Friday, May 3, 2024

ad

Homeമാധ്യമ നുണകള്‍ബോണ്ടയും 
കുചേലന്റെ അവിലും

ബോണ്ടയും 
കുചേലന്റെ അവിലും

ഗൗരി

ലോക്കർ തുറന്നപ്പോൾ മനോരമയ്ക്ക് പണി കിട്ടി. പത്ത് ലക്ഷം രൂപയ പോകത്തുള്ളൂ. എന്നാലും എത്രയോ നുണ വ്യാപാരം നടത്തുമ്പോഴാണ് വല്ലപ്പോഴും ഇങ്ങനെ പണികിട്ടുന്നത്. സാരമില്ല സാറെ! കണ്ണൂർ സബ് കോടതിയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്ക്കെതിരെ വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന് മനോരമ പത്ത് ലക്ഷം രൂപ ആറ് ശതമാനം പലിശയും കോടതി ചെലവും സഹിതം നഷ്ടപരിഹാരം നൽകണമെന്ന് മാർച്ച് 24ന് വിധിച്ചത്. കോവിഡ് കാലത്ത് ഒരു വ്യാജനെ ഒന്നാം പേജിൽ കിടു ഐറ്റമായി പ്രതിഷ്ഠിച്ചതിനാണ് ഇപ്പോൾ പണി കിട്ടിയത്. പലനാൾ കള്ളൻ ഒരു നാൾപെടുമെന്നാണല്ലോ ചൊല്ല് ! എന്തായാലും തങ്ങൾക്ക് പണികിട്ടിയ വാർത്ത മാർച്ച് 24ന്റെ പത്രത്തിൽ ഉൾപേജിൽ ആരും കാണാത്തവിധം കടുകുമണിയോളം വലിപ്പത്തിൽ കൊടുത്തിട്ടുണ്ട്.

എന്നാൽ മാർച്ച് 22ന് മനോരമ ഒരു മുഖപ്രസംഗം എഴുതിയത് പറയാതെ വയ്യ. ‘‘വാർത്തകളിൽ ചാപ്പ കുത്തേണ്ട. ഫാക്ട് ചെക്ക്: സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ’’ മോദി സർക്കാർ തങ്ങൾക്കെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവരെ പിടികൂടി ശിക്ഷിക്കുന്നതിന് കൊണ്ടുവന്ന ഏടാകൂടമാണ് ഫാക്ട് ചെക്ക് ! ശരിക്കും ഒരു സെൻസർഷിപ്പുതന്നെ! പക്ഷേ പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ ഇന്ത്യാ ഗവൺമെന്റ് അതിനു ചുമതലപ്പെടുത്തി 24 മണിക്കൂർ പിന്നിടുംമുമ്പ് സുപ്രീംകോടതി ആ ‘‘ചെക്ക്’’ വലിച്ചുകീറി ഓടേൽ എറിഞ്ഞു. സുപ്രീംകോടതിയിൽനിന്നുള്ള ഒരസ്സൽ ഇടപെടൽ.

