പശ്ചിമാഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ നൈജർ അമേരിക്കയോട് സൈനികത്താവളങ്ങൾ പൊളിച്ചുമാറ്റി തങ്ങളുടെ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. വലിയ അളവിൽ യുറേനിയം നിക്ഷേപമുള്ള ഈ രാജ്യത്തെ ഫ്രാൻസ് കോളനിയാക്കി വച്ചിരുന്നതാണ്. 1960കളുടെ തുടക്കത്തിൽ നൈജറിന് ഔപചാരികമായി ഫ്രാൻസ് സ്വാതന്ത്ര്യമനുവദിച്ച് പിൻവാങ്ങിയെങ്കിലും സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന തദ്ദേശീയ ബൂർഷ്വാ ഭരണാധികാരികളുടെ പിന്തുണയോടെ ആ നാടിനെ കൊള്ളയടിക്കുന്നത് തുടർന്നു. 2023 ജൂലൈ അവസാനം ഒരുസംഘം യുവ സൈനിക ഉദ്യോഗസ്ഥർ പ്രസിഡന്റ് മൊഹമ്മദ് ബസൂമിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയും നാഷണൽ കൗൺസിൽ ഫോർ സേഫ്‌ഗാർഡ് ഓഫ് ദി ഹോംലാൻഡ് (CNSP‐ മാതൃഭൂമിയുടെ സുരക്ഷയ്‌ക്കായുള്ള ദേശീയ കൗൺസിൽ) എന്ന താൽക്കാലിക സൈനിക ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്‌തു.
ഫ്രാൻസിന്റെ ഒരു പാവ ഗവൺമെന്റായിരുന്നു ജനാധിപത്യത്തിന്റെ പേരിൽ അധികാരത്തിലിരുന്ന പ്രസിഡന്റ് മൊഹമ്മദ് മസൂമിന്റെ ഗവൺമെന്റ്. രാജ്യത്തെ അമൂല്യമായ പ്രകൃതിസമ്പത്താകെ കൊള്ളയടിച്ച് ഫ്രാൻസ് കൊണ്ടുപോകുന്നതിന്റെ നിശ്ശബ്ദസാക്ഷിയായി നിൽക്കുകയായിരുന്നു മസൂം ഗവൺമെന്റ്. ദശകങ്ങൾക്കു മുമ്പുതന്നെ ഫ്രാൻസ് അധികാരമൊഴിഞ്ഞിരുന്നുവെങ്കിലും ഫ്രാൻസിന്റെ സൈനികത്താവളങ്ങൾ രാജ്യത്ത് അപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നു. അതിനെതിരെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ്, ആ പ്രക്ഷോഭത്തെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട സൈന്യം സിവിൽ (‘‘ജനാധിപത്യ’’) ഭരണാധികാരികളെ അധികാരഭ്രഷ്ടമാക്കി ഭരണം പിടിച്ചെടുത്തത്. ജനവികാരം അനുസരിച്ചുള്ളതായിരുന്നു ആ ഭരണമാറ്റം. അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളാകെ തെരുവിലിറങ്ങി ആ താൽക്കാലിക സൈനിക ഗവൺമെന്റിനെ സ്വാഗതം ചെയ്യുകയും ഉടൻ ഫ്രഞ്ച് സേനയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്‌തു. ആ ജനവികാരത്തിനനുസരിച്ചുതന്നെ സിഎൻഎസ്‌പി ഫ്രാൻസിനോട് സൈനികത്താവളങ്ങൾ പൊളിച്ചു പുറത്തുകടക്കാൻ കർശനമായി ആവശ്യപ്പെടുകയും ചെയ്‌തു. പ്രസിഡന്റ് ബസൂമിന്റെ അംഗരക്ഷക സംഘത്തിന്റെ തലവനായിരുന്ന ജനറൽ അബ്ദു റഹ്‌മാൻ ചിയാനിയുടെ നേതൃത്വത്തിലുള്ള സൈിനകഭരണത്തിന് രാജ്യത്തെ ട്രേഡ് യൂണിയനുകളുടെയും പുരോഗമനശക്തികളുടെയുമാകെ പിന്തുണയുമുണ്ട്.
