വിപ്ലവപാതയിലെ ആദ്യപഥികർ‐ 28
വെള്ളുവ കണ്ണോത്ത് രൈരുനമ്പ്യാരുടെ മകനാണ് ആയില്ല്യത്ത് കുറ്റ്യേരി ഗോപാലൻ. വെള്ളുവ കണ്ണോത്ത് രൈരുനമ്പ്യാരാണ് കണ്ണൂർ റൂറൽ ഫർക്കയിൽ ആദ്യമായി ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹമാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ കൃത്യമായി പറഞ്ഞാൽ കൊല്ലവർഷം 972‐ൽ ഉത്തരകേരളത്തിലെ ആദ്യത്ത് ബാങ്കുകളിലൊന്ന് കൂടാളിയിൽ സ്ഥാപിക്കുന്നതിന് മുൻനിന്ന് പ്രവർത്തിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തത് അദ്ദേഹമാണ്. കൂടാളിയിൽ സ്കൂൾ പ്രഥമാധ്യാപകനായിരുന്ന അദ്ദേഹമാണ് കണ്ണൂർ മേഖലയിൽ ആദ്യമായി നാടകസംഘം രൂപവൽക്കരിച്ച് നാടകപര്യടനം നടത്തിയത്, രൈരുനമ്പ്യാരും സഹോദരനും ചേർന്നാണ്. കൂത്തുപറമ്പിൽ സ്വന്തം പ്രസ് സ്ഥാപിച്ച് സമുദായ ദീപിക, വ്യവസായമിത്രം എന്നീ രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തി. ആദ്യം വാരികയായും പിന്നെ മാസികയായും. തെക്കൻകേരളത്തിൽ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് നായർ സർവീസ് സൊസൈറ്റി രൂപീകരിക്കുന്നതിന് മുമ്പാണ് രൈരുനമ്പ്യാർ ഉത്തരകേരളനായർസമാജം സ്ഥാപിച്ച് വ്യാപിപ്പിച്ചത്. നായർസമുദായത്തിലെ അനാചാരങ്ങൾക്കെതിര ആചാരപരിഷ്കാരം ലക്ഷ്യമാക്കിയായിരുന്നു ആ സംഘടന. മികച്ച കർഷകനായ അദ്ദേഹമാണ് കരിമ്പുകൃഷിയും നിലക്കടലകൃഷിയും കണ്ണൂർമേഖലയിൽ ആദ്യമായി പ്രചരിപ്പിച്ചത്. അച്ഛൻ നടത്തിയ പ്രസ്സിൽ അച്ഛൻ പത്രാധിപരായ പത്രങ്ങളുടെ പ്രൂഫ് വായനയും കണക്കെഴുത്തുമാണ് എ.കെ.ജി. സ്കൂൾ വിദ്യാഭ്യാസകാലത്ത് നടത്തിയ പ്രവർത്തനം. ഉത്തരകേരള നായർ സമാജത്തിന്റെ അഥവാ യു.കെ.എൻ.യോഗങ്ങളിൽ അഛൻ നടത്തുന്ന പ്രസംഗങ്ങളും നർമഭാഷണങ്ങളും കേട്ടാണ് ഗോപാലനിൽ സാമൂഹ്യബോധമുണരുന്നത്.
മുതിർന്ന കുട്ടിയായതോടെ പിതാവിന്റെ ആശയങ്ങളെ പരസ്യമായി ചോദ്യംചെയ്തുകൊണ്ടാണ് എ.കെ.ജി. എന്ന വിപ്ലവകാരി പുറന്തോട് പൊട്ടിച്ചത്. അഛന്റെ നായർ സംഘടനയായ യു.കെ.എന്നിനെ ഉണ്ട് കിടന്നുറങ്ങും നായന്മാരുടെ സംഘടനയെന്ന് എ.കെ.ജി. പരിഹസിച്ചു. അച്ഛനിൽനിന്ന് പഠിച്ച കാര്യങ്ങൾ അച്ഛനെ അതേപടി പിന്തുടരാനല്ല വഴിമാറി നടക്കാനാണ് എ.കെ.ജി. ഉപയോഗപ്പെടുത്തിയത്.
