Sunday, September 8, 2024

ad

ലെനിന്റെ വഴി

ഇ എം എസ്‌

(1995 ഏപ്രിൽ 22 ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ 
ലെനിന്റെ 125–ാം ജന്മദിനാഘോഷ പരിപാടികൾ ഉദ്ഘാടനം 
ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗം)

ലെനിന്റെ 125-–ാം ജന്മവാർഷികത്തിൽ ലോകവിപ്ലവപ്രസ്ഥാനത്തിന് ലെനിൻ നൽകിയ സംഭാവനയെക്കുറിച്ച് നാം ഓർക്കുകയാണ്. സ്വാഭാവികമായും ഈ അവസരത്തിൽ ഒരു ചോദ്യം ഉയർന്നുവരും. ലെനിൻ കെട്ടിപ്പടുത്ത സോവിയറ്റ് യൂണിയനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉയർന്നുവന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലും രണ്ടും ഇല്ലാതായില്ലേ; ആ സ്ഥിതിക്ക് ലെനിന്റെ ഉപദേശനിർദേശങ്ങളെക്കുറിച്ച് ഇപ്പോൾ പറയുന്നതിന് വല്ല അർഥവും ഉണ്ടോ? ആ ചോദ്യത്തിന് ഉത്തരം പറയാനാണ് ഞാൻ ശ്രമിക്കുന്നത്.

മാർക്സും എംഗൽസും ആവിഷ്‌കരിച്ച വൈരുധ്യാത്മക ഭൗതികവാദം കുറെക്കൂടി പുഷ്ടിപ്പെടുത്തുകയാണ് ലെനിൻ ചെയ്‌തത്. മാർക്സും എംഗൽസും ആ സിദ്ധാന്തം ആവിഷ്കരിച്ച കാലത്ത് മുതലാളിത്തം അതിന്റെ ശൈശവദശയിലായിരുന്നു. മുതലാളിത്തത്തിനകത്ത് അന്യോന്യമത്സരമാണ് അന്ന് കൂടുതലുണ്ടായിരുന്നത്. ഒരു മുതലാളിയും മറ്റേ മുതലാളിയും, ഒരു മുതലാളിത്തകമ്പനിയും മറ്റൊരു മുതലാളിത്ത കമ്പനിയും തമ്മിൽ നടന്ന മത്സരമാണ് മാർക്സു‌ം എംഗൽസും ജീവിച്ച കാലത്തിന്റെ സവിശേഷത. അത് മാറിമാറിവരുന്നുണ്ട് എന്നുള്ളതിന്റെ സൂചന, എംഗൽസ് അവസാനം എഴുതിയ ഒരു ലേഖനത്തിൽ വന്നിട്ടുണ്ട്. അദ്ദേഹം അന്തരിക്കുന്നതിനുമുമ്പ്, മാർക്സിന്റെ മൂലധനത്തിന്റെ അവസാന പതിപ്പിന് എഴുതിയ മുഖവുരയിൽ, മുതലാളിത്ത കോർപ്പറേഷനുകൾ, കമ്പനികൾ എന്നിവ കുത്തകകളായി വളർന്നു വരാൻ തുടങ്ങി എന്ന് സൂചിപ്പിക്കുകയുണ്ടായി. ആ ആശയത്തെ പുഷ്ടിപ്പെടുത്തുകയാണ് ലെനിൻ ചെയ്തത്. ലെനിൻ, അങ്ങനെ ചെയ്തത് അദ്ദേഹത്തിന്റെ ബുദ്ധിശക്തികൊണ്ടല്ല; മറിച്ച്, മുതലാളിത്തത്തിൽ വളർന്നുവന്ന ശക്തികളെ പഠിച്ചിട്ടാണ്. എംഗൽസ് കണ്ട സമയത്ത് ഈ കുത്തകമുതലാളിത്തപ്രവണത അതിന്റെ പ്രാരംഭദശയിലേ ആയിരുന്നുള്ളു. എംഗൽസ് അത് എഴുതിയത് 19-–ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്. അന്ന് ഈ കുത്തക മുതലാളിത്തം എന്ന ആ പ്രതിഭാസം വളർന്നുവന്നിരുന്നില്ല. എംഗൽസ് അന്തരിച്ച് ഏതാനും വർഷങ്ങൾക്കകം, അത് വളർന്നു. അതിനെക്കുറിച്ചാണ് മാർക്‌സിന്റെ മൂലധനത്തിന്റെ പുതിയ പതിപ്പ് എന്നു പറയാവുന്ന ഒരു ഗ്രന്ഥം ലെനിൻ എഴുതിയത്. സാമ്രാജ്യാധിപത്യത്തെക്കുറിച്ച് ലെനിൻ നൽകിയ വിശേഷണം, അത് മുതലാളിത്തത്തിന്റെ അത്യുന്നതഘട്ടമാണ് എന്നാണ്.അതു കഴിഞ്ഞാൽ പിന്നെ സോഷ്യലിസം അല്ലെങ്കിൽ കമ്യൂണിസമേയുള്ളൂ. അത് സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി ലെനിൻ എഴുതിയ ബൃഹദ്ഗ്രന്ഥം മാർക്‌സിന്റെ മൂലധനത്തിന്റെ അവസാനത്തെ പതിപ്പ് എന്ന വിശേഷണം അർഹിക്കുന്നു. മാർക്സു‌ം എംഗൽസും അന്തരിച്ചതിനുശേഷം നടന്ന സംഭവവികാസങ്ങൾ, പ്രത്യക്ഷപ്പെട്ട വസ്‌തുതകൾ എന്നിവയെ ആസ്പ‌ദമാക്കിയാണ് ആ ബൃഹദ്ഗ്രന്ഥം ലെനിൻ എഴുതിയത്. ആ അർഥശാസ്ത്ര ഗ്രന്ഥം എഴുതുക മാത്രമല്ല, ലെനിൻ ചെയ്‌തത്‌. ഈ കുത്തകാധിപത്യം വളർന്നുവരുന്നതിന്റെ രാഷ്ട്രീയഫലമെന്താണ്, സാമൂഹ്യഫലമെന്താണ് എന്നുകൂടി അദ്ദേഹം പരിശോധിച്ചു. അതിൽ നിന്നദ്ദേഹം ചെന്നെത്തിയ നിഗമനം, സാമ്രാജ്യാധിപത്യത്തിന്റെ കാലഘട്ടം, യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും കാലഘട്ടമാണ് എന്നാണ്. സാമ്രാജ്യക്കോയ്‌മകൾ തമ്മിൽത്തമ്മിലുള്ള യുദ്ധങ്ങൾ, സാമ്രാജ്യക്കോയ്‌മകൾക്കെതിരായി അധീശരാജ്യങ്ങൾ നടത്തുന്ന ദേശീയ ജനാധിപത്യ വിപ്ലവങ്ങൾ, തൊഴിലാളിവർഗം നടത്തുന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ തുടങ്ങിയ വിവിധരൂപങ്ങളിലുള്ള വിപ്ലവങ്ങളുടെ കാലഘട്ടമാണിത് എന്നതാണ് ലെനിൻ തന്റെ അർഥശാസ്ത്രഗ്രന്ഥത്തിൽ എത്തിച്ചേർന്ന രാഷ്ട്രീയ നിഗമനം. അതാണ് യഥാർഥത്തിൽ ലെനിനിസത്തിന്റെ സത്ത. മാർക്സും എംഗൽസും ചേർന്ന് ആവിഷ്‌കരിച്ച വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പുത്തൻരൂപമാണ് ലെനിന്റെ സാമ്രാജ്യാധിപത്യമെന്ന ഗ്രന്ഥവും സാമ്രാജ്യാധിപത്യത്തിന്റെ കാലത്തെ വിവിധ രൂപങ്ങളിലുള്ള വിപ്ലവത്തെക്കുറിച്ചെഴുതിയ എണ്ണമറ്റ ലേഖനങ്ങളും പ്രബന്‌ധങ്ങളും മറ്റും. അതുകൊണ്ട് ലെനിനിസത്തെക്കുറിച്ച് ഇങ്ങനെയൊരു നിർവചനം വന്നിട്ടുണ്ട് – സാമ്രാജ്യാധിപത്യ കാലഘട്ടത്തിലെ മാർക്സിസമാണ് ലെനിനിസം. മുതലാളിത്തത്തിനകത്ത്, വിശേഷിച്ച് കുത്തകാധിപത്യം വളർന്നുവരാൻ തുടങ്ങിയ പുത്തൻ മുതലാളിത്തത്തിനകത്ത് ഉയർന്നുവരുന്ന വിരുദ്ധശക്തികളെ ഉപയോഗിച്ച് വിപ്ലവം എങ്ങനെ നടത്താം എന്നതിനെക്കുറിച്ചാണ് രാഷ്ട്രീയനേതാവായ ലെനിൻ ചിന്തിച്ചത്. അർഥശാസ്ത്ര പണ്ഡിതനായ ലെനിൻ മുതലാളിത്തത്തിന്റെ സ്വഭാവത്തിൽ വന്നമാറ്റം പരിശോധിച്ച് സാമ്രാജ്യാധിപത്യം എന്ന ഗ്രന്ഥം എഴുതിയെങ്കിൽ രാഷ്ട്രീയനേതാവായ ലെനിൻ ഈ സാമ്രാജ്യാധിപത്യത്തിന്റെ ഫലമായി വരുന്ന സാമ്രാജ്യത്വയുദ്ധങ്ങൾ, ദേശീയ വിമോചനയുദ്ധങ്ങൾ, സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ എന്നിവയാണ് ഇന്നത്തെ കാലത്തെ സവിശേഷതയെന്നുള്ള രാഷ്ട്രീയ നിഗമനത്തിൽ ചെന്നെത്തി. അതിന്റെ ഫലമായാണ് രണ്ടാം ഇന്റർനാഷണലിൽ പ്രത്യക്ഷപ്പെട്ട മിതവാദി സോഷ്യലിസ്റ്റ് പ്രവണതകളെ, മറ്റു വിപ്ലവകാരികളോടൊപ്പം നിന്ന് ലെനിൻ എതിർത്തത്. വളരെ രൂക്ഷമായ സമരമായിരുന്നു അത്. ആ സമരം രണ്ടാം ഇന്റർനാഷണലിനകത്തു മാത്രമല്ല, റഷ്യൻ പാർട്ടിയിലും നടന്നു. ആ സമരത്തിന്റെ ഫലമായിട്ടാണ് റഷ്യൻ വിപ്ലവം നടന്നത്.

