Monday, September 9, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്നവീന സാങ്കേതികവിദ്യകളും തൊഴിൽരംഗത്തെ മാറ്റങ്ങളും

നവീന സാങ്കേതികവിദ്യകളും തൊഴിൽരംഗത്തെ മാറ്റങ്ങളും

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 40

ധുനിക സാങ്കേതിക വിദ്യകൾ സമ്പദ്‌വ്യവസ്ഥയിലും തൊഴിൽ രംഗത്തും ഉണ്ടാക്കുന്ന മാറ്റങ്ങൾ പരമ്പരാഗത സാമ്പത്തിക ശാസ്ത്ര സങ്കല്പങ്ങൾ പലതിനെയും അടിസ്ഥാനപരമായിത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം ഉല്പാദനക്ഷമത വർധിപ്പിക്കും, ഇത് സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടും, അത് തൊഴിൽരംഗത്ത് പുതിയ ഉണർവ് സൃഷ്ടിക്കും. ഇതാണ് സാങ്കേതികവിദ്യയും ഉല്പാദനവും തമ്മിലുള്ള പരസ്പര്യത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്ത. ഈ വാദത്തെ തിരിച്ചിടുകയാണെങ്കിൽ അതിനെ ഇങ്ങിനെയും പറയാം. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കണമെങ്കിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഉല്പാദനരംഗത്ത് കൂടുതൽ ഉപയോഗിക്കണം.

ഈ സങ്കല്പങ്ങളെ ആധാരമാക്കിയ സാമ്പത്തിക മാതൃകകളെയാണ് നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രം മുന്നോട്ടു വെയ്ക്കുന്നത്. നോബൽ ജേതാവായ സോളോയും സ്വാനും ചേർന്ന് രൂപപ്പെടുത്തിയ സാമ്പത്തിക വികസനത്തിന്റെ മാതൃക ഇക്കാര്യത്തിൽ ഏറെ പ്രസിദ്ധമാണ്. സാമ്പത്തിക പ്രവർത്തനത്തിന്‌ ആക്കം കൂട്ടുവാൻ മൂലധനത്തിന്റെ വർധനയ്ക്കൊപ്പം സാങ്കേതിക വിദ്യയുടെ വളർച്ചയും കൂടി കണക്കിലെടുക്കുന്ന ഒന്നാണ് ഈ മാതൃക. എങ്ങിനെയാണ് ഒരു സമ്പദ്‌വ്യവസ്ഥ വളരുകയും രാജ്യം അഭിവൃദ്ധിപ്പെടുകയും ചെയ്യുക എന്ന ചോദ്യത്തിന്റെ പരമമായ ഉത്തരമായി പൊതുവെ സ്വീകരിക്കപ്പെടുന്നത് ഈ മാതൃകയാണ്. എന്നാൽ സാമ്പത്തിക വളർച്ച ഉണ്ടാകുന്നതുകൊണ്ടുമാത്രം ജനജീവിതം അഭിവൃദ്ധിപ്പെടുന്നില്ല എന്നും അത് എല്ലാവർക്കും തൊഴിൽ നൽകുന്നതിൽ വിജയിക്കുന്നില്ല എന്നും സമീപദശകങ്ങളിലെ സ്ഥിതിവിവര കണക്കുകൾ തെളിയിക്കുന്നു. മാത്രവുമല്ല ഡിജിറ്റൽ യുഗത്തിന്റെ കാലഘട്ടത്തിൽ, ഉല്പാദനമേഖലയിലും സേവനമേഖലയിലും പുതുതായി കടന്നുവരുന്ന സാങ്കേതികവിദ്യകൾ ഗണ്യമായ തോതിൽ തൊഴിൽ മേഖലയിൽ വിപരീതഫലം ഉളവാക്കുന്നു എന്നും ലഭ്യമായ കണക്കുകൾ വെളിവാക്കുന്നു. ഈ വസ്തുതകളിലേക്കുള്ള ഹ്രസ്വമായ ഒരു നിരീക്ഷണമാണ് ഈ കുറിപ്പ്.

2008ൽ അതിഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയെ പാശ്ചാത്യ ലോകം അഭിമുഖീകരിച്ചു, വിശേഷിച്ച് ആഗോള മുതലാളിത്തത്തിന്റെ കേന്ദ്രമായ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഈ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു. മുതലാളിത്ത ലോകത്ത് അടിക്കടിയുണ്ടാകുന്ന മാന്ദ്യങ്ങളുടെ പൊതുസ്വഭാവം അത് ആരംഭിച്ചുകഴിഞ്ഞാൽ ഏതാനും വർഷങ്ങൾ നീണ്ടുനിൽക്കുകയും തുടർന്ന് അതിൽ നിന്നും മോചനം നേടുകയും ചെയ്യാറുണ്ട് എന്നതാണ്. സാമ്പത്തിക ഉല്പാദന വളർച്ചയുടെ കാര്യത്തിൽ അമേരിക്കയും തിരിച്ചു കരകയറി. നിക്ഷേപങ്ങൾ തിരികെ വന്നു, ആഭ്യന്തരോത്പാദനം പൂർവസ്ഥിതിയിലെത്തി. പക്ഷേ തൊഴിൽ രംഗത്ത് കാര്യങ്ങൾ സംഭവിച്ചത് വ്യത്യസ്തമായിട്ടാണ്.

മാന്ദ്യങ്ങൾ എല്ലായ്‌പ്പോഴും രൂക്ഷമായ തൊഴിലില്ലായ്മയെ സൃഷ്ടിക്കും. 2008 മാന്ദ്യകാലത്തും അതുണ്ടായി. മെയ് 2007നും ഒക്ടോബർ 2009നും ഇടയിൽ തൊഴിലില്ലായ്മ 5.7 ശതമാനം വർദ്ധിച്ചു. രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ഏറ്റവും വലിയ വർദ്ധനവായിരുന്നു ഇത്. പക്ഷേ ജൂൺ 2009ൽ മാന്ദ്യം അവസാനിച്ചു എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷവും തൊഴിലില്ലായ്മ നിരക്കിൽ കാര്യമായ കുറവുണ്ടാകാത്തത് പല സാമ്പത്തിക വിദഗ്ധരും അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. 2010ൽ വ്യാവസായിക നിക്ഷേപം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിന്റെ 95 ശതമാനത്തോളം വളർന്നു. പക്ഷെ മാന്ദ്യത്തിനുശേഷം അമേരിക്കൻ കമ്പനികൾ തൊഴിലാളികളെ പറഞ്ഞുവിടുന്നത് അവസാനിപ്പിച്ചുവെങ്കിലും പുതിയ തൊഴിലിലേക്ക് ആളുകളെ എടുക്കുന്ന പ്രക്രിയ പുനരാരംഭിച്ചില്ല. എന്ന് പറഞ്ഞാൽ നിക്ഷേപങ്ങളത്രയും മൂലധന പ്രധാനമായതായിരുന്നു. യന്ത്രങ്ങൾ വാങ്ങിക്കൂട്ടി, പക്ഷേ ആളുകളെ ജോലിക്ക് എടുക്കുന്നത് നിർത്തി.

