Thursday, November 21, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍ആദ്യ ട്രേഡ്‌ യൂണിയൻ സംഘാടകനായ സി കണ്ണൻ

ആദ്യ ട്രേഡ്‌ യൂണിയൻ സംഘാടകനായ സി കണ്ണൻ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ ‐ 26

റുപത് വർഷക്കാലം ഒരു യൂണിയന്റെ സെക്രട്ടറിയോ പ്രസിഡന്റോ ആയി പ്രവർത്തിക്കുക, ഇനി തുടരാനാവില്ലെന്ന് പറഞ്ഞ്് സമ്മേളനത്തിൽനിന്ന് മാറിനൽക്കുക‐ എന്നിട്ടും പ്രതിനിധികൾ ഒന്നടങ്കം മറ്റാരെയും തിരഞ്ഞെടുക്കാതിരിക്കുക‐ സി.കണ്ണന്റെ കാര്യത്തിലാണിത് സംഭവിച്ചത്. വർഷങ്ങളോളം.. സംഘടന കണ്ണൂരിലെ ആദ്യത്തെ ട്രേഡ് യൂണിയനുകളിലൊന്നായ ടുബാക്കോ വർക്കേഴ്സ് യൂനിയൻ. 1934ൽ ടുബാക്കോ വർക്കേഴ്സ് യൂണിയൻ പോത്തേരി മാധവൻ വക്കീൽ പ്രസിഡന്റും കോട്ടായി കൃഷ്ണൻ സെക്രട്ടറിയുമായി 1934‐ലാണ്് യൂണിയൻ നിലവിൽവന്നത്. ജോയിന്റ് സെക്രട്ടറിയായി അന്ന് കേവലം 19 വയസ്സുമാത്രമുള്ള സി.കണ്ണൻ. അടുത്തവർഷമാകുമ്പോഴേക്കും പോത്തേരി മാധവൻ വക്കീൽ മദിരാശി നിയമസഭയിൽ അംഗമായി. വക്കീൽ യൂണിയന്റെ അധ്യക്ഷസ്ഥാനം രാജിവെച്ചപ്പോൾ പകരം ആ ചുമതലയിൽ പി.കൃഷ്ണപിള്ള. കൃഷ്ണപിള്ള പ്രസിഡന്റായ സംഘടനയുടെ ഉപകാര്യദർശിയായി പ്രവർത്തിക്കാൻ കഴിഞ്ഞതിനെക്കുറിച്ച് സി. അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.

കണ്ണൂർ സിറ്റിയിലെ കണ്ണൂക്കരയിൽ കിഴക്കയിൽ രാമന്റെയും ചാലിലോത്ത് മാതുവമ്മയുടെയും ഒമ്പത് മക്കളിൽ ഏഴാമനായി 1915ലാണ് സി. കണ്ണന്റെ ജനനം. നാലാം ക്ലാസ് കഴിഞ്ഞശേഷം 11‐ാം വയസ്സിൽ ബീഡിത്തൊഴിലാളിയായി. 1928ലെ റെയിൽവേ സമരം, 1930ലെ ഉപ്പുസത്യാഗ്രഹജാഥ എന്നിവയാണ് സി.യെ പൊതുപ്രവർത്തനത്തിലേക്ക് ആകർഷിച്ചത്. എ.കെ.ജി.യുടെയും മറ്റും നേതൃത്വത്തിൽ കണ്ണൂരിൽനടന്ന കള്ളുഷാപ്പ് പിക്കറ്റിങ്ങിൽ സി.പങ്കെടുത്തു. 1934 ജനുവരിയിൽ ഗാന്ധിജി കണ്ണൂരിൽ വന്നപ്പോൾ സ്വീകരിക്കാൻ രൂപീകരിച്ച വോളന്റിയർ സംഘത്തിൽ സി.യുമുണ്ടായിരുന്നു. അതിന്റെ ക്യാപ്റ്റൻ പോത്തേരി മാധവൻ വക്കീലായിരുന്നു. പോത്തേരിയുമായുള്ള ബന്ധം ബീഡിത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സഹകരിക്കാൻ പ്രേരകമായി. അപ്പോഴേക്കും കെ.പി.ഗോപാലന്റെ നേതൃത്വത്തിൽ കണ്ണൂരിൽ വിവിധ തൊഴിലാളിസംഘടനകൾ രൂപപ്പെട്ടുവരികയായിരുന്നു. ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഴുകിയ സി. നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും വ്യാപൃതനായി.