റഷ്യൻ വിപ്ലവം നടന്ന അവസരത്തിൽ രണ്ടാം ഇന്റർനാഷണലിന്റെ നേതാക്കൾ പറഞ്ഞു, ഇത് തെറ്റാണ്. മുതലാളിത്തത്തിന്റെ വളർച്ച പൂർണരൂപത്തിലെത്തുമ്പോൾ മാത്രമേ സോഷ്യലിസ്റ്റ് വിപ്ലവം നടക്കുകയുള്ളൂ. റഷ്യയിൽ മുതലാളിത്തത്തിന്റെ വളർച്ച പൂർണമായിട്ടില്ല. അതുകൊണ്ട് ഇവിടെ സോഷ്യലിസ്റ്റ് വിപ്ലവം അകാലികമാണ്. ലെനിൻ പറഞ്ഞു: ‘‘മാർക്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. മാർക്‌സ് പറഞ്ഞതിനെ ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ, ഇന്ന് ഞാൻ കാണുന്ന യാഥാർഥ്യ ത്തിൽ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് മുതലാളിത്തത്തിന്റെ സ്വഭാവം മാറി. സാമ്രാജ്യയുദ്ധങ്ങൾ, ദേശീയവിമോചന യുദ്ധങ്ങൾ, സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ – – ഇവയെല്ലാം നടക്കുന്ന ഒരു ലോക പരിതഃസ്ഥിതി വന്നു. രണ്ടാമത്, റഷ്യയിലാണെങ്കിൽ ഫ്യൂഡലിസത്തിനെതിരായ സമരം വളർന്നുവന്ന്, കാർഷിക സമരങ്ങൾ വളർന്നുവന്ന്, അതിന്റെ ഭാഗമായി കൃഷിക്കാരുടെ ഇടയിൽ നിന്നുവരുന്ന പട്ടാളക്കാരുടെ ഇടയിലെ അസംതൃപ്തി വളർന്നു വന്ന് തൊഴിലാളികളും കൃഷിക്കാരും പട്ടാളക്കാരും ചേർന്ന് ഫ്യൂഡൽ മേധാവിത്വത്തെ തട്ടിത്തകർത്തു. ലോകത്തിൽ മുതലാളിത്ത വ്യവസ്ഥയ്ക്കകത്തുള്ള വൈരുധ്യങ്ങളെല്ലാം മൂർച്ഛിച്ചുവരുന്നു. റഷ്യയിലും ഇതേ വൈരുധ്യങ്ങൾ മൂർച്ഛിച്ചിട്ടുണ്ട്. റഷ്യയിൽ വിപ്ലവം നടക്കുന്നു. റഷ്യയിൽ തൊഴിലാളികൾ വിപ്ലവം നടത്തുന്ന അവസരത്തിൽ മാർക്സ് എന്താണ് എഴുതിയത് എന്ന് പരിശോധിച്ചിട്ടല്ല റഷ്യൻതൊഴിലാളികൾ വിപ്ലവം നടത്തിയത്. റഷ്യൻ തൊഴിലാളികൾ അവർക്കന്ന് നേരിടേണ്ട പ്രശ്‌നങ്ങളെ ആസ്‌പദമാക്കി വിപ്ലവം നടത്തി. ആ വിപ്ലവം നടന്നതാകട്ടെ ലോകത്തിലാകെ മുതലാളിത്ത വളർച്ചയുടെ ഭാഗമായി, സാമ്രാജ്യത്വ യുദ്ധങ്ങൾ, ദേശീയ വിമോചനയുദ്ധങ്ങൾ, സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ ഇവയൊക്കെ നടക്കുന്ന ഒരു ലോക സാഹചര്യത്തിലാണ്. മാർക്സും എംഗൽസും കാണാത്ത ഒരു സ്ഥിതിയാണിത്. ഈ സ്ഥിതിയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നമ്മൾ എങ്ങനെ ഉപയോഗിക്കും? ലെനിൻ പറഞ്ഞു: റഷ്യ ഒരു പിന്നണിരാജ്യമാണ്. ഈ പിന്നണി രാജ്യത്ത് സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നത് എളുപ്പമല്ല. പക്ഷേ, കർഷക ജനസാമാന്യവും ഉള്ളിടത്തോളമുള്ള തൊഴിലാളികളും ചേർന്ന് റഷ്യൻതൊഴിലാളി വർഗത്തെ അധികാരത്തിലെത്തിച്ചിരിക്കുന്നു. ഇനിയെന്തു ചെയ്യണം? റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം നടന്നതുകൊണ്ട് സോഷ്യലിസ്റ്റ് നിർമാണം പൂർത്തിയാകും എന്ന യാതൊരു വ്യാമോഹവും എനിക്കില്ല. സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തിയാവണമെങ്കിൽ ആഗോളമായ സോഷ്യലിസ്റ്റ് വിപ്ലവം നടക്കണം. ആഗോളമായി തൊഴിലാളിവർഗം അധികാരത്തിലെത്തണം. അപ്പോഴേ ആഗോളമായി സോഷ്യലിസം വരൂ. പക്ഷേ, റഷ്യ എന്ന ഒരു രാജ്യത്ത്, അങ്ങേയറ്റം പിന്നണിയിൽ കിടക്കുന്ന ഒരു രാജ്യത്ത്, തൊഴിലാളിവർഗം അധികാരശക്തിയായി മാറി എന്നതിന്റെ അർഥം സോഷ്യലിസ്റ്റ് വ്യവസ്ഥ, അതിന്റെ നിർമിതി എന്നിവ ഇവിടെ തുടങ്ങിവയ്ക്കാൻ കഴിയുമെന്നാണ്. പൂർത്തിയാക്കാൻ കഴിയില്ല. പൂർത്തിയാക്കണമെങ്കിൽ ലോക സോഷ്യലിസ്റ്റ് വിപ്ലവം നടക്കണം. തൊഴിലാളിവർഗത്തിന് അധികാരം കിട്ടിയ ഒരു രാജ്യത്ത്, ആ അധികാരം ഉപയോഗിച്ച്, സോഷ്യലിസ്റ്റ് സമൂഹ നിർമാണം തുടങ്ങണം. അങ്ങനെ തുടങ്ങിയാൽ അതിന്റെ അല മറ്റു രാജ്യങ്ങളിൽ അടിക്കും. വിശേഷിച്ച് വികസിത മുതലാളിത്ത രാജ്യങ്ങളിൽ അടിക്കും. അതിന്റെ ഫലമായി റഷ്യയിൽ നടന്ന വിപ്ലവം റഷ്യയിൽ തുടങ്ങിയ സോഷ്യലിസ്റ്റ് സമൂഹ നിർമിതി ആഗോളമായ സോഷ്യലിസ്റ്റ് സമൂഹനിർമിതിക്ക് പ്രേരകമായിത്തീരും’’. ഈ കാഴ്‌ചപ്പാടോടെയാണ് ലെനിൻ റഷ്യൻ വിപ്ലവത്തെ സ്വാഗതം ചെയ്യുക മാത്രമല്ല, അത് സംഘടിപ്പിക്കുകകൂടി ചെയ്‌തത്‌. മാർക്‌സ്‌ എഴുതിയത് അനുസരിച്ചല്ല ലെനിൻ വിപ്ലവം നടത്തിയത്. ലെനിൻ സോഷ്യലിസ്റ്റ് സമൂഹനിർമിതി തുടങ്ങിയ അവസരത്തിൽ സോഷ്യലിസം നിർമിക്കുന്നതിന് യാതൊരു മാർഗനിർദേശവും മാർക്സിൽ നിന്നോ, എംഗൽസിൽനിന്നോ കിട്ടിയിരുന്നില്ല. മാർക്സും എംഗൽസും ആവിഷ്‌കരിച്ച പൊതുതത്വങ്ങളെ സംബന്ധിച്ച് തനിക്കുള്ള അവഗാഹവും റഷ്യയിലെ സ്ഥിതിഗതികളെ സംബന്ധിച്ച് തനിക്കുള്ള പരിചയവും മാത്രംവച്ച് സോഷ്യലിസ്റ്റ് സമൂഹനിർമിതി തുടങ്ങുകയാണ് ലെനിൻ ചെയ്‌തത്‌. അതിൽ രണ്ടു പരീക്ഷണമാണ് അദ്ദേഹം നടത്തിയത്. ആദ്യഘട്ടത്തിൽ പുതിയ സോഷ്യലിസ്റ്റ് സമൂഹത്തെ ചോരയിൽ മുക്കിക്കൊല്ലുന്നതിനുവേണ്ടി