Thursday, November 21, 2024

ad

Homeചിത്രകലപ്രകൃതിയുടെ താളം വർണങ്ങളിലൂടെ

പ്രകൃതിയുടെ താളം വർണങ്ങളിലൂടെ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

സംസ്കാരവും രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചകളെ/ സമകാലിക സന്നിഗ്ധാവസ്ഥകളെ യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കുക എന്നതിനപ്പുറം ബോധചിന്തയിൽ വികസിക്കുന്ന രൂപങ്ങളിലൂടെയും നിറങ്ങളിലൂടെയും ആണ് പുതിയ കാഴ്ചകളെ,പുതിയ കാലത്തെ കലാകാരർ കലാവിഷ്കാരങ്ങളായി അവതരിപ്പിക്കുന്നത്. കാഴ്ചയേയും ചിന്തയേയും വിശകലനം ചെയ്യുന്നത് സാമൂഹ്യഘടനയിൽ നിന്നുമാണ്.മനുഷ്യന്റെ സുഖദുഃഖ സമ്മിശ്രമായ ജീവിതങ്ങൾ, പ്രയത്നങ്ങൾ, സാംസ്കാരങ്ങൾ, പ്രകൃതി ഭാവങ്ങൾ ഇവയൊക്കെ ചേർന്ന സാംസ്കാരിക ഘടനയാണ് പിൻബലമാകുന്നത്.ഒപ്പം ആന്തരികമായ ചില ചിന്തകളുടെ തുടർച്ചയുമാണ് സമകാലീന ചിത്രശിൽപകലയിൽ നമുക്ക് ദർശിക്കാനാവുന്നത്. പ്രത്യയശാസ്ത്ര നിലപാടുകളിലൂടെ കലയ്ക്ക് മഹത്വം കൊടുക്കുന്നതിനപ്പുറം സമകാലിക കലയുടെ ഉൾക്കരുത്ത് പ്രകടമാക്കുകയും ചെയ്യുന്നു.ഈ സഞ്ചാര വഴികളിലൂടെയാണ് നമ്മുടെ പുതുസമൂഹം ചരിത്രപരമായ ദശാസന്ധികളിലൂടെ ചിത്ര തലങ്ങളെ രൂപ വർണങ്ങളാൽ സമ്പന്നമാക്കുന്നതു്. നഗര കേന്ദ്രീകൃതമായ ചിന്തകളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പായുന്ന ,സാധാരണക്കാരന്റെ കാഴ്ചയാണ് റോബർട്ട് ലോപ്പസിലെ ചിത്രകാരൻ കണ്ടു തുടങ്ങുന്നത്.

ഉള്ളിലെ സുഖദുഃഖ സമ്മിശ്രമായ അടയാളങ്ങളെ പൂക്കളുടെ വർണ്ണ പ്രപഞ്ചങ്ങൾ സൃഷ്ടിക്കുന്ന കലാകാരന്മാർക്കൊപ്പമാണ് റോബർട്ട്ലോപ്പസും . ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഇൻസ്റ്റലേഷനുകളാകുന്ന ജീവിത മുഹൂർത്തങ്ങളെ പ്രകൃതിയുമായി ചേർത്തുപിടിച്ചു കൊണ്ടാണ് അദ്ദേഹം വരച്ചിടുന്നത്.ജീവിതങ്ങളുടെ ശേഷിപ്പുകളെ ഭാവനയുടെ ജ്വാലകളാക്കി അവതരിപ്പിച്ചിരിക്കുന്നു. കലകൊണ്ട് മാത്രം സ്വന്തം ജീവിതത്തെ ഉൽക്കർഷേർഛ യനുസരിച്ച് രൂപകൽപ്പന ചെയ്യുന്നവർക്കൊപ്പമാണ് റോബർട്ട് ലോപ്പസ്.

മനുഷ്യന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകമെന്ന ബോധത്തെ വളർത്തിയെടുക്കാനും വിസ്മൃത ചരിത്രപശ്ചാത്തലത്തെ അന്വേഷിച്ച് അറിയാനുമുള്ള ദിശാബോധം സ്വയം ആർജിച്ച കലാകാരൻ കൂടിയാണിദ്ദേഹം.( അക്കാദമിക് കലാപഠന സാധ്യതകൾ അദ്ദേഹം സ്വീകരിച്ചിരുന്നില്ല) താൻ കടന്നുപോയ ജീവിതവും തന്റെ മുന്നിൽ കണ്ട അനുഭവ യാഥാർത്ഥ്യങ്ങളും അതേപടി ഉപയോഗിക്കാതെ ചരിത്ര വ്യവഹാരങ്ങൾക്ക് ഭാവനയുടെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ലാവണ്യാത്മകമായ മറ്റൊരു കാഴ്ചയിലേക്കാണ് റോബർട്ട് ലോപ്പസ് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത് . തന്റെ കാഴ്ചകൾ ചിലപ്പോഴെങ്കിലും തുളച്ചു കയറുന്നത് ചിതറിപ്പോകുന്ന പ്രകൃതിയിലേക്കാണ്/ മനുഷ്യരിലേക്കാണ്. രൂപം ഭദ്രമാകുന്നതുപോലെ ഭാവത്തിന് പൂർണ്ണത വേണമെന്ന് ആഗ്രഹിക്കുന്ന കലാകാരനാണ് റോബർട്ട് ലോപ്പസ് .ഈ ചിത്രങ്ങൾ ഒരു പ്രത്യേക വിഷയത്തെ അധികരിച്ച് എന്ന് പറയുമ്പോഴും സാമൂഹ്യ ജീവിതത്തിന്റെ പരിച്ഛേദങ്ങളാകുന്ന സമകാലിക വിഷയങ്ങൾ ഇവിടെ പ്രമേയങ്ങൾ ആകുന്നതു കാണാം- നിഷ്കളങ്കമായ രൂപ വർണ്ണ ഭാവങ്ങളോടെ.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്തിട്ടുള്ള റോബർട്ട് ലോപ്പസിന്റെ പതിനഞ്ചാമത്തെ ഏകാംഗ ചിത്രപ്രദർശനമാണ് തിരുവനന്തപുരം ലളിതകലാ അക്കാഡമി ഗാലറിയിൽ നടന്നത്. ചിത്ര ശില്പകാരന്മാരടക്കം നിരവധി കലാസ്വാദകർ ഒരാഴ്ച നീണ്ടുനിന്ന ചിത്രപ്രദർശനം കാണാനെത്തിയെന്നതും ആഹ്ലാദകരമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 5 =

Most Popular