സുപ്രീംകോടതി മോദിക്കിട്ട് നല്ല മുട്ടൻപണി കൊടുത്തപ്പോഴെ മനോരമയ്ക്ക് അതിൽ പ്രതികരിക്കാൻ തോന്നിയുള്ളൂ. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി കുനിഞ്ഞുനിൽക്കാൻ പറഞ്ഞപ്പോൾ, മട്ടിലിഴഞ്ഞ പാരമ്പര്യമുള്ള ഈ പത്രം കോടതി മോദി സർക്കാരിനെ പിടികൂടുംമുൻപ് ഇങ്ങനെയൊരു മുഖപ്രസംഗം എഴുതിയെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ. തുടക്കത്തിൽതന്നെ ബ്രിട്ടീഷ് രാജ്ഞിയുടെയും തിരുവിതാംകൂർ റാണിയുടെയും പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം നമിച്ച് ആദ്യാക്ഷരമെഴുതിയ പാരമ്പര്യമുള്ള പത്രം സ്ഥാപക പിതാക്കളുടെ കാൽചുവട് പിന്നിട്ട് മാത്രമേ മുന്നോട്ടുപോയിട്ടുള്ളൂ. ചെറിയൊരു ചുവടുമാറ്റം വന്നത് 1951 മുതൽ കേരളത്തിന്റെ കാര്യത്തിൽ മാത്രം! അതു പിന്നെ കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ചു മരിക്കുമെന്ന് പ്രതിജ്ഞയെടുത്ത, കാലം ചെയ്ത മുൻഗാമിയുടെ കാൽപ്പാടുകൾ പിന്തുടർന്നെന്ന് പറയാം. കേന്ദ്രത്തിൽ കോൺഗ്രസ്സെങ്കിൽ കോൺഗ്രസ്സായ നമഃയെന്നും ജപിക്കുന്ന മനോരമ കേരളത്തിൽ കമ്യൂണിസ്റ്റുകാരെ നുണയെഴുതി തോൽപ്പിക്കാൻ പെടാപ്പാടുപെടുകയും ചെയ്യും. എന്തായാലും ഇങ്ങനെയൊരു മുഖപ്രസംഗം എഴുതിയല്ലോ, അത്രയും നല്ലത്.

നമുക്ക് മാതൃഭൂമിയിലേക്കൊന്നു തിരിഞ്ഞാലോ. 23ന് മാതൃഭൂമി നല്ല ഉശിരുള്ള ഒരു മുഖപ്രസംഗം എഴുതിയിരിക്കുന്നു. ‘‘ബിജെപിയുടെ പൂഴിക്കടകൻ’’ എന്നു ശീർഷകം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം, രാജ്യത്തെ ഒരു രാഷ്ടീയകക്ഷിയുടെ പരമോന്നത നേതാവിനെ, സംസ്ഥാന മുഖ്യമന്ത്രി കൂടിയായ നേതാവിനെ അറസ്റ്റുചെയ്ത നടപടിക്കെതിരെയുള്ള പ്രതികരണം. പിന്നിട്ട ദിവസങ്ങളിലെ മഹാമൗനങ്ങൾക്കും വഴുവഴുപ്പൻ നിലപാടുകൾക്കുമുള്ള പ്രായശ്ചിത്തം എന്നും കരുതാം.

എന്നാൽ ആ മുഖപ്രസംഗത്തിൽ ആദ്യവാചകത്തിൽ തന്നെ പതിയിരിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് പറയാതെ വയ്യ. ‘‘നാനൂറു സീറ്റ് ലക്ഷ്യമെന്നു പറയുന്നുണ്ടെങ്കിലും വരുന്ന പൊതുതിരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് അത്ര ആത്മവിശ്വാസത്തോടെയല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്-രിവാളിന്റെ അറസ്റ്റ്. പ്രതിപക്ഷനിരയുടെ പ്രതിച്ഛായയും ആത്മവീര്യവും ശക്തിയും ഏതു വിധേനയും ചോർത്തുകയെന്ന തന്ത്രമാണ് ബിജെപിയും കേന്ദ്ര സർക്കാരും സമീപകാലത്തായി പയറ്റുന്നത്. ‘‘എന്നെഴുതുന്നതിൽ പ്രത്യക്ഷത്തിൽ ഒരു വിരോധാഭാസവും കാണാനാവില്ല. എന്നാൽ അതേ ആഴ്ചയിൽ തന്നെയാണല്ലൊ ഇതേ പത്രവും ചാനലും ഒരു ഉടങ്കൊല്ലി ഏടാകൂടക്കാരുമായി ചേർന്ന് ഒരു പ്രൊപ്പഗാൻഡ സർവെ പ്രസിദ്ധീകരിച്ചത്. മോദിക്ക് 370 മുതൽ 410 വരെ സീറ്റു പ്രവചിച്ചിട്ട് വായടക്കും മുൻപ്, അതെഴുതിയ മഷിയുണങ്ങും മുൻപ് മോദി ഭരണം നിലനിർത്താൻ പോലുമാകാത്തതിന്റെ അങ്കലാപ്പിലാണെന്ന് മുഖപ്രസംഗം എഴുതുമ്പോൾ, അത് പൂർണമായും ശരിയാണെങ്കിലും ആ പത്രത്തിന്റെ കാപട്യമാണ്, ഇരട്ടത്താപ്പാണ് തുറന്നുകാണിക്കുന്നത്. സർവെ ബിജെപിക്കുവേണ്ടി പണം പറ്റി ചെയ്തതാണെന്ന് മാതൃഭൂമി പറയാതെ പറയുകയാണ് ഈ മുഖപ്രസംഗത്തിന്റെ ആദ്യ വരിയിലൂടെ.

