ആധുനിക മനുഷ്യർ പോരാട്ടങ്ങളിലൂടെ പടുത്തുയർത്തിയ ജനാധിപത്യവും മതനിരപേക്ഷതയും സംഘപരിവാറിന് വെറും പാശ്ചാത്യ ചിന്തകൾ മാത്രമാണ്. ജന്മംകൊണ്ട് വംശശുദ്ധിയുള്ള ഒരുകൂട്ടം വരേണ്യരാണ് ഭാരതം ഭരിക്കേണ്ടതെന്നും അവർക്കു മാത്രമേ ഹിന്ദുരാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂവെന്നും ആർ എസ് എസിന്റെ സൈദ്ധാന്തികനും സർസംഘചാലകുമായിരുന്ന ഗോൾവാൾക്കർ തന്റെ, ഗുരുജി സംഗ്രഹമെന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ഇന്ത്യയുടെ ചരിത്രത്തിലുടനീളം നടന്ന വർഗീയ കലാപങ്ങളിലെല്ലാം ഒരു ഭാഗത്ത് ആർ എസ് എസ്സുണ്ടാകാനുള്ള കാരണം മറ്റൊന്നുമല്ല. വർഗീയമായി ചേരിതിരിവുണ്ടാക്കി ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്ത് അധികാരമുറപ്പിക്കുക എന്നതാണ് ലോകത്തെ എല്ലാ വർഗീയരാഷ്ട്രീയക്കാരുടെയും ലക്ഷ്യം. ലോകചരിത്രത്തിൽ സമാനതകളില്ലാത്തവിധം വലിയ വംശീയ ഉന്മൂലനം നടത്തിയ ഹിറ്റ്ലർ അതുകൊണ്ടാണ് സംഘപരിവാറിന് ആരാധനാപാത്രമാകുന്നത്.
2002 ഫെബ്രുവരി 27 ന് ഗോധ്ര ജങ്ഷൻ സ്റ്റേഷനിൽ വെച്ച് സബർമതി എക്സ്പ്രസ് ട്രെയിൻ കത്തിയ സംഭവത്തെ തുടർന്ന് ദിവസങ്ങളോളം നീണ്ടുനിന്ന ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടത് അയ്യായിരത്തിലധികം മനുഷ്യരാണ്. പെട്ടെന്നുണ്ടായ പ്രതികാരത്തിന്റെ ഭാഗമായുണ്ടായതെന്ന് ഹിന്ദുത്വവാദികൾ പറയുമ്പോഴും വർഷങ്ങളെടുത്ത് സംഘപരിവാർ ഗുജറാത്തിൽ നടപ്പിലാക്കിവരുന്ന വംശഹത്യയുടെ ഫലമായിരുന്നു അതെന്ന് മിക്ക അന്വേഷണ കമ്മീഷനുകളും മനുഷ്യാവകാശ സംഘടനകളും പറഞ്ഞിട്ടുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ ബിബിസി ഡോക്യുമെന്ററിയിലും അത് വ്യക്തമാക്കുന്നുണ്ട്. അഹമ്മദാബാദിൽ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച കലാപത്തിന് നേതൃത്വം നൽകിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബി ജെ പി എംഎൽഎമാരും നേരിട്ടായിരുന്നു. പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു ഇഹ്സാൻ ജാഫ്രിയെന്ന മുൻകോൺഗ്രസ് എംപിയെ കലാപകാരികൾ അരുംകൊല ചെയ്തത്. നരോദപാട്യയിൽ മാത്രം 97 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ ബലാത്സംഗത്തിനിരായാക്കി കൊന്ന് കത്തിക്കുകയായിരുന്നു. ഗർഭിണികളെയും വെറുതെ വിട്ടില്ല. ഗർഭസ്ഥശിശുക്കളെ ശൂലത്തിൽ തറച്ച് ചുട്ടുകൊന്നു. കലാപം നടക്കുമ്പോൾ ഗർഭിണിയായിരുന്ന 21കാരി ബിൽക്കീസ് ബാനുവിന്റെ കണ്മുന്നിൽ വച്ച് കുടുംബത്തിലെ ഏഴുപേരെയും കൊന്നശേഷം അവരെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഈ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ശിക്ഷായിളവ് നൽകി സ്വീകരണം ഏർപ്പെടുത്തുകയാണ് സംഘപരിവാർ ചെയ്തത്. തനിക്ക് പരിചയമുള്ള, തന്റെ വീട്ടിൽ നിന്നും പാല് വാങ്ങിയിരുന്നവരാണ് തന്നോട് ഈ ക്രൂരത ചെയ്തതെന്നാണ് ബിൽക്കീസ് ബാനു പറഞ്ഞത്. സ്നേഹബന്ധങ്ങളോടെ ജീവിക്കുന്ന മനുഷ്യരിൽ അപരവിദ്വേഷം വളർത്തി അതിക്രൂരത ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അണികൾ മാത്രമാണ് ഗുജറാത്തിലെ കലാപകാരികൾ. ആ പ്രത്യയശാസ്ത്രമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.
2013 ൽ ഉത്തർപ്രദേശിലെ മുസഫർനഗറിലും സംഭവിച്ചത് സമാനമായ സംഭവങ്ങളാണ്. അവിടെയും ബിജെപിയുടെ എംഎൽഎമാരാണ് കലാപത്തിന് നേതൃത്വം നൽകിയത്. ജാട്ട് സമുദായത്തിൽപെട്ട രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് നഗലമണ്ഡൽ മഹാപഞ്ചായത്തില്‍ വച്ച് മുസ്ലിങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെട്ടതും കലാപത്തിന് കോപ്പുകൂട്ടിയതും ഉത്തര്‍പ്രദേശ് മന്ത്രിയും താനഭവന്‍ എംഎല്‍എയുമായ സുരേഷ് റാണ, സര്‍ധാന ബിജെപി എംഎല്‍എ സംഗീത് സോം, ബിജെപി എംപി ഭരേന്ദു സിംഗ്, മുസഫര്‍ നഗര്‍ സര്‍ദാര്‍ എംഎല്‍എ കപില്‍ ദേവ്, വിഎച്ച്പി നേതാവ് സാധ്വി പ്രാചി എന്നിവരായിരുന്നു. ഇതേ തുടർന്നാണ് 65 മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട കലാപം പൊട്ടിപ്പുറപ്പെട്ടത്. അരലക്ഷത്തിലധികം പേർക്കാണ് പലായനം ചെയ്യേണ്ടിവന്നത്. കലാപവുമായി ബന്ധപ്പെട്ട എഴുപത്തഞ്ചോളം കേസുകളാണ് ഈയടുത്ത് യോഗിസർക്കാർ പിൻവലിച്ചത്. ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണ് മുസഫർ നഗറിലും അരങ്ങേറിയതെന്ന് ഏതൊരാൾക്കും വ്യക്തമാണ്.
2020 ൽ ഡൽഹിയിൽ നടന്ന കലാപത്തിലും സമാനസ്വഭാവം കാണാം. പൗരത്വനിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ചെയ്തവർക്കെതിരെ ബിജെപി നേതാവായ കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗവും തുടർന്ന് ഫെബ്രുവരി അവസാന വാരത്തോടെ മുസ്ലീങ്ങൾക്കെതിരെ നടന്ന കലാപവും കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസിന്റെ ഒത്താശയോടെയായിരുന്നു. ♦