റഷ്യക്കകത്തും, പുറത്തുമുളള മുതലാളിത്ത പിന്തിരിപ്പൻ ശക്തികൾ യുദ്ധം അഴിച്ചുവിട്ടപ്പോൾ ആ യുദ്ധത്തിൽ ജയിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചു. ആ നടപടിയുടെ ഭാഗമായി റഷ്യയിലെ ഭരണവും റഷ്യയിലെ സാമ്പത്തിക സംവിധാനവുമെല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചു. അന്ന് അദ്ദേഹം സംഘടിപ്പിച്ച റഷ്യൻ സോഷ്യലിസ്റ്റ് ഭരണകൂടവും റഷ്യൻ സോഷ്യലിസ്റ്റ് സാമ്പത്തിക സംവിധാനവും യുദ്ധകാല കമ്യൂണിസത്തിന്റേതായിരുന്നു. സർവവും ഭരണകൂടം നിയന്ത്രിക്കും. ഭരണകൂടത്തിന്റെ കർശനമായ നിയന്ത്രണത്തിലല്ലാതെ സാമ്പത്തികമായോ സാമൂഹ്യമായോ രാഷ്ട്രീയമായോ സാംസ്‌കാരികമായോ യാതൊന്നും നടക്കില്ല. ഇതിന്റെ പേരാണ് യുദ്ധകാല കമ്യൂണിസം. ഇത് അന്നത്തെ പിന്തിരിപ്പന്മാർ റഷ്യൻ സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരെ അഴിച്ചുവിട്ട യുദ്ധത്തിൽ ജയിക്കുന്നതിന് ആവശ്യമായിരുന്നു.ഈ വിധത്തിൽ പുതിയ റഷ്യൻ സോഷ്യലിസ്റ്റ് ഭരണത്തെ സംരക്ഷിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച യുദ്ധകാല കമ്യൂണിസത്തിന്റെ ഫലമായി ആ യുദ്ധകാല കമ്യൂണിസത്തെ അടിസ്ഥാനപ്പെടുത്തി റഷ്യൻ ജനത സംഘടിപ്പിച്ച ചെറുത്തുനിൽപ്പിന്റെ അടിസ്ഥ‌ാനത്തിൽ, റഷ്യൻ ഭരണകൂടത്തിനെതിരെ അഴിച്ചുവിടപ്പെട്ട ആക്രമണത്തെ തിരിച്ചോടിക്കാൻ കഴിഞ്ഞു. ആ സമയത്ത് ലെനിൻ കണ്ടു; ഇനി യുദ്ധ കാല കമ്യൂണിസം പറ്റില്ല. യുദ്ധം നടന്നകാലത്താണ് യുദ്ധകാല കമ്യൂണിസം. അന്ന് കൃഷിക്കാർ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകൾ സ്റ്റേറ്റിന് കൊടുക്കണം. ഭരണകൂടം അതുവാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. അത് അന്ന് റഷ്യൻ സോഷ്യലിസ്റ്റ് ഭരണകൂടത്തിനെതിരായി നടന്ന ആക്രമണത്തെ തിരിച്ചോടിക്കുന്നതിന് ആവശ്യമായിരുന്നു. ആ ആക്രമണത്തെ തിരിച്ചോടിക്കുക എന്ന ലക്ഷ്യം സാധിച്ചുകഴിഞ്ഞു. അത് സാധിച്ചു കഴിഞ്ഞ അവസരത്തിൽ ഒരു പുതിയ സാമ്പത്തിക സംവിധാനം ഏർപ്പെടുത്തണം. അതാണ് അദ്ദേഹം ആവിഷ്‌കരിച്ച ന്യൂ ഇക്കണോമിക് പോളിസി (എൻഇപി). അല്ലെങ്കിൽ പുതിയ സാമ്പത്തികനയം. അതിന്റെ പ്രധാനഘടകം കൃഷിക്കാർക്ക് തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകൾ, അതിൽ സ്റ്റേറ്റിനു കൊടുക്കേണ്ട ഒരു ചെറിയ സംഖ്യ കഴിച്ച് ബാക്കി മുഴുവൻ കമ്പോളത്തിൽ വിൽക്കാനുളള അവകാശമാണ്. അതിനെ, ന്യായീകരിച്ച് ലെനിൻ പറഞ്ഞത്, റഷ്യയിലെ സോഷ്യലിസ്റ്റ് ഭരണകൂടം നിലനിൽക്കുന്നത് തൊഴിലാളിയും കർഷക ജനസാമാന്യവും തമ്മിലുള്ള വിപ്ലവപരമായ ഐക്യത്തിന്റെ അടിത്തറയിലാണ്. ഈ ഐക്യത്തിന് തങ്ങളുണ്ടാക്കുന്ന ചരക്കുകൾ കമ്പോളത്തിൽ വിൽക്കുന്നതിനുള്ള സൗകര്യം കൃഷിക്കാർക്കു കൊടുത്താലേ കഴിയൂ. അതാണ് അദ്ദേഹത്തിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനം. ഇതും ആദ്യകാലത്തെ യുദ്ധകാല കമ്യൂണിസവും തമ്മിൽ അജഗജാന്തരമുണ്ട്. അദ്ദേഹം പറഞ്ഞു: ‘‘എനിക്കറിയാം കൃഷിക്കാർക്ക് അവർ ഉണ്ടാക്കുന്ന സാധനങ്ങൾ കമ്പോളത്തിൽ വിൽക്കാനുള്ള അവകാശം കൊടുത്താൽ അതിൽ നിന്ന് പതുക്കെപ്പതുക്കെയായിട്ട് മുതലാളിത്തം നാട്ടിൻപുറങ്ങളിൽ വളർന്നുവരും’’. അതിൽ അദ്ദേഹത്തിന് യാതൊരു വ്യാമോഹവും ഇല്ലായിരുന്നു. ഈ പുതിയ സാമ്പത്തികനയം എന്നുപറഞ്ഞാൽ മുതലാളിത്തം വളരാനുള്ള അടിത്തറ അതിലുണ്ട് എന്നർഥം. പക്ഷേ, ഇതില്ലാതെ, കൃഷിക്കാരെ കൂടെ നിർത്തിക്കൊണ്ടല്ലാതെ സോഷ്യലിസത്തിന് പുരോഗതിയില്ല. സോഷ്യലിസം ഇനി മുമ്പോട്ടു പോകണമെന്നുണ്ടെങ്കിൽ കൃഷിക്കാരുടെ ആഗ്രഹം സാധിച്ചുകൊടുക്കണം. അവർക്ക് തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകൾ, കമ്പോളത്തിൽ വിൽക്കാനുള്ള സൗകര്യം കൊടുക്കണം. അത് വ്യക്തമാക്കിയതിനുശേഷമാണ് ലെനിൻ പറഞ്ഞത്: ‘‘ഇന്നത്തെ എൻഇപി, പുതിയ സാമ്പത്തികനയത്തോടു കൂടിയ റഷ്യ നാളത്തെ സോഷ്യലിസ്റ്റ് റഷ്യയായി മാറും. അതിനുള്ള തയ്യാറെടുപ്പാണ് ഈ പുത്തൻ സാമ്പത്തികനയം’’. ഈ നയം ആവിഷ്കരിച്ചശേഷം രണ്ടോ മൂന്നോ കൊല്ലമേ അദ്ദേഹത്തിന് ജീവിക്കാൻ കഴിഞ്ഞുള്ളു. ആ കാലത്ത് ഈ പുത്തൻ സാമ്പത്തികനയം എങ്ങനെ നടപ്പിലാക്കണം എന്നുള്ളതു സംബന്ധിച്ച് അദ്ദേഹം ഒട്ടേറെ ലേഖനങ്ങൾ, പ്രബന്ധങ്ങൾ, പ്രസംഗങ്ങൾ, കത്തുകൾ, കുറിപ്പുകൾ എന്നിവ എഴുതി. റഷ്യയെപ്പോലെ ഒരു പിന്നണി രാജ്യത്തെ സോഷ്യലിസത്തിലേക്കു കൊണ്ടുപോകുന്നതിനുള്ള തന്റെ കാഴ്‌ചപ്പാടെന്താണ് എന്ന് അവയിൽ ലെനിൻ വ്യക്തമാക്കി. ലെനിന്റെ ആ ഗ്രന്ഥങ്ങൾ, പ്രബന്ധങ്ങൾ, ലേഖനങ്ങൾ എന്നിവ വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.

