Saturday, May 18, 2024

ad

Homeമുഖപ്രസംഗംകേന്ദ്രത്തിന് 
കനത്ത തിരിച്ചടി

കേന്ദ്രത്തിന് 
കനത്ത തിരിച്ചടി

കേന്ദ്ര സർക്കാർ കേരള സർക്കാരിനു 2023–24 സാമ്പത്തിക വർഷത്തിലെ അവസാന ഗഡുവായി അനുവദിക്കേണ്ടിയിരുന്ന കടമെടുപ്പായിരുന്നു 13,608 കോടി രൂപ. സംസ്ഥാനത്ത് ജീവനക്കാർക്ക് വേതനം നൽകുന്നത് ഉൾപ്പെടെയുള്ള ഖജനാവിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിക്കാനുള്ള നീക്കമാണ് മോദി സർക്കാർ ഈ തുക തടഞ്ഞുവെച്ചതിലൂടെ നടത്തിയത്. ഈ തുകയ്ക്കപ്പുറം കുറേകൂടി പണം കിട്ടിയാൽ മാത്രമേ മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തികവർഷം കടക്കാൻ സംസ്ഥാന സർക്കാരിനു കഴിയൂ. കേന്ദ്ര സർക്കാർ ഈ 13,608 കോടി രൂപ നൽകാൻ വെെകിച്ചതുമൂലം സംസ്ഥാന ജീവനക്കാരുടെ വേതനം മാസാദ്യം വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ രണ്ടു മൂന്ന് ദിവസത്തേക്ക് സ്തംഭിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനമാകെ സ്തംഭിച്ച് ജനങ്ങളെ സംസ്ഥാന സർക്കാരിനെതിരാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരായി കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര മാനദണ്ഡം അനുസരിച്ച് ഈ വർഷം 13,608 കോടി രൂപ കൂടി കടമെടുക്കാൻ കേരളത്തിനു അവകാശമുണ്ട്. കേന്ദ്ര സർക്കാർ അതിനനുമതി നൽകാത്തതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. കോടതി ആ കേസെടുത്തപ്പോൾ അതിനു മുമ്പ് കൊടുത്ത കേസ് പരിഗണിച്ചാൽ മാത്രമേ പണം നൽകൂ എന്നായിരുന്നു സംസ്ഥാന സർക്കാരുമായുള്ള ചർച്ചയിൽ കേന്ദ്ര സർക്കാർ പറഞ്ഞത്.

കേന്ദ്രവും ഏതെങ്കിലും സംസ്ഥാനവും തമ്മിൽ തർക്കം ഉണ്ടായാൽ അത് പരിഹരിക്കുന്നതിനു ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. അതനുസരിച്ചാണ് കേന്ദ്രം നിരന്തരമായി സാമ്പത്തിക ഞെരുക്കത്തിനിരയാക്കിയപ്പോൾ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കോടതി ആ കേസ് പരിഗണിച്ചപ്പോൾ അത് പിൻവലിച്ചാൽ മാത്രമേ 13,608 കോടി രൂപ കടമെടുക്കാൻ അനുവദിക്കൂ എന്നാണ് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോർണി ജനറലും അഡീഷണൽ സോളിസിറ്റർ ജനറലും കോടതിയെ അറിയിച്ചത്. കേന്ദ്രം തങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതിനു പരിഹാരം ഉണ്ടാക്കണം എന്നാണ് കേസ് മുഖേന കേരളം സുപ്രീം കോടതിയോട് അപേക്ഷിച്ചത്. അതിൽ ഇരുഭാഗത്തെയും വാദംകേട്ട് പറയുന്ന കോടതിവിധി തങ്ങൾക്ക് കുരുക്കാകുമോ എന്ന ഭയംകൊണ്ടാണ് ആ കേസ് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർബന്ധിച്ചത്. കേസ് പിൻവലിക്കാൻ കേരളത്തോട് ആവശ്യപ്പെടാൻ കേന്ദ്രസർക്കാരിന് അവകാശമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കേരളത്തിനു അർഹതപ്പെട്ട തുക കൊടുക്കാൻ കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകി.

