Monday, September 9, 2024

ad

Homeനിരീക്ഷണംആർഎസ്എസ്, ബിജെപി ഭിന്നത 
എന്ന കള്ളക്കഥ

ആർഎസ്എസ്, ബിജെപി ഭിന്നത 
എന്ന കള്ളക്കഥ

കെ എ വേണുഗോപാലൻ

ന്ത്യൻ എക്സ്പ്രസ്സിലെ രണ്ട് പത്രപ്രവർത്തകർക്ക് കൊടുത്ത അഭിമുഖത്തിലാണ് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി നദ്ദ ആർഎസ്എസും ബിജെപിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന മട്ടിൽ പ്രതികരിച്ചത്. “‘ആർഎസ്എസ് എന്നത് ഒരു സാംസ്കാരിക സംഘടനയാണ്; ഞങ്ങൾ ഒരു രാഷ്ട്രീയ സംഘടനയും…അത് ഒരു പ്രത്യയശാസ്ത്രപരമായ മുന്നണിയാണ്. ആർഎസ്എസിനും ബിജെപിക്കും വ്യക്തമായി സ്ഥാപിക്കപ്പെട്ട അവരുടേതായ പ്രവർത്തനമേഖലകൾ ഉണ്ട്. “‘ഇക്കഴിഞ്ഞ മെയ് 18നാണ് ഇന്ത്യൻ എക്സ്പ്രസ്സിൽ ഈ വാർത്ത അച്ചടിച്ചു വന്നത്.

ആർഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള ഈ കള്ളക്കഥ ആദ്യമായല്ല അച്ചടിച്ചു വരുന്നത്. ആർഎസ്എസിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓർഗനൈസറിൽ 2000 ഫെബ്രുവരി ആറിന് എഴുതിയ മുഖപ്രസംഗത്തിൽ ഇതേ ആശയം സന്നിവേശിപ്പിക്കപ്പെട്ടിരുന്നു. അന്നുപറഞ്ഞത് ഇങ്ങനെയാണ്. “‘ആർഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല. അത് തിരഞ്ഞെടുപ്പിൽ പങ്കാളിയാവാറില്ല.അതിന്റെ ഔദ്യോഗിക ഭാരവാഹികൾ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികൾ ആവാറില്ല. ആർഎസ്എസിന് തിരഞ്ഞെടുപ്പ് ചിഹ്നമില്ല. അതിന്റെ നേതൃത്വമോ അംഗങ്ങളോ രാഷ്ട്രീയ അധികാരം നേടിയെടുക്കുന്നതിനായി ശ്രമിക്കാറില്ല. ദേശീയ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സാമൂഹിക – സാംസ്കാരിക സംഘടന മാത്രമാണത്.’’

തങ്ങളുടെ ഗതകാല ചെയ്തികളും പ്രത്യയശാസ്ത്രവും തങ്ങളുടെ പരിവാർ സംഘടനയ്-ക്ക് ദോഷകരമാവാതിരിക്കുന്നതിനുള്ള ആർഎസ്എസിന്റെ ഒരു തട്ടിപ്പ് പ്രസ്താവന മാത്രമാണിത്. നദ്ദ തന്നെ താനൊരു സ്വയം സേവകനാണെന്ന് പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. ആർഎസ്എസ് രൂപീകരിച്ചത് കെ ബി ഹെഡ്ഗേവാറാണെങ്കിലും അതിന്റെ പ്രത്യയശാസ്ത്രം രൂപീകരിക്കുകയും ദശകങ്ങളോളം അതിനെ നയിക്കുകയും ചെയ്തത് ഗോൾവാൾക്കറാണ്. രാഷ്ട്രീയ പ്രവർത്തനത്തിനായി നിയോഗിക്കപ്പെടുന്ന ആർഎസ്എസ് അംഗങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് 1954 മാർച്ച് മാസം പതിനാറാം തീയതി വാർധയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. “‘നാം ഒരു സംഘടനയുടെ ഭാഗമാണെന്നും അതിന്റെ അച്ചടക്കം അംഗീകരിക്കുന്നു വെന്നും പറയുന്നതോടെ നമ്മുടെ ജീവിതത്തിൽ ഇഷ്ടാനുസരണമുള്ള തെരഞ്ഞെടുപ്പിന് സ്ഥാനമില്ലാതാകുന്നു. എന്താണോ പറയുന്നത് അതനുസരിച്ച് പ്രവർത്തിക്കുക. കബഡി കളിക്കാൻ പറഞ്ഞാൽ കബഡി കളിക്കുക; യോഗം നടത്താൻ പറഞ്ഞാൽ യോഗം നടത്തുക….ഉദാഹരണത്തിന് നമ്മുടെ ചില സുഹൃത്തുക്കളോട് രാഷ്ട്രീയത്തിൽ പോയി പ്രവർത്തിക്കാൻ പറഞ്ഞാൽ അതിനർത്ഥം അവർക്ക് അതിൽ വലിയ താല്പര്യം ഉണ്ടെന്നോ അല്ലെങ്കിൽ അവർ അതിൽ നിന്ന് ആവേശം ഉൾക്കൊള്ളുന്നു എന്നോ അല്ല. വെള്ളം കിട്ടാതെ മത്സ്യം ചത്തു പോകുന്നതുപോലെ രാഷ്ട്രീയത്തിനുവേണ്ടി മരിക്കുകയൊന്നും വേണ്ട. അവരോട് രാഷ്ട്രീയത്തിൽ നിന്നുപിന്മാറാൻ പറഞ്ഞാൽ അതിലും എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ല. അവർ വിവേചനാധികാരം പ്രയോഗിക്കേണ്ടതില്ല. “‘ ഇതാണ് ആർഎസ്എസ് അതിന്റെ സംഘടനാ പ്രവർത്തനത്തിൽ അച്ചടക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംഘടന എന്തുപറഞ്ഞാലും സ്വന്തം വിവേചനാധികാരം പ്രയോഗിക്കാതെ അച്ചടക്കത്തോടെ അത് അനുസരിക്കുക മാത്രമാണ് അംഗങ്ങൾ ചെയ്യേണ്ടത്. ഗോൾവാൾക്കറുടെ സമാഹൃത കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ഈ വരികൾ.

