Sunday, May 19, 2024

ad

Homeഇലക്‌ഷൻ കാമ്പയിൻകന്ധമാലിലെ 
അക്രമപരമ്പര

കന്ധമാലിലെ 
അക്രമപരമ്പര

ജി വിജയകുമാർ

‘‘കന്ധമാൽ അക്രമങ്ങളുടെ ചരിത്ര പശ്ചാത്തലം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനമാണ്…. രണ്ടായിരത്തിലേറെ മുസ്ലീങ്ങളെ കൊന്നൊടുക്കിയതും മുസ്ലീം സമുദായത്തിന് വൻനാശനഷ്ടങ്ങളുണ്ടാക്കിയതുമായ 2002ലെ ഗുജറാത്ത് വംശഹത്യയെത്തുടർന്നുള്ള കാലഘട്ടത്തിൽ ഒറീസയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കുനേരെ നടന്നതും ആസൂത്രിതമായ ആക്രമണമായിരുന്നു; ഈ ദുരന്തവും അപ്രതീക്ഷിതമായിരുന്നില്ല. ഇത്തരമൊരു ആക്രമണം അരങ്ങേറുന്നതിന് പറ്റിയ പ്രദേശം തന്നെയായിരുന്നു കന്ധമാൽ; കാരണം മതതീവ്രവാദികളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ദളിത്–ആദിവാസി ജനവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ തകരാറിലാക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തണമെന്ന് അവർ കണ്ടു.’’

2010ൽ പ്രസിദ്ധീകരിച്ച, ജസ്റ്റിസ് എ പി ഷായുടെ അധ്യക്ഷതയിലുള്ള വസ്തുതാനേ-്വഷണ കമ്മീഷൻ റിപ്പോർട്ടിലെ ചില വരികളാണ് മുകളിൽ ഉദ്ധരിച്ചത്. ഒഡീഷയിൽ (മുൻപ് ഒറീസ) ക്രിസ്ത്യാനികൾക്കെതിരെ സംഘപരിവാർ സംഘടിതവും ആസൂത്രിതവുമായി ആക്രമണം അഴിച്ചുവിട്ടത് 2008ൽ ആദ്യമായിട്ടായിരുന്നില്ല. 2007ലെ ക്രിസ്-മസ് ആഘോഷങ്ങളെ തുടർന്നും സമാനമായ കലാപം ഉണ്ടായി. അന്ന് നൂറിലധികം പള്ളികളും ഹോസ്റ്റലുകളും കോൺവെന്റുകളും പള്ളി വക സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. 700 ലധികം വീടുകൾ തീവെച്ചു നശിപ്പിച്ചു. ക്രിസ്-മസിനെ തുടർന്നുള്ള മൂന്ന് ദിവസത്തെ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തു. ഡിസംബർ 24ന് വിശ്വഹിന്ദു പരിഷത്തുകാരും ക്രിസ്ത്യാനികളും തമ്മിൽ ക്രിസ്-മസ് ആഘോഷങ്ങൾ നടത്തുന്നതു സംബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് നടന്ന ആക്രമണങ്ങൾക്ക് കാരണമായത്.

സംഘപരിവാർ പ്രചാരകനും വനവാസി കല്യാൺ ആശ്രമത്തിലെ മഠാധിപതിയുമായ ലക്ഷ്-മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതാണ് 2008 ആഗസ്ത് മുതൽ ദിവസങ്ങളോളം നീണ്ടുനിന്ന കലാപത്തിന് കാരണമായത്. 2008 ആഗസ്ത് 23ന് രാത്രി 8 മണിയോടെയാണ് സംഘപരിവാർ പ്രചാരകനും സംഘാടകനുമെല്ലാമായ ലക്ഷ്-മണാനന്ദ സരസ്വതി എന്ന 84 കാരൻ കൊല്ലപ്പെട്ടത്. വനവാസി ആശ്രമത്തിൽ വച്ചാണ് അജ്ഞാതരായ ‘ഒരു സംഘം’ ലക്ഷ്-മണാനന്ദയെ കൊലപ്പെടുത്തിയത്. എൺപതോളംവരുന്ന തോക്കുധാരികളായ സംഘമാണ് ആശ്രമത്തിൽ കടന്നുകയറി മഠാധിപതികൂടിയായ ലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയത്. രാത്രി 8 മണിക്ക് കൊലപാതകം നടന്ന് ഒരു മണിക്കൂർ തികയുംമുൻപ് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഗൗരി പ്രസാദ് രാഥ് പ്രഖ്യാപനം നടത്തി– ‘‘ക്രിസ്ത്യാനികൾ സ്വാമിജിയെ കൊലപ്പെടുത്തി. ഞങ്ങൾ ശക്തമായ തിരിച്ചടി നൽകും.’’ അതിനകം തന്നെ ജില്ലയുടെ പല ഭാഗങ്ങളിലും ക്രിസ്-ത്യാനികൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ലക്ഷ്-മണാനന്ദ കൊല്ലപ്പെട്ട രാത്രിതന്നെ തൊട്ടടുത്ത ദിവസം ഹർത്താലിന് സംഘപരിവാർ ആഹ്വാനം ചെയ്തു. അതോടെയാണ് ക്രിസ്ത്യാനികൾക്കെതിരായ ദിവസങ്ങൾ നീണ്ട ആക്രമണ പരമ്പരയ്ക്ക് തുടക്കമായത്. വീണ്ടും ആഗസ്ത് 25ന് സംസ്ഥാന വ്യാപകമായി അടച്ചിടലിനും സംഘപരിവാർ ആഹ്വാനം നൽകി, ആക്രമണങ്ങൾ കെട്ടടങ്ങാതെ നിലനിർത്തി.

