Sunday, May 26, 2024

ad

Homeസിനിമആകാംക്ഷയുടെ രസതന്ത്രവും ചെടിപ്പിക്കുന്ന അന്വേഷണ സിനിമകളും

ആകാംക്ഷയുടെ രസതന്ത്രവും ചെടിപ്പിക്കുന്ന അന്വേഷണ സിനിമകളും

സാജു ഗംഗാധരന്‍

രു ക്യാമറയും ആശയവും ഉണ്ടെങ്കില്‍ സിനിമ എടുക്കാമെന്ന് തെളിയിച്ചയാളാണ് ജീന്‍ ലുക് ഗൊദാര്‍ദ്. 1960ല്‍ കച്ചവട സിനിമാ ഭീമനായ ഹോളിവുഡിനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി ആദ്യ സിനിമയായ ബ്രെത്ലെസിലൂടെയായിരുന്നു അത്‌. ഒരു ക്രൈം ഡ്രാമയായിരുന്നു ബ്രെത്ലെസ്‌. കാര്‍ മോഷ്ടിച്ചു കടന്നുകളയുന്നതിനിടെ ഒരു പോലീസുകാരനെ വെടിവെച്ചുകൊന്ന ശേഷം പാരീസില്‍ എത്തിച്ചേരുന്ന കൊലയാളി. അയാളുടെ പിന്നാലെ പോലീസുണ്ട്. കാമുകിയുമൊത്ത് റോമിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെ പോലീസ് അയാളെ കണ്ടെത്തുന്നു. അയാളെ പാരീസ് തെരുവിലൂടെ പിന്‍തുടര്‍ന്നോടിച്ചിട്ട് പൊലീസ്‌ വെടിവെച്ചു കൊല്ലുന്നു. കഥ തീര്‍ന്നു. ഫിലിം നോയര്‍ കാലത്ത് ഹോളിവുഡ് ചവച്ചുതുപ്പികൊണ്ടേയിരുന്നു ഇമ്മാതിരി കഥകള്‍. ക്രൈം ഡ്രാമകളുടെ നായകന്‍ ഹംഫ്രി ബോഗാര്‍ട്ടിന്റെ ആരാധകനായിരുന്നു ഗൊദാര്‍ദിന്റെ നായകകഥാപാത്രം മൈക്കല്‍ പൊയിക്കാര്‍ഡ്. അമേരിക്കന്‍ കാറുകളായിരുന്നു അയാള്‍ പാരീസ് തെരുവുകളില്‍നിന്ന്‌ മോഷ്ടിച്ചത്. എഴുത്തുകാരിയാവാന്‍ പാരീസില്‍ എത്തിയ അമേരിക്കക്കാരി പട്രീഷ്യ ഫ്രഞ്ചീനിയാണ് അയാളുടെ കാമുകി. അമേരിക്കന്‍ പ്രസിഡന്റ് ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന വേളയിലാണ് ഈ ക്രൈം നാടകം അരങ്ങേറുന്നത്. രണ്ടാം ലോകയുദ്ധാനന്തരം പാരീസ് സിനിമാഹാളുകളിലേക്ക് ഒഴുകിമറിഞ്ഞ ഹോളിവുഡ് ബി ഗ്രേഡ് സിനിമകളെ കുറിച്ച് കഹേ ദു സിനിമയില്‍ നിരന്തരം വിമര്‍ശനങ്ങള്‍ എഴുതിയ ചലച്ചിത്ര വിമര്‍ശകന്‍ കൂടിയായിരുന്നല്ലോ ഗൊദാര്‍ദ്. ഹോളിവുഡിന്റെ സ്റ്റുഡിയോ നിര്‍മ്മിത പോപ്പുലിസത്തിന് പുത്തന്‍ ചലച്ചിത്രഭാഷകൊണ്ട് മറുപടി നല്‍കുകയായിരുന്നു ഗൊദാര്‍ദ്. പക്ഷേ മാറിമറിഞ്ഞത് ലോകസിനിമ തന്നെയായിരുന്നു. ചലച്ചിത്ര കലയില്‍ ഒരു നവതരംഗത്തിന് തുടക്കമിട്ടു ആ സിനിമ.