1937‐ൽ കൂലിക്കൂടുതലടക്കമുള്ള ആനുകൂല്യങ്ങൾക്കായി ബീഡിത്തൊഴിലാളികൾ പണിമുടക്കിലേക്കു നീങ്ങി. സമരത്തിന് നേതൃത്വം നൽകാൻ സി. മുഴുവൻസമയ പ്രവർത്തകനായി. 36 ദിവസം നീണ്ടുനിന്ന പണിമുടക്ക്‌ കൂലിയിൽ ഒരണയുടെ വർധനയോടെയാണ് അവസാനിപ്പിച്ചത്. ബീഡിത്തൊഴിലാളിസമരത്തിന്റെ വിജയം മറ്റ് തൊഴിൽമേഖലകളിൽ വലിയ ചലനമുണ്ടാക്കി. അതിനകം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കണ്ണൂർ നഗരത്തിലെ പ്രധാനപ്രവർത്തകനായും മാറിയിരുന്നു. ഹോസിയറി, കാർപ്പന്ററി, ബാർബർ തൊഴിലാളികളെയും കെ.പി.യും സി.യും നേതൃത്വം നൽകി സംഘടിപ്പിച്ചു. സി. മുഴുവൻസമയ പ്രവർത്തകനായതോടെ കണ്ണൂരിലെ മുനിസിപ്പൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമം തുടങ്ങി. വീടുകളിൽനിന്ന്‌ മലം വലിയ പാത്രത്തിൽ ശേഖരിച്ച് തലച്ചുമടായി മരക്കാർകണ്ടിക്കടുത്തുള്ള ഒരു സ്ഥലത്തുകൊണ്ടുപോയി നിക്ഷേപിക്കുന്ന തൊഴിലിലേർപ്പെട്ടവരാണ് മുനിസിപ്പൽ തൊഴിലാളികളിൽ വലിയ വിഭാഗം. നഗരത്തിലെ തൂപ്പുകാർ വേറെ. തികച്ചും അപരിഷ്കൃതരാണെന്ന് മുദ്രകുത്തി അകറ്റിനിർത്തപ്പെട്ടവരായിരുന്നു അവർ. അവരെ കണ്ടാൽ നാഗരികരെന്നഭിമാനിക്കുന്നവർ മുഖംതിരിക്കുകയും വഴിമാറിപ്പോവുകയുമായിരുന്നു. അവർക്ക് എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കെ.പി.ഗോപാലനും സി.യും തായത്ത് രാഘവനും (പിൽക്കാലത്ത് സോഷ്യലിസ്റ്റ് നേതാവും പത്രപ്രവർത്തകനും) ചേർന്ന് അവരെ സംഘടിപ്പിച്ചു. കെ.പി.ഗോപാലൻ പ്രസിഡന്റും തായത്ത് രാഘവൻ സെക്രട്ടറിയുമായ സംഘടനയുടെ പ്രധാന പ്രവർത്തകനായിരുന്നു സി.കണ്ണൻ. പിന്നീട് കെ.പി.ഗോപാലൻ ഒഴിഞ്ഞതോടെ സി.യായി പ്രസിഡന്റ്‌. 1940ലെ മെയ്ദിന റാലിയിൽ മറ്റ് വിവിധ രംഗങ്ങളിലെ തൊഴിലാളികൾക്കൊപ്പം മുനിസിപ്പൽ തൊഴിലാളികളും അണിനിരന്നത് വലിയ സംഭവമായി. പണിമുടക്കിക്കൊണ്ടാണ് മുനിസിപ്പൽ തൊഴിലാളികൾ റാലിയിൽ പങ്കെടുത്തത്. നഗരത്തിലെ മാന്യന്മാരുടെ വീടുകളിലെ മലം ശേഖരിക്കാൻ അന്ന് തൊഴിലാളികൾ എത്തിയില്ല. അത് വലിയൊരു കുറ്റമായി അവതരിപ്പിക്കപ്പെട്ടു.തൊഴിലാളികളെ പിരിച്ചുവിട്ടു. പിറ്റേദിവസം തിരിച്ചെടുക്കുന്ന പിരിച്ചുവിടലാണ്. കാരണം ആ തൊഴിൽചെയ്യാൻ മറ്റാരുമില്ല. ആനുകൂല്യങ്ങൾ കവർന്നെടുക്കാൻ അതായത് നേരത്തെയുള്ള സർവീസ് ഇല്ലാതാക്കലാണ് ആ പിരിച്ചുവിടലിന്റെ ലക്ഷ്യം. ആ സമരവുമായിബന്ധപ്പെട്ട് കെ.പി.ഗോപാലനടക്കം മൂന്നു പ്രവർത്തകരെ മൂന്നുമാസത്തെ തടവിന് ശിക്ഷിച്ചു.

