Saturday, May 11, 2024

ad

Homeലേഖനങ്ങൾതൊഴിലില്ലായ്‌മ: മോദിയുടെ വാഗ്‌ദാനവും വഞ്ചനയും

തൊഴിലില്ലായ്‌മ: മോദിയുടെ വാഗ്‌ദാനവും വഞ്ചനയും

കെ എ വേണുഗോപാലൻ

പ്രതിവർഷം 2 കോടി തൊഴിലുകൾ സൃഷ്ടിക്കും എന്നാണ് 2014 ൽ ബി ജെ പി വാഗ്ദാനം ചെയ്തിരുന്നത്. ആ വാഗ്ദാനം നടപ്പിലാക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ അതായത് 2024ൽ 20 കോടി പുതിയ തൊഴിലുകൾ ഇന്ത്യയിൽ ഉണ്ടാകുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മറ്റൊരു അവകാശവാദം കഴിഞ്ഞ 10 വർഷക്കാലംകൊണ്ട് തന്റെ മുൻഗവൺമെന്റുകൾ നൽകിയിരുന്നതിന്റെ ഒന്നരയിരട്ടി തൊഴിലുകൾ സൃഷ്ടിക്കാൻ തന്റെ ഗവൺമെന്റിന് ഇക്കാലയളവിൽ കഴിഞ്ഞു എന്നാണ്.

2015ൽ ഒരു പുതിയ ദേശീയ തൊഴിൽ നൈപുണി നയം മോദി ഗവൺമെന്റ്‌ പ്രഖ്യാപിച്ചിരുന്നു. സ്കിൽ ഇന്ത്യ നടപ്പിലാക്കപ്പെട്ടത് അതിന്റെ ഭാഗമായാണ്. 2022 ആകുമ്പോഴേക്കും 40 കോടി തൊഴിലാളികൾക്ക് തൊഴിൽ നൈപുണ്യം നേടിക്കൊടുക്കും എന്നായിരുന്നു പ്രഖ്യാപനം.

അധികാരം ഏറ്റെടുത്തതിനു ശേഷം ബിജെപിയുടെ മറ്റൊരു വാഗ്ദാനം നിർമ്മാണ മേഖലയിൽ മാത്രം തൊഴിൽ പങ്കാളിത്തം 100 ദശലക്ഷമായി വർദ്ധിപ്പിക്കും എന്നായിരുന്നു. അതിന്റെ ഭാഗമായി ജിഡിപിയിൽ നിർമ്മാണ മേഖലയുടെ പങ്കാളിത്തം 17 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി വർദ്ധിപ്പിക്കും എന്നും പ്രഖ്യാപിച്ചിരുന്നു.

മറ്റൊരു വാഗ്ദാനം സ്ത്രീപുരുഷ തുല്യതയെ കുറിച്ചായിരുന്നു. രാജ്യത്തിന്റെ പുരോഗതിയിലും സമൃദ്ധിയിലും സ്ത്രീകളെ തുല്യപങ്കാളികളും തുല്യഗുണഭോക്താക്കളും ആക്കി മാറ്റും എന്നതായിരുന്നു മോദിയുടെ വാഗ്ദാനം. സ്ത്രീകളുടെ തൊഴിൽശക്തി അടുത്ത അഞ്ചു വർഷക്കാലത്തിനിടയിൽ അത്ഭുതമാംവിധം വർദ്ധിപ്പിക്കാവുന്ന വിധത്തിൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവും എന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നുകൊടുക്കുന്നതിനു വേണ്ടിയുള്ള ശക്തമായ നീക്കം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും എന്നായിരുന്നു വാഗ്ദാനം.

ബിജെപി അധികാരത്തിൽ വരുന്നതിനു മുമ്പത്തെ പത്ത് വർഷക്കാലം ഭരിച്ചിരുന്ന യുപിഎ ഗവൺമെന്റ്‌ തൊഴിൽരഹിത വളർച്ചയാണ് രാജ്യത്ത് ഉണ്ടാക്കിയത് എന്ന ആക്ഷേപവും എൻഡിഎ ഗവൺമെന്റ്‌ ഉന്നയിച്ചിരുന്നു. ആ ദുരവസ്ഥ മറികടക്കുന്നതിനായി സംരംഭകത്വ അവസരങ്ങൾ വളർത്തിയെടുത്ത് തൊഴിലുകൾ സൃഷ്ടിക്കുമെന്നും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.

2024ലെ ഇടക്കാല ബജറ്റ് അവതരണത്തിനു ശേഷം ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചത് കോവിഡാനന്തരകാലത്ത് നഗരപ്രദേശങ്ങളിലുണ്ടായിരുന്ന നൈപുണ്യ തൊഴിൽരഹിതർ ഗ്രാമങ്ങളിലേക്ക് കുടിയേറുകയും അവർക്ക് അവിടെ തൊഴിലവസരങ്ങൾ കണ്ടെത്താൻ ആകുകയും ചെയ്തു എന്നാണ്. അവരിൽ പലർക്കും തിരിച്ചു നഗരപ്രദേശത്തേക്ക് വരാൻ പോലും താൽപര്യമില്ല എന്ന കണ്ടെത്തലും അവർ നടത്തിയിരുന്നു.