മലയാളത്തിലെ മികച്ച പത്ത് സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും കെ ജി ജോര്‍ജ്ജിന്റെ യവനികയുണ്ടാകും ആ കൂട്ടത്തില്‍. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ പോലീസ് പ്രൊസീജറല്‍ ഡ്രാമയാണ് യവനിക. അടൂരും അരവിന്ദനുമൊക്കെ കൂടി സൃഷ്ടിച്ച മലയാളത്തിലെ സോ കാള്‍ഡ് നവതരംഗ സിനിമകളുടെ പ്രമേയ ആഖ്യാന പരിസരത്തില്‍ നിന്നും വഴിമാറി നടന്ന ചലച്ചിത്രമായിരുന്നു യവനിക. ജനപ്രിയ ഭാവനയില്‍ നിന്നും ഒരു കഥ കടം കൊണ്ട്, അക്കാലത്തെ ഏറ്റവും പോപ്പുലറായ പ്രൊഫഷണല്‍ നാടകത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൊലപാതകത്തിന്റെയും അന്വേഷണത്തിന്റെയും കഥ പറയുകയായിരുന്നു കെ ജി ജോര്‍ജ്ജ്. കുറ്റകൃത്യത്തെക്കുറിച്ചുള്ള ഒരു സിനിമയായിരുന്നില്ല അത്. കുറ്റകൃത്യത്തെ സംഭവിപ്പിക്കുന്ന അന്തരീക്ഷത്തെക്കുറിച്ചായിരുന്നു യവനിക പറഞ്ഞത്. അതിബുദ്ധിമാനായ ആണ്‍ ഡിറ്റക്ടീവിന്റെ വിജയകഥ പറയുകയായിരുന്നില്ല ജോര്‍ജ്ജിന്റെ ലക്ഷ്യം. അതുകൊണ്ടാണ് സേതുരാമയ്യരെക്കാള്‍ കുശാഗ്ര ബുദ്ധിയുള്ള അന്വേഷണോദ്യോഗസ്ഥന്‍ ആയിട്ടും സൂപ്പര്‍ ബ്രെയിന്‍ പ്രതിച്ഛായ യവനികയിലെ മമ്മൂട്ടി കഥാപാത്രമായ ജേക്കബ് ഈരാളിക്ക് കിട്ടാതെ പോയത്. സാമൂഹ്യ ജീവിതത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും ഇരുളടഞ്ഞ സ്ഥലികളിലൂടെയുള്ള സഞ്ചാരമായിരുന്നു യവനിക അടക്കമുള്ള കുറ്റകൃത്യങ്ങള്‍ കേന്ദ്ര പ്രമേയയമായ കെ ജി ജോര്‍ജ്ജ് സിനിമകള്‍ എല്ലാം തന്നെ. ഒരു സി ബി ഐ ഡയറിക്കുറിപ്പിന് ശേഷം പുറത്തുവന്ന ജോര്‍ജ്ജിന്റെ ‘ഈ കണ്ണികൂടി’ സേതുരാമയ്യര്‍ ടൈപ്പ് മസ്തിഷ്ക നായകത്വത്തെ അപനിര്‍മ്മിക്കാനുള്ള ശ്രമം കൂടിയായിരുന്നല്ലോ.

