നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ
ചളിയും ചുഴിയും താഴെ
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാന്‍ വിടാത്ത കാമുകി
പിരിയാന്‍ വിടാത്ത കാമുകി
നഗരം നഗരം മഹാസാഗരം മഹാസാഗരം
കുതിച്ചു പായും നഗരിയിലൊരു ചെറു-
കൂര ചമയ്ക്കുവതെങ്ങിനെ ഞാൻ
പാരാവാരത്തിരയില്‍ എന്നുടെ
പവിഴദ്വീപു തകര്‍ന്നാലോ (നഗരമേ നന്ദി)
കണ്ടാലും കണ്ടാലും മതിവരാത്ത മഹാസാഗരമായി നഗരമേ നന്ദി (1967) എന്ന സിനിമയിൽ നഗരത്തെ ആഖ്യാനം ചെയ്തിരിക്കുന്നു. നഗരം എന്ന വിചാരഭൂമികയെ മലയാളസാഹിത്യത്തിൽ ആവിഷ്കരിച്ച കൃതിയാണ് ആനന്ദിന്റെ ആൾക്കൂട്ടം. വീടിന്റെ, നാടിന്റെ ഓർമ്മകൾ ചേക്കേറുന്ന നഗരവും നഗരവേഗമുള്ള യാന്ത്രിക ജീവിതവും ഉൾപ്പെടുന്ന ഒരു സ്ഥലരാശിയെ വാക്കുകളിൽ അടയാളപ്പെടുത്തിയ കൃതിയാണ് ആൾക്കൂട്ടം (1970). നഗരമേ നന്ദി(1967) എന്ന സിനിമയിലെ ഈ ഗാനം ആൾക്കൂട്ടം എന്ന നോവലിന്റെ കഥ പറയുന്നതായി തോന്നും.
ഹിപ്പികളുടെ നഗരം ലഹരി-
ക്കുപ്പികളുടെ നഗരം
സ്വര്‍ഗ്ഗം ഭൂമിയില്‍ സ്വര്‍ഗ്ഗം തിരയും
സ്വപ്നാടകരുടെ നഗരം
ഹിപ്പികളുടെ നഗരം ലഹരി-
ക്കുപ്പികളുടെ നഗരം
ലുങ്കിയും ജുബ്ബയുമണിഞ്ഞുനടക്കും
പെണ്‍കുട്ടികളുടെ നഗരം
പ്രേമം നിശാസദനങ്ങളിലാക്കിയ
കാമുകരുടെ നഗരം യുവ
കാമുകരുടെ നഗരം.
1972 ൽ ഇറങ്ങിയ പോസ്റ്റുമാനെ കാണ്മാനില്ല എന്ന സിനിമയിലെ ഗാനമാണിത്. 60കളിലും 70കളിലും നഗരസ്ഥലിയുടെ വളർച്ചകൾ ആയിരിക്കണം സിനിമയെയും സാഹിത്യത്തെയും ഒരുപോലെ നഗരത്തോട് അടുപ്പിച്ചത്-. മലയാള സിനിമാ ചരിത്രത്തിന് നഗരത്തെ തൊടാതെ കടന്നുപോവുക സാധ്യമല്ല. സിനിമയുടെ ചരിത്രം എന്നത് നഗരചരിത്രം കൂടിയായി മാറുന്നു.
കെ പി കുമാരന്റെ അതിഥി (1974) എന്ന സിനിമയിൽ നഗരത്തിനും ഗ്രാമത്തിനും ഇടയിലുള്ള ഒരു വിടവ് നമുക്കു കാണാം. ബോംബെയിൽ നിന്നുള്ള ഒരാളുടെ വരവിനായി കാത്തിരിക്കുന്ന നാലംഗ കുടുംബത്തിന്റെ കഥയാണ് ചിത്രം. വീട് നിശ്ചല ഗ്രാമത്തെ സൂചിപ്പിക്കുന്നു. തീവണ്ടി നഗരങ്ങളെ ഗ്രാമത്തിലേക്ക് കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നു. ഏതു ദിവസവും എത്താവുന്ന അതിഥിയെ കാത്തിരിക്കുന്നവരാണ് വൃദ്ധൻ. എപ്പോഴും എത്തിയേക്കാവുന്ന അതിഥിയായ ശേഖറിനെ പറ്റി പറയുമ്പോൾ കഴുകനെ കാണാം. ലതയും സാങ്കല്പിക ലോകത്തിലേക്കു വഴുതിവീഴുന്നു നഗരത്തിന്റെ സങ്കല്പത്തിൽ അഭിരമിക്കുന്നു. യഥാർത്ഥവും സങ്കല്പവും ഇടകലരുന്നത് നഗരത്തിന്റെയും ഗ്രാമത്തിന്റെയും അന്തരത്തിലാണ്. സങ്കൽപ്പങ്ങൾക്കു ചിറകുകൾ നൽകിയ സ്വപ്ന നഗരം. ആയിരം മുഖമുള്ള ഒരു മായാനഗരം. “ചേച്ചി പോയിട്ടുണ്ടോ നഗരത്തിൽ ? എത്ര മനോഹരം ! ഞാൻ നഗരത്തിൽ ആയിരുന്നു” എന്ന് ലത ചോദിക്കുന്നുണ്ട്.