വനിതാ തൊഴിൽ ശക്തിയുടെ കാര്യത്തിലും പങ്കാളിത്തത്തിലും ഉണ്ടായ ഈ മുന്നേറ്റം കേന്ദ്ര ഗവൺമെന്റ്‌ സ്ത്രീശാക്തീകരണത്തിനു വേണ്ടി സ്വീകരിച്ച നയപരമായ നടപടികളുടെയും അതിന്റെ ഭാഗമായുണ്ടായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വികാസത്തിന്റെയും ഭാഗമാണ് എന്നുമാണ് അവകാശവാദം.

യഥാർത്ഥ്യമെന്ത്?
സി എം ഐ ഇ എന്നത് ഒരു സ്വകാര്യ സ്ഥാപനമാണ്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി എന്നതാണതിന്റെ മുഴുവൻ പേര്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനമാണത്. അവർ പറയുന്നത് കഴിഞ്ഞ 5 വർഷക്കാലം ഇന്ത്യയിലെ തൊഴിൽ ശക്തി യാതൊരു വളർച്ചയും കാണിക്കാതെ നിശ്ചലമായി നില്ക്കുകയായിരുന്നു എന്നാണ്. തുടങ്ങിയപ്പോഴും തൊഴിലാളികൾ 40 കോടി അവസാനിച്ചപ്പോഴും തൊഴിലാളികൾ 40 കോടി എന്നതാണ് അവരുടെ കണക്ക്. 2016ൽ തൊഴിൽ ശക്തിയുടെ 6.64 ശതമാനമായിരുന്നു തൊഴിൽ രഹിതർ. അത് 2019 ൽ 5.27 ശതമാനമായി കുറഞ്ഞു. എന്നാൽ 2020ൽ 8 ശതമാനമായി വർധിച്ചു. എന്നാൽ 2021ൽ 5.98 ശതമാനമായി കുറഞ്ഞു. വീണ്ടും 2022ൽ 7.33 ശതമാനമായി വർധിച്ചു. 2023ൽ ഏതാണ്ട് 8.1 ശതമാനമായി വർധിച്ചു. ഇത് കാണിക്കുന്നത് അതായത് സർക്കാർ കണക്കനുസരിച്ചു തന്നെ തൊഴിലില്ലായ്മ ശരാശരി 6.6 ശതമാനമായി തുടരുന്നു എന്നാണ്. വാഗ്ദാനമനുസരിച്ച് 2 കോടി തൊഴിൽ സൃഷ്ടിക്കപ്പെട്ടില്ല എന്നാണിത് കാണിക്കുന്നത്.

2023ൽ തൊഴിൽരഹിതർ 4-2 കോടിയാണ്. അതായത് ആകെ തൊഴിൽ ശക്തിയുടെ 10%. പ്രതിവർഷം 80 ലക്ഷം യുവജനങ്ങളാണ് തൊഴിലന്വേഷകരായി ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത്.

നിർമ്മാണമേഖലയിൽ മലമറിക്കും എന്നായിരുന്നു വാഗ്ദാനം. ആ മേഖലയിൽ നിന്ന് 2016-‐20 കാലത്ത് ജിഡിപിയിലേക്കുള്ള വിഹിതം 17 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞു. 2012ൽ ഈ മേഖലയിലെ തൊഴിൽ വിഹിതം 12.8 ശതമാനമായിരുന്നത് 2018 ൽ 11.5 ശതമാനമായി കുറഞ്ഞു. 2022 ആയപ്പോഴാണ് 2012 ലെ സ്ഥിതിയിലേക്കെത്തിക്കാൻ മോദിക്ക് കഴിഞ്ഞത്. ഇതാണ് മോദി ഗ്യാരണ്ടിയുടെ വസ്തുത.

കോവിഡ് കാലത്ത് തൊഴിൽ ലഭ്യതയില്ലാതായതു മൂലം ദശലക്ഷക്കണക്കിന് പേരാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. അതിന്റെ ഭാഗമായി 2020-‐2023 കാലത്ത് കാർഷികവൃത്തി ചെയ്യുന്നവരുടെ എണ്ണത്തിൽ 6 കോടി വർധനവുണ്ടായി. തൊഴിൽ നൈപുണി നേടിയവർ ഗ്രാമങ്ങളിൽ തൊഴിൽ കണ്ടെത്തി എന്ന നിർമ്മല സീതാരാമന്റെ വ്യാഖ്യാനവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസമാണിത് കാണിക്കുന്നത്.