യവനികയുടെയും സിബിഐ ഡയറിക്കുറിപ്പിന്റെയും കാലത്തെ ഓര്‍മ്മിപ്പിക്കുന്ന കുറ്റകൃത്യവും അന്വേഷണവും മുഖ്യ പ്രമേയമായ സിനിമയാണ് ടോവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും. 90കളുടെ പകുതിയില്‍ നടന്ന ഒരു കുറ്റകൃത്യത്തിന്റെയും 80കളുടെ ഒടുവില്‍ എപ്പോഴോ നടന്ന മറ്റൊരു കുറ്റകൃത്യത്തിന്റെയും പിന്നാലെ ആനന്ദ് നാരായണന്‍ എന്ന സത്യസന്ധനും നീതിമാനുമായ സബ് ഇന്‍സ്പെക്ടര്‍ നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ് നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിന്‍ കണ്ടെത്തും. ഇടിയന്‍ പോലീസ് എന്നു കുപ്രസിദ്ധി നേടുകയും അടിയന്തരാവസ്ഥയുടെ കറുത്ത ഭൂതകാലത്തിന്റെയും തങ്കമണി പോലുള്ള നരവേട്ടകളുടെയും നുകവും പേറി നടക്കുന്ന അത്രയ്ക്കൊന്നും പരിഷ്കൃതമാകാത്ത ഒരു പോലീസ് സേനയുടെ ഭാഗമാണ് ആനന്ദ് നാരായണനും. സമൂഹത്തിലെ ഉന്നതര്‍ക്ക് വേണ്ടി കുറ്റാന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നു എന്ന തോന്നല്‍ പൊതുജനത്തിന്റെ ഉള്ളില്‍ വ്യാപകമായി ഉണ്ടായിരുന്ന, നേരറിയാന്‍ സിബിഐ വരണമെന്ന് ആക്ഷന്‍ കമ്മിറ്റി കൂടി മുറവിളി കൂട്ടിയിരുന്ന കാലത്ത് സത്യം കണ്ടെത്തണം എന്നാഗ്രഹിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ആനന്ദ് നാരായണന്‍.

മധ്യതിരുവിതാംകൂറില്‍ ഒരു ക്രിസ്തീയ മഠത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിക്കൊണ്ട് സംഭവിച്ച ഒരു പെണ്‍കുട്ടിയുടെ ദുരൂഹമരണവും അതിന്റെ അന്വേഷണവുമാണ് സിനിമയുടെ ആദ്യ ഭാഗം. സഭാതര്‍ക്കവും അതിനെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഭരണനേതൃത്വവും അതിനു ഒത്താശ ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊലയുടെ കര്‍ത്തൃത്വം അവര്‍ണ്ണ വിഭാഗത്തില്‍ പെട്ട ഒരു മുന്‍കുറ്റവാളിയുടെ തലയില്‍ കൊണ്ടിടാന്‍ ശ്രമിക്കുന്നതിനെ സമാന്തരമായി നടത്തിയ അനൗദ്യോഗിക അന്വേഷണത്തിലൂടെ ആനന്ദ് നാരായണന്‍ പൊളിക്കുന്നതാണ് കഥ. പ്രതിയെ പിടികൂടിയെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച കാരണങ്ങളാല്‍ ആനന്ദ് നാരായണനും സംഘവും സേനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുന്നു.

