ഒരു പതിറ്റാണ്ടുകാലത്തെ റിപ്പോർട്ടു കാർഡ് (2014–24) ഫെെനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്-വർക്ക് തയ്യാറാക്കിയ Farmers Report Card 2014-–24 നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് |
വാഗ്ദാനവും അവകാശവാദങ്ങളും–1 |
കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ
♦ 2014ൽ നരേന്ദ്രമോദിയും ഭാരതീയ ജനത പാർട്ടിയും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ചുരുങ്ങിയത് അവയുടെ ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവില നിശ്ചയിച്ച് സംഭരിക്കും എന്ന അത്യാകർഷകമായ വാഗ്ദാനമാണ് കർഷകർക്ക് നൽകിയത്– സി 2+50% എന്ന ഫോർമുല പ്രകാരമായിരിക്കും വില നിശ്ചയിക്കുന്നത് എന്നതായിരുന്നു വാഗ്ദാനം. ഉൽപ്പാദനച്ചെലവിന്റെ ശരാശരി നിശ്ചയിച്ച് അതിനൊപ്പം ചുരുങ്ങിയത് അതിന്റെ 50 ശതമാനവും കൂടി ചേർന്നതാക്കി മിനിമം താങ്ങുവില ഉയർത്തണമെന്നാണ് സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ചത്. അതിനെയാണ് സി 2 + 50% എന്നു വിളിക്കുന്നത്.
♦ 2016 ഫെബ്രുവരി 28ന് യൂണിയൻ ബജറ്റിന്റെ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു വാഗ്ദാനം കൂടി മുന്നോട്ടുവച്ചു– ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് 75 വർഷം പൂർത്തിയാകുന്ന 2022 ആകുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കും (ഡിഎഫ്ഐ– Doubling Farmers Income).
♦ 2017 മെയ് മാസത്തിൽ അമിത് ഷാ അവകാശപ്പെട്ടത് അധികാരത്തിലെത്തി മൂന്നു വർഷത്തിനുള്ളിൽ 2014ലെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഏറെക്കുറെ സാക്ഷാത്കരിച്ചുവെന്നാണ്. ഉൽപ്പന്നത്തിന്റെ വില കണക്കാക്കുന്നതിൽനിന്ന് ഭൂമിയുടെ വില (തറവില) ഒഴിവാക്കുകയാണെങ്കിൽ ഉൽപ്പാദനച്ചെലവിനെക്കാൾ 43 ശതമാനം കൂടി മിനിമം താങ്ങുവില വർധിച്ചിരിക്കുന്നുവെന്നായിരുന്നു ഷായുടെ വാദം.
♦ 2016 ഏപ്രിൽ 13ന് കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ അശോക് ദൾവായ് കമ്മിറ്റി രൂപീകരിച്ചു; കർഷകരുടെ വരുമാനം പ്രതിമാസം 8,058 രൂപ ആയിരിക്കുന്നത് 22,610 രൂപയായി വർധിപ്പിക്കണം എന്നതായിരുന്നു ടാർഗറ്റ്. ഈ ടാർഗറ്റ് നേടുന്നതിന് പ്രതിവർഷം 10.4% നിരക്കിൽ കാർഷിക വരുമാന വളർച്ചയുണ്ടാകണം എന്ന് റിപ്പോർട്ടിൽ കമ്മിറ്റി ചൂണ്ടിക്കാണിച്ചു.
♦ ചില സംസ്ഥാനങ്ങളിൽ ചില വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് 2018നെ അപേക്ഷിച്ച് 2022ൽ വരുമാനം ഇരട്ടിയായി എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ടുമെന്റിന്റെ (ഇആർഡി)– സാമ്പത്തിക ഗവേഷണ വകുപ്പ്) റിപ്പോർട്ടിൽ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ സോയാ ബീനും കരിമ്പും കർണാടകത്തിൽ പരുത്തിയും നെല്ലും രാജസ്താനിൽ ഗോതമ്പും, ഗുജറാത്തിൽ നിലക്കടലയും പരുത്തിയും പോലെയുള്ളവയാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
യാഥാർഥ്യം
കർഷകരുടെ വരുമാനം ഇരട്ടിയായോ?
ആയില്ല. വസ്തുതകൾ എന്തെന്ന് നോക്കാം.
♦ എന്നാൽ, കർഷകർക്ക് നൽകിയ അവരുടെ വരുമാനം ഇരട്ടിയാകുമെന്ന വലിയ പ്രതീക്ഷ നരേന്ദ്രമോദിയുടെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഒരു സത്യവാങ്മൂലത്തോടെ പൊട്ടിച്ചിതറി തകർന്നു; തങ്ങൾ നൽകിയ വാഗ്ദാനമനുസരിച്ച് മിനിമം താങ്ങുവില നിശ്ചയിക്കാൻ കഴിയില്ലെന്നും അത്തരമൊരു വില വർദ്ധനവ് വരുത്തിയാൽ അത് വിപണിയെ തകരാറിലാക്കുമെന്നുമായിരുന്നു ആ സത്യവാങ്മൂലം.
