Saturday, November 23, 2024

ad

Homeഇവർ നയിച്ചവർആലത്തൂർ ആർ കൃഷ്‌ണൻ: നേതൃഗുണത്തിന്റെ ഉദാത്തമാതൃക

ആലത്തൂർ ആർ കൃഷ്‌ണൻ: നേതൃഗുണത്തിന്റെ ഉദാത്തമാതൃക

ഗിരീഷ്‌ ചേനപ്പാടി

പാലക്കാട്‌ ജില്ലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും വർഗബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാവാണ്‌ അലത്തൂർ ആർ കൃഷ്‌ണൻ. പ്രതിസന്ധിഘട്ടങ്ങളിൽ എന്നും പാർട്ടിക്ക്‌ കരുത്തായി വർത്തിച്ച അദ്ദേഹം പൊതുപ്രവർത്തകർക്കാകെ മാതൃകയായിരുന്നു. ഉത്തമനായ കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം ജനകീയനായിരുന്നതിനൊപ്പം ജനപ്രിയനുമായിരുന്നു.

1913ൽ പാലക്കാട്‌ ജില്ലയിലെ ആലത്തൂരിലാണ്‌ ആർ കൃഷ്‌ണൻ ജനിച്ചത്‌. കിഴക്കമ്പ്രത്ത്‌ വീട്ടിൽ രാമസ്വാമിയുടെയും അമ്മുവിന്റെയും നാലുമക്കളിൽ രണ്ടാമനായാണ്‌ കൃഷ്‌ണന്റെ ജനനം. ആലത്തൂർ ബോർഡ്‌ മിഡിൽ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ സമർത്ഥനായിരുന്ന അദ്ദേഹം ഫസ്റ്റ്‌ ഫോറത്തിൽ (ഇന്നത്തെ അഞ്ചാം ക്ലാസ്‌) പഠിക്കുമ്പോൾ അസുഖം ബാധിച്ചു. പരീക്ഷയ്‌ക്ക് പോകാൻ പോലും കഴിയാത്ത തരത്തിൽ ആരോഗ്യം മോശമായി. അതോടെ അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസവും അവസാനിച്ചു. സ്‌കൂളിൽ വെച്ചുതന്നെ ജാതീയമായ വിവേചനങ്ങൾ അദ്ദേഹത്തിന്‌ ഏറ്റുവാങ്ങേണ്ടിവന്നു. കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നത്‌ ജാതിതിരിച്ചുള്ള മുറികളിലായിരുന്നു. സവർണ സമുദായങ്ങളിലെ കുട്ടികൾക്കൊപ്പമിരുന്ന്‌ ഭക്ഷണം കഴിക്കാൻ അവർണസമുദായങ്ങളിലെ കുട്ടികളെ സ്‌കൂൾ അധികൃതർ അനുവദിച്ചിരുന്നില്ല. അങ്ങനെ കുട്ടിക്കാലത്തുതന്നെ അവഗണനയും അവജ്ഞയും കണ്ടും അനുഭവിച്ചുമാണ്‌ അദ്ദേഹം വളർന്നത്‌.

ജാതീയമായ ഉച്ചനീചത്വങ്ങളും തീണ്ടൽ, തൊടീൽ തുടങ്ങിയ ദുരാചാരങ്ങളും ഫണംവിടർത്തിയാടിയിരുന്ന കാലമായിരുന്നു അത്‌. അതിനെതിരെ ശ്രീനാരായണഗുരു നേതൃത്വം നൽകിയ ശ്രീനാരായണ പ്രസ്ഥാനവും ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ഉൽപതിഷ്‌ണുക്കളും അതിശക്തമായ നിലപാടുമായി രംഗത്തുവന്നു. തൊട്ടുകൂടായ്‌മയുടെയും തീണ്ടൽ കൂടായ്‌മയുടെയും പിന്നിലെ യുക്തിരാഹിത്യത്തെയും ചൂഷണത്തെയും അവർ തുറന്നുകാട്ടി.