സസ്പെന്‍ഷന്‍ പിന്‍വലിച്ചു കിട്ടാനുള്ള വഴി എന്ന നിലയിലാണ് ആനന്ദ് നാരായണനിലെ ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥനെ അംഗീകരിക്കുന്ന മേലുദ്യോഗസ്ഥന്‍ മറ്റൊരു കേസ് അയാളെയും സംഘത്തെയും ഏല്‍പ്പിക്കുന്നത്. ആറ് വര്‍ഷം മുന്‍പ് നടന്ന ഒരു കൊലപാതക കേസ് അന്വേഷിച്ച് അവസാനിപ്പിക്കാനുള്ള ചുമതലയായിരുന്നു അത്. മൂന്ന് മാസം ഗര്‍ഭിണി ആയിരിക്കെ അജ്ഞാതനായ കാമുകനോടൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ച് അമ്മയ്ക്ക് കത്തെഴുതിവെച്ച് വീടുവിട്ട പാതിരാവില്‍ കൊല ചെയ്യപ്പെട്ട ശ്രീദേവിയുടെ കൊലയാളിയെ വേണമെങ്കില്‍ കണ്ടെത്താം അല്ലെങ്കില്‍ ഔപചാരികമായ ഒരന്വേഷണം നടത്തി കേസ് ക്ലോസ് ചെയ്യാം. എന്തായാലും കച്ചിത്തുരുമ്പായി കിട്ടുന്ന തെളിവുകളുടെ പിന്നാലെ പോകാന്‍ തന്നെയായിരുന്നു ആനന്ദിന്റെ തീരുമാനം. മൂന്ന് അന്വേഷണ സംഘം അന്വേഷിച്ചിട്ടും ഉത്തരം കിട്ടാത്ത കേസ് ആണെന്നതാണ് വെല്ലുവിളി. അതില്‍ ഒരു അന്വേഷണ മേധാവി അക്കാലത്തെ കേരളാ പോലീസിലെ മിടുമിടുക്കനായ ഡിറ്റക്ടീവും. (കുറച്ചു സീനുകളില്‍ മാത്രമേ ഉള്ളൂവെങ്കിലും തനത് നടന വൈഭവം കൊണ്ട് ആ കഥാപാത്രത്തെ ഇന്ദ്രന്‍സ് സുന്ദരമാക്കി).

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയുടെ മുഖ്യ സവിശേഷത അതൊരു പീരിയഡ് സ്വഭാവമുള്ള സിനിമയാണ് എന്നതാണ്. ഏകദേശം മുപ്പത് വര്‍ഷം മുന്‍പുള്ള കാലത്തെയാണ് സംവിധായകനും എഴുത്തുകാരന്‍ ജിനു വി എബ്രഹാമും അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടിയും സംഘവും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്ന സാങ്കേതിക സാധ്യതയും കൈക്കരുത്തും ഉപയോഗിച്ച് കുറ്റവാളികളെ പിടിക്കാന്‍ അങ്ങ് നേപ്പാള്‍ അതിര്‍ത്തിവരെ പോകുമ്പോള്‍, തെളിവുകളുടെ ചങ്ങലക്കണ്ണികള്‍ കോര്‍ത്തുകോര്‍ത്ത് ശാസ്ത്രീയമായ ചോദ്യം ചെയ്യലുകളിലൂടെ കിട്ടുന്ന സൂചനകളുമായി അവയെ ബന്ധിപ്പിച്ച് വിശകലനം ചെയ്ത് ഡമ്മി പരീക്ഷണം എന്നൊക്കെ കളിയാക്കി വിശേഷിക്കപ്പെട്ടിരുന്ന പരമ്പരാഗത അന്വേഷണ വഴി മാത്രമാണ് ആനന്ദ് നാരായണന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു പരിമിതി എന്നതിനേക്കാള്‍ സാധ്യതയായി പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ സാധിക്കുന്ന ഒരു മര്‍ഡര്‍ മിസ്റ്ററി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഈ വിന്റേജ് കുറ്റാന്വേഷണസിനിമയെ നിര്‍ജീവമാക്കിയത്. (യവനികയില്‍ ജേക്കബ് ഈരാളിയുടെ ചോദ്യം ചെയ്യല്‍ മാനറിസങ്ങള്‍ എത്ര ഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്! കെ ജി ജോര്‍ജ്ജ് ആ കഥാപാത്രത്തിന് അത്തരമൊരു സ്പേസ് കൊടുത്തതുകൊണ്ടാണ് അത് സാധ്യമായത്.)

