Friday, December 13, 2024

ad

Homeഅനുസ്മരണംനായനാരെ സ്മരിക്കുമ്പോൾ

നായനാരെ സ്മരിക്കുമ്പോൾ

പിണറായി വിജയൻ

ഖാവ് നായനാരുടെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്. 1939-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിന്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ. ഉരുക്കുപോലുള്ള നിശ്ചയദാർഢ്യം, ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധത, ഇതിന്റെയെല്ലാം ചുരുക്കപ്പേരാണ് ഇ കെ നായനാർ. സംസ്ഥാനമാകട്ടെ, എൽഡിഎഫ് ആകട്ടെ, സിപിഐ എം ആകട്ടെ ഒരു പ്രതിസന്ധിയെയോ വിഷമഘട്ടത്തെയോ നേരിടുമ്പോൾ അതിനെ മറികടക്കാനുള്ള പതറാത്ത കമ്യൂണിസ്റ്റ് ധീരതയായിരുന്നു സഖാവ്.

ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ മൂന്നു വർഷം തികച്ചിരിക്കുന്ന ഈ ഘട്ടത്തിൽ, മൂന്നുതവണ മുഖ്യമന്ത്രിയായി, ഏറ്റവും കൂടുതൽ കാലം സംസ്ഥാനത്തെ നയിച്ച നായനാരുടെ സ്മരണയ്ക്ക് വളരെയധികം പ്രസക്തിയുണ്ട്. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങളും ആവശ്യങ്ങളും വിഷയങ്ങളുമെല്ലാം സമയബന്ധിതമായി പരിഗണിച്ച്‌ അവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കിയാണ്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടു നീങ്ങുന്നത്. മാത്രമല്ല, വർഗീയ ശക്തികളും കേന്ദ്ര സർക്കാരും പ്രതിപക്ഷവും സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും മുന്നിൽ തീർക്കുന്ന പ്രതിബന്ധങ്ങളെ മറികടക്കുക എന്ന വെല്ലുവിളിയും സർക്കാർ നേരിടുന്നുണ്ട്. ഈ പ്രതിസന്ധികളെ നേരിടുമ്പോൾ സഖാവ് നായനാരുടെ ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഒരു മാതൃകയായി നമുക്കു മുന്നിൽ നിൽക്കുന്നു.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. ഏറ്റെടുത്ത മേഖലകളിലെല്ലാം അനന്യമായ ശൈലിയോടെ അദ്ദേഹം തിളങ്ങി. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർട്ടി അച്ചടക്കം പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു നായനാർ. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർട്ടിയിലെ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കണ്ടു. ജനങ്ങളോടുള്ള, പ്രത്യേകിച്ച് പതിത വിഭാഗങ്ങളോടുള്ള കൂറായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയതിലൂടെ ഇന്ത്യയിൽത്തന്നെ പുതുമാതൃക സൃഷ്ടിച്ചു. വൈദ്യുതി മിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കി. നമ്മുടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിൽ അധികാരവികേന്ദ്രീകരണ ഭരണസംവിധാനത്തെ കാര്യക്ഷമമായി ബന്ധിപ്പിച്ചത് 1996ലെ നായനാർ സർക്കാരാണ്. കുടുംബശ്രീയും അന്നത്തെ ഭരണത്തിന്റെ സൃഷ്ടിയാണ്.

മോറാഴയിൽ ഗോവിന്ദൻ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായ ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ സമരധീരനായ സഖാവ് നായനാർ ആയി വളർന്നത് വരുംതലമുറകൾ പഠിക്കേണ്ട പാഠമാണ്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിലെത്തി. കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത്‌ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. കോൺഗ്രസ് പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദ് 1935ൽ മലബാറിൽ വന്നപ്പോൾ നായനാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കല്യാശ്ശേരിയിൽ സ്വീകരണം നൽകി. “നീ നാടിന്റെ അഭിമാനമാകും’ എന്ന് നായനാരുടെ ഇളംകൈ കുലുക്കി രാജേന്ദ്രപ്രസാദ് അന്ന് അഭിനന്ദിച്ചു.

1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന്, കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ. 1940 ഏപ്രിലിൽ നടന്ന തൊഴിലാളി പണിമുടക്ക് നായനാരുടെ ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മോറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി വീണ്ടും ഒളിവിലായിരുന്ന കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ തിരുവനന്തപുരത്ത് കേരളകൗമുദിയിൽ പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പ്രവർത്തിച്ചു. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല.

തികച്ചും ത്യാഗോജ്വലമായ സമര-സംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായി മാറി. 1955 വരെ പാർട്ടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരും ഉണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. “ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം’ എന്ന് നായനാർ ശാരദ ടീച്ചറിനോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖവാരികയായി “ചിന്ത’ മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു.

സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് 1996ൽ മുഖ്യമന്ത്രിയായപ്പോൾ ആ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണ കാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സഖാവ് 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർട്ടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം നായനാർ പ്രവർത്തിച്ചു.

നായനാർ നമുക്കൊപ്പം ഇല്ലെങ്കിലും സഖാവ് ജീവിച്ചുകാട്ടിയ ആദർശങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമുണ്ട്. ആ വഴിത്താരകളിലൂടെ മുന്നേറിയാണ്‌ എൽഡിഎഫ്‌ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയത്‌. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. തന്റെ ജീവിതകാലം മുഴുവൻ മാർക്സിസ്റ്റ്-–ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്നുകൊണ്ട് കമ്യൂണിസ്റ്റു പാർട്ടിക്ക് കരുത്തു പകർന്നു. വ്യക്തിപരമായ തന്റെ സ്വാർഥതാല്പര്യങ്ങളല്ല, പാർടി അംഗം എന്ന നിലയിലുള്ള തന്റെ കടമകളാണ് സഖാവ് നായനാരെ നയിച്ചത്. തൊഴിലാളി വർഗ വിമോചനത്തിനായി, നാടിന്റെ നന്മയ്ക്കായി പാർട്ടി മുന്നോട്ടു വച്ച ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്, തന്റെ ഉത്തരവാദിത്വം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിയ സഖാവ് തീർത്തത് അനുപമമായ മാതൃകയാണ്.

ആ മാതൃക കമ്യൂണിസ്റ്റ് എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ ജീവിതത്തേയും വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഒരു രക്ഷിതാവിനെപ്പോലെ സഖാവ് നൽകിയ അറിവും അനുഭവപാഠങ്ങളും എപ്പോഴും നന്ദിപൂർവം സ്മരിക്കാറുണ്ട്. അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നുപോകുന്ന ഈ കാലത്ത് സഖാവ് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 15 =

Most Popular