സ്വാമി ലക്ഷ്-മണാനന്ദ കൊല്ലപ്പെട്ട ഉടൻ തന്നെ കൊലയാളികൾ ക്രിസ്ത്യാനികളാണെന്ന് സംഘപരിവാർ മേധാവി തീർപ്പു കൽപ്പിച്ചതുതന്നെ അസ്വാഭാവികം. ആ തീർപ്പിനും മുൻപേ ആക്രമണവും ആരംഭിച്ചുകഴിഞ്ഞു. എന്നാൽ പൊലീസ് എത്തിയ നിഗമനം മാവോയിസ്റ്റുകളാണ് സ്വാമിയെ കൊലപ്പെടുത്തിയത് എന്നാണ്. എന്തായാലും ലക്ഷ്-മണാനന്ദയെ ആര് കൊലപ്പെടുത്തി എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കണ്ടെത്തിയിട്ടില്ല, ഗുജറാത്ത് വംശഹത്യക്ക് നിദാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഗോധ്രാ തീവണ്ടി കത്തിക്കലിനു പിന്നിലെ യഥാർഥ വില്ലൻ ആരായിരുന്നു എന്നത് ഇന്നും ദുരൂഹമായിരിക്കുന്നതുപോലെ. ഗാേധ്രയെ തുടർന്നുള്ള ദിവസങ്ങളിൽ മുസ്ലീങ്ങളാണ് ആക്രമിക്കപ്പെട്ടതെങ്കിൽ സ്വാമി ലക്ഷ്-മണാനന്ദയുടെ കൊലപാതകത്തെ തുടർന്നുള്ള ദിവസങ്ങളിൽ ആക്രമിക്കപ്പെട്ടത് ക്രിസ്ത്യാനികളാണ‍്. രണ്ടിന്റെയും ആസൂത്രകർ സംഘപരിവാർ തന്നെയാണ്. രണ്ടിന്റെയും പിന്നിലുള്ള ബുദ്ധികേന്ദ്രവും ഒരാൾതന്നെയെന്ന് ചില മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട് – അജിത് ഡോവൽ എന്ന പഴയ ഐപിഎസുകാരൻ.

ഒഡീഷ ഗവൺമെന്റിന്റെ റിപ്പോർട്ടുകൾ പ്രകാരംതന്നെ കന്ധമാൽ ആക്രമണത്തിൽ ചുരുങ്ങിയത് 39 ക്രിസ്-ത്യാനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ അനൗദ്യോഗികമായി ചില മാധ്യമങ്ങളും വസ്തുതാനേ-്വഷണ സംഘങ്ങളും വെളിപ്പെടുത്തുന്നത് 500 ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ്. നിരവധി ക്രിസ്ത്യൻ കുടുംബങ്ങൾ ഒന്നടങ്കം ജീവനോടെ ചുട്ടെരിക്കപ്പെട്ടു. 4,000ത്തോളം ക്രിസ്ത്യാനികളുടെ പാർപ്പിടങ്ങൾ പൂർണമായും തകർക്കപ്പെട്ടു. 400 ലേറെ പള്ളികൾ അഗ്നിക്കിരയാക്കി. ഏഴായിരത്തോളം ക്രിസ്-ത്യൻ വീടുകൾ കൊള്ളയടിക്കപ്പെട്ടു. ഒരു ലക്ഷത്തോളം ക്രിസ-്ത്യാനികൾ ഭവനരഹിതരായി ക്യാമ്പുകളിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായി. 50,000 ലേറെപ്പേർ രക്ഷതേടി മറ്റു ജില്ലകളിലേക്കോ അയൽസംസ്ഥാനങ്ങളിലേക്കോ കുടുംബത്തോടെ പലായനം ചെയ്തു. കന്ധമാലിലെ 600 ലധികം ഗ്രാമങ്ങളാണ് തകർക്കപ്പെട്ടത്. ബെെബിളുകൾ കൂട്ടിയിട്ട് കത്തിച്ചു. ആയിരക്കണക്കിന് ക്രിസ്-ത്യാനികളെ ബലംപ്രയോഗിച്ച് മതപരിവർത്തനംനടത്തി.

