അഴിമതിയിൽ മുങ്ങിക്കുളിച്ച രണ്ടാം യുപിഎ സർക്കാരാണ് മോദിക്ക് അധികാരത്തിലെത്താൻ വഴിതെളിച്ചത് – 2 ജി സ്പെക്-ട്രം, കൽക്കരിപ്പാട കുംഭകോണം, കൃഷ്ണ -– ഗോദാവരി നദീതടത്തിലെ പ്രകൃതി വാതക നിഷേപം അംബാനിക്ക് കൊള്ളയടിക്കാൻ വിട്ടുകൊടുത്തത് ഇങ്ങനെ നീണ്ടനിര അഴിമതികളാണ് വേറിട്ട ഭരണം പ്രതിജ്ഞ ചെയ്ത ബിജെപിയെ 2014ൽ അധികാരത്തിലെത്തിച്ചത്. എന്നാൽ ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായ കാലത്തെ കുംഭകോണങ്ങൾ, വാജ്പേയ് ഭരണകാലത്തെ എൻറോൺ അഴിമതിയും ശവപ്പെട്ടി കുംഭകോണവും പ്രതിരോധോപകരണ ഇടപാടുകളിലെ വമ്പൻ അഴിമതികളുമെല്ലാം മോദിയെ അധികാരത്തിലെത്തിക്കാനായി കോർപറേറ്റുകൾ നടത്തിയ പ്രചണ്ഡമായ പ്രചാരണത്തിലൂടെ മൂടിവയ്ക്കപ്പെട്ടു.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന ശതകോടികളുടെ കൊള്ളകൾ തുറന്നുകാണിക്കുന്ന സിഎജി റിപ്പോർട്ടുകൾ നിയമസഭയിൽ ചർച്ചയ്ക്കെടുക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ ബഹളങ്ങളിലും കൂട്ടത്തല്ലിലും മുക്കി ഒതുക്കിയ ചരിത്രവും മൂടിവയ്ക്കപ്പെടുകയായിരുന്നു. എന്നാൽ 2014 മുതലുള്ള മോദിയുടെ ദശകം കോൺഗ്രസിന്റെ ഭരണകാലങ്ങളെയും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മുൻ ബിജെപി ഭരണകാലങ്ങളെയുമെല്ലാം അഴിമതിയുടെ കാര്യത്തിൽ കടത്തിവെട്ടുന്നതാണ്. ശരിക്കുമുള്ള ‘‘മോദിയുടെ ഗ്യാരന്റി’’ അഴിമതിയാണ് – കോർപ്പറേറ്റ് കൊള്ളകൾക്കാണ് മോദിയുടെ ഗ്യാരന്റി.
അദാനി പവർ കുംഭകോണം
മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തും മുൻപ് നടന്ന ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ബിജെപി (ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഒത്താശയോടെ നടന്നത്) ഭരണകാലത്ത് നടന്നതാണ് അദാനി പവർ കുംഭകോണം. വെെദ്യുതി ഉൽപാദിപ്പിക്കാനുള്ള യന്ത്രങ്ങൾ, ഗൗതം അദാനി അദ്ദേഹത്തിന്റെ സഹോദരൻ വിനോദ് അദാനിയുടെ മൗറീഷ്യസിലെയും ദുബായിലെയും വ്യാജ കമ്പനികൾ വഴി അമിത വിലയ്ക്ക് വാങ്ങിയതായി കാണിച്ച് മഹാരാഷ്ട്ര സർക്കാരിൽനിന്ന് 10,000 കോടി രൂപ തട്ടിയെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഈ വൻകൊള്ള ചൂണ്ടിക്കാണിച്ചുവെങ്കിലും 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മോദി സർക്കാർ അതു സംബന്ധിച്ച അനേ-്വഷണം അവസാനിപ്പിച്ചു.
മോദി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ കൊള്ളകൾ:
കൃഷ്ണ – ഗോദാവരി തടത്തിലെ പ്രകൃതി വാതകക്കൊള്ള
ഇത് കേന്ദ്രത്തിലെ കോൺഗ്രസ് ഭരണത്തിന്റെയും ഗുജറാത്തിലെ മോദി വാഴ്ചയുടെയും കൂട്ടുകൊള്ളയാണ്. 2005ൽ മോദി മുഖ്യമന്ത്രിയായിരിക്കെയാണ് കൃഷ്ണ – ഗോദാവരി തടത്തിൽ 2,20,000 കോടി രൂപയുടെ പ്രകൃതി വാതക ശേഖരം കണ്ടെത്തിയത്. അവിടെനിന്നും വാതക ഖനനാനുമതി നേടിയ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷൻ അതിനായി 19,567 കോടി രൂപയാണ് മുടക്കിയത്. 2007 മുതൽ ഉൽപാദനം ആരംഭിക്കുമെന്നും അവകാശപ്പെട്ടു. എന്നാൽ ഒരു ക്യുബിക് അടി പ്രകൃതി വാതകം പോലും ഉൽപ്പാദിപ്പിക്കാൻ കഴിയാതെ റിലയൻസിന് കെെമാറുകയാണുണ്ടായത്. പിന്നീട് അംബാനിമാർക്ക് കൊള്ളയടിക്കാനായി കേന്ദ്ര സർക്കാർ റിലയൻസിന് അത് കെെമാറി. 2016ൽ സിഎജിയുടെ റിപ്പോർട്ടിൽ ഇതെല്ലാം വിവരിച്ചെങ്കിലും ചർച്ചയോ അനേ-്വഷണമോ കൂടാതെ മോദി മൂടിവയ്ക്കുകയാണുണ്ടായത്.
