Friday, May 17, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻവിലക്കയറ്റം മൂലമുള്ള നഷ്ടം 
ആർക്ക്?

വിലക്കയറ്റം മൂലമുള്ള നഷ്ടം 
ആർക്ക്?

ഡോ. ടി എം തോമസ് ഐസക്

വിലക്കയറ്റത്തിന്റെ നഷ്ടം ആർക്കെന്നുള്ള ചോദ്യം എങ്ങനെ ഉയർത്താനാകുമെന്ന് നിങ്ങൾ സംശയിച്ചാൽ അതു ന്യായമാണ്. ഉപഭോക്തൃ വില സൂചിക 2014 ഏപ്രിൽ – മെയ് മാസത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ എത്തിനിൽക്കുകയാണ്. 7.8 ശതമാനമാണ് വിലക്കയറ്റം. ഇത് അളക്കാൻ ഉപയോഗിക്കുന്ന ഉപഭോക്തൃ വില സൂചികയ്ക്ക് മറ്റൊരു പേരുള്ളത് ജീവിതച്ചെലവ് സൂചികയെന്നാണ്. ജീവിക്കാനുള്ള ചെലവ് വർദ്ധിക്കുമ്പോൾ നഷ്ടം ആർക്കെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും.

ധാന്യ വിലവർദ്ധനവിൽ കൃഷിക്കാരന് എന്ത്?
ഇതിനൊരു ഉദാഹരണം പറയാം. ഇന്നത്തെ വി ലക്കയറ്റം പ്രധാനമായും പ്രതിഫലിക്കുന്നത് ധാന്യങ്ങളുടെയും പച്ചക്കറിയുടെയും മറ്റു ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിലകളിൽ ഉണ്ടായിട്ടുള്ള വർദ്ധനവിലാണ്. ഭക്ഷ്യവില സൂചിക 17 മാസങ്ങൾക്കുള്ളിൽ ഏറ്റവും ഉയർന്നതായി. ധാന്യങ്ങളുടെ വില 21 മാസത്തിനുള്ളിൽ ഏറ്റവും ഉയർന്നതും. പച്ചക്കറികളുടെ വിലയാണ് ഏറ്റവും കൂടുതൽ വർദ്ധിച്ചിട്ടുള്ളത്. ഈ ഒറ്റക്കാര്യം മാത്രം പരിഗണിച്ചാൽ മതി വിലക്കയറ്റം ആരെയാണ് കൂടുതൽ ബാധിക്കുന്നതെന്നു മനസ്സിലാക്കാൻ. പാവപ്പെട്ടവരുടെ ചെലവിന്റെ 60 ശതമാനം ഭക്ഷണത്തിനു വേണ്ടിയാണ്. പണക്കാരുടെ ചെലവിന്റെ 10-–20 ശതമാനമേ ഭക്ഷണത്തിനാവൂ. ഈ ലളിതമായ വസ്തുതപോലും ധനമന്ത്രാലയം വളച്ചൊടിക്കുകയാണ്.

നമ്മൾ പറഞ്ഞുവന്നത് ഈ വിലക്കയറ്റത്തിന്റെ നേട്ടം എന്തുകൊണ്ട് കൃഷിക്കാർക്കു ലഭിക്കുന്നില്ലായെന്നതു സംബന്ധിച്ചാണ്. ഈ വർഷം കേന്ദ്രസർക്കാർ സംഭരണം വെട്ടിക്കുറച്ചു. ഇതു കച്ചവടക്കാരെ സഹായിക്കാനായിരുന്നു. അവർ കൃഷിക്കാരിൽ നിന്ന് ധാന്യങ്ങൾ സംഭരിച്ച് കയറ്റുമതി ചെയ്യുന്നതിനെയാണു പ്രോത്സാഹിപ്പിച്ചത്. ഉക്രയ്ൻ-–റഷ്യ യുദ്ധം മൂലം ലോകത്ത് ഭക്ഷ്യധാന്യങ്ങളുടെ വില ഉയരുകയാണ്. ഇത് അവസരമാക്കി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിക്കുകയാണ്. പക്ഷേ സംഭരണം ശക്തമാക്കുകയും മുൻകാലത്തെന്നപോലെ കച്ചവടക്കാർക്ക് ആവശ്യമെങ്കിൽ സംഭരിച്ച ധാന്യം ലഭ്യമാക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ അതിന്റെ നേട്ടം കൃഷിക്കാർക്കു ലഭിച്ചേനേ. എന്നാൽ അതിനു പകരം കച്ചവടക്കാർ താഴ്ന്ന വിലയ്ക്കു സംഭരിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുമ്പോൾ വില വർദ്ധനവിന്റെ നേട്ടം കൃഷിക്കാർക്കു ലഭിക്കാതെ വരുന്നു.