കൃഷിക്കാർക്ക് തങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകൾ കമ്പോളത്തിൽ വിൽക്കാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ടല്ലാതെ സോഷ്യലിസ്റ്റ് റഷ്യയിലെ ഉൽപ്പാദനം വർധിക്കുകയില്ല. ഉൽപ്പാദനം വർധിപ്പിക്കാതെ മുതലാളിത്തവുമായി സോഷ്യലിസത്തിന് നടത്താനുള്ള മത്സരത്തിൽ ജയിക്കാൻ കഴിയില്ല. ഈയൊരു കാഴ്ചപ്പാടാണ് അദ്ദേഹം ആവിഷ്കരിച്ചത്. ഇത് ആവിഷ്കരിച്ചത് പിന്നണിരാജ്യമായ റഷ്യക്കു വേണ്ടിയാണെങ്കിൽ പിന്നീടത് പിന്നണിയിൽ കിടക്കുന്ന രാജ്യങ്ങൾക്കു മുഴുവൻ ബാധകമാവുന്ന രീതിയിൽ വന്നു. ഇന്ന് അതാണ് യഥാർഥത്തിൽ ചൈനയിലും വിയറ്റ്നാമിലും മറ്റും കാണുന്നത്. ചൈനയിലും വിയറ്റ്നാമിലും നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ ലെനിൻ റഷ്യയിൽ ആവിഷ്കരിച്ച പുതിയ സാമ്പത്തികനയത്തിന്റെ ചുവടുപിടിച്ചാണ്. അത് മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കാണ് എന്ന് നമുക്ക് കണ്ടാൽ തോന്നും. ഒരർഥത്തിൽ ഇത് ശരിയാണ്. മുതലാളിത്ത ശക്തികളെക്കൂടി സോഷ്യലിസ്റ്റ് സമൂഹനിർമ്മാണത്തിനു വേണ്ടി ഉപയോഗിക്കാമെന്ന് കണ്ടു. ഇതിന് റഷ്യക്കകത്തുള്ള മുതലാളിത്തശക്തികളെ മാത്രമല്ല, വൈദേശിക മുതലാളിത്തശക്തികളെക്കൂടി ഉപയോഗിക്കാൻ ലെനിൻ ശ്രമിച്ചു നോക്കി. വിദേശ കുത്തകകളെ റഷ്യയിലേക്ക് ലെനിൻ പരസ്യമായി ക്ഷണിച്ചു. അന്നവർ ആ ക്ഷണം സ്വീകരിച്ചില്ലായെന്നത് വേറെ കാര്യം. അദ്ദേഹവുമായി അന്നിടപെട്ട മുതലാളിമാരിൽ ഒരാൾ, വിദേശ മുതലാളിമാരിൽ ഒരാൾ, പിന്നീടും ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഭവം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു പിന്നണിരാജ്യം സോഷ്യലിസത്തിലേക്കു പോവുക അനായാസമല്ല. അത് ഒറ്റയടിക്ക് കഴിയില്ല. പടിപടിയായേ കഴിയൂ. സോഷ്യലിസത്തിലേക്കുള്ള പടിപടിയായുള്ള ആ മുന്നേറ്റത്തിൽ വളരെ പ്രധാനമാണ് ഉൽപ്പാദനശക്തികളെ വളർത്തൽ, ഉൽപ്പാദനശക്തികളെ വളർത്തിക്കൊണ്ടല്ലാതെ സോഷ്യലിസത്തിലേക്കു മുന്നേറാൻ കഴിയില്ല. അങ്ങനെ സോഷ്യലിസത്തിലേക്ക് മുന്നേറുന്നതിനാവശ്യമായ ഉൽപ്പാദനശക്തികളെ വളർത്തുന്ന അവസരത്തിൽ, സ്വാഭാവികമായും മുതലാളിത്തശക്തികൾ വളരും. ആ മുതലാളിത്തശക്തികളെ നിയന്ത്രിച്ചു നിർത്താൻ തൊഴിലാളിവർഗ ഭരണകൂടത്തിന് കഴിയുമോ എന്നതാണ് പ്രശ്നം. ലെനിൻ പുത്തൻ സാമ്പത്തികനയം ആവിഷ്‌കരിച്ച അവസരത്തിൽ പറഞ്ഞു, ‘‘ഈ പുത്തൻ സാമ്പത്തികനയം നമ്മുടെ തൊഴിലാളിവർഗ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരിക്കണം. ആ കാഴ്ചപ്പാടോടെയാണ് ഇന്ന് ചൈനയിലും വിയറ്റ് നാമിലും ഒക്കെയുള്ള സഖാക്കൾ അവരുടെ രാജ്യങ്ങളിൽ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആ സാമ്പത്തിക പരിഷ്കാരങ്ങളിൽ മുതലാളിത്തത്തിന് പ്രോത്സാഹനമുണ്ട്. വിദേശ മുതലാളിമാരെപ്പോലും ക്ഷണിക്കുന്നുണ്ട്. എന്നാൽ, വിദേശ മുതലാളിമാർ അടക്കമുള്ള കുത്തക മുതലാളിമാരെ വളർത്തുന്നത്, തൊഴിലാളിവർഗ ഭരണകൂടത്തിലാണ്. ചൈനയിലും വിയറ്റ്നാമിലുമൊക്കെ തൊഴിലാളി വർഗത്തിന്റെ ഭരണകൂടമല്ല, തൊഴിലാളിവർഗവും കർഷകജനസാമാന്യവും മറ്റ് അധ്വാനിക്കുന്ന ജനസാമാന്യവും എല്ലാം ചേർന്ന ജനകീയ ജനാധിപത്യ ഭരണമാണുള്ളത്. ചൈനീസ് സഖാക്കൾ അതിനെ വിളിക്കുന്നത് ജനകീയ ജനാധിപത്യ സർവാധിപത്യം എന്നാണ്. ഈ ഭരണകൂടമാണ് സർവാധിപത്യം നടത്തുന്നത്. സോഷ്യലിസത്തിനെതിരായ ശക്തികൾക്കെതിരെ ബലപ്രയോഗം നടത്തും. അതുകൊണ്ടാണ് അത് സർവാധിപത്യമാകുന്നത്’’. ഈ നിലയ്ക്ക് ലെനിൻ അന്ന് ആവിഷ്കരിച്ച ആ കാഴ്ചപ്പാട് ഇന്നത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രയോഗത്തിൽ വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പിന്നീട്, സോവിയറ്റ് യൂണിയനിലും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം സോഷ്യലിസ്റ്റ് സമൂഹനിർമാണം നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ ഈ ലെനിനിസ്റ്റ് പാതയിൽനിന്ന് വ്യതിചലനങ്ങൾ വന്നു. ആ വ്യതിചലനങ്ങൾ പല രൂപത്തിലുമായി – ഒന്നാമത് സോഷ്യലിസ്റ്റ് സമൂഹത്തിലുണ്ടാവേണ്ട രാജ്യത്തെ സോഷ്യലിസ്റ്റ് ജനാധിപത്യം, ഭരണവർഗത്തിനകത്തുള്ള ആഭ്യന്തരജനാധിപത്യം എന്നിവ രണ്ടും നിലനിർത്തണമെന്ന് ലെനിൻ നിഷ്കർഷിച്ചിരുന്നു. പക്ഷേ, അതിൽ വൈകല്യം വന്നു. തൊഴിലാളിവർഗത്തിന്റെ ഭരണകൂടവും കർഷക ജനസാമാന്യവും തമ്മിലുള്ള വിപ്ലവപരമായ ഐക്യം, ആ ഐക്യം നിലനിർത്തുന്നതിന്റെ കാര്യത്തിലും വൈകല്യം വന്നു. സോവിയറ്റ് റഷ്യയിൽ, റഷ്യൻ ജനവിഭാഗം മാത്രമല്ല, മറ്റു ദേശീയ ജനവിഭാഗങ്ങളുമുണ്ട്. റഷ്യയിലെ അല്ലെങ്കിൽ സോവിയറ്റ് യൂണിയനിലെ റഷ്യക്കാരും അല്ലാത്തവരുമായ വിവിധ ദേശീയ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ലെനിനിസത്തിന്റെ ഭാഗമാണ്. ലെനിൻ ആവിഷ്കരിച്ച പുതിയ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണ് കൃഷിക്കാർക്ക് അവർ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകൾ കമ്പോളത്തിൽ വിൽക്കാനും ലാഭമെടുക്കാനുമുളള സൗകര്യം. റഷ്യക്കാർ അല്ലാത്ത മറ്റു ദേശീയ ജനവിഭാഗങ്ങൾക്ക്, അവരുടെ ദേശീയ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് വളരാനുള്ള സൗകര്യം. ഇവ രണ്ടും ലെനിന്റെ പുത്തൻ സാമ്പത്തികനയത്തിന്റെ ഭാഗമായിരുന്നു. അതിന്റെ കാര്യത്തിലും വൈകല്യം വന്നു. ഇതിന്റെയെല്ലാം ഫലമായി, സോവിയറ്റ് ജനതയും സോവിയറ്റ് ഭരണകൂടവും തമ്മിലുള്ള ബന്ധം വഷളാവാൻ തുടങ്ങി. അതിനെ സംബന്ധിച്ചുള്ള സൂചനകൾ പലപ്പോഴുമുണ്ടായിരുന്നു. പക്ഷേ, ആ സൂചനകൾ മനസ്സിലാക്കി ഈ വൈകല്യങ്ങൾ ഇല്ലാതാക്കുന്നതിനുപകരം സോഷ്യലിസത്തിന്റെ അടിത്തറതന്നെ തകർക്കുന്നതാണ് പിന്നീടു നടന്നത്. അതിന്റെ ഫലമായിട്ടാണ്, ക്രൂഷ്‌ച്ചേവിന്റെ കാലത്തും പിന്നീട് ഗോർബച്ചേവിന്റെ കാലത്തും തൊഴിലാളിവർഗഭരണകൂടം എന്നുള്ള ആ സങ്കൽപ്പനം ഉപേക്ഷിച്ചത്. തൊഴിലാളിവർഗഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ ഉൽപ്പാദനശക്തികളെ വളർത്തിയെടുക്കുക എന്നുള്ള സങ്കൽപ്പവും ഉപേക്ഷിക്കപ്പെട്ടു. അങ്ങനെയാണ് ഗോർബച്ചേവിന്റെ കാലത്ത് പെരിസ്ട്രോയിക്കയും അതുപോലുള്ള കാര്യങ്ങളും വന്നത്. സോഷ്യലിസ്റ്റ് സമൂഹം നിർമിക്കണമെന്നുണ്ടെങ്കിൽ തൊഴിലാളിവർഗ നേതൃത്വത്തിലുള്ള ഭരണകൂടം വേണം. ആ ഭരണകൂടത്തിന്റെ കർശനമായ നിയന്ത്രണത്തിലേ സോഷ്യലിസം കെട്ടിപ്പടുക്കാൻ പറ്റൂ. അങ്ങനെ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾത്തന്നെ കർഷകജനവിഭാഗംപോലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ആഗ്രഹങ്ങൾ കണക്കിലെടുക്കണം. അത് കണക്കിലെടുക്കാതെ സോഷ്യലിസ്റ്റ് സമൂഹനിർമാണം സാധ്യമല്ല.