കാർഷികരംഗത്ത് ആവശ്യത്തിന് തൊഴിൽ ലഭിക്കാത്തവർ തൊഴിൽ സേനയുടെ 46 ശതമാനമായി വർധിച്ചു. ജിഡിപിയിൽ ഇവരുടെ സംഭാവന 15% മാത്രമായി കുറഞ്ഞു. നൈപുണി വിനിയോഗം നടക്കുന്നില്ല എന്നുതന്നെയാണ് ഇത് കാണിക്കുന്നത്.
ഏപ്രിൽ 2021നും മാർച്ച് 2023നുമിടയ്‌ക്ക്‌ ധാന്യങ്ങളുടെ വില 22 ശതമാനം വർധിച്ചു. എന്നാൽ അത് ഭക്ഷിച്ച് ജീവിക്കുന്ന നിർമ്മാണ തൊഴിലാളിയുടെ കൂലിയിൽ ഉണ്ടായ വർധനവ് 10.5% മാത്രമാണ്. കർഷക തൊഴിലാളിയുടെ കൂലി വർധനവ് 12 ശതമാനവും. ഇവരുടെ ജീവിതം കൂടുതൽ കഷ്ടമായി മാറി എന്നാണിത് കാണിക്കുന്നത്.

വനിതകളുടെ തൊഴിൽ പങ്കാളിത്തം വർധിച്ചു വരുന്നു എന്നാണ് അവകാശവാദം. 2019ൽ സ്‌ത്രീകളുടെ സ്വയംതൊഴിൽ പങ്കാളിത്തം 50% ആയിരുന്നത് കോവിഡിന് ശേഷം 60% ആയി വർദ്ധിച്ചു. എന്നാൽ സ്വയം തൊഴിലിൽ നിന്നുള്ള വരുമാനം കുറഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനു കാരണം സ്ത്രീകൾ പലരും സ്വന്തം വീട്ടിലെ കൃഷിയിലും വീട്ടുപണിയിലും മറ്റുമായി കൂലി കിട്ടാത്ത ജോലിയാണ് ചെയ്തുവരുന്നത്. ഇതിനെ സ്ത്രീ ശാക്തീകരണമായി കാണാനാവില്ല.

ചെറുകിട‐കുടിൽ വ്യവസായങ്ങളിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട ഉടമകളുടെ എണ്ണം തൊഴിൽ ശക്തിയിൽ അവർക്കുള്ള പങ്കാളിത്തത്തിനെക്കാൾ ആനുപാതികമായി കുറവാണ്. 20 പേരിൽ താഴെ മാത്രം തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ മാത്രമാണ് അവർക്ക് പ്രാധിനിധ്യം ഉള്ളത്. വലിയ സ്ഥാപനങ്ങൾ ഇപ്പോഴും മേൽ ജാതിക്കാരുടെ പൂർണ്ണ നിയന്ത്രണത്തിൽ തന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ ദളിത് ശാക്തീകരണം എന്നത് ഇപ്പോഴും ഒരു വിദൂര പ്രതീക്ഷ മാത്രമാണ്.

കോവിഡ് കാലത്ത് സ്വയംതൊഴിലുകാർക്കിടയിൽ ആനുപാതികമായി ഏറ്റവുമധികം കഷ്ടപ്പാട് അനുഭവിക്കേണ്ടിവന്നത് മുസ്ലിം ജനവിഭാഗത്തിനാണ്. ഇക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കെടുത്തു പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. പട്ടികജാതി പട്ടിക വിഭാഗത്തിൽ പെട്ടവരുടെ തൊഴിൽ നഷ്ടം 6.9 ശതമാനത്തിൽ നിന്ന് 15.1 ശതമാനമായാണ് വർദ്ധിച്ചത്. പട്ടികജാതി ഇതര വിഭാഗത്തിൽ പെട്ടവരുടെയും മുസ്ലിം ഇതര വിഭാഗത്തിൽ പെട്ടവരുടെയും തൊഴിൽരാഹിത്യം 5.5 ശതമാനത്തിൽ നിന്ന് 13.7 ശതമാനമായി വർധിച്ചു. എന്നാൽ മുസ്ലിം ജനവിഭാഗത്തിന് തൊഴിൽ നഷ്ടം 8.6 ശതമാനത്തിൽ 27.5 ശതമാനമായാണ് വർദ്ധിച്ചത്.

2023 ഒക്ടോബറിലെ സിഎംഐഇയുടെ കണക്കുകൾ കാണിക്കുന്നത് ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ മാത്രം 1.0 3 കോടി ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ്. മാസശമ്പളക്കാരായ 46 ലക്ഷം പേർക്കും തൊഴിൽ നഷ്ടപ്പെട്ടു. കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ ഇതിനനുസൃതമായി യാതൊരു വർദ്ധനവും സംഭവിച്ചതും ഇല്ല.

2016നെ അപേക്ഷിച്ച് 2023 ൽ ജിഡിപിയിൽ 16 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ തൊഴിൽ രംഗത്ത് യാതൊരു വർദ്ധനവും സംഭവിച്ചിട്ടുമില്ല. ജിഡിപിയിൽ വർദ്ധനവുണ്ടായാൽ തൊഴിലില്ലായ്മ കുറയും എന്ന സിദ്ധാന്തം ഇന്ത്യയ്ക്ക് ബാധകമല്ല എന്നാണ് ഇത്‌ തെളിയിക്കുന്നത്. എങ്ങനെയാണ് വർദ്ധനവ് ഉണ്ടാവുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പരിശോധിക്കേണ്ടത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരം തൊഴിലാളികളുടെ എണ്ണത്തിൽ വൻതോതിൽ കുറവ് സംഭവിച്ചിരിക്കുന്നു. കരാർ തൊഴിലാളികളുടെ എണ്ണത്തിലാണ് കഴിഞ്ഞ ഒരു ദശകകാലത്ത് വർദ്ധന ഉണ്ടായത്. 2013 മാർച്ചിൽ ആകെ തൊഴിൽ ശക്തി 17.3 ലക്ഷം ആയിരുന്നെങ്കിൽ 2022 മാർച്ചിൽ അത് 14.6 ലക്ഷമായി കുറഞ്ഞു. പ്രതിവർഷം 2 കോടി തൊഴിൽ വർദ്ധന വാഗ്ദാനം ചെയ്ത മോദിക്കാലത്താണ് ഈ ദുരന്തം ഉണ്ടായത്. 2.7 ലക്ഷം തൊഴിലാണ് കേന്ദ്ര പൊതുമേഖലയിൽ കുറഞ്ഞത്. മാത്രമല്ല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം തൊഴിലാളികളിൽ 2013 ൽ 19% പേരാണ് കരാർ തൊഴിലാളികളായിരുന്നതെങ്കിൽ ഇന്നത് 42.5% ആയി വർദ്ധിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിനും മറ്റും കിട്ടേണ്ട സംവരണ ആനുകൂല്യങ്ങളും ഇതോടെ നഷ്ടപ്പെടുകയാണ്.

രാജ്യത്ത് തൊഴിൽ സാധ്യതകളും വൻതോതിൽ കുറഞ്ഞു വരികയാണ്. 2014ൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിയമിച്ചത് 80,650 പേരെ ആയിരുന്നുവെങ്കിൽ 2023ല്‍ അത് 36,348 ആയി കുറയുകയാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായി ഉയർന്ന വിദ്യാഭ്യാസം നേടിയവർക്കും മറ്റുമുള്ള തൊഴിൽ സാധ്യതകൾ വൻതോതിൽ വെട്ടി കുറയ്ക്കപ്പെട്ടു.

പൊതുമേഖലാ ബാങ്കുകളിൽ 2014 ൽ ആകെ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം 844445 ആയിരുന്നു. സ്വകാര്യബാങ്കുകളിൽ 335,615 പേരും ജോലി ചെയ്തിരുന്നു. 2023 ആയപ്പോൾ പൊതുമേഖലാ ബാങ്കുകളിലെ തൊഴിലാളികളുടെ എണ്ണം 756644 ആയി കുറഞ്ഞു. സ്വകാര്യബാങ്കുകളിലേത് 745612 ആയി വർദ്ധിച്ചു. സ്വകാര്യബാങ്കുകളിലെ നിയമനത്തിന് സംവരണം ബാധകമല്ല എന്ന കാര്യം മനസ്സിലാക്കണം.

സർക്കാർ – പൊതുമേഖലാ വിഭാഗങ്ങളിൽ ഏറ്റവും കുറച്ച് പേർക്ക് തൊഴിൽ കൊടുക്കുന്ന രാജ്യമാണ് ഇന്ത്യ. ഐഎൽഒയുടെ കണക്കുകൾ പ്രകാരം അർജന്റീനയിൽ 16.9 ശതമാനവും ബ്രസീലിൽ 12.3 ശതമാനവും ചൈനയിൽ 28 ശതമാനവും അമേരിക്കയിൽ 13.3 ശതമാനവും ബ്രിട്ടനിൽ 21.5 ശതമാനവും റഷ്യയിൽ 40.6 ശതമാനവും 77 ശതമാനവും ആണ് സർക്കാർ ജോലിക്കാർ. എങ്കിൽ ഇന്ത്യയിൽ അത് വെറും 3.8 ശതമാനം മാത്രമാണ്.

ഇതാണ് മോദിയുടെ തൊഴിൽ രംഗത്തെ ഗ്യാരണ്ടി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − 1 =

Most Popular