ഭരണഘടന അനുസരിച്ച് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ കൽപ്പന പ്രകാരം പ്രവർത്തിക്കേണ്ടവയല്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കൃത്യമായ അധികാരപരിധി അതിൽ നിർണയിച്ചിട്ടുണ്ട്. അതനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അവയുടെ സാമ്പത്തികകാര്യങ്ങൾ വലിയ അളവുവരെ സ്വതന്ത്രമായി കെെകാര്യം ചെയ്യാം. ബിജെപി അതിന്റെ താൽപ്പര്യം അനുസരിച്ച് ഈ ഭരണഘടനാ വ്യവസ്ഥകളെ പ്രയോഗത്തിൽ തിരുത്താൻ ശ്രമിക്കുകയാണ്. കേരള സർക്കാരിന് സംസ്ഥാനത്തിന്റെയും അതിലെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ അതിന്റെ കാഴ്ചപ്പാടനുസരിച്ച് കെെകാര്യം ചെയ്യാൻ അവകാശമുണ്ട്. അതിൽ ഭരണഘടനാ വിരുദ്ധമായി കയ്യിടാൻ കേന്ദ്രത്തിനവകാശമില്ല. ഇതു സംബന്ധിച്ച തർക്കമാണ് കേരളം കൊടുത്ത കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ കെെകാര്യം ചെയ്യപ്പെടുക. കേന്ദ്രത്തിനുള്ള അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുള്ളത് അവയ്ക്കും സ്വതന്ത്രമായി കെെകാര്യം ചെയ്യാനുള്ള നിർദേശമായിരിക്കും സുപ്രീംകോടതി നൽകുക. ഇത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ വരിഞ്ഞുകെട്ടും എന്ന് അറിയാവുന്നതുകൊണ്ടായിരിക്കണം അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമനും സുപ്രീംകോടതി കേന്ദ്രത്തിന്റെ അവകാശത്തിൽ ഇടപെടരുത് എന്ന് ആവശ്യപ്പെട്ടത്. എന്നാൽ, ഭരണഘടനാപരമായ ചില വിഷയങ്ങൾ കേരളത്തിന്റെ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അവ സൂക്ഷ്മമായി പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വിശദീകരിച്ചതോടെ കേന്ദ്ര സർക്കാർ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കില്ല എന്ന് അവർക്ക് ബോധ്യപ്പെട്ടിരിക്കണം.

മാർച്ച് 6–ാം തീയതി കേരള സർക്കാർ സുപ്രീംകോടതിയിൽ നേടിയെടുത്തത് കേന്ദ്രം തടഞ്ഞുവച്ച 13,608 കോടി രൂപ മാത്രമല്ല. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സാമ്പത്തികാധികാരങ്ങളെക്കുറിച്ച് ഉന്നയിക്കപ്പെട്ട തർക്കങ്ങൾ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ചർച്ച ചെയ്ത് സംഗതമായ ഉത്തരവ് നൽകാം എന്ന സുപ്രീംകോടതിയുടെ ഉറപ്പുകൂടിയാണ്. കേന്ദ്ര സർക്കാരിനു തന്നിഷ്ടം പോലെ സംസ്ഥാനങ്ങളെ അടിച്ചൊതുക്കാനോ തങ്ങളുടെ ഏകപക്ഷീയമായ തീരുമാനം അവയുടെ മേൽ അടിച്ചേൽപ്പിക്കാനോ കഴിയില്ല എന്നാണ് കേരളത്തിന്റെ കേസ് പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി ജഡ്ജിമാർ വ്യക്തമാക്കിയത്. ഇന്ത്യയുടെ ധനകാര്യ ഫെഡറലിസം സംരക്ഷിക്കാനുള്ള ധീരമായ പോരാട്ടത്തിനാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ നേതൃത്വം നൽകിയത്. അതിൽ സുപ്രീംകോടതിയുടെ ഇടക്കാല തീരുമാനം കേന്ദ്രസർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. യഥാർത്ഥത്തിൽ കേരളം ഇന്ത്യയ്ക്കാകെ വഴികാട്ടിയായിരിക്കുകയാണ്.

മനുഷ്യജീവനുതന്നെ മുൻഗണന

‘മരം കോച്ചുന്ന മകര മാസം’ എന്നത് പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിലെ ആ മാസത്തെ കാലാവസ്ഥയുടെ വിശേഷണമായിരുന്നു. ഈ വർഷം മകര മാസത്തിന്റെ ആരംഭം മുതൽ തന്നെ പകൽ തീ പാറുന്ന ചൂട് എന്ന അനുഭവം സംസ്ഥാന വ്യാപകമായി ഉണ്ടായി. കാലാവസ്ഥാ മാറ്റം എന്നു ശാസ്ത്രജ്ഞർ വർഷങ്ങൾക്കുമുമ്പ് മുന്നറിയിപ്പു തന്നത് ഇപ്പോൾ ജനങ്ങൾ സാർവത്രികമായി കേരളത്തിൽ അനുഭവിക്കുകയാണ്. തീരപ്രദേശങ്ങളിലും ഇടനാട്ടിലും മലനാട്ടിലും ഇത് അനുഭവപ്പെടുന്നത് വ്യത്യസ്ത രീതികളിലാണ്. തെക്കു വടക്കു നീണ്ടു കിടക്കുന്ന പശ്ചിമഘട്ട പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ആക്രമണം മുമ്പില്ലാത്ത തോതിൽ അനുഭവപ്പെടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വയനാട്ടിലും കോഴിക്കോട്ടും ഇടുക്കിയിലും അവയുടെ ആക്രമണത്തിൽ പലർക്കും ജീവഹാനി വരെ ഉണ്ടായി.