ടാറ്റാ നാനോയ്ക്ക് ഭൂമി
മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് ടാറ്റയുടെ നാനോ കാർ ഫാക്ടറിക്കുവേണ്ടി ഗുജറാത്തിൽ ടാറ്റാ മോട്ടോഴ്സ് കമ്പനിക്ക് 1,110 ഏക്കർ ഭൂമി അനുവദിച്ചത്. ഒരു ചതുരശ്ര മീറ്റർ ഭൂമിക്ക് 10,000 രൂപ വിപണിവില ഉണ്ടായിരുന്നപ്പോൾ വെറും 900 രൂപയ്ക്കാണ് ടാറ്റയ്ക്ക് ഭൂമി തീറ് നൽകിയത്. അതും കർഷകരിൽനിന്ന് പിടിച്ചെടുത്ത കൃഷി ഭൂമി. ഈ ഇടപാടിലൂടെ ടാറ്റയ്ക്ക് 30,000 കോടി രൂപയുടെ നേട്ടമുണ്ടായി. അതായത് ഗുജറാത്ത് സർക്കാരിന് അത്രയും തുകയുടെ നഷ്ടമുണ്ടായി.
റാഫേൽ അഴിമതി
അനിൽ അംബാനിക്ക് മോദി വക സമ്മാനം
ഹിന്ദുസ്ഥാൻ ഏറോനോട്ടിക് ലിമിറ്റഡുമായുള്ള യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ മോദി സർക്കാർ റദ്ദാക്കുന്നതിന് 15 ദിവസം മുൻപാണ്, അതായത് 2015 മാർച്ച് 26ന്, ഫ്രഞ്ച് കമ്പനിയായ ദസോൾട്ടും റിലയൻസും തമ്മിൽ ആദ്യം സമ്മതപത്രം ഒപ്പുവെച്ചതായി ഫ്രഞ്ച് വാർത്താ പോർട്ടലായ മീഡിയ റിപ്പോർട്ട് ചെയ്തു. അതായത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കുമായി ഫ്രഞ്ച് കമ്പനിയിൽനിന്ന് റാഫേൽ യുദ്ധ വിമാനം വാങ്ങാനുള്ള കരാർ റദ്ദാക്കുമെന്ന് കൃത്യമായി അറിഞ്ഞാണ് അതിൽ അംബാനി ദസോൾട്ടുമായി ധാരണാപത്രം ഒപ്പുവെച്ചത്.
യുപിഎ സർക്കാരിന്റെ കാലത്ത് ഫ്രഞ്ച് കമ്പനിയുമായി ഒപ്പുവെച്ച യുദ്ധവിമാനം വാങ്ങാനുള്ള കരാറാണ് മോദി റദ്ദാക്കിയത്. സാമ്പത്തികമായി തകർന്ന് പാപ്പരായി നിന്ന അനിൽ അംബാനിക്ക് കരകയറാനുള്ള വഴിയൊരുക്കുകയായിരുന്നു മോദി. അതിനായി മോദി നേരിട്ട് ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി 2015ൽ പാരീസിലെത്തി ഡീലുറപ്പിക്കുകയാണ് ചെയ്തത്. മോദിയുടെ പാരീസ് സന്ദർശനത്തിനു തൊട്ടുപിന്നാലെ 15.1 കോടി യൂറോയുടെ നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനും ബന്ധപ്പെട്ട വകുപ്പുകൾക്കും അനിൽ അംബാനി അയച്ച കത്ത് മീഡിയ പാർട്ട് പുറത്തുവിട്ടു.
2023 ജൂലെെ 25ലെ ഒരു നയതന്ത്ര കുറിപ്പിൽ ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലിനയിൽ ഇന്ത്യയുമായി ചേർന്ന് ക്രിമിനൽ കേസുകൾ അനേ-്വഷിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. റഫേൽ യുദ്ധ വിമാന ഇടപാടു സംബന്ധിച്ച അഴിമതി ആരോപണങ്ങൾ അനേ-്വഷിക്കുന്നതിന് മോദി സർക്കാർ ഇടങ്കോലിടുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് അംബാസിഡറുടെ നയതന്ത്ര കത്തിനെ കാണേണ്ടത്. ഈ കത്തും മീഡിയാ പാർട്ട് പുറത്തുവിട്ടിട്ടുണ്ട്.
ഫ്രഞ്ച് അംബാസിഡറുടെ വാക്കുകൾ ഇങ്ങനെ:
‘‘നമ്മുടെ പങ്കാളിയായ ഇന്ത്യ പല കേസുകളും കെെകാര്യം ചെയ്യുന്നത് കാലതാമസം വരുത്തിക്കൊണ്ടും അപൂർണമായുമാണ്’’. ♦