♦ ആദായവും വരുമാനവും വർധിപ്പിക്കാൻ കർഷകർക്ക് സഹായകമാകുന്ന സാങ്കേതികവിദ്യാപരമോ സാമ്പത്തികമോ ആയ പിന്തുണ നൽകാനുള്ള യുക്തിസഹമായ തന്ത്രം ദൾവായ് കമ്മിറ്റി മുന്നോട്ടുവച്ചില്ല. 14 വോള്യങ്ങളിലായി തയ്യാറാക്കപ്പെട്ട ഭീമാകാരമായ ആ റിപ്പോർട്ട്, ഇതുറപ്പാക്കുന്നതിനാവശ്യമായ എന്തെങ്കിലും നടപടിയെടുക്കുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.
♦ 2018ൽ നിതി ആയോഗ‍് രൂപീകരിച്ച പ്രത്യേക കർമസമിതി (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്), കാർഷികരംഗത്തും അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങളിലും സ്വകാര്യകമ്പനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഗവൺമെന്റ് കെെക്കൊള്ളേണ്ട നടപടികൾ എന്തെല്ലാമായിരിക്കണം എന്നു കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വേണ്ടപ്പെട്ട ചില സ്വകാര്യകമ്പനികളുമായി മാത്രമേ ചർച്ച ചെയ്തുള്ളൂ. കർഷകരുടെ കാര്യത്തിൽ അതൊന്നും തന്നെ ചെയ്തില്ല.
♦ കാർഷിക കുടുംബങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനുള്ള സർവെയുടെ 77–ാമത് റൗണ്ട് റിപ്പോർട്ട് വെളിപ്പെടുത്തുന്നത് 2018–19ലെ കർഷക കുടുംബങ്ങളുടെ കണക്കാക്കപ്പെട്ട പ്രതിമാസ വരുമാനം വെറും 10,218 രൂപ മാത്രമാണെന്നാണ്. പ്രതിമാസം 22,610 രൂപയെന്ന നിർദിഷ്ട ടാർഗറ്റിന്റെ അടുത്തുപോലും വരുന്നതല്ല ഈ തുക.
♦ എസ്ബിഐ പഠനത്തിൽ ഉപയോഗിച്ച അൽപ്പംപോലും വിശ്വസനീയമല്ലാത്ത രീതിശാസ്ത്രത്തെ (Methodology) (സാംപിൾ സെെസ്, കർഷകരിലെ ഏതു വിഭാഗം എന്നത്, ചെലവ് കണക്കുകൂട്ടൽ, എന്തുകൊണ്ടാണ് ഭൂരഹിതരായ കുടികിടപ്പുകാർ മാറ്റിനിർത്തപ്പെട്ടത് അഥവാ എന്തുകൊണ്ടാണ് ചില പ്രത്യേക സംസ്ഥാനങ്ങൾ മാത്രം തെരഞ്ഞെടുക്കപ്പെട്ടത് തുടങ്ങിയവ) മാറ്റിനിർത്തിയാൽപോലും മിനിമം താങ്ങുവില മിക്കപ്പോഴും സാങ്കൽപ്പികമാണെന്നും നാം മനസ്സിലാക്കിയിരിക്കണം; കാരണം മിക്കപ്പോഴും സംഭരണം ഉറപ്പാക്കപ്പെടുന്നില്ല; അതുകൊണ്ടുതന്നെ ഫലപ്രദമായ ഒരു പ്രയോജനവും ഇതിൽനിന്ന് ആർക്കും ലഭിക്കുന്നില്ല. ഉദാഹരണത്തിന്, 2021–22ലെ മൊത്തം ഉൽപ്പാദനത്തിന്റെ ശതമാനമെന്ന നിലയിൽ സോയാബീൻ സംഭരണം പൂജ്യം ശതമാനവും നിലക്കടലയുടെ സംഭരണം തുച്ഛമായ 2.5 ശതമാനവും മാത്രമായിരുന്നു. കർണാടകത്തിൽ നെല്ലിന്റെയും പരുത്തിയുടെയും സംഭരണവും രാജസ്താനിൽ ഗോതമ്പിന്റെ സംഭരണവും തീരെ തുച്ഛമാണ്. അതിനാൽ ഇത്തരം അവകാശവാദങ്ങൾക്ക് വലിയ തോതിൽ മാധ്യമശ്രദ്ധ ലഭിക്കുന്നുണ്ടെങ്കിലും യഥാർഥത്തിൽ അതെല്ലാം ഏട്ടിലെ പശുക്കൾ മാത്രമാണ്.
♦ 2023 ജൂൺ 7ന് പ്രഖ്യാപിക്കപ്പെട്ട 2023–24 ലെ ഖാരിഫ് വിളവെടുപ്പ് കാലത്തെ മിനിമം താങ്ങുവില നീതിപൂർവമോ ആദായകരമോ അല്ല. ഇൻപുട്ട് ചെലവുകൾ ഉയർത്തുന്നതിനൊപ്പം അന്യായമായ മിനിമം താങ്ങുവിലയും കൂടി ചേരുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാകുന്നില്ല എന്നു മാത്രമല്ല, വലിയൊരു വിഭാഗം കർഷകജനതയെ, പ്രതേ-്യകിച്ച്, ചെറുകിട നാമമാത്ര ഇടത്തരം കർഷകരെയും ഒപ്പം കുടികിടപ്പുകാരെയും കടക്കെണിയിൽ അകപ്പെടുത്തുകയും ചെയ്യും. കാർഷിക ചെലവുകളും വിലയും സംബന്ധിച്ച കമ്മീഷന്റെ (സിഎസിപി) ചെലവുകളെക്കുറിച്ചുള്ള മതിപ്പ് കണക്ക് വിലക്കയറ്റത്തെയോ ഇൻപുട്ട് ചെലവുകൾ വർധിച്ചു വരുന്നതിനെയോ ശരിയായ വിധം കണക്കിലെടുക്കുന്നില്ല.