കേരളത്തിലെ ജനസാന്ദ്രത ഇന്ത്യയിൽ മറ്റെവിടത്തെക്കാളും കൂടുതലാണ്. അതിനാൽ വനത്തോടു തൊട്ടു തന്നെ ജനങ്ങൾ പാർക്കുന്ന സ്ഥിതിവന്നു. 1980കളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനനിയമം വന്യജീവികളുടെ വംശനാശം തടയുന്നതിന് ഏറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പലയിനം ജീവികളുടെയും വംശനാശം വന്നുകൊണ്ടിരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് അവയെ കൊല്ലുന്നതിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തപ്പെട്ടത്. തൽഫലമായി അടുത്തകാലത്തായി വന്യജീവികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യയിലാകെയും കണക്കാക്കപ്പെട്ടിട്ടുണ്ട്. വേനൽക്കാലമാകുമ്പോൾ വനങ്ങളിൽ വേണ്ടത്ര വെള്ളവും തീറ്റയും ലഭിക്കാത്തതുമൂലം അവയിൽ ചില മൃഗങ്ങൾ തൊട്ടു കിടക്കുന്ന ജനവാസ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നു. വനത്തിനടുത്ത് ജീവിക്കുന്ന ആളുകൾ ഉപജീവനത്തിനായി പതിവായി വനത്തിലേക്കും പ്രവേശിക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ കാട്ടുമൃഗങ്ങളും മനുഷ്യരും പലപ്പോഴും നേർക്കുനേർ എത്താനിടയാകുന്നു. അത് ചില മനുഷ്യർ കൊല്ലപ്പെടുന്നതിലേക്കു നയിക്കുന്നു.

രാഷ്ട്രീയാന്ധരായ ചിലർ ഈ സ്ഥിതിവിശേഷത്തെ സങ്കുചിത ലക്ഷ്യങ്ങളോടെ മുതലെടുക്കാൻ ശ്രമിക്കുന്നു. ആനയോ കാട്ടുപോത്തോ മറ്റു മൃഗങ്ങളോ മനുഷ്യർ പാർക്കുന്ന മേഖലയിലേക്ക് ഇറങ്ങി മുന്നിൽ കാണുന്നവരെ ആക്രമിക്കുന്നത് സർക്കാർ അല്ലെങ്കിൽ വനം വകുപ്പ് തടയുന്നില്ല എന്നാണ് ചിലരുടെ വ്യാഖ്യാനം. വനം വകുപ്പും മറ്റു വകുപ്പുകളും നടപടി എടുക്കാത്തതല്ല പ്രശ്നം. ഉപജീവനത്തിനായി ആളുകൾ വനാന്തരങ്ങളിലേക്ക് പ്രവേശിക്കുന്നത് അവരുടെ പതിവനുസരിച്ചാണ്. അവിടങ്ങളിലെല്ലാം സംരക്ഷണം നൽകുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

ഇറച്ചിക്കായി ഉപയോഗിക്കാവുന്ന കാട്ടുമൃഗങ്ങൾ പെരുകി ജനദ്രോഹം ചെയ്യുമ്പോൾ അവയെകൊന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനു വന നിയമത്തിലെ വ്യവസ്ഥകൾ തടസ്സമാണ്. അവയിൽ ഭേദഗതി വരുത്തി ജീവഹാനി ഉണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാനോ മറ്റു നടപടികൾ കെെക്കൊള്ളാനോ വനം വകുപ്പിന് അനുമതി ലഭിക്കണം. കേന്ദ്ര സർക്കാർ ഈ പുതിയ പരിതഃസ്ഥിതി മനസ്സിലാക്കി അതിനിതുവരെ തയ്യാറായിട്ടില്ല. രാഷ്ട്രീയഭേദമെ-നേ-്യ ജനങ്ങളും രാഷ്ട്രീയപാർട്ടികളും ഒറ്റക്കെട്ടായി കേന്ദ്രത്തോട് ജനങ്ങളുടെ ജീവരക്ഷകയ്ക്കായി വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനും വേണ്ടിവരുന്ന പക്ഷം അവയിൽ ചിലവയെ കൊല്ലുന്നതിനും തക്കനടപടിയെടുക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടത്. അതിനുപകരം ലോക്-സഭാ തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയിൽ ഈ പ്രശ്നത്തെ സംസ്ഥാന സർക്കാരിനും ഭരണകക്ഷികൾക്കും എതിരായി ഉപയോഗിക്കാനാണ് കേരളത്തിലെ യുഡി‍എഫ് –ബിജെപി നേതാക്കൾ ശ്രമിക്കുന്നത്.

കാലാവസ്ഥാമാറ്റം ഉണ്ടാക്കുന്ന ഭീഷണി നേരിടുന്നതിനു സർക്കാരും എല്ലാ വിഭാഗം ജനങ്ങളും ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് ഏകോപിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ജനങ്ങളെ വെെകാരികമായി ഇളക്കി വിടലല്ല, ഇന്നു വേണ്ടത്. അവരെ സ്ഥിതിഗതികളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ്, അതിനു നേതൃത്വം നൽകുകയാണ് വേണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 7 =

Most Popular