അതേപോലെ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന വിവിധദേശീയ ജനവിഭാഗങ്ങളെ കൂടെ നിർത്തിക്കൊണ്ടല്ലാതെ സോഷ്യലിസത്തിലേക്കു മുമ്പോട്ടു പോകാൻ സാധ്യമല്ല. പുത്തൻ സാമ്പത്തികനയം ആവിഷ്കരിച്ച ലെനിൻ പറഞ്ഞ കാര്യങ്ങൾ മറികടന്ന്, തൊഴിലാളി സർവാധിപത്യം തൊഴിലാളിവർഗത്തിന്റെ നിയന്ത്രണത്തിലുള്ള സോഷ്യലിസ്റ്റ് സമൂഹനിർമിതി എന്നുള്ള തത്വം തന്നെ ബലികഴിച്ച് സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനെ അമേരിക്കയുടെ ഒരു പാവയാക്കി മാറ്റുകയെന്ന പ്രക്രിയ നടന്നു. ഇതാണ് നമ്മുടെ ദുരന്തം.

ലെനിൻ, വൈരുധ്യവാദത്തെ ആധുനികകാലത്തെ യഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനുവേണ്ടി ഒരു പുസ്‌തകം എഴുതുന്നതിന് പ്ലാൻ ചെയ്തിരുന്നു. ആ പുസ്‌തകത്തിനുവേണ്ടി അദ്ദേഹം എഴുതിയ ചില കുറിപ്പുകൾ, ഒരു പുസ്‌തകമായി വന്നിട്ടുണ്ട്. ആ കുറിപ്പുകൾ എഴുതാൻ ലെനിനെ പ്രേരിപ്പിച്ചത്, ആദ്യകാല മുതലാളിത്തം, കുത്തകമുതലാളിത്തമായി മാറിയ കാലത്തുണ്ടായ വൈരുധ്യങ്ങളാണ്. റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം നടന്നതോടുകൂടി സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അവസാനവിജയമായിട്ടില്ല. സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള വൈരുധ്യം പിന്നെയും തുടരും. ഇത് ലെനിന് അറിയാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് തന്റെ അവസാനകാലത്ത് സാമ്രാജ്യത്വകാലഘട്ടത്തിൽ മുതലാളിത്തത്തിലെ വൈരുധ്യം എങ്ങനെ പ്രവർത്തിക്കുന്നു എന്നു പരിശോധിക്കുന്നതിന് ഒരു പുസ്‌തകം എഴുതാൻ അദ്ദേഹം തീരുമാനിച്ചത്. അദ്ദേഹത്തിന് അതുചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ, അതിനുവേണ്ടി അദ്ദേഹം എഴുതിയ കുറിപ്പുകൾതന്നെ ഒരു പുസ്‌തകമായി മോസ്കോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ കാണാൻ കഴിയും വൈരുധ്യാത്മക ഭൗതികവാദ സിദ്ധാന്തത്തെ എത്ര പ്രാധാന്യത്തോടെയാണ് ലെനിൻ എടുത്തിരുന്നത് എന്ന്.