അച്ഛനെ വിട്ട് മുമ്പോട്ടുനടന്ന എ.കെ.ജിക്ക് പിന്തുടരാൻ ഒരു അർധസഹോദരനുണ്ടായിരുന്നു. എ.കെ.ശങ്കരൻനമ്പ്യാർ. നാട്ടിൽ ആദ്യമായി ഖദറുടുത്ത് നടന്ന അദ്ദേഹം പെരളശ്ശേരിയിലും മാവിലായിയിലും നൂൽനൂൽപ്പ് പ്രചരിപ്പിച്ചു. മഞ്ഞക്കുപ്പായക്കാർ എന്ന പേരിൽ ഒരു സന്നദ്ധ സംഘടന രൂപീകരിച്ചു. നാട്ടിലെ എല്ലാ വീടുകളിലും സഹായഹസ്തവുമായി അവർ വിളിപ്പുറത്തെത്തി. പെരളശ്ശേരിയിലെ ബോഡ് സ്കൂളിൽ എ.കെ.ജി.ക്ക് മുമ്പേതന്നെ ശങ്കരൻനമ്പ്യാർ അധ്യാപകനായിരുന്നു. എ.കെ.ജി.ക്ക് രാഷ്ട്രീയഗുരുനാഥനായത് അദ്ദേഹമാണ്. പക്ഷേ എ.കെ.ജി.ക്ക് അവിടെയും നിൽക്കാനാവുമായിരുന്നില്ല. ആ മനസ്സ് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാത്രമല്ല പാവപ്പെട്ടവന്റെ മോചനമാണ്, സമത്വമാണ് സ്വപ്നംകണ്ടത്.
വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഖാദി പ്രചരണവും ജാതിവിരുദ്ധ പ്രചരണവുമെല്ലാമായി നാട്ടിലും സമീപപ്രദേശങ്ങളിലും സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയ എ.കെ.ഗോപാലൻ അധ്യാപനവും തുടർന്നു. കോഴിക്കോട്ടും കണ്ണൂർ ചൊവ്വയിലും കാടാച്ചിറയിലും പെരളശ്ശേരിയിലും സ്കൂൾ അധ്യാപകൻ. കാടാച്ചിറയിൽ അൺട്രെയിൻഡ് അധ്യാപകർക്ക് ട്രെയിനിങ്ങ് നൽകുന്ന സ്കൂളിലെ അധ്യാപകനുമായിരുന്നു. പെരളശ്ശേരിയിൽ തന്റെ വിദ്യാർഥികളിലൊരാളെപ്പറ്റി എ.കെ.ജി.പ്രത്യേകം അനുസ്മരിക്കുന്നുണ്ട്്്. പിന്നീട് തന്റെ നേതാവായിത്തീർന്ന കെ.എ.കേരളീയനെ.