സ്വയംസേവകർ രാഷ്ട്രീയപ്രവർത്തനത്തിന് നിയോഗിക്കപ്പെടുന്നതിനെ കുറിച്ച് 1960 മാർച്ച് അഞ്ചിന് ഇൻഡോറിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഗോൾവാൾക്കർ പരാമർശിക്കുന്നുണ്ട്. നാടകത്തിൽ അഭിനയിക്കാൻ ഒരാളെ നിയോഗിച്ചാൽ സംവിധായകൻ പറയുന്നതുപോലെ അഭിനയിച്ചു കൊടുക്കുക എന്നതാണ് അദ്ദേഹം നിർവഹിക്കേണ്ട കടമ. സഹനടനായി നിയോഗിക്കപ്പെട്ടാൽ നായകനാവാൻ ശ്രമിക്കേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്തായാലും ഇതൊക്കെ വ്യക്തമാക്കുന്നത് സ്വയംസേവകരെ രാഷ്ട്രീയ പ്രവർത്തകരായി നിയോഗിക്കാറുണ്ട് എന്നുതന്നെയാണ്.

ആർഎസ്എസിന്റെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ബിജെപി എന്ന കാര്യം മറച്ചുവെക്കാനാണ് അവരെല്ലായ്-പ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാൽ ആർഎസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ നിന്നുതന്നെ ഇത് ശരിയല്ല എന്ന് തെളിയിക്കുന്ന വസ്തുതകൾ ലഭ്യമാണ്. ആർഎസ്എസിന്റെ കേന്ദ്രപ്രസിദ്ധീകരണശാലയാണ് സുരുചി പ്രകാശൻ. 1997 ൽ അവർ പ്രസിദ്ധീകരിച്ചിട്ടുള്ള പരം വൈഭവ് കെ പാത് പർ (കീർത്തിയുടെ പാതയിൽ) എന്ന പുസ്തകത്തിൽ വ്യത്യസ്ത കർത്തവ്യങ്ങളുടെ നിർവഹണത്തിനായി ആർഎസ്എസ് ഉണ്ടാക്കിയിട്ടുള്ള 40 സംഘടനകളുടെ വിശദാംശങ്ങൾ നൽകുന്നുണ്ട്. അതിൽ ബിജെപി,എബിവിപി,ഹിന്ദു ജാഗരൺ മഞ്ച്,വിശ്വ ഹിന്ദു പരിഷത്ത്,സ്വദേശി ജാഗരൺ മഞ്ച്, സൻസ്കാർ ഭാരതി എന്നിവ ആർഎസ്എസ് നിർമ്മിതികളാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.

ആ പുസ്തകത്തിൽ മൂന്നാമത് പറയുന്നത് ബിജെപിയെ കുറിച്ചാണ്. ഭാരതീയ ജനസംഘത്തിന്റെ രൂപീകരണത്തെക്കുറിച്ചും പിന്നീട് ബിജെപി രൂപീകരണം വേണ്ടി വന്നതിനെ കുറിച്ചും ഒക്കെ ഈ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല പ്രധാനമന്ത്രിയും മന്ത്രിസഭയിലെ പ്രമുഖരായ പലരും സ്വയംസേവകരാണ് എന്ന് അഭിമാനപൂർവ്വം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരുമാണ്. എന്നിട്ടാണ് ബിജെപിയും ആർ എസ് എസും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് ജെ പി നദ്ദ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പു സമയത്ത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതിന്റെ രാഷ്ട്രീയ പ്രാധാന്യമെന്ത് എന്നാണ് നാം പരിശോധിക്കേണ്ടത്.

