം മിനിമം താങ്ങുവില നിശ്ചയിച്ച്‌ കർഷകർക്ക്‌ നൽകണമെന്നും ആവശ്യപ്പെട്ട്‌ പാകിസ്ഥാനിൽ പതിനായിരക്കണക്കിന്‌ കർഷകർ ദേശവ്യാപകമായി പ്രക്ഷോഭത്തിലാണ്‌. മെയ്‌ 10, വെള്ളിയാഴ്‌ച മുതൽ ദേശവ്യാപകമായ പൊതുപ്രക്ഷോഭത്തിന്‌ പാകിസ്ഥാനിലെ കർഷകസംഘടനകളുടെ സംയുക്ത വേദിയായ പാകിസ്ഥാൻ കിസാൻ ഇത്തേഹാദ്‌ (പികെഐ‐ പാകിസ്ഥാൻ കർഷകപ്രസ്ഥാനം) ആഹ്വാനം ചെയ്‌തിരുന്നു. അതനുസരിച്ച്‌ കർഷകപ്രക്ഷോഭം പാകിസ്ഥാന്റെ ദേശീയ തലസ്ഥാനത്തും പ്രവിശ്യാ തലസ്ഥാനങ്ങളിലും ഉൾപ്പെടെ ദേശവ്യാപകമായി നടന്നുവരികയാണ്‌.

രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ കഴിഞ്ഞമാസം നടന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായി പഞ്ചാബിലെ മുൾട്ടാണിൽ മെയ്‌ ആദ്യം ആയിരക്കണക്കിനാളുകൾ അണിനിരന്ന, കൂടുതൽ സംഘടനകളുടെ പങ്കാളിത്തത്തോടുകൂടിയ ക്യാന്പയിനും പ്രകടനവും നടന്നു. അതിനെത്തുടർന്നാണ്‌ കർഷകരുടെ സംയുക്തവേദിക്ക്‌ രൂപം നൽകി കൂടുതൽ വലിയ പങ്കാളിത്തത്തോടെ സമരവുമായി മുന്നോട്ടുപോകാൻ പാക്‌ കർഷകപ്രസ്ഥാനം തീരുമാനിച്ചത്‌.

ഏപ്രിൽമാസം അവസാനം നടന്ന കർഷകരുടെ പ്രക്ഷോഭത്തിന്റെ മുൻനിരക്കാരെയാകെ പാകിസ്ഥാൻ സെക്യൂരിറ്റി സേന കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌തു. ഇത്‌ കൂടുതൽ ആവേശപൂർവം സമരത്തിൽ അണിനിരക്കാൻ കർഷകർക്ക്‌ പ്രേരണയായി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെഹ്‌ബാസ്‌ ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്‌ ഗോതന്പിന്റെ സംഭരണവില ഗണ്യമായ വിധം വെട്ടിക്കുറച്ചതാണ്‌ കർഷകപ്രക്ഷോഭത്തിന്റെ മൂലകാരണം. ഇത്‌ രാജ്യത്തെ കൃഷിയെ പാടെ തകർക്കുകയും കർഷകസമൂഹത്തെ ദുരിതത്തിലാക്കുകയും ചെയ്യുമെന്ന്‌ കർഷകസംഘടനകൾ പറയുന്നു.

ഷഹബാസ്‌ ഷെരീഫിന്റെ സർക്കാർ ഗോതന്പിന്റെ സംഭരണവില കുറച്ചതിനൊപ്പം അതുപ്രകാരം സംഭരിക്കുന്ന ഗോതന്പിന്‌ പരിധി ഏർപ്പെടുത്തുകയും ചെയ്‌തു. ഇതോടെ തുച്ഛവിലയ്‌ക്ക്‌ കച്ചവടക്കാർക്ക്‌ ഗോതന്പ്‌ വിൽക്കാൻ കർഷകർ നിർബന്ധിതരായി. ഇറക്കുമതി ചെയ്‌ത ഗോതന്പ്‌ ഗോഡൗണുകളിൽ കുന്നുകൂടി കിടക്കുന്നതിനാൽ ഗോതന്പ്‌ സംഭരണം അസാധ്യമായിരിക്കുന്നുവെന്നാണ്‌ ഗവൺമെന്റ്‌ പറയുന്നത്‌. പ്രളയത്തെത്തുടർന്ന്‌ ഗോതന്പ്‌ വില കുതിച്ചുയരുകയും ഭക്ഷ്യക്ഷാമുണ്ടാവുകയും ചെയ്‌ത സാഹചര്യത്തലാണ്‌ പാക്‌ സർക്കാർ ഗോതന്പ്‌ ഇറക്കുമതി ആരംഭിച്ചത്‌. എന്നാൽ ഇപ്പോൾ വിളവെടുപ്പ്‌ കാലം ആരംഭിച്ചതോടെ ഗോതന്പ്‌ ഉൽപാദനം ഗണ്യമായി വർധിച്ചു.