ഈ പ്രതിഭാസത്തിനെ മൂന്ന് രീതിയിൽ വിശദീകരിക്കുന്നുണ്ട്. ഒന്ന്, ഇത് കേവലം ചാക്രികമായ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായ ഒന്നാണ്. അതിനാൽ തികച്ചും സ്വാഭാവികമാണ്. 2007നു ശേഷം അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മൊത്തത്തിൽ വളരുന്നില്ല, അതിനാൽ കൂടുതൽ ആളുകളെ ജോലിക്കെടുക്കേണ്ടതില്ല. രണ്ട്, ഇത് കേവലമൊരു ചാക്രിക കുഴപ്പമല്ല, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഒരു ദീർഘകാല മാന്ദ്യത്തിന്റെ പിടിയിലാണ്. ഇതിന് അടിസ്ഥാനപരമായ പല കാരണങ്ങളുമുണ്ട്. വൻതോതിലുള്ള സാങ്കേതിക നവീകരണങ്ങൾ കൊണ്ടും മറ്റ് പല നടപടികളിലൂടെയും ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ. മൂന്ന്, തൊഴിലുല്പാദനത്തിന്റെ കാലഘട്ടം അവസാനിച്ചിരിക്കുന്നു എന്ന നിരീക്ഷണമാണ്. പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവന്ന് സാമ്പത്തികവളർച്ച കൂട്ടി തൊഴിലില്ലായ്മ പരിഹരിക്കാനാവും എന്ന പരമ്പരാഗത വിശ്വാസത്തിനു നേർ വിപരീതമായി, സാങ്കേതിക വിദ്യയുടെ അമിതമായ പ്രയോഗങ്ങൾ ഉള്ള തൊഴിലിനെ തന്നെ ഇല്ലാതാക്കി എന്ന നിരീക്ഷണമാണിത്.
ജെർമി റിഫ്കിൻ 1995ൽ ‘End of Work’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിരീക്ഷിക്കുന്നത് ഇങ്ങിനെയാണ് “ഇന്ന് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഉണ്ടാകുന്ന സാങ്കേതിക മാറ്റങ്ങൾ ദശലക്ഷങ്ങളെ തൊഴിലില്ലായ്മയിലേക്ക് തള്ളി നീക്കുകയാണ്. വിവരസാങ്കേതികവിദ്യയുടെ യുഗം ആരംഭിച്ചിരിക്കുന്നു. വളരെ സങ്കീർണമായ സോഫ്റ്റ്‌വെയർ അപ്ലിക്കേഷനുകൾ, ഏതാണ്ട് സമ്പൂർണ്ണമായ തോതിൽ തൊഴിൽരഹിതരുടെ ഒരു ലോകം സൃഷ്ടിച്ചേക്കും. കാർഷികമേഖലയിലും നിർമ്മാണമേഖലയിലും സേവനമേഖലയിലും യന്ത്രങ്ങൾ അതിവേഗത്തിൽ മനുഷ്യനു പകരം വെയ്ക്കപ്പെടുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സമ്പദ്‌വ്യവസ്ഥകൾ ഏതാണ്ട് പൂർണമായും ഓട്ടോമേറ്റ് ചെയ്യപ്പെടും. അടുത്ത ദശകത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി ഇത് മാറാൻ പോവുകയാണ്’’. റിഫികിന്റെ ഭാവനകൾ എത്ര കണ്ട് യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നുവെന്നത് ഒരു ചോദ്യമാണെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന യന്ത്രവും മനുഷ്യനും തൊഴിലും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പല വസ്തുതകളും നമുക്ക് കാട്ടിത്തരുന്നുണ്ട്. ഒരു വശത്ത് പുതിയ സാങ്കേതികവിദ്യകൾ മൂലം തൊഴിൽ നഷ്ടപ്പെടുന്നവരുടെയും മറുവശത്ത് ഇതേ സാങ്കേതികവിദ്യകൾ സൃഷ്ടിച്ച തൊഴിലുകൾ തേടുന്നവരുടെയും ചരിത്രമാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾ.

19‐ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉല്പാദനരംഗത്ത് യന്ത്രങ്ങൾ ദൃശ്യമേ ആയിരുന്നില്ല. എന്നാൽ നൂറ്റാണ്ടിന്റെ മധ്യത്തോടെ കാര്യങ്ങൾ മാറിത്തുടങ്ങി. കൊയ്ത്തുയന്ത്രങ്ങളും, ഉരുക്ക് കലപ്പകളും ട്രാക്ടറുകളും രംഗത്തുവന്നു. വിവിധ മേഖലകളിൽ പണിയെടുക്കുന്നവരുടെ എണ്ണത്തിൽ ഇതുണ്ടാക്കിയ മാറ്റങ്ങൾ വലുതായിരുന്നു. കാർഷികമേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശതമാനം 1875ൽ 50 ശതമാനമായി കുറഞ്ഞു. ഇത് 1900 ആയപ്പോഴേക്കും 50 ശതമാനവും 1940ൽ 20 ശതമാനവും ആയി കുറഞ്ഞു. ഇന്നത് കേവലം 3 ശതമാനം മാത്രമാണ്. ഇതേ സമയം 1810ൽ വ്യവസായികമേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം നാമമാത്ര സംഖ്യയിൽ നിന്നും (75000) മൊത്തം തൊഴിലെടുക്കുന്നവരുടെ മൂന്നിലൊന്നായി ഉയർന്നു. 1960നും 1990നുമിടയിൽ നിർമിത വസ്തുക്കളുടെ ഉല്പാദനം കണക്കറ്റ് പെരുകിയപ്പോഴും ഇതുണ്ടാക്കാനാവശ്യമായവരുടെ എണ്ണം പകുതിയായി കുറയുകയാണുണ്ടായത്. ഇതിനു സമാന്തരമായി സേവനമേഖലയിലുണ്ടായ വളർച്ചയാണ് തൊഴിൽ രംഗത്തെ മുന്നോട്ടു കൊണ്ടുപോയത്. 1870ൽ 30 ലക്ഷം പേർ മാത്രം പണിയെടുത്തിരുന്ന സേവനമേഖലയിൽ 1990ൽ 9 കോടി ജനങ്ങളാണ് പണിയെടുക്കുന്നത്. പക്ഷെ സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ സേവനമേഖലയുടെ സ്ഥിതിയും മാറുകയാണ്. മുൻപ് നിർമ്മാണമേഖലയിൽ സംഭവിച്ചതുപോലെ ഒരു കൈകൊണ്ട് തൊഴിൽ നൽകുകയും മറു കൈകൊണ്ട് തൊഴിൽ തിരിച്ചെടുക്കുകയുമാണ് സാങ്കേതികവിദ്യകളുടെ വളർച്ച ഇവിടെയും ചെയ്യുന്നത്. ഡിജിറ്റൽ യുഗത്തിന്റെ ആവിർഭാവത്തോടെ ഇത് കൂടുതൽ തീവ്രമായിരുന്നു. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ ഉൽപാദന പ്രവർത്തനങ്ങൾ ഇതിനെ കൂടുതൽ അനുഭവവേദ്യമാക്കിയിരിക്കുന്നു.