വലിയൊരു ഏറ്റുമുട്ടലാണ് എ.കെ.ജി.യുടെ മനസ്സിൽ നടന്നുകൊണ്ടിരുന്നത്. പിതാവിനെയും തറവാട്ടിലെ കാരണവന്മാരെയും അനുസരിച്ചും ജോലിചെയ്തും സ്വസ്ഥമായി കഴിയണോ നാടിന്റെ വിളി കേൾക്കണോ എന്ന സംഘർഷം. ഒടുവിൽ തറവാട്ടിൽനിന്നും പിതാവിന്റെ പിടിയിൽനിന്നും കുതറുകതന്നെചെയ്തു. 1930 ഏപ്രിലിൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ്സത്യാഗ്രഹജാഥ കോഴിക്കോട്ടുനി്ന്നും പയ്യന്നൂരിലേക്ക് പ്രയാണം നടത്തുന്നു. കണ്ണൂർ ചൊവ്വ സ്കൂളിന്റെ മുമ്പിൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ ജാഥക്ക് സ്വീകരണം. സ്വീകരണം കഴിഞ്ഞ് കണ്ണൂരിലാണന്ന് ജാഥയുടെ സമാപനം. എ.കെ.ജി. ജാഥയെ പിന്തുടർന്നു. അതേക്കുറിച്ച് എ.കെ.ജി. ആത്മകഥയിൽ എഴുതി “സാമ്രാജ്യത്വത്തിന്റെ തായ് വേരിൽ ആഞ്ഞുവെട്ടാൻ പ്രതിജഞ ചെയ്ത ഈ ജാഥയേയും അതിന്റെ നേതാവിനെയും കാണാനുള്ള ആവേശം കൊണ്ട് ഞങ്ങൾ നേരത്തതന്നെ റോഡിൽ സ്ഥാനംപിടിച്ചു. പൊരിയുന്ന വെയിലിൽ, വിയർപ്പിൽ കുതിർന്ന ഒരാൾ ജാഥയുടെ മുമ്പിൽ നടന്നിരുന്നു. തല നരച്ച ഒരു കുറിയ മനുഷ്യൻ. അദ്ദേഹത്തിന്റെ പുറകിൽ രാജ്യസ്നേഹം കവിഞ്ഞുമറിയുന്ന കുറേ അനുയായികൾ. എണ്ണക്കറുപ്പ് നിറമുള്ള ഒരു യുവാവ് ആവേശത്തോടെ പാടിക്കൊടുത്ത പാട്ട് മറ്റുള്ളവർ സംഘമായി പാടി. ആരെയും ഉത്തേജിപ്പിക്കുന്ന ഒരു ജാഥ. ഞാനറിയാതെ എന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽ പാഞ്ഞു. ജാഥയുടെകൂടെ ഞാൻ പട്ടണത്തിലേക്കുപോയി. അന്നുവൈകുന്നേരത്തെ പൊതുയോഗത്തിൽ കേളപ്പൻ പ്രസംഗിച്ചു. അവിടെക്കൂടിയ ആയിരങ്ങളെ ഇളക്കിമറിക്കുകയും എന്നെപ്പോലുളള ആയിരക്കണക്കിനാളുകളെ സ്വാതന്ത്ര്യസമരത്തിന്റെ മധ്യത്തിലേക്ക് എടുത്തറിയുകയുംചെയ്ത ആ പ്രസംഗം… ഞാൻ ശ്രദ്ധയോടെ കേട്ടു. കപ്പുകളും കളിപ്പാട്ടങ്ങളും വിൽക്കാൻവന്ന കച്ചവടക്കാർ 35 കോടി ജനങ്ങളെ ഭരിക്കുന്ന ഒരു സാമ്രാജ്യശക്തിയായി മാറിയതെങ്ങനെയാണെന്നും 150 വർഷത്തെ ഭരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ചതെങ്ങനെയാണെന്നും അദ്ദേഹം വർണിച്ചു. അപ്പോൾ അവിടെവെച്ചുതന്നെ ആ സത്യാഗ്രഹികളുടെകൂടെ ചേരാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അപ്പോൾ ആരെയും ആ സംഘത്തിൽ ചേർക്കുകയില്ലെന്നും നിയമലംഘനത്തിന് തയ്യാറുള്ളവർ പയ്യന്നൂരിൽച്ചെന്ന് അവരോടൊപ്പം ചേരണമെന്നും ജാഥയുടെ നേതാവ് അറിയിച്ചു’.