ക്രിസ്ത്യാനികൾക്കെതിരെ 
ആസൂത്രിതമായ ആക്രമണം
ഒഡീഷയിലെ കന്ധമാലിൽ മാത്രമായിരുന്നോ ക്രിസ്ത്യൻ സമൂഹവും അവരുടെ വിശ്വാസങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടത്? അല്ല. 1998 മാർച്ചിൽ അടൽ ബിഹാരി വാജ്പെയ് പ്രധാനമന്ത്രി ആയി ബിജെപി വാഴ്-ചയ്ക്ക് തുടക്കംകുറിച്ചതുമുതൽ സംഘടിതവും ആസൂത്രിതവുമായവിധത്തിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം സംഘപരിവാർ ആരംഭിച്ചു. അതിപ്പോൾ മണിപ്പൂരിലെ ആക്രമണങ്ങളിൽ എത്തിനിൽക്കുന്നു. 1925ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ടപ്പോൾ തന്നെ തങ്ങളുടെ ശത്രുക്കളായി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും അവർ മുദ്രകുത്തിയിരുന്നു. അതാണവർ ഭരണം കിട്ടിയപാടെ നടപ്പാക്കാനാരംഭിച്ചത്.

1964 മുതൽ 1996 വരെയുള്ള കാലത്താകെ മൊത്തം ക്രിസ്ത്യാനികൾക്കെതിരായ 38 ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. എന്നാൽ 1997 ൽ മാത്രം, 24 ആക്രമണങ്ങൾ ക്രിസ്ത്യാനികൾക്കെതിരെ നടന്നു. 1998ൽ കേന്ദ്രഭരണം ബിജെപിക്ക് ലഭിച്ചതോടെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണത്തിന്റെ ഒരു തരംഗംതന്നെ ഉയർന്നുവന്നു. 1998ൽ മാത്രം ഇത്തരത്തിൽ 90 ആക്രമണങ്ങളുണ്ടായി. ലോക്-സഭയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതുപ്രകാരം 1998 ജനുവരിക്കും 1999 ഫെബ്രുവരിക്കും ഇടയ്ക്ക് രാജ്യത്താകെ ക്രിസ്ത്യാനികൾക്കെതിരെ 118 ആക്രമണങ്ങൾ നടന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ 2001 നവംബറിൽ നടത്തിയ ഒരു സർവെ പ്രകാരം 1997ൽ ക്രിസ്ത്യാനികൾക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കുമെതിരെ 27 ആക്രമണങ്ങളുണ്ടായപ്പോൾ 1998ൽ അത് 86 ആയി വർധിച്ചു. 1999ൽ 120 ആയും 2000ത്തിൽ 216 ആയും ഉയർന്നു. 2001ലെ അഖിലേന്ത്യാ ക്രിസ്ത്യൻ കൗൺസിൽ റിപ്പോർട്ടു പ്രകാരം, ഓരോ 36 മണിക്കൂറിനിടയിലും ഇന്ത്യയിൽ ഒരു ക്രിസ്ത്യാനി വീതം ആക്രമിക്കപ്പെടുന്നു.