♦ 2022 ഓടുകൂടി കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന അതിമോഹത്തോടെയുള്ള ടാർഗെറ്റാണ് ഗവൺമെന്റ് മുന്നോട്ടുവച്ചത്. എന്നാൽ ആ വാഗ്ദാനത്തെക്കുറിച്ച് സമ്പൂർണമായും നിശ്ശബ്ദത പാലിക്കപ്പെട്ടിരിക്കെത്തന്നെ, സർക്കാരിന്റെ മുഖ്യസ്കീമുകളിൽ ഒന്നായ, രാജ്യത്തെ മിനിമം താങ്ങുവിലയെ ആധാരമാക്കിയ സംഭരണ നടപടികൾ ഉറപ്പാക്കുന്ന കമ്പോള ഇടപെടൽ പദ്ധതിയും വില പിന്തുണ പദ്ധതിയും (MIS-, PSS) കഴിഞ്ഞ രണ്ടുവർഷമായി കടുത്ത വെട്ടിക്കുറവ് നേരിടുകയാണ്. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഈ സ്കീമിനായുള്ള വകയിരുത്തൽ 2022–23ൽ 1500 കോടി രൂപയായിരുന്നത് 2023–24ലും 2024–25ലും 0.01 കോടി രൂപയായി കുറഞ്ഞു.
വാഗ്ദാനവും അവകാശവാദങ്ങളും–2 |
കർഷക ആത്മഹത്യകളും കടബാധ്യതകളും കുറയ്ക്കും
♦ 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദി പറഞ്ഞു: ‘‘നമ്മുടെ കർഷകർ കയറിന്റെ കൂടുക്കിൽ ജീവിതം അവസാനിപ്പിക്കേണ്ടവരല്ല; നമ്മുടെ കർഷകർ കടബാധ്യതകളിൽപ്പെട്ട് വലയേണ്ടവരല്ല; അവർ ഒരിക്കലും കൊള്ളപ്പലിശക്കാരുടെ വീട്ടുമുറ്റത്ത് കാത്തുനിൽക്കേണ്ടവരല്ല. കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകേണ്ടത് ബാങ്കുകളുടെയും ഗവൺമെന്റിന്റെയും ഉത്തരവാദിത്വമല്ലേ? കർഷകരുടെ അവസ്ഥ മെച്ചപ്പെട്ടാൽ അതിന്റെ നേട്ടം അവർക്കു മാത്രമല്ല; പാടങ്ങളിൽ പണിയെടുക്കുന്ന നിരവധിയാളുകൾക്ക് തൊഴിലും അതുമൂലം ലഭിക്കും.’’
♦ കടബാധ്യതയുള്ള കർഷകരുടെ ശതമാനം 2013ൽ 52 ശതമാനമായിരുന്നത് 2019ൽ 50.2 ശതമാനമായി കുറഞ്ഞുവെന്നാണ് കടബാധ്യത സംബന്ധിച്ച സർക്കാരിന്റെ അവകാശവാദം.
♦ മോദി ഭരണകാലത്ത് ഒരു കർഷകനും ആത്മഹത്യ ചെയ്തിട്ടില്ലയെന്നാണ് ബിജെപി എംപി നിശികാന്ത് ദുബെ അവകാശപ്പെടുന്നത്. ‘‘കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ കർഷക ആത്മഹത്യയെക്കുറിച്ച് പ്രതിപക്ഷം എപ്പോഴെങ്കിലും ചർച്ച ചെയ്തോ?’’ എന്ന് ചോദിക്കുന്ന ദുബെ തുടരുന്നു– അവർ അങ്ങനെ ചെയ്യാത്തത് കർഷക ആത്മഹത്യ ഇല്ലാത്തതുകൊണ്ടല്ലേ?’’
യാഥാർഥ്യം
കർഷക ആത്മഹത്യകളും കർഷകരുടെ കടബാധ്യതകളും ഇല്ലാതായോ?
ഇല്ലേയില്ല!
യാഥാർഥ്യത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
♦ നരേന്ദ്രമോദി ഭരണം തുടങ്ങിയ 2014 മുതൽ 2022 വരെയുള്ള കാലത്ത് 1,00,474 കർഷകർ ആത്മഹത്യ ചെയ്തതായാണ് ഈയടുത്ത കാലത്ത് പ്രസിദ്ധീകരിച്ച നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (NCRB) റിപ്പോർട്ട് വെളിപ്പെടുത്തുന്നുത്. ഈ ഒൻപത് വർഷവും പ്രതിദിനം മുപ്പതോളം കർഷകർ ആത്മഹത്യ ചെയ്തുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. ഭരണാധികാരികളുടെ പൊള്ളയായ വാചകമടികളും പരാജയപ്പെട്ട സ്കീമുകളും അപര്യാപ്തമായ ബജറ്റ് വകയിരുത്തലുകളും കൂടി നമ്മുടെ രാജ്യത്തിന്റെ ‘‘അന്നദാതാക്കളെ’’ കടുത്ത ദുരിതങ്ങളിലേക്കും നിരാശയിലേക്കും തള്ളിവീഴ്ത്തുകയാണ്.
