Sunday, July 14, 2024

ad

Homeആമുഖംവർഗീയ ധ്രുവീകരണത്തിലൂടെ 
അധികാരം പിടിച്ചടക്കൽ
ആർഎസ്എസിന്റെ അജൻഡ

വർഗീയ ധ്രുവീകരണത്തിലൂടെ 
അധികാരം പിടിച്ചടക്കൽ
ആർഎസ്എസിന്റെ അജൻഡ

പരനെതിരെ വിദ്വേഷവും ഭീതിയും ജനിപ്പിച്ചാണ് ഫാസിസ്റ്റുകൾ എവിടെയും എക്കാലത്തും അധികാരം പിടിച്ചെടുക്കുന്നത്. അന്യമതത്തിലോ വംശത്തിലോ പെട്ട ആളുകളെ ശത്രുക്കളായി ചിത്രീകരിച്ച് ഏറ്റുമുട്ടലുകളും കലാപങ്ങളുമുണ്ടാക്കി വർഗീയവും വംശീയവുമായ ധ്രുവീകരണങ്ങളുണ്ടാക്കിയാണ് ഫാസിസ്റ്റുകൾ അധികാരം കൈക്കലാക്കുന്നത്. എന്നാൽ ആ അധികാര പ്രയോഗം ഭൂരിപക്ഷ വിഭാഗത്തിൽപ്പെടുന്ന സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായല്ല, മറിച്ച് ധനമൂലധനത്തിന് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കുന്നതിന്, അതിസമ്പന്നരുടെ ക്ഷേമത്തിനുവേണ്ടി മാത്രമാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ സമകാലിക അനുഭവവും അതുതന്നെ.

അയോധ്യയും പിന്നെ കാശിയും മഥുരയുമെല്ലാം വർഗീയ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളാക്കപ്പെടുമ്പോൾ, അയോധ്യയുടെ പേരിൽ ഒട്ടേറെ ചോര ഒഴുക്കപ്പെടുകയും ജീവനുകൾ എടുക്കപ്പെടുകയും ചെയ്യുമ്പോൾ മറുവശത്ത് സാധാരണ മനുഷ്യർ ആ ഭൂപ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും വമ്പൻ ടൂറിസ്റ്റ് പ്രോജക്ടുകൾ അവിടങ്ങളിൽ ഉയർന്നുവരികയും ചെയ്യുന്നത് നാം കാണുന്നു.

ഗുജറാത്തിൽ മുസ്ലിം വംശഹത്യ അരങ്ങേറപ്പെട്ടത് അവിടെ മോദിയുടെ, ആർഎസ്എസിന്റെ അധികാരപ്രയോഗം ഉറപ്പിക്കാനായിരുന്നു. ഗുജറാത്തിലെ മോദിവാഴ്ചയിൽ നിന്നാണ് ഗൗതം അദാനിയെ ന്ന കുത്തകയുടെ താരോദയം ഉണ്ടാകുന്നത്! ടാറ്റയ്ക്കും അംബാനിക്കുമെല്ലാം സർവ്വസ്വാതന്ത്ര്യത്തോടെയാണ് നാടിന്റെ സ്വത്ത് കവർന്നെടുക്കുന്നതിന് മോദി അവസരമൊരുക്കിയത്. അതിനാലാണ് ഇന്ത്യൻ കോർപ്പറേറ്റ് ലോകം 2014ൽ മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിൽ എത്തിക്കണമെന്ന ആഹ്വാനം നടത്തിയത്. മാത്രമല്ല ഗോധ്രയിലും അഹമ്മദാബാദിലും ഒഴുക്കപ്പെട്ട ചോരപ്പുഴകളാണ് മോദിയുടെ, ആർഎസ്എസിന്റെ ഡൽഹിയിലേക്കുള്ള കടന്നുവരവിന് വഴിയൊരുക്കിയത്.

2013 ആഗസ്ത് – സെപ്തംബർ മാസങ്ങളിൽ പടിഞ്ഞാറൻ യുപിയിൽ ആർഎസ്എസ് തിരികൊളുത്തിയ വർഗീയ സംഘട്ടനങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുംവഴി നൂറ്റാണ്ടുകളായി ആ പ്രദേശത്ത് ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്ന ജനങ്ങളെ മതത്തിന്റെ പേരിൽ ചേരി തിരിക്കുകയും വർഗീയ ധ്രുവീകരണമുണ്ടാക്കുകയും ചെയ്തത് 80 ലോക്-സഭാ സീറ്റുള്ള യുപി പിടിക്കാൻ ബിജെപിക്ക് വഴിയൊരുക്കി. അമിത്ഷാ നേരിട്ടെത്തി അവിടെ മാസങ്ങളോളം തമ്പടിച്ച് വർഗീയാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു.

ഒഡീഷയിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കർണാടകത്തിലും ഒടുവിൽ മണിപ്പൂരിലും ക്രിസ്ത്യാനികൾക്കെതിരെ ആർഎസ്എസ് സംഘടിതമായി ആക്രമണങ്ങൾ അഴിച്ചുവിട്ടത് ന്യൂനപക്ഷ വിഭാഗങ്ങളുടെയാകെ ഉന്മൂലനം എന്ന അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. ഓരോ കൂട്ടക്കൊലയും ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം അധികാരം പിടിച്ചെടുക്കുന്നതിനുള്ള ഓരോ ചുവടുവയ്പാണ്.

പാഠപുസ്തകങ്ങളിൽ വർഗീയ അജൻഡ പ്രകാരം മാറ്റം വരുത്തുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുക തുടങ്ങിയ നടപടികളിലൂടെ അധികാരം ലഭിക്കുന്നിടങ്ങളിലെല്ലാം സമൂഹത്തെ വർഗീയവൽക്കരിക്കുന്നതിനുള്ള അരങ്ങൊരുക്കുകയാണ് ബിജെപി. വേഷം, ഭക്ഷണം, ഭാഷ എന്നിവയിലെല്ലാം തങ്ങളുടെ അജൻഡ അടിച്ചേൽപ്പിക്കുകയുമാണ് ആർഎസ്എസും അതിന്റെ ശിങ്കിടി സംഘടനകളും. പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകൾ ബിജെപി അധികാരത്തിൽ എത്തിയതിനെ തുടർന്ന് വർദ്ധിച്ചുവരികയാണെന്നു മാത്രമല്ല അതിന് സൗകര്യമൊരുക്കത്തക്കവിധം നിയമനിർമാണത്തിനുപോലും ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ മടിക്കുന്നില്ല. ദൗർഭാഗ്യകരമെന്നുപറയട്ടെ കോൺഗ്രസ് അധികാരത്തിലെത്തിയാലും ബിജെപി നടപ്പിലാക്കിയ കാര്യങ്ങളിൽ നിന്ന് പിന്നോട്ടുപോകാൻ തയ്യാറാകുന്നില്ല എന്നാണ് രാജസ്താനിലെയും കർണാടകത്തിലെയും ഛത്തീസ്ഗഢിലെയും മറ്റും അനുഭവം നമ്മെ ഓർമിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി ഈ ലക്കത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാറിന്റെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്.
– ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 9 =

Most Popular