എവിടെയാണ് നഗരം?
“അങ്ങു ദൂരെ പാടങ്ങളും തോടുകളും മലകളും കടന്നുപോകണം. നഗരം എത്ര സുന്ദരമാണ്. നമുക്ക് നഗരത്തിലേക്കു പോകാം”. അവൾ പറയുന്നു.
നഗരം സ്വപ്നം കാണുന്ന ആ ഗ്രാമീണ പെൺകുട്ടിയുടെ വാക്കുകളാണ് അവൾക്കു നഗരം എന്നതുമായികമായ ഒരു യാഥാർത്ഥ്യമാകുന്നു. അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം (1972) എന്ന സിനിമയിൽ ഗ്രാമത്തിൽ നിന്നും നഗരത്തിൽ എത്തുന്ന നായകൻ നഗരത്തിൽ കാണുന്ന കാഴ്ചകൾ ഒരു ഗ്രാമീണന്റെയാണ്. സ്വയംവരത്തിൽ വാതിൽപ്പുറക്കാഴ്ചകളിലൂടെയാണ് നായികയ്ക്കുമുന്നിൽ നഗരം അനാവൃതമാകുന്നത്. നഗരത്തിലെ ലോഡ്ജിൽ കാമുകനൊപ്പം എത്തിയ ആ പെൺകുട്ടി മുറിയുടെ ജനാലയിലൂടെ നഗരക്കാഴ്ചകൾ കാണുന്നുണ്ട്.
മുറപ്പെണ്ണ് (1965) എന്ന സിനിമയിൽ നഗരത്തിൽ പഠിച്ച നായകൻമാർ ഗ്രാമത്തിലേക്കു തിരിച്ചുവരുന്നത് നഗര ചിഹ്നങ്ങളായ കോട്ടും സിഗരറ്റും മറ്റുമായാണ്. ഇങ്ങനെ ചിഹ്നങ്ങളാൽ അടയാളപ്പെടുത്തിയ ആദ്യകാല നഗരങ്ങളിൽ നിന്ന് നഗരം എന്നത് വാതിൽപ്പുറ കാഴ്ചകളായി സ്വയംവരത്തെപ്പോലുള്ള സിനിമകൾ അടയാളപ്പെടുത്താൻ തുടങ്ങി.
മലയാളസിനിമകളിൽ ചിത്രീകരിച്ചിരിക്കുന്ന നഗരചിത്രങ്ങളും കേരള നഗരങ്ങളുടെ രൂപീകരണവും വികസനവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ പാതകൾ സ്ക്രീനിലെ സിനിമയുടെ ചരിത്രം പറയുന്നു. 1950 കൾ തൊട്ട് നഗരജീവിതത്തെ നേരിട്ടോ അല്ലാതെയോ പരാമർശിച്ചുകൊണ്ട് മലയാള സിനിമ നഗരത്തിന്റെ കഥകൾ പറയാൻ തുടങ്ങി.
മലയാളിയുടെ ഭൂമിശാസ്ത്രപരമായ ഭാവനയിൽ നഗരവും ഗ്രാമവും ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ആധുനികതയെക്കുറിച്ചുള്ള രചനകൾ നഗരത്തിലെയും ഗ്രാമത്തിലെയും ജീവിതത്തിന്റെ നല്ലതും ചീത്തയുമായ മുഖങ്ങൾ വിവരിക്കുന്നു. നൻമയുടെയും തിന്മയുടെയും, അറിവിന്റെയും മണ്ടത്തരത്തിന്റെയും, ലാളിത്യത്തിന്റെയും, സങ്കീർണ്ണതയുടെയും ബൈനറികൾ നഗരത്തെയും ഗ്രാമത്തെയും ബന്ധപ്പെടുത്തുന്നു. ഭൂമിശാസ്ത്രപരമായ ഭൂപ്രകൃതിക്ക് അപ്പുറത്തുള്ള സാംസ്കാരിക ചക്രവാളത്തെ അനാവരണം ചെയ്യാൻ ഈ ബൈനറികൾക്കു കഴിഞ്ഞു. നഗരത്തിന്റെ സവിശേഷത വ്യവസായവൽക്കരണമാണെങ്കിൽ, ഗ്രാമീണ ജനജീവിതത്തിൽ കൃഷി ഒരു പ്രധാന പങ്കുവഹിക്കുന്നു. ഒരു ഗ്രാമത്തിന് കാട്, നദികൾ, മലകൾ എന്നിവയുടെ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത പ്രകൃതിയാണെങ്കിൽ നഗരങ്ങൾ നിർമ്മിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ അടച്ചിരിക്കുന്നു. “മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്തു മലയാളം എന്നൊരു നാടുണ്ട്’’ (നിണമണിഞ്ഞ കാൽപ്പാടുകൾ) എന്നിങ്ങനെയുള്ള ഗാനങ്ങളിൽ ഗ്രാമം വിട്ട് നഗരത്തിൽ എത്തിയ മറുനാടൻ മലയാളിയുടെ ഗൃഹാതുരത്വമായ ഓർമ്മകളിൽ മലയും കാടും വയലേലകളുമുള്ള ഗ്രാമീണ ചിത്രം തെളിഞ്ഞു കാണാം.
1980കൾ വരെ മലയാളസിനിമയുടെ സവിശേഷത നഗര-ഗ്രാമ വേർതിരിവാണ്. സിനിമീയമായ പ്രതിനിധാനങ്ങളിലൂടെയാണ് നഗര/ഗ്രാമ വ്യത്യാസം സ്ഥാപിക്കപ്പെട്ടത്. പുരുഷന്മാർ, സ്ത്രീകൾ, ഫാഷൻ, ജീവിതശൈലി, ഭൂപ്രകൃതി മുതലായവയുടെ പ്രാതിനിധ്യത്തിലും ഈ വ്യത്യാസം കാണാൻ കഴിയും. ഉദാഹരണത്തിന്, ചെറുമുടിയുള്ള നഗര പെൺകുട്ടിയും നീണ്ട മുടിയുള്ള നാടൻ പെൺകുട്ടിയും നഗര/ഗ്രാമീണ ദ്വന്ദ്വത്തിന്റെ നിർമ്മിതിയാണ്.
മലയാള സിനിമയുടെ ആദ്യ നഗരം മദിരാശി പട്ടണം ആയിരുന്നു. ജോലി എന്ന ആവശ്യത്തിനായും സിനിമ എന്ന മോഹവുമായും മലയാളികൾ വണ്ടികയറിയിരുന്ന ആദ്യ നഗരം. മറുനാട്ടിൽ ഒരു മലയാളി, തുറക്കാത്ത വാതിൽ, വിലയ്-ക്കുവാങ്ങിയ വീണ, അഗ്നിപരീക്ഷ, ഹലോ മദ്രാസ് ഗേൾ, നമ്പർ 20 മദ്രാസ് മെയിൽ, നാടോടിക്കാറ്റ് എന്നിങ്ങനെ എത്രയോ സിനിമകളിൽ മദിരാശിപ്പട്ടണം ദൃശ്യമായി. മലയാളികൾ ആദ്യം സ്ക്രീനിൽ കണ്ട നഗരവും മദിരാശിപ്പട്ടണം ആയിരിക്കാം.
“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്” (തുറക്കാത്ത വാതിൽ) എന്ന ഗാനത്തിൽ, പുറന്നാട്ടിൽ പോയ മലയാളിയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയായി സിനിമകളിൽ മലയാളക്കര അവതരിപ്പിക്കപ്പെട്ടു. അവിടെ നോമ്പും നോറ്റ് കാത്തിരിക്കുന്ന ഗ്രാമീണ പെൺകൊടിയുടെ ചിത്രവും അവതരിപ്പിക്കുന്നു.
മലയാള സിനിമയിലെ പരിഷ്കാരികളെല്ലാം നഗരത്തിൽ നിന്നും വന്നവരാണ്. പരിഷ്കൃത വസ്ത്രങ്ങളും സംസാരത്തിൽ കലർന്നുപോകുന്ന ഇംഗ്ലീഷും എല്ലാം സിനിമയിലെ നഗരചിഹ്നങ്ങളാണ്. ഇത്തരത്തിൽ മലയാള സിനിമയൊരുക്കുന്ന പട്ടണചിഹ്നങ്ങൾ നിരവധിയാണ്. ഒരു നഗര മനുഷ്യനെ നിർമിക്കുന്നതിൽ സിനിമ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല. നാട്ടിൻപുറത്തുകാരികൾ പച്ചപരിഷ്‌കാരികളായി മാറുന്നത് ആദ്യകാല മലയാള സിനിമയിലെ ഒരു സ്ഥിരം കാഴ്‌ചയാണ്. സുകുമാരിയെ പോലുള്ള നടിമാർ ആടിത്തകർത്ത “പൂച്ചക്കൊരു മൂക്കുത്തി” പോലുള്ള സിനിമകൾ ധാരാളം ഉണ്ട്. നഗരത്തിൽ എത്തി ഇംഗ്ലീഷ് പാട്ടുകേൾക്കുകയും പാശ്ചാത്യ നൃത്തം ചെയ്യുകയും ചെയ്യുന്ന മംഗലത്തെ രേവതിഅമ്മ എന്ന സുകുമാരിയുടെ കഥാപാത്രം ശാസ്ത്രീയ സംഗീതം കേൾക്കുകയും മുണ്ടും ജുബ്ബയും ധരിക്കുകയും ചെയ്യുന്ന ഭർത്താവിനോട് ഇങ്ങനെ പറയുന്നു. ‘‘ഇവിടെയൊക്കെ എല്ലാവരും ഇങ്ങനെയാണ്. നല്ല ടിപ്പ് ടോപ്പിൽ നടക്കണം. ഇത് സിറ്റിയാണ്. എത്ര പണം ഉണ്ടായാലും ഗമ ഇല്ലെങ്കിൽ ആരും വകവയ്ക്കില്ല’’. ഇത്തരത്തിലുള്ള നഗരാഖ്യാനങ്ങളിലൂടെ മലയാള സിനിമാ നഗരത്തെ അടയാളപ്പെടുത്താനുള്ള ശ്രമം നടത്തിക്കൊണ്ടേയിരുന്നു.
പിന്നീടുവന്ന ഡിറ്റക്ടീവ് സിനിമകളിലെ ഭയപ്പെടുത്തുന്ന സ്ഥലമായി നഗരം അഥവാ കൊച്ചി നഗരം അവതരിപ്പിക്കപ്പെട്ടു. മറവിൽ തിരിവ് സൂക്ഷിക്കുക (1972), കണ്ണൂർ ഡീലക്സ് (1969), കൊച്ചിൻ എക്സ്പ്രസ് (1967), ലങ്കാദഹനം (1971), സിഐഡി നസീർ, എറണാകുളം ജംക്‌ഷൻ, ടാക്സി കാർ (1972) തുടങ്ങിയ സിനിമകൾ ആ വിഭാഗത്തിലുള്ളതാണ്.
കൊച്ചി എന്നത് ഒരു നഗരമായി അവതരിപ്പിക്കാൻ തുടങ്ങിയത് ഇത്തരം സിനിമകളിലൂടെ ആയിരിക്കും. ഗ്രാമങ്ങളിൽ നിന്നും മഹാനഗരങ്ങളിൽപ്പോയി തിരിച്ചു വന്നവർ (വർണപ്പകിട്ട്, ചന്ദ്രോൽസവം, ആയിരം നാവുള്ള അനന്തൻ) നഗരങ്ങളിലെത്തി സ്വയം നഷ്ടപ്പെടുന്നവർ (നാടോടിക്കാറ്റ്). നഗരം അധോലോക നായകന്മാരെ സൃഷ്‌ടിക്കുന്ന കഥകൾ (ഇന്ദ്രജാലം, ആര്യൻ, അഭിമന്യു) എന്നിങ്ങനെ നഗരത്തെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകളിലൂടെ മലയാളസിനിമാ വ്യവസായം വികസിച്ചു. റീലും (Reel) റിയലും (Real) തമ്മിലുള്ള അതിർവരമ്പുകൾ കൂടിക്കലരുന്നത് ഇവിടെയാണ്. ഇങ്ങനെ രൂപപ്പെടുന്ന നഗരത്തെ സിനിമാറ്റിക് സിറ്റി എന്നുവിളിക്കാം. സിനിമയിലെ നഗരങ്ങൾ സെല്ലുലോയ്‌ഡ് വിട്ട് പുറത്തിറങ്ങുകയും ഇമേജുകൾ ഉളവാക്കിയ യാഥാർഥ്യ പ്രതീതിയോടെ അമിതയാഥാർഥ്യമായി വർത്തിക്കുകയും ചെയ്യുന്നു.
മലയാളിക്ക് എല്ലാ അർഥത്തിലും നഗരം ഒരു അമിത യഥാർഥ്യമായിരുന്നു. നമുക്കു പറയത്തക്ക വലിയ നഗരങ്ങളൊന്നുമില്ലാതിരുന്നു. ആവർത്തനം മലയാളിയുടെ പൊതുബോധത്തിൽ ഒരു സാങ്കൽപ്പിക നഗരം ഉൽപ്പാദിപ്പിക്കുന്നു. ഇങ്ങനെ സിനിമ തീർത്ത സങ്കൽപ്പനഗരത്തിൽ കൂടികൊള്ളുകയാണ് മലയാളിയുടെ മാനസിക പ്രപഞ്ചം. ഇഷ്ടികകൾകൊണ്ടല്ല, ഇമേജുകൾകൊണ്ടുതീർത്ത നഗരസ്ഥലിയിൽ മലയാളി പാർപ്പുറപ്പിച്ചിരിക്കുന്നു. ഈ അവ്യാഖേയമായ നഗരത്തെ ദൃശ്യ മണ്ഡലത്തിലേക്ക് വിവർത്തനം ചെയ്യാറുണ്ട് മലയാളി സംവിധായകർ. ഇതു ഗ്രാമം/ നഗരം എന്ന ദ്വന്ദ്വമായോ, ഗ്രാമം നന്മകളാൽ സമൃദ്ധം എന്ന ഗൃഹാതുരകൽപ്പനയായോ ദൃശ്യവൽക്കരിക്കപ്പെടുന്നുണ്ട്.
ഗ്രാമം എന്ന സവിശേഷമായ ആഖ്യാനത്തിന്റെ മറുപുറമായിട്ടാണ് നഗരാഖ്യാനങ്ങൾ പ്രത്യക്ഷപ്പെട്ടത്. അപ്പുണ്ണി, മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മുത്താരംകുന്ന് പി ഒ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത ഗ്രാമ സിനിമകൾ നഗരത്തിന്റെ അപരമായി നിർമ്മിക്കപ്പെടുന്നുണ്ടായിരുന്നു.
നഗരസ്ഥലിയെ അടയാളപ്പെടുത്താനുള്ള മലയാള സിനിമയുടെ വ്യഗ്രത തുടർന്നുകൊണ്ടേയിരുന്നു. മദിരാശിയും കോടമ്പാക്കവും വിട്ടു മലയാള സിനിമ കൊച്ചിയിലേക്കും പരിസരത്തേക്കും പോന്നിട്ടു കാലങ്ങളായി. തിരയിൽ കഥയായും ഭാഷയായും ആഖ്യാന രീതികളായും കൊച്ചി നിറഞ്ഞുനിൽക്കുകയാണ്. മൂക്കില്ലാ രാജ്യത്ത്, ഇൻ ഹരിഹർ നഗർ, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, സ്റ്റോപ്പ് വയലൻസ്, ബിഗ് ബി, അന്നയും റസൂലും, ചാപ്പാകുരിശ്, ഛോട്ടാ മുംബൈ, മസാല റിപ്പബ്ലിക്, ചാർലി, ലൂക്ക എന്നിവയിലൂടെയാണ് സിനിമയുടെ പ്രധാന സ്ഥലരാശിയായി കൊച്ചി മാറിയത്.
കമ്മട്ടിപ്പാടത്തിലൂടെയാണ്- കൊച്ചി നഗരത്തിന്റെ സിനിമാ പ്രാതിനിധ്യം പാരമ്യത്തിലെത്തിയത്. നഗരവാസികളുടെ ജീവിതത്തെ സാംസ്കാരികമായും ചരിത്രപരമായും സാമൂഹികമായും ചിത്രീകരിക്കുന്ന നഗരത്തിന്റെ മുഴുവൻ വശങ്ങളെയും പ്രതിനിധീകരിക്കുന്നതായിരുന്നു അത്. കമ്മട്ടിപ്പാടം കൊച്ചിയുടെയും സമീപ പ്രദേശങ്ങളുടെയും ഒരു മിനി ആഖ്യാനമായിരുന്നു. ചരിത്രപരമായ ഭൂതകാലം മുതൽ ഇന്നത്തെ കൊച്ചിയിലേയ്ക്കുള്ള പരിണാമ ചരിത്രം വരെയുമുണ്ടതിൽ. കൊച്ചിയുടെ ഭൂതകാലത്തിലേക്കുള്ള കാഴ്ചയാണു കമ്മട്ടിപ്പാടത്തിന്റെ റിയലിസ്റ്റിക് ട്രീറ്റ്‌മെന്റ്. കൃഷിഭൂമിയും ജനങ്ങളുടെ ഭൂമിയും നാട്ടുകാരുടെ ദുരിതങ്ങളും ബലിയർപ്പിച്ചാണ് കൊച്ചിയുടെ പഴയ ചതുപ്പുനിലം കൊച്ചി നഗരമായത്. ചതുപ്പുനിലത്തിന്റെ സ്ഥലത്താണു ഈ സിനിമാറ്റിക് നഗരം നിർമിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം സിനിമാ നഗരത്തിന്റെ മാറ്റങ്ങളെ യാഥാർഥ്യ ബോധത്തോടെ രേഖപ്പെടുത്തി. മലയാള സിനിമയിലെ കൊച്ചിയെക്കുറിച്ചുള്ള നഗര വിഭാഗത്തിന്റെ പ്രതിരൂപമാണത്.
കൊച്ചി ഒരു സിനിമാറ്റിക് സിറ്റിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നുപറയാം. ‘22 ഫീമെയിൽ കോട്ടയം’ എന്ന സിനിമയിൽ മുടി മുറിച്ചതിന് വിശദീകരണമായി നായികയുടെ അനുജത്തി പറയുന്നത് ‘കൊച്ചി പഴയ കൊച്ചിയല്ല മോളേ’ എന്നാണ്. രണ്ട് കൊല്ലം ബാംഗ്ലൂരിൽ ജീവിച്ച നായികയ്ക്ക് ഇതുവരെ മുടിമുറിക്കാൻ കഴിഞ്ഞിട്ടില്ല. ആറു മാസം കൊച്ചിയിൽ താമസിച്ച അനുജത്തി അതെളുപ്പം സാധിച്ചെടുത്തു. ഒരു പുരുഷനെ നോക്കി “നൈസ് ആസ്” എന്ന് കമന്റിക്കാൻ കഴിയുന്നതും ഇവൾക്ക് തന്നെ.