♦ മോദി ഗവൺമെന്റിന്റെ രണ്ടാമൂഴത്തിൽ പ്രതിവർഷ കർഷക ആത്മഹത്യ 10,281ൽ നിന്ന് 11,290 ആയി വർധിച്ചു. ഇതിൽ തന്നെ, കർഷകത്തൊഴിലാളികൾക്കിടയിലെ ആത്മഹത്യയുടെ എണ്ണം വളരെ വലുതാണ്– 4,324 ൽനിന്ന് 6,083 ആയി. അതായത് 41 ശതമാനത്തിന്റെ വർധനവ്. മഹാരാഷ്ട്രയിലെ, ദുർവിധി ബാധിച്ച പ്രദേശങ്ങളായ വിദർഭയും മറാത്തവാഡയും തന്നെയാണ് ഇപ്പോഴും ഏറ്റവും വഷളായ സാഹചര്യത്തിന് സാക്ഷ്യം വഹിക്കുന്നത്.
♦ കടബാധ്യതയിൽപ്പെട്ട കർഷകരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത്– അതായത്, 2013നും 2019നുമിടയ്ക്ക് 902 ലക്ഷത്തിൽനിന്നും 930 ലക്ഷത്തിൽ എത്തി; ഇതിനൊപ്പം നിലവിലുള്ള ശരാശരി വായ്പ തുകയും കുതിച്ചുയർന്ന് 2013ലെ തുകയുടെ 1.6 ഇരട്ടിയോളമായി.
വാഗ്ദാനവും അവകാശവാദങ്ങളും–3 |
കാർഷികരംഗത്ത് കൂടുതൽ ശ്രദ്ധയും കൂടുതൽ നിക്ഷേപവും
♦ 2014ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയെ സമൂലപരിവർത്തന വിധേയമാക്കേണ്ടതുണ്ടെന്നും കർഷകർക്ക് തൽസമയ ഡാറ്റ എത്തിക്കുന്നതിന് ലിവറേജ് ടെക്നോളജി കൊണ്ടുവരുമെന്നും വില സ്ഥിരതാ ഫണ്ട് രൂപീകരിക്കുമെന്നും കൃഷിയുടെ ലാഭക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുൻകൂട്ടി കാണാനാകാത്ത പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് പരിഹാരമായി കൃഷി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞിരുന്നു.
മറ്റു മുഖ്യവാഗ്ദാനങ്ങളും
2014-–15നും 2018–19നും ഇടയ്ക്കുള്ള
അഞ്ച് വർഷത്തിനിടയിൽ ആരംഭിച്ച സ്കീമുകളും
♦ പ്രധാൻമന്ത്രി കൃഷി സിഞ്ചയി യോജന
♦ 2022–23 ഓടുകൂടി കാർഷിക കയറ്റുമതി 10,000 കോടി ഡോളറിന്റേതാക്കുമെന്ന് മോദി സർക്കാരിന്റെ വാഗ്ദാനം; 2022–23 ഓടുകൂടി കാർഷിക കയറ്റുമതി ഇരട്ടിയാക്കുമെന്ന 2018 ഏപ്രിൽ മാസത്തിലെ വാഗ്ദാനത്തിനു പകരമായാണ് പുതിയ വാഗ്ദാനം മുന്നോട്ടുവച്ചത്.
♦ കേടാകാനിടയുള്ള കാർഷികോൽപ്പന്നങ്ങളുടെ സവിശേഷമായ ആവശ്യങ്ങൾ കണക്കിലെടുത്ത് അഗ്രി–റെയിൽ നെറ്റ്-വർക്ക് രൂപീകരിക്കുമെന്നും 2014ലെ മാനിഫെസ്റ്റോയിൽ പറഞ്ഞു.
♦ പ്രതിമാസം 3000 രൂപ വീതം ചെറുകിട–നാമമാത്ര കർഷകർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനവും സർക്കാർ നൽകിയിരുന്നു.
യാഥാർഥ്യം
കാർഷികരംഗത്ത് നിക്ഷേപവും കർഷകർക്ക് വായ്പാ സൗകര്യങ്ങളും വർധിച്ചോ?
ഒന്നും സംഭവിച്ചില്ല എന്നതാണ് സത്യം. വസ്തുതകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
♦ ബജറ്റിലെ മൊത്തം ചെലവിനത്തിൽ കൃഷിക്കായുള്ള പൊതു ചെലവഴിക്കൽ മോദിയുടെ രണ്ടാമൂഴത്തിൽ സ്ഥിരമായി കുറഞ്ഞുവരികയാണ്. അതുപോലെ തന്നെ കർഷകക്ഷേമത്തിനായി വകയിരുത്തപ്പെട്ടിട്ടുള്ള വിഹിതവും അനുക്രമം കുറഞ്ഞുവരികയാണ്. 2014–15 നും 2021–22നുമിടയ്ക്കുള്ള യഥാർഥ കൂലിയുടെ (വിലക്കയറ്റം കിഴിച്ചുള്ള കൂലി) വളർച്ചനിരക്ക് കർഷകത്തൊഴിലാളികൾക്കുൾപ്പെടെ പ്രതിവർഷം ഒരു ശതമാനത്തിനും താഴെയാണ്. ഇതിന്റെ പ്രത്യാഘാതം വളരെ വ്യക്തമാണ്. ഗ്രാമീണ മേഖലയിലെ ഡിമാൻഡ് അപായകരമാം വിധം താഴ്ന്നു വരുന്നുവെന്നതാണത്; അതിവേഗം ചെലവഴിക്കപ്പെടുന്ന ഉപഭോക്തൃ ചരക്കുകളുടെ (Fast Moving Consumer Goods – -FMCG) 36 ശതമാനത്തോളമാണ് ഗ്രാമീണ മേഖലയിൽ ചെലവാകുന്നത്.