അടുത്തദിവസംതന്നെ എ.കെ.ഗോപാലൻ ജോലി രാജിവെക്കുകയാണ്. ഫലത്തിൽ വീട്ടിൽന്നുള്ള രാജിപോലുമാവുകയായിരുന്നു അത്. കടുത്ത വിരോധംകാരണം പിതാവ് പിന്നീട് അഞ്ചുവർഷക്കാലം മകനോട് മിണ്ടിയില്ല. സ്വന്തം വീട്ടുകാരെ രാഷ്ട്രീയം പറഞ്ഞുമനസ്സിലാക്കിക്കാൻ കഴിയാത്തതാണ് തന്റെ വലിയ പരാജയമെന്ന് എ.കെ.ജി. പിൽക്കാലത്ത് തുറന്നുപറയുകയുണ്ടായി. ബന്ധുക്കളിൽ ഒരാൾ മാത്രമാണ്, തന്നോടൊപ്പം കൂടിയത്. കെ.ദാമു. കെ.ദാമുവേട്ടൻ എന്ന പ്രസിദ്ധനായ കെ.ദാമു പേരളശ്ശേരിയിലും കണ്ണൂർ സൗത്ത് ഫർക്കയിലും പുരോഗമനപ്രസ്ഥാനം കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രവർത്തിച്ച നേതാവാണ്.
അധ്യാപകജോലി രാജിവെച്ചതിന്റെ അടുത്തദിവസംതന്നെ എ.കെ.ജി. കോഴിക്കോട്ടുപോയി നിയമം ലംഘിച്ച് അറസ്റ്റ് വരിച്ചു. കണ്ണൂരിലെ കോൺഗ്രസ് നേതാവായ പോത്തേരി മാധവൻ വക്കീലിന്റെ നേതൃത്വത്തിലുള്ള സമരത്തിൽ പങ്കാളിയായാണ് എ.കെ.ജി.യുടെ ആദ്യസമരവും അറസ്റ്റും. ആദ്യം കണ്ണൂർ ജയിലിലും പിന്നെ കടലൂർ ജയിലിലും. തന്റെ പ്രിയപ്പെട്ട രാഷ്ട്രീയ ഗുരുവായി എ.കെ.ജി. കെ.കേളപ്പനെ സ്വയം വരിച്ചിരുന്നു. ജയിലിൽ കേളപ്പന്റെ ശിഷ്യനായി രാഷ്ട്രീയ വിദ്യാഭ്യാസം. പിന്നെ വൈക്കം സത്യാഗ്രഹിയും കണ്ണൂർക്കരനുമായ ടി.വി. ചാത്തുക്കുട്ടി നായരാണ് അക്കാലത്ത് എ.കെ.ജി.യെ ഏറ്റവും കൂടുതൽ ആകർഷിച്ച തടവുകാരനും നേതാവും. കോഴിപ്പുറത്ത് മാധവമേനോൻ, എ.വി.കുട്ടിമാളു അമ്മ എന്നിവരും എ.കെ.ജി.ക്ക് തുടക്കകാലത്തെ ഏറ്റവും പ്രിയങ്കരർ ആയിരുന്നു.
ആദ്യവട്ടം ജയിൽമോചിതനായശേഷം എ.കെ.ജി.യുടെ ശ്രദ്ധ പതിഞ്ഞത് ഇന്നത്തെ വയനാട് ജില്ലയിലുൾപ്പെട്ട സ്ഥലങ്ങളാണ്. അതേവരെ കോൺഗ്രസ്സിന്റെ പ്രകാശമെത്താത്ത കല്പറ്റ, മാനന്തവാടി, വൈത്തിരി, മേപ്പാടി തുടങ്ങിയ സ്ഥലങ്ങൾ. മലമ്പനിയുടെ കൂടായ ആ സ്ഥലങ്ങളിൽ മാസങ്ങളോളം എ.കെ.ജി.ക്യാമ്പുചെയ്തു. നിരവധി കേന്ദ്രങ്ങളിൽ നിയമലംഘനസമരം നടത്തി. ഇത്തരത്തിൽ വയനാട് മേഖലയിൽ ദേശീയപ്രസ്ഥാനത്തിന്റെ അടിത്തറയിട്ടശേഷമാണ് കേളപ്പനെ എ.കെ.ജി.അങ്ങോട്ട് ക്ഷണിക്കുന്നത്. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സന്ദേശവുമായി കേളപ്പൻ കല്പറ്റയിലും പരിസരപ്രദേശങ്ങളിലുമെത്തി പ്രസംഗിച്ചു. സമരഫണ്ടിലേക്ക് 300 രൂപ പിരിച്ചെടുത്തു.