ബീഡിത്തൊഴിലാളികളുടെ സമരസംഘടന സംസ്ഥാനത്തുടനീളം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയത്് കെ.ദാമോദരനാണ്. കണ്ണൂരിലെ ബീഡിസമരത്തിലും കെ.ദാമോദരൻ വലിയ പങ്കുവഹിച്ചു. 1939 അവസാനം പൊന്നാനിയിൽ കെ.ദാമോദരന്റെ നേതത്വത്തിൽ ബീഡിത്തൊഴിലാളികളുടെ അനിശ്ചിതകാലസമരം നടന്നു. കണ്ണൂരിലെ സമരത്തിന്റെ അനുഭവങ്ങൾ വിവരിക്കാനും പൊന്നാനിയിൽ താമസിച്ച് സമരം നയിക്കാനും ദാമോദരന്റെ നിർദേശാനുസരണം സി.കണ്ണൻ അങ്ങോട്ടുപോയി. സമരം അടിച്ചമർത്താൻ പോലീസ് പരമാവധി ശ്രമിച്ചു. നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒടുവിൽ കെ.ദാമോദരൻ, സി. കണ്ണൻ അടക്കമുള്ള 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ദാമോദരനും സി.യ്ക്കും ഓരോ വർഷത്തെ തടവുശിക്ഷ. കോയമ്പത്തൂർ ജയിലിലാണ് സി.യെ അടച്ചത്. ജയിലിലെ മർദനത്തെ ചോദ്യംചെയ്തതിന്റെ പേരിൽ സി.ക്ക് പത്ത് അടിനൽകാൻ ജയിൽ മേധാവികൾ വിധിച്ചു. കാൽവെള്ളയിൽ ലാത്തികൊണ്ട് പത്ത് അടി. തുടർന്ന് രാജമുണ്ട്രി ജയിലിലേക്ക് മാറ്റവും. ഒരുവർഷത്തിന് ശേഷം ജയിൽമോചിതനായെങ്കിലും ആഴ്ചകൾക്കകം വീണ്ടും അറസ്റ്റിലായി. വെല്ലൂർ ജയിലിലാണിത്തവണ. അവിടെ എ.കെ.ജി.യും കെ.ദാമോദരനുമടക്കമുളളവർ ഉണ്ടായിരുന്നു. എ.കെ.ജി.യെ വെല്ലൂർ ജയിലിൽനിന്ന്‌ മാറ്റി മറ്റേതോ ജയിലിൽ ഏകാന്ത തടവിന് കൊണ്ടുപോകുന്നുവെന്ന സംശയമുണ്ടായിരുന്നു. എങ്ങനെയും ജയിലിൽനിന്ന്‌ പുറത്തുകടന്ന് ഒളിവിൽ കഴിഞ്ഞുകൊണ്ടാണെങ്കിലും ജനങ്ങൾക്കായി പ്രവർത്തിക്കണമെന്ന വിചാരത്തിലായിരുന്നു എ.കെ.ജി. ഏതായാലും ഒരു സന്ധ്യയ്ക്ക് ജയിലുദ്യോഗ്സ്ഥൻ നാളെ കാലത്ത് തയ്യാറായി നിൽക്കാൻ എ.കെ.ജിയോട് നിർദേശിച്ചു. പിറ്റേന്ന് പുലരുന്നതിന് മുമ്പ് ജയിൽ ചാടാനാണ് എ.കെ.ജി. തീരുമാനിച്ചത്. ആന്ധ്രക്കാരായ മൂന്ന് തടവുകാരോടൊപ്പം എ.കെ.ജി.യും സി.കണ്ണനും ചേർന്ന് ജയിൽ ചാടുന്നതിനുള്ള തയ്യാറെടുപ്പുനടത്തി. ഭിത്തിയിൽ ഒരാൾക്ക് കടക്കാനാവുംവിധമുള്ള ദ്വാരമുണ്ടാക്കിയത് ആന്ധ്രക്കാരായ തടവുകാർ. സ്വാതന്ത്ര്യസമരചരിത്രത്തിലെ വിലയൊരു സംഭവം. പുലർച്ചെ ജയിൽചാട്ടംനടന്നു. എ.കെ.ജി.യോടൊപ്പം ആ ഐതിഹാസിക സംഭവത്തിൽ സി.കണ്ണനും പങ്കാളിയായി. പിന്നെ ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ കാടുംമേടും താണ്ടി കേരളത്തിലേക്ക്, കർണാടക അതിർത്തിമേഖയിലേക്ക് ഒളിച്ചുയാത്ര. എ.കെ.ജി.യുടെ ആത്മകഥയിൽ അതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഏതാനും മാസത്തിനകം വീണ്ടും സി. പിടിയിലായി. ജയിൽ ചാടിയതിന്് ആറുമാസത്തെ തടവുശിക്ഷ. ആറുമാസത്തിനിടയിൽ ആലിപ്പൂർ, വെല്ലൂർ, രാജമുണ്ട്രി തുടങ്ങി നാലു ജയിലുകളിൽ തടവിൽ.

ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ സി. കണ്ണനോട് ആറോൺ മിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് കൃഷ്ണപിള്ള നിർദേശിച്ചത്. ആറോൺ മില്ലിലെ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി സി. പ്രവർത്തനമാരംഭിച്ചു. ആർ.ഐ.എൻ. കലാപത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരം നടത്തിയതിന് മില്ലിലെ തൊഴിലാളികളെ പിരിച്ചുവിട്ടത്് വലിയ സംഭവമായി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.യുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. 110 ദിവസം നീണ്ടുനിന്ന പണിമുടക്ക്. 27 പേരൊഴിച്ച് ബാക്കിയെല്ലാവരെയും തിരിച്ചെടുത്തതോടെയാണ് സമരം അവസാനിച്ചത്. സി.ക്കും മറ്റ് 27 പേർക്കുമെതിരെ കേസ് ചാർജ് ചെയ്തു.

1946 ജനുവരി മുതൽ സ്വാതന്ത്ര്യപ്പുലരിവരെ സി. ഒളിവിലായിരുന്നു. എൻ.സി.ശേഖറും സി.യും അക്കാലത്ത് മംഗലാപുരത്ത് ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയത്. കൊൽക്കത്താ തീസിസിനെ തുടർന്ന് കമ്യൂണിസ്റ്റുവേട്ടയാരംഭിച്ച ആദ്യഘട്ടത്തിൽത്തന്നെ സി. വീണ്ടും അറസ്റ്റിലായി. കണ്ണൂർ തെക്കീബസാറിൽ അഴീക്കോടൻ രാഘവന്റെ വീട്ടിൽനിന്നാണ് സി.യെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലും സേലത്തുമായി ആറുമാസത്തെ തടവ്. അതുകഴിഞ്ഞ് പുറത്തിറങ്ങിയ സി.പാർട്ടി നിർദേശാനുസരണം ബോംബെയിലും മൈസുരുവിലും ഒളിവിൽ പ്രവർത്തിക്കുകയായിരുന്നു കുറെക്കാലം. എന്നാൽ 1949 മെയ്ദിനത്തിൽ മൈസുരുവിൽ ഒരു തൊഴിലാളി യോഗത്തിൽവെച്ച് വീണ്ടും പോലീസിന്റെ പിടിയിലായി. മൈസുരുവിൽനിന്ന് മലബാറിലേക്കെത്തിച്ച സി.യെ ആദ്യം തളിപ്പറമ്പ് സബ് ജയിലിലാണ് പാർപ്പിച്ചത്. രണ്ടുമാസത്തിനുശേഷം ആ കേസിൽ വിധിയായി. ആറുമാസം തടവ്. ബീഡിത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുമ്പെപ്പോഴോ ചുമത്തിയ ഒരു കേസിന്റെ പേരിലായിരുന്നു അത്തവണ ശിക്ഷ. ആ കേസിൽ സേലം ജയിലിൽ കഴിയുമ്പോഴാണ് സേലംജയിലിലെ കൂട്ടക്കുരുതി നടന്നത്. കാന്തലോട്ട് കുഞ്ഞമ്പുവിനെക്കുറിച്ചുള്ള അധ്യായത്തിൽ സേലം ജയിലിലെ വെടിവെപ്പിനെപ്പററി, 22 ധീരവിപ്ലവകാരികളുടെ രക്തസാക്ഷിത്വത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിരുന്നതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. തലയിലും നെഞ്ചിലും വെടിച്ചില്ലേറ്റ് ഗുരുതരാവസ്ഥയിലായ സി.യെ സേലം ആശുപത്രിയിൽ മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കി. മാസങ്ങളോളം നടത്തിയ ചികിത്സയെ തുടർന്നാണ് മരണത്തിൽനിന്നൊഴിവായത്.