♦ ആധാർ അധിഷ്ഠിത കൂലി നൽകൽ (പേയ്-മെന്റ്) സംവിധാനം ഉൾപ്പെടെയുള്ള ഒഴിവാക്കൽ നടപടികൾ തൊഴിലാളികളിൽ 57 ശതമാനത്തെയും ബാധിച്ചിട്ടുണ്ട്; പദ്ധതിയുടെ ലക്ഷ്യം 100 ദിവസം തൊഴിൽ ഉറപ്പാക്കലാണെങ്കിലും മൂന്നു ശതമാനത്തിനു മാത്രമാണ് അതുറപ്പായിട്ടുള്ളത്; ഇത് ഫലപ്രദമായാണോ നടപ്പാക്കുന്നത് എന്നതിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു.
♦ പ്രധാൻമന്ത്രി ഫസൽ ബിമയോജന (PMFBY)യ്ക്ക് 14,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ മുഖ്യഗുണഭോക്താക്കൾ സ്വകാര്യ ഇൻഷുറൻസ് കമ്പനികളാണ്; കർഷകർക്കല്ല ഇതിൽനിന്ന് നേട്ടമുണ്ടാകുന്നത്.
♦ ഇത്തരമൊരു ദുരിതകാലത്ത് ജീവശ്വാസമാകേണ്ട ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായുള്ള ബജറ്റ് വകയിരുത്തൽ കഴിഞ്ഞ കുറേയേറെ വർഷങ്ങളായി കുറച്ചുകൊണ്ടിരിക്കുന്നതായാണ് കാണുന്നത്. 2014–15 ൽ മൊത്തം ബജറ്റിന്റെ 1.85 ശതമാനമായിരുന്നത് 2023–24ൽ വെറും 1.33 ശതമാനമായി ഇടിഞ്ഞിരിക്കുന്നു–ഇത് ഈ പദ്ധതി തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ വകയിരുത്തലാണ്. കഴിഞ്ഞവർഷം ഇതിനായി ബജറ്റിൽ വകയിരുത്തിയത് 60,000 കോടി രൂപയാണ്; ഇത് മുൻവർഷത്തേതിനെക്കാൾ 33 ശതമാനം കുറവാണ്. മാത്രമല്ല മൊത്തം ജിഡിപിയുടെ വെറും 0.198% മാത്രവും! 2023–24 ലേക്കുള്ള പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 86,000 കോടി രൂപയായിരുന്നു; എന്നാൽ 2024–25 ലേക്കുള്ള എസ്റ്റിമേറ്റിൽ ഇത് വർധിപ്പിച്ചിട്ടില്ല. ഇതിനെല്ലാമുപരിയായി യൂണിയൻ ഗവൺമെന്റ് പശ്ചിമ ബംഗാൾ സംസ്ഥാനത്തിനു മാത്രം ‘‘കേന്ദ്ര നിർദേശങ്ങൾ അനുസരിക്കുന്നില്ല’’ എന്ന പേരിൽ 7000 കോടി രൂപ കൊടുക്കാൻ ബാക്കിയിട്ടിട്ടുമുണ്ട്. കൂലി കൂടിശ്ശികയായി ആ സംസ്ഥാനത്തിന് കേന്ദ്രം നൽകാനുള്ള 7000 കോടി രൂപയും കൂടി ഉൾപ്പെടുന്നതാണ് ആ തുക. കൂലി ലഭിച്ചിട്ടില്ലാത്ത തൊഴിലാളികൾക്ക് 21 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടതായി വന്നു.
♦ പ്രധാൻമന്ത്രി ഫസൽ ബീമായോജനയ്ക്കുവേണ്ടിയുള്ള ബജറ്റ് വകയിരുത്തൽ 2023–24ലേക്കുള്ള പുതുക്കിയ എസ്റ്റിമേറ്റിലും കുറച്ച് കുറവാണ്. എന്നാൽ അതിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടാകുമെന്ന് സംശയാസ്പദമാണ്. 2022–23 ലെ റാബി വിളവെടുപ്പ് കാലത്ത് 7.8 ലക്ഷം കർഷകർക്ക് 3,878 കോടി എന്ന ചെറിയൊരു തുക മാത്രമാണ് നൽകിയത്. അപേക്ഷകരിൽ ഭൂരിപക്ഷത്തിനെയും ഫലപ്രദമായി പിന്തുണയ്ക്കാൻ ഈ സ്കീമിന് കഴിയുമോയെന്ന കാര്യം തന്നെ സംശയകരമാണ്.