കുറ്റകൃത്യം നടന്നു എന്നു താന്‍ വിശ്വസിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല എന്നത് മാത്രമാണ് ആനന്ദ് നേരിടുന്ന ഏക വെല്ലുവിളി. അത് കേസിലെ അഴിച്ചെടുക്കാന്‍ പറ്റാത്ത എന്തെങ്കിലും സങ്കീര്‍ണ്ണത ഉണ്ടാക്കിയ തടസമല്ല. കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ബാഹ്യഘടകങ്ങള്‍ ഉണ്ടാക്കിയ തടസമാണ്. ആ സ്ഥലത്തേക്ക് കടക്കാന്‍ ഒരു വളഞ്ഞ വഴി കണ്ടെത്തുക എന്ന ബുദ്ധി മാത്രമേ ആനന്ദിന് പ്രയോഗിക്കേണ്ടി വന്നുള്ളൂ. സമാന്തരമായി നടത്തുന്ന അന്വേഷണത്തില്‍ തെളിവ് ശേഖരിക്കാന്‍ അയാള്‍ നടത്തുന്ന കൗശലം മാത്രമാണ് കേസ് തെളിയിക്കുന്നതില്‍ ആനന്ദ് നാരായണന്റെ സംഭാവന. കുശിനിക്കാരന്‍ പോലീസ് സുകു പറയുന്നതുപോലെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നില്ലായിരുന്നെങ്കില്‍ ഏതൊരു പോലീസ് ഉദ്യോഗസ്ഥനും പുല്ലുപോലെ തെളിയിക്കാന്‍ സാധിക്കുന്ന കേസായിരുന്നു ലൗലി മാത്തന്‍ കേസ്.

ഫോറന്‍സിക് പരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയതോടെ എളുപ്പത്തില്‍ കൂട്ടുപ്രതിയിലെത്തുന്നു, കുറ്റവാളിയെ കണ്ടെത്തുന്നു. കഴിഞ്ഞു അന്വേഷണം. പ്രത്യേകിച്ചു എന്തെങ്കിലും ആകാംക്ഷ പ്രേക്ഷകരില്‍ ജനിപ്പിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം ഇല്ല എന്നതുതന്നെ. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ പ്രാഥമികവും മുഖ്യവുമായ ഈ ഘടകം തന്നെ ദുര്‍ബലമാണ് എന്നതാണ് സിനിമയിലെ ഒന്നാം അന്വേഷണത്തെ നനഞ്ഞ പടക്കമാക്കുന്നത്.

ഒരേ സംഘം അന്വേഷിക്കുന്നു എന്നതില്‍ കവിഞ്ഞ്‌ രണ്ടു കഥകളും തമ്മില്‍ എന്തെങ്കിലും പരസ്പരബന്ധം ഉണ്ടാകണമെന്ന് രചയിതാക്കള്‍ ശഠിച്ചതായി കാണുന്നില്ല. അതൊരു പുതുമയാണെങ്കില്‍ അത് മാത്രമാണ് സിനിമയെ വേറിട്ട ഒന്നാക്കി മാറ്റുന്നത്. കഴിവും ബുദ്ധിശക്തിയും ഉണ്ടായിട്ടും പോലീസ് സേനയില്‍ അംഗീകരിക്കപ്പെടാതെ പോകുന്ന നായകരെ അടയാളപ്പെടുത്തുക മാത്രമാണ് രചയിതാക്കളുടെ ലക്ഷ്യം എന്നു തോന്നുന്നു. വലിയ ബുദ്ധിമാന്‍മാര്‍ പോലും പരാജയപ്പെട്ടിടത്ത് വിജയശ്രീലാളിതര്‍ ആയിട്ടും സേനയിലെ താണ നിലയിലുള്ള ജോലികള്‍ ചെയ്യാന്‍ തന്നെ ഇവര്‍ നിര്‍ബന്ധിതര്‍ ആവുന്നു എന്നു കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ആ ഒരു കഥാലക്ഷ്യത്തിന് പ്രാമുഖ്യം കിട്ടുന്നതോടെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ നിന്നും ഒരു സോദ്ദേശ്യകൃതിയായി അന്വേഷിപ്പിന്‍ കണ്ടെത്തും മാറുന്നു.