മാതൃഭൂമിയുടെ ഒരു വെളിപ്പെടുത്തൽ കൂടി മുഖപ്രസംഗത്തിലുണ്ട്. ‘‘2014ൽ അഴിമതി വിരുദ്ധപ്രചാരണത്തിലൂടെ പ്രധാനമന്ത്രി പദംവരെയെത്തിയ ഒരു നേതാവിന്റെ പാർട്ടി തിരഞ്ഞെടുപ്പ് ബോണ്ട് എന്ന ഏർപ്പാടിലൂടെ ആറായിരം കോടിയിലേറെ രൂപ നിയമാനുസൃത കോഴ’യായി കീശയിലാക്കിയെന്ന് ഇപ്പോൾ വെളിപ്പെട്ടതും കാണേണ്ടതുണ്ട്.’’ ബോണ്ടയും വടയുമൊന്നുമല്ല ഹേ, ‘‘പ്രധാനമന്ത്രി പദംവരെയെത്തിയ’’ പേരുപറയാൻ മാതൃഭൂമിക്ക് ചങ്കുറപ്പോ നട്ടെല്ല് ബലമോ ഇല്ലാത്ത ആ പെരിയ നേതാവുണ്ടല്ലോ അതിയാൻ പറേണതുപോലെ അത് കുറച്ച് അവില് മാത്രമാണ്; പഴയ കുചേലന്റെ അവില്. കുചേലൻ കൃഷ്ണനുകൊടുത്ത അവിലിൽ പോലും അഴിമതിയുണ്ടന്ന് സുപ്രീംകോടതി പറയുമെന്നല്ലേ നമ്മളെ മോദിയാശാൻ ഉവാചിച്ചത്. നാട്ടിലെ കോർപറേറ്റുകളും ശതകോടീശ്വരന്മാരായ കോൺട്രാക്ടർമാരും കള്ളക്കച്ചവടം നടത്തുന്നവരുമെല്ലാം കുചേലരും മോദി ആ കുചേലന്മാരുടെ അവിലും മലരും കെെപ്പറ്റുന്ന ആലിലക്കണ്ണനുമായി സ്വയം വിശേഷിപ്പിക്കുമ്പോൾ മഹാഭാരതത്തിലെ ആ കഥാസന്ദർഭത്തെ അപഹസിക്കുകയാണ്. രാഷ്ട്രീയ പിത്തലാട്ടമാടുന്ന, ക്രിമിനൽ രാഷ്ട്രീയത്തിന്റെ ഹോൾസെയിലുകാരനായ മോദിക്കെന്ത് മഹാഭാരതം, എന്ത് രാമായണം, അധികാരം പിടിക്കാനുള്ള ആയുധങ്ങൾ മാത്രം. അത്രയും തുറന്നു പറയാനുള്ള ആംപിയർ മാതൃഭൂമിക്കില്ല. ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതിയ പാരമ്പര്യമുള്ള ഈ പത്രത്തിന്റെ ഇന്നത്തെ ചേല് കണ്ടാൽ കെ പി കേശവ മേനോനെ പോലെയുള്ള ആ കാലത്തെ പത്രാധിപശ്രേഷ്ഠർ കുഴിമാടം വിട്ട് ഉയർത്തെഴുന്നേറ്റു വന്നു തല്ലുക തന്നെ ചെയ്യും.