ജാതിവ്യവസ്ഥ കൊണ്ടു മാത്രമല്ല ജാതിക്കുള്ളിലെ ജാതിയും ഉപജാതികളും അവർക്കിടയിലെ വിവേചനങ്ങളും ഭിന്നതകളും കൊണ്ട്‌ സാമൂഹ്യജീവിതമാകെ താറുമാറായ സമയമായിരുന്നല്ലോ അത്‌. ജാതിമേധാവിത്വത്തിനും ഉച്ചനീചത്വത്തിനുമെതിരായ പ്രവത്തനങ്ങളും ചിന്താഗതികകളും ആലത്തൂർ പ്രദേശത്ത്‌ സാവധാനം വ്യാപിക്കുകയും ശക്തമാകുകയും ചെയ്‌തു. ആർ കൃഷ്‌ണനെയും പുരോഗമന ചിന്താഗതി ശരിക്കും സ്വാധീനിച്ചു.

മിശ്രഭോജനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സഹോദരീഭർത്താവ്‌ വെട്ടുകാട്ടിൽ കെ കൃഷ്‌ണനെ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്താൻ ആർ കൃഷ്‌ണന്റെ പിതാവ്‌ രാമസ്വാമി ശ്രമിച്ചു. ആർ കൃഷ്‌ണന്റെ സഹോദരി മാധവിയെ അവരുടെ ഭർത്താവ്‌ വെട്ടുകാട്ടിൽ കൃഷ്‌ണനൊപ്പം താമസിക്കാൻ അനുവദിക്കില്ല എന്ന നിലപാടാണ്‌ രാമസ്വാമിയെടുത്തത്‌. മകളെ സ്വന്തം വീട്ടിൽ തന്നെ നിർത്താൻ രാമസ്വാമി ശഠിച്ചു. എന്നാൽ ആർ കൃഷ്‌ണൻ പിതാവിന്റെ നിലപാടിനെ ശക്തിയായി എതിർത്തു. മാധവിയെ അവരുടെ ഭർത്താവിനൊപ്പം വിടണമെന്ന്‌ കൃഷ്‌ണൻ അച്ഛനോട്‌ അഭ്യർഥിച്ചു. പക്ഷേ അദ്ദേഹം അത്‌ പാടേ നിരാകരിച്ചു. അതിൽ പ്രതിഷേധിച്ച്‌ ആർ കൃഷ്‌ണൻ വീടുവിട്ടിറങ്ങി. രണ്ടുമാസം കഴിഞ്ഞാണ്‌ അദ്ദേഹം വീട്ടിൽ മടങ്ങിയെത്തിയത്‌. അപ്പോഴേക്കും സഹോദരിയെ അവരുടെ ഭർത്താവിനൊപ്പം പോകാൻ അച്ഛൻ അനുവദിച്ചിരുന്നു. അങ്ങനെ സാമൂഹ്യതിന്മയ്‌ക്കെതിരായ പോരാട്ടം കൃഷ്‌ണൻ ആദ്യമായി നടത്തിയത്‌ സ്വന്തം വീട്ടിലായിരുന്നു.

ജാതിവ്യവസ്ഥയ്‌ക്കെതിരെ അതിശക്തമായി താൻ പോരാടുമെന്ന്‌ ആർ കൃഷ്‌ണൻ സ്വയം പ്രതിജ്ഞയെടുത്തു. അതിന്റെ ഭാഗമായി പറയ കോളനിയിലെ രണ്ടു കുട്ടികളെ ആർ കൃഷ്‌ണൻ സ്‌കൂളിൽ കൊണ്ടുപോയി ചേർത്തു. സവർണർക്ക്‌ അത്‌ സഹിച്ചില്ല. അവർ കൃഷ്‌ണന്റെ നീക്കങ്ങളെ എങ്ങനെയും ചെറുക്കുമെന്ന നിലപാടുമായി രംഗത്തുവന്നു. നായർ പ്രമാണിമാർ കൃഷ്‌ണനെതിരെ പൊലീസ്‌ സ്‌റ്റേഷനിൽ പരാതിയുമായി എത്തി; അവർ പലരെയും കൊണ്ട്‌ കേസുകൾ കൊടുപ്പിച്ചു. അങ്ങനെ എഴുപതിലേറെ പരാതികൾ ആർ കൃഷ്‌ണനെതിരെ പൊലീസ്‌ സ്‌റ്റേഷനിൽ ലഭിച്ചു.