‘ബിഗ് ബി’ എന്ന ചിത്രത്തിലെ ഒരു സംഭാഷണം ഇങ്ങനെയാണ്. “കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷേ ബിലാൽ പഴയ ബിലാല് തന്നെയാ.’ പുതിയതായി റിലീസ് ചെയ്ത ‘ട്രിവാൻട്രം ലോഡ്‌ജ്’ എന്ന സിനിമയിൽ കൊച്ചിയെക്കുറിച്ചുള്ള ഒരു സംഭാഷണശകലം ഇങ്ങനെ: ‘മലയാള സിനിമയിലെ പഴയ മദ്രാസാണ് ഇന്ന് കൊച്ചി’. സംഭാഷണങ്ങളിലൂടെ ഒരു പുതിയ കൊച്ചിയുണ്ടാവുകയാണ്. സിനിമാനഗരങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന ‘പുതിയ കൊച്ചി’, സ്റ്റോപ്പ് വയലൻസ്, ബെസ്റ്റ് ആക്ടർ, ഛോട്ടാ മുംബൈ തുടങ്ങി ഒട്ടനവധി സിനിമകളിലെ കഥാതന്തുവിന്റെ വികാസം കൊച്ചിയുടെ അധോലോകവുമായി ബന്ധപ്പെട്ടതാണ്. പഴയ മലയാള സിനിമയിലെ ബോംബെ നഗരമാണ് കൊച്ചി ഇന്ന്. ഛോട്ടാ മുംബൈ എന്ന പേരു തന്നെ ഇതിനുദാഹരണം. അധോലോകമെന്നാൽ ബോംബെ എന്നതായിരുന്നു മലയാളസിനിമയുടെ ഒരു കാലത്തെ സമവാക്യം – അഭിമന്യു, അധിപൻ, ശുഭയാത്ര, ഹിസ്‌ഹൈനസ് അബ്ദുള്ള എന്നിവ ഉദാഹരണങ്ങൾ. ബോംബെ നഗരത്തിന്റെ പേടിപ്പെടുത്തുന്ന മുഖമാണ് അഭിമന്യു എന്ന ചിത്രത്തിൽ ബോംബെ നഗരത്തിലെ ഗുണ്ടാവിളയാട്ടം, അതുളവാക്കുന്ന ഭീതികൾ. ഈ ഭീതിദ നഗരത്തിൽ എത്തിപ്പെട്ട് ഗുണ്ടയായി മാറേണ്ടിവന്ന നായകന്റെ കഥയാണ് ഈ ചിത്രം. ബോംബെയിലെ ഗുണ്ടായിസത്തിന് ഇരയാകേണ്ടിവന്നവരുടെ കഥയാണ് ശുഭയാത്ര. കോവിലകത്തെ തമ്പുരാനെക്കൊല്ലാൻ ബോംബെയിൽനിന്നു വന്ന ഗുണ്ടയുടെ കഥയാണ് ഹിസ് ഹൈനസ് അബ്‌ദുള്ള. കുത്തും കൊലയും കാപട്യവും എല്ലാം നഗരത്തിന്റെ മാത്രം സ്വഭാവമായാണ് ഇത്തരം സിനിമകൾ അവതരിപ്പിച്ചിട്ടുള്ളത്.
കേരളത്തിൽ ഏതു നഗരത്തിലും പറയാവുന്ന കഥ കൊച്ചിയിലേക്കു പറിച്ചുനട്ട സിനിമകളേറെ. അത്രയധികം സിനിമാറ്റിക്കായ നഗരമായി കൊച്ചി മാറിയിട്ടു കാലങ്ങളായി. സിനിമാറ്റിക് ആകുന്നതിന്റെ സാധ്യത തിരിച്ചറിഞ്ഞ കേരളത്തിലെ ആദ്യ നഗരമാണു കൊച്ചി. സിനിമയിൽ കാണുന്നതു പോലെയോ സിനിമയ്ക്ക് ഒരുപടി മേലെയോ ആണ് കൊച്ചി നഗരത്തിന്റെ ഭൗതിക പരിസരങ്ങൾ. ആ പരിസരത്തു നിന്നാണു മലയാള നഗരവും സിനിമയും വളരുന്നത്.
എഴുപതുകളിലെയും 80കളിലെയും സിനിമകളിലെപ്പോലെ ജോലി തേടി നടക്കുന്ന കഥാപാത്രങ്ങളെ നമുക്ക് കാണാൻ കഴിയില്ല, ഇന്നത്തെ മലയാളസിനിമയുടെ സാമൂഹിക സാഹചര്യങ്ങളിൽ. രതീഷ് രാധാകൃഷ്ണന്റെ കേരളത്തിൽ നഗരം ഇല്ലാത്തതിന്റെ കാരണം തൊഴിലാളികളുടെ വരവ് ഇല്ലായിരുന്നു എന്നു നിരീക്ഷിക്കുന്നുണ്ട്.