ഒന്നാം ലോകയുദ്ധത്തോടെ റഷ്യയിലും ജർമനിയിലും സോഷ്യലിസ്റ്റ് വിപ്ലവം, പിന്നണിരാജ്യങ്ങളിൽ പലതിലും ദേശീയ സമരങ്ങൾ എന്നിവ നടന്നു. ആ വിപ്ലവങ്ങളിലധികവും അടിച്ചമർത്തപ്പെട്ടുവെങ്കിലും ആ അടിച്ചമർത്തപ്പെട്ട വിപ്ലവശക്തികളിൽനിന്ന് ഈ രാജ്യങ്ങളിലെല്ലാം തന്നെ ഓരോ സംഘടിത കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നു. അക്കാലത്താണ് ഇന്ത്യയിലും ചൈനയിലും പേർഷ്യയിലും ഈജിപ്‌തിലും മറ്റും കമ്യൂണിസ്റ്റ് പാർട്ടികൾ വളർന്നത്. അത് ലെനിൻ സൂക്ഷിച്ചു പഠിച്ചിരുന്നു.

ലെനിൻ കെട്ടിപ്പടുത്ത സോവിയറ്റ് യൂണിയൻ മുതലാളിത്തത്തിലേക്കുപോയി എങ്കിലും, സോവിയറ്റ് യൂണിയന്റെ മാതൃകപിന്തുടർന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ മുതലാളിത്തത്തിലേക്കുപോയി എങ്കിലും ഈ രാജ്യങ്ങളിലെല്ലാം തന്നെ മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം വളർന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മൂന്നു കൊല്ലക്കാലത്തിനിടയ്ക്ക് ഈ രാജ്യങ്ങളിലെല്ലാംതന്നെ സോഷ്യലിസ്റ്റ് ശക്തികൾ വീണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്റ്റ് ശക്തികൾക്കു വിജയം ഉണ്ടാവുകകൂടി ചെയ്തിട്ടുണ്ട്. അപ്പോൾ മാർക്‌സിസത്തിന്റെ സത്ത വൈരുധ്യവാദമാണ്. വിരുദ്ധശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മാർക്സിസത്തിന്റെ സത്ത. സോവിയറ്റ് യൂണിയനിൽ സോഷ്യലിസം മുന്നേറാൻ തുടങ്ങിയപ്പോഴും അങ്ങനെ മുന്നേറിക്കൊണ്ടിരിക്കുന്ന സോഷ്യലിസവും പഴയ മുതലാളിത്തവും തമ്മിലുള്ള വൈരുധ്യം തുടർന്നുകൊണ്ടിരുന്നു.

