സംഘപരിവാർ ആസൂത്രണം ചെയ്ത ഡൽഹി കലാപമാരംഭിച്ചത് 2020 ഫെബ്രുവരി 23നാണ്. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജാഫ്രബാദിലാണ് അക്രമം ആരംഭിച്ചത്. സീലംപൂർ – ജാഫ്രബാദ് – മൗജ്പൂർ റോഡ് ഉപരോധിച്ചുകൊണ്ട് ജാഫ്രബാദിൽ മുസ്ലീങ്ങൾ ധർണ നടത്തി. സമാധാനപൂർവം നടന്ന ആ ധർണയിൽ സ്ത്രീകളാണ് ഏറെയും പങ്കെടുത്തത്. ഫെബ്രുവരി 23ന് ബിജെപി നേതാവ് കപിൽ മിശ്ര ഡൽഹി പൊലീസിനെ വിളിച്ച് റോഡ് വേഗം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ എല്ലാവരെയും ഞങ്ങൾ ‘‘അടിച്ചുനിരത്തും’’ എന്ന് ഭീഷണിപ്പെടുത്തി. മിശ്രയുടെ ഈ അന്ത്യശാസനത്തിനുശേഷം സംഘപരിവാർ അക്രമികൾ ആക്രമണങ്ങൾ അഴിച്ചുവിട്ടു.
അക്രമങ്ങളിലും വെടിവെപ്പിലുമായി ഇരുവിഭാഗങ്ങളിലുമുള്ളവർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു.
ഫെബ്രുവരി 25 ആയപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു. കാവിക്കൊടിയേന്തിയ അക്രമിസംഘം ഹെൽമറ്റ് ധരിച്ച് വടിയും കല്ലും മഴുവും തോക്കുമായി മുസ്ലീങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടു. മൂന്നുദിവസം തുടർച്ചയായി അക്രമികൾ അഴിഞ്ഞാടി. മുസ്ലിം വീടുകളും അവരുടെ വ്യാപാരസ്ഥാപനങ്ങളും തീയിട്ടു നശിപ്പിച്ചു. പാചകവാതക ഗ്യാസ് തുറന്നുവിട്ടാണ് പലേടങ്ങളിലും തീവെപ്പു നടത്തിയത്.
നാല് മുസ്ലിം പള്ളികൾ, ആശുപത്രികൾ, തൊഴിൽ ശാലകൾ എന്നിവയ്ക്കെല്ലാം അക്രമികൾ തീയിട്ടു. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയോ അക്രമികളുടെ പക്ഷം ചേരുകയോ ആണ് ചെയ്തത്.
വ്യാപകമായി നടന്ന അക്രമങ്ങളിൽ 54 പേർ കൊല്ലപ്പെട്ടു. അതിൽ മൂന്നിൽ രണ്ടിലേറെയും മുസ്ലിങ്ങളാണ്. ഇരകൾക്ക് നീതി ഉറപ്പുവരുത്തുന്നതിനും കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിനും ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള മോദി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ജസ്റ്റിസ് ഗോപാല ഗൗഡ ചൂണ്ടിക്കാട്ടുന്നു.
പൊതുപ്രവർത്തകരും മുസ്ലിം സംഘടനകളും കോടതിയെ സമീപിച്ചെങ്കിലും പ്രശ്നത്തിലിടപെടാൻ കോടതിയും തയ്യാറായില്ല. അക്രമങ്ങൾക്കിരയായവർക്ക് അടിയന്തിര മെഡിക്കൽ സഹായം എത്തിക്കണമെന്ന് ഡൽഹി ഹെെക്കോടതി ആവശ്യപ്പെട്ടതു മാത്രമാണ് അതിനൊരപവാദം എന്നു പറയാവുന്നത്.
അക്രമങ്ങൾക്കിരയായ പലരുടെയും പരാതികൾ രജിസ്റ്റർ ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചു; പരാതിക്കാരെ വിരട്ടി. പരാതിയുമായി വന്നാൽ വരുന്നവരെ കള്ളക്കേസുകളിൽ കുരുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇരകളുടെ കേസുകൾ എടുക്കാൻ പ്രമുഖ അഭിഭാഷകർ പലരും വിസമ്മതിച്ചു. കേസ് ഏറ്റെടുക്കാൻ തയ്യാറായ അഭിഭാഷകർക്കുനേരെയും സംഘപരിവാർ ഗുണ്ടകൾ ഭീഷണി മുഴക്കി.