പെട്രോൾ നികുതി പാവങ്ങൾക്കുവേണ്ടിയോ?

വിലക്കയറ്റത്തെക്കുറിച്ചു പൊതുവിൽ കേന്ദ്ര ധനമന്ത്രി ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ടോയെന്നുള്ള തർക്കം തുടരട്ടെ. ഡീസലിന് 9 മടങ്ങും പെട്രോളിന് 3 മടങ്ങും നികുതി വർദ്ധിപ്പിച്ച് 8 വർഷംകൊണ്ട് 26 ലക്ഷം കോടി രൂപ സമാഹരിച്ച വൈഭവം അവരുടേതാണ് എന്നത് അവിതർക്കിതമാണല്ലോ. ഈ തുകയെ ഇന്ത്യയിലെ കുടുംബങ്ങളുടെ എണ്ണംകൊണ്ടു ഹരിച്ചാൽ ശരാശരി ഇന്ത്യയിലെ ഒരു കുടുംബത്തിൽ നിന്ന് ഒരുലക്ഷം രൂപ വീതം മോദി സർക്കാർ കൊള്ളയടിച്ചിട്ടുണ്ട്. ഇതു മുഴുവൻ പാവപ്പെട്ടവർക്കു വലിയ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ വേണ്ടി ഉപയോഗിച്ചുവെന്ന് നീണ്ട കണക്കുകൾവച്ച് അവർ സമർത്ഥിച്ചിട്ടുണ്ട്. ചുരുക്കത്തിൽ പെട്രോൾ വില വർദ്ധനവ് പണക്കാരെയും പാവപ്പെട്ടവരെയും ബാധിച്ചെങ്കിലും അതിന്റെ നേട്ടം മുഴുവൻ പാവങ്ങൾക്കായിരുന്നുവെന്നാണ് ഈ ധനമന്ത്രി വാദിക്കുന്നത്. പണ്ട് കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ അൽഫോൺസ് കണ്ണന്താനം പറഞ്ഞ കണക്ക് ഉണ്ടല്ലോ. അതുതന്നെയാണ് ഇപ്പോഴും കേന്ദ്രധനമന്ത്രി പറയുന്നത്.

വിലക്കയറ്റം അന്നും ഇന്നും
ഇന്നത്തെ വിലക്കയറ്റത്തേക്കാൾ രൂക്ഷമായ വിലക്കയറ്റം മുമ്പും ഉണ്ടായിട്ടുണ്ട്. യുപിഎ സർക്കാരിന്റെ രണ്ടാമൂഴത്തിൽ വിലക്കയറ്റതോത് ഇതിനേക്കാൾ ഉയർന്നതായിരുന്നു. അതിന്റെ ഫലം അവർ തിരഞ്ഞെടുപ്പിൽ അനുഭവിക്കുകയും ചെയ്തു. ഇപ്പോഴത്തെ വിലക്കയറ്റം അത്ര വലിയ പ്രശ്‌നമല്ലായെന്ന് ന്യായീകരിക്കാൻ ബിജെപിക്കാർ ചൂണ്ടിക്കാണിക്കുന്നത് ഇത്തരം മുൻകാല അനുഭവങ്ങളാണ്.

എന്നാൽ മുൻകാലത്തേക്കാൾ ജനങ്ങളുടെ ജീവിതനിലവാരത്തെ അതിഗുരുതരമായി ബാധിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ വിലക്കയറ്റം. കാരണം കോവിഡുകാലത്തെ രൂക്ഷമായ സാമ്പത്തിക തകർച്ചയിൽ നിന്ന് സാധാരണക്കാർ ഇതുവരെ കരകയറിയിട്ടില്ല. വാങ്ങിയിട്ടുള്ള കടം തിരിച്ചടയ്ക്കാനുള്ള ബാധ്യതയും എല്ലാവർക്കുമുണ്ട്. തൊഴിലില്ലായ്‌മ രൂക്ഷമാണ്. തൊഴിൽദിനങ്ങളും ഗണ്യമായി കുറഞ്ഞു. കാരണം നോട്ടുനിരോധനം മുതൽ കോവിഡുവരെയുള്ള കാലത്ത് ഭൂരിപക്ഷം ജനങ്ങളും ഉപജീവനം നടത്തുന്ന അസംഘടിത മേഖല വലിയ തകർച്ചയിലാണ്. ഇതൊക്കെമൂലം ഇന്ന് വിലക്കയറ്റം താങ്ങാനാവാതെ ജനങ്ങൾ നട്ടംതിരിയുകയാണ്.

മൊത്തവില സൂചികയും മേലോട്ട്
മൊത്തവില സൂചിക ഏപ്രിൽ മാസത്തിൽ 15.8 ശതമാനം ഉയർന്നു. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്കാണിത്. മൊത്തവില സൂചിക യും ഉപഭോക്തൃവില സൂചികയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഉപഭോക്തൃവില സൂചികയിൽ പരിഗണിക്കുക സാധാരണക്കാരൻ ഉപയോഗിക്കുന്ന ഭക്ഷണവും വസ്ത്രവും പോലുള്ള ചരക്കുകളുടെയും യാത്ര, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളുടെയും ചില്ലറ വിലയാണ്. അതേസമയം മൊത്തവി ല സൂചികയിൽ സമ്പദ്ഘടനയിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളെയും പരിഗണിക്കും. പേരിൽ സുചിപ്പിക്കുന്നതുപോലെ മൊത്തവിലയെ ആധാരമാക്കിയാണ് വിലക്കയറ്റം കണക്കാക്കുക.

ഉപഭോക്തൃവില സൂചികയിൽ ഉപഭോഗത്തിനാണ് പ്രാധാന്യമെങ്കിൽ മൊത്തവില സൂചികയിൽ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾക്കാണ് മുൻതൂക്കം. സ്വാഭാവികമായി ഈ രണ്ടു വില സൂചികകളും ഒരിക്കലും ഒരുപോലെ ആവില്ല. മൊത്തവില സൂചിക ഉപഭോക്തൃവില സൂചികയേക്കാൾ വളരെ ഉയർന്നു നിൽക്കുന്നുവെന്നുള്ളതാണ് ഇപ്പോഴത്തെ സ്ഥിതി.

മൊത്തവില സൂചിക ചൂണ്ടിക്കാണിക്കുന്നത് ഉൽപ്പാദനച്ചെലവ് ഇന്ത്യയിൽ അതിവേഗത്തിൽ ഉയരുന്നുവെന്നുള്ളതാണ്. ഉൽപ്പാദന ചെലവിൽ ഉണ്ടാവുന്ന വർദ്ധനവ് അപ്പപ്പോൾ തന്നെ ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കണമെന്നില്ല. തൽക്കാലം വ്യവസായ ഉൽപ്പന്ന വിലകൾക്കു കൂടുതൽ സ്ഥിരതയുണ്ട്. എന്നാൽ ഇന്ന് അല്ലെങ്കിൽ നാളെ ഉൽപ്പാദന ചെലവിനനുസരിച്ച് ഉൽപ്പന്ന വിലകൾ ഉയർന്നേ തീരൂ. നിലവിൽ വ്യവസായ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിലകളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ മൊത്തവില സൂചികയുടെ വർദ്ധനവ്, ഇവയുടെ വില വരും മാസങ്ങളിൽ വർദ്ധിക്കുമെന്ന് ഉറപ്പാക്കുന്നുണ്ട്. എന്നുവച്ചാൽ ഇന്നത്തെ വിലക്കയറ്റം കൂടുതൽ രൂക്ഷമാകുന്നതിനാണ് സാധ്യത.

വേദനയിൽ നിന്ന് ലാഭം കൊയ്യുന്നവർ
വിലക്കയറ്റംകൊണ്ട് സമ്പന്നർക്കു നഷ്ടമില്ല. നേട്ടമേയുള്ളൂ. അധ്വാനിക്കുന്നവരുടെ മേലാണ് ഭാരം മുഴുവൻ. അവരുടെ വരുമാനത്തിൽ ഒരു ഭാഗം സമ്പന്നർക്ക് അനുകൂലമായി പുനർവിതരണം ചെയ്യപ്പെടുന്നു. ശതകോടീശ്വരരുടെ ദാവോസ് സമ്മേളനത്തിനു മുന്നോടിയായി ‘വേദനയിൽ നിന്നു ലാഭം കൊയ്യുന്നവർ’ എന്ന റിപ്പോർട്ട് ഓക്സ‌്ഫാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ അവർ പറയുന്നത് കോവിഡുകാലത്തും അതിനുശേഷമുള്ള കാലത്തും ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരൻ പിറവികൊള്ളുന്നു എന്നാണ്. അതേസമയം ഓരോ 30 മണിക്കൂറിലും ഒരു ദശലക്ഷം സാധാരണക്കാർ അതിദരിദ്രരുടെ അണികളിലേക്കു തള്ളപ്പെടുന്നു എന്നുമാണ്. ഈ ധനികവൽക്കരണവും ദരിദ്രവൽക്കരണവും ഒരേ പ്രക്രിയയുടെ രണ്ടു വശങ്ങളാ ണ്. കോവിഡുകാലത്തെ മാന്ദ്യമാണെങ്കിലും കോവിഡിനുശേഷമുള്ള വിലക്കയറ്റമാണെങ്കിലും സമ്പന്നർ നേട്ടം കൊയ്യുന്നു. പാവങ്ങൾ നഷ്ടം ഏറ്റുവാങ്ങുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − ten =

Most Popular