അതുപോലെ ഇന്ന് മുൻസോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലെ മുൻസോഷ്യലിസ്റ്റ് രാജ്യങ്ങളിലും മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്കു തുടങ്ങിയെങ്കിൽ, ആ തിരിച്ചുപോക്കിന്റെ ഫലമായിട്ടുതന്നെ പഴയ സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള വൈരുധ്യങ്ങൾ മുർച്ഛിച്ചുകൊണ്ടിരിക്കുകയാണ്. ആ വൈരുധ്യങ്ങൾ മൂർച്ഛിച്ചതിന്റെ ഫലമായി പല മുൻകമ്യൂണിസ്റ്റ് രാജ്യങ്ങളിലും മുൻകമ്യൂണിസ്റ്റുകാർ തിരഞ്ഞെടുപ്പിൽ ജയിക്കുന്നു. അധികാരത്തിൽ തിരിച്ചുവരുന്നു. അപ്പോൾ ഇതിന്റെ സാരമിതാണ്: മാർക്‌സിസം – ലെനിനിസത്തിന്റെ അടിസ്ഥാനതത്വം വൈരുധ്യമാണ്. ആ വൈരുധ്യം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. മുതലാളിത്തവും സോഷ്യലിസവും തമ്മിൽ, വികസിത മുതലാളിത്തരാജ്യങ്ങളും പിന്നണി രാജ്യങ്ങളും തമ്മിൽ, മുതലാളിമാർ തമ്മിൽത്തമ്മിൽ, മുതലാളിത്ത രാജ്യങ്ങളിലെ മുതലാളിമാരും തൊഴിലാളികളും തമ്മിൽ ഈ നാലു വൈരുധ്യങ്ങളും മുമ്പത്തേക്കാൾ എത്രയോ രൂക്ഷമാണിപ്പോൾ. ഇതു പറയുമ്പോൾ ഒരു കാര്യം സമ്മതിക്കാതിരിക്കാൻ നിവൃത്തിയില്ല. മാർക്സോ എംഗൽസോ ലെനിനോ അപ്രമാദികളല്ല. അവർക്ക് പല തെറ്റുകളും പറ്റിയിട്ടുണ്ട്. റഷ്യയിൽ വിപ്ലവം നടന്നപ്പോൾ അത് ലോകവിപ്ലവത്തിന്റെ തുടക്കമായി ലെനിൻ കണ്ടു. അത് അതിശയോക്തിയോടുകൂടിയ ഒരു കണ്ടെത്തലായിരുന്നു. ലെനിൻ മരിച്ചിട്ടുതന്നെ 71 വർഷമായി. ഇക്കാലത്തൊന്നും അന്നുണ്ടായിരുന്ന വികസിത മുതലാളിത്ത രാജ്യങ്ങളിലൊന്നും തന്നെ സോഷ്യലിസ്റ്റ് വിപ്ലവം നടന്നിട്ടില്ല. അക്കാര്യത്തിൽ ലെനിന്റെ കാഴ്‌ചപ്പാടിൽ അപാകതയുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ കാര്യമായ കാഴ്‌ചപ്പാട് ലോകം മുതലാളിത്തത്തിൽനിന്ന് കമ്യൂണിസത്തിലേക്കുള്ള മാറ്റം തുടങ്ങിക്കഴിഞ്ഞുവെന്നതാണ്. അതിൽ അപാകതയില്ല. അതു തികച്ചും ശരിയാണ്.

ലെനിൻ മരിച്ചതിനുശേഷമുള്ള ഈ 71 വർഷക്കാലത്ത് മുതലാളിത്തത്തിൽനിന്നു കമ്യൂണിസത്തിലേക്കുള്ള മാനവരാശിയുടെ പരിവർത്തനം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. ആ പരിവർത്തനം വിജയിച്ചിട്ടില്ല. എപ്പോൾ വിജയിക്കും എന്നു പറയാൻ കഴിയില്ല. പക്ഷേ, ആ പരിവർത്തനം തുടങ്ങിയിരിക്കുന്നു. അതിന്റെ ശക്തികൾ വളർന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായിട്ടാണ് ലെനിന്റെ റഷ്യയെക്കാൾ എത്രയോ പിന്നണിയിലായിരുന്ന ഒരു രാജ്യമായ നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരത്തിൽ വരാൻ സാധിച്ചത്. ഇതുപോലെ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലു മൊക്കെ കമ്യൂണിസ്റ്റുകാർ വളർന്നുകൊണ്ടിരിക്കുന്നു. അവർ നാളെ ഭരണത്തിലെത്തുമോ എന്നുള്ളത് വേറെ കാര്യം.

ചില രാജ്യങ്ങളിൽ കമ്യൂണിസ്റ്റുകാർ അടക്കമുള്ളവർ ഭരണത്തിലെത്തിയിട്ടുണ്ട്. ഉദാ: ദക്ഷിണാഫ്രിക്ക. അതുപോലെ മറ്റൊന്നാണ് നേപ്പാൾ. ഇന്ത്യയിൽത്തന്നെ മൂന്നു സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള ഗവൺമെന്റുകൾ ഒന്നുകിൽ ഭരണത്തിൽ വന്നുകഴിഞ്ഞു, അല്ലെങ്കിൽ വരാൻ പോകുന്നു. ഈ വിധത്തിൽ ലോകത്താകെത്തന്നെ മുതലാളിത്തത്തിൽനിന്നു കമ്യൂണിസത്തിലേക്കുള്ള മാറ്റം പുരോഗമിക്കുന്നു. അതു ലെനിന്റെ കാലത്തേക്കാൾ കൂടുതൽ വർധിച്ചിട്ടുണ്ട്. ലെനിൻ പറഞ്ഞതുപോലെ ഉടൻതന്നെ ലോക സോഷ്യലിസ്റ്റ് വിപ്ലവം നടന്നില്ലെങ്കിൽപ്പോലും ലോകസോഷ്യലിസ്റ്റ് വിപ്ലവത്തിനുവേണ്ട ശക്തികൾ വളർന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ലെനിൻ അന്നുപറഞ്ഞത്, ലെനിൻ നമ്മളെ പഠിപ്പിച്ചത് ഇന്നും പ്രസക്തമാണ്. ആ നിലയ്ക്ക് ലെനിന്റെ കാലടികൾ പിന്തുടർന്നുകൊണ്ട് നമ്മുടെ രാജ്യത്തും, സോഷ്യലിസത്തിലേക്കു നീങ്ങുന്ന ഒരു ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യപ്രസ്ഥാനം വളർത്തിയെടുക്കാൻ നാം ശ്രമിക്കുന്നു. അതിൽ ലെനിന്റെ ഉപദേശനിർദേശങ്ങൾ നമുക്കു മാർഗദർശകമായിരിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − fifteen =

Most Popular