2014ൽ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ (അപ്പോൾ ഭരണത്തിൽ സംഘപരിവാർ ശക്തി വർധിച്ചിരുന്നു) ഇത് പിന്നെയും ഉയർന്നു. 2015ൽ ക്രിസ്ത്യാനികൾക്കെതിരായ 177 ആക്രമണങ്ങളുണ്ടായപ്പോൾ 2016ൽ അത് 300 ആയി കുതിച്ചുയർന്നുവെന്നാണ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) റിപ്പോർട്ട് വ്യക്തമാക്കുന്നത്. പള്ളികൾക്കുനേരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ പ്രധാനമായും ഞായറാഴ്ചകളിലും ദുഃഖവെള്ളിയാഴ്ച, കുരുത്തോല പെരുനാൾ, ക്രിസ്-മസ്, ഇൗസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിലുമാണെന്ന് 2017ലെ ഇഎഫ്ഐ റിപ്പോർട്ടിൽ പറയുന്നു. ക്രിസ്ത്യൻ ആരാധനാലയങ്ങളിലേക്ക‍് ആളുകൾ പോകുന്നത് തടയലാണ് ഇതിന്റെ ലക്ഷ്യം. പള്ളിയിൽ പോയാൽ ജീവൻ അപകടത്തിലാകുമെന്ന സന്ദേശം ഇതിലൂടെ നൽകുന്നു. പൊലീസുകാരും ഇത്തരം ആക്രമണങ്ങളിൽ സംഘപരിവാറുകാർക്കൊപ്പം കൂടുന്നതായാണ് ഈ റിപ്പോർട്ടു പറയുന്നത്. ബെെബിൾ ക്ലാസുകളിലേക്കു പോകുന്ന ക്രിസ്ത്യൻ കുട്ടികളെ വഴിയിൽ തടഞ്ഞു തിരിച്ചയക്കുന്നതായും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രധാനമായും ഇത്തരം സംഭവങ്ങൾ അധികവും യുപിയിലാണ്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും സമാനതകളില്ലാത്ത ആക്രമണങ്ങളാണ് ആർഎസ്‍എസ് നേതൃത്വത്തിൽ ക്രിസ്ത്യാനികൾക്കും പള്ളികൾക്കും നേരെ നടന്നത്; ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ അധികമുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം 2016ൽ 15–ാമതായിരുന്നു. ഓപ്പൺ ഡോർസ് പ്രസിദ്ധീകരിച്ച 2016ലെ റിപ്പോർട്ടു പ്രകാരം ഇന്ത്യയിൽ ശരാശരി ഒരാഴ്ച 10 തവണയെങ്കിലും ഒരു ക്രിസ്ത്യൻ പള്ളി തീ കൊളുത്തപ്പെടുകയോ ഒരു പുരോഹിതൻ ആക്രമിക്കപ്പെടുകയോ ചെയ്യുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വർധിച്ചത്. 2016ൽ ക്രിസ്ത്യാനികൾക്കെതിരായ 330 ആക്രമണങ്ങളുണ്ടായപ്പോൾ 2017ൽ 440 ആയും 2018ൽ 477 ആയും 2019ൽ 526 ആയും അത് ഉയർന്നു. 2022 ലെ ആദ്യത്തെ 7 മാസത്തിനുള്ളിൽ (ജനുവരി–ജൂലെെ) 300 ആക്രമണങ്ങൾ ഉണ്ടായി. അത് പിന്നെയും നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡൽഹിയിൽ പാർലമെന്റിനുമുന്നിൽ ധർണ നടത്താൻ ക്രിസ്ത്യൻ സംഘടനകളെ നിർബന്ധിതമാക്കിയത്.

കന്ധമാലിനുമുൻപ് സംഘടിതമായി ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം നടന്നത‍് ആദ്യം തെക്കൻ ഗുജറാത്തിലായിരുന്നു. 1999ൽ ദാങ് ജില്ലയിൽ ക്രിസ്-മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ 25ന് തുടങ്ങിയ ആക്രമണം 10 ദിവസത്തിലേറെ നീണ്ടുനിന്നു. 25ലേറെ ഗ്രാമങ്ങളെ അത് ബാധിച്ചു. വ്യാപകമായി ബലപ്രയോഗത്തിലൂടെ ക്രിസ്ത്യാനികളെ മതം മാറ്റുകയുണ്ടായി. പള്ളികൾ തീവച്ച് നശിപ്പിക്കുകയുമുണ്ടായി.

2008ൽ തെക്കൻ കർണാടകത്തിലെ മംഗളൂരു, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിൽ ക്രിസ്ത്യാനികൾക്കെതിരെ ശ്രീരാമസേന, ബജ്റംഗ്-ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നീ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. ഇരുപതോളം പള്ളികൾ ആക്രമിക്കപ്പെട്ടു. ബെെബിളുകൾ കൂട്ടിയിട്ട് തീയിട്ടു. ക്രിസ്-ത്യൻ വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. തമിഴ്നാട്ടിൽ കന്യാകുമാരിയിലും മധുരയിലും ഇതേകാലത്ത് ക്രിസ്ത്യാനികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ നടന്നു. കന്യാമറിയത്തിന്റെ പ്രതിമകൾ പല സ്ഥലങ്ങളിലും തകർക്കപ്പെട്ടു. കരൂർ, ഈറോഡ്, ചെന്നെെ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഹിന്ദുമുന്നണി എന്ന പേരിൽ സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതർക്കുംനേരെ ആക്രമണമഴിച്ചുവിട്ടു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular