Tuesday, December 3, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംകമ്യൂണിന്റെ 
പാഠങ്ങൾ

കമ്യൂണിന്റെ 
പാഠങ്ങൾ

വി ഐ ലെനിൻ

1848ലെ വിപ്ലവത്തിന്റെ അന്ത്യം കുറിച്ച പട്ടാളവിപ്ലവത്തിനുശേഷം പതിനെട്ടു സംവത്സരക്കാലത്തേക്കു ഫ്രാൻസ് നെപ്പോളിയോനിക് ഭരണത്തിന്റെ നുകത്തിൻകീഴിലായി. ആ ഭരണം നാടിന്- സാമ്പത്തികത്തകർച്ച മാത്രമല്ല ദേശീയാപമാനവും വരുത്തിവച്ചു. പഴയ ഭരണക്രമത്തിനെതിരെ ഉണർന്നെണീക്കുമ്പോൾ തൊഴിലാളിവർഗ്ഗം രണ്ടു കടമകൾ– ഒന്നു ദേശീയവും മറ്റേത് വർഗ്ഗസ്വഭാവത്തോ ടുകൂടിയതും– മുന്നോട്ടുവച്ചു: ജർമൻ ആക്രമണത്തിൽനിന്നുള്ള ഫ്രാൻസിന്റെ മോചനവും മുതലാളിത്തത്തിൽനിന്നുള്ള തൊഴിലാളികളുടെ സോഷ്യലിസ്റ്റ് മോചനവും. രണ്ടു കടമകളുടെ ഈ സംയോജനം കമ്മ്യൂണിന്റെ അന്യാദൃശമായ ഒരു സവിശേഷതയാണ്.

ബൂർഷ്വാസി ഒരു ‘‘ദേശീയരക്ഷാഗവണ്മെന്റ് രൂപീകരിച്ചിരുന്നു. അതിന്റെ നേതൃത്വത്തിലാണ് തൊഴിലാളിവർഗ്ഗത്തിനും ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതേണ്ടി വന്നത്. യഥാർത്ഥത്തിൽ അത് പാരീസിലെ തൊഴിലാളിവർഗ്ഗത്തിനെതിരായ പോരാട്ടം ദൗത്യമായെടുത്ത “‘ദേശീയവഞ്ചനയുടേതായ” ഒരു ഗവണ്മെന്റായിരുന്നു. പക്ഷേ ദേശാഭിമാനപരമായ വ്യാമോഹങ്ങളാൽ തിമിരം ബാധിച്ച തൊഴിലാളി വർഗ്ഗം അതു കണ്ടില്ല. പതിനെട്ടാം നൂറ്റാണ്ടിലെ മഹാവിപ്ലവമായിരുന്നു ദേശാഭിമാനചിന്താഗതിയുടെ ഉറവിടം ; അതു കമ്മ്യൂണിലെ സോഷ്യലിസ്റ്റുകാരുടെ മനസ്സിളക്കി ; ഉദാഹരണത്തിന്-, നിസ്സംശയമായും വിപ്ലവകാരിയും സോഷ്യലിസത്തിന്റെ ഒരു സജീവാനുകൂലിയുമായിരുന്ന ബ്ലാങ്കിക്കും തന്റെ പത്രത്തിന്റെ ശീർഷകമായി “‘പിതൃഭൂമി അപകടത്തിൽ !” എന്ന ബൂർഷ്വാ മുറവിളിയേക്കാൾ മെച്ചമായിട്ടൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