സവർണസമുദായക്കാർ റോഡിലൂടെ നടന്നാൽ മുപ്പത്തിരണ്ടടി അകന്ന്‌ മാറിക്കൊടുക്കണം അവർണസമുദായക്കാർ എന്നാണ്‌ യാഥാസ്ഥിതികർ ശാഠ്യം പിടിച്ചിരുന്നത്‌. താൻ മേലിൽ ആർക്കും വഴിമാറിക്കൊടുക്കില്ലെന്ന്‌ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തനിക്ക്‌ സ്വാധീനിക്കാൻ കഴിയുന്ന അവർണസമുദായക്കാരെയും അതിന്‌ പ്രേരിപ്പിച്ചു. അതോടെ ആർ കൃഷ്‌ണനോടുള്ള സവർണരുടെ ശത്രുത പതിന്മടങ്ങ്‌ വർധിച്ചു.

1940കളുടെ ആരംഭത്തിൽ ആർ കൃഷ്‌ണൻ കോഴിക്കോട്ടെത്തി എസ്‌എൻഡിപി യോഗം നേതാവ്‌ കൃഷ്‌ണൻ വക്കീലിനെ കണ്ടു. കൃഷ്‌ണൻ വക്കീലിന്റെയും ആർ കൃഷ്‌ണന്റെയും നേതൃത്വത്തിൽ എസ്‌എൻഡിപി യോഗത്തിന്റെ ഒരു യോഗം കോഴിക്കോട്ട്‌ താമിയാതെ വിളിച്ചുകൂട്ടി. അടുത്ത യോഗം പാലക്കാട്ട്‌ ചേരാൻ നിശ്ചയിച്ചു. ആളുകളെ സംഘടിപ്പിക്കുന്നതിനുള്ള ചുമതല ആർ കൃഷ്‌ണനായിരുന്നു. 1942ൽ യോഗം നടത്തപ്പെട്ടു. ആർ കൃഷ്‌ണൻ ആക്ടിംഗ്‌ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

എസ്‌എൻഡിപി യോഗത്തിന്‌ പാലക്കാട്‌ ജില്ലയിൽ വ്യാപകമായി മെന്പർഷിപ്പ്‌ ചേർക്കാനും പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും പൊതുയോഗങ്ങളിൽ പ്രമുഖ വ്യക്തികളെയും ഉൽപതിഷ്‌ണുക്കളെയും പങ്കെടുപ്പിക്കാനും തീരുമാനമായി. അയിത്തത്തിനെതിരെ അതിശക്തമായി പോരാടാൻ യോഗത്തിൽ തീരുമാനമായി.

അതിന്റെ ഭാഗമായി മുട്ടപ്പല്ലൂർ ക്ഷേത്രത്തിലാണ്‌ അവർണർ എസ്‌എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കൂട്ടത്തോടെ ക്ഷേത്രപ്രവേശനം ആദ്യമായി നടത്തിയത്‌. പെരുങ്കുളം, കാവശ്ശേരി, കാച്ചാംകുറിശ്ശി, തൃപ്പാളൂർ, കുനിശ്ശേരി, ചിറ്റിലാഞ്ചേരി തുടങ്ങിയ ക്ഷേത്രങ്ങളിലാണ്‌ പിന്നീട്‌ അവർണർ പ്രവേശിച്ചത്‌. ഏതാണ്ട്‌ 75 ക്ഷേത്രങ്ങളിൽ ആർ കൃഷ്‌ണന്റെ നേതൃത്വത്തിൽ അവർണർ ക്ഷേത്രപ്രവേശനം നടത്തിയതായി ‘മിതവാദി’ പത്രം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ചില ക്ഷേത്രങ്ങളുടെ ഭരണാധികാരികൾ അവർണർ പ്രവേശനത്തിനെത്തുമ്പോൾ ക്ഷേത്രം തുറക്കാൻ കൂട്ടാക്കിയില്ല. അത്തരം ക്ഷേത്രങ്ങളുടെ മുന്പിൽ ആർ കൃഷ്‌ണന്റെ നേതൃത്വത്തിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. അവർണർക്ക്‌ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന റോഡുകളിൽ ബലമായി പ്രവേശിച്ചു; തമിഴ്‌ ബ്രാഹ്മണരുടെ ഗ്രാമങ്ങളിൽ പ്രവേശിക്കുകയും അന്പലക്കുളങ്ങളിൽ കുളിക്കുകയും ചെയ്‌തു. അതോടെ അയിത്താചരണത്തിന്‌ അയവുണ്ടായി. പല സ്ഥലങ്ങളിലും അയിത്താചരണം തന്നെ ഇല്ലാതായി.