ഇനി മനോരമയുടെ ഒരു ലേറ്റസ്റ്റ് ഐറ്റം കൂടി നോക്കാം. മാർച്ച് 25ന്റെ മനോരമ മുഖപ്രസംഗത്തിന്റെ തലവാചകം നോക്കൂ: ‘ഇഡി നിഴലിലെ ജനാധിപത്യം. അനേ-്വഷണ ഏജൻസികളും വേട്ടയാടൽ രാഷ്ട്രീയവും’’. മനോരമ തന്നെയാണോ ഇഡിയെക്കുറിച്ച് ഇങ്ങനൊരു മുഖപ്രസംഗം എഴുതിയത് എന്ന് ആരും സംശയിച്ചുപോകും. ഇവനെന്റ മാനസപുത്രൻ എന്നതുപോലെയാണല്ലോ കേരളത്തിൽ ഇഡിയുടെ വിളയാട്ടമുണ്ടായപ്പോഴെല്ലാം മനോരമ കൊണ്ടാടിയത്. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെയും സിപിഐ എം നേതാക്കൾക്കെതിരെയും ഇഡിയിൽ നിന്ന് നിരന്തരം ആക്രമണമുണ്ടായപ്പോഴെല്ലാം, അവരെ പിടികൂടി അകത്തിട്ട് എന്ന് ആക്രോശിച്ചിരുന്ന മനോരമക്കാർക്കിതെന്തു പറ്റി? കേജ്-രിവാളിനെ അറസ്റ്റ് ചെയ്തപ്പോഴുള്ള പ്രകോപനമാകണമെന്നില്ല.

അങ്ങനെയാണെങ്കിൽ ഹേമന്ദ് സോറനെ അറസ്റ്റു ചെയ്തപ്പോഴും ഈ ഉൾവിളി ഉണ്ടാകേണ്ടതായിരുന്നല്ലോ. ഇനി അഥവാ അതിൽ പിടിക്കാൻ താൽപ്പര്യമില്ലെന്നാണെങ്കിൽ ആപ്പിന്റെ തന്നെ മനീഷ് സിസോദിയ ഉൾപ്പെടെയുള്ള നേതാക്കളെ ഇതേ മദ്യനയക്കേസിൽ കുടുക്കി അകത്താക്കിയപ്പോഴെങ്കിലും ധാർമികരോഷം ഉയരേണ്ടതായിരുന്നല്ലോ. അപ്പോഴും അതുണ്ടായില്ല. പിന്നെന്താ ഇപ്പോൾ? അവിടെയാണ് കാര്യങ്ങളുടെ കിടപ്പ് കാണേണ്ടത്.

ഇലക്ടറൽ ബോണ്ടയുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഡിഎൽഎഫ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയും റോബർട്ട് വദ്രയെന്ന രാഹുൽഗാന്ധിയുടെ പൊന്നളിയനും തമ്മിലുള്ള ഇടപാടും അതുമായി ബന്ധപ്പെട്ട പഴയൊരു അഴിമതിക്കേസിൽ നിന്ന് തലയൂരാൻ വദ്ര കോടികളുടെ ബോണ്ട ബിജെപിക്ക് നൽകിയ കഥ അങ്ങാടിപ്പാട്ടായി. തിരഞ്ഞെടുപ്പടുക്കുമ്പോൾ പഴയ ആ കേസ് കുത്തിപ്പൊക്കി വദ്രയെ പിടിച്ചകത്തിടാനുള്ള സാധ്യതയാണോ മനോരമയെ ആശങ്കപ്പെടുത്തുന്നത്! രാഹുലിന്റെ യുപിയിൽനിന്നുള്ള ഒളിച്ചോട്ടത്തിനുപിന്നിലും ഇതാണെന്നാണ് കേൾവി. യുപിയിലെന്നല്ല, വടക്കോ തെക്കോ ബിജെപിയുമായി നേരിട്ട് മുട്ടാതെ എൽഡിഎഫിനെതിരെ മത്സരിക്കാൻ മപ്പടിച്ചിറങ്ങിയതിന്റെ പിന്നിൽ തന്നെ അതായിരിക്കും.