വ്യത്യസ്തങ്ങളായ കടമകളെ – ദേശാഭിമാനത്തേയും സോഷ്യലിസത്തേയും-– യോജിപ്പിച്ചുകൊണ്ടുപോയതാണ് ഫ്രഞ്ച് സോഷ്യലിസ്റ്റുകാർ ചെയ്ത ആത്മഹത്യാപരമായ തെറ്റ്. തെറ്റായ ദേശീയചിന്താഗതിയാൽ വഴിതെറ്റിക്കപ്പെടുന്നതിനെതിരായി 1870 സെപ്തംബറിൽ പുറപ്പെടുവിച്ച ഇന്റർനാഷനലിന്റെ പ്രകടനപത്രികയിൽ മാർക്സ് ഫ്രഞ്ച് തൊഴിലാളിവർഗ്ഗത്തി നു താക്കീതു നൽകുകയുണ്ടായി; മഹാവിപ്ലവത്തിനുശേഷം ആഴമേറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ; വർഗ്ഗവൈരുദ്ധ്യങ്ങൾ മൂർഛിച്ചിട്ടുണ്ട്; അന്ന്- മുഴുവൻ യൂറോപ്യൻ പിന്തിരിപ്പത്തത്തിനുമെതിരായ സമരം വിപ്ലവജനതയെയാകെ യോജിപ്പിച്ചിരുന്നുവെങ്കിൽ ഇന്ന്- തൊഴിലാളിവർഗ്ഗത്തിന് അതിനോടു വിദ്വേഷമുള്ള ഇതരവർഗ്ഗങ്ങളുടെ താല്പര്യങ്ങളുമായി സ്വന്തം താല്പര്യങ്ങൾ യോജിപ്പിച്ചുകൊണ്ടുപോകാൻ സാദ്ധ്യമല്ലാതായിരിക്കുന്നു ; ദേശീയാപമാനത്തിനുള്ള ഉത്തരവാദിത്വം ബൂർഷ്വാസി വഹിക്കട്ടെ. ബൂർഷ്വാസിയുടെ നുകത്തിൽനിന്നുമുള്ള തൊഴിലാളിവർഗ്ഗത്തിന്റെ സോഷ്യലിസ്റ്റ് വിമോചനത്തിനുവേണ്ടി പൊരുതുക എന്നതാണ് തൊഴിലാളിവർഗ്ഗത്തിന്റെ കടമ.

വാസ്തവത്തിൽ, ബൂർഷ്വാ ‘”ദേശാഭിമാന”ത്തിന്റെ തനിനിറം പ്രത്യക്ഷപ്പെടാൻ അധികകാലം വേണ്ടിവന്നില്ല. പ്രഷ്യക്കാരുമായി അപമാനകരമായ ഒരു സമാധാനക്കരാറിലേർപ്പെട്ടശേഷം വെഴ്സ്സെയ്-ൽസ് ഗവണ്മെന്റ്- അതിനെ വിറകൊള്ളിച്ചിരുന്ന ആയുധങ്ങൾ പാരീസിലെ തൊഴിലാളിവർഗ്ഗത്തിന്റെ കൈകളിൽനിന്നും പിടിച്ചുവാങ്ങാൻ ഒരു ആക്രമണം ആരംഭിച്ചു. കമ്മ്യൂണിന്റെ പ്രഖ്യാപനത്തിലൂടെ യും ആഭ്യന്തരയുദ്ധത്തിലൂടെയും തൊഴിലാളികൾ അതിനു മറുപടി നൽകി.

സോഷ്യലിസ്റ്റ് തൊഴിലാളിവർഗ്ഗം നിരവധി വിഭാഗ ങ്ങളായി ഭിന്നിച്ചിരുന്നെങ്കിലും, ബൂർഷ്വാസിക്കു പ്രഖ്യാപിക്കാൻമാത്രം കഴിഞ്ഞ ജനാധിപത്യകടമകൾ തൊഴിലാളിവർഗ്ഗത്തിനു ഏകാഭിപ്രായത്തോടെ നിറവേറ്റാൻ കഴിഞ്ഞതിന്റെ ഒരു ഉജ്ജ്വലദൃഷ്ടാന്തമായിരുന്നു കമ്മ്യൂൺ. ഭരണാധികാരം പിടിച്ചെടുത്ത തൊഴിലാളിവർഗ്ഗം വിശേഷിച്ചും സങ്കീർണ്ണമായ നിയമനിർമ്മാണമൊന്നും കൂടാതെ, ലളിതമായ വി ധത്തിൽ, നേരേചൊവ്വെ, സാമൂഹ്യവ്യവസ്ഥ ജനാധിപത്യവൽക്കരിക്കുകയും ഉദ്യോഗസ്ഥമേധാവിത്വം ഇല്ലാതാക്കുകയും എല്ലാ ഔദ്യോഗികസ്ഥാനങ്ങളിലേക്കും ജനങ്ങൾ തിരഞ്ഞെടുക്കപ്പെടണമെന്നു തീരുമാനിക്കുകയും ചെയ്തു.

പക്ഷേ രണ്ടു തെറ്റുകൾ ഈ ഉജ്ജ്വലവിജയത്തെ നിഷ്-ഫലമാക്കി. തൊഴിലാളിവർഗ്ഗം പാതിവഴി നിന്നു: ‘‘സ്വത്തു പിടിച്ചെടുത്തവരുടെ സ്വത്തു പിടിച്ചെടുക്കുന്നതിനു” പകരം അത് ഒരു പൊതുദേശീയകടമയാൽ ഏകീകരിക്കപ്പെടുന്ന രാജ്യത്തു കൂടുതൽ ഉൽകൃഷ്ടമായ നീതിനിർവ്വഹണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളാൽ വഴിതെറ്റിപ്പോകാൻ സ്വയം അനുവദിച്ചു; ഉദാഹരണത്തിന്, ബാങ്കുകളെപ്പോലു ള്ള സ്ഥാപനങ്ങൾ പിടിച്ചെടുത്തില്ല. “‘ന്യായമായ വിനിമയ”ത്തേയും മറ്റും കുറിച്ചുള്ള പ്രൂദോണിസ്റ്റ് സിദ്ധാന്തങ്ങൾ സോഷ്യലിസ്റ്റുകാർക്കിടയിൽ അപ്പോഴും നിലനിന്നിരുന്നു. തൊഴിലാളിവർഗ്ഗം അതിരുകടന്ന ദയ കാണിച്ചുവെന്നതായിരുന്നു രണ്ടാമത്തെ തെറ്റ് : ശത്രുക്കളെ വകവരുത്തുന്നതിനുപകരം അവരുടെ മേൽ ധാർമ്മികസ്വാധീനം ചെലുത്താൻ അതു ശ്രമിച്ചു. അത് ആഭ്യന്തരയുദ്ധത്തിൽ പ്രത്യക്ഷസൈനിക നടപടികൾക്കുള്ള പ്രാധാന്യം കുറച്ചുകണ്ടു. വെഴസെയ്ൽസിനെതിരെ വീറോടെ കടന്നാക്രമണം നടത്തുകയും അങ്ങിനെ പാരീസിലെ വിജയം പൂർത്തിയാക്കുകയും ചെയ്യുന്നതിനുപകരം അത് ഒഴിഞ്ഞുമാറുകയും ഇരുണ്ട ശക്തികളെ സംഭരിച്ചു കൊണ്ട്- മേയ്- മാസത്തിലെ രക്തപങ്കിലമായ വാരത്തിനു തയ്യാറെടുക്കാൻ വെഴ്സ്പെയസ്‌റ്റൈൽസ് ഗവണ്മെൻറിനു സാവകാശം നൽകുകയും ചെയ്തു.

എങ്കിലും, എന്തെല്ലാം തെറ്റുകൾ വരുത്തിയാലും, കമ്മ്യൂൺ പത്തൊമ്പതാം നൂറ്റാണ്ടിലെ മഹത്തായ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉജ്ജ്വലമായ ഒരു ദൃഷ്ടാന്തമായിരുന്നു. കമ്മ്യൂണിന്റെ ചരിത്രപ്രാധാന്യത്തിനും മാർക്സ് അത്യന്തം വിലകല്പിച്ചു. പാരീസിലെ തൊഴിലാളിവർഗ്ഗത്തിന്റെ ആയുധങ്ങൾ പിടിച്ചെടുക്കാൻ വെഴ്‌സെയ്-ൽസ് സംഘം നടത്തിയ വഞ്ചനാപരമായ ശ്രമത്തിനിടയിൽ തൊഴിലാളികൾ ചെറുത്തുനിൽക്കാതെ നിരായുധരാക്കപ്പെടാൻ സ്വയം നിന്നുകൊടുത്തിരുന്നെങ്കിൽ ആ ദൗർബല്യം തൊഴിലാളിപ്രസ്ഥാനത്തിൽ ഉളവാക്കുമായിരുന്ന നിരാശയുടെ വിനാശകരമായ ഫലം, തങ്ങളുടെ ആയുധങ്ങൾ സംരക്ഷിക്കാൻവേണ്ടി നടത്തിയ പോരാട്ടത്തിൽ തൊഴിലാളിവർഗ്ഗത്തിനു നേരിട്ട നഷ്ടങ്ങളേക്കാൾ എത്രയോ അധികമാകുമായിരുന്നു. കമ്മ്യൂണിന്റെ നാശനഷ്ടങ്ങൾ വമ്പിച്ചതായിരുന്നെങ്കിലും അവ നികത്തത്തക്കതാണ് തൊഴിലാളിവർഗ്ഗത്തിന്റെ പൊതുസമരത്തെ സംബന്ധിച്ചിടത്തോളം അതിനുള്ള പ്രാധാന്യം : അത് യൂറോപ്പിലാകമാനം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ തട്ടിയുണർത്തി; ആഭ്യന്തരയുദ്ധത്തിന്റെ ശക്തി വെളിപ്പെടുത്തി; ദേശാഭിമാനപരമായ വ്യാമോഹങ്ങൾ ദൂരീകരിച്ചു; പൊതുദേശീയലക്ഷ്യങ്ങൾക്കുവേണ്ടി ബൂർഷ്വാസി എന്തെങ്കിലും ചെയ്യുമെന്ന ബാലിശമായ വിശ്വാസം ഇല്ലാതാക്കി. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കടമകളെ സമൂർത്തമായി ഉന്നയിക്കാൻ കമ്മ്യൂൺ യൂറോപ്യൻ തൊഴിലാളിവർഗ്ഗത്തെ പഠിപ്പിച്ചു.