ക്രൈം മുഖ്യപ്രമേയമായ ജോണറുകളില്‍ മേഘവിസ്ഫോടനം പോലെ കാഴ്ചപ്പണ്ടങ്ങള്‍ വന്നു നിറയുന്ന ഒടിടി കാലമാണ് ഇത് എന്ന കാര്യം രചയിതാക്കള്‍ മറന്നുപോയി എന്നു തോന്നുന്നു. പോലീസ് പ്രൊസീജര്‍ സ്റ്റോറികളും, പ്രമാദ കുറ്റകൃത്യങ്ങളെ ആധാരമാക്കിയുള്ള ഡോക്യു സീരീസുകളും, ക്രൈം ഫിക്ഷനുകളും, കോര്‍ട്ട് റൂം ഡ്രാമകളും എല്ലാം തരാതരം പോലെ തിരഞ്ഞെടുക്കാനും കാണാനുമുള്ള സാധ്യതകള്‍ അനേകം. കൂടത്തായി ചങ്ങലക്കൊലക്കേസിനെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിച്ച കറി & സയനൈഡും ദി ഇന്ദ്രാണി മുഖര്‍ജി: ബറീഡ് ട്രൂത്തും ഹൗസ് ഓഫ് സീക്രട്ട്സുമെല്ലാം ഒരു ഫിക്ഷന്‍ തരുന്ന ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന ഡോക്യുമെന്ററി സെരീസുകളാണ്. വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ക്രൈം ഫിക്ഷന്‍ സീരീസ് ആയ കേരള ക്രൈം ഫയല്‍സിന്റെ അടുത്ത സീസണ്‍ സ്ട്രീമിംഗിന് തയ്യാറായി കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ ഈ അടുത്തകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നതും മറന്നുകൂട. കണ്ണൂര്‍ സ്ക്വാഡും നേരും പോലെ വന്‍ വിജയം നേടിയ ചിത്രങ്ങളും രാജീവ് രവിയുടെ കുറ്റവും ശിക്ഷയും ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ തങ്കവും പോലുള്ള പോലീസ് പ്രൊസീജര്‍ ചിത്രങ്ങളും ഉദാഹരണം. സമൂഹത്തെ ബാധിച്ച കുറ്റകൃത്യം എന്ന രോഗത്തെ ഒരു ശസ്ത്രക്രിയയിലെന്ന പോലെ കീറി മുറിച്ച് പരിശോധിക്കുകയും കുറ്റകൃത്യവും കുറ്റവാളിയും ഇരയും നീതിബോധത്തിന്റെ തുലാസില്‍ വെച്ചു തൂക്കപ്പെടുകയും ചെയ്യുന്ന കാമ്പുള്ള സത്യാന്വേഷണ സിനിമകള്‍ അപൂര്‍വം എന്നു പറയാതെ വയ്യ.

കുറിപ്പടി: ചലച്ചിത്രകലയുടെ സൗന്ദര്യാത്മക തലത്തിലോ രാഷ്ട്രീയ ദര്‍ശനപരമായോ പരീക്ഷണാത്മകത്വം കൊണ്ടോ എന്തെങ്കിലും പ്രത്യേകത എടുത്തുപറയാനുള്ളതുകൊണ്ടല്ല ലോകസിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട രണ്ടു സിനിമകളെ പരാമര്‍ശിച്ചുകൊണ്ട് അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയെ കുറിച്ച് എഴുതാന്‍ തുടങ്ങിയത്. മറിച്ച് ക്രൈം നറേറ്റീവുകള്‍ പ്രേക്ഷകരിലേക്ക് പകരുന്ന രസാനുഭൂതിക്കുമപ്പുറം മനുഷ്യസമൂഹം നേരിടുന്ന കുഴമറിച്ചിലുകളെ വിശദീകരിക്കാന്‍ പ്രാപ്തിയുള്ള രാഷ്ട്രീയ പ്രസ്താവങ്ങളായി ഇത്തരം ചലച്ചിത്രങ്ങള്‍ക്ക് മാറാന്‍ സാധിക്കും എന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞു വെക്കാന്‍ വേണ്ടിയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − six =

Most Popular