ഗുരുവായൂർ സത്യാഗ്രഹത്തിൽ കേളപ്പന്റെ വലംകയ്യായി പ്രവർത്തിച്ചുകൊണ്ടാണ് എ.കെ.ജി. ദേശീയപ്രസ്ഥാനത്തിന്റെ നേതാവായി ഉയരുന്നത്. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരായ വിശാലമായ സമരത്തിന്റെ പ്രതീകാത്മക രൂപമെന്നനിലയിലാണ് ഗുരുവായൂർ സത്യാഗ്രഹം തീരുമാനിച്ചത്. സമരനേതാവ് കേളപ്പനും വോളന്റിയർ ക്യാപ്റ്റൻ എ.കെ.ജിയുമായിരുന്നു. പ്രചാരണച്ചുമതല എ.കെ.ജി.ക്കും ടി.എസ്.തിരുമുമ്പിനും. സമരത്തിന് മുന്നോടിയായി 1931 ഒക്ടോബർ 21‐ന് എ.കെ.ജി.യുടെയും തിരുമുമ്പിന്റെയും നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് ഗുരുവായൂരിലേക്ക് കാൽനട ജാഥ പ്രയാണം തുടങ്ങി. ഒക്ടോബർ 31‐ന് ജാഥ ഗുരുവായൂരിലെത്തി. നവമ്പർ ഒന്നിന് സത്യാഗ്രഹം തുടങ്ങി. 12 ദിവസം കഴിഞ്ഞശേഷം കേളപ്പൻ അറസ്റ്റിലായി. നവമ്പർ ഏഴിന് തിരുമുമ്പും ജനുവരി നാലിന് എ.കെ.ജി.യും അറസ്റ്റിലായി. പിന്നീട് പി.എം. കമലാവതിയാണ് സമരനേതൃത്വം ഏറ്റെടുത്തത്. എ.കെ.ജി. ആറുമാസത്തെ ജയിൽവാസത്തിനുശേഷം മോചിതനായെത്തിയതോടെയാണ് സമരം വീണ്ടും ശക്തമായത്. സമരത്തിന്റെ മൂർധന്യാവസ്ഥയിൽ ആയിരത്തോളം പേരുടെ ഭജനയും നയിച്ച് എ.കെ.ജി. ക്ഷേത്രത്തിൽ കടക്കാൻ ശ്രമിച്ചു. കാവൽക്കാരും അയിത്താചാരത്തിന്റെ വക്താക്കളും എ.കെ.ജി.യെ തലങ്ങും വിലങ്ങും മർദിച്ചു. ഗുരുതരമായി പരിക്കേറ്റ എ.കെ.ജി.യെ കാക്കനാട്ടെ ഒരു ആയുർവേദചികിത്സാലയത്തിൽ പ്രവേശിപ്പിച്ചു. ഒരുമാസത്തെ ചികിത്സക്കുശേഷമാണ് നടക്കാൻകഴിയുന്ന അസ്ഥയുണ്ടായത്.. ഈ കാലയളവിൽ ക്ഷേത്രം പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു. ജയിൽമോചിതനായെത്തിയ കേളപ്പൻ രണ്ടാമതും നിരാഹാരം തുടങ്ങി. പത്തുദിവസത്തിനുശേഷം ഗാന്ധിജിയുടെ നിർദേശാനുസരണം സമരം പിൻവലിച്ചു. അതിന് ശേഷം എ.കെ.ജി.യും തിരുമുമ്പും എൻ.പി.ദാമോദരനും നേതൃത്വംനൽകി ഗുരുവായൂർ സത്യാഗ്രഹജാഥ തിരുവിതാംകൂറിലേക്ക് പുറപ്പെട്ടു. അയിത്തത്തിനും ജാതീയതക്കുമെതിരായ ആ ഐതിഹാസികജാഥയും ഗുരുവായൂർ സത്യാഗ്രഹവും വൈക്കം സത്യാഗ്രഹംപോലെതന്നെ മലയാളനാട്ടിൽ നവോത്ഥാനത്തിന്റെ വിളമ്പരമായി മാറുകയായിരുന്നു.