1980 കളിലും 1990 കളിലും ബോംബെ മലയാള സിനിമയിലെ അധോലോകത്തിന്റെ പര്യായമായി മാറി. അഭിമന്യു (1991), അധിപൻ (1989), ശുഭയാത്ര (1990), ഹിസ് ഹൈനസ് അബ്ദുള്ള (1990), ആര്യൻ (1988), ആറാം തമ്പുരാൻ (1997) തുടങ്ങിയവ ഉദാഹരണങ്ങളിൽ ചിലതു മാത്രം. ബോംബെ നഗരത്തിന്റെ ഭീതിജനകമായ മുഖത്തെയാണ് അഭിമന്യു പ്രതിനിധീകരിക്കുന്നത്. ഉപജീവനമാർഗം തേടി ബോംബെ നഗരത്തിലെത്തിയ ഒരു നിരപരാധിയായ മലയാളി ഗുണ്ടയായി മാറുന്നതിന്റെ കഥയാണിത്. ഗുണ്ടായിസത്തിന് ഇരയായവരുടെ കഥയാണ് ശുഭയാത്ര പറയുന്നത്. രാജകീയ അവകാശിയെ വധിക്കാൻ ബോംബെയിൽ നിന്ന് ഒരു ‘കോവിലക’ത്തെത്തുന്ന ഗുണ്ടയുടെ കഥയാണ് ഹിസ് ഹൈനസ് അബ്ദുള്ള പറയുന്നത്. ഈ സിനിമകളിൽ മിക്കവയിലും, നാഗരിക ജീവിതത്തെ നിഷേധാത്മകമായി ചിത്രീകരിക്കുകയും ഗ്രാമജീവിതത്തിന്റെ “നിഷ്കളങ്കത’ യിൽ നിന്ന് വ്യത്യസ്തമാക്കുകയും ചെയ്യുന്നു.
അധോലോകത്തിന്റെ പ്രതീകമായി കൊച്ചി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ‘ബോംബെ’ നഗരം മലയാള സിനിമയിൽ മങ്ങാൻ തുടങ്ങി. സമീപകാല ചിത്രങ്ങളിൽ, കൊച്ചി പഴയ ബോംബെയെ ഏതാണ്ട് സ്ഥാനഭ്രഷ്ടമാക്കിയിരിക്കുന്നു. വലിയ നഗരങ്ങളിൽ ലഭ്യമായ എല്ലാ വിനോദങ്ങളും ഉള്ള ഒരു അത്ഭുതലോകമായി കൊച്ചിയെ ജനപ്രിയ മലയാളം സിനിമകൾ ആവർത്തിച്ച് അവതരിപ്പിക്കുന്നു.1990-കൾ മുതൽ കൊച്ചി ആധുനിക നഗരത്തിന്റെ ഇടം പിടിച്ചടക്കി. പത്മരാജന്റെ അപരൻ കൊച്ചി ആസ്ഥാനമായുള്ള സിനിമയാണ്.
അന്നയും റസൂലും മുതൽ കമ്മട്ടിപ്പാടം എന്ന നിയോ റിയലിസ്റ്റിക് സിനിമവരെ സിനിമാറ്റിക് സിറ്റിയുടെ ഈ സ്പെക്ട്രം വ്യാപിച്ചു. കമ്മട്ടിപ്പാടം എന്ന സിനിമയെ അന്നയും റസൂലും എന്ന സിനിമയിലെ നഗരത്തിന്റെ ‘ഭൂതകാലമായി വായിക്കാം. നഗരത്തിന്റെ ഈ വിപുലീകരണം സിനിമാറ്റിക് റിയലിസത്തിലൂടെ ഭൂതകാലത്തിന്റെ കഥ വിവരിച്ചു. അന്നയും റസൂലും സിനിമാറ്റിക് കൊച്ചിയെ അതിന്റെ എല്ലാ നഗര സവിശേഷതകളിലും സ്ഥാപിക്കുന്നു.
നഗരം അടിസ്ഥാനമാക്കിയുള്ള സിനിമകൾക്ക് ഗണ്യമായ തിയറ്റർ കളക്ഷനുകളും ഉണ്ടാക്കുന്നു; ഒരു കൊച്ചിക്കാരന്റെയും കൊച്ചി നഗരത്തിന്റെയും ആവർത്തിച്ചുള്ള ചിത്രീകരണത്തിലൂടെയാണ് അവ പ്രേക്ഷകർക്കിടയിൽ ജനപ്രിയമായത്. കമ്മട്ടിപ്പാടത്തിനു മുമ്പും ശേഷവുമുള്ള കൊച്ചിയിലെ സിനിമകൾ നോക്കുമ്പോൾ, കമ്മട്ടിപ്പാടത്തിന് മുൻപുള്ള സിനിമകളിൽ കൊച്ചി പൂർണ നഗരമാകുന്നതിന്റെ ചരിത്രം, കൊച്ചി എന്ന നഗരാകർഷണം അന്വേഷിക്കാം. കമ്മട്ടിപ്പാടത്തിനു ശേഷം, നഗരകഥാഖ്യാനത്തിൽ നഗര പ്രാന്തങ്ങൾ ദൃശ്യമായി, പ്രാന്ത പ്രദേശങ്ങളുടെ സ്വത്വാവിഷ്കരണം കാണാം.