മൂലധന താല്പര്യങ്ങൾ ആത്യന്തികമായി കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു ലോകത്ത്, യന്ത്രങ്ങളുമായുള്ള മത്സരത്തിൽ സാധാരണ മനുഷ്യരുടെ താല്പര്യങ്ങൾ പിന്തള്ളപ്പെടുകയാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഒഴിവാക്കിക്കൊണ്ട് മനുഷ്യന് മുന്നോട്ടുപോകാനാവില്ല. പക്ഷെ അതേസമയം ഈ സാങ്കേതികവിദ്യകളുടെ അതിവേഗ വളർച്ച കോടിക്കണക്കിന് മനുഷ്യരുടെ ജീവനോപാധികളെയും വേതനത്തെയും വിപരീതമായി ബാധിക്കുന്നുവെന്നത് ഒരു യാഥാർഥ്യമായി മാറിയിരിക്കുന്നു.

സാങ്കേതികവിദ്യകളുടെ വളർച്ച മൂലം തൊഴിൽമേഖലയുടെ അതിതീവ്രമായ പുനഃസംഘാടനത്തിലൂടെയാണ് ലോകം ഇന്ന് കടന്നു പോകുന്നത്. രാജാവിനെ ചെസ്സുകളി പഠിപ്പിച്ച മിടുക്കൻ പ്രതിഫലമായി ചോദിച്ചു വാങ്ങിയ, ഓരോ കള്ളിയിലും പെരുകുന്ന അരിമണിയുടെ കണക്കുപോലെ ഈ മാറ്റങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ് (ഒന്നാമത്തെ കള്ളിയിൽ ഒന്ന് മാത്രമായിരുന്ന അരിമണിയുടെ എണ്ണം 32‐ാമത്തെ കള്ളിയിലെത്തുമ്പോഴേക്കും 53,68,70,912ഉം 64‐ാമത്തെ കള്ളിയിലെത്തിയപ്പോഴേക്കും 23,05,84,30,09,21,36,90,000 ആയി മാറും). ഇതിനു പ്രധാന കാരണം ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ശേഷിയിലുണ്ടാകുന്ന വികാസമാണ്. കംപ്യൂട്ടർ ഐസികളുടെ ശേഷി ഓരോ 12 മാസത്തിലും ഇരട്ടിക്കുന്നുവെന്നാണ് മൂർസ് നിയമം പറയുന്നത്. നിരന്തരമായ ഈ ഇരട്ടിപ്പ് ഉണ്ടാക്കുന്ന മാറ്റങ്ങൾ മനുഷ്യശേഷിക്ക് വിഭാവനം ചെയ്യാൻ പറ്റുന്നതിനും അപ്പുറമായിരിക്കും. കാരണം നമ്മുടെ ചിന്താശേഷി തീർത്തും linear ആയ ഒന്നാണെങ്കിൽ സാങ്കേതികവിദ്യകളുടെ വളർച്ച exponential ആണ്. അതിനാൽ ചെസ്സ് ബോർഡിന്റെ രണ്ടാം പകുതിയിൽ എത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ പോലെ സാങ്കേതികവിദ്യ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രവചനാതീതമായിരിക്കും. ഉല്പാദനശക്തികളുടെ ഈ വികാസത്തിനനുസരിച്ച്, വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യന്റെ സാമൂഹിക സംഘാടനത്തിൽ വേണ്ടി വരുമെന്നുമാത്രം.