ഗുരുവായൂർ സത്യഗ്രഹവേദിയിൽവെച്ച് 1932 ജനുവരി നാലിന് അറസ്റ്റ് ചെയ്ത എ.കെ.ജി.യെ ആദ്യം കണ്ണൂർ ജയിലിലേക്കാണ് കൊണ്ടുപോയത്. അവിടെ രാഷ്ട്രീയ തടവുകാരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു വാർഡന്മാർ. കൃഷ്ണപിള്ളയെ എ.കെ.ജി. അടുത്തു പരിചയപ്പെടുന്നത് ഈ സന്ദർഭത്തിലാണ് കൃഷ്ണപിള്ളയെയും എ.കെ.ജി.യെയുമടക്കമുള്ള തടവുകാരെ പൊരിവെയിലത്ത് ഇറക്കിവിടും. ലങ്കോട്ടി മാത്രമാണ് വേഷം. 50 തേങ്ങയുടെ ചകരി തല്ലലാണ് ജോലി. ക്രൂരതകൂടിക്കൂടിവരവെ തടവുകാർ അച്ചടക്കം ലംഘിക്കാൻ നിർബന്ധിതരായി. പരക്കെ ക്രൂരമർദനമായിരുന്നു ഫലം. എ.കെ.ജി.യെ 15 വാർഡന്മാർ തലങ്ങും വിലങ്ങും മർദിച്ചു. പിന്നീട് എ.കെ.ജി.യെയും കൃഷ്ണപിള്ളയെയും ഒരുമുറിയിൽ അടച്ചുപൂട്ടി മർദിച്ചു. തീർന്നില്ല അടുത്തൊരു ദിവസം എ.കെ.ജി.യെ കടലൂർ ജയിലിലേക്ക് കൊണ്ടുപോയി. അവിടെ ഭ്രാന്തന്മാരായ തടവുകാരുടെ വാഡിലാണ് എ.കെ.ജി.യെ എടുത്തെറിഞ്ഞത്. അലർച്ചകൾക്കും മർദനങ്ങൾക്കുമിടയിൽ. എ.കെ.ജി. അവർക്കിടയിൽ നിരാഹാരസമരം തുടങ്ങി. ആറുദിവസത്തിനുശേഷം മറ്റൊരിടത്തേക്ക് മാറ്റിയപ്പോൾ മാത്രമാണ് സമരം അവസാനിപ്പിച്ചത്. അയിത്തത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പയ്യന്നൂർ കണ്ടോത്തുവെച്ച് എ.കെ.ജി.ക്കും കേരളീയനും കടുത്ത മർദനമേറ്റത് അക്കാലത്ത് വലിയ കോലാഹലം സൃഷ്ടിച്ച സംഭവമാണ്. കണ്ടോത്ത് തീയ്യ സമുദായത്തിൽപ്പെട്ടവർ നടത്തുന്ന കാവിന്റെ മുമ്പിലൂടെ ഹരിജനങ്ങൾക്ക് യാത്രാനിരോധമുണ്ടായിരുന്നു. അതിനെതിരായ സമരത്തിന്റെ പേരിലാണ് മർദനം. ഉലക്കകൊണ്ടുള്ള അടിയേൽക്കുന്ന സ്ഥിതിവരെയുണ്ടായി. ഇതുവഴി എല്ലാവർക്കും വഴിനടക്കാം എന്ന ബോഡ് ജില്ലാ അധികൃതർ സ്ഥാപിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്. സ്വാമി ആനന്ദതീർഥന്റെ നേതൃത്വത്തിൽ ജാതിവിരുദ്ധ പ്ര്സ്ഥാനത്തിന്റെ പ്രധാനകേന്ദ്രമായി പയ്യന്നൂർ മാറി. കണ്ടോത്തുവെച്ച് തല്ലിയവർതന്നെ പിന്നീട് ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടപ്പോൾ അതിന്റെ ഭാഗമായിത്തീരുകയും തന്നെ സ്വീകരിക്കാൻ വരികയും ചെയ്ത മാറ്റം എ.കെ.ജി. പിൽക്കാലത്ത് അനുസ്മരിക്കുകയുണ്ടായി.