‘‘തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ്’’ എന്ന സമീപനം ഇന്ത്യയിലെ വെെവിധ്യമാർന്ന കർഷകമേഖലയ്ക്ക് അനുയോജ്യമല്ല; പ്രതേ-്യകിച്ചും എൻസിആർബി റിപ്പോർട്ടിൽ 2019 മുതൽ ഭൂരഹിത കർഷകത്തൊഴിലാളികളുടെ ആത്മഹത്യയുടെ എണ്ണം വർധിച്ചു വരികയാണെന്ന് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ. ധനമന്ത്രി അവരുടെ ബജറ്റ് പ്രസംഗത്തിൽ പിഎം കിസാൻ സമ്മാൻ സ്കീമിനെക്കുറിച്ച് പറയുമ്പോൾ ഭൂരഹിത കർഷകത്തൊഴിലാളികളുടെ ആവശ്യങ്ങളെ അവഗണിക്കുകയാണ്; ഇനി ഇതിന്റെ ഗുണഫലം അനുഭവിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നവരുടെ കാര്യത്തിലാകട്ടെ, അതിനുള്ള വകയിരുത്തൽ ഏറെക്കുറെ സ്തംഭനാവസ്ഥയിലാണെന്ന് തോന്നുന്നു. 2023–24 ലേക്കുള്ള ബജറ്റിലും പുതുക്കിയ എസ്റ്റിമേറ്റിലും 2024–25 ലേക്കുള്ള എസ്റ്റിമേറ്റിലുമൊന്നും അതിനായുള്ള വകയിരുത്തലിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല.
♦ കൃഷിയുമായി ശൃംഖലാബന്ധമുള്ള മേഖലകളിൽ (മൃഗസംരക്ഷണം, ബയോമാസ് ഉപയോഗിക്കൽ, വന സംരക്ഷണം തുടങ്ങിയവ) ഇടപെടൽ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ബജറ്റുകൾ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ഇത് മുഖ്യമായും കോർപറേറ്റു മേഖലയിലൂടെയുള്ള ഇടപെടലുകളാണ്. പക്ഷേ, കോർപറേറ്റുകളുടെ ചിന്ത ലാഭത്തെക്കുറിച്ച് മാത്രമാണ്; കർഷകരും സുസ്ഥിരതയുമൊന്നും തന്നെ അവരുടെ ചിന്തയിലില്ല.
മുൻപ് കാർഷികമേഖലയ്ക്കുള്ള പ്രത്യക്ഷ വായ്പകൾക്കും പരോക്ഷ വായ്പകൾക്കും ഉപ പരിധികൾ നിശ്ചയിച്ചിരുന്നു. 2015ൽ ഈ രണ്ടു വിഭാഗങ്ങളെയും ലയിപ്പിച്ചതോടെ 18 ശതമാനം കാർഷിക വായ്പ നൽകണമെന്ന ടാർഗറ്റ് കെെവരിക്കാൻ ബാങ്കുകൾക്ക് എളുപ്പമായി; ഭക്ഷ്യസംസ്കരണ വ്യവസായവും ഇപ്പോൾ കൃഷിയുടെ പരിധിയിലാണ് വരുന്നത്.
♦ 2019ലെ അഖിലേന്ത്യാ വായ്പാ–നിക്ഷേപ സർവെ വെളിപ്പെടുത്തുന്നത്, കൃഷിക്കാർക്ക് അഥവാ ഗ്രാമീണ കുടുംബങ്ങൾക്കുള്ള മൊത്തം വായ്പയിൽ ഔപചാരിക മേഖലയുടെ വിഹിതം ഏറെക്കുറെ 1990കളിലെ അവസ്ഥ തന്നെയാണെന്നാണ്.
♦ സഹകരണമേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ വളരെ കുറച്ച് പരിശ്രമമേ സർക്കാർ നടത്തുന്നുള്ളൂ. സഹകരണമേഖലയെ കെെവശപ്പെടുത്താൻ വാണിജ്യബാങ്കുകൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. മൊത്തം കാർഷിക വായ്പയിൽ 30 ശതമാനം മാത്രമേ ഇപ്പോൾ സഹകരണമേഖലയുടേതായിട്ടുള്ളൂ; 10 വർഷങ്ങൾക്കുമുൻപ് 40 ശതമാനത്തിലധികം ഇതിനായി വിനിയോഗിച്ചിരുന്നു. 2021 ഡിസംബറിൽ പാർലമെന്റിനെ അമിത് ഷാ അറിയിച്ചത് 9 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 44 ബഹു–സംസ്ഥാന സഹകരണ സംഘങ്ങൾ ധനപരമായ ദുർഭരണം മൂലം അടച്ചുപൂട്ടപ്പെട്ടുവെന്നാണ്.
മുൻഗണനാ മേഖലയ്ക്കുള്ള വായ്പ സംബന്ധിച്ച മാനദണ്ഡങ്ങൾ റിസർവ് ബാങ്ക് വീണ്ടും ഒരിക്കൽക്കൂടി പുതുക്കി; ഈ തവണ സ്റ്റാർട്ട് –അപ്പുകളെയും കൂടി (50 കോടി രൂപ വരെ നിക്ഷേപമുള്ളവ) ഉൾപ്പെടുത്തി; സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള വായ്പകളും ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുളള വായ്പകളും മുൻഗണനാ വായ്പകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഇതിനും പുറമെ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനെെസേഷനുകളുടെയും (എഫ്പിഒ), ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനികളുടെയും (എഫ്പിസി) വായ്പാപരിധികൾ വർധിപ്പിച്ചിരിക്കുകയുമാണ്. ‘‘ഈ മാറ്റങ്ങൾ ഉയർന്നുവരുന്ന ദേശീയ മുൻഗണനകൾക്കൊത്തു നീങ്ങുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും വേണ്ടി കൊണ്ടുവന്നതാണെന്നും എല്ലാ ഇടപാടുകാരുമായും വിപുലമായ ചർച്ചയ്ക്കു ശേഷമാണ് മാറ്റങ്ങൾ വരുത്തിയതെന്നും’’ പ്രസ്താവിച്ച റിസർവ് ബാങ്ക് ഈ മാറ്റങ്ങൾ സന്ദർഭോചിതമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഈ ‘‘ഇടപാടുകാർ’’ ആരെല്ലാമാണെന്ന് ആർക്കും അറിയില്ല. എന്തായാലും കർഷകരോ ദുർബലവിഭാഗങ്ങളോ അല്ല!
