യുഗോസ്ലാവിയയിലെ ഭരണഘടന പ്രകാരം ഒരു കുഞ്ഞ് ജനിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അവകാശം അതിന്റെ അച്ഛനമ്മമാർക്കാണ്, പ്രത്യേകിച്ചും അമ്മയ്‌ക്കാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽനിന്നുള്ള പിന്നോട്ടുപോക്കിനെയും രാജ്യത്തിന്റെ ശിഥിലീകരണത്തെയും തുടർന്ന് ഈ സ്ഥിതിയിൽ മാറ്റമുണ്ടായിത്തുടങ്ങി.
1935ൽ തന്നെ ഗർഭഛിദ്രം നിയമവിധേയമാക്കണമെന്ന ആവശ്യം യുഗോസ്ലാവിയയിലെ ഡോക്ടർമാർ ഉയ ർത്തിത്തുടങ്ങിയിരുന്നു. എന്നാൽ രണ്ടാം ലോകയുദ്ധാനന്തരം യുഗോസ്ലാവിയയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതിനെത്തുടർന്ന് 1950കളോടെയാണ് ഈ ആവശ്യം യാഥാർഥ്യമാക്കാനുള്ള നടപടികൾ കൈക്കൊണ്ടത്. ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്ന വിമെൻസി ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന്റെ (ഫാസിസ്റ്റ് വിരുദ്ധ മുന്നണി‐ പിൽക്കാലത്ത് ഇതിന്റെ പേര് വിമെൻസ് സൊസൈറ്റീസ് ഓഫ് യുഗോസ്ലാവിയഎേന്നാക്കി മാറ്റി) നിരന്തര ഇടപെടലിനെത്തുടർന്നാണ് 1950കളിൽ രാജ്യത്തിന്റെ ഭരണഘടനയിൽ ഈ ആവശ്യം ഇടംപിടിച്ചത്. 1974ലെ ഭരണഘടനയിലും ഗർഭഛിദ്രം അനുവദിക്കുന്ന വകുപ്പ് നിലനിർത്തിയിരുന്നു.
1990കളിലെ യുദ്ധങ്ങളെത്തുടർന്ന് യുഗോസ്ലാവിയ ശിഥിലീകരിക്കപ്പെട്ടപ്പോൾ പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലെ ഭരണഘടനകളിലും സ്‌ത്രീയുടെ ഗർഭഛിദ്രം സംബന്ധിച്ച അവകാശം നിലനിർത്തിയിരുന്നു. എന്നാൽ സോഷ്യലിസത്തിൽനിന്നുള്ള പിന്നോട്ടുപോക്കിനെ തുടർന്ന് ശക്തിപ്രാപിച്ചു തുടങ്ങിയ തീവ്ര ദേശീയവാദികളും മൗലികവാദികളും ഉൾപ്പെടെയുള്ള യാഥാസ്ഥിതിക വിഭാഗങ്ങൾ ഈ സോഷ്യലിസ്റ്റ് പൈതൃകത്തിനെതിരെ ശബ്ദമുയർത്തിത്തുടങ്ങി.
കത്തോലിക്ക മതവിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള ക്രൊയേഷ്യയിലാണ് സ്‌ത്രീകളുടെ ഈ അവകാശത്തിനെതിരെ കടുത്ത വെല്ലുവിളി ഉയർന്നത്. 39 ലക്ഷം ജനസംഖ്യയുള്ള ക്രൊയേഷ്യയിലും നിയമപ്രകാരം ഗർഭഛിദ്രം അനുവദിക്കുന്നുണ്ടെങ്കിലും പുതിയ നിയമത്തിൽ കൂട്ടിച്ചേർക്കപ്പെട്ട അതിനായുള്ള നടപടിക്രമങ്ങളിലെ നൂലാമാലകൾ കാരണവും ഡോക്ടർമാർക്ക് സ്‌ത്രീയുടെ ഈ അവകാശം നിഷേധിക്കാനാവും എന്ന വ്യവസ്ഥ 2003ൽ കൂട്ടിച്ചേർക്കുകയും ചെയ്‌തതോടെ മിക്കവാറും സ്‌ത്രീകൾ ഗർഭഛിദ്രത്തിനായി അയൽരാജ്യമായ സ്ലോവേനിയയിലേക്ക് പോകാൻ നിർബന്ധിതമായിരിക്കുന്നു. 2022ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടത് ആ വർഷം തന്നെ ക്രൊയേഷ്യയിൽനിന്ന് സ്ലൊവേനിയയിലെ അതിർത്തിപ്രദേശത്തുള്ള ഒരു ആശുപത്രിയിൽ മാത്രം 207 സ്‌ത്രീകൾ ഗർഭഛിദ്രത്തിന് എത്തിയിരുന്നുവെന്നാണ്.
20 ആഴ്‌ച മാത്രം പ്രായമുള്ള ഗർഭസ്ഥശിശുവിന് മസ്‌തിഷ്‌കത്തിൽ ട്യൂമറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെത്തുടർന്ന് തനിക്ക് ഗർഭഛിദ്രം ഡോക്ടർമാർ നിഷേധിച്ചതിനെതിരെ ആ മാതാവ് 2022ൽ ഒരാഴ്‌ച നീണ്ട സമരം നടത്തി. എന്നാൽ അതിനെതിരെ പുരുഷാധിപത്യവാദികളായ യാഥാസ്ഥിതിക സംഘടനകൾ ബദൽ സമരവുമായി രംഗത്തുവന്നതാണ് ഈ വിഷയം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചാവിഷയമായതും. മാത്രമല്ല ഗർഭഛിദ്രത്തിനു തയ്യാറാകാത്ത ഡോക്ടർമാരുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്; ചില ആശുപത്രികളിൽ എല്ലാ ഡോക്ടർമാരും ഇത്തരം നിലപാടുകാരാണെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ട് ഉപാധികളില്ലാതെ ഗർഭഛിദ്രാവകാശം അനുവദിക്കണമെന്ന ആവശ്യം, സോഷ്യലിസ്റ്റ് ഭരണകാലത്ത് നിലനിന്നിരുന്ന അവകാശം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് സ്‌ത്രീസംഘടനകൾ ശക്തമായി മുന്നോട്ടുവന്നിരിക്കുന്നു, ക്രൊയേഷ്യയിൽ. ഇതിനെതിരെ യാസ്ഥിതികരായ പുരുഷന്മാരും പ്രക്ഷോഭം നടത്തുന്നുണ്ട്. 2023ൽ ഫ്രാൻസിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയതിനെത്തുടർന്നാണ് ക്രൊയേഷ്യയിലെ സ്‌ത്രീകൾ ഈ ആവശ്യമുന്നയിച്ച് സജീവമായി രംഗത്തുവന്നു തുടങ്ങിയത്. ♦