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പേരിൽ കുടുംബക്കാരും ബന്ധുക്കളും പ്രത്യേകിച്ച് പിതാവ് കടുത്ത വിരോധത്തിലായി. അധ്യാപകനായിരിക്കെ എ.കെ.ജി. വിവാഹിതനായിരുന്നു. സമരങ്ങളും ജയിൽവാസവുമായി എ.കെ.ജി. നാട്ടിലും വീട്ടിലുമെത്താതായതോടെ എ.കെ.ജി.യുടെ കുടുംബത്തിന്റെ ഒത്താശയോടെ ആ വിവാഹബന്ധത്തിന് തിരശ്ശീല വീണു. എ.കെ.ജി.യുടെ പത്നിയെ അവരുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു.
ക്ഷേത്രപ്രവേശനസമരം തൽക്കാലം നിർത്തിയശേഷം ദേശീയപ്രസ്ഥാനത്തിന്റെ സമരങ്ങൾക്ക് മരവിപ്പുണ്ടായി. അത് മാറ്റിയെടുക്കാൻ എ.കെ.ജി. സ്വന്തംനിലയ്ക്ക് ചില ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. വീണ്ടും അറസ്റ്റിലേക്കും ജയിൽവാസത്തിലേക്കും. കരുതൽ തടങ്കൽനിയമപ്രകാരം അറസ്റ്റ് ചെയ്ത എ.കെ.ജി.യെ ആദ്യം 15 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചു. ഏറ്റവും കുഴപ്പക്കാരനാണെന്ന സർടിഫിക്കറ്റോടെ അവിടെനിന്ന് ബെല്ലാരി ജയിലിലേക്ക്. ചക്ക് വലിക്കുന്ന ജോലിയാണ് എ.കെ.ജി.ക്ക് നൽകിയത്. ചക്ക് വലിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് പറഞ്ഞ് രണ്ടു കാലിലും ചങ്ങലയിട്ടുകെട്ടുകയായിരുന്നു പിന്നീട്. അതിക്രൂരമായ പീഡനവും ഏകാന്തതയും… ഏറ്റവും മോശം ഭക്ഷണവും.. എ.കെ.ജി. നിരാഹാരസമരം തുടങ്ങി. പത്തുദിവസത്തിന് ശേഷം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി മൂക്കിലൂടെ പാല് കയററി. എന്നിട്ടും എ.കെ.ജി. വഴങ്ങിയില്ല. അടുത്തദിവസം കടുത്ത പനിബാധിച്ച് അബോധാവസ്ഥയിലായ എ.കെ.ജി.യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ♦
(എ.കെ.ജി.യെക്കുറിച്ചുള്ള അധ്യായം അടുത്ത ലക്കത്തിൽ തുടരും)