♦ വളരെ കുറച്ചു പേർക്കു മാത്രം ഗുണം ചെയ്യുന്ന പ്രായപരിധി മൂലം തികച്ചും അപര്യാപ്തമാണെന്നേ കർഷകർക്കായുള്ള പെൻഷൻ സ്കീമിനെ പരിഗണിക്കാനാവൂ.
ഹെെലെെറ്റുകൾ
മോദി ഗവൺമെന്റ് കൊണ്ടുവന്ന കർഷകനിയമത്തിനെതിരായ ഐതിഹാസികമായ കർഷകപ്രക്ഷോഭം ഇന്ത്യൻ കർഷക സമൂഹത്തെ സംബന്ധിച്ച് ‘‘1991 ലെ മുഹൂർത്തം’’ എന്ന് കൊട്ടിഘോഷിച്ചതിനെ ചെറുത്തുതോൽപ്പിക്കുകയുണ്ടായി. ഇൗ നിയമങ്ങൾ ഭരണകൂട നിയന്ത്രിതമായ ഇടനില ഒഴിവാക്കി പകരം കർഷകർ സ്വകാര്യ കോർപറേഷനുകളുമായി നേരിട്ട് കൂടിയാലോചന നടത്താൻ നിർബന്ധിതമാക്കുന്നതായിരുന്നു. 750 കർഷകരുടെ രക്തസാക്ഷിത്വത്തിനും ഒരു വർഷം നീണ്ടുനിന്ന ഉശിരൻ പോരാട്ടത്തിനും ഒടുവിൽ സർക്കാരിന് ആ നിയമങ്ങൾ പിൻവലിക്കേണ്ടതായി വന്നു.
കാർഷിക– കർഷകക്ഷേമത്തിനായുള്ള കേന്ദ്ര മന്ത്രാലയത്തിനു കീഴിൽ 20 സ്കീമുകളുണ്ടായിരുന്നു; എന്നാൽ ഇപ്പോൾ മൂന്നെണ്ണം മാത്രമേ നിലവിലുള്ളൂ. മൃഗസംരക്ഷണ മന്ത്രാലയം കോ ഓപ്പറേറ്റീവ്സ് ആന്റ് നാഷണൽ ഡയറി പ്ലാൻ രണ്ടിലൂടെ ക്ഷീരമേഖലപോലെയുള്ള പല പ്രധാന പദ്ധതികളും റദ്ദാക്കിയിരിക്കുകയാണ്. ഇപ്പോൾ 20 സ്കീമുകളിൽ മൂന്നെണ്ണം മാത്രം–കൃഷോന്നതി യോജന, കാർഷിക സഹകരണ സംഘങ്ങൾക്കായുള്ള സംയോജിത പദ്ധതി, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നിവ മാത്രമേ കൃഷി മന്ത്രാലയത്തിൽ നിലവിലുള്ളൂ.
കർഷകർക്ക് വായ്പ: എന്താണ് യാഥാർഥ്യം? ♦ കാർഷിക വായ്പയുടെ ഏറ്റവും വലിയ വിഹിതം കൃഷിപ്പണി ഏറ്റവും കുറഞ്ഞ മാസങ്ങളിലാണ് നൽകപ്പെടുന്നത് (അതായത് ധനകാര്യവർഷത്തിന്റെ അവസാന പാദത്തിൽ); അതേ സമയം കൃഷിപ്പണികൾ ഏറ്റവുംമധികം നടക്കുന്ന കാലത്ത് വളരെ കുറച്ചു മാത്രമേ നൽകുന്നുള്ളൂ. കാർഷികമേഖലയിലെ മൂലധന രൂപീകരണവവും കാർഷികവായ്പയും തമ്മിലുള്ള ബന്ധം കാര്യമായി കുറഞ്ഞിരിക്കുകയാണ്. |
♦ മുൻഗണനാ മേഖലയ്ക്ക് വകയിരുത്തപ്പെട്ടിട്ടുള്ള 40 ശതമാനം വായ്പയിൽ 18 ശതമാനത്തെ മാത്രമേ കാർഷിക വായ്പയായി പരിഗണിക്കാനാവൂ. ഇതിൽ തന്നെ 13.5 ശതമാനത്തെ പ്രത്യക്ഷ വായ്പകളായും 4.5 ശതമാനത്തെ പരോക്ഷ വായ്പകളായും പിന്നെയും വേർതിരിച്ചിരിക്കുന്നു. ഈ വേർതിരിക്കലിനെ ഇപ്പോൾ നീക്കിയിരിക്കുകയാണ്. ആയതിനാൽ ഇൗ 18 ശതമാനത്തെയും പരോക്ഷ വായ്പയായി കണക്കാക്കി വൻകിട കോർപറേഷനുകൾക്ക് നൽകുന്നു; എന്നാൽ സാങ്കേതികമായി ഇപ്പോഴും അതിനെ കർഷകർക്കുള്ള വായ്പയായാണ് കണക്കാക്കുന്നത്.
♦ സമീപകാലത്തെ ചട്ടങ്ങൾ ബാങ്കുകളെ അന്താരാഷ്ട്ര തലത്തിലോ സ്വകാര്യബാങ്കുകൾക്കോ തങ്ങളുടെ ടാർഗറ്റുകൾ നേടാനായി മുൻഗണനാ മേഖലകൾക്കുള്ള വായ്പകളായി കെെമാറാൻ അനുവദിക്കുന്നു. ഉദാഹരണത്തിന്, ഒരു പൊതുമേഖലാ ബാങ്ക്, ടാർഗറ്റിന്റെ 45 ശതമാനം കെെവരിക്കുകയും സ്വകാര്യമേഖലയിലെ ഒരു ബാങ്ക് 35 ശതമാനം ടാർഗറ്റ് മാത്രം കെെവരിക്കുകയുമാണെങ്കിൽ, (ഇതിനും 40% ടാർഗറ്റുണ്ട്) പൊതുമേഖലാ ബാങ്കിൽ അത് നേടിയ 5 ശതമാനം പോർട്ടുഫോളിയോ സ്വകാര്യബാങ്കുകൾക്ക് കെെമാറാം. ഈ ചുവടുമാറ്റം പൊതുമേഖലാ ബാങ്കുകൾക്കു മേൽ വലിയ സമ്മർദമുണ്ടാക്കുകയാണ്; കുറഞ്ഞ മാർജിൻ മാത്രമുള്ള വായ്പകൾ പൊതുമേഖലയ്ക്കും സ്വകാര്യബാങ്കുകൾക്ക് കുറച്ചു മാത്രം ജീവനക്കാരെ ഉപയോഗിച്ച് തങ്ങളുടെ ടാർഗറ്റ് നേടാനും വമ്പിച്ച ലാഭമുണ്ടാക്കാനും കഴിയുന്നു.
♦ സാധാരണ നഗരങ്ങളിലെയും മഹാനഗരങ്ങളിലെയും (മെട്രോപൊളിറ്റൻ) ബ്രാഞ്ചുകളിലൂടെ, ഗ്രാമീണ ബ്രാഞ്ചുകളിലൂടെ നൽകപ്പെടുന്നതിലും അധികം വായ്പകൾ (ഏറെക്കുറെ മൊത്തം വായ്പകളുടെ മൂന്നിലൊന്നും) നൽകപ്പെടുന്നു.
2019ലെ ബിജെപി മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ കർഷകർക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ഗവൺമെന്റ് നൽകുന്നില്ല.
♦ നവലിബറൽ വാഴ്ചയെത്തുടർന്നുണ്ടായ, ദശകങ്ങളായുള്ള വളർച്ചാഭ്രമം കാലാവസ്ഥാ പ്രതിസന്ധിയെ രൂക്ഷമാക്കിയിരിക്കുകയാണ്; ഇത് ദുരിതത്തിൽ കഴിയുന്ന കർഷകർക്ക് മറ്റൊരു ഭീഷണി ആയിരിക്കുന്നു. കാലാവസ്ഥവ്യതിയാനം മൂലമുള്ള ഉഷ്ണതരംഗങ്ങൾ കാരണമുണ്ടാകുന്ന വിളത്തകർച്ച, ആദായക്കുറവ്, വിനാശകരമായ മറ്റ് അനന്തരഫലങ്ങൾ എന്നിവ.
♦ സാമ്പത്തികബാധ്യതകൾക്കെതിരായ നിരന്തര സമരത്തിനും കടുത്ത അനിശ്ചിതത്വങ്ങൾക്കുമൊപ്പം കുതിച്ചുയരുന്ന വിലക്കയറ്റവും ജീവിതച്ചെലവ് പ്രതിസന്ധിയും മൂലം നയങ്ങളിൽ മൗലികമായ വ്യതിയാനം ആവശ്യമായി വരുന്നു; ഈ സംഹാര താണ്ഡവത്തിന് അറുതി വരുത്തണമെന്നുണ്ടെങ്കിൽ നയം മാറ്റം കൂടിയേ തീരു. സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതുപോലെ, പ്രശ്നത്തിന്റെ മൂലകാരണം തേടിപ്പോകുന്നതിനു പകരം വെറും തൊലിപ്പുറമേയുള്ള – മരണപ്പെടുന്നവരുടെ കുടുംബത്തിന് നൽകുന്ന മരണാനന്തര നഷ്ടപരിഹാരം പോലെയുള്ള – നടപടികൾ പ്രശ്ന പരിഹാരത്തിനു പര്യാപ്തമല്ല.
വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ, മിനിമം താങ്ങുവില കൊണ്ട് ചെറുകിട കർഷകരെ കടബാധ്യതയിൽ നിന്നും സംരക്ഷിക്കാനാവില്ല. സ്വാമിനാഥൻ കമ്മീഷൻ ശുപാർശയ്ക്കൊപ്പം മിനിമം താങ്ങുവില ഉയർത്തുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുമുള്ള 2014ലെ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. ♦