മാതൃകാപരമായ എന്നാൽ അധികമാർക്കും അനുകരിക്കാനാവാത്ത ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയഭേദമെന്യെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ സി. തൊഴിലാളികൾക്ക് പ്രിയപ്പെട്ട സി.യാണ്, അതല്ലെങ്കിൽ പ്രിയപ്പെട്ട കണ്ണേട്ടൻ. കഴിയാവുന്നേടത്തോളം നടന്നാണ്, പദയാത്ര നടത്തിയാണ് സി.യുടെ പ്രവർത്തനം. ജനങ്ങൾക്കുവേണ്ടി ജീവിതമാകെ ഉഴിഞ്ഞുവെച്ചതിനാൽ വിവാഹത്തിന് തയ്യാറായില്ല. കണ്ണൂർ മേഖലയിൽ തൊള്ളായിരത്തി മുപ്പതുകളിലും നാൽ്പതുകളിലും നിരവധി കേഡർമാരെ വളർത്തിയെടുക്കുന്നതിലും സി. വലിയ പങ്കുവഹിച്ചു. എ.കെ.ജി.യോടൊപ്പം പട്ടിണിജാഥയിൽ മദിരാശിവരെ സഞ്ചരിച്ച ജാഥാംഗം പട്ടിണി ഗോപാലേട്ടൻ എന്ന കക്കറക്കൽ ഗോപാലൻ, പട്ടിണി ജാഥയുടെ വോളന്റിയറായിരുന്ന സൈക്കിൾ നമ്പ്യാർ എന്നറിയപ്പെട്ട എ.വി.കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരെല്ലാം അതിലുൾപ്പെടും.

കണ്ണൂർ തുളിച്ചേരിയിൽ കക്കറക്കൽ കണ്ണൻകുട്ടിയുടെയും ചോടോപ്പറമ്പിൽ കല്യാണിയുടെയും മകനായ ഗോപാലൻ ഉപ്പുകുറുക്കൽ സമരത്തിലും നിയമലംഘന പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തു.1934‐ൽ ഗാന്ധിജി കണ്ണൂരിൽവന്നപ്പോൾ സ്വന്തം കൈകൊണ്ട് നിർമിച്ച ഖാദി കുട ഗോപാലൻ ഗാന്ധിജിക്ക് നൽകി. അത് പൊതുയോഗത്തിൽ ലേലംചെയ്ത് വിറ്റു. കോൺഗ്രസ് സോഷ്യലിസ്റ്റ്് പാർട്ടിയിലൂടെ 1940‐ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ ഗോപാലൻ പാർടിയുടെ സാഹിത്യപ്രചാരണത്തിന് നേതൃത്വംനൽകി. പ്രഭാതം പത്രത്തിന്റെ തുടക്കത്തിലേയുള്ള ഏജന്റായ ഗോപാലേട്ടൻ കമ്മ്യൂണിസ്റ്റ് സാഹിത്യപ്രചരണത്തിനായി കണ്ണൂരിൽ സ്വന്തം നിലയ്‌ക്കാണ് പീപ്പിൾസ് ബുക്സ്റ്റാൾ തുടങ്ങിയത്. പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങൾ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിക്കുന്നതിന് മുൻനിന്ന് പ്രവർത്തിച്ചതിന് പുറമെ യുദ്ധരാക്ഷസൻ, ഫാസിസ്റ്റ് ഭൂതം എന്നീ നാടകങ്ങൾ തയ്യാറാക്കി വിവധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. ഗോപാലന്റെ അനുജനാണ് ബുക്സ്റ്റോൾ കരുണേട്ടൻ എന്നപേരിൽ പ്രസിദ്ധനായ സി.കെ.കരുണാകരൻ. പീപ്പിൾസ് ബുക്സ്റ്റോളിൽ ജ്യേഷ്ഠന്റെ സഹായിയായി പ്രവർത്തിച്ച കരുണേട്ടൻ കൃഷ്ണപിള്ള, എൻ.സി.ശേഖർ, എ.കെ.ജി., കെ.ദാമോദരൻ എന്നിവരുടെ സഹായിയായും പ്രവർത്തിച്ചു. 1948‐51 കാലത്ത് ഒളിവിൽ കഴിയുന്ന നേതാക്കൾക്ക് പ്രിസിദ്ധീകരണങ്ങൾ എത്തിക്കുകയും സന്ദേശവാഹകനായി പ്രവർത്തിക്കുകയും ചെയ്തു. പാർട്ടിക്കുവേണ്ടിയുള്ള തപസ്യപോലുള്ള പ്രവർത്തനത്തിനിടയിൽ പട്ടിണി ഗോപാലേട്ടനും ബുക്സ്റ്റാൾ കരുണേട്ടനും വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നു.