1.ആർഎസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമാണ് വിചാരധാര. ആർഎസ്എസ് രൂപീകരിക്കപ്പെട്ടിട്ട് 2025 ൽ 100 വർഷം തികയുകയാണ്. ഈ വർഷമെങ്കിലും ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് ആഗ്രഹിക്കുന്ന സംഘടനയാണ് ആർഎസ്എസ്. വിചാരധാരയിൽ ആർഎസ്എസിന്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണ്. വിശാലമായ ഹൈന്ദവ ഐക്യമാണ് ആർഎസ്എസ് മുന്നോട്ടു വയ്ക്കുന്നത്. അതിന് മുസ്ലിങ്ങളെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിലാണ് അവർ ഊന്നുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ മുഖ്യ ശത്രുവായി ഹനുമാൻ ഭക്തനായ കേജ–്-രിവാൾ ഉയർന്നുവന്നിരിക്കുന്നു എന്നതാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയം പരിശോധിച്ചാൽ നമുക്ക് കാണാൻ പറ്റുക. ഇതിനെ ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം ഉപയോഗിച്ചുകൊണ്ട് വിശദീകരിക്കാനാവില്ല. രാമ ഭക്തരും ഹനുമാൻ ഭക്തന്മാരും തമ്മിലാണ് മുഖ്യ പോരാട്ടം. അതാവാം ആർഎസ്എസ് – ബിജെപി ബന്ധമില്ലായ്മ എന്ന കെട്ടുകഥ ഇപ്പോൾ മെനയുന്നതിന്റെ പ്രാധാന്യം. 1974 ൽ അന്നത്തെ ബീഹാർ പിസിസി പ്രസിഡന്റ് പറഞ്ഞത്- ജനസംഘത്തിലുള്ളതിനേക്കാൾ കൂടുതൽ സംഘികൾ കോൺഗ്രസിലുണ്ട് എന്നായിരുന്നു.

2. ലോക്-സഭാ തിരഞ്ഞെടുപ്പിൽ എന്തായാലും ബി ജെ പി തോൽക്കും. അങ്ങനെ വന്നാൽ ആർ എസ് എസിനെ പിണക്കിയതുകൊണ്ടാണെന്ന് പ്രചരിപ്പിക്കാം. ഒപ്പം തോൽവിയിൽ നിന്ന് ആർ എസ് എസിനെ ഒഴിവാക്കുകയും ചെയ്യാം. വരും തിരഞ്ഞെടുപ്പിൽ ആർ എസ് എസിനെ നന്നായി ഉപയോഗപ്പെടുത്തുകയുമാവാം.

എന്തായാലും ഈ തള്ളിപ്പറയൽ ഒരൊത്തുകളിയുടെ ഭാഗം മാത്രമാണ്. ആർ എസ് എസിന്റെ രാഷ്ട്രീയ പാർട്ടിയും ആർഎസ്എസും തമ്മിൽ അത്രയൊക്കെ വ്യത്യസ്തത വേണമെന്ന് ഗോൾവാൾക്കർ തന്നെ തന്റെ കാലത്ത് തെളിയിച്ചിട്ടുണ്ട്. കൃത്രിമമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ജനന നിയന്ത്രണം നടത്തുന്നതിന് ഗോൾവാൾക്കർ എതിരായിരുന്നു. എന്നാൽ മറിച്ചായിരുന്നു ജനസംഘത്തിന്റെ നിലപാട്. പഞ്ചാബി ഹിന്ദുക്കളോട് അവരുടെ മാതൃഭാഷയായി പഞ്ചാബിയെ പ്രഖ്യാപിക്കണമെന്ന് ഗോൾവാൾക്കർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാരതീയ ജനസംഘക്കാരായ പഞ്ചാബി ഹിന്ദുക്കൾ പലരും അങ്ങനെ പ്രഖ്യാപിക്കാൻ തയ്യാറായിരുന്നില്ല. ഇന്ത്യ –- സോവിയറ്റ് കരാറിന് ഗോൾവാൾക്കർ എതിരായിരുന്നു. എന്നാൽ ജനസംഘം അതിന് അനുകൂലമായിരുന്നു. അതായത് പരസ്പരം തീരുമാനിച്ചുറച്ച് രാഷ്ട്രീയപാർട്ടി സ്വതന്ത്രമായ നിലപാടാണ് എടുക്കുന്നത് എന്നു വരുത്തിത്തീർക്കേണ്ടത് ആർഎസ്എസിന്റെ തന്നെ ആവശ്യമായി അതിന്റെ ആചാര്യൻ സ്വജീവിതത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വേണം നദ്ദയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെയും നിലപാടുകളെയും നമ്മൾ വിലയിരുത്തേണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 4 =

Most Popular