എന്നാൽ മനോരമയും മാതൃഭൂമിയുമെല്ലാം പെട്ടെന്ന് മോദി വിരുദ്ധ മുഖം മൂടി അണിയുന്നതിനു പിന്നിലെന്തെന്നും ആലോചിക്കേണ്ടതാണ്. മോദി പ്രഭാവം കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലാണെന്ന തിരിച്ചറിവാണോ ആവോ. അതോടെ ഇനിയും മോദിയെ പേറിയിട്ട് കാര്യമില്ലെന്നു കണ്ട് പൊത്തോന്ന് തറയിലിടുകയായിരിക്കും എന്ന് കരുതാനും ന്യായമുണ്ട്.

25ന്റെ മനോരമയുടെ കവർ പേജിന്റെ (ആദ്യ ഒന്നാം പേജ്) മറുപുറത്ത് (പേജ് 2 –പ്രാദേശികം) 5 കോളത്തിൽ ഒരിനം അവതരിപ്പിച്ചിട്ടുണ്ട്. ‘‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം. അറിയാത്ത മട്ടിൽ രാഷ്ട്രീയ പാർട്ടികൾ. പെരുമാറ്റച്ചട്ടം കാറ്റിൽ; ഫ്ളക്സിൽ മന്ത്രിമാർ. ഹെെക്കോടതി പല തവണ പറഞ്ഞിട്ടും ബോർഡുകൾ മാറ്റിയിട്ടില്ല.’’ തലവാചകം ഇങ്ങനെയൊക്കെയാണെങ്കിലും റിപ്പോർട്ടിനുള്ളിൽ സർവീസ് സംഘടനകളെയും സർക്കാർ ഓഫീസുകളുടെ മതിലിനെയുമെല്ലാം കൂട്ടിക്കെട്ടിയിട്ടുമുണ്ട്. ഇതിനൊപ്പം ഒരു ഗമണ്ടൻ ചിത്രവും നൽകിയിട്ടുണ്ട്. ‘‘ജില്ല ജനറൽ ആശുപത്രിക്കു സമീപം സ്ഥാപിച്ച ഫ്ളക്സ് ബോർഡ്’’ എന്നൊരടിക്കുറിപ്പുമുണ്ട്. സംഭവം എന്തെന്നോ? കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 58–ാം സംസ്ഥാന സമ്മേളനം 2024 ജൂൺ 8, 9, 10 തീയതികളിൽ കൊല്ലത്ത് ചേരുന്നതിന്റെ ഫ്ളക്സ് ബോർഡിന്റെ ചിത്രമാണ് മനോരമ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കെ ടി ജലീൽ എംഎൽഎയുടെ ചിത്രവും ഉണ്ട്. അതു കണ്ടാണോ മനോരമക്കാരൻ ‘‘ഫ്ളക്സിൽ മന്ത്രിമാർ’’ എന്ന് വലിയ വായിൽ വിളിച്ചുകൂവുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സർവീസ് സംഘടനകൾക്ക് സമ്മേളനം നടത്തിക്കൂടെന്നോ അതിന്റെ പ്രചരണാർഥം ബോർഡും ചുവരെഴുത്തും പാടില്ലെന്നോ ഉള്ള ‘‘പെരുമാറ്റച്ചട്ടം’’ എവിടെ നിന്നാണാവോ മനോരമയ്ക്ക് കിട്ടിയത്? ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളെ കണ്ടാൽ ചുവപ്പു കണ്ട കാളയെപ്പോലെ മുക്രയിട്ട് ഇളകുന്ന മനോരമയ്ക്ക് ശരിക്കും അക്കിടി പറ്റിയതോ അതോ കോൺഗ്രസ് കുഞ്ഞാടുകൾ പറ്റിച്ചതോ! അതാണോ തിരഞ്ഞെടുപ്പിന്റെ മറവിലാണെങ്കിലും ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളെ പുറത്തിറക്കാതിരിക്കാനുള്ള മനോരമയുടെ പൂഴിക്കടകൻ പണിയാണോ ഇത്!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 18 =

Most Popular