1930കളുടെ മധ്യത്തിൽ കോൺഗ്രസ്‌ അംഗമായ അദ്ദേഹം ഇതിനകം ആ പാർട്ടിയുടെ സജീവപ്രവർത്തകനായി മാറിയിരുന്നു. കവളപ്പാറ കൊട്ടാരത്തിന്‌ സമീപവശത്തായി ഒരു വായനശാല പ്രവർത്തിച്ചിരുന്നു. വായനയിൽ വളരെ താൽപര്യമുണ്ടായിരുന്ന ആർ കൃഷ്‌ണൻ അവിടത്തെ സ്ഥിരം സന്ദർശകനായി. രാഷ്‌ട്രീയകാര്യങ്ങളിൽ കൂടുതൽ അവബോധം നേടുന്നതിന്‌ ഈ വായനശാലയിലെ സന്ദർശനം കുറച്ചൊന്നുമല്ല അദ്ദേഹത്തെ സഹായിച്ചത്‌. എം പി കുഞ്ഞിരാമൻ മാസ്റ്ററും കോൺഗ്രസ്‌ നേതാവായിരുന്ന പത്മനാഭ മേനോനും അവിടത്തെ നിത്യസന്ദർശകരായിരുന്നു. അവർ ഇരുവരോടും വളരെയേറെ അദ്ദേഹം അടുത്തു. നാട്ടിലെ രാഷ്‌ട്രീയകാര്യങ്ങൾ സംസാരിച്ചു.

പത്മനാഭ മേനോൻ നിർദേശിച്ചതനുസരിച്ചാണ്‌ ആർ കൃഷ്‌ണൻ കോൺഗ്രസിന്റെ പാലക്കാട്‌ താലൂക്ക്‌ കമ്മിറ്റി അംഗമായി നിയോഗിക്കപ്പെട്ടത്‌.

ഹിന്ദി ഭാഷ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കോൺഗ്രസിന്റെ നയം. ഗ്രാമപ്രദേശങ്ങളിൽ ഹിന്ദി പഠിപ്പിക്കാൻ കോൺഗ്രസ്‌ പ്രവർത്തകരായ പലരും സന്നദ്ധസേവകരായി പ്രവർത്തിച്ചു. ആലത്തൂരിലെ പ്രവർത്തകർക്ക്‌ ക്ലാസ്‌ എടുക്കാൻ നിയോഗിക്കട്ടത്‌ കെ എം വാസു അപ്പൻ ആയിരുന്നു. ആർ കൃഷ്‌ണനും ഭാര്യ പാർവതിയും ഹിന്ദി പഠിച്ചു. രണ്ട്‌ ഹിന്ദി നാടകങ്ങളിൽ ആർ കെ അഭിനയിച്ചു. പിന്നീട്‌ ഒരു ഹിന്ദി നാടകം അദ്ദേഹം എഴുതി. ഒന്നിൽ അഭിനയിക്കുകയും ചെയ്‌തു.

കോൺഗ്രസിലെ ഇടതുപക്ഷവിഭാഗത്തോടായിരുന്നു ആദ്യംമുതലേ ആർ കൃഷ്‌ണന്‌ ആഭിമുഖ്യം. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെയും തികഞ്ഞ അനുഭാവിയായിരുന്നു അദ്ദേഹം. കുഞ്ഞിരാമൻ മാസ്റ്ററുമായുള്ള അടുപ്പമാണ്‌ അതിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌.

1936ൽ കെ ദാമോദരന്റെ നേതൃത്വത്തിൽ നടന്ന ബീഡിത്തൊഴിലാളിസമരം സമരങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമായിരുന്നു. ബീഡിത്തൊഴിലാളികൾ മുന്നോട്ടുവച്ച പല ആവശ്യങ്ങളും അംഗീകരിക്കാൻ മാനേജ്‌മെന്റ്‌ നിർബന്ധിതമായി. ഈ സമരത്തിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട കൃഷ്‌ണൻ ആലത്തൂരിലും ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 1938ൽ രൂപീകരിക്കപ്പെട്ട യൂണിയനിൽ ആലത്തൂരിലെ പ്രധാനപ്പെട്ട രണ്ട്‌ കന്പനികളിലെയും മുഴുവൻ തൊഴിലാളികളും അംഗങ്ങളായി. പൈനാപ്പിൾ ബീഡിക്കന്പനിയും പൂന എലി ബീഡിക്കന്പനിയും ആയിരുന്നു അവ. ആർ കൃഷ്‌ണനാണ്‌ യൂണിയന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. അരയണ കൂലിക്കൂടുതൽ ആവശ്യപ്പെട്ടുകൊണ്ട്‌ ആർ കൃഷ്‌ണന്റെ നേതൃത്വത്തിൽ പൈനാപ്പിൾ കന്പനിയിൽ സമരം നടന്നു.