ആദ്യകാല സ്‌ക്രീനിലെ കൊച്ചിയുടെ നഗരദൃശ്യം പലപ്പോഴും നഗരത്തിന്റെ ഇരുണ്ട ഇടങ്ങളെ പ്രതിപാദിക്കുന്ന നോയർ ആഖ്യാനമായിരുന്നു. ഭയാനകമായ അക്രമത്തിന്റെ അനിശ്ചിത മേഖലയായിരുന്നു അത്. കലയും സ്നേഹവും വിനോദസഞ്ചാരികളും നിറഞ്ഞ നഗരത്തിന്റെ സുഖപ്രദമായ ദൈനംദിന ജീവിതം ക്രമേണ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുകയും സ്‌ക്രീനിൽ അക്രമം സാവധാനം പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. അല്ലെങ്കിൽ, സമീപകാല സിനിമകളിലൂടെ നഗരത്തിന്റെ സിനിമാറ്റിക് സ്പേസ് മാറി. മായാനദി (2017), മറഡോണ (2018), ചാർലി (2015), ലൂക്ക (2019), വലിയ പെരുന്നാൾ (2019) തുടങ്ങിയവ അതിന്റെ ചില ഉദാഹരണങ്ങളാണ്. . ഹണി ബീ 2 (2017), പ്രേമം (2016), പെെപ്പിൻ ചോട്ടിലെ പ്രണയം (2017) മുതലായവ. അത്തരം പ്രദേശ-നിർദ്ദിഷ്ട കോമഡി സിനിമകൾ കൊച്ചിയെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. ഈ നഗരത്തിന്റെ സമീപ പ്രദേശങ്ങൾ ഒരു സാമൂഹിക വ്യവസ്ഥയായി പ്രവർത്തിക്കുന്നു, പ്രധാന നഗരം എന്ന ക്ലസ്റ്ററിന്റെ ഭാഗമായ പ്രാന്ത പ്രദേശങ്ങളായി ഇവ നിൽക്കുന്നു. പ്രേമം, അങ്കമാലി ഡയറീസ് എന്നീ സിനിമകളിലെത്തുമ്പോൾ കൊച്ചി എന്ന നഗരത്തിന്റെ പ്രാന്തം ആലുവ, അങ്കമാലി എന്നീ പ്രദേശങ്ങളിലേക്ക്, ഒരു മെട്രോയുടെ ദൂരത്തിലേക്ക് നീങ്ങുന്നതു കാണാം. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ എത്തുമ്പോഴേക്കും വിദേശ സഞ്ചാരികളുടെ വരവിനെ അടയാളപ്പെടുത്തുന്ന ഗ്രാമവും അവിടെ റോക്ക് സംഗീതം കേൾക്കുകയും, ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുകയും ചെയ്യുന്ന ആഗോള മനുഷ്യരുടെ സ്വത്വബോധമുള്ള പൗരരായ ബോബിയെയും ബേബി മോളെയും കാണാം. പറവയിൽ കൊച്ചി എന്ന ഒരൊറ്റ നഗരത്തിൽ നിന്നും വേർപെട്ട് മട്ടാഞ്ചേരി ഒരു സ്വതന്ത്ര സ്ഥലരാശിയായി രൂപാന്തരപ്പെടുന്നു.
സ്ക്രീൻ എന്ന വെർച്വൽ സ്പേസിൽ സിനിമ അതിന്റെ സ്ഥലരാശിയെ പേർത്തും പേർത്തും അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു. സ്വന്തമായി ഒരു നഗര നിർമ്മിതി നടത്തിയ മലയാളസിനിമ ഇന്നു നഗരം വിട്ട് പുതിയ മേച്ചിൽ പുറങ്ങൾ തേടി. പുതു മലയാള സിനിമ സിനിമക്ക് അന്യമായ സ്ഥലരാശികൾ തേടിയിറങ്ങി. നാടോടിക്കഥകളിലെ സങ്കല്പ ഇടങ്ങളായി മലെെക്കോട്ടെ വാലിബനിൽ അപരിചിതമായ ഊരുകൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടു. ഭ്രമയുഗത്തിലെ ഭയപ്പെടുത്തുന്ന മനയെ അടയാളപ്പെടുത്തുന്നത് നാടോടിക്കഥയിലെ ഒരു സങ്കല്പസ്ഥല രാശിക്ക് അകത്താണ്. നാടോടിക്കഥകളെ പിൻപറ്റിയും, പുതിയ പ്രാദേശിക സ്വത്വങ്ങളെ തേടിയും അപരിചിതമായ സ്ഥലങ്ങൾ തേടിയും, ഇനിയും ആവിഷ്കരിക്കാത്ത നഗരങ്ങൾ തേടിയും മലയാള സിനിമ അലയുന്നു. കാസർകോട് പോലുള്ള സ്ഥലങ്ങൾ മലയാള സിനിമയുടെ ഇടങ്ങളെ പുനർനിർവചിക്കുന്നതു കാണാം. ഗുണ കേവിലേക്ക് ഇറങ്ങിച്ചെന്ന മലയാള സിനിമ, മലയാളസിനിമയുടെ സ്പെഷ്യൽ ഫിക്സിങ്ങിന്റെ ഉദാഹരണം മാത്രമാണ്. ♦