മുഖ്യധാരാ സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങൾ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ സംഭവിക്കുന്നതെന്ന് 2008ലെ മാന്ദ്യത്തിനു ശേഷമുള്ള അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കാട്ടിത്തരുന്നു. സാമ്പത്തികോല്പാദനം വർധിച്ചപ്പോഴും തൊഴിലുകൾ പുതുതായി ഉണ്ടാകുന്നില്ല. ഉല്പാദനക്ഷമതയിലുണ്ടായ വർദ്ധന സമൂഹത്തിലെ മുഴുവൻ പേർക്കുമായും പങ്കു വെയ്ക്കപ്പെട്ടില്ല. ഗുരുതരമായ അസമത്വമാണ് ഇതിന്റെ മറ്റൊരു പാർശ്വ ഫലം. ഇത് യാന്ത്രികമായി സംഭവിക്കുന്ന ഒരു കാര്യമല്ല. സാങ്കേതികവിദ്യയുടെ വളർച്ചയിലുണ്ടായ കുറവല്ല ശരാശരി വരുമാനത്തിലുണ്ടായ മാന്ദ്യത്തിനു കാരണം. നിയോ ലിബറൽ കാലഘട്ടത്തിലെ സാമൂഹിക സ്ഥാപനങ്ങൾ സാധാരണ മനുഷ്യനെ അവഗണിക്കുകയാണ്. തൊഴിലില്ലായ്മ ആരുടേയും പ്രധാന ചർച്ചാ വിഷയമല്ല. എല്ലാ ചർച്ചകളും സാമ്പത്തിക വളർച്ചയിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. എല്ലാ നയങ്ങളും ആ ലക്ഷ്യത്തെ മാത്രം മുൻനിർത്തി രൂപീകരിക്കുന്നു.

വ്യവസായിക വിപ്ലവത്തിന്റെ വരവോടെ ദശലക്ഷക്കണക്കിന് മനുഷ്യർ കാർഷിക വൃത്തികളുപേക്ഷിച്ച് വ്യവസായിക ജോലികളിലേക്ക് കടന്നുവെങ്കിൽ, അതിനനുസൃതമായ സാങ്കേതിക വൈഭവം ആർജിച്ചുവെങ്കിൽ, അതിന് കഴിയാതെ വരുന്നുവെന്നതാണ് ഇന്നത്തെ ലോകത്തിന്റെ സവിശേഷത. പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്ന കാര്യത്തിൽ മനുഷ്യരെ സഹായിക്കാൻ ഭരണകൂടങ്ങൾ സവിശേഷ താല്പര്യം എടുക്കണം .സാധാരണക്കാരെ അതിനൊപ്പം കൈപിടിച്ച് കൊണ്ടുപോകാൻ മാനുഷിക വിഭവ വികസനത്തിൽ ഭരണകൂടങ്ങൾ സവിശേഷ താല്പര്യം കാട്ടണം. ഈ താല്പര്യങ്ങളെല്ലാം ഹനിക്കപ്പെടുന്ന ഒരു നിയോ ലിബറൽ പാരഡൈമിനകത്താണ് നാം ഇന്നകപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. അതിനാൽ നവീന സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന സാമ്പത്തികവളർച്ച ഒരു വഴിക്കും തൊഴിലെടുക്കാനുള്ള മനുഷ്യരുടെ ശേഷിയും ലഭ്യമായ തൊഴിലുകളുടെ എണ്ണവും വേറൊരു വഴിക്കും പോവുക എന്ന വിചിത്രമായ പ്രതിഭാസത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും അകപ്പെട്ടിരിക്കുന്നു.

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − eleven =

Most Popular