അധികം താമസിയാതെ മാനേജ്‌മെന്റ്‌ ഈ ആവശ്യം അംഗീകരിച്ചു. അതോടെ തൊഴിലാളികളുടെ ആത്മവിശ്വാസം പതിന്മടങ്ങ്‌ വർധിച്ചു. പാലക്കാട്‌ താലൂക്കിന്റെ പല ഭാഗങ്ങളിലും ബീഡിത്തൊഴിലാളികളുടെ സമരം നടന്നു. കൊല്ലങ്കോട്ടെയും കൊടുവായൂരെയും ചെടിമാർക്ക്‌ ബീഡി കന്പനിയിൽ ശക്തമായ സമരം നടന്നു.

1940ൽ പുതുനഗരം ചെടിമാർക്ക്‌ കന്പനിയിൽ നടന്ന സമരം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സമരത്തെ പൊളിക്കാൻ ഉടമകൾ സർക്കാരിനെ സ്വാധീനിച്ച്‌ എംഎസ്‌പിക്കാരെ ഇറക്കി. ക്രൂരമായ മർദനത്തിലൂടെയാണ്‌ സമരത്തെ പൊലീസ്‌ നേരിട്ടത്‌. ആർ കൃഷ്‌ണൻ ഉൾപ്പെടെ 127 പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കൃഷ്‌ണൻ ഉൾപ്പെടെയുള്ളവർക്ക്‌ അതിഭീകരമായ മർദനം ഏറ്റുവാങ്ങേണ്ടിവന്നു. അറസ്റ്റ്‌ ചെയ്യപ്പെട്ടവരെ പൊലീസ്‌ പാലക്കാട്‌ സബ്‌ ജയിലിലേക്ക്‌ കൊണ്ടുപോയി. അതിൽ കൃഷ്‌ണൻ ഉൾപ്പെടെ ഏഴുപേരെ പൊലീസ്‌ റിമാൻഡ്‌ ചെയ്‌തു. രണ്ടുമാസം റിമാൻഡിൽ അദ്ദേഹം കഴിഞ്ഞു. ഒരുവർഷത്തെ വെറും തടവിന്‌ കോടതി ശിക്ഷിച്ചു. കോയന്പത്തൂ സെൻട്രൽ ജയിലിലാണ്‌ ഈ കാലയളവിൽ അദ്ദേഹത്തെ പാർപ്പിച്ചത്‌.

1938ൽ കർഷകസംഘത്തിന്റെ ചേറായൂർ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. അഖില മലബാർ കർഷകസംഘത്തിന്റെ രണ്ടാം സമ്മേളനമായിരുന്നു അത്‌. സമ്മേളനത്തിന്റെ പ്രചരണാർഥം രണ്ടു ജാഥകൾ സംഘടിപ്പിക്കപ്പെട്ടു. കരിവെള്ളൂരിൽ നിന്ന്‌ പുറപ്പെട്ട ജാഥയ്‌ക്ക്‌ നേതൃത്വം നൽകിയത്‌ എ വി കുഞ്ഞന്പുവായിരുന്നു. കഞ്ചിക്കോട്ടുനിന്നുള്ള ജാഥയെ നയിച്ചത്‌ ഇ പി ഗോപാലനായിരുന്നു. വഴിനീളെ നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ്‌ ജാഥകൾ സമാപിച്ചത്‌. കഞ്ചിക്കോട്ടുനിന്നുള്ള ജാഥയിലെ ഒരംഗം ആർ കൃഷ്‌ണനായിരുന്നു.