എന്നിട്ടും ഇറക്കുമതി നിർത്താൻ തയ്യാറാകാതിരിക്കുന്നതാണ്‌ പുതിയ പ്രതിസന്ധിക്ക്‌ കാരണം. 2023 സെപ്‌തംബറിനും 2024 മാർച്ചിനുമിടയ്‌ക്ക്‌ പാകിസ്ഥാൻ 35 ലക്ഷം ടൺ ഗോതന്പ്‌ ഇറക്കുമതി ചെയ്‌തു. ഈ നടപടി വിദേശനാണയ കമ്മി നേരിടുന്ന പാകിസ്ഥാന്‌ 100 കോടി ഡോളറിന്റെ നഷ്ടത്തിന്‌ ഇടയാക്കി. സംഭരണവില കുറച്ചതുമൂലം പാക്‌ കർഷകർക്ക്‌ ഈവർഷം 140 കോടിയിലധികം ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. 2023ൽ 28 ദശലക്ഷം ടൺ ഗോതന്പ്‌ ഉൽപാദിപ്പിച്ച പാകിസ്ഥാനിൽ ഈവർഷം അത്‌ 32 ദശലക്ഷം ടണ്ണായി വർധിക്കുമെന്നും കരുതപ്പെടുന്നു.

2023ൽ പാകിസ്ഥാൻ ഗവൺമെന്റ്‌ ഐഎംഎഫിൽനിന്ന്‌ 300 കോടി ഡോളറിന്റെ വായ്‌പ വാങ്ങി. വായ്‌പാ കരാറിലെ ഒരു വ്യവസ്ഥ വൈദ്യുതി സബ്‌സിഡി വെട്ടിക്കുറയ്‌ക്കണമെന്നതാണ്‌. ഇതുമൂലം കൃഷിച്ചെലവ്‌ ഗണ്യമായി വർധിക്കും. കഴിഞ്ഞ രണ്ടുവർഷമായി പാകിസ്ഥാൻ അഭൂതപൂർവമായ വിലക്കയറ്റത്തിന്റെ പിടിയിലാണ്‌. 2023 മെയ്‌ മാസത്തിൽ 38 ശതമാനമായിരുന്നു വിലക്കയറ്റം. ഈ വർഷം ഏപ്രിൽ മാസത്തിൽ അത്‌ 17 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. പാകിസ്ഥാനിൽ തൊഴിലെടുക്കുന്നവരിൽ 40 ശതമാനത്തോളം പേർ കാർഷികമേഖലയിലാണ്‌ തൊഴിൽ ചെയ്യുന്നത്‌. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയിൽ 70 ശതമാനത്തോളവും കാർഷികോൽപ്പന്നങ്ങളുമാണ്‌. ഇത്‌ കർഷരുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുന്നതിനൊപ്പം രാജ്യത്തിന്റെ സന്പദ്‌ഘടനയെ തകർക്കുകയും ചെയ്യും. മാത്രമല്ല, ഇപ്പോൾ തന്നെ 40 ശതമാനത്തിലധികം ആളുകൾ ദരിദ്രരായിരിക്കുന്ന പാകിസ്ഥാനിൽ ദരിദ്രരുടെ എണ്ണം വലിയതോതിൽ വർധിക്കുന്നതിനു മാത്രമേ സർക്കാരിന്റെ ഇപ്പോഴത്തെ നടപടികൾ ഉപകരിക്കൂ. അതിനെതിരായ ചെറുത്തുനിൽപ്പിനാണ്‌ പാകിസ്ഥാനിലെ കർഷകപ്രസ്ഥാനം തുടക്കംകുറിച്ചിരിക്കുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × two =

Most Popular