അക്രമങ്ങൾക്കുശേഷം പല മുസ്ലീം കുടുംബങ്ങളും തങ്ങളുടെ വീടും സ്വത്തുക്കളും ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ചിലർ സ്വദേശത്തേക്ക് എന്നന്നേക്കുമായി തിരിച്ചുപോയി. ചിലർ ലക്ഷ്യസ്ഥാനമില്ലാതെ എവിടേക്കോ പലായനം ചെയ്തു. ലഹള നടന്ന പ്രദേശത്തിനടുത്തുള്ള കോളനികളിലും മറ്റും അധിവസിക്കുന്ന മുസ്ലീങ്ങളും സ്വന്തമായുണ്ടായിരുന്ന ജംഗമസ്വത്തുകൾ പായ്ക്ക് ചെയ്ത് സ്ഥലം വിട്ടു, തിരിച്ചു വരുമെന്ന ഒരു സൂചനപോലും നൽകാതെ.
പൗരത്വ നിർണയത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ നിർണയിച്ചുകൊണ്ടുള്ള ബില്ല് മോദി സർക്കാർ പാർലമെന്റിൽ 2019ൽ അവതരിപ്പിച്ച് പാസ്സാക്കി. രാഷ്ട്രപതി താമസിയാതെ ഒപ്പുവെച്ച് അത് നിയമമാക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പൗരത്വ നിർണയത്തിന് മതം ഒരു മാനദണ്ഡമാക്കിയത്. പൗരത്വത്തെ സംബന്ധിച്ച ഇന്ത്യയുടെ മതനിരപേക്ഷ കാഴ്ചപ്പാടിനുനേരെയുള്ള മോദി സർക്കാരിന്റെ ശക്തമായ ആക്രമണമായിരുന്നു അത്. അതുകൊണ്ടുതന്നെ അതിനെതിരെ ഇന്ത്യയൊട്ടാകെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടും അതു വകവെക്കാതെ ബിജെപി സർക്കാർ മുമ്പോട്ടുപോയി.
മോദി സർക്കാർ ഈ പ്രക്ഷോഭത്തെ നേരിട്ടതും മതത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ചവർക്കെതിരെ സംഘപരിവാർ ഹീനമായ ആക്രമണങ്ങളാണ് നടത്തിയത്. ന്യൂനപക്ഷങ്ങൾക്കുനേരെ ഭരണകൂടം തന്നെ ആസൂത്രണം ചെയ്ത കലാപങ്ങളായിരുന്നു ഡൽഹിലേതെന്നു വ്യക്തം; ശരിക്കും ഫാസിസ്റ്റ് തന്ത്രം.
അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ ചാനലുകൾ പ്രദർശിപ്പിച്ചതോടെ പൊലീസ് അക്രമികളെ സഹായിക്കുന്നതിന്റെ ദൃശ്യങ്ങൾ വെളിച്ചത്തായി. അതോടെ മാധ്യമങ്ങൾക്കുനേരെയും മോദി സർക്കാർ തിരിഞ്ഞു. കേരളത്തിൽനിന്നുള്ള ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വൺ ചാനലിനും വിലക്കേർപ്പെടുത്തപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി ചെയർമാൻ രാജീവ് ചന്ദ്രശേഖർ നിരുപാധികം മാപ്പ് എഴുതി നൽകുകയായിരുന്നു. ആ രാജീവ് ചന്ദ്രശേഖറാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി.
ഡൽഹിയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 586 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏറെയും സംഘപരിവാർ പ്രവർത്തകർ തന്നെയാണ് പ്രതികൾ. പക്ഷേ ഈ കേസുകളിലൊന്നിൽ പോലും തീർപ്പുകൽപ്പിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
കോവിഡിന്റെ പശ്ചാത്തലത്തിൽ സെൻസസ് പ്രവർത്തനം മാറ്റിവെച്ചതുകൊണ്ടു മാത്രമാണ് പൗരത്വ പ്രശ്നവും സർക്കാർ മാറ്റിവെച്ചത്. രാഷ്ട്രത്തിന്റെ മതനിരപേക്ഷതയെ അട്ടിമറിക്കാനും ജനങ്ങളുടെ സ്വൈരജീവിതം അന്യമാക്കാനും കഴിയുന്ന ഒന്നാണ് പൗരത്വ പ്രശ്നം. മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പൗരത്വ പ്രശ്നം സജീവമാക്കും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ മോദി സർക്കാരിനെ പുറത്താക്കേണ്ടത് മതനിരപേക്ഷവാദികളുടെയും സമാധാനകാംക്ഷികളുടെയും ആവശ്യമാണ്. ♦