1940കളുടെ ആരംഭത്തിൽ കോളറ നാടാകെ പടർന്നുപിടിച്ചപ്പോൾ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആർ കൃഷ്‌ണന്റെ നേതൃത്വത്തിൽ യുവാക്കൾ രോഗികളെ സംരക്ഷിച്ചു; അവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

1940കളിൽ തന്നെ നിരവധി ട്രേഡ്‌ യൂണിയനുകൾ സംഘടിപ്പിക്കുന്നതിന്‌ ആർ കൃഷ്‌ണൻ നേതൃത്വം നൽകി. നെയ്‌ത്ത്‌ തൊഴിലാളികൾ, തീപ്പെട്ടിത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ എന്നിവരെയെല്ലാം അദ്ദേഹം സംഘടിപ്പിച്ചു.

വണ്ടാഴിയിൽ നടന്ന സമരമായിരുന്നു പാലക്കാട്‌ ജില്ലയിൽ കർഷകത്തൊഴിലാളികൾ നടത്തിയ ആദ്യസമരം. ആ സമരത്തിൽ ആർ കൃഷ്‌ണൻ ഉൾപ്പെടെ നിരവധിപേർ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഒരുവർഷത്തെ തടവിന്‌ അദ്ദേഹം ശിക്ഷിക്കപ്പെട്ടു.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടി കൽക്കട്ട തീസിസ്‌ അംഗീകരിച്ചതിനെത്തുടർന്ന്‌ സർക്കാർ കമ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചു. ഒളിവിൽപോയ ആർ കൃഷ്‌ണൻ ആ വർഷം ആഗസ്‌ത്‌ 15ന്‌ പൊലീസിന്റെ പിടിയിലായി. ഭീകരമായ മർദനം അദ്ദേഹത്തിന്‌ ഏൽക്കേണ്ടിവന്നു. ആറുമാസത്തെ ശിക്ഷ ലഭിച്ച അദ്ദേഹത്തെ സേലം ജയിലിലാണ്‌ പാർപ്പിച്ചത്‌.

1950ൽ കൃഷ്‌ണൻ വീണ്ടും ഒളിവിൽ പോയി. 1951ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മേലുള്ള നിരോധനം സർക്കാർ നീക്കിയതോടെ അദ്ദേഹം തെളിവിൽ പ്രവർത്തിച്ചു. 1952ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായി. 22,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ്‌ അദ്ദേഹം വിജയിച്ചത്‌. പിന്നീട്‌ നാലുതവണ കൂടി അദ്ദേഹം ആലത്തൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. സാധാരണക്കാരന്റെ ശബ്ദം നിയമസഭയിൽ പ്രതിഫലിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം നാടിന്റെ വികസനപ്രവത്തനങ്ങളിൽ നിർണായകമായ ഇടപെടലുകൾ നടത്താനും അദ്ദേഹത്തിനായി.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ ആർ കൃഷ്‌ണൻ സിപിഐ എമ്മിനൊപ്പം നിലകൊണ്ടു. അന്ന്‌ ആർ കൃഷ്‌ണന്റെ അധ്യക്ഷതയിൽ പാർട്ടി ജില്ലാകമ്മിറ്റി കൂടിയപ്പോൾ സിപിഐയെ അനുകൂലിക്കുന്നവർ ഇറങ്ങിപ്പോയി. സിപിഐ എം രൂപീകരിക്കപ്പെട്ടതുമുതൽ പാർട്ടിയുടെ സംസ്ഥാനകമ്മിറ്റിയിൽ അദ്ദേഹം അംഗമായി. ദീർഘകാലം ആ സ്ഥാനത്ത്‌ അദ്ദേഹം തുടർന്നു.

കർഷകസംഘത്തിന്റെ പ്രവർത്തനങ്ങളിലാണ്‌ അദ്ദേഹം പിന്നീട്‌ മുഴുകിയത്‌. കർഷകസംഘത്തിന്റെ പാലക്കാട്‌ ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ്‌ പ്രസിഡന്റായും കേന്ദ്ര കിസാൻ കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. മരണംവരെ ആ സ്ഥാനത്ത്‌ തുടർന്നു. ഒട്ടനവധി കർഷകസമരങ്ങൾക്കാണ്‌ ആർ കൃഷ്‌ണൻ ഈ കാലയളവിൽ നേതൃത്വം നൽകിയത്‌.

1995 ജനുവരി 28ന്‌ ആലത്തൂർ ആർ കൃഷ്‌ണൻ അന്ത്യശ്വാസം വലിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − nine =

Most Popular