തൊഴിലാളിവർഗ്ഗം പഠിച്ച പാഠം വിസ്മരിക്കാവുന്ന തല്ല. ഡിസംബർ കലാപത്തിനിടയ്ക്ക് റഷ്യയിൽ ചെയ്തപോലെ തൊഴിലാളിവർഗ്ഗം അത് ഉപയോഗപ്പെടുത്തുന്നതാണ്.

റഷ്യൻ വിപ്ലവത്തിനുമുമ്പുണ്ടായിരുന്നതും അതിനു വഴിവച്ചതുമായ കാലഘട്ടത്തിനും ഫ്രാൻസ് നെപ്പോളിയന്റെ നുകത്തിൻകീഴിലായിരുന്ന കാലഘട്ടവുമായി കുറെയൊക്കെ സാമ്യമുണ്ട്. റഷ്യയിലും സ്വേച്ഛാധിപത്യപ്പരിഷ നാടിന് സാമ്പത്തികത്തകർച്ചയും ദേശീയാപമാനവും വരുത്തിവച്ചു. എങ്കിലും, ദീർഘകാലത്തേക്കു വിപ്ലവം പൊട്ടിപ്പുറപ്പെട്ടില്ല. കാരണം, സാമൂഹ്യവളർച്ച ഒരു ബഹുജനപ്രസ്ഥാനത്തിനുള്ള സാഹചര്യങ്ങൾ അപ്പോഴും സൃഷ്ടിച്ചിരുന്നില്ല; എത്രയെല്ലാം ധൈര്യം പ്രദർശിപ്പിച്ചിരുന്നെങ്കിൽക്കൂടി വിപ്ലവത്തിനുമുമ്പുള്ള കാലഘട്ടത്തിൽ ഗവണ്മെന്റിനെതിരായി നടന്ന ഒറ്റപ്പെട്ട സമരങ്ങൾ ബഹുജനോദാസീനതയുടെ പാറയിൽ മുട്ടി തകർന്നു. സോഷ്യൽഡെമോക്രാറ്റുകാർ മാത്രമാണ് ആയാസകരവും ചിട്ടയായുമുള്ള പ്രവർത്തനത്തിൽക്കൂടി ബഹുജനങ്ങളെ കൂടുതലുയർന്ന സമരരൂപങ്ങളുടെ-– ബഹുജനസമരങ്ങളുടേയും സായുധ ആഭ്യന്തരയുദ്ധത്തിന്റെയും –നിലവാരത്തിലേക്കു പഠിപ്പിച്ചുകൊണ്ടുവന്നത്.

