Friday, May 3, 2024

ad

Homeപുസ്തകംപോരാട്ടത്തിന്റെ പുസ്തകം

പോരാട്ടത്തിന്റെ പുസ്തകം

ശ്രീജിത്ത് ശിവരാമൻ

2023 ഒക്ടോബർ 3 നാണ് ശാസ്ത്രപ്രചാരകനും, ന്യൂസ്‌ക്ലിക്ക് എഡിറ്ററും, ജൈവബുദ്ധിജീവിയുമായ പ്രബീർ പുർകായസ്ഥയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനു മുന്നേ തന്നെ ന്യൂസ് ക്ലിക്കിനു നേരെയുള്ള അന്വേഷണങ്ങളും റെയ്ഡുകളും തുടങ്ങിയിരുന്നു. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം മോഡി സർക്കാരിന്റെ പ്രൊപ്പഗണ്ടാ ഏജൻസികൾ മാത്രമായി അനുസരണയോടെ വാലാട്ടി നിൽക്കുന്ന കാലത്താണ് ,ന്യൂസ് ക്ലിക്ക് പോലുള്ള താരതമ്യേന ചെറിയ സംരംഭങ്ങൾ ജനങ്ങളുടെ സത്യസ്രോതസ്സായി മാറിയത്. ഡൽഹിയിലെ കർഷക സമരത്തെ കുറിച്ച് ഏറ്റവും സമഗ്രമായ കവറേജ് നൽകിയതും, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ജീവിതാവസ്ഥകളെ തുറന്നുകാട്ടിയതും ന്യൂസ് ക്ലിക്കിനെതിരെ തിരിയാൻ മോഡി ഭരണകൂടത്തെ പ്രേരിപ്പിച്ചു. അതാണ് ഒടുവിൽ പ്രബീർ പുർകായസ്ഥയുടെ അറസ്റ്റിലേക്ക് നയിച്ചത്. ഈ കാലയളവിൽ പ്രബീറിന്റെ ആത്മകഥ ” കീപ്പിംഗ് അപ്പ് ദി ഗുഡ് ഫൈറ്റ്’ എന്നപേരിൽ ലെഫ്റ്റ് വേഡ് ബുക്-സ് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത പുസ്തകത്തിന്റെ മലയാള പരിഭാഷ “പോരാട്ടം തുടരുക’ ഇപ്പോൾ ചിന്ത പബ്ലിഷേഴ്സ്- ഇറക്കിയിരിക്കുകയാണ്. ശില്പ ഷാജി, അഭിവാദ് എം എസ്, ശരത്കുമാർ ജി എൽ എന്നിവരാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്.

ഏതാണ്ട് സ്വതന്ത്ര ഇന്ത്യയുടെ തന്നെ പ്രായമാണ് പ്രബീറിനും അതുകൊണ്ടുതന്നെ പ്രബീറിന്റെ ജീവിതകഥയ്ക്ക് ഇന്ത്യൻ ജനാധിപത്യം നേരിട്ട പ്രധാന വെല്ലുവിളികളുടെയെല്ലാം അനുഭവക്കരുത്തുമുണ്ട്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം അതിനെതിരായ വിദ്യാർത്ഥി പോരാട്ടങ്ങളുടെ പ്രധാനകേന്ദ്രമായിരുന്നു ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി. ഇന്ദിരയുടെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ മൂക്കിന് കീഴെ വിദ്യാർത്ഥികൾ അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. എസ് എഫ് ഐ നേതാക്കളായിരുന്ന പ്രകാശ് കാരാട്ട് , സീതാറാം യെച്ചൂരി , ഡി പി ത്രിപാഠി , അശോക്- ജെയിൻ തുടങ്ങിയവർക്കൊപ്പം പ്രബീറും ഈ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 1975 സെപ്തംബർ 25 നാണ് ജെ എൻ യു ക്യാമ്പസിനകത്ത് അതിക്രമിച്ചു കയറി പോലീസ് പ്രബീറിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഒരുവർഷക്കാലം അദ്ദേഹത്തെ മിസ തടവുകാരനായി തിഹാർ ജയിലിൽ പാർപ്പിച്ചു. ഏതാണ്ട് അൻപതു വർഷത്തിനുശേഷം 2021 ഫെബ്രുവരി 9 ന് പ്രബീർ എഡിറ്ററായ ന്യൂസ് ക്ലിക്കിന്റെ ഡൽഹിയിലെ ഓഫീസ് മോദി ഭരണകൂടത്തിന്റെ വേട്ടപ്പട്ടിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തു. ന്യൂസ് ക്ലിക്കിന്റെ വളരെ ചെറിയ ഓഫീസിൽ 113 മണിക്കൂറാണ് ഇ ഡി റെയ്ഡ് നടത്തിയത്. ഒരു “തെളിവും’ ഇല്ലായെന്ന് അവർക്കു തന്നെ അറിയാവുന്നതിനാൽ ആ മാധ്യമസ്ഥാപനത്തിന്റെ പ്രവർത്തനത്തെ പരമാവധി തടസ്സപ്പെടുത്തുക എന്നതായിരുന്നു ഇ ഡിയുടെ ലക്‌ഷ്യം. ഇങ്ങനെ രണ്ടു വ്യത്യസ്ത ചരിത്രസന്ദർഭങ്ങളിൽ ഇന്ത്യൻ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും എത്തിപ്പെട്ട പ്രതിസന്ധികളെ നേരിട്ടറിഞ്ഞ ഒരാളാണ് പ്രബീർ പുർകായസ്ഥ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജീവിതകഥ ഒരു ജനാധിപത്യരാജ്യത്തിന്റെ വികാസപരിണാമങ്ങളുടെ കൂടെ നേർസാക്ഷ്യമായി വികസിക്കുന്നു.

ബംഗാളിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിലായിരുന്നു പ്രബീറിന്റെ ജനനം. കസ്റ്റംസിലെ ഉദ്യോഗസ്ഥനായ അമൂല്യ പുർകായസ്ഥയുടെയും സംയുക്തയുടെയും മകനായ പ്രബീറിന്റെ ബാല്യം രോഗാതുരവും ഏകാന്തവുമായിരുന്നു. അച്ഛന്റെ സ്ഥലംമാറ്റങ്ങൾക്ക് അനുസരിച്ച് പ്രബീറിന്റെ വിദ്യാഭ്യാസവും ചലിച്ചു. ബംഗാളിനെ ത്രസിപ്പിച്ച കർഷക സമരങ്ങളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും നക്സലൈറ്റ് മുന്നേറ്റവുമെല്ലാം നടക്കുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും. ഏകാന്തതയെ മറികടക്കാൻ വായനയിൽ അഭയം തേടിയ പ്രബീർ പതിയെ ഇടതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ് താൻ ആദ്യം വായിച്ച മാർക്സിസ്റ്റ് പുസ്തകം എന്നും അതുവരെയുണ്ടായിരുന്ന തന്റെ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു ആ വായനാനുഭവം എന്നും പ്രബീർ ഓർക്കുന്നു. ബംഗാൾ എൻജിനിയറിംഗ് കോളേജിലെ പഠനകാലത്താണ് വിദ്യാർത്ഥി പ്രസ്ഥാനവുമായി അദ്ദേഹം അടുക്കുന്നത്. അക്കാലത്തെ ഒരനുഭവം പ്രബീർ സവിശേഷമായി പറയുന്നുണ്ട്: മാവോയുടെ സാംസ്കാരിക വിപ്ലവത്തിൽ ആകൃഷ്ടരായി കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾ കത്തിക്കാൻ വന്ന നക്സലൈറ്റ് വിദ്യാർത്ഥികളെ സ്റ്റുഡന്റസ് ഫെഡറേഷന്റെ നേതൃത്വത്തിൽ തടഞ്ഞതായിരുന്നു അത്. എത്രമാത്രം ഉപരിപ്ലവമായിരുന്നു ഇന്ത്യയിലെ നക്സൽ മുന്നേറ്റത്തിന്റെ ചില ചിന്തകൾ എന്ന് ഈ അനുഭവം പ്രബീറിനെ ബോധ്യപ്പെടുത്തി. നക്സൽ വിദ്യാർത്ഥികൾ ഏറ്റവുമധികം ആക്രമിച്ചതും സ്റ്റുഡന്റസ് ഫെഡറേഷൻ പ്രവർത്തകരെയാണ്. തന്റെ ഏറ്റവും അടുത്ത സഖാവിനെ നക്സലുകൾ കൊലപ്പെടുത്തിയതും മറ്റൊരു സഖാവിനെ ക്രൂരമായി ആക്രമിച്ചതും അദ്ദേഹം ഓർക്കുന്നു. ഈ കാലയളവിലാണ് കർഷക നേതാവും പിന്നീട് കർഷകസംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ഹരേകൃഷ്ണ കോനാറിന്റെ ഒരു പൊതുപ്രസംഗം പ്രബീർ കേൾക്കുന്നത്. ലളിതസുന്ദരമായ ഭാഷയിൽ ബംഗാളിലെ വർഗ്ഗവിഭജനത്തെയും ചൂഷണത്തെയും കുറിച്ച് കോനാർ നടത്തിയ പ്രസംഗമാണ് തന്നെ ഒരർത്ഥത്തിൽ പൂർണമായ മാർക്സിസ്റ്റ് ആക്കിയതെന്ന് പ്രബീർ ഓർക്കുന്നു. പഠനത്തിനു ശേഷം കാൺപൂരിലെ ഒരു എൻജിനിയറിംഗ് കമ്പനിയിൽ ജോലിചെയ്ത സമയത്ത് ജാതി എങ്ങനെയാണ് ഇന്ത്യൻ മുതലാളിത്തത്തിൽ ഇഴുകിച്ചേർന്നു പ്രവർത്തിക്കുന്നത് എന്നതിന്റെ നേരനുഭവങ്ങൾ പ്രബീർ മനസ്സിലാക്കുന്നു. തുടർന്ന് മാസ്‌റ്റേഴ്‌സ് പഠനത്തിനായി അദ്ദേഹം അലഹബാദിൽ എത്തുന്നു. അലഹബാദിലെ വിദ്യാർത്ഥിജീവിതത്തിൽ നിന്നാണ് ബംഗാളിൽ നിന്ന് തികച്ചും വിഭിന്നമായ രാഷ്ട്രീയത്തെ നേരിട്ടനുഭവിക്കുകയും അതിൽ ഇടപെടുകയും ചെയ്യുന്നത്. ഡി പി ത്രിപാഠി ഉൾപ്പെടെയുള്ള സഖാക്കളെ പരിചയപ്പെടുകയും ചെയ്യുന്നത് ഇവിടുന്നു തന്നെ.

ഡി പി ത്രിപാഠി ഉൾപ്പെടയുള്ള സഖാക്കളുടെ പ്രേരണയും കമ്പ്യൂട്ടർ സയൻസ് പഠനത്തിനുള്ള സാധ്യതയും പരിഗണിച്ചാണ് പ്രബീർ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ എത്തുന്നത്. അവിടുത്തെ തിളച്ചുമറിയുന്ന രാഷ്ട്രീയ അന്തരീക്ഷം പ്രബീറിനെ ഊതിക്കാച്ചിയെടുത്തു. തന്റെ ജീവിതസഖിയായ കവിതയെ പരിചയപ്പെടുന്നതും അവരിരുവരും മുഴുവൻ സമയ സംഘടനാ പ്രവർത്തകരാകാൻ തീരുമാനിക്കുന്നതും ഇവിടുന്നു തന്നെ. ഈ കാലയളവിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതും പ്രബീർ ജയിലിലാകുന്നതും. തിഹാർ ജയിലും പ്രബീറിന് ഒരു രാഷ്ട്രീയ പാഠശാലയായിരുന്നു. സോഷ്യലിസ്റ്റുകൾ, ജനസംഘക്കാർ, ആർഎസ്എസ്സുകാർ, കുറ്റവാളികൾ തുടങ്ങി നാനാവിധ മനുഷ്യരുമായും അവരുടെ ചിന്തകളുമായും അദ്ദേഹം സംവദിച്ചു. വളരെ വിപുലമായ ഒരധ്യായം തന്നെ തന്റെ അടിയന്തരാവസ്ഥാനുഭവങ്ങളെ വിശദീകരിക്കാൻ പ്രബീർ ഉപയോഗിക്കുന്നുണ്ട്-. കവിതയുമായുമുള്ള വിവാഹവും തുടർന്ന് കവിത പൂർണസമയ പാർട്ടി പ്രവർത്തകയാകുന്നതും, സി പി ഐ എമ്മിന്റെ ഡൽഹി സംസ്ഥാനകമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകുന്നതും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളാകുന്നതുമെല്ലാം പ്രബീർ ഓർത്തെടുക്കുന്നു. അതിനൊപ്പമാണ് പ്രബീറിനെ പിടിച്ചുകുലുക്കിയ ദുരന്തമായി ചെറുപ്രായത്തിൽ തന്നെയുള്ള കവിതയുടെ മരണം.

അടിയന്തരാവസ്ഥയ്-ക്ക് ശേഷമുള്ള കാലം ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ സംഘാടകനായും പാർട്ടി പ്രവർത്തകനായും കമ്പ്യൂട്ടർ വിദഗ്ധനായുമെല്ലാം പ്രബീർ പ്രവർത്തിക്കുന്നു. അടിയന്തരാവസ്ഥയ-‍-്-ക്ക് ശേഷം ഉണ്ടായ രാഷ്ട്രീയ അന്തരീക്ഷത്തെയും ജനതാപാർട്ടിയുടെ പരിമിതികളെയുമെല്ലാം വിശദമായി തന്നെ പുസ്തകം വിശകലനം ചെയ്യുന്നു . ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം ഡൽഹിയിൽ കോൺഗ്രസ്സ് – സംഘപരിവാർ നേതൃത്വത്തിൽ അരങ്ങേറിയ സിഖ് കൂട്ടക്കൊലയെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളും വിശദമായിത്തന്നെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ രൂപീകരണം , ആണവക്കരാറുമായി ബന്ധപ്പെട്ട സംവാദങ്ങളും ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പുകളുമെല്ലാം പുസ്തകത്തിലെ ഓർമ്മപ്പെടുത്തലുകളാണ്.

ജനാധിപത്യാവകാശങ്ങൾക്കായുള്ള സ്വതന്ത്ര ഇന്ത്യയുടെ പോരാട്ടങ്ങളുടെ ചരിത്രം ഒരു വ്യക്തിയുടെ പോരാട്ട ജീവിതത്തോട് കൂട്ടിയിണക്കപ്പെടുന്ന അപൂർവതയാണ് ‘പോരാട്ടം തുടരുക’ എന്ന പ്രബീർ പുർകായസ്ഥയുടെ ആത്മകഥയ്ക്കുള്ളത്. മുഖ്യധാരാ മാധ്യമങ്ങൾ സമ്പൂർണമായി കോർപ്പറേറ്റ് ഹിന്ദുത്വ അച്ചുതണ്ടിന്റെ വിനീതവിധേയരായി കൈയും കെട്ടി നിൽക്കുന്ന കാലത്താണ് പ്രബീറും ന്യൂസ് ക്ലിക്കും വേട്ടയാടപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ വാങ്ങലും വായനയും ധീരമായ മാധ്യമപ്രവർത്തനത്തോടുള്ള ഐക്യദാർഢ്യപ്പെടൽ കൂടിയാകുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 3 =

Most Popular