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെപോയ മറ്റൊരു പേരാണ് സൈക്കിൾ നമ്പ്യാർ അഥവാ എ.വി.കുഞ്ഞിരാമൻനമ്പ്യാരുടേത്. പുഴാതിയിലെ ഒരു പാവപ്പെട്ട വീട്ടിൽ ജനിച്ച കുഞ്ഞിരാമൻനമ്പ്യാർ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നെയ്ത്തുതൊഴിലാളിയായി. കൃഷ്ണപിള്ളയും കെ.പി.ഗോപാലനും പി.വി.ചാത്തുനായരും മുൻകയ്യെടുത്ത് രൂപീകരിച്ച ചിറക്കൽ താലൂക്ക് നെയ്ത്തുതൊഴിലാളിയൂണിയന്റെ പ്രവർത്തനത്തിലൂടെയാണ് കുഞ്ഞിരാമൻ നമ്പ്യാർ രാഷ്ട്രീയത്തിലെത്തുന്നത്. 1936‐ൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് പുറപ്പെട്ട പട്ടിണിജാഥയിൽ വളണ്ടിയറായി ജാഥാവസാനംവരെ നമ്പ്യാരുണ്ടായിരുന്നു. എൻ.സി.ശേഖറിന്റെ ഏറ്റവുമടുത്ത സഹപ്രവർത്തകനായിരുന്നു നമ്പ്യാർ. എൻ.സി. കോഴിക്കോട്ട് കേന്ദ്രീകരിച്ച് വിവിധ ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന പ്രവർത്തനത്തിലായിരുന്നു മുപ്പതുകളുടെ രണ്ടാം പകുതിയിൽ. കോഴിക്കോട്ടെ സെൻ്ട്രൽ ട്രേഡ് യൂണിയൻ കൗൺസിൽ ഓഫീസിന്റെ ചുമതലക്കാരനായാണ് നമ്പ്യാർ പ്രവർത്തിച്ചത്. ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ.പി.ഉണ്ണിപ്പെരവൻ 1983‐ൽ കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചപ്പോൾ എഴുതിയ അനുസ്മരണക്കുറിപ്പിൽ മുപ്പതുകളുടെ അവസാനവും നാല്പതുകളുടെ തുടക്കത്തിലും നമ്പ്യാരുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നഗരത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഓർത്തെഴുതുകയുണ്ടായി. കോഴിക്കോട് നഗരത്തിൽ പാർട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും ഭാഗമായി നടക്കുന്ന രഹസ്യക്ലാസുകളുടെ വിവരമെത്തിച്ച്് ആളുകളെ പങ്കെടുപ്പിക്കുന്നതിന്റെ ചുമതലക്കാരനായിരുന്നു. സൈക്കിൾ ഇല്ലാതെ നമ്പ്യാരെ കാണാറില്ലാത്തതിനാലാണ് സൈക്കിൾ നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ടത്. പ്രഭാതം മാസികയും പാർട്ടി പ്രസിദ്ധീകരണങ്ങളും നേതാക്കൾക്കും പ്രവർത്തകർക്കും രഹസ്യകേന്ദ്രങ്ങളിൽ എത്തിച്ചുകൊടുക്കുന്നതും നമ്പ്യാരായിരുന്നു. കോഴിക്കോട് നഗരത്തിൽ പാർട്ടിയുടെ ആദ്യത്തെ ചുവരെഴുത്തുസംഘത്തിൽ താനും നമ്പ്യാരും ഒപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും ഉണ്ണിപ്പെരവൻ അനുസ്മരിക്കുകയുണ്ടായി. 1948‐ൽ പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ കോഴിക്കോട്ടുവെച്ച് അറസ്റ്റിലായി ജയിലിലടയ്‌ക്കപ്പെട്ടു. സ്വാതന്ത്ര്യസമരകാലത്തും ജയിലിൽ കഴിഞ്ഞെങ്കിലും രേഖകൾ ലഭ്യമാക്കാനാവാത്തതിനാൽ പെൻഷൻ ലഭിച്ചില്ല.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − two =

Most Popular