ശൈശവാവസ്ഥയിലായിരുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ‘‘പൊതുദേശീയ”വും ‘‘ദേശാഭിമാനപര”വുമായ വ്യാമോഹങ്ങളെ തകർക്കാൻ സോഷ്യൽഡെമോക്രാറ്റുകാർക്കു കഴിഞ്ഞു. പിന്നീട്, അവരുടെ നേരിട്ടുള്ള ഇടപെടലിന്റെ ഫലമായി സാറിൽനിന്നും ഒക്ടോബർ 17-ലെ പ്രകടനപത്രിക പിടിച്ചുവാങ്ങിയപ്പോൾ തൊഴിലാളിവഗ്ഗം വിപ്ലവത്തിന്റെ അനിവാര്യമായ അടുത്ത പടിയായ സായുധകലാപത്തിനു വേണ്ടി വീറോടെ സന്നാഹങ്ങൾ തുടങ്ങി. ‘‘പൊതുദേശീയ’’ വ്യാമോഹങ്ങൾ കൈവെടിഞ്ഞുകഴിഞ്ഞതിനാൽ അത് തൊഴി ലാളി- സൈനിക ഡെപ്യൂട്ടികളുടെ സോവിയറ്റുകൾ തുടങ്ങിയ സ്വന്തമായ ബഹുജനസംഘടനകളിൽ അതിന്റെ വർഗ്ഗശക്തികൾ കേന്ദ്രീകരിച്ചു. 1871-ലെ ഫ്രഞ്ച് വിപ്ലവത്തെ അപേക്ഷിച്ച് റഷ്യൻ വിപ്ലവത്തിന്റെ ലക്ഷ്യങ്ങളും കടമകളും എത്രതന്നെ വ്യത്യസ്തമായിരുന്നെങ്കിൽക്കൂടിയും പാരീസ് കമ്മ്യൂൺ ആദ്യമായി ഉപയോഗിച്ച അതേ സമരരൂപം–- ആഭ്യന്തരയുദ്ധം- – റഷ്യൻ തൊഴിലാളിവർഗ്ഗത്തിനും കൈക്കൊള്ളേണ്ടിവന്നു. കമ്മ്യൂണിന്റെ പാഠങ്ങൾ മനസ്സിലിരുത്തിയ അതിനും അറിയാമായിരുന്നു, തൊഴിലാളിവർഗ്ഗം സമാധാനപരമായ സമരരൂപങ്ങൾ അവഗണിക്കരുതെന്ന്. അതിന്റെ സാധാരണ, ദൈനംദിന താല്പര്യങ്ങൾക്ക് അവ പ്രയോജനപ്പെടും; വിപ്ലവത്തിനുവേണ്ടി തയ്യാറെടുക്കുന്ന കാലഘട്ടങ്ങളിൽ അവ ആവശ്യമാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ വർഗ്ഗസമരം സായുധസംഘട്ടനത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും രൂപം കൈക്കൊള്ളുമെന്ന് അത് ഒരിക്കലും വിസ്മരിച്ചുകൂടാ. തൊഴിലാളിവർഗ്ഗതാല്പര്യങ്ങളെ മുൻനിർത്തി അതിന്റെ ശത്രുക്കളെ തുറന്ന സായുധസംഘട്ടനങ്ങളിലൂടെ വകവരുത്തേണ്ട സന്ദർഭങ്ങളുണ്ടാകും. കമ്മ്യൂണിലൂടെ ഫ്രഞ്ച് തൊഴിലാളിവർഗ്ഗം ഇതാദ്യമായി തെളിയിച്ചു. ഡിസംബർ കലാപത്തിലൂടെ റഷ്യൻ തൊഴിലാളിവർഗ്ഗം അത് ഉജ്ജ്വലമായി സ്ഥിരീകരിച്ചു.

തൊഴിലാളിവർഗ്ഗത്തിന്റെ ഈ ഗംഭീരകലാപങ്ങളെ അടിച്ചമർത്തിയെങ്കിലും, ഇനിയും കലാപമുണ്ടാകും. അതിന്റെ മുമ്പിൽ തൊഴിലാളിവർഗ്ഗത്തിന്റെ ശത്രുക്കളുടെ ശക്തി നിഷ്-ഫലമാണെന്നു തെളിയും. അതിൽനിന്നും സോഷ്യലിസ്റ്റ് തൊഴിലാളിവർഗ്ഗം പരിപൂർണ്ണവിജയത്തോടെ പുറത്തുവരും.
“സഗ്രനീച്ച‍-്-നയ ഗസേത’, 
ലക്കം 2, മാർച്ച് 23, 1908

സമാഹൃതകൃതികൾ,
അഞ്ചാം റഷ്യൻ പതിപ്പ്.
വാള്യം 16, 451-–54

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 1 =

Most Popular