ഫ്രാൻസ് പടിയിറങ്ങിയെങ്കിലും ഇടക്കാലത്ത് ബസൂം ഗവൺമെന്റിന്റെ പിന്തുണയിൽ നൈജറിൽ താവളമടിച്ച അമേരിക്ക പുതിയ രാഷ്‌ട്രീയമാറ്റത്തിനുശേഷവും പുറത്തുപോയില്ല. ഫ്രാൻസ് സ്വമനസ്സോടെയൊന്നും താവളങ്ങളും പൊളിച്ചുപോയതല്ല. 2023 ആഗസ്‌തിൽ തന്നെ ഫ്രാൻസുമായുള്ള എല്ലാ സൈനിക കരാറുകളും സിഎൻഎസ്‌പി റദ്ദുചെയ്‌തു. എന്നിട്ടും ഫ്രഞ്ച് അധികൃതർ ബലംപിടിച്ച് അവിടെ തുടർന്നു. എന്നാൽ നിത്യേന ഫ്രഞ്ച് എംബസികൾക്കും സൈനികത്താവളങ്ങൾക്കും മുന്നിലേക്ക് ജനങ്ങൾ ഇളകിവരികയായിരുന്നു. ഒടുവിൽ ഡിസംബറോടുകൂടി മൊത്തം സൈനികത്താവളങ്ങളും പൊളിച്ച് പടിയിറങ്ങി. മറ്റു ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ചെറിയ സൈനികസംഘങ്ങളും ഫ്രാൻസിനു പിന്നാലെ നൈജർ വിട്ടു. പക്ഷേ രാജ്യത്തുനിന്ന് ഒഴിഞ്ഞുപോയെങ്കിലും വീണ്ടും അവിടെ കുത്തിത്തിരിപ്പുണ്ടാക്കാൻ അയൽരാജ്യങ്ങളെ ഫ്രാൻസ് പ്രേരിപ്പിച്ചതിന്റെ ഫലമാണ് പശ്ചിമാഫ്രിക്കൻ രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ഇക്കോവാസി (ECOWAS) ന്റെ നൈജറിനെതിരായ ആക്രമണഭീഷണി. ഭീഷണിപ്പെടുത്തലിനപ്പുറം മുന്നോട്ടുപോകാൻ ഇക്കോവാസിനായില്ല. മാത്രമല്ല, 2024 ജനുവരിയിൽ മാലിയും ബുർക്കിനൊ ഫാസോയും നൈജറും ഇക്കോവാസിൽനിന്ന് പിന്മാറിയതോടെ ആ സാമ്രാജ്യത്വാനുകൂല കൂട്ടായ്‌മയുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലായി. കാരണം അതിൽ ഉൾപ്പെടുന്ന കൂട്ടായ്‌മയുടെ മൊത്തം ഭൂവിസ്‌തൃതിയുടെ പകുതിയിലധികവും നൈജറിനെ പോലെയുള്ള രാജ്യങ്ങളുടെ പിന്മാറ്റത്തോടെ നഷ്ടമായി.
ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ സൈനികസാന്നിധ്യവും ഇനി ഈ രാജ്യത്തു വേണ്ടെന്ന് നൈജർ ഗവൺമെന്റ് പ്രഖ്യാപിച്ചത്. ഫ്രാൻസിന്റെ സൈനികസാന്നിധ്യത്തിനെതിരെ ജനകീയപ്രക്ഷോഭം നടന്നിരുന്ന വേളയിൽ നൈജറിൽ 1,100 അമേരിക്കൻ സൈനികരാണ് ഉണ്ടായിരുന്നത്. രണ്ട് സൈനികത്താവളങ്ങളാണ് പരസ്യമായി നൈജറിൽ അമേരിക്കയുടേതായുള്ളത്. തലസ്ഥാനമായ നിയാമിയിലെ എയർ ബേസ് 101ഉം അവിടെനിന്ന് 900 കിലോമീറ്റർ അകലെയുള്ള അഗാഡെസിലെ എയർബേസ് 201ഉം. ഇതിൽ നിയാമിയിലെ ആസ്‌തികളിലും സൈനികരിലും ഗണ്യമായ ഒരു ഭാഗം സെപ്‌തംബറിൽ തന്നെ അഗാഡെസിലേക്ക് മാറ്റപ്പെട്ടു.
2019ൽ പ്രവർത്തനമാരംഭിച്ച എയർ ബേസ് 201ന് 25 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുണ്ട്. 11 കോടി ഡോളർ ചെലവഴിച്ച് നിർമിച്ച ഈ താവളം അമേരിക്കൻ വ്യോമസേന ഇതേവരെ നിർമിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലുതാണ്. ഇതിന്റെ മെയിന്റനൻസ് ചെലവ് പ്രതിവർഷം മൂന്ന് കോടിയോളം ഡോളർ വേണ്ടിവരും. 2016ൽ നിർമാണമാരംഭിച്ച ഈ താവളത്തിനായി അമേരിക്ക 25 കോടി ഡോളർ ചെലവഴിച്ചുകഴിഞ്ഞു. കഴിഞ്ഞ സെപ്‌തംബറിൽ ‘‘ദി ഇന്റർസെപ്‌റ്റ്’’ എന്ന അമേരിക്ക ആസ്ഥാനമായ ഓൺലൈൻ മാഗസിനാണ് (2014 മുതൽ ഈ മാഗസിൽ നിലവിലുണ്ട്) ഈ വിവരങ്ങൾ പുറത്തുവീട്ടത്.
ആഫ്രിക്കയിലെ വലിപ്പത്തിൽ രണ്ടാമത്തെ അമേരിക്കൻ സൈനികത്താവളമാണ് അഗാഡെസിലേത് (ഏറ്റവും വലുത് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂതിയിലാണ്). ബസൂം പുറത്താക്കപ്പെട്ടശേഷവും നിയാമിയിലെയും അഗാഡെസിലെയും സൈനികത്താവളങ്ങൾ നിലനിർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അമേരിക്കൻ വ്യോമസേനയുടെ യൂറോപ്പിലെയും ആഫ്രിക്കയിലെയും കമാൻഡറായ ജനറൽ ജയിംസ് ഹെക്കെർ 2023 ആഗസ്‌തിൽ പ്രസ്‌താവിച്ചത്.
എന്നാൽ നൈജറിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള എയർബേസ് 101നും മധ്യഭാഗത്തുള്ള എയർബേസ് 201നും മധ്യഭാഗത്തുള്ള എയർബേസ് 201നും പുറമേ രാജ്യത്തിന്റെ വടക്കുകിഴക്കായി ദിർക്കു എന്ന ചെറുപട്ടണത്തിൽ മറ്റൊരു താവളംകൂടി അമേരിക്കഅമേരിക്കയുടേതായുണ്ട്. 2018ൽ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതുവരെ വളരെ രഹസ്യമായാണ് ഇത് പ്രവർത്തിച്ചിരുന്നത്. സിഐഎയുടെ മേൽനോട്ടത്തിലുള്ള രഹസ്യ താവളമാണിത്. 2018ൽ ആഭ്യന്തരമന്ത്രിയായിരുന്ന, (പിന്നീട് 2021 മുതൽ പ്രസിഡന്റായ) ബസൂം പ്രസ്താവിച്ചത് അമേരിക്കയുടേതാണെന്ന് മാത്രമേ എനിക്കറിയാവൂ എന്നാണ്. 2023 ജൂലൈ വരെ നൈജർ ഭരണാധികാരികൾ ഈ വിദേശ സൈനികസാന്നിധ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള ഉപകരണങ്ങളായാണ് കണ്ടത്.
2023 ആഗസ്‌തിൽ അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് ‘‘തങ്ങൾ നൈജറുമായുള്ള ബന്ധം മുറിക്കില്ല’’ എന്നാണ്. എന്നാൽ ഒക്ടോബറിൽ അമേരിക്ക നൈജറിനുള്ള സൈനികവും സാന്പത്തികവുമായ സഹായങ്ങൾ വെട്ടിക്കുറച്ചു. ഡിസംബറിൽ സിഎൻഎസ്‌പിയുടെ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ആഫ്രിക്കൻ കാര്യങ്ങൾക്കായുള്ള അമേരിക്കയുടെ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി മോളി ഫീ നൈജറിലെ അമേരിക്കൻ സൈനികരുടെ എണ്ണം 1100ൽ നിന്ന് 648 ആയി കുറയ്‌ക്കാൻ തീരുമാനിച്ചതായി പ്രസ്‌താവിച്ചു. അപ്പോഴും അമേരിക്കയുടെ നല്ല പങ്കാളികളാണ് നൈജർ എന്നാവർത്തിക്കുകയും ചെയ്‌തു.
എന്നാൽ അമേരിക്കൻ സാന്പത്തിക സൈനിക സഹായങ്ങൾ വെട്ടിക്കുറച്ചതിന് ബദലായി നൈജർ റഷ്യയുമായും ചൈനയുമായും മറ്റും ബന്ധം ശക്തിപ്പെടുത്തി. മാത്രമല്ല 2023 സെപ്‌തംബറിൽ മാലി, ബുർക്കിനൊഫാസൊ, നൈജർ എന്നീ രാജ്യങ്ങൾ ചേർന്ന് അലയൻസ് ഓഫ് സഹേൽ സ്‌റ്റേറ്റ്‌സ് (AES‐ സഹേൽ രാഷ്‌ട്രങ്ങളുടെ സഖ്യം) രൂപീകരിക്കുകയും ചെയ്‌തു. മാത്രമല്ല, ഫ്രാൻസിനെതരായ ജനകീയ പ്രക്ഷോഭകാലത്ത് നൈജർ പതാകയ്‌ക്കൊപ്പം റഷ്യയുടെയും ചില ബ്രിക്‌സ് രാജ്യങ്ങളുടെയും പതാകയും ഉയർത്തിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് റഷ്യയുമായും ഇറാനുമായുമുള്ള നൈജറിന്റെ സൗഹൃദത്തെ ചോദ്യംചെയ്‌തുകൊണ്ട് അമേരിക്ക രംഗത്തുവന്നത്. ഇതിനെത്തുടർന്നാണ് അമേരിക്കൻ സൈനികത്താവാളങ്ങൾ അടച്ചുപൂട്ടി രാജ്യത്തിന് പുറത്തുപോകാൻ അമേരിക്കയോട് നൈജർ ആവശ്യപ്പെട്ടത്. സാമ്രാജ്യത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനമാണ് നൈജർ ഇതിലൂടെ നടത്തിയിരിക്കുന്നത്. ♦